Friday, January 17, 2025
Novel

ശ്യാമമേഘം : ഭാഗം 26

എഴുത്തുകാരി: പാർവതി പാറു

എന്തേ ഈ കറുമ്പിയോട് ഇഷ്ടം തോന്നാൻ… ശ്യാമ അവന്റെ മുഖത്തു നോക്കാതെ ചോദിച്ചു…. ഞാൻ പറഞ്ഞില്ലേ ശ്യാമേ… കണ്ണാടിയിൽ നീ കാണുന്നതിന് അപ്പുറം ഒരു ശ്യാമ ഉണ്ട്.. ആ ശ്യാമയെ ആണ് എനിക്കിഷ്ടം… അതേത് ശ്യാമ… അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി…. എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയുന്ന ശ്യാമ.. വീടിന് വേണ്ടി ജീവിക്കുന്ന ശ്യാമ.. വീടിന് വേണ്ടി സ്വന്തം ഇഷ്ടങ്ങൾ മറന്ന ശ്യാമ… സ്വപ്‌നങ്ങൾ വേണ്ടെന്ന് വെച്ച ശ്യാമ.. ആ ശ്യാമയെ ആണ് എനിക്ക് ഇഷ്ടം….

ശ്യാമ അവനെ കണ്ണെടുക്കാതെ നോക്കി… ടോമിയിൽ നിന്ന് ഏതോ കാലം കേട്ട് തുടങ്ങിയതാണ് തന്നെ കുറിച്ച്… ആദ്യമൊക്കെ ആരാധന ആയിരുന്നു…. പിന്നെ പിന്നെ ഒരിക്കലും കണ്ടിട്ട് പോലും ഇല്ലാത്ത ഒരുവളോട് ഉള്ള പ്രണയം ആയി…. ശ്വാസം മുട്ടിക്കുന്ന പ്രണയം…. ഒരിക്കലും കണ്ടിട്ടില്ലാതെ പ്രണയിച്ചു തുടങ്ങിയതല്ലേ നേരിട്ട് കണ്ടപ്പോൾ വേണ്ടായിരുന്നു എന്ന് തോന്നിയില്ലേ… ശ്യാമ നിരാശയോടെ ചോദിച്ചു …. എന്തിന്?? ഞാൻ കറുത്തതിട്ടില്ലേ.. എന്നെ പോലെ ഒരു കറുമ്പിയെ വേണോ ഇയാൾക്ക്…

മനു അവളുടെ തോളിലേക്ക് തലവെച്ചു…. എനിക്ക് വെളുപ്പിനെക്കാൾ ഇഷ്ടം കറുപ്പാണെങ്കിലോ… വെറുതെ എന്നെ സമാധാനിപ്പിക്കാൻ പറയല്ലേ… അല്ലടോ.. എനിക്ക് കറുപ്പ് ആണിഷ്ടം.. രാത്രിയുടെ കറുപ്പ്.. ഈ ലോകത്ത് കറുപ്പിനേക്കാൾ ഭംഗി എന്തിനാണ് ശ്യാമേ… നിന്റെ ഈ കറുത്ത ഇടതൂർന്ന മുടിയും… കറുത്ത കൃഷ്ണമണികൾക്കും ഉള്ള ഭംഗി തന്നെ ആണ് നിന്റെ മുഖത്തിനും…. പക്ഷെ അതിനേക്കാൾ ഒക്കെ ഭംഗി നിന്റെ മനസിനാണ്… ശ്യാമ മറുപടി പറഞ്ഞില്ല… അവളുടെ മനസ് നിറഞ്ഞിരുന്നു… ഒരു പെണ്ണ് ഒരു പുരുഷനിൽ നിന്ന് കേൾക്കാൻ കൊതിക്കുന്ന ഏറ്റവും മനോഹരമായ വാക്കുകൾ ആണ് അവൻ പറഞ്ഞത്….

