ശക്തി: ഭാഗം 3
എഴുത്തുകാരി: ബിജി
ഈ സമയം ശക്തിയുടെ ശ്രദ്ധ രാഗലയയിൽ ആയിരുന്നു. താൻ കാരണമാണല്ലോ ഇങ്ങനെ അവൻ തന്നോടു തന്നെയുള്ള അരിശത്തിൽ തലയ്ക്കടിച്ചു. അവൻ ലയയോട് സോറി പറഞ്ഞു…..!! ലയ ഇന്നലെ കണ്ട സ്വപ്നത്തിന്റെ തടവിൽ ആയിരുന്നു ആരോ തന്റെ മേനിയിൽ മയിൽ പിലികളാൽ തഴുകുന്നു ബ്രൗൺ നിറമുള്ള കണ്ണുകളിൽ കുസൃതി മിന്നിമായുന്നു എന്നാൽ ഇപ്പോൾ നീലു വിളിച്ചപ്പോൾ കണ്ണുകളിലെ കൃസൃതി സ്വപ്നത്തിൽ നിന്നകന്നു….. ശക്തി ഇതിനോടകം പോയിരുന്നു.
ലയയിൽ നൊമ്പരം കലർന്നു. അവളുടെ മിഴിയൊന്നു പിടഞ്ഞു അവനടുത്തുള്ളപ്പോൾ വല്ലാത്ത സന്തോഷം നിറയുന്നു. മേലാകെ ഇലഞ്ഞിപ്പുക്കൾ കൊഴിയുന്നു. അവൻ അകന്നു പോകുമ്പോൾ മിഴികൾ പിടയുന്നു. ഹൃദയത്തിൽ നോവ് പടരുന്നു….!! മോളേ….. ആ മുതലിനെ ഞാനെന്റെ ചേട്ടനായി ദത്തെടുത്തു നീലു ലയയോട് പറഞ്ഞു. രാഗലയയുടെ മാത്രം ശക്തി അല്ലേടി…..!! എനിക്കറിയില്ല നീലു ശക്തിയോട് വളരെ അടുപ്പം തോന്നാറുണ്ട് ആ മുഖത്തേക്ക് നോക്കിയാൽ ഒന്നും മിണ്ടാൻ കഴിയുന്നില്ല.
നോക്കിയങ്ങനെ നില്ക്കാൻ തോന്നു വാ…….!!! ടി…. മണ്ടൻ കുണാപ്പി ഇതാടി പ്രണയം, കാതൽ, പ്യാർ….. എനിക്ക് വേറെ ഭാഷയൊന്നും അറിയില്ല നി ഇതൊക്കെ വച്ച് അഡ്ജസ്റ്റ് ചെയ്യ് നിനക്ക് ശക്തിയോട് പ്രണയമാണെന്ന്….. നീലു വിരലിലെ നഖം കടിച്ച് നാണത്തോടെ പറഞ്ഞു. മാങ്ങാത്തൊലി….. ലയ അരിശപ്പെട്ടു….!! നീ വരുന്നേൽ വാടി നീലുവിനേയും പിടിച്ച് വലിച്ച് വീട്ടിലേക്ക് പോയി തുന്നിയ തുണി വാങ്ങൻ പോയവർ നെറ്റിയിലൊരു തുന്നലുമായി വന്നപ്പോൾ ഭാമയും രാഗിണിയും പരവേശപ്പെട്ടു.
ചെറുതായി ഒന്നു ചരിഞ്ഞതാണെന്നു നീലു പറഞ്ഞപ്പോൾ രാഗിണിയുടെ കൈയ്യിൽ നിന്ന് അവൾക്ക് പെരുക്ക് കിട്ടി…!! നീലു കിട്ടിയതെല്ലാം സന്തോഷത്തോടെ വാങ്ങി കൂട്ടി പക്ഷേ ഒരു വിഷമം മാത്രം ആശിച്ചു തിന്നാൻ വാങ്ങിയ ബോളി ലയയുടെ വീഴ്ചയിൽ നീലുതാഴെ കളഞ്ഞിരുന്നു…… വൻ നഷ്ടം രുദ്രൻ വന്നപ്പോൾ ലയ കേൾക്കാതെ നീലു എല്ലാ വിവരങ്ങളും അമ്മാവനെ അറിയിച്ചു.
