Wednesday, January 22, 2025
Novel

ശിവപ്രിയ : ഭാഗം 9

നോവൽ

******

എഴുത്തുകാരി: ശിവ എസ് നായർ

“തെറ്റിനു കൂട്ട് നിന്ന അവനെ ഞാൻ വെറുതെ വിടില്ല. ഇന്ന് രാത്രിയോടെ അനന്തുവിന്റെ കാര്യത്തിൽ തീരുമാനമാകും…. ” ശിവപ്രിയയുടെ സൗമ്യ ഭാവം പെട്ടെന്നാണ് മാറിയത്.

വായിൽ നീണ്ട ദ്രംഷ്ടകൾ പ്രത്യക്ഷമായി. കണ്ണുകൾ രക്ത വർണ്ണമായി മാറി. പൊടുന്നനെ കൊടുംകാറ്റ് കണക്കെ അവൾ പുറത്തേക്കു പോയി.

അനന്തുവിന്റെ മുറിയിലേക്കാവും അവൾ പോയിട്ടുണ്ടാകുക എന്ന് രാമൻ ഊഹിച്ചു.

സമയം ഒട്ടും പാഴാക്കാതെ രാമൻ അനന്തുവിന്റെ മുറിയിലേക്ക് ഓടി. കയ്യിൽ അവൻ മാലയും കരുതിയിരുന്നു.

“എങ്ങനെയും അവളുടെ കയ്യിൽ നിന്നും അവനെ രക്ഷിക്കണം…”
*************************************
അതേസമയം തന്റെ മുറിക്കുള്ളിൽ തിങ്ങി നിറഞ്ഞ പുക ചുരുൾ കണ്ട് പരിഭ്രമിച്ചു നിൽക്കുകയായിരുന്നു അനന്തു.

അവൻ നോക്കി നിൽക്കെ പതിയെ അതിനുള്ളിൽ നിന്നും ശിവപ്രിയ പുറത്തേക്കു വന്നു.

ആ കാഴ്ച കണ്ടു അവൻ അതി ശക്തിയായി ഞെട്ടി.

അജയൻ കഴുത്തിൽ അണിയാൻ തന്ന മാല ഊരി കളഞ്ഞത് ബുദ്ധിമോശമായി തോന്നി അവനു.

തന്നെ കൊല്ലാനായി ശിവപ്രിയ വരുമെന്ന് അവൻ ഒരിക്കലും കരുതിയില്ല. അവളെ താൻ ഒന്നും ചെയ്തില്ലല്ലോ അതുകൊണ്ട് ശിവപ്രിയ അവനെ തേടിയെത്തുമെന്ന് സ്വപ്നത്തിൽ പോലും അനന്തു ചിന്തിച്ചില്ല.

ജാലകത്തിലൂടെ മുറിക്കുള്ളിലേക്ക് ഒഴുകിയെത്തിയ കാറ്റിൽ അവളുടെ കറുത്ത മുടിയിഴകൾ പാറി പറന്നു.

അവളുടെ മുഖം വലിഞ്ഞു മുറുകി ഭീമത്സമായിരുന്നു. പേടിയോടെ അനന്തു പിന്നോട്ട് നടന്നു ചുമരിൽ തട്ടി നിന്നു.

ശിവപ്രിയ അവന്റെ നേർക്ക് ചുവടുകൾ വച്ചു.

“അരുത് എന്നെ ഒന്നും ചെയ്യരുത്…. ഞാൻ എന്ത് തെറ്റാ ചെയ്തേ??? അവരെല്ലാവരും നിന്നെ പിച്ചി ചീന്തിയപ്പോൾ നിന്നെ രക്ഷിക്കാനല്ലേ ഞാൻ അവരോടു ആവശ്യപ്പെട്ടത്…. ” ധൈര്യം സംഭരിച്ചു കൊണ്ട് അവൻ പറഞ്ഞു.

അവളുടെ ചുണ്ടിൽ ഒരു പരിഹാസ ചിരി മിന്നി.

“തെറ്റിനു കൂട്ട് നിന്നവനും തെറ്റ്കാരൻ തന്നെയാ…. ഒരുപക്ഷേ അന്ന് നീ മനസ്സ് വച്ചിരിന്നുവെങ്കിൽ ഇന്ന് ഞാൻ ജീവനോടെയെങ്കിലും ഉണ്ടാകുമായിരുന്നു.