അവൾ അവനെ നോക്കി… നല്ലോണം ആലോചിച്ചിട്ടാണോ…. എനിക്ക് നിന്നെ ഇഷ്ടം ആണ് ശ്യാമേ.. അതിൽ എനിക്ക് ആലോചിക്കാൻ എന്തിരിക്കുന്നു… പ്രാരാബ്‌ദം ആണ്…. ജീവിതം മുഴുവൻ.. കണ്ണ് കാണാത്ത അച്ഛൻ… രോഗിയായ അനിയത്തി… വേദനകൾ മാത്രേ ദൈവം തന്നിട്ടുള്ളൂ… ആ വേദനയിലേക്ക് വരണോ… വേദന പങ്കു വെക്കാൻ ഒരാൾ കൂടെ ഉണ്ടാവുന്നത് നല്ലതല്ലേ…. കുറേ കരയുമ്പോൾ ഇടക്കൊന്നു കണ്ണീരൊപ്പാനും ഒന്ന് ചിരിപ്പിക്കാനും.. സ്നേഹിക്കാനും ഒക്കെ ഒരാൾ… അവൻ അൽപ്പം കുസൃതിയോടെ പറഞ്ഞു… ശ്യാമ ചിരിച്ചു… ഒടുക്കം കുടുങ്ങി എന്ന് പറയരുത്….

അത് ചിലപ്പോൾ താനവും പറയാ… ഞാൻ അൽപ്പം മൂശേട്ട ആണ്.. എപ്പോൾ എന്ത് പറയും പ്രവർത്തിക്കും എന്നൊന്നും പറയാൻ പറ്റില്ല.. പിന്നെ ദേഷ്യം മൂക്കിന്റെ തുമ്പത്ത് ആണ്… അവൻ മീശ പിരിച്ചു.. ആഹാ.. എന്നാൽ ആ മൂക്ക് ചെത്തി ഞാൻ ഉപ്പിലിടും.. അവൾ അവന്റെ മൂക്കിൻ തുമ്പിൽ വലിച്ചു പറഞ്ഞു… അമ്പടി.. നീ വാ ഇങ്ങ്.. ഉപ്പിലിടാൻ… ഞാൻ ആരാണെന്ന് നീ അപ്പോൾ അറിയും… അവനൽപ്പം ദേഷ്യത്തിൽ പറഞ്ഞു… പറ ആരാണെന്ന്.. പേര് മനു എന്നാണ് എന്ന് മാത്രല്ലേ നിക്ക് അറിയൂ… എന്റെ പെണ്ണിപ്പോൾ അത്ര അറിഞ്ഞാൽ മതി… രണ്ടുപേർക്ക് പരസ്പരം സ്നേഹിക്കാൻ വാക്കുകൾ എന്തിനാ.. അറിവുകൾ എന്തിനാ…

ഞാൻ നീ എന്ന രണ്ടുപേർ മാത്രം മതിയല്ലോ… എന്നാലും……. അവൾ വീണ്ടും പറഞ്ഞു.. ഞാൻ നിന്നെ പറ്റിക്കുമോ എന്ന് പേടി ഉണ്ടോ… പേടി.. എന്തിന്… പറ്റിക്കപ്പെട്ടാലും വേദന ഇല്ല.. സ്നേഹിക്കാതിരുന്നാൽ ആണ് ഇനി വേദന…. അവൾ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി അവൻ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു… . പിന്നീടുള്ള ഓരോ പകലുകളും രാത്രികളും അവരുടേത് ആയിരുന്നു.. അവരുടെ പ്രണത്തിന് സാക്ഷി ആവാൻ ആണ് ഓരോ ദിനവും പിറന്ന് വീണത്…. മനു ശ്യാമയുടെ ഉള്ളിൽ സദാ സുഗന്ധം പരത്തുന്ന മുല്ലവള്ളികൾ ആയി… അവളിൽ എപ്പോഴും കെട്ടിപ്പുണർന്നിരിക്കാൻ കൊതിക്കുന്ന മുല്ല വള്ളി…

അവന്റെ മൗനം ആയിരുന്നു എപ്പോഴും അവളോട്‌ സംസാരിച്ചിരുന്നത്… എപ്പോഴും അവന്റെ കണ്ണുകളിൽ അവളെ കണ്ടുകൊണ്ടിരിക്കാൻ ശ്യാമ ആഗ്രഹിച്ചു… ആരോടും പറയാതെ ആരെയും അറിയിക്കാതെ അവരുടെ പ്രണയം ഒളിച്ചുകളി നടത്തുകയായിരുന്നു… ടോമി വീട്ടിലേക്ക് തിരിച്ചു പോയിട്ടും മനുപോവാതെ അവന്റെ ശ്യാമയുടെ അരികിൽ നിന്നു…അവരുടെ പ്രണയം ആ തുലാവർഷം പോലെ കനത്ത് പെയ്തു കൊണ്ടിരുന്നു… ശ്യാമേ നല്ല മഴയും ഇടിയും ആണ് ഇത് മാറിയിട്ട് പോയാൽ മതി ഇനി… മനു ഉമ്മറത്തിണ്ണയിൽ അവളെ ചേർത്ത് പിടിച്ചു ഇരുന്ന് കൊണ്ട് പറഞ്ഞു.. ഇല്ല.. മനു… ഞാൻ പോട്ടേ.. സന്ധ്യ ആയി.. അമ്മ തിരക്കും….

