ശക്തി: ഭാഗം 10

Spread the love

എഴുത്തുകാരി: ബിജി

ശക്തി അപ്പോഴേക്കും വന്നവളെ ചേർത്തുപിടിച്ചു…. അവൻ അവളെ തൊട്ടതും ലയ അകന്നു മാറി അതു കണ്ടതും നെഞ്ചിൽ എന്തോ കനൽ എരിയുന്ന മാതിരി അവനിൽ നോവുണർന്നു… അവനൊന്നും മിണ്ടാതെ അമ്മയുമായി അവളുടൊപ്പം തന്റെ വീട്ടിലേക്ക് യാത്രയായി….!! തോട്ടരികിലെ മഞ്ചാടിച്ചുവടിന് അരികിലുള്ള മൺപാതയിലൂടെ കാർ നീങ്ങിയപ്പോൾ ലയ ഒരു പിടച്ചിലോടെ ശക്തിയെ നോക്കി…. അവനിലും ഊറിയ പുഞ്ചിരി വിരിഞ്ഞു.

“അയ്യേ..!! എന്റെ നോട്ടം കണ്ടിട്ട് ശക്തി എന്തു കരുതിക്കാണും….!! ലയയ്ക്ക് ജാള്യതയായി… വീടിന്റെ ഇടവഴിയിൽ കാർ നിന്നു… മുന്നോട്ട് കാറിന് പോകാൻ ഇടമില്ല…. ശക്തി അമ്മയെ എടുത്ത് വീടിനുള്ളിലേക്ക് പോയി…. വേലികളിൽ പടർന്നു കിടന്ന തൊട്ടാവാടി മഴയിൽ കൂമ്പിയതാണെന്നു തോന്നുന്നു…. വീടിന്റെ അരികിൽ തുളസിയും ചെമ്പരത്തിയും സ്ഥാനം പിടിച്ചിരിക്കുന്നു….

തോട്ടിൽ നിന്നു വാരിയിട്ട ചരൽ മുറ്റത്ത് വിരിച്ചിട്ടിരിക്കുന്നു ഉരുണ്ട വെള്ളാരം കല്ലുകൾ മഴയിൽ കുതിർന്നിരിക്കുന്നു… വീടിന്റെ സൈഡിലായി കോഴിക്കൂട് രണ്ടു മൂന്ന് കോഴികൾ ഉള്ളിലുണ്ട് ലയയെ ഏറെ അത്ഭുതപ്പെടുത്തിയത് വരാന്തയുടെ ഒരു പോർഷൻ ഒരു റൂമാക്കി മാറ്റിയിരിക്കുന്നു… അവളു നോക്കിയപ്പോൾ ഗീതേച്ചി പറഞ്ഞു അത് മേപ്പുറത്തെ ഗിരീശനും ശക്തിയും ചേർന്നാ ഇങ്ങനെ ആക്കിയത്.

ഗീത ചേച്ചിയാണ് ആരതി ഉഴിഞ്ഞത് അവർ ലയയുടെ കൈയ്യിൽ വിളക്കു കൊടുത്തു വലതുകാൽ വച്ച് ലയ ഉള്ളിലേക്ക് പ്രവേശിച്ചു…..!! ലയ വീടീനു പുറത്തുള്ള ബാത് റൂമിൽ പോയി ഫ്രഷായി വന്നു. വീട്ടിൽ നിന്നുകൊണ്ടുവന്ന കൂർത്തിയും ലെഗ്ഗിൻസുംധരിച്ചു. ശക്തിയെ നേരിടുമ്പോഴെല്ലാം ലയ എന്തെന്നില്ലാത്ത വീർപ്പുമുട്ടൽ അനുഭവിച്ചു…. അവനടുത്തു വരുമ്പോൾ ഉള്ളിനുള്ളിൽ ഒരു പിടച്ചിൽ വല്ലാത്തൊരു വെപ്രാളം എവിടെയെങ്കിലും ഓടീയൊളിക്കാൻ തോന്നുന്നു…

