Wednesday, January 15, 2025
Novel

ശ്യാമമേഘം : ഭാഗം 25

എഴുത്തുകാരി: പാർവതി പാറു

മനു പോയതിന് ശേഷം ഉള്ള ഓരോ ദിനങ്ങളും ശ്യാമ അവനെ ഓർമ്മകളിലും സ്വപ്നങ്ങളിലും പേറി നടന്നു… എന്ത് പറ്റി എന്റെ മോൾക്ക്…?? രാത്രി ഉമ്മറ തിണ്ണയിൽ അച്ഛന്റെ മടിയിൽ തലവെച്ചു കിടക്കുമ്പോൾ അവളുടെ മുടിയിഴകളിൽ തലോടി അച്ഛൻ ചോദിച്ചു… ഒന്നുല്ല്യ…. ശ്യാമ താല്പര്യം ഇല്ലാതെ പറഞ്ഞു… അച്ഛനോട് നുണപറഞ്ഞു തുടങ്ങിയോ എന്റെ കുട്ടി….. എന്താ അച്ഛാ… എനിക്ക് ഒന്നുല്ല്യ…. മോളേ അച്ഛന് കണ്ണുകാണില്ല… പക്ഷെ എന്റെ മോളുടെ മുഖം വാടിയാൽ അതെനിക്ക് മനസിലാവും….

ശ്യാമ എഴുന്നേറ്റു ഇരുന്നു…. അച്ഛന്റെ തോളിലേക്ക് തലവെച്ചു….. അച്ഛാ…. എനിക്കറിയില്ല… എനിക്കെന്താ സംഭവിക്കുന്നത് എന്ന്… ഞാൻ ഞാനല്ലതായി പോവുന്നത് പോലെ…. അതൊക്കെ എന്റെ കുട്ടീടെ തോന്നൽ ആണ്….. നിന്നെ നിനക്കറിയുന്ന പോലെ മറ്റാർക്കും അറിയില്ല മോളേ.. ഒരു മകൾക്ക് അച്ഛനോട് തുറന്ന് പറയാൻ പറ്റാത്തതായി പലതും ഉണ്ടാവും…. അച്ഛന് ഒന്നും അറിയുകയും വേണ്ട… എനിക്ക് അറിയാം എന്റെ മകൾ ശരിയായ കാര്യങ്ങൾ മാത്രമേ ചെയ്യൂ എന്ന്…. അച്ഛൻ അവളുടെ നെറ്റിയിൽ ചുംബിച്ചു… അച്ഛാ ഇക്കാലം അത്രയും എനിക്ക് അച്ഛനോട് പ്രേമം തോന്നിയിരുന്നു…

അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞപ്പോൾ അച്ഛൻ പൊട്ടി ചിരിച്ചു…. അത് നീ ഇപ്പോഴാണോ തിരിച്ചറിഞ്ഞത്…. അതെ അച്ഛാ…. എനിക്ക് അച്ഛനോട് പ്രണയം ആയിരുന്നു… എപ്പോഴും ഒപ്പം വേണം എന്ന് ആഗ്രഹിക്കുന്ന എപ്പോഴും കാണാൻ തോന്നുന്ന ഒന്നിനുവേണ്ടിയും നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്ത.. സ്വർഥമായ പ്രണയം ആയിരുന്നു അച്ഛാ.. എനിക്ക് അച്ഛനോട്… അവൾ അച്ഛന്റെ നെഞ്ചിലേക്ക് തലവെച്ചു…. എല്ലാ പെൺകുട്ടികൾക്കും അങ്ങനെ ആണ് മോളേ….. അച്ഛനോടുള്ള ആ സ്നേഹം മറികടക്കാൻ ഇത് വരെ ആർക്കും എന്റെ ജീവിതത്തിൽ കഴിഞ്ഞിട്ടില്ല…. പക്ഷെ ഇപ്പോൾ…..

