Friday, January 3, 2025
Novel

ശ്യാമമേഘം : ഭാഗം 21

എഴുത്തുകാരി: പാർവതി പാറു

എനിക്കറിയാമായിരുന്നു….. എന്റെ പ്രാർഥന കരിങ്കാളി കേൾക്കും എന്ന്.. പക്ഷെ ഇത്രയും പെട്ടന്ന് എന്റെ മുന്നിൽ കൊണ്ട് നിർത്തും എന്ന് കരുതിയില്ല…. ശ്യാമ അനിയുടെ നെഞ്ചിൽ തലവെച്ചു കൊണ്ട് പറഞ്ഞു…. അനി ഒരു മരവിപ്പോടെ എല്ലാം കേട്ടുനിന്നു… മനു…. എന്താ ഒന്നും മിണ്ടാത്തത്.. എന്നിലേക്ക് എത്താൻ എന്താണ് ഇത്രയും വൈകിയത്… ഈ ഒരു വർഷം ശ്വാസം മുട്ടിയാണ് ഞാൻ കഴിഞ്ഞത്… മനു നീ എന്നെ ചതിച്ചു എന്ന് പോലും പലപ്പോഴും ഓർത്തു പോയി… അവന്റെ ഷർട്ടിൽ കൈ മുറുക്കി അവൾ പറഞ്ഞു… ശ്യാമേ…

താൻ എന്തൊക്കെയാ ഈ പറയുന്നേ ഞാൻ.. ഞാൻ അനി… അനി ആണ്… ആ ശബ്ദം കേട്ടതും അനിയിൽ മുറുകിയ അവളുടെ കൈ അയഞ്ഞു… അവൾ പൊടുന്നനെ അവനിൽ നിന്നു മാറി അവന്റെ മുഖത്തേക്ക് നോക്കി…. എന്താണ് ശ്യാമേ തനിക്ക് പറ്റിയത്.. താൻ ആദ്യമായിട്ട് അല്ലേ എന്നെ കാണുന്നത് ഞാൻ അനി ആണ്.. എന്റെ ശബ്ദം കേട്ടാൽ തനിക്ക് അറിയില്ലേ… അതേ.. ഈ ശബ്ദം താൻ ഈ ലോകത്ത് ഏറ്റവും വിശ്വസിക്കുന്ന അനിയുടെ ശബ്ദം ആണ്.. പക്ഷെ മുഖം താൻ ഏറ്റവും സ്നേഹിക്കുന്ന തന്റെ മനുവിന്റെ ആണ്.. തന്റെ കണ്ണന്റെ അച്ഛന്റെതാണ്.. അവൾ കണ്ണെടുക്കാതെ അനിയെ തന്നെ നോക്കി..

അവനെ കാണും തോറും അവൾക്ക് അവളെ നഷ്ടമാവുന്നു എന്നവൾക്ക് തോന്നി…. തന്റെ മനുവിൽ നിന്നും പകുതിതെടുത്തപോലെ തന്നെയാണ് അനിയും… അവരിരുവരെയും വ്യത്യസ്തമാക്കുന്നത് ചുണ്ടിന് മുകളിൽ പാതി കിളർത്ത അനിയുടെ മീശ മാത്രം ആണ്… മനുവിന് നല്ല കട്ടി മീശ ഉണ്ടായിരുന്നു… അതങ്ങനെ പിരിച്ചു വെച്ച് കണ്ണുരുട്ടി പേടിപ്പിക്കുന്ന അവനെ ഒരു നിമിഷം അവളോർത്തു…. അനിയുടെ മുഖത്തിന് ഒരു സൗമ്യ ഭാവം ആണ്.. മുഖത്ത് ഒരു ചിരി ഒളിപ്പിച്ചത് പോലെ… മനുവിന് എപ്പോഴും ദേഷ്യഭാവം ആണ്.. അവളോർത്തു…. ശ്യാമേ…