ലയയുടെ നെറ്റി മുറിഞ്ഞു എന്നറിഞ്ഞപ്പോൾ അയാൾ വേദനിച്ചു. ലയയുടെ മുറിയിൽ ചെന്നപ്പോൾ ഡയറിയിൽ എന്തോ കുറിക്കുന്ന മകളെ കണ്ടപ്പോൾ പുഞ്ചിരിച്ചു. എന്താ മോളേ…. മുറിവിന്റെ ഓർമ്മയ്ക്ക്…. എന്ന കവിതയാണോ കുറിക്കുന്നത് ഓ…. ആ കുരിപ്പ് എല്ലാം എഴുന്നള്ളിച്ചതു പോലുണ്ടല്ലോ ലയ ഇളിച്ചോണ്ട് പറഞ്ഞു. മോന്… വേദനിച്ചോടാ നെറ്റിയിൽ തലോടിക്കൊണ്ട് ചോദിച്ചു. ഇല്ല അച്ഛേ ഇപ്പോൾ വേദനയൊന്നും ഇല്ല. ഇതോടു കൂടി നീയും ശക്തിയുമായി ഒരു ചോരയുടെ ബന്ധം ഉണ്ടായല്ലോ…!!
അച്ഛൻ ഇതെന്തിനുള്ള പുറപ്പാടാണ്… ശക്തി നല്ല പയ്യനാണ് ഞാൻ അന്വേഷിച്ചിടത്തോളം ഞാൻ കണ്ടതിൽ വച്ചേറ്റവും നന്മയുള്ള പയ്യൻ. എനിക്ക് ഒരിക്കലും തെറ്റില്ല. അവൻ നിന്നോടൊപ്പം ഉണ്ടെങ്കിൽ സന്തോഷത്തോടെ കണ്ണടയ്ക്കാം’ അറിയാല്ലോ എന്റെ നെഞ്ച് ഇടയ്ക്ക് പണി തന്നതാണെന്ന് മോള് തീരുമാനിക്ക്. നിനക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രം മതി …. ഇനി അച്ഛൻ നിർബന്ധിക്കില്ല. രുദ്രൻ തിരികെ പോയി….!! ലയ ചിന്തയിലാണ്ടു. അച്ഛന് അറ്റാക്ക് വന്നതിന് ശേഷം തന്റെ വിവാഹം പെട്ടെന്ന് നടന്നു കാണാൻ ആഗ്രഹിക്കുന്നു.
തന്റെ ചിന്തയിൽ വിവാഹം എന്നൊന്നില്ല. പഠനം മുന്നോട്ട് കൊണ്ടു പോകണം പിന്നെ കോൺവെന്റിലെ കുട്ടികളുടെ താങ്ങാകണം….!! ദിവസങ്ങൾ പിന്നിട്ടു പൊയ്ക്കൊണ്ടിരുന്നു. അങ്ങനെ വായനശാലയുടെ വാർഷികത്തോട് അനുബന്ധിച്ച് നിർദ്ധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നുണ്ടായിരുന്നു. രാഗലയയും ഈ പ്രവർത്തനങ്ങൾക്കെല്ലാം പുറകിൽ പ്രവർത്തിച്ചിരുന്നു. അന്നേദിവസം നീലുവും രാഗലയയും വായനശാലയിലേക്ക് തിരിച്ചു.
നീലുവിന് വായനയിലൊന്നും ഒരു താല്പര്യവും ഇല്ല പിന്നെ ഈ വരവിന്റെ ഉദ്ദേശം പ്ലാൻ A സക്സസ് ആയ സ്ഥിതിക്ക് പ്ലാൻ B യുമായി ഇറങ്ങിയേക്കുകയാണ്….!! ശക്തിയെ കാണണം നേരിട്ട് മുട്ടണം B അവതരിപ്പിക്കും. ചീറ്റിയാൽ പ്ലാൻ C അല്ല പിന്നെ ഇംഗ്ലീഷിൽ Zവരെ അക്ഷരങ്ങൾ നീണ്ടുകിടക്കുകയല്ലേ ഏതിലേലും ശക്തിലയിക്കും വാർഷികാഘോഷം ഇതിനിടയിൽ കെങ്കേമമായി നടക്കുന്നുണ്ടായിരുന്നു.