അജയനെ പേടിച്ചു നീ എന്നെ നശിപ്പിക്കാൻ കാവൽ നിൽക്കയല്ലേ ചെയ്തത്…. ആ സമയം കൊണ്ട് നാട്ടുകാരെ വിളിച്ചു കൂട്ടി എന്റെ ജീവൻ രക്ഷിക്കാമായിരുന്നു നിനക്ക്…

മൂന്നു ജീവനുകൾ ആണ് നിങ്ങൾ കാരണം അന്ന് രാത്രി പൊലിഞ്ഞു പോയത്…. അതുകൊണ്ട് തന്നെ നിനക്ക് മാപ്പില്ല അനന്തു…. ”

അവനെ അവൾ ഇടതു കയ്യിൽ പൊക്കിയെടുത്ത്‌ വലിച്ചെറിഞ്ഞു.

അപ്പോഴാണ് വാതിൽ തള്ളി തുറന്നു രാമൻ അകത്തേക്ക് വന്നത്.

ശിവപ്രിയയും അനന്തുവും വാതിലിനു നേർക്ക് നോക്കി.

നെറ്റി പൊട്ടി ചോരയൊലിച്ചു നിലത്തു കിടക്കുന്ന അവനെ രാമൻ കണ്ടു.

കയ്യിലിരുന്ന മാല അവൻ വീണു കിടക്കുന്ന അനന്തുവിന്റെ നേർക്ക് എറിഞ്ഞു കൊടുത്തു.

രാമൻ എറിഞ്ഞു കൊടുത്ത മാല അനന്തു കൈക്കലാക്കി… അവൻ വേഗമത് കഴുത്തിൽ അണിഞ്ഞു.

അപ്പോഴാണ് നക്ഷത്ര പതക്കത്തിൽ നിന്നും പ്രവഹിച്ച അദൃശ്യ ശക്തി അവളിൽ ആഘാതമേൽപ്പിച്ചത്…

ഒരു നിമിഷം പോലും അവിടെ നിൽക്കാൻ കഴിയാതെ ശിവപ്രിയ പുക ചുരുളുകളായി പുറത്തേക്കു പോയി.

തെല്ലു ആശ്വാസത്തോടെ അനന്തു മാലയിൽ മുറുക്കി പിടിച്ചു.

രാമൻ ഓടിചെന്ന് അവനെ പിടിച്ചെഴുന്നേൽപ്പിച്ചു.

“രാമേട്ടാ… ഞാൻ… ” അനന്തു രാമനെ കെട്ടിപിടിച്ചു കരഞ്ഞു.

“ഒന്നും പറയണ്ട…. എല്ലാം ഞാൻ അറിഞ്ഞു…. ”

“അജയൻ കൊല്ലുമെന്ന് പേടിച്ചിട്ടാ ഇത്രയും നാൾ ആരോടും ഒന്നും പറയാതെ ഉള്ളിൽ കൊണ്ട് നടന്നത്…. എനിക്ക്…. എനിക്ക് പേടിയാവുന്നു രാമേട്ടാ…. ശിവപ്രിയ എന്നെ കൊല്ലും അല്ലെങ്കിൽ അജയൻ…. ”

“രാമേട്ടൻ ഉള്ളപ്പോൾ നിന്നെ ആരും ഒന്നും ചെയ്യില്ല മോനെ… ” രാമൻ അവനെ ഇറുകെ പുണർന്നു.

കൊച്ചു കുട്ടികളെ പോലെ അനന്തു രാമന്റെ നെഞ്ചിൽ കിടന്നു ഏങ്ങലടിച്ചു കരഞ്ഞു.
*************************************
കാൽ മുട്ടുകളിൽ മുഖം പൂഴ്ത്തി പൊട്ടി കരയുകയായിരുന്നു ദേവി.

കേട്ട കാര്യങ്ങൾ അവളുടെ ഹൃദയത്തെ അത്രമേൽ മുറിപ്പെടുത്തിയിരുന്നു.

“തനിക്ക് തന്നെ ശിവപ്രിയയ്ക്ക് സംഭവിച്ച ദുരന്തം കേട്ട് സഹിക്കാൻ കഴിയുന്നില്ല…. ആ സമയം അവൾ എത്ര വേദന അനുഭവിച്ചിട്ടുണ്ടാകും….

വൈശാഖേട്ടൻ ഇതെങ്ങനെ സഹിക്കും…. പ്രാണന്റെ പകുതിയായി വർഷങ്ങളോളം ഹൃദയത്തിൽ കൊണ്ട് നടന്ന അവൾക്ക് ഉണ്ടായ ദുരന്തം ആ ഹൃദയത്തെ എത്രത്തോളം വേദനിപ്പിച്ചു കാണും….