ശക്തി ഇതൊന്നും ഗൗനിക്കാൻ പോയില്ല… അവൻ കാലത്ത് പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. ഗീരീശൻ ട്രാവൻ ബാഗൊന്നു കൊണ്ടു കൊടുത്തു. അത്യാവശ്യം ഡ്രെസ്സൊക്കെ എടുത്ത് വച്ചു. ഈ സമയം ഗീതേച്ചി അവർക്കുള്ള ഫുഡുംആയി വന്നു. കൂടെ പത്തു വയസ്സുകാരൻ അച്ചൂട്ടനും ഉണ്ടായിരുന്നു. ഇന്ന് ഇത് കഴിക്കാം…!! ഗീതേച്ചി…ലയയോടു പറഞ്ഞു…. ഗീതേച്ചിയോടും ശ്രീദേവിയോടും ചിരപരിചിതയെപ്പോലെ അവൾ ഇടപെടുന്നതു കണ്ട് ശക്തി അമ്പരക്കുന്നുണ്ടായിരുന്നു….!!

അല്ലെങ്കിലും അവൾ ഓരോ നിമിഷവും തന്നെ അത്ഭുതപ്പെടുത്തുകയാണല്ലോ തന്റെ കൂടെ ഇവിടെ തന്റെ പ്രാരാബ്ദങ്ങൾക്കിടയിൽ താമസിക്കാൻ വരുമെന്ന് വിചാരിച്ചിരുന്നില്ല….!! ഗിരീശൻ പുറത്തു നിന്ന് വിളിച്ചപ്പോൾ ശക്തി അങ്ങോട്ടിറങ്ങി…!! ലയ ശ്രീദേവിക്ക് ആഹാരം കൊടുത്തു…. വായും മുഖവും തുടച്ച് വൃത്തിയാക്കി…. കുറച്ചു നേരം ഗീതേച്ചിയുമായി സംസാരിച്ചിരുന്നു….!!

അവരും പോയിക്കഴിഞ്ഞപ്പോൾ അവൾ പതിയെ പുറത്ത് വരാന്തയിലിറങ്ങി….. കുറച്ചപ്പുറത്തായി ഇടവഴിയിലെ കലുങ്കിൽ ഗിരീശനുമായി സംസാരിക്കുന്ന ശക്തിയെ കണ്ടു…. ഗിരീശൻ എന്തോ പറഞ്ഞിട്ട് ഉറക്കെ ചിരിക്കുന്നുണ്ട്…. മറുഭാഗത്ത് ചിരി പോയിട്ട് പുഞ്ചിരി പോലും ഇല്ല…. ഇതെന്തിന്റെ ജന്മം…. ഇതിനെ ജനിപ്പിച്ചപ്പോൾ ചിരിക്കുന്ന സൂത്രം ഫിറ്റ് ചെയ്തില്ലെ….??

ശക്തിയുടെ നോട്ടം വിടീനു നേരെ ചെന്നപ്പോൾ….. ലയ തന്നെ നോക്കി നില്ക്കുന്നതു കണ്ടു…. കണ്ണുകൾ തമ്മിൽ കൊരുത്തതും ലയ പിൻവാങ്ങി അവൾ തിരിഞ്ഞ് വീട്ടിനുള്ളിലേക്ക് കയറിപ്പോയി.. എന്താണ്….ശക്കൂ…. (ഗീരീശൻ ശക്തിയെ അങ്ങനെയാണ് വിളിക്കുന്നത്)… പൊണ്ടാട്ടി നിലാവത്ത് അഴിച്ചുവിട്ട കോഴിയെപ്പോലെ… പ്രാഞ്ചി… പ്രാഞ്ചി നടക്കുന്നത്…!! അവള് വെറുതേ…. ശക്തി പറഞ്ഞ് മുഴുമിപ്പിക്കുന്നതിന് മുൻപ് ഒരു കാർ അവരുടെ അരികിലായി നിർത്തി….!!