രാഷ്ട്രീയക്കാരുടെ നീണ്ട പ്രസംഗവും കുട്ടികളുടെ കലാപരിപടികളുമൊക്കെയായി പരിപാടി കൊഴുത്തു ശക്തിയും ലയയും ഇതിന്റെയൊക്കെ നടത്തിപ്പിന്റെ തിരക്കിലായിരുന്നു. നീലു ഇതിലൊന്നും ഇടപെടാതെ തന്റെ ആസ്ഥാന കുലത്തൊഴിലിൽ ആയിരുന്നു. അതേ അതു തന്നെ വായിനോട്ടം….!! തിരക്കുകൾ ഒരു വിധം ഒഴിഞ്ഞപ്പോൾ നീലു ശക്തിയുടെ അരികിലെത്തി. “ഹലോ…. ശക്തിയേട്ടാ ഞാൻ അന്ന് ചായ കടയിൽ ….
ലയയുടെ നെറ്റി മുറിഞ്ഞില്ലേ ശക്തി അവളെ അന്തംവിട്ട് നോക്കി ആ രാഗലയയുടെ കസിനാണ് എനിക്കൊരു കാര്യം ചോദിക്കാനുണ്ട്…..?? മ്മമ്…. എന്താ ശക്തി ചോദിച്ചു….?? ചേട്ടനോട് ഒരാൾക്ക് ഒടുക്കത്തെ പ്രണയം…!! നീലു വെപ്രാളത്തോടെ ഇരു കണ്ണുകളും പൂട്ടി ഒറ്റശ്വാസത്തിൽ പറഞ്ഞു. ശക്തി അവളുടെ പറച്ചിലിൽ അന്ധാളിച്ചു. പിന്നെ ഒന്നും സംഭവിക്കാത്തതു പോലെ നടന്നകന്നു…… മിനിമം ഒരടി പ്രതീക്ഷിച്ച നീലു കണ്ണു തുറന്നു നോക്കുമ്പോൾ ആടു കിടന്നിടത്ത് ഒരു പൂട പോലും ഇല്ല.
അറ്റ്ലീസ്റ്റ് കണ്ണുപൊട്ടുന്ന തരത്തിൽ നാലു ചീത്ത ഇങ്ങേരെന്ത് മനുഷ്യനാടേ……!!! നീലു അങ്ങനെ വിട്ടുകളയാൻ ഉദ്ദേശിച്ചില്ല. കഷ്ടപെട്ടു തയ്യാറാക്കിയ പ്ലാൻ B ചുമ്മാ ചീറ്റിപ്പോകാൻ പറ്റുമോ. നീലു പിന്നെയും അവനെ തിരഞ്ഞു നടന്നു. അപ്പോഴാണ് രാഗലയയുമായി സംസാരിക്കുന്ന ശക്തിയെ കണ്ടത് രണ്ടുപേരുടെ കൈയ്യിലും പുസ്തകം ഉണ്ട്….!!! ഇവരെന്താണോ സംസാരിച്ചു കൂട്ടുന്നത് ഇവർക്ക് പ്രേമപൂർവ്വം സംസാരിക്കരുതോ എങ്കിലെന്റെ ജോലി എളുപ്പമായേനെ അതിനുപകരം ഇവരെന്ത് ഉണ്ടാക്കുകയാ…..!! ഹായ്….