അച്ഛൻ അവളുടെ മുടിയിഴകളിൽ തലോടി… ആ അച്ഛന്റെ ചുണ്ടിൽ ഒരു നേർത്ത ചിരി ഉണ്ടായിരുന്നു.. അച്ഛനോട് പറയുമോ മോളേ…. എന്ത്….?? അവൾ സംശയത്തോടെ ചോദിച്ചു… അച്ഛനോടുള്ള പ്രണയം തിരിച്ചറിയാൻ കാരണം ആയ ആ ആളാരാണെന്ന്… നിന്റെ മനസിനെ കീഴ്പെടുത്തിയ നിന്റെ രണ്ടാമത്തെ പ്രണയം… എനിക്കറിയില്ല അച്ഛാ അത് പ്രണയം ആണോ എന്ന്.. എന്തോ ഹൃദയത്തിൽ ഒരു കല്ല് കയറ്റി വെച്ച ഭാരം തോന്നുന്നു…. തൊണ്ടയിൽ ചോറിന്റെ വറ്റ് കുടുങ്ങി കിടക്കുന്ന പോലെ…. ശ്വാസം പുറത്ത് പോവാതെ നെഞ്ചിൽ കുത്തി നിറയുന്ന പോലെ…. ഉറക്കം നഷ്ടപ്പെടുന്നു…. വിശപ്പ് നഷ്ടപ്പെടുന്നു..

ഇടക്ക് സ്വബോധം പോലും… ഇതാണോ അച്ഛാ പ്രണയം… പ്രണയം… അതൊരു വികാരം അല്ല മോളേ… ആവശ്യം ആണ്… വായുവും വെള്ളവും ഒക്കെ പോലെ ജീവിതത്തിൽ ഒഴിച്ചു കൂടാൻ ആവാത്ത ഒരു ആവശ്യം… നീ ഇപ്പോൾ ആ പ്രണയത്തിന് വേണ്ടി ദാഹിക്കുകയാണ്…. ആ വായുവിന് വേണ്ടി ആണ് നീ ശ്വാസം മുട്ടുന്നത്.. ആ വെള്ളത്തിന് വേണ്ടി ആണ് നിന്റെ തൊണ്ട വരളുന്നത്… പ്രണയം നിനക്കിപ്പോൾ ഒരു ആവശ്യം ആണ്.. നിന്റെ ജീവൻ നിലനിർത്താൻ ഏറ്റവും വലിയ ആവശ്യം… പോ.. അച്ഛാ.. അങ്ങനെ ഒന്നുല്ല്യ… പിന്നെ അച്ഛാ… ഞാൻ ഈ പറഞ്ഞതൊന്നും അമ്മയോട് പറയല്ലേ.. മച്ചിലെ ഭഗവതിക്ക് പിന്നെ സൗര്യം കൊടുക്കില്ല… അവൾ ചിരിച്ചുകൊണ്ട് മുറിയിലേക്ക് കയറി…

അച്ഛൻ പറഞ്ഞതുപോലെ അവൻ അവളുടെ ഏറ്റവും വലിയ ആവശ്യം ആയി മാറുകയാണ് എന്നവൾ അറിയുകയായിരുന്നു… ജീവവായുപോലെ.. ഭക്ഷണം പോലെ…. അതോർത്തപ്പോൾ അവൾക്കുള്ളിൽ ഒരു കോരിതരിപ്പ് തോന്നി… മലമുകളിൽ ഒറ്റക്കിരുന്ന് അവനെ കുറിച്ച് മാത്രം അവൾ മനസ്സിൽ നിറക്കും …. അവളുടെ ദിവാസ്വപ്നങ്ങളിൽ അവൻ അവളുടെ കാമുകനായും കൂട്ടുകാരനായും ഭർത്താവായും ഒക്കെ പുനർജനിച്ചു…. അറിയാതെ ജീവിതത്തിലേക്ക് വന്ന് ചോദ്യമോ പറച്ചിലുകളോ ഇല്ലാതെ മനസ്സിൽ കയറിക്കൂടി പിന്നീട് ഓരോ സന്ധ്യയിലും ഒറ്റക്കിരുന്ന് ഓർക്കാൻ സുഖമുള്ള ഒരു ഓർമ്മ ആയി മാറിയ ഇഷ്ടം … മനു അവൾക്കുള്ളിൽ അത്തരം ഒരു ഇഷ്ടമായി മാറുകയായിരുന്നു…