രുദ്രനും ഭാമയും അതിൽ നിന്നിറങ്ങി പുറകിൽ നീലുവും ഉണ്ടായിരുന്നു ശക്തി സന്തോഷത്തോടെ അവരെ സ്വീകരിച്ചു….!!! ശക്തി വേഗം ഉള്ളിൽ ചെന്നു അമ്മയോടായി ലയ കേൾക്കാൻ പാകത്തിൽ പറഞ്ഞു അമ്മേ രുദ്രനച്ഛനും അമ്മയുമൊക്കെ വന്നിട്ടുണ്ട്.… അതു പറഞ്ഞതും ശക്തിയുടെ നോട്ടം അവളിലേക്ക് പാളി…!! അവൾ അവൻ പറഞ്ഞതു കേട്ടുകൊണ്ട് അവനെത്തന്നെ നോക്കി നില്ക്കുകയാണ്….!!

അവൻ പെട്ടെന്ന് തന്നെ പുറത്തേക്ക് പോയി…!! നീലു ഓടിവന്ന് ലയയെ കെട്ടിപ്പിടിച്ചു….. എങ്ങനെ….. ശക്തി ചേട്ടൻ റൊമാന്റിക് ആണോ…. ചക്കരയുടെ ഫസ്റ്റ് നൈറ്റാണിന്ന്… ഒരാള് കലുങ്കിലും മറ്റേയാള് വീട്ടിലും വല്ലതും നടക്കുമോ..ആവോ…. നീലു നിന്റെയൊരു നാക്ക് ലയ അരിശപ്പെട്ടു… രുദ്രനും ഭാമയും കയറി വന്നു… വീടിന്റെ ചുറ്റുപാട് നോക്കിയപ്പോൾ ഭാമയിൽ നേരിയൊരു വേദന തോന്നി… ശക്തിയും അത് ശ്രദ്ധിച്ചു…

പക്ഷേ രുദ്രൻ ഹാപ്പി ആയിരുന്നു….!! അമ്മയൊന്നു വന്നേന്നും പറഞ്ഞ് ശക്തി ഭാമയെ പുറത്തേക്ക് കൂട്ടീട്ടു പോയി…!! അമ്മേ…. എന്റെ ഇപ്പോഴത്തെ അവസ്ഥ ഇതൊക്കെയാണ്.. അതുകൊണ്ടാണ് ലയയോട് ഞാൻ വരുന്നതുവരെ വീട്ടിൽ നില്ക്കാൻ പറഞ്ഞത്. പക്ഷേ ലയ ഇങ്ങോട്ടു വന്നു… എങ്കിലും എന്നെക്കൊണ്ട് കഴിയുംവിധം ഞാനവളെ സംരക്ഷിക്കും… കുറച്ചു നാൾ അമ്മയൊന്നു ക്ഷമിക്ക് ….

അവൾക്ക് യാതൊരു ബുദ്ധിമുട്ടും വരാതെ ഞാൻ നോക്കിക്കൊള്ളാം ഭാമയ്ക്ക് അവനെ മനസ്സിലാകുന്നുണ്ടായിരുന്നു. രുദ്രന്റെ തീരുമാനം ഒരിക്കലും തെറ്റായിരുന്നില്ലെന്ന് അവർക്ക് മനസ്സിലായി….!! രുദ്രൻ ശക്തിയെ ചില ടെക്‌സ്റ്റൈൽ കവറുകൾ ഏല്പ്പിച്ചു….. കൂടെ ഒരു ATM കാർഡും ശക്തിക്ക് ജാള്യത തോന്നി…. അവന് ഔദാര്യം പറ്റുന്നതുപോലെ…. കണ്ണുകളിൽ ദൈന്യതയാണോ…

വീർപ്പുമുട്ടലാണോ എന്തെന്നില്ലാത്ത വൈഷമ്യം…. അവൻ ആരെയും നോക്കാതെ ദൂരേക്ക് മിഴികളെ ചലിപ്പിച്ചു….!! അവന്റെ വിഷമം മനസ്സിലായതും മോനേ…..നിന്നെ ആദ്യം കണ്ടപ്പോൾ തന്നെ എന്റെ മനസ്സിൽ കയറിക്കൂടിയവനാ ഞാൻ ലയ മോളോട് പറഞ്ഞിരുന്നു എനിക്കൊരു മരുമകൻ അല്ല മകൻ അതീ ശക്തി ആയിരിക്കുമെന്ന് എന്റെ മകന് ഒരാവശ്യം വന്നാൽ ഈ അച്ഛനല്ലാതെ ആര് തരാനാണ് ഈ രുദ്രനും നിന്റെ കൂട്ടൊരു ജീവിത മുണ്ടായിരുന്നു….