ഈ മഴയത്ത് ഒറ്റക്ക് പോവാനോ വേണ്ട.. എന്നാൽ ഞാൻ കൊണ്ടാക്കാം… വേണ്ട മനു ഞാൻ പൊയ്ക്കോളാം.. അവൾ കുട എടുത്ത് മഴയിലേക്ക് ഇറങ്ങി… മനു അവൾ നടന്നകലുന്നതും നോക്കി ഉമ്മറത്തിരുന്നു…. ഇടക്കിടക്ക് അവനെ തിരിഞ്ഞു നോക്കി അവൾ ആ മഴയിൽ നടക്കുന്നതിനിടെ കാല് തെറ്റി മണ്ണിൽ വീണു… മനു ഓടി വന്നവളെ പിടിച്ചു എഴുന്നേൽപ്പിച്ചു… ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ഒറ്റക്ക് പോവണ്ട മഴ മാറട്ടെ എന്ന്… അവൻ ദേഷ്യത്തോടെ പറഞ്ഞു അവളെ എഴുന്നേൽപ്പിച്ചു… അവന്റെ ദേഷ്യം കണ്ട് അവൾക്ക് ചിരി വന്നു… വാ… ഇനി എങ്കിലും പറയുന്നത് കേൾക്കാൻ നോക്ക്… അവൻ അവളെ വലിച്ചു വീട്ടിലേക്ക് നടന്നു…

വീട്ടിൽ തിരിച്ചു കയറിയപ്പോഴേക്കും അവർ മുഴുവനായും നനഞ്ഞിരുന്നു… എന്തെങ്കിലും പറ്റിയോ…. അവൻ അതേ ദേഷ്യത്തോടെ ചോദിച്ചു… ശ്യാമ പാവാട പൊക്കി നോക്കി… മുട്ട് പൊട്ടി ചോര പൊടിഞ്ഞിരുന്നു…. അങ്ങോട്ടും ഇങ്ങോട്ടും നോക്കി നടന്നു ഓരോന്ന് വരുത്തി വെക്കും…. നോക്കി നടന്നൂടെ നിനക്ക്… ശ്യാമക്ക് അവന്റെ ദേഷ്യം കണ്ട് പേടി ആയി തുടങ്ങി അവളുടെ കണ്ണ് നിറഞ്ഞു വന്നു… എന്തേലും പറഞ്ഞാ… ഒന്നും മിണ്ടാതെ ഇങ്ങനെ ഇരുന്നോ.. ഇപ്പോൾ ഞാൻ കണ്ടതോണ്ട് ഒന്നും പറ്റിയില്ല.. എന്റെ കൺ വെട്ടത്ത് അല്ലെങ്കിലോ… അതെങ്ങനെയാ ഒരു ശ്രദ്ധയും ഇല്ല…. അപ്പോഴേക്കും ശ്യാമ കരഞ്ഞു തുടങ്ങിയിരുന്നു..

അവളുടെ കണ്ണീർ കണ്ടതും മനുവിന്റെ ഹൃദയം മരവിച്ചു… ശ്യാമേ നീ എന്തിനാ കരയുന്നേ… ഞാൻ ചീത്ത പറഞ്ഞിട്ടാണോ… അവൻ അവളുടെ മുന്നിൽ മുട്ട് കുത്തി ഇരുന്നു… അവൾ അല്ലെന്ന് തലയാട്ടി.. പിന്നെ എന്താ കാല് വേദനിക്കുന്നുണ്ടോ… വീണ്ടും അവൾ ഇല്ലെന്ന് തലയാട്ടി… പിന്നെന്തിനാ എന്റെ മുത്ത് കരയണേ… അവൻ അവളുടെ കവിളുകൾ കൈക്കുള്ളിൽ ഒതുക്കി ചോദിച്ചു… സന്തോഷം കൊണ്ടാ…. സന്തോഷം കൊണ്ടോ?? മ്മ്.. എനിക്ക് അറിയാം എന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ എന്നെ ചീത്ത പറഞ്ഞേ.. ഞാൻ വീണപ്പോ വേദനിച്ചത് നിനക്കല്ലേ… അതോണ്ടല്ലേ ദേഷ്യം വന്നേ….

