Wednesday, January 22, 2025
Novel

ശ്യാമമേഘം : ഭാഗം 14

എഴുത്തുകാരി: പാർവതി പാറു

ആ ദിവസങ്ങൾ അവൾക്ക് തികച്ചും അസഹ്യം ആയിരുന്നു.. കിടക്കയിൽ നിന്ന് ഇറങ്ങാൻ അവളെ ആരും തന്നെ അനുവദിച്ചില്ല.. അനി ഓഫീസിൽ പോയാൽ പിന്നെ ചീരുവമ്മയുടെ ഭരണം ആണ്.. ഓരോ മണിക്കൂറിലും അവളെ ഓരോന്ന് കഴിപ്പിക്കുക എന്നതായിരുന്നു അവരുടെ പ്രധാന കർത്തവ്യം.. അവൾ അതിൽ വിമുഖത കാണിച്ചാൽ അവർ പഴയ കാര്യങ്ങൾ ഓരോന്നായി പറഞ്ഞു കരയാൻ തുടങ്ങും..

മകളെ കുറിച്ചും ഒരിക്കൽ പോലും കാണാത്ത തങ്ങളുടെ കൊച്ചുമകനെ കുറിച്ചും ഭാര്യ നഷ്ടപ്പെട്ടതോടെ എങ്ങോട്ടോ ഓടി പോയ നല്ലവനായ മരുമകനെ കുറിച്ചും എത്ര പറഞ്ഞാലും അവർക്ക് മതിയാകുമായിരുന്നില്ല… ശ്യാമ എല്ലാം കേട്ടിരിക്കും.. ഒടുവിൽ അവരുടെ മടിയിലേക്ക് കിടന്ന് അമ്മേ എന്ന് വിളിക്കും… ഒരു പൊട്ടി കരച്ചിലോടെ അവർ അവളെ ചേർത്ത് പിടിക്കും… അതൊരു തരത്തിൽ ഉള്ള ആശ്വാസം ആയിരുന്നു ഇരുവർക്കും… എപ്പോഴും കിടന്ന് കിടന്ന് അവളുടെ കാലുകൾ നീരുവച്ചു വീർത്തു തുടങ്ങി…

സാധാരണ പെണ്ണുങ്ങൾക്കൊക്കെ കാല് തൂക്കി ഇട്ട് ഇരുന്നാൽ ആണ് കാലിൽ നീര് വരാ.. ന്റെ കുട്ടിക്ക് ഇപ്പോൾ കിടന്നിട്ട് ആണ് നീര്.. അവളുടെ കാലിൽ കൊട്ടാൻചുക്കാദി എണ്ണ ഇട്ട് ഉഴിഞ്ഞു ചൂട് പിടിക്കുമ്പോൾ ചീരുവമ്മ ആരോടെന്നില്ലാതെ പറഞ്ഞു… നടക്കാതെ നടക്കാതെ ആയാൽ നീര് വരും ചീരുവമ്മേ… പ്ലീസ് ഇന്ന് കുറച്ചു നേരം ഞാൻ മുറ്റത്ത് നടന്നോട്ടെ…. വേണ്ട വേണ്ട.. അനിക്കുട്ടൻ അറിഞ്ഞാൽ എന്നെ വഴക്ക് പറയും… ചീരുവമ്മയുടെ മോള് ഇപ്പോൾ നല്ല കുട്ടി ആയി ഇവിടെ കിടന്നാൽ മതി…

ഒരു എട്ടാം മാസം ഒക്കെ ആവട്ടെ ഈ കുന്ന് മുഴവൻ നടത്തിക്കാം ഈ ചീരുവമ്മ മോളേ.. അതെന്തിനാ ചീരുവമ്മേ… ആ.. അതറിയില്ലേ.. അവസാനത്തെ രണ്ടു മാസം നല്ലോണം നടന്നാൽ സുഖമായി പ്രസവിക്കാം ഒരു ബുദ്ധിമുട്ടും വേദനയും ഒന്നും ഉണ്ടാവില്ല…. ഇപ്പോൾ ഇങ്ങനെ ഇവിടെ തിന്ന് ഇരുന്നാൽ എട്ടാം മാസം ആവുമ്പോളേക്കും ഞാനൊരു മടിച്ചി ആവും ചീരുവമ്മേ… മടി മാറാൻ ഞാൻ അപ്പോൾ നല്ല അടി തരാം… ചീരുവമ്മ കുസൃതിയോടെ അവളോട് പറഞ്ഞു..