പാവം പിടിച്ച പ്രഭാവതിയെ പ്രണയ നാടകത്തിൽ ചാടിച്ച യതീന്ദ്ര വർമ്മ പക്ഷേ വയറ്റിലുണ്ടാക്കി കടന്നു കളഞ്ഞു…. ലോകരുടെയും വീട്ടുകാരുടേയും അപമാനം സഹിച്ച് തോറ്റുകൊടുക്കാതെ പാറമടയിൽ പണിയെടുത്ത് ഈ രുദ്രനെ വളർത്തി….!! രുദ്രന് എല്ലാ സൗഭാഗ്യങ്ങളും വന്നു ചേർന്നപ്പോൾ അതനുഭവിക്കാൻ പ്രഭാവതി…. എന്റെ അമ്മ ഇല്ലായിരുന്നു…!! എനിക്ക് നിന്നെ മനസ്സിലാകും ശക്തി….. ഞാൻ നിന്നിൽ കാണുന്നത് രുദ്രനെത്തന്നെയാണ് നീ ഫയർ ആണ്….. നീ ജയിച്ചു തന്നെ വരും….!!

പിന്നെ ലയമോൾക്ക് പണത്തിലാ ആഡംബരത്തിലോ ഒട്ടും ഭ്രമമില്ല. അവളിവിടെ ഹാപ്പി ആയിരിക്കും നീ സന്തോഷത്തോടെ പോയി വരിക….!! ശക്തി പെട്ടന്ന് രുദ്രനെ കെട്ടിപ്പിടിച്ചു….!! ശക്തിയുടെ ഇങ്ങനെയൊരു നീക്കം പ്രതീക്ഷിക്കാതിരുന്ന രുദ്രൻ ആദ്യം ഒന്നു അമ്പരന്നു…. രുദ്രന്റെ കണ്ണൊന്നു നിറഞ്ഞു….. പുത്രവാത്സല്യം അയാളിൽ നിറഞ്ഞു രുദ്രനും ശക്തിയെ ചേർത്തു പിടിച്ചു….!! ഇതു കണ്ടു നിന്ന ലയയിൽ പുഞ്ചിരി മിന്നി മാഞ്ഞു….!! ടീ… ലയ കൊച്ചേ… എന്റെ ചെക്കൻ പൊളിയല്ലേ…..!!

രുദ്രൻ ലയയോടു പറഞ്ഞതും അവൾ ചിറി കോട്ടി….!! ഇതു കണ്ട ശക്തിക്ക് ചിരി വന്നു….!! കുശുമ്പി….!! എന്തായാലും അവളുടെ മൂടി കെട്ടിയ ഭാവത്തിന് അയവു വന്നല്ലോ എന്തെങ്കിലുമൊക്കെ പ്രതികരിക്കുന്നുണ്ടല്ലോ….!! രുദ്രനും ഭാമയും അകത്തോട്ടു കയറി ശ്രീദേവിയോടു സംസാരിക്കാൻ….!! നീലു ലയയെ പിടിച്ച് വലിച്ച് ശക്തിയുടെ അരികിലേക്ക് കൊണ്ടുവന്നു…!! കുളി കഴിഞ്ഞതിനു ശേഷം മുടി അലസമായി ചിതറി കിടക്കുന്നു….

സീമന്തരേഖയെ ചുമപ്പിച്ച് സിന്ദൂരം തൂകിയിരുന്നു. നെറ്റിയിൽ കുഞ്ഞു പൊട്ട് സ്ഥാനം പിടിച്ചിട്ടുണ്ട്….. മിഴികൾ ഇടയ്ക്ക് തന്നിലേക്ക് പാളുന്നതായി ശക്തി കണ്ടു….!!! നനവാർന്ന ചെംചോര ചുണ്ടുകളെ നോക്കി നിന്നു പോയി അവൻ…..! മതി….. മതി ശക്തി ചേട്ടാ ഊറ്റി കൂടിച്ചത്…..!! വേഗം എല്ലാരെയും പായ്ക്കപ്പ് ചെയ്തിട്ട് ഫസ്റ്റ് നൈറ്റ് സെറ്റാക്ക്….!! നീലുവിന്റെ പറച്ചിലിൽ ശക്തി അമ്പരന്നു…..അവൻ ലയയെ ഒന്നു നോക്കിയിട്ട് അവിടുന്ന് നടന്നകന്നു….!! നാക്കിന് നീളമുണ്ടെന്ന് കരുതി വേണ്ടാതീനം പറഞ്ഞാലുണ്ടല്ലോ…..