അവർ ഒരുമിച്ചു കണ്ട സ്വപ്‌നങ്ങൾ എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു പോയില്ലേ… ” ദേവിയുടെ ചിന്ത മുഴുവൻ വൈശാഖിനെ പറ്റി മാത്രമായിരുന്നു.

ആ നിമിഷം അവൾക്ക് അവന്റെയരികിൽ ഓടി ചെന്ന് അവനെ സമാധാനിപ്പിക്കാൻ തോന്നി.

ദേവി വൈശാഖിന്റെ മുറിയിലേക്ക് ചെന്നു. മുഖം പൊത്തി വിതുമ്പുന്ന അവനെ കണ്ടപ്പോൾ ഹൃദയം കീറി മുറിക്കുന്ന വേദന അവൾക്ക് അനുഭവപ്പെട്ടു.

അവൾ വന്നതോ അടുത്തിരുന്നതോ വൈശാഖ് അറിഞ്ഞില്ല.

“വൈശേട്ടാ… ” ദേവി അവന്റെ തോളിൽ സ്പർശിച്ചു.

വൈശാഖ് മെല്ലെ മുഖമുയർത്തി നോക്കി.

കണ്ണുനീർ അവന്റെ കാഴ്ച മറച്ചു.

“ദേവി… നീ ഇവിടെ…?? ”

“ഞാൻ പുറത്തുണ്ടായിരുന്നു…. ഇവിടെ നടന്നതെല്ലാം ഞാൻ കേട്ടു… ” അത്രയും പറഞ്ഞപ്പോഴേക്കും അവൾ കരഞ്ഞു പോയി.

അവളെ കണ്മുന്നിൽ കാണുമ്പോൾ തന്നെ ദേഷ്യപ്പെട്ടു ആട്ടി പായിച്ചിരുന്ന വൈശാഖ് ആ നിമിഷം നിശബ്ദനായി.

അവന്റെ മിഴികൾ നിറഞ്ഞു തൂവി.
“എന്റെ ശിവയെ അവന്മാർ എല്ലാരും കൂടി പിച്ചി ചീന്തി കൊന്നു കളഞ്ഞു ദേവി….
ജീവനോടെ അവളെ വെറുതെ വിട്ടിരുന്നുവെങ്കിൽ അവളെ ഞാൻ പൊന്നു പോലെ നോക്കിയേനെ….

അത്ര ദയവു പോലും അവർ കാണിച്ചില്ല…. അവൾ എത്ര വേദനിച്ചു കാണും….
ആ സമയം എന്നെയോർത്തു പാവം ആർത്തു കരഞ്ഞിട്ടുണ്ടാവില്ലേ…. ആ മനസ്സും ശരീരവും എത്ര മാത്രം നീറി പുകഞ്ഞു കാണും…. ” ഭ്രാന്തനെ പോലെ വൈശാഖ് പുലമ്പി…

പെട്ടന്ന് ദേവി അവനെ തന്റെ മാറോടു ചേർത്ത് ഇറുക്കി പുണർന്നു. അവനോടൊപ്പം അവളും പൊട്ടി കരഞ്ഞു.

“ഏട്ടാ കരയല്ലേ…. എന്തിനും ഞാൻ കൂടെയുണ്ട്…. ഏട്ടനിങ്ങനെ തളർന്നു പോവല്ലേ…. ” ദേവി അവനെ ചുറ്റി പിടിച്ചു.

അവന്റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ നീർ കണങ്ങൾ ദേവി തന്റെ ചുണ്ടുകൾ കൊണ്ട് ഒപ്പിയെടുത്തു.

അവളുടെ അധരങ്ങൾ അവന്റെ നെറ്റിയും കവിൾ തടവും കഴിഞ്ഞു അവന്റെ അധരങ്ങളെ മുത്താൻ വെമ്പൽ കൊണ്ട് അടുത്തതും പെട്ടെന്നാണ് വൈശാഖ് ഞെട്ടിപിടഞ്ഞു അവളെ തള്ളി മാറ്റിയത്.

അവന്റെ വലതു കൈ അവളുടെ കവിളിൽ ആഞ്ഞു പതിച്ചു.

ഒരു നിമിഷം താൻ ചെയ്ത ബുദ്ധി ശൂന്യമായ പ്രവർത്തി ഓർത്ത് അവൾക്ക് ജാള്യത തോന്നി. അവന്റെ മുഖത്തേക്ക് നോക്കാൻ അവൾക്ക് കഴിഞ്ഞില്ല.

