Thursday, December 19, 2024
Novel

ശക്തി: ഭാഗം 1

എഴുത്തുകാരി: ബിജി

സൂര്യ തേജസ്സിനു ശേഷം പുതിയ ഒരു കഥയുമായി എത്തുകയാണ് എന്റെ സുഹൃത്തുക്കൾ കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് തുടങ്ങുകയാണ്……. എനിക്ക് Pic തന്ന മിനുവിനും Pic edit ചെയ്തു തന്ന രവിതയ്ക്കും ഒരായിരം നന്ദി. 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ഭാമേ….. ലയമോളോട് വേഗം ഒന്നു ഇറങ്ങാൻ പറയ് നിന്നു തിരിയാൻ പറ്റാത്ത തരത്തിലുള്ള തിരക്കിൽ നിന്ന് ഓടി വന്നതാ രുദ്ര വർമ്മ ശുണ്ഠിയെടുത്തു.

നാത്തുനേ….. ചേട്ടൻ ഒച്ചയെടുത്തു തുടങ്ങി രാഗിണി സത്യഭാമയെ നോക്കി ചിരിച്ചു….. എവിടുന്നു മോളൊന്നു ചുണ്ടു പിളർത്തിയാൽ അവിടെ തീർന്നില്ലേ ഈ എയറു പിടുത്തം…..!! ലയ റെഡിയായില്ലേ ആന്റീ നീലു ചോദിച്ചു നീയൊന്നു വിളിക്കുമോളേ…. കുരുത്തംകെട്ടത് എന്തെടുക്കുവാണോ ആവോ….. പറഞ്ഞതുമല്ല ലയ സ്റ്റെയർ ഇറങ്ങി വന്നു. ലോങ് സ്കേർട്ടും ടോപ്പുമാണ് വേഷം കഴുത്തിൽ ഒരു സ്കാർഫ് ചുറ്റിയിട്ടിട്ടുണ്ട്. മുഖത്ത് ഒരു പൊട്ടുകൂടിയില്ല. അവളുടെ സ്വഭാവം അറിയാവുന്നതുകൊണ്ട് ആരും ഒന്നും മിണ്ടിയില്ല.

നന്നേ വെളുത്ത് അതി സുന്ദരിയാണ് ലയ എന്ന രാഗലയ രുദ വർമ്മയുടേയും സത്യഭാമയുടേയും മകൾ….. നീലു……ദാവണിയിൽ സുന്ദരി ആയിരുന്നു. ഒതുങ്ങിയ ടൈപ്പ് എങ്കിലും സൗന്ദര്യത്തിൽ മികച്ചു നിന്നത് ലയ ആയിരുന്നു. എന്നാൽ ചമയങ്ങളിലൊന്നും അവൾക്ക് ഒരു താല്പര്യവും ഇല്ലായിരുന്നു…….!! ഇറങ്ങാറായില്ലേ രുദ്രൻ ദേഷ്യപ്പെടാൻ തുടങ്ങി അച്ഛേ…. വെറുതേ പ്രഷർ കൂട്ടണ്ടാ ട്ടോ…. ലയ അയാളുടെ മീശയിൽ പിടിച്ച് വലിച്ചു ടി…. കാന്താരി…. വാ വേഗം കയറ് ഇപ്പോൾ തന്നെ ലേറ്റ് ആയി….

അവർ എല്ലാവരും കാറിൽ കയറി വണ്ടി മുന്നോട്ടു പോയി……!! രാഗലയത്തിൽ രുദ്ര വർമ്മ എണ്ണമറ്റ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അധിപൻ ഭാര്യ സത്യഭാമ ഒരേയൊരു മകൾ രാഗലയ സഹോദരി രാഗിണി ഭർത്താവിന്റെ അകാലവിയോഗത്തിനുശേഷം സഹോദരനായ രുദ്രവർമ്മനോടൊപ്പമാണ് താമസം രാഗിണിയുടെ മകളാണ് നീലിമ എന്ന നീലു…..!! അവരുടെ കാർ നാട്ടിലെ പ്രശ്സ്തമായ ദേവീ ക്ഷേത്രത്തിന്റെ പാർക്കിങ് ഗ്രൗണ്ടിൽ നിന്നു.