നീലു ചിരിച്ചോണ്ട് അവർക്കിടയിലേക്ക് ചെന്നു. നീലുവിനെ കണ്ടതും ശക്തി അവിടെ നിന്ന് പോയി… എന്താരുന്നെടി ഇവിടെ ഒരു സൊള്ളൽ നീലു കുസൃതിയോടെ ചോദിച്ചു എന്റെ നീലു KR മീരയുടെ മോഹമഞ്ഞയെ കുറിച്ച് സംസാരിക്കുകയായിരുന്നു പുസ്തകങ്ങളെയും കുറിച്ച് നല്ല നീരൂപണമാണ് ശക്തികുള്ളത് ഒട്ടേറെ പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്…. നല്ല അറിവും ഉണ്ട്…!!! ഞാൻ വിചാരിച്ചതുതന്നെ നീലു ആത്മഗതിച്ചു. അല്ലെടി നിന്നെ കണ്ടപ്പോഴേ ശക്തി വെട്ടുപോത്തിനെ കണ്ടതുപോലെ ഓടിപ്പോയല്ലോ….
നീ എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചോ ലയ ചോദിച്ചു …?? ഏയ്…. ആ ചേട്ടന് മൂലക്കുരുവിന്റെ അസ്കിതയാ…. നീലു ചുണ്ടു കോട്ടിക്കൊണ്ട് പറഞ്ഞു. ഛീ…. വൃത്തികേട് പറയാതെടി…. ലയ അവളെ അടിക്കാൻ കൈയ്യോങ്ങി….. എന്നാ പൈൽസ്….. അതാകുമ്പോ ഒരു ഗുമ്മുണ്ട് നീലുപറഞ്ഞോണ്ട് നടന്നു അവള് പോകുന്നത് കണ്ടിട്ട് ലയ ചോദിച്ചു എങ്ങോട്ടാ കൊച്ചേ ഈ ചാടിത്തുള്ളി പോകുന്നത്….. നിനക്കിങ്ങനെ പുത്തകവും വായിച്ചോണ്ടിരുന്നാൽ മതിയല്ലോ ഞാനിവിടെ കിടന്ന് കഷ്ടപെടുന്നത് ആരറിയാൻ പിറുപിറുത്തോണ്ട് നീലു ഓടി….!!
ശക്തി ബാനർ അഴിക്കുകയായിരുന്നു ഹലോ ചേട്ടാ ….എന്തിനാ എന്നെ കാണുമ്പോൾ മുങ്ങുന്നത്….!! എടി…കൊച്ചേ വലിയ വീട്ടിലെ പെമ്പിള്ളാർക്കുള്ള സൂക്കേടുമായി എന്റെ തോളത്ത് കേറാനാണേൽ മോളേ ഇത് ആള് വേറെയാ….!! നിനക്കൊക്കെ പറ്റുന്നത് അമൂൽ ബേബികളാ തന്തയുടെ കാശിന് തിന്ന് കൊഴുത്ത് നടക്കുന്നവൻമാർ മോളങ്ങോട്ട് ചെല്ല് ഇത് മോൾക്ക് ആളുമാറിപ്പോയി…. ശക്തി കോപത്തോടെ അവളോട് ആക്രോശിച്ചു. സാധുവായ രുദ്ര വർമ്മയുടെ അനന്തിരവൾ തന്നെയാണോ നീ…
നിന്റെ കസിനല്ലേ രാഗലയ എത്ര നന്മയുള്ള കുട്ടിയാ സഹജീവികളോടുള്ള അതിന്റെ കാരുണ്യം കാണണം. കോടീശ്വരനായ രുദ്ര വർമ്മയുടെ മകളാണെന്ന ഭാവമില്ലാതെ കോൺവെന്റിൽ വെറും തറയിൽ അശരണരുടെ കൂടെ കിടക്കുകയും അവരിലൊരാളായി അവർക്ക് താങ്ങായി നിന്നും അത് പെരുമാറുമ്പോൾ ബഹുമാനം തോന്നും ആ കുട്ടിയോട് അതിനു പകരം നീ എന്തൊക്കെയാ കാട്ടി കൂട്ടുന്നത്….!! ഓയ്….. ചേട്ടൻ ചുമ്മാ പ്രഷർ വലിച്ചു കേറ്റണ്ട. ഇപ്പോൾ പുകഴ്ത്തിയ ആ മുതലില്ലെ അതിന് തന്നോട് ഇഷ്ടമാണ്.