മേഘയുടെ വിളിയിൽ അവൾ ഓർമ്മകളിൽ നിന്ന് പിടഞ്ഞു അനിയിൽ നിന്ന് കണ്ണുകൾ പിൻവലിച്ചു…. മേഘ ഓടിവന്നു ശ്യാമയെ കെട്ടിപിടിച്ചു… അപ്പോഴും ശ്യാമയുടെ കണ്ണുകൾ അനിയിൽ ആയിരുന്നു… അനിക്ക് അവളുടെ നോട്ടം നേരിടാൻ ബുദ്ധിമുട്ട് തോന്നി… അവൻ അവളുടെ മുറിയിലേക്ക് നടന്നു…. ശ്യാമ മേഘയെ സ്നേഹത്തോടെ നോക്കി നിന്നു.. അനിയിൽ നിന്നും ചീരുവമ്മയിൽ നിന്നും കേട്ടറിവ് മാത്രം ഉള്ള… ശബ്ദം കൊണ്ട് മാത്രം തന്നിൽ നിറഞ്ഞു നിന്ന തനിക്ക് പ്രിയപ്പെട്ടവൾ….

അകക്കണ്ണുകൊണ്ട് താൻ അവൾക്ക് നൽകിയ രൂപത്തേക്കാൾ സുന്ദരി ആണ് മേഘ എന്ന് ശ്യാമക്ക് തോന്നി… ശ്യാമേ സുഖല്ലെടോ.. താൻ വാ.. എനിക്ക് കണ്ണനെ കാണാൻ കൊതി ആയി… മേഘ അവളുടെ കൈയും പിടിച്ചു മുറിയിലേക്ക് നടന്നു… മുറിയിലെ കട്ടിലിൽ അനി കണ്ണനെ എടുത്തു ഇരിക്കുന്നുണ്ട്… കണ്ണൻ കണ്ണുമിഴിച്ചു അവനെ തന്നെ നോക്കി ചിരിക്കുകയാണ്…. അനി അവനോട് എന്തൊക്കെയോ പറയുന്നുണ്ട്… ശ്യാമക്ക് ഒരുവേള തന്റെ കുഞ്ഞു അവന്റെ അച്ഛന്റെ കൈകളിൽ തന്നെ ആണെന്ന് തോന്നി..

അവനിൽ പതിയുന്ന അനിയുടെ മുഖം അവന്റെ യഥാർത്ഥ അച്ഛന്റേത് തന്നെയാണ് എന്നോർത്തപ്പോൾ അവൾക്ക് സന്തോഷം തോന്നി… മേഘ അനിയുടെ പുറകിലൂടെ ചെന്ന് അവന്റെ തോളിൽ ചേർത്ത് പിടിച്ചു കണ്ണനെ നോക്കി നിന്നു.. മതി മതി.. ഇനി ഞാൻ എടുക്കട്ടെ… അൽപ്പം കഴിഞ്ഞപ്പോൾ മേഘ അനിയിൽ നിന്ന് കണ്ണനെ എടുത്തു… അനിയിൽ നിന്നും വാങ്ങിയതിന്റെ പ്രതിഷേധം എന്നോണം ആദ്യം അവനൊന്നു കരഞ്ഞു.. പിന്നെ മേഘയുടെ കൈകളിൽ അവൻ പറ്റിച്ചേർന്ന് കിടന്നു… ക ണ്ണനും ആയി അനിയും മേഘയും കളിക്കുന്നത് ശ്യാമ ദൂരെ മാറിനിന്നു നോക്കി കണ്ടു..