അനി തന്ന മ്യൂസിക് പ്ലെയറിലെ പാട്ടുകൾ കേട്ടും ചീരുവമ്മയുടെ കഥകൾ കേട്ടും അവൾ പകലുകൾ കഴിച്ചു കൂട്ടും വൈകുന്നേരം അനി വന്നാൽ മേഘയേ വിളിച്ചു ഫോൺ ശ്യാമക്ക് കൊടുക്കും.. മേഘ മണിക്കൂറുകളോളം അവളോട് സംസാരിക്കും… അവൾക്ക് പറയാൻ വിഷയങ്ങളുടെ ആവശ്യങ്ങളില്ല… വാക്കുകളിൽ പോലും അവൾ വിഷയങ്ങൾ ഉണ്ടാക്കും… ഇടക്ക് അനിയും അവർക്കൊപ്പം ഇരിക്കും… അധികവും മേഘ അനിയെ കുറിച്ചാണ് സംസാരിക്കാറുള്ളത്..

മേഘയിൽ നിന്ന് അനിയെ ഒരു വിധം ശ്യാമ മനസിലാക്കിയിരുന്നു… അനിയിൽ നിന്ന് മേഘയേയും… അവർക്കിടയിലേക്ക് ശ്യാമ വന്നിട്ട് ഇപ്പോൾ നാലു മാസം കഴിഞ്ഞു ഇതിനിടയിൽ ഒരിക്കൽ പോലും അവർ തമ്മിൽ പിണങ്ങുന്നതോ.. ദേഷ്യപ്പെടുന്നതോ.. കുറ്റപെടുത്തുന്നതോ അവൾ കേട്ടിട്ടില്ല.. ആ പ്രണയം അവൾക്കൊരു അത്ഭുതം ആയിരുന്നു…. ഒരു ദിവസം ശ്യാമ അത് മേഘയോട് ചോദിച്ചു… ഒരു പൊട്ടിച്ചിരി ആയിരുന്നു അവളുടെ മറുപടി… ഞാൻ കാര്യമായിട്ട് ചോദിച്ചതാണ് മേഘേ… നിങ്ങൾ തമ്മിൽ ഒരിക്കലും പിണങ്ങിയിട്ടില്ലേ..

ഇതുവരെ… ശ്യാമക്ക് പുറകിൽ ഇരുന്ന് അനിയും ആ ചോദ്യം കേട്ട് ചിരിച്ചു… ശ്യാമേ ഈ പിണക്കവും.. ദേഷ്യവും.. ഒക്കെ എപ്പോഴാണ് ഉണ്ടാവുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ… എപ്പോളാ.. ഞാനും നീയും രണ്ട് വ്യക്തികൾ ആണ് എന്ന് വിചാരിക്കുമ്പോൾ… മേഘ പറഞ്ഞു. അതേ… ഞാനും മേഘയും രണ്ടു വ്യക്തികൾ ആണെന്ന് ഞങ്ങൾക്ക് തോന്നിയിട്ടില്ല.. ഞങ്ങൾ ഒന്നാണ് ശ്യാമേ.. ഒരേ ആത്മാക്കൾ ആണ്… ഒരേ തൂവൽ പക്ഷികൾ ആണ്…എന്നിൽ അവളുണ്ട് അവളിൽ ഞാനും…