മലമുകളിൽ ശക്തമായ കാറ്റുവീശീതുടങ്ങി.. ശ്യാമയുടെ മുടിയിഴകൾ ആ കാറ്റിൽ പാറി പറന്നു… അവളുടെ കണ്ണുകൾ പുറകിൽ നിന്നാരോ പൊത്തി… അവൾ ഒരു നിമിഷം ഒന്ന് പിടഞ്ഞു ആ കൈകളിലൂടെ വിരലോടിച്ചു… ആ കരസ്പർശം ആരുടേതാണെന്ന് കണ്ടുപിടിക്കാൻ അവൾക്കധികം ഓർക്കേണ്ടിവന്നില്ല … അവൾ ആ കൈകൾ ബലമായി വിടുവിച്ചു… അവനെ തിരിഞ്ഞു നോക്കാതെ അവൾ ദൂരേക്ക് മിഴികൾ നട്ടു… അവൻ അവൾക്കരികിൽ ഇരുന്നു…. എന്താണ് ശ്യാമേ മുഖത്തിന് ഒരു കനം… അവൻ ഒരു കള്ളച്ചിരിയോടെ ചോദിച്ചു…. അവൾ മറുപടി പറഞ്ഞില്ലേ… ഇത്രയും നേരം എന്നെ ഓർത്തിരിക്കാം..

എന്നെ കാണണം എന്ന് ആഗ്രഹിക്കാം… നേരിട്ട് വന്നപ്പോൾ എന്നെ ഒന്ന് നോക്കുന്നത് പോലും ഇല്ലല്ലോ…. അവൻ പറഞ്ഞതും ശ്യാമ അത്ഭുതത്തോടെ അവനെ നോക്കി…. ഞാൻ എങ്ങനെ അറിഞ്ഞു എന്നല്ലേ ഈ നോട്ടത്തിന്റെ അർഥം…?? അതൊക്കെ അറിയാടോ… എങ്ങനെ..?? അവൾ അത്ഭുതത്തോടെ ചോദിച്ചു… തന്റെ മനസ് എന്റെ ഉള്ളിൽ അല്ലേ… പിന്നെ ഞാൻ അറിയില്ലേ…. പിന്നെ.. പിന്നെ…. പിന്നല്ലാതെ…. താൻ സത്യം പറ ഞാൻ പറയാതെ പോയപ്പോൾ തനിക്ക് വിഷമം ആയില്ലേ…. എന്നെ ഓർത്തില്ലേ…. ഇല്ല… അവൾ ഉറച്ച ശബ്ദത്തോടെ പറഞ്ഞു… ശ്യാമേ.. ഞാൻ പറഞ്ഞില്ലേ.. തനിക്ക് നുണ പറയാൻ അറിയില്ല..

പിന്നെ എന്തിനാ വെറുതെ… ഇതൊക്കെ അറിഞ്ഞിട്ട് പിന്നെ എന്തേ പറയാതെ പോയത്…. അവൾ അൽപ്പം പിണക്കത്തോടെ പറഞ്ഞു… ദേ ഈ പിണക്കം കാണാൻ… അവൻ അവളുടെ താടിയിൽ പിടിച്ചു പറഞ്ഞു… അവൾ മറുപടി പറഞ്ഞില്ല…. ദേഷ്യം പിടിക്കുമ്പോഴും പിണങ്ങുമ്പോഴും എന്ത് ഭംഗി ആണെന്നോ തന്നെ കാണാൻ…. അവൻ അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു… കളിയാക്കാ ല്ലേ….?? അവൾ നിരാശയോടെ പറഞ്ഞു… എന്തിന്…. ഞാൻ സത്യം പറഞ്ഞതാണ്… പിണങ്ങുമ്പോൾ നിന്റെ ഈ കണ്ണുകൾ കുറുകും… ചുണ്ടുകൾ ചുവക്കും… അപ്പോൾ നിന്റെ മുഖത്തിന് വല്ലാത്ത ചന്തം ആണ്… പോ.. വെറുതെ…ഞാൻ കറുത്തിട്ടല്ലേ…. കണ്ടാലും മതി…. കറുപ്പിന് ഭംഗി ഇല്ലെന്ന് തന്നോട് ആരാ പറഞ്ഞത് ശ്യാമേ….