“ഏട്ടാ… ഞാൻ മനഃപൂർവം അങ്ങനെ ചെയ്തതല്ല….”

“മതി നിർത്തു…. വിശദീകരണം ആവശ്യമില്ല…. ഇറങ്ങി പോടീ എന്റെ മുറിയിൽ നിന്ന്… ” വൈശാഖ് ആക്രോശിച്ചു.

കുനിഞ്ഞ ശിരസ്സുമായി ദേവി പുറത്തേക്കു ഇറങ്ങി പോയി.

അവിടെ നടന്ന രംഗങ്ങൾ എല്ലാം ശിവപ്രിയയും കാണുന്നുണ്ടായിരുന്നു.

വൈശാഖിന്റെ മനസ്സിലൂടെ ഉത്തരം കിട്ടാത്ത നാനാവിധ ചോദ്യങ്ങൾ മിന്നി മറഞ്ഞു.

“ഇപ്പോഴും മുഴുവനും പറഞ്ഞു തീർക്കാതെയാണ് അവൾ പോയത്.
രാമേട്ടന്റെ കഴുത്തിൽ ആ മാല എങ്ങനെ വന്നു??? എന്നെ അടിച്ചു വീഴ്ത്തിയത് അജയൻ ആവുമോ….

പ്രശ്നം വച്ചു നോക്കിയിട്ട് മുത്തശ്ശൻ പറഞ്ഞത് ബന്ധനത്തിൽ നിന്നും പുറത്തു വന്ന ദുർ മരണപ്പെട്ട ആത്മാവ് എന്നാണല്ലോ?? ഇതിനൊക്കെ പിന്നിൽ എന്തൊക്കെയോ ദുരൂഹതകൾ ബാക്കിയാണല്ലോ….

ഇനിയും ഏറെ കാര്യങ്ങൾ ഞാൻ അറിയാനുണ്ട്…. അവൾ ഒന്ന് വന്നിരുന്നെങ്കിൽ എല്ലാം വിശദമായി ചോദിക്കാമായിരുന്നു…. ”

അവന്റെ ആത്മഗതം മനസിലാക്കിയ ശിവപ്രിയ പറഞ്ഞു

“ഏട്ടന്റെ ഊഹങ്ങൾ എല്ലാം ശരിയാ…. ”

“നീ ഇവിടെ ഉണ്ടായിരുന്നോ..?? ” അരികിൽ അവളെ കണ്ട് അവൻ ചോദിച്ചു.

“ആ സംഭവത്തിനു ശേഷം എന്തൊക്കെയാ ഉണ്ടായേ??രാമേട്ടന്റെ കഴുത്തിൽ ആ മാല എങ്ങനെ വന്നു….. അജയൻ ആണോ എന്നെ കൊല്ലാൻ ശ്രമിച്ചതും??? ”

“എല്ലാം ഞാൻ പറയാം….

മരിച്ചു മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റ ഞാൻ പ്രതികാര ദാഹിയായ ഒരു ദുരാത്മാവായി മാറി കഴിഞ്ഞിരുന്നു…. എന്നെ കൊന്നവന്മാരെ എല്ലാത്തിനെയും കൊല്ലാൻ കാത്തിരിക്കുമ്പോഴാണ് ഒരു ദിവസം രാത്രി എന്റെ മുന്നിൽ രാവുണ്ണി വന്നു പെട്ടത്.

അന്ന് തന്നെ അയാളെ ഞാൻ കൊന്നു കളയുമായിരുന്നു. പക്ഷെ എനിക്ക് പറ്റിയ ചെറിയ കൈപ്പിഴവ് കാരണം അന്നയാൾ മരണത്തിൽ നിന്നും തല നാരിഴയ്ക്ക് രക്ഷപെട്ടു.

അന്ന് അയാളെ ആക്രമിച്ചു വലിച്ചെറിഞ്ഞപ്പോൾ രാവുണ്ണി ചെന്ന് വീണത് വനത്തിനു അടുത്തുള്ള സർപ്പകാവിലേക്കായിരുന്നു.

നാഗ ദൈവങ്ങൾ കുടിയിരിക്കുന്ന സ്ഥലമായതിനാൽ അവിടേക്ക് പ്രവേശിക്കാൻ എനിക്ക് സാധിക്കില്ലായിരുന്നു.

പിറ്റേന്ന് അത് വഴി പോയ ആളുകൾ ചേർന്ന് രാവുണ്ണിയെ വൈദ്യരുടെ അടുത്തേക്ക് കൊണ്ട് പോയി. കാലുകൾ ഒടിഞ്ഞു തൂങ്ങിയതിനാൽ അയാൾ കുറെ നാൾ നടക്കാനാവാതെ കിടപ്പിലായി.