ചേട്ടനെ കാണുമ്പോൾ ഫീൽ ആണെന്ന്….. നോക്കി നില്ക്കാൻ തോന്നുമെന്ന്……ചേട്ടൻ നല്ലോണം ആലോചിച്ച് മറുപടി താ…!!!!! വാ… തുറന്നു നില്ക്കുന്ന ശക്തിയെ കടന്ന് നീലു ഓടിപ്പോയി……!!!! ആ സാധനം പറഞ്ഞിട്ട് പോയത് രാഗലയക്ക് തന്നോട് പ്രണയമാണന്നല്ലേ….!!! ആ കുട്ടിയെ കണ്ടാൽ അങ്ങനെയൊന്നും തോന്നിയില്ലല്ലോ എന്നോട് കൂളായിട്ടാ സംസാരിച്ചത്. ആ വെകിളിപിടിച്ച കൊച്ച് തന്നെ വെറുതെ വട്ടംചുറ്റിക്കാൻ പറഞ്ഞതാവും…!!
അല്ലാതെ രാഗലയയെ പോലൊരു കൊച്ച് പ്രണയം എന്നു പറഞ്ഞ് തന്റെ പുറകേ നടക്കില്ല നല്ല വ്യക്തിത്വത്തിന് ഉടമയാ. ആ കൊച്ച് …. ജീവിതത്തോട് വ്യക്തമായ കാഴ്ചപ്പാടുള്ള കുട്ടി…. എന്നതേലും ആകട്ട് നമ്മുക്ക് ഇതൊക്കെ ചിന്തിച്ച് സമയം കളയാനില്ല. ശക്തി അഴിച്ചെടുത്ത ബാനറുമായി ഉള്ളിലേക്ക് പോയി…..!!! ഉള്ളിൽ ചെന്നപ്പോൾ രാഗലയ റാക്കിൽ പുസ്തകങ്ങൾ വെയ്ക്കുന്നതു കണ്ടു. എത്ര സിമ്പിളാണവൾ യാതൊരു ചമയങ്ങളും ഇല്ല. കണ്ണിൽ കുത്തുന്ന കളറൊന്നും അവൾ ഉപയോഗിച്ചിരുന്നില്ല സിമ്പിളായ കൂർത്തിയാണ് ധരിച്ചിരിക്കുന്നത്.
എപ്പോഴും പുഞ്ചിരിതൂകുന്ന മുഖം പെട്ടെന്നവൻ ഓർത്തു താനെന്തിന് ഇവളെ കുറിച്ചോർക്കുന്നത്. ആ പക്വത ആയിരിക്കും അല്ലെങ്കിൽ സഹജീവികളോടുള്ള പെരുമാറ്റം ആയിരിക്കും. എന്നിൽ ചലനം സൃഷ്ടിച്ചത്. രാഗലയയും ശക്തിയെ കണ്ടിരുന്നു തന്നെ നോക്കി നില്ക്കുന്ന അവനെ കണ്ടപോൾ ആദ്യമായി അവളുടെ മിഴിയൊന്നു പിടഞ്ഞു. രാഗലയയിൽ ഇതുവരെ അനുഭവിച്ച് അറിഞ്ഞിട്ടില്ലാത്ത ഫീൽ…. പെട്ടെന്നവൾ സംയമനം വീണ്ടെടുത്ത് പുറത്തോട്ടിറങ്ങി ശക്തി തലയ്ക്കടിച്ചു.
ഇത്ര നേരവും അവളെ നോക്കി നില്ക്കുകയായിരുന്നു. അവൾ തെറ്റിദ്ധരിച്ച് കാണുമോ ഛെ…. അവൻ തലചൊറിഞ്ഞു കൊണ്ട് നിന്നു. ഇതെല്ലാം കണ്ട് നിന്ന നീലു തുള്ളിച്ചാടി….. പ്ലാൻ B സക്സസ് രണ്ടിന്റേയും മനസ്സിൽ ഒരു വിത്ത് പാകി….. ഇനിയത് ഈ നീലു വെള്ളമൊഴിച്ച് വളർത്തും നീലു എന്നാ സുമ്മാവാ….. നീലു സ്വയം ഒന്ന് പൊങ്ങി…..!!! രാഗലയയും നീലുവും വീട്ടിലേക്ക് മടങ്ങി ….. രുദ്രൻ നീലുവിനെ കൈയ്യോടെ പൊക്കി എടി കുരുത്തംകെട്ടതെ നിന്റെ പ്ലാൻ എന്തായി ചീറ്റിയോ….!!