ക്ഷേത്രം ദീപാലങ്കരങ്ങാളാൽ ജ്വലിച്ചു നിന്നു കുഭമാസത്തിലെ തിരുവാതിര നാളിൽ ഉത്സവത്തിന് കൊടികയറുകയാണ് ക്ഷേത്രത്തിനുള്ളിൽ നിന്നു പഞ്ചവാദ്യങ്ങളുടെ മേളങ്ങൾ ഒഴുകിയെത്തി. അഷ്ട ഐശ്വര്യ സ്വരുപിണിയായ ദേവിയെ ദർശിക്കാൻ നാനാ ദിക്കുകളിൽ നിന്നും ഭക്ത ജനങ്ങൾ എത്തിയിരുന്നു……!! ഭാമേ കൊച്ചുങ്ങളെ ശ്രദ്ധിച്ചോ തിക്കിലും തിരക്കിലും പെടേണ്ട രുദ്രവർമ്മയെ കാണുമ്പോൾ ഓരോ മുഖങ്ങളിലും ബഹുമാനം പ്രകടമായിരുന്നു. …..!!

ഭക്തിസാന്ദ്രമായ അന്തരീക്ഷം ആൽത്തറയുടെ ഇരു സൈഡും വള കച്ചവടക്കാരെ കൊണ്ടു നിറഞ്ഞു. അവിടെ നല്ല രീതിയിലുള്ള തിരക്ക് കാണാൻ കഴിഞ്ഞു. ക്ഷേത്രാങ്കണത്തിൽ ബലൂൺ വില്ക്കുന്നവരും കടല ചെറിയ ഉന്തുവണ്ടിയിൽ കൊണ്ടു വില്ക്കുന്നവരും ശരിക്കും ബഹളം തന്നെ…..!! ദേവിയുടെ തിടമ്പ് വഹിക്കുന്നതിനായി ഗജരാജൻ റെഡിയായി നില്പ്പുണ്ട്. നമ്മുടെ നായികയുടെ നോട്ടം അങ്ങോട്ടാണ് അഡാർ ആനപ്രേമിയാണ് രാഗലയ…

ഇന്നും ഇന്നലെയും കൊണ്ടുള്ള ഇഷ്ടമൊന്നും അല്ല നന്നേ ചെറുപ്പത്തിലെ ആരംഭിച്ചതാ….!! നീലു പാവം ചുറ്റുവട്ടമുള്ള പൂവാലൻമാർക്ക് തീറ്റി ഇട്ടു കൊണ്ടിരിക്കുകയാണ്. പാവം ഇത്ര കണ്ടൊക്കെ അണിഞ്ഞൊരുങ്ങിയെങ്കിലും സുന്ദരൻമാരുടെ നോട്ടമെല്ലാം ചെല്ലുന്നുതോ നമ്മുടെ ആനപ്രേമിയുടെ മുഖത്തും ഇതൊന്നും കാണാതെ നമ്മുടെ ലയ കൂട്ടി കരിവീരന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെ നോക്കി നില്ക്കുകയായിരുന്നു……!! ദാ…. ഇനിയതു വേണേൽ ആനപ്പുറത്ത് വലിഞ്ഞു കേറുമോ ഭാമ അരിശത്തോട് പറഞ്ഞു.

ഇതിനു പെൺകുട്ടികളെ പോലെ ചാന്തോ കൺമഷിയോ വല്ലതും നോക്കരുതോ…..!! ഭാമേ അവളെന്റെ ചുണക്കുട്ടിയാണ് ന്യായം എന്നു തോന്നുന്ന കാര്യം ഏതു കൊലകൊമ്പന്റെ മുന്നിലും തുറന്നു പറയാൻ യാതൊരു വൈഷമ്യവും ഇല്ലാത്ത പെൺകരുത്ത് രുദ്ദ്രവർമ്മന്റെ അമ്മ പ്രഭാവതിയുടെ അതേ ചൂടും ചൂരും ഉള്ള പെണ്ണ്. എനിക്ക് അഭിമാനമാ എന്റെ മകൾ…..!! തെറ്റു കണ്ടാൽ പ്രതികരിക്കും അതിന് അവൾ മുന്നിൽ നില്ക്കുന്നയാളുടെ പദവിയോ പ്രായമോ നോക്കാറില്ല……