ലയ നീലുവിനോട് ദേഷ്യപ്പെട്ട് ചാടി തുള്ളിക്കൊണ്ട് പോയി…..!! എന്ത് വേണ്ടാതീനം…… ലൈസൻസും കിട്ടി ഇനി ആരെപ്പേടിക്കാൻ….. ഇതൊക്കെ ഏതു നൂറ്റാണ്ടിലെ പ്രൊഡക്ടാണോ…… നീലു ആത്മഗതിച്ച് തള്ളിക്കൊണ്ടിരുന്നു……!! ഞാനെങ്ങാനും ആരുന്നേൽ….. കാക്കിയേ റേപ്പിയേനെ….. എന്റെ….. കാക്കി…. നീ എവിടെയാ…..എന്റെ രോദനം നീയറിയുന്നോ…… യോഗമില്ല അമ്മിണിയേ പായ മടക്കിക്കോ….. നീലൂ നീട്ടിയൊന്നു നെടുവീർപ്പിച്ചു….!!! രുദ്രനും കുടുംബവും മടങ്ങി……!!

ശക്തി ഫ്രഷാകാനായി പോയി…. ശ്രീദേവി അമ്മയും ഉറങ്ങിയിരുന്നു…. ലയ പുറത്ത് വെറുതേ നടന്നു….. മഴ പെയ്തു തോർന്നതിന്റെ മൂടൽ ആകാശവും മൗനമായിരുന്നു അമ്പിളിയേയും നക്ഷത്രങ്ങളും എങ്ങോ പോയി ഒളിച്ചിരുന്നു…..!!! ഇരുട്ടിൽ ആരോ നടന്നു വരുന്ന പോലെ കാല് പാദങ്ങളാൽ ചരൽ ഞെരിയുന്ന ശബ്ദത്തിൽ ലയ ഒന്നു ഭയന്ന് പിൻ തിരിഞ്ഞ് വേഗം ഉള്ളിലേക്ക് നടന്നു….. ആ വേഗതയിൽ പുറത്ത് ബാത്റൂമിൽ കുളിച്ചിറങ്ങിയ ശക്തിയുമായി ലയ ഇടിച്ചു വീഴാൻ പോയി ശക്തി അവളെ താങ്ങി നെഞ്ചോടു ചേർത്തു…..!!!

ഈറൻ മുടിയും….. തീഷ്ണതയുള്ള കണ്ണുകളും അവളിൽ ഉഴറി നടന്നു….. ലയ ശ്വാസമെടുക്കാൻ മറന്നു പോയി…… ടവൽ മാത്രം ഉടുത്ത് ഉറച്ച വിരിമാറിലെ നനുത്ത രോമങ്ങൾ ജലകണങ്ങളാൽ കുതിർന്നിരുന്നു അവന്റെ നിശ്വാസം മുഖത്തു തട്ടിയതും അവളറിയാതെ പിടഞ്ഞു……!! ശക്തി പെട്ടെന്നവളെ വേർപെടുത്തി…… അവളിൽ നിന്ന് അകന്നു മാറി……. അവളെയൊന്നു നോക്കാതെ ഡ്രെസ്സ് മാറാനായി പോയി…..!!! ലയയ്ക്ക് അവിടെ നിന്ന് ഒരിഞ്ചുപോലും അകലാൻ കഴിയാതെ നിന്നു…..!!!