തന്റെ കുഞ്ഞിനെ സ്വന്തമെന്ന പോലെ അവരിരുവരും സ്നേഹിക്കുന്നു… ഒരുവേള രൂപത്തിൽ പോലും അവൻ അവർക്കു ജനിച്ച കുഞ്ഞാണെന്ന് തോന്നിപോകും… ശ്യാമ ഓർത്തു… മേഘക്ക് കണ്ണനെ എത്ര കൊഞ്ചിച്ചിട്ടും മതിവരുന്നില്ലായിരുന്നു… ഒടുവിൽ മനസ്സില്ലാ മനസോടെ ആണവൾ വീട്ടിലേക്കു പോയത്…. അവളെ വീട്ടിലാക്കി തിരിച്ചു വന്നതും അനി മുറിയിൽ കയറി വാതിൽ അടച്ചു…. അവന് തന്നെ അഭിമുഘീകരിക്കാൻ എന്തോ ബുദ്ധിമുട്ട് ഉള്ളത് പോലെ തോനുന്നു.. ശ്യാമക്ക് തോന്നി..

അവനോട് മാപ്പ് പറയാൻ അവൾക്കും വല്ലാത്ത ആഗ്രഹം ഉണ്ടായിരുന്നു… അന്ന് രാത്രി അനി ഉള്ളത് കൊണ്ട് ചീരുവമ്മ വീട്ടിലേക്ക് പോയി… എന്നത്തേയും പോലെ കണ്ണൻ വാശിപിടിച്ചു കരയാൻ തുടങ്ങി…. പക്ഷെ അനി കതക് തുറന്നില്ല… ശ്യാമക്ക് ഹൃദയം തകരുന്ന വേദന തോന്നി.. ശ്യാമ എത്ര ശ്രമിച്ചിട്ടും കണ്ണൻ കരച്ചിൽ നിർത്തിയില്ല… അവൾ അവനെ മടിയിൽ കിടത്തി പൊട്ടി കരഞ്ഞു… മടിയിലെ കുഞ്ഞിന്റെ ഭാരം ഇല്ലാതായപ്പോൾ അവൾ കണ്ണ് തുറന്നു… അനി കണ്ണനെ എടുത്തു മാറോട് ചേർത്ത് വെച്ചിട്ടുണ്ട്…. അവനെ ചുംബനങ്ങൾ കൊണ്ട് പൊതിയുന്നുണ്ട്…. ഞാൻ ഒന്ന് ഉറങ്ങി പോയി.. അറിഞ്ഞില്ല.. .

അവൻ അവളുടെ മുഖത്തു നോക്കാതെ പറഞ്ഞു.. മ്മ്.. ശ്യാമ ഒഴുകി വന്ന കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു… കണ്ണന്റെ അച്ഛൻ ആണോ മനു…? അനി കണ്ണനെ ചേർത്ത് പിടിച്ചു ചോദിച്ചു… മ്മ്… അയാൾ എന്നെ പോലെ ആണോ… മ്മ്…. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.. എനിക്കും.. ശ്യാമ.. കട്ടിലിൽ നിന്ന് എഴുന്നേറ്റ് ജനലരികിൽ ചെന്നു നിന്നു… മനു എവിടെ ആണ് ഇപ്പോൾ…. അറിയില്ല…. ശ്യാമയുടെ വാക്കുകളിൽ നിർവികാരത ആയിരുന്നു… അറിയില്ലെന്നോ…. മനുവിന്റെ വീട് എവിടെ ആണ്… അറിയില്ല…. ശ്യാമേ… നീ വീണ്ടും എന്നെ ഭ്രാന്ത് പിടിപ്പിക്കുകയാണ്….

