Friday, November 22, 2024
Novel

ശ്യാമമേഘം : ഭാഗം 10

എഴുത്തുകാരി: പാർവതി പാറു

ഉച്ചക്ക് കഴിക്കാൻ ഉള്ള ഭക്ഷണം അടുക്കളയിൽ പാകം ചെയുന്ന ശ്യാമയെ നോക്കി അനി വാതിലിൽ കൈകെട്ടി നിന്നു… നാളുകളായി പെരുമാറി പരിജയം ഉള്ള ഒരാളെ പോലെ അവൾ അവിടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്… കൃത്യമായി കറിപ്പൊടികളുടെ കുപ്പികൾ എടുത്തു മണത്തു കൊണ്ട് പാത്രത്തിൽ അളന്നു ഇടുന്നുണ്ട്.. ഇടക്ക് തവികൊണ്ട് കൈകളിലേക്ക് ഉറ്റിച്ചു കറിയുടെ രുചി നോക്കുന്നുണ്ട്… ഉപ്പേരിക്കുള്ള കഷ്ണങ്ങൾ വൃത്തിയിൽ കൈമുറിയാതെ അരിഞ്ഞു അടുപ്പത്തേക്കിട്ടുകൊണ്ട് അവൾ കൈ ഷാളിൽ തുടച്ചു..

എത്ര ശ്രദ്ധയോടെ പച്ചക്കറി അറിഞ്ഞാലും എന്നും എന്റെ കൈയിൽ ഒരു ചെറു മുറിവെങ്കിലും പറ്റാതെ പോവാറില്ല.. അപ്പോൾ കണ്ണുകാണാഞ്ഞിട്ടും ഒരു മുറിവ് പോലും പറ്റാതെ എങ്ങനെ കൃത്യമായി ഇങ്ങനെ അരിയാൻ കഴിയുന്നു തനിക്ക്… അനി അത്ഭുതത്തോടെ ചോദിച്ചു കാഴ്ച ഉള്ളപ്പോൾ എനിക്കും അങ്ങനെ ആയിരുന്നു അനിരുദ്ധ്… എപ്പോഴും കൈമുറിയും… കാഴ്ച നഷ്ടപെടുപ്പടുമ്പോൾ നമുക്ക് ശ്രദ്ധ കൂടും അത് കൊണ്ടായിരിക്കാം… അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു… ആവാം അന്ന് ഉച്ചക്ക് അവൾ ഉണ്ടാക്കിയ ഭക്ഷണം അവൻ സ്വാദോടെ കഴിച്ചു…

സത്യം പറയട്ടെ ശ്യാമേ.. ഇത്രയും സ്വാദോടെ ഞാൻ ഭക്ഷണം കഴിച്ചിട്ടില്ല എന്ന് തന്നെ പറയാം… ശ്യാമ ചിരിച്ചു.. മേഘയോട് പാചകം പഠിക്കാൻ പറയൂ.. അപ്പോൾ ഇതിലേറെ രുചി തോന്നും.. അതെങ്ങനെ.. അവൻ അവളെ കൂർപ്പിച്ചു നോക്കി… ഭക്ഷണത്തിന് സ്വാദ് തോന്നാൻ മൂന്നു കാരണങ്ങൾ ഉണ്ട്.. ഒന്ന് വിശപ്പ്… അതാണ് ഇപ്പോൾ അനിരുദ്ധിന്റെ സ്വാദിന് കാരണം.. രണ്ട് കൈപ്പുണ്യം.. മൂന്നാമത്തെ ആണ് ഏറ്റവും പ്രധാനം ഭക്ഷണം ഉണ്ടാക്കുന്ന വ്യക്തി… അനിരുദ്ധിന് മുന്നിൽ ലോകത്ത് ഏറ്റവും സ്വാദുള്ള ഭക്ഷണം എന്നും ഇനി മേഘ ഉണ്ടാക്കുന്നത് ആവും… മ്മ് …