വൈദ്യരുടെ അവിടെ വച്ചു അജയനോട്‌ ഉണ്ടായ കാര്യങ്ങൾ രാവുണ്ണി അറിയിച്ചു.

തുടർന്ന് അജയനെ കൊണ്ട് നിലമ്പൂരിൽ നിന്നും അയാൾ ദുർമന്ത്രവാദിയായ കുളക്കാടൻ മാന്ത്രികനെ വരുത്തിച്ചു.

അയാൾ എന്നെ വനത്തിനുള്ളിൽ ഉണ്ടായിരുന്ന ഒരു വലിയ പാലമരത്തിൽ ബന്ധിച്ചിരുത്തി. കുറെ നാൾ അയാളുടെ ബന്ധനത്തിൽ ആയിരുന്ന എനിക്ക് പ്രകൃതിയുടെ കടാക്ഷത്താൽ പുറത്തു വരാൻ കഴിഞ്ഞു.

ഇടവപ്പാതിയിലെ ശക്തമായ കാറ്റിലും മഴയിലും വന്മരങ്ങൾ കടപുഴകി വീണു.
അക്കൂട്ടത്തിൽ പാലമരവും നിലംപൊത്തി. അങ്ങനെ മാന്ത്രികന്റെ ബന്ധനത്തിൽ നിന്നും ഞാൻ പുറത്തു വന്നു.

പക്ഷെ മാന്ത്രികൻ പൂജിച്ചു നൽകിയ നക്ഷത്ര പതക്കമുള്ള മാല അവരുടെ കഴുത്തിൽ ഉണ്ടായിരുന്നതിനാൽ അവരെ ഒന്നും ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല.

അനന്തുവിനും അജയൻ ആ മാല നൽകിയെങ്കിലും അവൻ അത് ഇട്ടില്ല….

ഒരു ദിവസം അവന്റെ മുറിയിൽ നിന്നും രാമന് ആ മാല കിട്ടി. അനന്തു അത് ഇടാത്തത് കൊണ്ട് രാമൻ അതെടുത്തു ധരിച്ചു.

എന്റെ ആദ്യ ലക്ഷ്യം രാവുണ്ണിയായിരുന്നത് കൊണ്ട് അനന്തുവിനെ അപ്പോൾ ഒന്നും ചെയ്തില്ല ഞാൻ.
രാവുണ്ണിയെ കയ്യിൽ കിട്ടാൻ ഞാൻ കാത്തിരുന്നു.

ചതിയും വഞ്ചനയുമായി നടന്ന പലരെയും ഞാൻ അതിനോടകം വക വരുത്തിയിരുന്നു. അങ്ങനെ എന്റെ ശക്തികൾ കൂടി വന്നു.

അപ്പോഴേക്കും ബന്ധനം വിട്ട് ഞാൻ പുറത്തു വന്നുവെന്ന സത്യം അവർ മനസിലാക്കി.

അക്കാര്യം മാന്ത്രികനെ അറിയിക്കാൻ രാവുണ്ണി പോയി. തിരികെ വരുന്ന വഴി മാല കൈമോശം വന്ന അയാളെ ഞാൻ കൊന്നു.

അതിനു ശേഷം രണ്ടു ദിവസം കഴിഞ്ഞു ഏട്ടൻ ഇവിടെ എത്തി ചേർന്നു….എന്റെ മരണത്തിനു കാരണക്കാരായ അജയനെയും കൂട്ടരെയും കണ്ടെത്താതിരിക്കാനാണ് അന്ന് അവൻ ഏട്ടനെ കൊല്ലാൻ ശ്രമിച്ചത്…”

“അപ്പോൾ ഇനി ആ മാന്ത്രികൻ എത്തില്ലേ നിന്നെ വീണ്ടും ബന്ധിക്കാൻ….” ഉത്കണ്ഠയോടെ വൈശാഖ് ചോദിച്ചു.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ശിവപ്രിയ : ഭാഗം 1

ശിവപ്രിയ : ഭാഗം 2

ശിവപ്രിയ : ഭാഗം 3

ശിവപ്രിയ : ഭാഗം 4

ശിവപ്രിയ : ഭാഗം 5

ശിവപ്രിയ : ഭാഗം 6

ശിവപ്രിയ : ഭാഗം 7

ശിവപ്രിയ : ഭാഗം 8