ഇപ്പോൾ എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നത് നീ ആണ് അനിരുദ്ധ്.. .. നിന്റെ ഈ മുഖം എന്നെ വീണ്ടും വീണ്ടും ഭ്രാന്ത്‌ പിടിപ്പിക്കുന്നു.. എന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന പ്രണയത്തിന്റെ ഭ്രാന്ത്‌… നീ എന്റെ മനു അല്ലെന്ന് എനിക്ക് അറിയാം.. പക്ഷെ എന്തോ നിന്റെ മുഖത്തേക്ക് നോക്കുമ്പോൾ… പറഞ്ഞു മുഴുമിപ്പിക്കാൻ അവൾ വീണ്ടും തിരിഞ്ഞു നിന്നു നിന്റെ പ്രണയത്തിന്റെയും കാമത്തിന്റെയും ഭ്രാന്തിന്റെ ബാക്കി ആവും അല്ലേ കണ്ണൻ… അനി അൽപ്പം പുച്ഛത്തോടെ പറഞ്ഞു… അതേ… നിന്നെയും മേഘയെയും പോലെ അത്ര ദിവ്യ പ്രണയം ഒന്നും അല്ലായിരുന്നു ഞങ്ങളുടേത്…

ഇണങ്ങിയും പിണങ്ങിയും ദേഷ്യപ്പെട്ടും കരഞ്ഞും ചിരിച്ചും ഒക്കെ തന്നെയാ പ്രണയിച്ചത്… നീ പറഞ്ഞത് പോലെ പ്രണയത്തിന്റെ ഏതോ ഭ്രാന്തമായ നിമിഷത്തിൽ പറ്റിപ്പോയ തെറ്റ് തന്നെ ആണ് കണ്ണൻ.. പക്ഷെ അതിൽ ഒരിക്കലും എനിക്ക് പശ്ചാത്താപം തോന്നിയിട്ടില്ല.. ചെയ്തത് തെറ്റാണെന്നും തോന്നിയിട്ടില്ല… അന്ന് അങ്ങനെ ചെയ്തത് കൊണ്ട് മാത്രം ആണ് ഇന്ന് ഞാൻ ജീവനോടെ ഇരിക്കുന്നത്… ശ്യാമയുടെ വാക്കുകളിൽ ദേഷ്യവും വേദനയും കലർന്നിരുന്നു…. ഇനി എങ്കിലും എല്ലാം തുറന്നു പറഞ്ഞൂടെ ശ്യാമേ….

ഒരുപക്ഷെ തന്റെ മനുവിനെ തന്റെ മുന്നിൽ കൊണ്ട് നിർത്താൻ എനിക്ക് സാധിച്ചാലോ…. മ്മ്.. പറയാം.. പക്ഷെ അതിന് മുൻപ് അനിയും മനുവും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് എനിക്ക് അറിയണം… ശ്യാമയുടെ ചോദ്യം കേട്ട് അനി ചിരിച്ചു…. എന്ത് ബന്ധം… ഒരാളെ പോലെ ഒമ്പത് പേര് ഉണ്ടാവും എന്നല്ലേ…. അതെ.. പക്ഷെ അതിൽ പലരും സഹോദരങ്ങളും ആവാം അല്ലോ… താൻ പറഞ്ഞു വരുന്നത് മനു എന്റെ സഹോദരൻ ആണെന്നാണോ… എന്റെ അറിവിൽ എന്റെ അച്ഛനും അമ്മയ്ക്കും ഞാൻ മാത്രമേ ഉള്ളൂ…

അറിവോടെ മാത്രം അല്ലല്ലോ സഹോദരങ്ങൾ ഉണ്ടാവുന്നത്…. അതല്ല…. തനിക്കങ്ങനെ ഒരു സംശയം ഉണ്ടെങ്കിൽ തീർത്തോളൂ… അച്ഛൻ അടുത്ത ദിവസം വരും…. ശ്യാമ നിർവികരതയോടെ ചിരിച്ചു…. പിന്നെ ഒരു കാര്യം… ഞാനും മനുവും ഒരുപോലെ ആണെന്നുള്ള കാര്യം മേഘ അറിയേണ്ട…. അവൾ അതെങ്ങനെ എടുക്കും എന്ന് എനിക്ക് പേടി ഉണ്ട്…. അവളുടെ ഉള്ളിൽ തന്നോട് ഒരു ചെറിയ കരട് പോലും വീഴുന്നത് എനിക്ക് ഇഷ്ടം അല്ല….. അത് ശരി അല്ല അനി.. മേഘ അറിയണം.. അത് മേഘ അറിഞ്ഞില്ലെങ്കിൽ അത് നിങ്ങളുടെ പ്രണയത്തിന് കളങ്കം വരുത്തുന്നതിന് തുല്ല്യം അല്ലേ…. നിങ്ങൾ ഒന്നല്ലേ…. നീ,