രുദ്രന്റെ ആൺകുട്ടി ആണിവൾ….. അങ്കിളേ…… വള വേണം നീലു ചിണുങ്ങി…. എന്റെ കൊച്ചിന് അങ്കിൾ വാങ്ങിത്തരാല്ലോ… രുദ്രൻ അവളെ ചേർത്തുപിടിച്ചു. ദാ ആനപ്പുറത്തു കേറാൻ നിക്കുന്ന മറുതയേ കൂടി വിളിച്ചിട്ടുവാ രുദ്രൻ… ചിരിച്ചു കൊണ്ടു പറഞ്ഞു നീലൂ ലയയെ കൂട്ടിട്ടുവന്നു. ഏട്ടാ അമ്പലത്തിൽ കയറി തൊഴുതിട്ടു വന്നിട്ട് വളയൊക്കെ നോക്കാം രാഗിണി സഹോദരനോട്‌ പറഞ്ഞു. ശ്രീകോവിലിനുള്ളിലെ ചൈതന്യത്തെ രാഗലയ കൺകുളിർക്കെ കണ്ടു ഇന്നെന്തോ ദേവി തന്നിൽ വല്ലാതെ പ്രഭ ചൊരിയുന്ന പോലെ…

പൂജാരിയുടെ കൈയ്യിൽ നിന്ന് തീർത്ഥവും പ്രസാദവും വങ്ങി അവർ വെളിയിലിറങ്ങി ഉപദേവതമാരെ തൊഴുതു ആൽത്തറയിലേക്ക് നടന്നു. നിരനിരയായി വളക്കടകൾ പല നിറത്തിലുള്ള കുപ്പിവളകൾ…… തട്ടുകളിലായി നെയിൽ പോളിഷ് കുപ്പികൾ നിരത്തി വച്ചിരിക്കുന്നു. വിവിധ തരങ്ങിലുള്ള മുത്തു മാലകൾ തൂക്കിയിട്ടിരിക്കുന്നു. കൊച്ചുകുട്ടികളെ ആകർഷിക്കാൻ ടോയ്സ് വേറെയും. രുദ്രൻ സാറെ ഇങ്ങോട്ട് പോന്നാട്ടെ വയസ്സായ ഒരാൾ തന്റെ കടയിലേക്ക് അച്ഛനെ വിളിക്കുന്നു.

രുദ്രൻ എല്ലാവരേയും കൂട്ടി അങ്ങോട്ട് നടന്നു. ആഹാ…. വാസുവേട്ടന്റെ കടയാണോ…..! അതേ സാറേ ഉത്സവ സീസണിൽ മാത്രമേയുള്ളു…… രാഗലയയുടെ കണ്ണ് പക്ഷേ മറ്റൊരാളിലേക്ക് പതിഞ്ഞു. ഒത്ത ഉയരവും നല്ല ഉറച്ച ശരിരവും ഉള്ള ആ ചെറുപ്പകാരനിലേക്ക് കട്ടിയുള്ള പിരികങ്ങൾ കൂട്ടിമുട്ടി കിടക്കുന്നു. തിളങ്ങുന്ന കണ്ണുകൾ ശക്‌തി……സാറിന്റെ മോളാ എന്താന്നു വച്ചാൽ എടുത്ത് കൊടുക്ക്…..!! എന്താ വേണ്ടത്…..??

ശക്തി രാഗലയയുടെ മുഖത്തു നോക്കി ചോദിച്ചു…..?? ആ മുഴക്കമുള്ള ശബ്ദത്തിൽ രാഗലയ ഒന്നു പതറി….!! ശ്ശെടാ തനിക്കെന്താ സംഭവിച്ചത്?? ഒരാണിനും കാണാത്തൊരു പ്രത്യേകത തോന്നുന്നു. ഒരിക്കൽ നോക്കിയാൽ പിന്നെയും പിന്നെയും വലിച്ചടുപ്പിക്കുന്നു. അയ്യോ ചേട്ടാ ആ സാധനത്തിന്റെ പ്രൊഹിബിറ്റഡ് ഏരിയ ആണിത്….. നീലു ശക്തിയെ നോക്കി പറഞ്ഞു…..!! അവടെ ഒരു ഓഞ്ഞ കോമഡി….??