നീലു ഒരു കാര്യം ഏറ്റാൽ ഏറ്റതല്ലേ ശക്തിയേട്ടനോട് കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് എന്താകുമെന്ന് നോക്കാം പിന്നെ അമ്മാവോ ഞാനും ഇതേ പോലെ സെറ്റാക്കി വന്നാൽ പെങ്ങളോട് പറഞ്ഞ് ശരിയാക്കിതരണം കേട്ടോ നീ സെറ്റക്കുകയല്ലല്ലോ ഏതെങ്കിലും ഒരുത്തനെ കഴുത്തിൽ പിടിച്ച് അനുസരിപ്പിക്കുകയല്ലേ ചെയ്യുക എന്നതിനായാലും അമ്മാവൻ കൂടെയുണ്ട് ഞങ്ങളുടെ പുതിയ കോളേജിലോട്ടുള്ള യാത്രയ്ക്ക് ഒരാഴ്ചയേയുള്ളു. മ്മ്മ് അറിയാം അവിടെ പോയി രണ്ടും പുകിലൊന്നും ഒപ്പിക്കല്ല് കേട്ടോ…..
ഉത്തരവ് നീലു ചിരിച്ചോണ്ട് പോയി…. രാഗലയയുടെ മനസ്സു നിറഞ്ഞ് ശക്തി തിളങ്ങി നില്ക്കുകയാ…. അവന്റെ നോട്ടം പ്രണയ പൂർവ്വമായിരുന്നെന്ന് അവൾക്ക് തോന്നി പുറകോട്ട് മാറും തോറും അവനിലേക്ക് ശക്തിയായി മടങ്ങി ചെല്ലുന്നു. കോളേജിലേക്ക് പോകാനായി റെഡിയായി രണ്ടു പേരും ഇറങ്ങി വന്നു. ആദ്യ ദിവസം ആയതിനാൽ രുദ്രനാണ് കൊണ്ടു വിടുന്നത് റോഡിൽ ബ്ലോക്കിൽ പെട്ട് ലേറ്റായാണ് കോളേജിൽ എത്തിയത്.
ഡിഗ്രി രണ്ടാം വർഷമാണ് രണ്ട് പേരും കുട്ടികളെല്ലാം ആഡിറ്റോറിയത്തിൽ ആണെന്നറിഞ്ഞതും നീലുവും ലയയും അങ്ങോട്ട് തിരിച്ചു ലയയും നീലുവും പുറകിലെ സീറ്റിൽ ഇരുന്നു. വേദിയിലേക്ക് നോക്കിയ ഇരുവരും അമ്പരന്നു ശക്തി…. ഇയാളെന്താണിവിടെ ….. ആദ്യം മുതൽ കേൾക്കാനും സാധിച്ചില്ല. പറഞ്ഞറിഞ്ഞ പ്രണയം നല്ല വിഷയം അല്ലേ സദസ്സിനോട് ശക്തി ചോദിച്ചു….. യെസ്… ബ്രോ…. സദസ്സ് ഒന്നിച്ചു പറഞ്ഞു……
ഞാനും ഒരു പ്രണയം അറിഞ്ഞു. ശരിക്കും പറഞ്ഞാൽ പറഞ്ഞറിഞ്ഞു ഇത്തവണ ശക്തിയുടെ നോട്ടം സദസ്സിലെ എല്ലാ ഭാഗത്തേക്കും തിരിഞ്ഞു….. രാഗലയയിലും നീലുവിലും നോട്ടം അവസാനിച്ചു. രാഗലയ ഒരു ഭാവഭേദവും ഇല്ലാതെ ഇരുന്നു നീലു ശരിക്കും വിരണ്ടു. ഇയാളിനി എന്നെ പൊക്കുമോ…. ഫ്രണ്ട്സ് ആ പ്രണയത്തിന് അല്ലെങ്കിൽ പറഞ്ഞറിഞ്ഞ പ്രണയത്തിന് ഞാനിന്ന് സമാധി ഏകുകയാണ്. നെഞ്ചോട് കൈ ചേർത്തവൻ ചൊല്ലി…!!!
