Thursday, December 19, 2024
Novel

ശിവപ്രിയ : ഭാഗം 4

നോവൽ

******

എഴുത്തുകാരി: ശിവ എസ് നായർ

സൂര്യനെ കാർമേഘങ്ങൾ വന്നു മറച്ചു.
വൈശാഖ് പടിപ്പുര കടന്നു അകത്തു കയറി. തൊട്ട് പിന്നിൽ പടിപ്പുര വാതിൽ കാറ്റിൽ അടഞ്ഞു.

ഒരു പൊട്ടിച്ചിരി അവിടെയാകെ മുഴങ്ങി…

സംശയത്തോടെ വൈശാഖ് ചുറ്റും നോക്കി. കാറ്റിൽ കരിയിലകൾ പറന്നു.
അതൊന്നും വക വയ്ക്കാതെ അവൻ മുന്നോട്ടു നടന്നു.

നാനാവിധ ചോദ്യങ്ങൾ അവന്റെ മനസ്സിൽ ഉത്തരം കിട്ടാതെ കിടന്നു.

ശിവ ജീവിച്ചിരിപ്പില്ല എന്നവന്റെ മനസ്സ് പലയാവർത്തി ഓർമിപ്പിച്ചു കൊണ്ടിരുന്നു.

അവനു തല പെരുക്കുന്നതായി അനുഭവപ്പെട്ടു.

ശ്രീമംഗലം തറവാട് ഭാർഗവി നിലയം പോലെ ഭീകരമായി തോന്നിച്ചു. വിറകാലുകളോടെ അവൻ ഓരോ അടിയും വച്ചു.

ഉമ്മറ പടിയിൽ അവൻ കാലെടുത്തു വച്ചു. അവന്റെ വരവിനായി ശിവപ്രിയ കാത്തിരിക്കുന്ന പോലെ വൈശാഖിനു തോന്നി.

പതിയെ അവൻ മുൻ വാതിൽ തുറന്നു. ഒരു വർഷമായി അടഞ്ഞു കിടക്കുന്നതിനാൽ അകം മുഴുവൻ മാറാല നിറഞ്ഞു വവ്വാലുകളുടെയും എലികളുടെയും ആവാസ കേന്ദ്രമായി അവിടം മാറി കാണുമെന്നാണ് വൈശാഖ് വിചാരിച്ചത്.

എന്നാൽ വാതിൽ തുറന്നു അകത്തു കയറിയ വൈശാഖ് ആ കാഴ്ച്ച കണ്ട് ഒരു നിമിഷം ഞെട്ടി.

പുറമേ ഭാർഗവി നിലയം പോലെയാണ് കാണാനെങ്കിലും അകം അടിച്ചു വാരി വൃത്തിയാക്കിയിട്ടത് പോലെ വെടിപ്പായിരുന്നു.

അവന്റെ കണ്ണുകളിൽ ആശ്ചര്യവും ആകാംക്ഷയും പലവിധ സംശയങ്ങളും മിന്നി മറഞ്ഞു.

എന്തൊക്കെയോ ദുരൂഹതകൾ അവിടെ ഉണ്ടെന്ന് അവനു തോന്നി.

“ശിവാ…. ശിവാ…. നീ എവിടെയാ…. മറഞ്ഞു നിൽക്കാതെ എന്റെ മുന്നിലേക്ക് വരൂ…. നിന്നെ തേടിയാണ് ഞാൻ ഇവിടെ വന്നത്. എനിക്കറിയാം നീ ഇതിനുള്ളിൽ ഉണ്ടെന്ന്.ഇവിടം ഇപ്പോഴും ഇത്ര വൃത്തിയായി കിടക്കണമെങ്കിൽ അത് ഉറപ്പായും നിന്റെ കൈകൾ കൊണ്ടാവണം…. എന്നെ കണ്ടിട്ടും മുന്നിൽ വരാതെ നീ ഒളിച്ചു നിൽക്കുകയാണ്. മതിയാക്കു നിന്റെ ഒളിച്ചു കളി…. ഇനിയും എന്നെ പരീക്ഷിക്കരുത് മോളെ…. ” വൈശാഖ് അലറി.

അവന്റെ ശബ്ദം നാലുകെട്ടിനുള്ളിൽ പ്രതിധ്വനിച്ചു. അവന്റെ ചോദ്യങ്ങൾക്കുള്ള മറുപടിയെന്നോണം മുകളിൽ നിന്നും ഒരു വീണയുടെ നേർത്ത ഈണം മുഴങ്ങി.