അനി ശ്യാമക്ക് അരികിൽ വന്നിരുന്ന് സ്‌ക്രീനിൽ കാണുന്ന മേഘയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു… പിന്നേ.. ഇതൊക്കെ സാഹിത്യം പറയാൻ കൊള്ളാം.. പ്രാക്ടിക്കലി നടക്കില്ലല്ലോ… ശ്യാമ മുഖം കോട്ടി. ഇവൾക്ക് അസൂയ ആണ് അനി.. നമ്മുടെ പ്രണയം കണ്ടിട്ട്… എന്റെ ശ്യാമേ ഞാൻ ഒരു കാര്യം പറയട്ടെ ഞാനും നീയും എന്നൊന്നില്ല നമ്മൾ ഒന്നാണ് എന്നൊരു മൈൻഡ് വന്നു കഴിഞ്ഞാൽ ഉണ്ടല്ലോ… അവൻ കഴിച്ചാലും എന്റെ വയറ് നിറയും… അവൻ കരഞ്ഞാലും എന്റെ കണ്ണ് നിറയും… അവന് മുറിവ് പറ്റിയാൽ എനിക്ക് ചോരപൊടിയും…

അത് ആത്മാർത്ഥ പ്രണയത്തിന്റെ ശക്തി ആണ്.. ശ്യാമക്ക് മറുപടി ഇല്ലായിരുന്നു അവൾ എഴുന്നേറ്റു മുറിയിലേക്ക് നടന്നു… അവൾക്ക് എന്തോ വിഷമായി എന്ന് തോന്നുന്നു ഞാൻ പറഞ്ഞത്..അല്ലേ അനി… മ്മ്… അത് സാരല്യ.. അവളും ഒരു പക്ഷെ ആരെ എങ്കിലും ആത്മാർഥമായി സ്നേഹിച്ചു കാണും… ആ ആത്മാർത്ഥ അയാളിൽ നിന്ന് കിട്ടി കാണില്ല… അതാവും ആയാൾ എവിടെ ആണെങ്കിലും കണ്ടുപിടിക്കണം അനി… ശ്യാമക്ക് ഒരു ജീവിതം ഉണ്ടാവണം.. അവളുടെ കുഞ്ഞിന് ഒരച്ഛൻ വേണം…

മേഘ പറയുമ്പോൾ അനിയും അത് ആഗ്രഹിച്ചിരുന്നു… അവർക്കിടയിൽ ശ്യാമ അവരിലൊരാൾ ആയിരുന്നു… അവരിരുവരും ഒരാത്മാവാവുമ്പോൾ അവരിൽ നിന്ന് പിറവിയെടുത്ത മറ്റൊരു ആത്മാവ്…. അതായിരുന്നു അവർക്ക് ശ്യാമ മേഘ ഫോൺ വെച്ചു കഴിഞ്ഞു അനി ശ്യാമയുടെ മുറിയിൽ ചെന്നപ്പോൾ അവൾ തലയിണയിൽ മുഖം അമർത്തി വിതുമ്പുകയാണെന്ന് അവന് തോന്നി… അവൻ അവൾക്കരികിൽ ചെന്നിരുന്നു.. m ശ്യാമേ.. ഈ കണ്ണീരിന്റെ അർഥം എന്താണെന്ന് ഇപ്പോഴും എനിക്ക് അറിയില്ല..

എങ്കിലും ഉള്ളിൽ ഒരു വിശ്വാസം ഉണ്ട്.. ഈ കണ്ണീർ ഇല്ലാതാക്കാൻ എനിക്ക് കഴിയും എന്ന്… ശ്യാമ എഴുന്നേറ്റു ഇരുന്ന് കണ്ണുകൾ തുടച്ചു… അനി അവളുടെ വീർത്തുന്തിയ വയറിൽ കൈവെച്ചു…. ഇപ്പോൾ ഒന്നും പറയണ്ട… പക്ഷെ നീ കരയരുത് ശ്യാമേ.. നീ കരഞ്ഞാൽ വേദനിക്കുന്നത് ഒരു കുഞ്ഞു ജീവൻ കൂടി ആണ്.. നമ്മുടെ രാജകുമാരൻ… അല്ലേടാ കണ്ണാ … അവൻ വയറിലേക്ക് മുഖം അടുപ്പിച്ചു വിളിച്ചു…. അഹാ.. ശ്യാമ പെട്ടന്ന് ഒരു ശബ്ദത്തോടെ ഒന്ന് ഉയർന്നു പൊങ്ങി .എന്തുപറ്റി ശ്യാമേ.. അനി വേവലാതിയോടെ ചോദിച്ചു.. ചവിട്ടി.. അവൻ ആദ്യമായിട്ട്…