എന്നിലുറങ്ങുന്നൊരി കൊച്ചു പ്രണയമേ…. നീയുണ്ടിവിടെ…. എൻ ഹൃത്തടത്തിൽ… ചുവന്ന ചോരപോൽ ചുമപ്പിച്ച് നീറിപ്പുകയുന്നു…. നെഞ്ച് …. നെരിപ്പോടു പോൽ…. എന്നിലെ പ്രണയവും പൂക്കാതെ തളിർക്കാതെ…. സൗരഭ്യം പൊഴിക്കാതെ…. കൊഴിഞ്ഞു പോയി….” കവിത ചൊല്ലി നിർത്തിയതും എല്ലാവരും കൈയ്യടിച്ചു. ചെയർമാൻ ശക്തിയെ ഏവർക്കും പരിചപ്പെടുത്തി പേഴ്സണൽ വിഷയങ്ങളാൽ ഡിഗ്രിക്ക് വച്ച് പഠനം നിർത്തിയ ശക്തി പിജിക്ക് ഇനി മുതൽ നമ്മോടൊപ്പം ഉണ്ട് ഡിഗ്രിക്ക് യൂണിവേഴ്സിറ്റി റാങ്ക് വിന്നറാണ്.
പ്രതികൂല സാഹചര്യങ്ങളെ തന്റെ വരുതിയിലാക്കി കുതിച്ചുചാടിയവൻ. ശക്തി ഓരോ വിദ്യാർത്ഥികൾക്കും പ്രചോദനമാണ് …!! വേറെ കുട്ടികളും പരിചയപ്പെടുന്നുണ്ടായിരുന്നു. രാഗലയയും നീലുവും ഈ ലോകത്തെങ്ങുമല്ലായിരുന്നു. എനിക്കുള്ള മറുപടിയാ കിട്ടിയത് നീലു താടിക്ക് കൈ കൊടുത്ത് ആലോചിച്ചു….!!! ലയ ആണേൽ ഓർത്തത് മറ്റൊന്നാണ് ആരോടോ അവന് പ്രണയമുണ്ട് പക്ഷേ അത് അവൻ മനസ്സിൽ തന്നെ കുഴിച്ചു മൂടി…..!!
മറ്റാരെയോ അവൻ പ്രണയിക്കുന്നു അല്ലെങ്കിൽ മറ്റൊരാൾ അവന് പ്രീയപ്പെട്ടതായി ഉണ്ടെന്നുള്ള അറിവ് ലയയിൽ ചെറിയൊരു നോവുണർത്തി…..!! ലയയും നീലുവും തൊട്ടടുത്ത ചെയറിലിരുന്നവരോട് പരിചയപ്പെടുകയായിരുന്നു. അപ്പോഴാണ് ശക്തി അവരുടെ അടുത്തേക്ക് വന്നത് നീലുവിനോട് ശക്തി കടുപ്പിച്ച് പറഞ്ഞു….കേട്ടു കാണുമല്ലോ…. എല്ലാം അവസാപ്പിച്ചേക്കണം അവസാന വാചകം രാഗലയയെ നോക്കിയാണ് പറഞ്ഞത്…. അതും പറഞ്ഞവൻ പോയി…!!
എന്താണിവിടെ നടന്നെതെന്നറിയാതെ ലയ വാ പൊളിച്ചു നിന്നു…… പിന്നീടുള്ള ദിവസങ്ങളിലൊക്കെയും ശക്തിയെ കാണുമെങ്കിലും പഴയ പുഞ്ചിരി പോലും അവനിൽ നിന്ന് ലയക്ക് ലഭിച്ചില്ല. അവൾക്കും അത് ഒരു നൊമ്പരമായിരുന്നു….. ശക്തി പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു ഇന്റവെല്ലുകളിലൊന്നും ശക്തി പുറത്ത് പോകാതെ ബുക്ക് വായിച്ചിരിക്കും അല്ലെങ്കിൽ ലൈബ്രറിയിൽ പോയി ബുക്സ് വായിക്കും. യൂണിവേഴ്സിറ്റിതല കലോത്സവത്തിൽ കവിതാ രചനയ്ക്ക് രാഗലയ പങ്കെടുത്തു. വേറൊരു കോളേജിൽ വച്ചായിരുന്നു പ്രോഗ്രം.