തൊട്ടു പിന്നാലെ ശിവയുടെ മധുരമേറിയ സംഗീതം അവന്റെ കർണ്ണപുടങ്ങളിലേക്ക് ഒഴുകിയെത്തി….

ഒരു നിമിഷം പോലും പാഴാക്കാതെ വൈശാഖ് മുകളിലേക്ക് കുതിച്ചു.

അവളുടെ സ്വരം അടുത്തടുത്തു വന്നു.
മുകളിലെ ശിവയുടെ മുറിയിൽ നിന്നാണ് സംഗീതം വരുന്നതെന്ന് അവനു മനസിലായി.

അടഞ്ഞു കിടന്ന വാതിൽ തള്ളി തുറന്നു അവൻ അകത്തേക്ക് പ്രവേശിച്ചു.
അവിടെ അതാ വീണമീട്ടി പാടി കൊണ്ട് തന്നെ നോക്കി പുഞ്ചിരി തൂകുന്ന ശിവയെ കണ്ട് വൈശാഖ് അമ്പരന്നു.

“ശിവാ… നീ ഇവിടെ…. തനിച്ചു…. ” ചോദ്യം മുഴുമിപ്പിക്കും മുന്നേ ശിവപ്രിയ അവന്റെ മുന്നിൽ നിന്നും അപ്രത്യക്ഷയായി.

മുന്നിൽ കണ്ട കാഴ്ച സ്വപ്നമോ സത്യമോ എന്ന് തിരിച്ചറിയാൻ കഴിയാതെ അവൻ കുഴങ്ങി.

അവൾ പാടി കൊണ്ടിരുന്ന സംഗീതം അപ്പോഴും അവന്റെ കാതിൽ മുഴങ്ങി.

“അവൾ എവിടെ പോയി… ” വൈശാഖ് കണ്ണുകൾ കൊണ്ട് ചുറ്റും പരതി.

അപ്പോഴാണ് മേശപ്പുറത്തു ഇരിക്കുന്ന ഡയറി അവന്റെ കണ്ണിൽ ഉടക്കിയത്.

അവൻ അടുത്തേക്ക് ചെന്ന് ഡയറി കയ്യിലെടുത്തു..

അവൻ അവിടം മുഴുവൻ പരിശോധിച്ചു.
താൻ അയച്ച കത്തുകൾ എല്ലാം മേശ വലിപ്പിൽ ഭദ്രമായി തന്നെയുണ്ട്.

അവളുടെ ഡയറി അവൻ കയ്യിൽ കരുതി. സംശയിക്ക തക്കതായി ഒന്നും തന്നെ അവനു അവളുടെ മുറിയിൽ നിന്നും കണ്ട് കിട്ടിയില്ല.

നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് അവൻ അവളുടെ കട്ടിലിൽ ഇരുന്നു.

“ശിവാ…. മറഞ്ഞു നിൽക്കാതെ ഇനിയെങ്കിലും എന്റെ മുന്നിലേക്ക് വരൂ…എന്നെയൊരു ഭ്രാന്തനാക്കരുത് നീ… ” അവൻ പറഞ്ഞു.

പെട്ടന്ന് ജനൽ പാളികൾ കാറ്റിൽ തുറന്നടഞ്ഞു. ഒരു ഇളം കാറ്റ് അവനെ തഴുകി കടന്നു പോയി.

ആ കാറ്റിന് അവളുടെ ഗന്ധമാണെന്ന് അവനു തോന്നി.

“ഏട്ടാ… ” പിന്നിൽ നിന്നും ശിവയുടെ ശബ്ദം അവൻ കേട്ടു.

വൈശാഖ് ഞെട്ടിതിരിഞ്ഞു.

അരികിൽ ചിരിയോടെ അവൾ നിൽക്കുന്നു ശിവപ്രിയ.

“ശിവാ…. ” ആർദ്രമായി അവൻ വിളിച്ചു.

“ഏട്ടന് എന്നോട് ദേഷ്യമാണോ…?? ”

“നിന്നോട് ദേഷ്യപ്പെടാൻ എനിക്കാവില്ല മോളേ… ”

“എന്നോട് പിണക്കമുണ്ടോ… ”

“ഇല്ല… ”

അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി. ഒപ്പം അവന്റെ കണ്ണുകളും നിറഞ്ഞു.