ലയ പിറുപിറുത്തു എന്നാ ല്യക്കാടീ ഈ മുതലിന് നീലുവിന്റെ കോഴി ചിറകുവിടർത്തി കൂവി…. ലയയുടെ ചെവിയിൽ മെല്ലെ പറഞ്ഞു എന്താരുന്നു രാഗലയയിൽ ഇതുവരെ കാണാത്ത ഇളക്കം…..!! ഓ….പിന്നെ എന്തോ ഒന്നു നോക്കി നീ അതിന് കൂടുതൽ ഇൻട്രോ ഒന്നും കൊടുക്കേണ്ട……!! മ്മ്മ്…. രാഗലയയെ നോക്കി ഒന്നു അവിഞ്ഞ മൂളക്കം നടത്തി നീലു ശക്തിയുടെ അടുത്തു നിന്നും വളയും അതിനു ചേരുന്ന ജിമുക്കിയും എടുത്തു. അത്രയും നേരം ലയ അവനെ ഫുൾ സ്കാനിങ് നടത്തുകയാണ്……!!

തന്റെ ജോലിയിൽ വ്യാപൃതനാണവൻ കടയിൽ വരുന്ന പെൺകുട്ടികൾ അവന്റെ സൗന്ദര്യത്തിന് മുന്നിൽ മയങ്ങി കൂടുതൽ അവനോട് കുഴയുന്നുണ്ടെങ്കിലും അവനൊന്നും ശ്രദ്ധിക്കുന്നതേയില്ല ഇതെന്തു ജന്മം…..!! മറ്റു കടകളിൽ ഇല്ലാത്തതിനേക്കാൾ പെൺകുട്ടികളുടെ തിരക്ക് ഇവിടെയാണ് ശക്തിയെന്ന ആകർഷണ കേന്ദ്രമാണതിന് കാരണം. താനെന്തിന് ഇയാളെ പറ്റി ചിന്തിക്കണം എന്തൊ ഒരു വെറൈറ്റി പീസായി തോന്നി അത്ര മാത്രം സ്വയം ഉത്തരവും കണ്ടെത്തി ലയ….

മോൾക്കൊന്നും വേണ്ടായോ അച്ഛൻ ചോദിച്ചതും അവളെന്തോ ഓർത്തപോലെ ചെറിയ കൂട്ടികളുടെ പാകത്തിന് കുറച്ചു വളകളും മാലകളും ഹെയർ ബാൻഡും വാങ്ങി. ഇതിന്റെ മുഖത്ത് ഒരു പുഞ്ചിരി പോലും എവിടുന്ന് വായ്ക്കകത്ത് നാക്കുണ്ടോന്നു പോലും സംശയമാണ്. ഒരു പ്രത്യേക പരിഗണനയും അവൻ ആർക്കും നല്കുന്നില്ല. വളക്കടയിൽ നില്ക്കുന്ന അത്രയും നേരം താൻ അവനെത്തന്നെ നോക്കുകയായിരുന്നോ ലയയ്ക്ക് ജാള്യത തോന്നി…..!!

രുദ്രൻ കാശൊക്കെ കൊടുത്തു സാധനം വാങ്ങി…. എല്ലാവരും നടന്നു രാഗലയ പതിയെ ഒന്നു തിരിഞ്ഞു നോക്കി അവൻ കൊച്ചു പെൺകുട്ടികൾക്ക് വളയിട്ടു കൊടുക്കുന്നു. ആ തീഷ്ണതയുള്ള കണ്ണുകളിൽ നിന്ന് ഒരു ദർശനം പോലും കിട്ടിയില്ലല്ലോ ഈ മുതലു കൊള്ളാല്ലോ ഇനി വേണേൽ അവന് ചങ്കുപറിയുന്ന പ്രണയം കാണും അല്ലേൽ നന്നായി ആരോ തേച്ചൊട്ടിച്ചിരിക്കും…..?? രാഗലയയുടെ ഹൃദയം അവിടിറക്കി വച്ചിട്ട് വന്നതു പോലുണ്ടല്ലോ….!! നീലു കുസൃതിയിൽ ഉരുവിട്ടു.