അതിന് അവൾ എന്തേലും ഉണ്ടാക്കിയാൽ അല്ലേ.. അടുക്കള പണ്ടേ അവൾക്ക് ഇഷ്ടം അല്ല.. ഇവിടെ വരുമ്പോൾ അവൾക്കുള്ളത് ഞാൻ ആണ് ഉണ്ടാക്കി കൊടുക്കാറുള്ളത്.. അതൊക്കെ ഇപ്പോഴല്ലേ….. പെണ്ണിന് നിഷ്പ്രയാസം മാറാൻ ആവുന്നതേ ഉള്ളൂ.. അരണയെ പോലെ അല്ലേ .. അനിരുദ്ധ് ചിരിച്ചു കൊണ്ട് പറഞ്ഞു… ആ ചിരി ശ്യാമയുടെ ചുണ്ടിലേക്കും പടർന്നു… എനിക്ക് ഒന്നും ഉണ്ടാക്കാൻ അറിയില്ലായിരുന്നു… ഇപ്പോളും കാര്യമായൊന്നും അറിയില്ല… വിശപ്പ് മാറാൻ ഉള്ളത് ഉണ്ടാക്കും.. അത് തന്നെ നിവർത്തി കേടുകൊണ്ട് പഠിച്ചെടുത്തതാണ്…

അമ്മയുടെ രുചി എനിക്ക് ഓർമ്മ ഇല്ല… വിശപ്പ് മാറാൻ എന്തൊക്കെയോ വെച്ചുണ്ടാക്കി തീറ്റിക്കാനെ അച്ഛൻ ശ്രമിച്ചിരുന്നുള്ളൂ… അത്കൊണ്ട് ഭക്ഷണം എനിക്ക് വിശപ്പ് മാറ്റാൻ മാത്രം ഉള്ളത് ആയി… അതിന്റെ സ്വാദ് ഒരു വിഷയം അല്ലാതായി… സ്വാദറിഞ്ഞു ഭക്ഷണം കഴിച്ചു തുടങ്ങിയത് മേഘ വന്നതിന് ശേഷം ആണ് അവൾക്കൊപ്പം ഇരുന്ന് കഴിച്ചു തുടങ്ങിയപ്പോഴാണ്.. അവൾ വാരി തന്നപ്പോഴാണ്… അവളുടെ അമ്മയുടെ ഒരു ഉരുള ചോറിന് വേണ്ടി അവൾക്കൊപ്പം വാശി പിടിച്ചു തുടങ്ങിയപ്പോഴാണ് വിശപ്പിനപ്പുറം ഓരോ വറ്റിനും ഓരോ രുചിയുണ്ടെന്ന് അറിഞ്ഞു തുടങ്ങിയത്..

അനി പറയുന്നതെല്ലാം ശ്യാമ ശ്രദ്ധയോടെ കേട്ടിരുന്നു…. അനിരുദ്ധിന്റെ അമ്മ…?? ശ്യാമചോദിച്ചപ്പോൾ അവൻ ഹാളിൽ മാലയിട്ട് തൂക്കിയ അവന്റെ അമ്മയുടെ ചിരിക്കുന്ന ഫോട്ടോയിലേക്ക് നോക്കി.. ഇവിടെ എവിടെയോ ഉണ്ട്.. എന്റെ ഒപ്പം.. അങ്ങനെ വിചാരിക്കാൻ ആണ് എനിക്ക് ഇഷ്ടം… അമ്മ ഒപ്പം ഇല്ലെന്ന് ഓർക്കുമ്പോൾ ഒരുതരം മരവിപ്പ് ആണ്… മൂന്ന് വയസ്സിൽ നഷ്ടപ്പെട്ടതാണ് എനിക്ക് അമ്മയെ… ഓർമ പോലും ഉറക്കും മുന്നെ.. എന്നിട്ടും എനിക്കിപ്പോഴും അത് അംഗീകരിക്കാൻ ആവുന്നില്ലടോ.. ഞാനൊരു വലിയ സൈക്കോളജിസ്റ്റ് മോട്ടിവേറ്റർ, മെന്റൽ കൗൺസിലർ ഒക്കെ ആണ് പക്ഷെ സ്വന്തം കാര്യം വരുമ്പോൾ ഞാൻ പഠിച്ചതൊന്നും എനിക്ക് വിലപോവുന്നില്ല..