“നീ എങ്ങനെ ഇവിടെ തനിച്ചു…??നിനക്കെന്താ പറ്റിയത്…??ഇത്ര നാൾ ആരും കാണാതെ നീ എവിടെ മറഞ്ഞു ഇരിക്കുകയായിരുന്നു.?? എന്താ എന്റെ കത്തുകൾക്ക് മറുപടി തരാത്തത്..?? ” ഒറ്റ ശ്വാസത്തിൽ അവൻ ചോദിച്ചു.

മറുപടിയായി അവളൊന്നു പുഞ്ചിരിച്ചു.

പെട്ടെന്നാണ് അവളുടെ മുഖം മാറിയത്. കണ്ണുകൾ ചുവന്നു മുഖം വലിഞ്ഞു മുറുകി.

അവളുടെ കണ്ണുകളിൽ നിന്നും തീ പാറുന്ന പോലെ തോന്നി അവനു.

അവളുടെ മുഖത്തു വന്ന മാറ്റങ്ങൾ കണ്ട് വൈശാഖ് ഞെട്ടിതരിച്ചു.

“ജീവിച്ചിരുന്നെങ്കിൽ അല്ലെ കത്തുകൾക്ക് മറുപടി തരാൻ കഴിയൂ.
അർദ്ധ പ്രാണനോടെ മണ്ണിനടിയിൽ മൂടപ്പെട്ട എന്നോടൊപ്പം ഞാൻ എന്ന സത്യവും മറഞ്ഞു പോയില്ലേ… ”

അവളുടെ മറുപടി കേട്ട് വൈശാഖ് അതി ശക്തിയായി ഞെട്ടി.

“നീ… നീ എന്താ പറഞ്ഞത്… ” വൈശാഖ് ഞെട്ടളോടെ അവളെ നോക്കി.

“സത്യമാ വൈശേട്ടാ എന്നെ അവർ എല്ലാവരും കൂടി ആരുമറിയാതെ കൊന്നു കുഴിച്ചു മൂടി…ഇപ്പോൾ ഞാൻ വെറും ആത്മാവ് മാത്രമാണ്… ”

“ആരാ നിന്നെ കൊന്നത്… ”

ഒരു പൊട്ടിചിരി മാത്രമായിരുന്നു അവളുടെ മറുപടി.

“പറയ്യ്… നിന്നെ കൊന്നവർ ആരായാലും അവരെ ഞാൻ വെറുതെ വിടില്ല… ”

“വൈകാതെ എല്ലാം ഏട്ടനറിയും …
എന്നെ കൊന്ന ഒരുത്തനെയും ഞാൻ വെറുതെ വിടില്ല… ” അവളുടെ കണ്ണുകളിൽ പകയെരിഞ്ഞു.

തൊട്ടടുത്ത നിമിഷം അവൾ അവന്റെ മുന്നിൽ നിന്നും മാഞ്ഞു പോയി.

“ശിവാ………. “ഭ്രാന്തനെ പോലെ അവൻ അലറി.

അവൾ പറഞ്ഞതൊന്നും അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല. അവൾ ജീവിച്ചിരിപ്പില്ല എന്ന സത്യം അവനു ഉൾകൊള്ളാൻ കഴിഞ്ഞില്ല.

വൈശാഖിനു തല ചുറ്റുന്ന പോലെ തോന്നി.ഇനിയും അവിടെ നിന്നാൽ തന്റെ സമനില തെറ്റുമെന്ന് അവനു തോന്നി.

ശിവയുടെ ഡയറിയും കൊണ്ട് അവൻ അവിടെ നിന്നും പുറത്തിറങ്ങി.
വൈശാഖിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

ശിവപ്രിയയെ ആര് കൊന്നുവെന്നോ എന്തിനു കൊന്നുവെന്നോ എത്ര ആലോചിച്ചിട്ടും അവനു പിടി കിട്ടിയില്ല.

തിരികെ മഠത്തിൽ എത്തിയ വൈശാഖ് ആർക്കും മുഖം കൊടുക്കാതെ അവന്റെ മുറിയിലേക്ക് പോയി.

രാത്രി അത്താഴം കഴിക്കാൻ അമ്മ വന്നു വിളിച്ചിട്ടും അവൻ പോയില്ല.