ശക്തി സ്പീച്ചിനായിരുന്നു പങ്കെടുത്തത്. രണ്ടു പേർക്കും A grade കിട്ടി രുദ്രവർമ്മയ്ക്ക് ബിസ്സിനസ്സ് ആവശ്യത്തിന് പോയിരിക്കുന്നതിനാൽ ലയയെ കൂട്ടീട്ടു വരാൻ കഴിഞ്ഞില്ല. സിറ്റിയിൽ വരെ ലയ ബസ്സിനു വന്നു. ശക്തിയും അവിടെ ഉണ്ടായിരുന്നു. ആ സമയത്ത് അവരുടെ നാട്ടിലേക്ക് ബസ്സ് ഇല്ലായിരുന്നു. രാഗലയ എന്തു ചെയ്യണമെന്നറിയാതെ നിന്നു. ശക്തി അവളുടെ അടുത്ത് ചെന്നു. ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല.
നമ്മുക്ക് നടക്കാം തനിക്ക് എന്നെ വിശ്വാസമുണ്ടേൽ കൂടെ വരാം ലയ പുഞ്ചിരിച്ചു കൊണ്ട് സമ്മതിച്ചു അവർ ഷോർട്ട് കട്ട് വഴി നടന്നു അവന്റെ കൂടെ അവനെ ചേർന്ന് നടക്കുമ്പോൾ നട്ടപാതിരയ്ക്കും മഞ്ഞു ചെയ്യുന്നതുപോലെ ഫീൽ ചെയ്തു. നനുത്ത ഇളം കാറ്റ് അവരെ തലോടി കടന്നുപോയി….. പുല്ല് വളർന്നു നില്ക്കുന്ന വഴിത്താരകളിൽ മിന്നാമിന്നികൾ കണ്ണുചിമ്മി കാണിക്കുന്നു.
രണ്ടു പേരും മൗനത്തേ കൂട്ടുപിടിച്ചെങ്കിലും അവരുടെ മുഖത്ത് ഇടയ്ക്കിടയ്ക്ക് ചെറു പുഞ്ചിരി മിന്നി മാഞ്ഞു ചില നേരത്ത് മൗനവും സുഖമുള്ള ഒരനുഭവമാണ് പാടശേഖരത്തിലെ വരമ്പിൽ കൂടി നടക്കുമ്പോൾ ലയ മുകളിലേക്ക് മിഴികൾ പായിച്ചു. ചന്ദ്രിക ആകാശത്ത് ചിരി തൂകി നില്ക്കുന്നു…..!! പറഞ്ഞറിയിക്കാനാകാത്ത വേലിയേറ്റം ഇരുവരുടേയും മനസ്സിൽ നുരഞ്ഞുപൊങ്ങി…
പാടവരമ്പിലൂടെ നടക്കുമ്പോൾ അവളുടെ കാലൊന്നു വഴുക്കി …വീഴാൻ പോയി….. ശക്തി പെട്ടെന്ന് തന്നെ അവളെ ഇടുപ്പിലൂടെ ചേർത്ത് പിടിച്ചു അവന്റെ വിരിഞ്ഞ മാറിലേക്ക് മുഖം ചേർത്തവൾ….. മുഖം ഉയർത്തിയ അവൾ കാണുന്നത് തന്നെ മിഴികൾ മാറ്റതെ നോക്കുന്ന ശക്തിയേയാണ്….. അവളുടെ പരൽ മീൻ കണക്കെയുള്ള മിഴികൾ പിടയുന്നത് അവൻ നോക്കി നിന്നു……
തുടരും ബിജി