ഞാൻ വെളുപ്പിനെ പോകും……. കടുപ്പത്തിലുള്ള ശബ്ദമാണ് അവളെ ഉണർത്തിയത്…… നിനക്കും കോളേജിൽ പോകേണ്ടതല്ലേ…. പഠനം മുടക്കരുത്…… ഉറക്കിളയ്ക്കണ്ട ദാ ആ മുറിയിൽ പോയി കിടന്നോ…… പുതിയതായി കെട്ടിയ റൂം കാട്ടി അവൻ പറഞ്ഞു……വേറൊന്നും പറയാതെ ശക്തി വരാന്തയിലേക്കിറങ്ങി…..!!! ശക്തി ദീർഘശ്വാസം വിട്ടു…… അവളിൽ നിന്ന് ഒരു വാക്കുപോലും പ്രതീക്ഷിക്കുന്നില്ല എങ്കിലും ആ മൗനം ചുട്ടുപൊള്ളിക്കുന്നു……!!

സുഖമില്ലാതിരിക്കുന്ന അമ്മയേയും തന്റെ പ്രാണനേയും തനിച്ചാക്കി പോകുന്നതിൽ അവന്റെ ഹൃദയം വേദനിക്കുണ്ടായിരുന്നു……”” ലയയിലും ഒരു വീർപ്പുമുട്ടൽ എന്തിനെന്നറിയാതെ അവളുടെ മിഴികളും നിറഞ്ഞു തൂവിക്കൊണ്ടിരുന്നു……!! അവൾ കട്ടിലിൽ മുഖം അമർത്തി തേങ്ങി….. ഉറക്കം വരാതെ ലയ കിടന്നു കരഞ്ഞു കൊണ്ടിരുന്നു അർദ്ധരാത്രി എപ്പോഴോ ക്ഷീണത്താൽ അവൾ ഉറങ്ങിയിരുന്നു….!

വെളുപ്പിന് ശക്തി ലയയുടെ മുറിയിൽ യാത്ര പറയാനായി വന്നു…. കണ്ണുനീരുണങ്ങിയ അവളുടെ കവിൾത്തടം അവനെ വേദനിപ്പിച്ചു…..!! എന്തോ അവളെ ഉണർത്താൻ തോന്നിയില്ല അവളുടെ നെറ്റിയിൽ അതിലോലമായി ചുംബിച്ചു…… അവൻ കുറച്ചുനേരം അവളെ നോക്കി നിന്നിട്ട് പിൻ തിരിഞ്ഞു നടന്നു. അമ്മയോട് യാത്ര പറയുമ്പോൾ അവന്റെ മിഴികൾ നിറഞ്ഞിരുന്നു. അമ്മ കാണാതിരിക്കാൻ അവൻ വേഗം പുറത്തേക്കിറങ്ങി……. റെയിവേ സ്റ്റേഷൻ വരെ ഗീരീശനും ഒപ്പമുണ്ടാകും…..!!

ഒരിക്കൽ കൂടി തന്റെ പ്രീയപെട്ടവരുള്ള വീട്ടിലേക്ക് അവൻ തിരിഞ്ഞു നോക്കി…..!! ജനലിൽ ഇട്ടിരുന്ന കർട്ടൻ കാറ്റിൽ മെല്ലെ പൊങ്ങുന്നുണ്ടായിരുന്നു….. സൂര്യപ്രകാശം മുഖത്ത് തട്ടിയപ്പോൾ ലയ കണ്ണു തുറന്നു….!! അയ്യോ….. നേരം ഒത്തിരി ആയെന്നു തോന്നുന്നു ശക്തി പോയില്ലേ….!!! അവൾ വേഗം മൊബൈൽ എടുഞ്ഞു നോക്കിയപ്പോൾ 8 മണി ആകുന്നു. വേഗം ശ്രീദേവി അമ്മയുടെ അടുത്തേക്ക് വന്നു…..!!! ഞാനല്പം ലേറ്റായി അമ്മേ….!!! ശക്തി….!!! അവൾ ചോദിച്ചു….!! അവൻ പോയല്ലോ മോളെ….!!