അവൾ എന്നൊന്നില്ലല്ലോ… അവൾ അറിയട്ടെ…. ശ്യാമേ താനിപ്പോൾ മേഘയെ പോലെ സംസാരിക്കുന്നു…. മേഘ ചിലപ്പോൾ തന്നെ പോലെയും സംസാരിക്കുന്നു… ശ്യാമ ചിരിച്ചു…. എനിക്കുള്ളിൽ അവളും അവൾക്കുള്ളിൽ ഞാനും ഉണ്ട് അനിരുദ്ധ്… ഹൃദയം കൊണ്ട് തുന്നി ചേർത്ത എന്തൊക്കെയോ ഞങ്ങൾക്കിടയിൽ ഉണ്ട്.. പക്ഷെ അവ എന്തൊക്കെ ആണെന്ന് ഇഴതിരിച്ചെടുക്കാൻ ആവുന്നില്ലെന്നാണ് ഏറ്റവും വലിയ അത്ഭുതം…. സത്യത്തിൽ ഓരോ പെണ്ണും ഓരോ വ്യത്യസ്തരാണെങ്കിലും എല്ലാർക്കും ഉള്ളിലും പൊതുവായി ഒരു വികാരം ഉണ്ടാവും അല്ലേ… അനി ശ്യാമയുടെ അരികിൽ വന്നു നിന്ന് ചോദിച്ചു..

തീർച്ചയായും.. ഏതാണ് ആ വികാരം എന്ന് എപ്പോഴെങ്കിലും അനിരുദ്ധ് ആലോചിച്ചു നോക്കിയിട്ടുണ്ടോ… ഓ.. എനിക്കറിയാം.. ക്ഷമ.. സഹനം.. അതൊക്കെ അല്ലേ…. ഇതൊക്കെ കുറേ കേട്ടതാടോ… ശ്യാമ ചിരിച്ചു എന്നാൽ ഇതൊന്നും അല്ല… സ്നേഹം.. അത് മാത്രം ആണ് ഒരാളുടെ ഹൃദയത്തിൽ സത്യമായിട്ടുള്ളത്.. എന്നും നിലനിൽക്കുന്നത്…. അതിന് വേണ്ടി മാത്രമാണ് ഓരോ സ്ത്രീയും ജീവിക്കുന്നത്…

ഒരു പെണ്ണിന് ഒരാഴ്ച പട്ടിണി കിടക്കാൻ കഴിഞ്ഞേക്കാം പക്ഷെ ഒരു ദിവസം പോലും സ്നേഹിക്കാനോ സ്നേഹിക്കപ്പെടാതിരിക്കാനോ കഴിയില്ല.. അത് പ്രപഞ്ച സത്യം ആണ്… നാളെ മേഘ വന്നാൽ രണ്ടുപേർക്കും ഞാനൊരു കഥ പറഞ്ഞു തരാം മാനത്തെ വെള്ളി നക്ഷത്രത്തെ മോഹിച്ച ഒരു കാക്കകറുമ്പിയുടെ കഥ…. ശ്യാമ ആകാശത്തേക്ക് നോക്കി പറഞ്ഞു… അത് പറയുമ്പോൾ ശ്യാമയുടെ കണ്ണുകൾക്ക് ആ വെള്ളി നക്ഷത്രത്തിന്റെ ശോഭ ഉണ്ടെന്ന് അനിക്ക് തോന്നി..

🙏🙏 തുടരും..

ശ്യാമമേഘം : ഭാഗം 20