ആരോടും മിണ്ടാതെ തനിച്ചു ഏകനായി രാത്രി വെളുക്കുവോളം അവൻ കരഞ്ഞു.

അപ്പോഴാണ് അവളുടെ ഡയറിയെപ്പറ്റി അവൻ ഓർത്തത്.

വൈശാഖ് ശിവയുടെ ഡയറി കയ്യിലെടുത്തു.

അവൻ അത് വായിച്ചു തുടങ്ങി.

“എന്റെ ഏട്ടനു വേണ്ടി ഇന്ന് മുതൽ ശിവ ഡയറി എഴുതി തുടങ്ങുവാ…. ഏട്ടൻ തിരിച്ചു വരുമ്പോൾ ഇത് ഞാൻ ഏട്ടനു കൊണ്ട് തരും…. ഏട്ടനോട് പറയാൻ ബാക്കി വച്ച കാര്യങ്ങൾ ഓരോന്നായി ഞാൻ ഇതിൽ കുറിച്ചു വയ്ക്കും….
ഇന്ന് ഏട്ടൻ പോയപ്പോൾ ഒത്തിരി സങ്കടായി…. വൈകാതെ വേഗം തിരിച്ചു വരണം…..” അതായിരുന്നു തുടക്കം.

താളുകൾ ഓരോന്നായി മറിച്ചു…
അവൾ അവസാനമെഴുതിയ നിർത്തിയ വരികളിലൂടെ കണ്ണോടിച്ചു.

“ഇന്ന് ഏട്ടന്റെ കത്ത് വന്നു…ഒത്തിരി സന്തോഷം തോന്നി… ഏട്ടനെ കാണാൻ ഒരുപാട് കൊതിയാവുന്നു.മറുപടി കത്തിൽ ഒരുപാട് എഴുതണം.വേഗം തിരിച്ചു വരാൻ പറയണം. എന്നിട്ട് വേണം…” അവിടെ വരെ എഴുതിയിരുന്നുള്ളു.

ശ്രീധരനും ലക്ഷ്മിയും മരിച്ചു എന്ന് പറയുന്ന ദിവസമാണ് അവൾ ഡയറി എഴുത്ത്‌ പകുതിക്കു നിർത്തി എഴുന്നേറ്റു പോയത്.

വൈശാഖ് ഡൽഹിക്ക് പോയതിനു ശേഷമാണ് ശിവ അവളുടെ സ്വപ്‌നങ്ങൾ ഡയറിയിൽ കുറിച്ചു തുടങ്ങിയത്.

ഡയറിയിൽ മുഴുവൻ നിറഞ്ഞു നിന്നത് വൈശാഖ് മാത്രമായിരുന്നു.

“എന്ത് കൊണ്ടാകും അവൾക്ക് ഡയറി മുഴുമിപ്പിക്കാൻ കഴിയാതെ പോയത്… ”
അവളുടെ ഓർമ്മകളിൽ ലയിച്ചു അവൻ കുറെ നേരം അങ്ങനെ ഇരുന്നു.
ശിവയുടെ ഡയറി നെഞ്ചോടു ചേർത്ത് പിടിച്ചു വൈശാഖ് മയക്കത്തിലേക്ക് വഴുതി വീണു.

വൈശാഖ് ആരോടും മിണ്ടാതെയായി. ഭക്ഷണം പോലും ഉപേക്ഷിച്ചു മുറിയിൽ ഇരിപ്പായി. ശിവ ഇനി തന്നോടൊപ്പം ഇല്ല എന്ന് വിശ്വസിക്കാൻ അവനു കഴിഞ്ഞില്ല.

രാത്രി കാലങ്ങളിൽ അവൻ ശിവയെ സ്വപ്നം കണ്ട് ഞെട്ടി ഉണരാൻ തുടങ്ങി.

മകന്റെ അവസ്ഥ കണ്ട് പാർവതി തമ്പുരാട്ടിക്ക് സഹിക്കാൻ കഴിഞ്ഞില്ല.

“എന്റെ മോനെ നീ ഇങ്ങനെ മുറിയിൽ തന്നെ അടച്ചിരുന്നാൽ എങ്ങനെ ശരിയാകും… അതിനും മാത്രം എന്ത് സങ്കടാ എന്റെ കുട്ടിക്ക്…. ”

നിറകണ്ണുകളോടെ അവർ അവനോടു ചോദിച്ചു.