അവളിലെന്തോ ഒരു നോവ് പടർന്നു…!!! മനസ്സ് ശൂന്യം ആയതുപോലെ …!!! ഒന്ന് പറഞ്ഞിട്ട് പോകാമായിരുന്നില്ലേ ശക്തി….??? നിന്നോടുള്ള എന്റെ അകൽച്ച …….സ്നേഹം ഇല്ലാഞ്ഞിട്ടല്ല ശക്തി……ഞാൻ എന്നോട് തന്നെ തീർത്തൊരു പ്രതിരോധമാണത്……!!! നമ്മൾ തെറ്റ് ചെയ്തെന്ന തോന്നലിൽ നിന്ന് ഉളവായതാണ് നിന്നെ ഫേസ് ചെയ്യാൻ എന്തോ ഒരു തടസ്സം…. അത്രയേറെ സ്നേഹിക്കുമ്പോഴും നിന്നിൽ നിന്ന് ഓടിയൊളിക്കാനാണ് തോന്നുന്നത്……!!

എന്താ മോളേ ചിന്തിച്ചിരിക്കുന്നത് മോളുറങ്ങുകയായോണ്ടാ അവൻ പറയാതെ പോയത് വിഷമിക്കേണ്ടാ കേട്ടോ…..അവന്റെ ലക്ഷ്യം പൂർത്തിയായിട്ട് വരട്ടെ…..!! ഒന്നും മിണ്ടാൻ കഴിയാതെ ലയ കുറച്ചു നേരം അവിടെ നിന്നിട്ട് റൂമിലേക്ക് പോയി….!! ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു ശക്‌തിയുടെ ഫോൺ കോളുകൾ വന്നാൽ സ്പീക്കറിൽ ഇട്ട് ശ്രീദേവിഅമ്മയെ കേൾപ്പിക്കുമായിരുന്നു….!!!

ലയയെ പറ്റി ശക്തി ഒന്നും ചോദിക്കില്ലായിരുന്നു ….. ചില നേരങ്ങളിൽ അവൻ മൗനമാകാറുണ്ട് അതു തനിക്കുവേണ്ടിയാണോന്ന് അവൾ ചിന്തിക്കും….!! ഒരു ദിവസം വീട്ടിലെ ജോലികളെല്ലാം കഴിഞ്ഞ് അമ്മയെ ഗീതേച്ചിയെ ഏല്പിച്ച് കോൺവെന്റിലെ കുട്ടികളെ കാണാനായപ്പോയി….. കുട്ടികളുടെ കൂടെ കുറച്ചു സമയം ചിലവഴിച്ചപ്പോൾ പഴയ ലയ തിരിച്ചു വന്നതു പോലെ തോന്നി….!!! ശ്രീദേവി അമ്മയുടെ ചികിത്‌സ RL മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ആരംഭിച്ചു ലയ എല്ലാത്തിനും കൂടെ നിന്ന് അമ്മയെ ശുശ്രൂഷിച്ചു.

ദിവസങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു ശ്രീദേവിയിൽ നല്ല പുരോഗതികൾ ഉണ്ടായി… ഇപ്പോൾ അവർക്ക് വീൽചെയറിന്റെ സഹായത്തോടെ സഞ്ചരിക്കാൻ കഴിയുന്നുണ്ടായിരുന്നു ലയ ബാംഗ്ലൂരിൽ പോകുകയാണ് ശ്രീദേവി അമ്മ അതിന്റെ വിഷമത്തിലാണ്…. അമ്മേ ഞാൻ ചെയ്തു പൂർത്തിയാകാത്ത കുറേ കാര്യങ്ങൾ അവിടെയുണ്ട്…. അമ്മ എന്നെ പോകാൻ അനുവദിക്കണം ശ്രീദേവിഅമ്മയെ ലയ തന്റെ വീട്ടിൽ ആക്കി ….. ലയ ബാംഗ്ലൂരിലേക്ക് യാത്രയായി…..!!

ഹായ്……!!! ജഗൻ……..താൻ എന്നെ റിസീവു ചെയ്യാൻ വരുമെന്ന് കരുതിയില്ല….!!! വരണമെന്നു തോന്നി അത്രമാത്രം ജഗതീശ് ഒന്നു ചിരിച്ചിട്ടു ലയയുടെ ലഗേജ് കാറിന്റെ ഡിക്കിയിലേക്ക് മാറ്റി…..! എന്തായി ജഗൻ ഫാക്ടറി തൊഴിലാളികളുടെ പുനരധിവാസ പ്രവർത്തനങ്ങളൊക്കെ..!! സ്മൂത്തായി പോകുന്നു ….. ജഗതീശ് ചീരിച്ചു….! താൻ വന്നല്ലോ കൂടുതൽ ഉഷാറാക്കാം പല്ലവിയെ കണ്ടില്ലല്ലോ ജഗൻ….!! ഓ…. നീയൊന്നു മിണ്ടാതിരിക്ക്….