ഈ സ്നേഹം കാണുമ്പോൾ.. എന്നെ ആരും ഇങ്ങനെ സ്നേഹിച്ചിട്ടില്ല മനു.. ആരും…. അവൾ അവനെ വാരിപ്പുണർന്നു… ചുംബനങ്ങൾ കൊണ്ട് മൂടി..സ്നേഹ ചുംബനങ്ങൾ മെല്ലെ മെല്ലെ കാമത്തിന് വഴിമാറി… മഴത്തുള്ളികൾ മണ്ണിൽ ലയിച്ചു ഒഴുകുന്ന പോലെ അവരിവരും ആ മഴയിൽ എല്ലാ അർഥത്തിലും ഒന്നായി…. …….. ശ്യാമ മടിയിൽ ചിരിച്ചു കിടക്കുന്ന കണ്ണനെ നോക്കി… അവന് അച്ഛന്റെ കള്ളച്ചിരി ഉണ്ടെന്ന് അവൾക്ക് തോന്നി…. അവൾ അവന്റെ നെറ്റിയിൽ ചുംബിച്ചു.. ആ രാത്രി ആണ് ഞാൻ മനുവിനെ അവസാനമായി കാണുന്നത്…

എന്നെ വീട്ടിലേക്ക് തിരികേ കൊണ്ടാക്കി മടങ്ങുമ്പോൾ അവൻ പറഞ്ഞത് ഇപ്പോഴും എന്റെ കാതുകളിൽ ഉണ്ട്.. “ചെയ്ത തെറ്റ് ആണ്.. അത് എത്രയും പെട്ടന്ന് തിരുത്തണം ശ്യാമേ… അത് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ശരി ആവണം.. ഞാൻ വരുന്നുണ്ട് നാളെ തന്നെ അച്ഛനെ കാണാൻ.. ഈ കാക്കകറുമ്പിയെ എനിക്ക് തരണം എന്ന് പറയാൻ “… പിറ്റേന്ന് വീട്ടിൽ ചെന്നപ്പോൾ അവൻ അവിടെ ഇല്ലായിരുന്നു… എന്നെ ചതിച്ചു മുങ്ങി കളഞ്ഞു എന്ന് വിശ്വസിക്കാൻ എനിക്കിപ്പോഴും കഴിഞ്ഞിട്ടില്ല… അങ്ങനെ വിശ്വസിക്കാൻ അവനോടുള്ള പ്രണയം എന്നെ അനുവദിക്കുന്നില്ല….

അന്വേഷിച്ചില്ലേ ടോമിയോടൊന്നും.. മനുവിനെ പറ്റി…. അനി സംശയത്തോടെ ചോദിച്ചു…. ചോദിക്കാൻ പറ്റിയ ഒരു സാഹചര്യം അല്ലായിരുന്നു അന്നെനിക്ക്… ആ തുലാവാർഷം നശിപ്പിച്ചത് എന്നെ മാത്രം ആയിരുന്നില്ല.. എന്റെ വീടിനെയും നാടിനെയും കൂടി ആയിരുന്നു… ഉരുൾ പൊട്ടൽ ആയിരുന്നു…. എന്റെ വീട് അടക്കം ഇരുപതോളം വീടുകൾ മണ്ണിന് അടിയിൽ ആയി… ലച്ചുവിന് വയ്യാതെ ആയി അവൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു ആ സമയത്ത്… ഞാനും അവൾക്കൊപ്പം ആയിരുന്നു… ഞങ്ങളെ രണ്ടുപേരെയും ബാക്കി വെച്ച്.. അച്ഛനും അമ്മയും ആ മഴയിൽ ……. ശ്യാമ മുഖം കുനിച്ചു…