പെട്ടെന്നാണ് പാർവതി തമ്പുരാട്ടിയെ ഞെട്ടിച്ചു കൊണ്ട് വൈശാഖ് അവരെ കെട്ടിപിടിച്ചു കരഞ്ഞത്.

മകന്റെ പ്രവർത്തി കണ്ട് ഒരു നിമിഷം അവർ സ്തംഭിച്ചു.

“എന്താ മോനെ എന്ത് പറ്റി നിനക്ക്…?? ”

“അമ്മേ ശിവ…. അവള് മരിച്ചു പോയി…
ആരോ അവളെ കൊന്നു കളഞ്ഞു…”

“നീ എന്തൊക്കെയാടാ പറയുന്നേ… നിന്നോടാരാ ശിവപ്രിയ മരിച്ചുവെന്നൊക്കെ പറഞ്ഞത്…”
കേട്ടത് വിശ്വസിക്കാൻ കഴിയാതെ അവർ അവനെ ഉറ്റുനോക്കി.

“അവൾ തന്നെയാ പറഞ്ഞത്… ഞാൻ അവളെ കണ്ടു ശ്രീമംഗലത്ത് വച്ചു… ” അവിടെ നടന്ന കാര്യങ്ങൾ വൈശാഖ് അമ്മയോട് പറഞ്ഞു.

ആരോടെങ്കിലും തുറന്നു പറഞ്ഞില്ലെങ്കിൽ തനിക്ക് ഭ്രാന്ത്‌ പിടിക്കുമെന്ന് അവനു തോന്നി അതുകൊണ്ട് വൈശാഖ് അമ്മയോട് താൻ അറിഞ്ഞ സത്യം വെളിപ്പെടുത്തി.

“ആരാ അവളെ കൊന്നത്…?? ” പാർവതി അവനോടു ചോദിച്ചു.

“അറിയില്ലമ്മേ… അതൊന്നും അവൾ എന്നോട് പറഞ്ഞില്ല… ആരായാലും ഞാൻ അവരെ കണ്ടെത്തും. എന്റെ ശിവയെ കൊന്നവരെ ഞാൻ വെറുതെ വിടില്ല… ”

അവന്റെ മുഖത്തു വിവിധ ഭാവങ്ങൾ മിന്നിമറഞ്ഞു. അവന്റെ ഭാവമാറ്റം കണ്ട് പാർവതി തമ്പുരാട്ടി നടുങ്ങി.

“മോനെ… ” അവനെ ചേർത്ത് പിടിച്ചു അവർ പൊട്ടിക്കരഞ്ഞു.

വൈശാഖിന്റെ കണ്ണുകളിൽ പക എരിഞ്ഞു.

“എല്ലാം വിധി ആണെന്ന് കരുതി സമാധാനിക്ക് മോനെ… നിന്നെ ഈ അവസ്ഥയിൽ കാണാൻ അമ്മയ്ക്ക് കഴിയില്ല….”

അവർ കണ്ണുകൾ തുടച്ചു കൊണ്ട് മുറി വിട്ട് പോയി.

വൈശാഖ് എഴുന്നേറ്റു ജനാലയ്ക്ക് സമീപത്തേക്ക് നടന്നു.

തണുത്ത കാറ്റ് അവനെ തഴുകി കടന്നു പോയി.

“ശിവാ… ഞാൻ തുടങ്ങുവാ നാളെ മുതൽ എന്റെ അന്വേഷണം…. ”
*************************************
പിറ്റേന്ന് രാവിലെ തന്നെ വൈശാഖ് നാരായണൻ വൈദ്യരുടെ വീട്ടിലേക്ക് തിരിച്ചു.

വൈദ്യരുടെ മൂത്ത മകൻ അജിത്ത് അവിടുത്തെ എസ് ഐ ആണ്. വൈശാഖിന്റെ ബാല്യ കാല സുഹൃത്തു കൂടിയാണ് അജിത്ത്. അവന്റെ അനിയൻ അജയൻ.

അജിത്തിനെ കണ്ട് ചില കാര്യങ്ങൾ അന്വേഷിക്കാനാണ് വൈശാഖ് അവനെ കാണാൻ തീരുമാനിച്ചത്.