ആദ്യായിട്ട് എന്നെ ചവിട്ടി.. അത് പറയുമ്പോൾ അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.. അനിയുടെ കണ്ണുകളും.. അവൻ വീണ്ടും വയറിലേക്ക് മുഖം അടുപ്പിച്ചു.. ആണോടാ കള്ള കണ്ണാ.. നീ അമ്മയെ ചവിട്ടിയോ.. നല്ല ചവിട്ട് കൊടുക്കണം നിന്റെ അമ്മക്ക്.. ചുമ്മാതെ ഇരുന്ന് ഇങ്ങനെ കരയുന്നതിന് അല്ലേ… . അനിയുടെ ശബ്ദം കേൾക്കുംതോറും ഉദരത്തിൽ നിന്ന് കുഞ്ഞു പ്രതികരിക്കുന്ന പോലെ അവൾക്ക് തോന്നി.. ശ്യാമ അവളുടെ കൈകൾ കൊണ്ട് അനിയുടെ കൈകൾ പരതി….

അവ അവളുടെ വയറിൽ വെച്ചു… വിളിക്ക് അനി ഒന്നൂടെ വിളിക്ക്… കണ്ണാ എന്ന്…. അവൾ അപേക്ഷിച്ചു… അനി സ്നേഹത്തോടെ വീണ്ടും വിളിച്ചു.. കണ്ണാ….. ആ നിമിഷം അനിയുടെ കൈകൾ അവന്റെ അനക്കം അറിഞ്ഞു..അവന്റെ കൈകളിലേക്ക് ആ കുഞ്ഞി കാലുകൾ തട്ടി തെറിച്ചു നീങ്ങി… അവൻ അത്ഭുതം കൊണ്ട് പെട്ടന്ന് കൈകൾ വലിച്ചു… അവന് തന്റെ കൈകളിലൂടെ എന്തോ വൈദ്യുതി കടന്നു പോയ അനുഭവം ആയിരുന്നു അപ്പോൾ…

ഒരു നിമിഷം അത് തന്റെ കുഞ്ഞായിരുന്നു എങ്കിൽ എന്നവൻ ആഗ്രഹിച്ചു.. അവളുടെ നിറവയറിൽ ഒന്ന് ചുംബിക്കാൻ അവന് വല്ലാത്ത കൊതി തോന്നി… ശ്യാമയുടെ കണ്ണുകളും സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.. ഒരു നിമിഷം അവളും ആഗ്രഹിച്ചിരുന്നു അനി തന്റെ കുഞ്ഞിന്റെ അച്ചനായിരുന്നു എങ്കിൽ എന്ന്… ശ്യാമേ… ഞാൻ.. ഞാൻ.. കണ്ണനെ ഒന്ന് ഉമ്മ വെച്ചോട്ടെ അവൻ മടിച്ചു മടിച്ചു ചോദിച്ചു… മ്മ്..

അവൾ സമ്മതം എന്നോണം മൂളി.. അവൻ അവൾക്ക് മുന്നിൽ മുട്ട് കുത്തി ഇനിന്നു അവളുടെ വയറ്റിൽ ദീർഘാമായി ചുംബിച്ചു.. … ശ്യാമയുടെ കണ്ണിൽ നിന്ന് ഒരു തുള്ളി ജലബാഷ്പം അവന്റെ മൂർദ്ധാവിൽ പതിഞ്ഞു… ആ നിമിഷം ഉദരത്തിൽ ഇരുന്ന് ആ കുഞ്ഞു ഹൃദയം അവന്റെ അച്ഛനിൽ നിന്നെന്ന പോലെ അവന്റെ ആദ്യ ചുംബനം ഏറ്റുവാങ്ങി പുഞ്ചിരിച്ചു …

🙏🙏 തുടരും..

ശ്യാമമേഘം : ഭാഗം 13