തനിക്ക് ഒരു കാര്യം അറിയുമോ ശ്യാമേ… ഒന്നും തുറന്നു പറയാഞ്ഞിട്ടും തന്നെ ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നത് താനൊരു ഗർഭിണി ആയത് കൊണ്ട് മാത്രം അല്ല… തനിക്ക് അസാധാരണം ആയ എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ട്… ഏതൊരു പെണ്ണും തളർന്നു പോകുന്ന അവസ്ഥകളിലും താൻ തളരാതെ നിൽക്കുന്നു… വല്ലാത്ത ധൈര്യം കാണിക്കുന്നു.. ആരാണെന്ന് പോലും അറിയാത്ത എനിക്കൊപ്പം ഒറ്റക്ക് വന്നു താമസിക്കുന്നു.. സ്വന്തം സുരക്ഷയെ കുറിച്ചോ കുറവുകളെ കുറിച്ചോ മറ്റൊരു പെണ്ണിനും ഉണ്ടാവുന്ന ഒരു വ്യാകുലതയും തന്നിൽ ഇല്ല…

ഒരു പക്ഷെ എന്റെ അമ്മ തന്നെ പോലെ ആയിരുന്നെങ്കിൽ ഒരിക്കലും ആത്മഹത്യ ചെയുമായിരുന്നില്ല.. താൻ എന്ത് കൊണ്ട് ഇങ്ങനെ ആയി… എന്ത് കൊണ്ട് എല്ലാ പെൺകുട്ടികളും ഇങ്ങനെ ആവുന്നില്ല.. എനിക്ക് അറിയണം ശ്യാമ അതിനുള്ള കാരണം.. താൻ പറഞ്ഞില്ലെങ്കിലും ഞാൻ അത് കണ്ടുപിടിക്കും…. അമ്മ എന്തിനാണ് ആത്മഹത്യ ചെയ്തത് എന്ന് അച്ഛനോട് ചോദിച്ചിട്ടില്ലേ… ഇല്ല…. ഞാനും അച്ഛനും തമ്മിൽ സംസാരിക്കുന്നതേ കുറവാണ്.. എന്തിന് കാണുന്നതേ അപൂർവ്വം ആണ്… അച്ഛൻ എവിടെ ആണ്…? അച്ഛനെന്നും യാത്രകൾ ആണ്.. ഒറ്റക്ക് ജീവിക്കാൻ ആയിരുന്നു അച്ഛന് ആദ്യമേ ഇഷ്ടം.. വിവാഹം… കുട്ടികൾ അങ്ങനെ ഉള്ള കെട്ടുപാടുകളോടുകളോടൊന്നും താല്പര്യം ഇല്ലായിരുന്നു…

ഇപ്പോഴും അങ്ങനെ തന്നെ രണ്ടോ മൂന്നോ ദിവസം വന്നു നിൽക്കും.. പിന്നെ വീണ്ടും യാത്രകൾ.. പ്രായം രോഗങ്ങൾ ഒന്നും പ്രശ്നം അല്ല… എന്തിന് ഞാൻ ഒറ്റക്കാണെന്ന് പോലും അച്ഛനെ അലട്ടുന്നില്ല.. തനിക്ക് അറിയുമോ എനിക്ക് 18 വയസുള്ളപ്പോൾ ആണ് ഞങ്ങൾ ഇങ്ങോട്ട് വന്നത് അച്ഛമ്മയുടെ മരണശേഷം തറവാട് വിറ്റ്… അന്ന് മുതൽ ഈ വീട്ടിൽ ഞാൻ അധികവും ഒറ്റക്കാണ്.. ഇടക്ക് വന്നു പോകുന്ന ഒരു അഥിതി മാത്രം ആണ് അച്ഛൻ.. അച്ചാച്ചനും അച്ഛമ്മയും ഒത്തിരി നിർബന്ധിച്ചിട്ടാണ് മുപ്പത്തി നാലാം വയസ്സിൽ അച്ഛൻ പതിനെട്ടു വയസ് ഉള്ള എന്റെ അമ്മയെ വിവാഹം ചെയ്യുന്നത്… പാവം എന്റെ അമ്മ..