ഇനി അതിന്റെ കുറവു കൂടിയല്ലേ ഉള്ളു…!!! ജഗതീശ് അരിശപ്പെട്ട് വണ്ടി എടുത്തു. ലയ ഉറക്കെ ചിരിച്ചു….!! പാവമല്ലേ ജഗൻ അവൾ….. നിന്നെ പ്രാണനെപ്പോലെ കരുതുന്നവൾ….!! എനിക്കുമില്ലേടി . ഇഷ്ടങ്ങൾ ആഗ്രഹങ്ങൾ സ്വപ്നങ്ങൾ … പ്രണയം അങ്ങനെ….!! ജഗതീശ് അവളുടെ കണ്ണിൽ നോക്കിക്കൊണ്ട് പറഞ്ഞു….!!! നിന്നെ പോലൊരു അസുരനും പ്രണയമോ…. ലയ ചിരിച്ചു. എന്താടി എനിക്ക് പ്രണയിക്കാൻ കഴിയില്ലേ..!!

ജഗതീശ് മീശ ചുരുട്ടി കാണിച്ചു പിന്നെ…. നീ ചുള്ളനല്ലേ…!! ലയ ചിരിച്ചു കൊണ്ടു പറഞ്ഞു. ലയയെ അവളുടെ വില്ലയിൽ ആക്കിയിട്ട് ജഗതീശ് വണ്ടി എടുത്തു. ജീവനാണ് പെണ്ണെ നീ….!! നീയതറിയാതെ പോകുന്നു….!! ആർക്കും വിട്ടു കൊടുക്കാതെ കൂടെ കൂട്ടും ഞാൻ.…!! ഇന്നും പഴയ ലയ….. ഒരു പൊട്ടിന്റെ കൂടെ ആവരണമില്ലാത്ത മുഖം കഴിഞ്ഞ ഒരു വർഷത്തെ പരിചയമാണ് അവരു തമ്മിൽ…. കോളേജിനടുത്തുള്ള ഫാക്ടറി പെട്ടെന്ന് പൂട്ടി… അവിടുത്തെ പാവം പിടിച്ച തൊഴിലാളികൾ പട്ടിണിയിലേക്ക് കടന്നു. ചെറിയ കുട്ടികൾ ആഹാരത്തിനായി അലമുറയിട്ടു…!! ചേരികളിൽ താമസിക്കുന്നവർ കുടിവെള്ളത്തിനും വസ്ത്രങ്ങൾക്കും ബുദ്ധിമുട്ടി….!!

ഫാക്ടറി തൊഴിലാളികളുടെ അവസ്ഥകൾ നേരിട്ടറിഞ്ഞപ്പോൾ ലയയും കുറച്ചു കൂട്ടുകാരും അവരെ സഹായിക്കാനായി ഇറങ്ങിത്തിരിച്ചു …!! അവർക്കുവേണ്ടുന്ന സഹായങ്ങൾ ചെയ്യുന്നതിനിടയിലാണ് ജഗതീശ് ലയയെ പരിചയപ്പെടുന്നത്. അത് നല്ലൊരു ആത്മബന്ധമായി വളർന്നു. ലയയ്ക്ക് അവൻ നല്ല സുഹൃത്തും വെൽവിഷറും ആണ് പക്ഷേ ജഗതീശിൽ അത് പ്രണയമായി വളർന്നു. ചീത്ത കൂട്ടുകെട്ടിൽ നടന്നിരുന്ന ജഗതീശ് ലയയെ കണ്ടതിൽ പിന്നെ നല്ലൊരു മനുഷ്യനായി മാറി…..!!!

തുടരും ബിജി

ശക്തി: ഭാഗം 9

-

-

-

-

-