നിന്റെ ഈ കറുപ്പ് കാണുമ്പോൾ എനിക്ക് വല്ലാത്ത കൊതി ആണ് പെണ്ണേ… അവൻ അവളുടെ കാതോരം പറഞ്ഞു… അവൾ അവനെ കൂർപ്പിച്ചു നോക്കി.. കൊതിമാത്രമേ ഉള്ളൂ സ്നേഹം ഇല്ലേ.. അവളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.. സ്നേഹം ……. അവൻ അവളെ നോക്കി മീശപിരിച്ചു.. അവൾ പ്രദീക്ഷയോടെ അവനെ നോക്കി എന്താണ് ശ്യാമേ ഈ സ്നേഹം … സ്നേഹം എന്ന് വെച്ചാൽ …സ്നേഹം തന്നെ… അവൾ വേഗം പറഞ്ഞു തീർത്തു… മനു ചിരിച്ചു.. രണ്ടു ഹൃദയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു നൂല് പോലെ ആണ് ശ്യാമേ സ്നേഹം.. എപ്പോൾ വേണമെങ്കിലും പൊട്ടി തകരാവുന്നത്.. അതിനെന്ത് അർഥം ആണുള്ളത്….

ഒരു നൂല് കൊണ്ട് ഞാനും നീയും ബന്ധിക്കപ്പെടുന്നതിലേറെ എന്നിലെ മോഹം നമ്മെ ഒന്നിച്ചു നിർത്തും എന്ന് ഞാൻ വിശ്വസിക്കുന്നു… ശ്യാമ അവന്റെ വാക്കുകളിലെ അർഥം മനസിലാവാതെ അവനെ നോക്കി…. ശ്യാമേ.. എനിക്ക് നിന്നോട് സ്നേഹം ഉണ്ട് അതിലേറെ എനിക്ക് നിന്നോട് ഒരു കൊതി ആണ്.. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ തോന്നുമ്പോൾ ഉള്ളിൽ ഉണ്ടാവുന്ന ഒരു കൊതി ഇല്ലേ.. അത് പോലെ…. ആ ഭക്ഷണം കിട്ടിക്കഴിഞ്ഞാൽ കൊതിയും മാറുമായിരിക്കും അല്ലേ… അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു… ഒരിക്കലും ഇല്ല.. ഇഷ്ടം ഉള്ള ഭക്ഷണം കഴിക്കാൻ ഇടക്കിടക്ക് തോന്നില്ലേ പൊട്ടിക്കാളി.. അതെ ഞാൻ പൊട്ടി ആണ്… വെറുതെ ഓരോന്ന് മോഹിക്കും….

എന്റെ കുറവുകൾ ഒന്നും ഞാൻ ഓർത്തില്ല…. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒക്കെ ഒരു ഭാഗ്യം വേണം… അതെനിക്ക് ഇല്ല…. അവൾ നിറഞ്ഞു വന്ന കണ്ണീർ തുടച്ചു എഴുന്നേറ്റു നടന്നു … ശ്യാമേ ഒന്ന് നിന്നേ.. അവൻ പുറകിൽ നിന്ന് വിളിച്ചു… അവൾ നടത്തം നിർത്തി തിരിഞ്ഞു നോക്കി.. അവൻ ഒരു കള്ളച്ചിരിയോടെ എഴുന്നേറ്റ് അവൾക്കരികിൽ ചെന്നു…. ശ്യാമേ താൻ കണ്ണാടി നോക്കാറുണ്ടോ.. അവൻ ചോദിച്ചു.. അറിഞ്ഞിട്ട് എന്തിനാ.. അവൾ കുറുമ്പോടെ ചോദിച്ചു… . നോക്കാറുണ്ടെങ്കിൽ ഇനി നോക്കണ്ട…. കണ്ണാടിയിൽ കാണുന്ന ശ്യാമ നിന്നെ വല്ലാതെ വേദനിപ്പിക്കുന്നത് പോലെ… ആ പ്രതിബിംബത്തിന് അപ്പുറം ഒരു ശ്യാമ ഉണ്ട്… ആ ശ്യാമയോട് ആണ് എന്റെ കൊതി… അവൻ അതും പറഞ്ഞു മുന്നോട്ട് നടന്നു…