അവളുടെ കണ്ണ് നിറഞ്ഞു തുളുമ്പിയിരുന്നു…. മേഘയും കരയുകയായിരുന്നു…. ലച്ചുവിനെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ട് കൊണ്ട് പോവാൻ പോലും ഒരിടം ഇല്ലാതെ ഞാൻ നിസ്സഹായായി നിന്നു.. ഒടുവിൽ ടോമിച്ചായന്റെ അച്ഛനെ വിവരം അറിയിച്ചു… പിന്നെ കുറച്ചു ദിവസം അവിടെ ആയിരുന്നു… അച്ഛനും അമ്മയും നഷ്ടപ്പെട്ട വേദനയിൽ ഞാൻ മനുവിനെ മറന്നു… പക്ഷെ ഒരിക്കലും മറക്കാൻ ആവാത്ത ഒരു സമ്മാനം അവൻ എനിക്ക് തന്നു എന്ന് അറിഞ്ഞപ്പോൾ തളർന്നു പോയി… ടോമിച്ചായൻ അപ്പോഴേക്കും ഡൽഹിയിൽ ജോലി കിട്ടി പോയിരുന്നു…

അച്ചായനും അമ്മച്ചിയും അങ്ങോട്ട് പോവാൻ വേണ്ടി നിൽക്കുകയായിരുന്നു… ഞങ്ങളോടും അവർക്കൊപ്പം വരാൻ നിർബന്ധിച്ചു…. ലച്ചുവിനെ അവർക്കൊപ്പം പറഞ്ഞയച്ചു ഞാൻ ഇല്ലാത്ത ജോലി കിട്ടി എന്ന് നുണ പറഞ്ഞു അവിടെ നിന്നു.. ഒരൊറ്റ ഉദ്ദേശമേ ഉണ്ടായിരുന്നുള്ളൂ… മനു… അവനെ അന്വേഷിക്കാൻ എന്റെ കൈയിൽ ആ പേരല്ലാതെ ഒന്നും ഇല്ലായിരുന്നു… ടോമിച്ചായനോട് അവനെ കുറിച്ച് ചോദിച്ചപ്പോൾ ഇങ്ങോട്ട് പല ചോദ്യങ്ങളും ആയിരുന്നു.. അതിനൊന്നും നൽകാൻ ഉത്തരം ഇല്ലാത്തത് കൊണ്ട്.. ഞാൻ പിഴച്ചു പോയി എന്ന് അവർ അറിയാതിരിക്കാൻ വേണ്ടി.

പിന്നെ ഒന്നും ചോദിച്ചില്ല. ആ വലിയ വീട്ടിൽ ഞാൻ ഒറ്റക്കിരുന്ന് കരഞ്ഞു തീർത്തു…. എവിടെ തുടങ്ങണം എന്നോ എവിടെ അവസാനിപ്പിക്കണമോ എന്നറിയാതെ ഞാൻ എങ്ങനെ ആണ് അവനെ കണ്ടെത്തുക.. ഒടുവിൽ രണ്ടും കല്പ്പിച്ചു വീട്ടിൽ നിന്ന് ഇറങ്ങി… ..രാത്രിയുടെ ഇരുട്ടിൽ എനിക്ക് നേരെ വന്ന കഴുകൻ കണ്ണുകളിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ നന്നേ പണിപ്പെട്ടു… പേടിച്ചു ഓടി രക്ഷപെട്ടു എവിടെയോ വീണത് മാത്രേ ഓർമ്മ ഉള്ളൂ… ബോധം വന്നപ്പോൾ കണ്ണിൽ ഇരുട്ട് മൂടി ആ ആശുപത്രി കിടക്കയിൽ ആയിരുന്നു…

നിങ്ങൾ അന്ന് രക്ഷിച്ചില്ലായിരുന്നു എങ്കിൽ അവിടെ കിടന്ന് ചത്തേനെ… മരിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു.. പക്ഷെ ഇവനെ ഓർത്ത് മാത്രം ആണ് ഞാൻ… ശ്യാമ പൊട്ടിക്കരഞ്ഞു കണ്ണനെ വാരിപ്പുണർന്നു… മേഘ അനിയുടെ നെഞ്ചിൽ മുഖം പൂത്തി കരഞ്ഞു… അനിയുടെ ഹൃദയം അവളുടെ വാക്കുകൾ കേട്ട് മരവിച്ചു പോയിരുന്നു.. അവന്റെ ഉള്ളിൽ അപ്പോഴും മനു ശത്രു പക്ഷത്ത് തന്നെ ആയിരുന്നു… ആ ചതിയനെ കണ്ടുപിടിക്കാൻ അവന്റെ ഹൃദയവും വിറപൂണ്ടു….

🙏🙏 തുടരും..

ശ്യാമമേഘം : ഭാഗം 25