വൈശാഖ് അവിടെ എത്തിയപ്പോൾ അജിത്ത് അവിടെ ഉണ്ടായിരുന്നു.

“അല്ലടാ വൈശാ നീയെപ്പോ എത്തി ഡൽഹിയിൽ നിന്ന്… ”

“കുറച്ചു ദിവസമായെടാ… ”

“എന്തെ വിശേഷിച്ചു ഈ വഴിയൊക്കെ… അച്ഛനെ കാണാനാണോ…?? ”

“അല്ലടാ നിന്നെ കാണാനാ വന്നത്…. എനിക്ക് നിന്നോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്…”

“സീരിയസ് കാര്യം വല്ലോമാണോ…?? ”

“കുറച്ചു ഗൗരവമുള്ള കാര്യമാ… ”

“എന്നാൽ നമുക്ക് എന്റെ മുറിയിലേക്ക് പോകാം… ”

“വേണ്ടടാ നമുക്ക് കുറച്ചു നടന്നോണ്ട് സംസാരിക്കാം… ”

“ശരി എന്നാ വാ ചായ കുടിച്ചിട്ട് പോകാം…. ”

വേണ്ടെന്നു അവൻ പറഞ്ഞെങ്കിലും അജിത്ത് അവനെ നിർബന്ധിപ്പിച്ചു ചായ കുടിപ്പിച്ചു.

ചായ കുടി കഴിഞ്ഞ് അവർ പുറത്തേക്ക് ഇറങ്ങി. അൽപ്പ ദൂരം അവർ നടന്നു.

“എന്താടാ പറയാനുണ്ടെന്ന് പറഞ്ഞത്..”

“ശിവയെ പറ്റിയാടാ… ”

“ആര് ശിവപ്രിയേട കാര്യമാണോ… ” മുഖത്തു വന്ന ഞെട്ടൽ മറച്ചു കൊണ്ട് അജിത്ത് അവനോടു ചോദിച്ചു.

“അതേ… നിനക്ക് അറിയാലോ ഞങ്ങളുടെ കാര്യം… ”

“പക്ഷേ അവളെ ഇപ്പൊ കാണാനില്ലല്ലോ…?? ”

“അതിനെപ്പറ്റിയാ എനിക്ക് നിന്നോട് സംസാരിക്കാനുള്ളത്…അന്ന് ഞാൻ ഇവിടെ ഇല്ലാതിരുന്ന സമയത്താണ് അതൊക്കെ നടന്നത്….ശ്രീധരൻ മാമയുടെയും ലക്ഷ്മിയമ്മയുടെയും മരണം ശിവയെ കാണാതായത് ഒക്കെ…. അവളുടെ തിരോധാനത്തിനു പിന്നിൽ എന്തോ ദൂരൂഹതയുണ്ട്…അത് കണ്ട് പിടിക്കാൻ നീയെന്നെ സഹായിക്കണം….ആരും അറിയാതെ രഹസ്യമായിരിക്കണം അന്വേഷണം….”
വൈശാഖ് പറഞ്ഞത് കേട്ട് ഞെട്ടി നിൽക്കുകയാണ് അജിത്ത്.

“നിനക്കെന്താ ഭ്രാന്തുണ്ടോ വൈശാ….
അവൾ ആരുടെയോ കൂടെ ഓടിപോയി എന്നൊക്കെയാ നാട്ടിൽ എല്ലാവരും പറയുന്നത്… ”

“നീയും അത് വിശ്വസിച്ചോടാ അജി… കുട്ടികാലം മുതലേ നിനക്ക് അവളെയും എന്നെയും നന്നായി അറിയുന്നതല്ലേ… അവളോടുള്ള എന്റെ ഇഷ്ടം ഞാൻ ആദ്യം വന്നു പറഞ്ഞത് നിന്നോടല്ലേ… ഞങ്ങളെ തമ്മിൽ ഒരുമിപ്പിച്ച നീ തന്നെയാണോ ആ നാവ് കൊണ്ട് ഇപ്പൊ ഇങ്ങനെയൊക്കെ പറയുന്നത്…?? ” അവന്റെ ഷർട്ടിൽ പിടിച്ചുലച്ചു കൊണ്ട് വൈശാഖ് ചോദിച്ചു.