ശ്യാമ അവന്റെ വാക്കുകളുടെ അർഥം മനസിലാവാതെ അവിടെ തന്നെ നിന്നു… ആ രാത്രി അവൾക്കുറങ്ങാൻ കഴിഞ്ഞില്ല… ഉള്ളിൽ മുഴുവൻ മനുവിനോപ്പം ചിലവിട്ട നിമിഷങ്ങൾ ആയിരുന്നു.. അവന്റെ വാക്കുകൾ മഞ്ഞുതുള്ളി പോലെ ആണെന്ന് അവൾക്ക് തോന്നി.. അടുത്ത് അറിയാൻ ശ്രമിക്കും തോറും അപ്രത്യക്ഷമാകുന്ന മഞ്ഞു തുള്ളി… അവൾ എഴുന്നേറ്റ് ഇരുന്ന് കണ്ണാടിയിൽ നോക്കി… “കണ്ണാടിയിൽ കാണുന്ന ശ്യാമ നിന്നെ വല്ലാതെ വേദനിപ്പിക്കുന്നത് പോലെ… ആ പ്രതിബിംബത്തിന് അപ്പുറം ഒരു ശ്യാമ ഉണ്ട്… ആ ശ്യാമയോട് ആണ് എന്റെ കൊതി… ” അവൻ പറഞ്ഞ വാക്കുകൾ അവളുടെ ഹൃദയത്തിൽ മിടിച്ചു കൊണ്ടിരുന്നു…. പിറ്റേന്ന് രാവിലെ മനുവിന്റെ വീട്ടിലേക്ക് പോവാൻ അവൾക്ക് വല്ലാത്ത തിടുക്കം ആയിരുന്നു….

ടോമി ഉണർന്നിരുന്നില്ല.. അവൾ ചായയുമായി മനുവിന്റെ മുറിയിലേക്ക് കയറി… അവൻ നല്ല ഉറക്കം ആണ്…. അവൾ ചായ ടേബിളിൽ വെച്ച് അവനെ ഉണർത്താൻ ശ്രമിച്ചു… ശ്.. ശ്.. അതേ… എണീക്കാറായില്ലേ… അവൾ കുറേ വിളിച്ചു നോക്കി.. മനുവിൽ പ്രത്യേക വ്യത്യാസങ്ങൾ ഒന്നും ഉണ്ടായില്ല.. ഒടുവിൽ അവൾ അവനെ തട്ടി ഉണർത്തി.. . ചായ… അവൾ ചായ അവന് നേരെ നീട്ടി… അവൻ എഴുന്നേറ്റ് ഇരുന്ന് അവളെ കൂർപ്പിച്ചു നോക്കി ചായ വാങ്ങി…അവൾ അവിടെ തന്നെ നിന്നു.. എന്താ ശ്യാമേ എന്തേലും ചോദിക്കാൻ ഉണ്ടോ… അവൻ അവളെ സൂക്ഷിച്ചു നോക്കി ചോദിച്ചു.. ഇല്ല.. അവൾ ഇല്ലെന്നു തലയാട്ടി… എന്നാ പൊക്കോ.. അവൻ പറഞ്ഞു… മ്മ്.. അവൾ നിരാശയോടെ തിരിഞ്ഞു നടന്നപ്പോൾ മനുവിന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു….