ഒത്തിരി സ്വപനങ്ങൾ ഒക്കെ ഉണ്ടായിരുന്നു എല്ലാം ഉപേക്ഷിച്ചു അച്ഛനൊപ്പം ഒരു നല്ല വിവാഹജീവിതം ഒക്കെ സ്വപനം കണ്ട് വന്നതാവും.. കല്യാണം കഴിഞ്ഞിട്ടും അച്ഛനിൽ പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും ഉണ്ടായില്ല.. എപ്പോഴെങ്കിലും വീട്ടിൽ വരും രണ്ടോ മൂന്നോ ദിവസം നിൽക്കും പിന്നെയും യാത്രകൾ… അതിനിടയിൽ ഞാൻ ജനിച്ചു… ഒത്തിരി സഹിച്ചു കാണും എന്റെ അമ്മ.. ഒടുവിൽ മടുത്തു കാണും.. അതാവും അവസാനിപ്പിച്ചേ.. പക്ഷെ എന്താണാവോ എന്നെ ഓർക്കാഞ്ഞേ… എനിക്ക് ഒരു ചെറിയ ഓർമ്മയേ ഉള്ളൂ.. അന്ന് ഉച്ചക്ക് എനിക്ക് മുലപ്പാല് തന്ന് ആണ് ഉറക്കിയത്…

സാധാരണ ഉച്ചക്ക് ഞാൻ അമ്മിഞ്ഞപാല് ചോദിച്ചാൽ എന്നെ കണ്ണുരുട്ടി പേടിപ്പിക്കുന്ന അമ്മയാണ്.. അന്ന് എന്നെ കെട്ടിപിടിച്ചു അമ്മ വിങ്ങി വിങ്ങി കരഞ്ഞിരുന്നു.. ഒരുപാട് നേരം… ഒടുവിൽ എന്റെ നെറ്റിയിൽ നൽകിയ ചുംബനത്തിന്റെ ചൂട് ഇപ്പോഴും ഉണ്ട്… വൈകുന്നേരം ഉറക്കം ഉണർന്നു നോക്കുമ്പോൾ ഞാൻ കാണണത് ഉത്തരത്തിന്റെ മുകളിൽ തൂങ്ങി ആടുന്ന എന്റെ അമ്മയെ ആണ്.. ഞാൻ വിചാരിച്ചു എന്നെ കളിപ്പിക്കാനാണ് അമ്മ ആടുന്നത് എന്ന്.. ഞാനും പോയി അമ്മയുടെ കാലിൽ പിടിച്ചു ആടി കുറേ നേരം.. അമ്മേ എന്ന് കുറേ വിളിച്ചു.. വിളി കേട്ടില്ല.. ഒടുവിൽ കോണിപ്പടി ഓടി ഇറങ്ങി അച്ഛമ്മയോട് ചെന്ന്…

അമ്മ അനികുട്ടനോട് മിണ്ടുന്നില്ലെന്ന് പറയുമ്പോൾ എനിക്ക് അറിയില്ലായിരുന്നു ശ്യാമേ… എന്റെ അമ്മ ഇനി ഒരിക്കലും എന്നോട് മിണ്ടില്ലെന്ന്.. അനികുട്ടാ എന്ന് വിളിച്ചു ഓടി വരില്ലെന്ന് ചോറ് വാരി തരില്ലെന്ന്..മുലയൂട്ടില്ലെന്ന്… അനിയുടെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങി… അവന്റെ കണ്ണിൽ നിന്ന് കണ്ണീർ അവൻ കഴിച്ചു കൊണ്ടിരിക്കുന്ന പ്ലേറ്റിലേക്ക് വീണു…ശ്യാമയുടെ.. കണ്ണുകളും നിറഞ്ഞിരുന്നു… ശ്യാമ കൈകൾ കൊണ്ട് മേശമേൽ പരതി അനിയുടെ കൈത്തണ്ടയിൽ തൊട്ടു…

അവന്റെ കൈക്ക് മുകളിൽ കൈകൊണ്ട് തട്ടി സമാധാനിപ്പിച്ചു… ആദ്യമായി മേഘയിൽ നിന്നും അല്ലാതെ മറ്റൊരാളിൽ നിന്ന് അവൻ നിന്നും കരുതലിന്റെ സുഖം അറിഞ്ഞു… അവൻ ശ്യാമയുടെ മുഖത്തേക്ക് നോക്കി.. അവളുടെ ദൃഷ്ടി മറ്റെവിടെയോ ആണ്… അവൻ ചുമരിലെ അമ്മയുടെ ചിരിക്കുന്ന മുഖത്തേക്ക് നോക്കി.. ഇരുവരിലും അദൃശ്യമായ ഒരു ശോഭ പ്രകാശിക്കുന്നത് അവനറിഞ്ഞു…

🙏🙏 തുടരും..

ശ്യാമമേഘം : ഭാഗം 9