“പിന്നെ ഞാൻ എന്ത് പറയണമെടാ അവൾ മരിച്ചു പോയെന്ന് പറയണോ…”

അവൻ പറഞ്ഞത് കേട്ട് വൈശാഖ് ഞെട്ടി.

“നിന്നോട് ആര് പറഞ്ഞു അവൾ മരിച്ചു പോയെന്ന്…?? ”

“അന്ന് അവളുടെ അച്ഛനും അമ്മയും മരിച്ച സമയം ശിവയെ കാണാത്തത് കൊണ്ട് ചെറിയ രീതിയിൽ ഉള്ള അന്വേഷണം നാട്ടുകാരും പോലീസുകാരും നടത്തിയിരുന്നു. ആർക്കും അവൾ എവിടെ പോയി എന്ന് അറിയില്ലായിരുന്നു…. അപ്പോഴാണ് അവളുടെ തറവാടിന്റെ കുറച്ചു ദൂരെ മാറിയുള്ള വനത്തിനോടു ചേർന്നുള്ള വഴിയിൽ നിന്ന് അവളുടെ ചെരുപ്പ് ഞാൻ കണ്ടത്… അവിടെ മുഴുവൻ തിരഞ്ഞു ഞാൻ വനത്തിനുള്ളിലും പോയി നോക്കി…. അവിടെ ഒരിടത്ത് മുൾ ചെടിയിൽ കുടുങ്ങി കിടന്ന അവളുടെ കീറിപറഞ്ഞ ദാവണി മാത്രേ എനിക്ക് ലഭിച്ചുള്ളു… വേറെ തെളിവ് ഒന്നും എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല…അവളെ ആരോ അപായപ്പെടുത്തിയെന്ന് എനിക്ക് മനസിലായി…ജീവനോടെ ഉണ്ടായിരുന്നുവെങ്കിൽ ഇതിനോടകം അവൾ വരുമായിരിന്നു…”

എല്ലാം കേട്ട് വൈശാഖ് പൊട്ടിക്കരഞ്ഞു പോയി. അജിത്ത് അവനെ സമാധാനിപ്പിക്കാൻ നന്നേ പാടുപെട്ടു.

“പിന്നീട് നീ അവളെ അന്വേഷിച്ചില്ലേ… ആരാ അവളെ അപകടപ്പെടുത്തിയത്..”

“അതിനു യാതൊരു തെളിവും ഇല്ലല്ലോ… എന്റെ രീതിയിൽ ഞാൻ കുറെ അന്വേഷിച്ചു… ഒരു ഫലവും ഉണ്ടായില്ല… പിന്നെ ഇതിന്റെ പേരിൽ കേസ് കൊടുക്കാനോ അന്വേഷണം നടത്താനോ ആരും ഇല്ലല്ലോ… ഉണ്ടായിരുന്ന അച്ഛനും അമ്മയും ഒരേ ദിവസം മരിക്കുകയും ചെയ്തു…പിന്നെ ഇതിന്റെ പിന്നാലെ പോകാൻ ആരുമില്ലല്ലോ… ”

“ഞാൻ ഉണ്ടായിരുന്നല്ലോ… എന്നെ ആരും അറിയിച്ചില്ലല്ലോ…?? നിനക്ക് എങ്കിലും എന്നോട് ഒരു വാക്ക് പറയാമായിരുന്നു…. അവളെ കൊന്നവന്മാർ ആരായാലും ഞാൻ വെറുതെ വിടില്ല…. അതിനു എനിക്ക് നിന്റെ സഹായം വേണം അതിനാണ് ഞാൻ നിന്നെ കാണാൻ വന്നത്… ”

“ഇനി അതിന്റെ പിന്നാലെ പോണോ വൈശാ…എല്ലാം കഴിഞ്ഞിട്ട് തന്നെ വർഷം ഒന്നായി… എവിടുന്നു തുടങ്ങും നമ്മൾ…. നിന്റെ വീട്ടുകാർ അറിഞ്ഞാൽ വെറുതെ ഇരിക്കോ….?? ”

“തെളിവുകൾ അന്വേഷിച്ചു കണ്ടെത്തണം നമ്മൾ…. നീയൊരു പോലീസ് അല്ലേടാ?? നീ തന്നെ ഇങ്ങനെ പറയണം…. പിന്നെ മഠത്തിൽ ആരും അറിയാതെ ഞാൻ ശ്രദ്ധിച്ചോളാം…. കൂടെ നിന്ന് സഹായിക്കാൻ പറ്റുമെങ്കിൽ നീ സഹായിക്ക്… ” വൈശാഖ് പറഞ്ഞു.

“എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ നീ പറഞ്ഞാൽ മതി…. ഞാൻ സഹായിക്കാം… ” ഇടറിയ സ്വരത്തിൽ അജിത്ത് പറഞ്ഞു.

ഒരു കാര്യത്തിന് ഇറങ്ങി തിരിച്ചാൽ പിന്തിരിയുന്ന സ്വഭാവം വൈശാഖിനില്ല…

“അവൾ എന്റെ പ്രാണൻ ആയിരുന്നെടാ അതുകൊണ്ട് തന്നെ എല്ലാം അറിഞ്ഞിട്ടും കയ്യും കെട്ടി നോക്കി നിൽക്കാൻ എനിക്ക് കഴിയില്ല… ”

വൈശാഖ് പിന്തിരിഞ്ഞു നടന്നു.

“ഡാ അത് വഴി പോണ്ടാ… അപകടം പിടിച്ച വഴിയാ….കടത്തു കടന്നു പൊയ്ക്കോ…”അജിത്ത് വിളിച്ചു പറഞ്ഞു.

“ഞാൻ വന്നതും ഇതു വഴി തന്നെയാ… എന്നിട്ട് എനിക്കൊന്നും പറ്റിയില്ലല്ലോ… ഇതുവഴി പോയാൽ ശ്രീമംഗലത്ത് പെട്ടന്ന് എത്തും…. അവിടെ അവളുടെ സാന്നിധ്യം എനിക്ക് അനുഭവപ്പെടുന്നുണ്ട്… കുറച്ചു നേരം അവിടെ തനിച്ചിരിക്കട്ടെ ഞാൻ….പിന്നെ കാണാം നമുക്ക്…. ”

എന്ത് പറയണമെന്നറിയാതെ അജിത്ത് അവന്റെ പോക്ക് നോക്കി നിന്നു.

“ശിവയുടെ മരണ രഹസ്യം കണ്ടു പിടിക്കാൻ നിന്നെ ഞാൻ അനുവദിക്കില്ല വൈശാ…അത് നീ അറിയാതെ ഇരിക്കുന്നതാണ് നല്ലത്…”അജിത്ത് മനസ്സിൽ പറഞ്ഞു.

അവരുടെ സംഭാഷണങ്ങൾ എല്ലാം ഒരാൾ മറഞ്ഞു നിന്നു കേൾക്കുന്നുണ്ടായിരുന്നു.

കയ്യിൽ ഒരു കമ്പിപാരയുമായി അയാൾ വൈശാഖിനു പിന്നാലെ പോയി.

അതേസമയം വൈശാഖ് ഓരോന്നും ആലോചിച്ചു തല പുകഞ്ഞു നടന്നു പോവുകയായിരുന്നു. എവിടെ തുടങ്ങണം എന്നാലോചിച്ചു അവനു ഒരു എത്തും പിടിയും കിട്ടിയില്ല.

അപ്പോഴാണ് അപ്രതീക്ഷിതമായി പിന്നിൽ നിന്നും അവന്റെ തലയ്ക്കു ശക്തമായ ഒരു അടി വീണത്.

“ആ…. ആആഹ്‌… ”

കയ്യ് കൊണ്ട് തല പൊത്തിപിടിച്ചു വൈശാഖ് പിന്തിരിഞ്ഞു നോക്കി. മുഖം മറച്ച ഒരാൾ കമ്പി പാരയുമായി അടുത്ത അടി അടിക്കാൻ തുടങ്ങുന്നത് അവൻ കണ്ടു.

വൈശാഖിനു തടയാൻ കഴിയുന്നതിന് മുന്നേ അയാൾ അടുത്ത പ്രഹരം നൽകി….

തല പൊട്ടി ചോര ഒലിച്ചു വൈശാഖ് നിലത്തു വീണു കിടന്നു പിടഞ്ഞു.

മുഖം മറച്ച വ്യക്തി അത് നോക്കി നിന്നു.
സാവധാനം അവന്റെ പിടച്ചിൽ നിന്നു.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ശിവപ്രിയ : ഭാഗം 1

ശിവപ്രിയ : ഭാഗം 2

ശിവപ്രിയ : ഭാഗം 3