അവൾ മുറ്റത്തെ ചെടികൾ നനക്കുമ്പോൾ ആണ് മനു അവൾക്കപ്പുറം ലോണിലെ ഊഞ്ഞാലിൽ ആയി വന്ന് ഇരുന്നത്… മനുവിന്റെ കണ്ണുകൾ അവളിൽ തന്നെ ആയിരുന്നു.. ശ്യാമ അതിടക്കിടക്ക് പാളി നോക്കി… അപ്പോഴെല്ലാം മനുവിന്റെ ചുണ്ടിൽ ചിരി പൊട്ടിയിരുന്നു…. ചെടികൾ നനച്ചു കഴിഞ്ഞു ശ്യാമ അവനരികിൽ വന്നു നിന്നു… മ്മ്.. എന്താ.. അവൻ ഗൗരവത്തോടെ ചോദിച്ചു… എന്നോട് ഒന്നും പറയാനില്ലേ.. അവൾ മുഖം കുനിച്ചു ചോദിച്ചു… അവൻ അവളുടെ കൈ പിടിച്ചു ആ ഊഞ്ഞാലിലേക്ക് ഇരുത്തി… “എന്നോടെന്തിനൊളിക്കുന്നു നീ സഖി എല്ലാം നമുക്കൊരുപോലെയല്ലേ… അന്ത്യയാമത്തിലെ മഞ്ഞേറ്റു പൂക്കുമീ സ്വർണ മന്ദാരങ്ങൾ ‍ സാക്ഷിയല്ലേ…

ചന്ദന മണിവാതിൽ ‍ പാതി ചാരി ഹിന്ദോളം കണ്ണിൽ ‍ തിരയിളക്കി ശൃംഗാര ചന്ദ്രികേ നീരാടി നീ നിൽകെ എന്തായിരുന്നു മനസ്സിൽ ‍ … നാണം പൂത്തു വിരിഞ്ഞ ലാവണ്യമേ യാമിനി കാമസുഗന്ധിയല്ലേ… മായ വിരലുകൾ ‍ തൊട്ടാൽ ‍ മലരുന്ന മാദക മൌനങ്ങൾ ‍ നമ്മളല്ലേ… ചന്ദന മണിവാതിൽ ‍ പാതി ചാരി ഹിന്ദോളം കണ്ണിൽ ‍ തിരയിളക്കി ശൃംഗാര ചന്ദ്രികേ നീരാടി നീ നിൽ‍കെ എന്തായിരുന്നു മനസ്സിൽ … അവനവളുടെ വിരലുകളിൽ കൈചേർത്ത് പാടി… അവൾ പോലും അറിയാതെ അവൾ അവന്റെ തോളിൽ തലവെച്ചു ആ ശബ്ദത്തിൽ ലയിച്ചു…. എന്റെ പ്രണയം ഇങ്ങനെ ആണ് ശ്യാമേ…

ഇഷ്ടമാണെന്ന് എന്റെ ഓരോ ഹൃദയമിടിപ്പും പറയും… ഞാൻ ഓരോ ഇമ ചിമ്മിതുറക്കുന്നതും നിന്റെ കണ്ണിലെ പ്രണയം കാണാൻ ആണ് …. എന്റെ ഓരോ ശ്വാസ നിശ്വാസങ്ങളിലും ആ പ്രണയം പൂക്കും.. സുഗന്ധം വമിക്കും… . ആ പ്രണയം കണ്ട് നാണിച്ചു എന്റെ വാക്കുകൾ മാത്രം ഏതോ തൊണ്ടകുഴിയിൽ ഒളിച്ചിരിക്കും….. അവൻ അവളുടെ മുടിയിഴകളിൽ തലോടി പറഞ്ഞു… അവളുടെ ചുണ്ടിൽ ഒരു നേർത്ത ചിരി വിരിഞ്ഞു

🙏🙏 തുടരും..

ശ്യാമമേഘം : ഭാഗം 24