ഹോ…. വല്ലാത്ത കണ്ടുപിടുത്തം അങ്ങനെ ഒറ്റ നോട്ടത്തിലൊന്നും രാഗലയ വീഴില്ല പിന്നെ ആരിലും കാണാത്ത ഒരു തീ ആ കണ്ണുകളിൽ ഞാൻ കാണുന്നു. അതിനി പ്രണയം എന്നു പേരിട്ടു വിളിക്കാനാവില്ല പക്ഷേ ആ ഇളം ബ്രൗൺ കണ്ണൂകളിൽ എന്തോ ഉണ്ട്…… രാഗലയ വീണ്ടും പറഞ്ഞു. ഉണ്ട!! വല്ല കരടും പോയതാരിക്കും നീലു സ്വന്തം ചളി വാരിവിതറി….!! അപ്പച്ചി….. വാഴക്കൊലയ്ക്ക് എന്താ വില… ഓ …. എന്നാത്തിനാ മോളേ ഇപ്പോൾ ഒരു വിലയും ഇല്ല….. നന്നായി അപ്പച്ചി…..!!! ആക്കല്ലേ …..

നീലു അവളെ കോക്രി കാട്ടി നീയും വാഴയും ഒരു പോലെയാ ഒരു വിലയും ഇല്ല ലയ അവളെ കളിയാക്കി….!! ലയമോളേ…. അച്ഛായിക്ക് മോനെയൊന്നു കാണണം തനിച്ച്….!! എന്തെങ്കിലും കാര്യമില്ലാതെ അച്ഛൻ ഇങ്ങനെ പറയില്ല എന്താണാവോ കാറിൽ തിരികെയുള്ള യാത്രയിൽ രാഗലയ മൗനത്തെ കൂട്ടുപിടിച്ചു. അവൾ പുറം കാഴ്ചയിലേക്ക് മുഖം തിരിച്ചു. സൂര്യൻ ചമയങ്ങൾ അഴിച്ച് ആഴിയിൽ നീരാടാൻ ഇറങ്ങിയിരിക്കുന്നു.

ആകാശം രക്തവർണ്ണ ശോഭയാൽ നാണത്താൽ ഭൂമിയിലേക്ക് മിഴികളൂന്നി പക്ഷികൾ അന്നത്തെ ഇരതേടൽ അവസാനിപ്പിച്ച് തിരികെ കൂടുകളിൽ ചേക്കേറുന്നു. മനസ്സിലെന്തോ ശൂന്യത നൃത്തം വയ്ക്കുന്നു ആരെയോ തേടി അലയുന്നു മോഹ പക്ഷി ചിറകിട്ടടിക്കുന്നു. ഇനിയും ഇനിയും ഉത്തരം കണ്ടെത്താത്ത എന്തോ ഒന്ന് ഹൃത്തടത്തിൽ വിങ്ങുന്നു… തന്റെ മനസ്സ് അമ്പലത്തിലെ ആൽത്തറയിൽ കൈവിട്ടതുപോലെ…..!!

ഇതാണോ പ്രണയം….?? ഹേയ്….. അങ്ങനെയൊന്നും തോന്നുന്നില്ല പക്ഷേ വേറിട്ടറിയാത്ത അല്ലെങ്കിൽ നിർവ്വചനമില്ലാത്ത എന്തോ ഒന്ന് അവനിലേക്ക് അടുപ്പിക്കുന്നു….. ശക്തി….. നീയെന്ന ….നിന്നെ… അടുത്തറിയണം….. മോളിവിടൊന്നും അല്ലെന്നു തോന്നുന്നല്ലോ…..?? രുദ്രൻ ചിരിച്ചോണ്ടു ചോദിച്ചു അപ്പോഴാണ് അവൾ അറിയുന്നത് കാർ രാഗലയത്തിൽ എത്തിയെന്ന്…. വിളറിയ ചിരിയോടെ അവൾ വീടിനുള്ളിലേക്ക് കയറി രാഗൂ…..അച്ഛന് കാണണം മോളേ……!!

വരാം അച്‌ഛായി…!! ഇതെന്താ പതിവില്ലാതെ തനിച്ചു കാണണമെനൊക്കെ ഞാനറിയാത്ത എന്തെങ്കിലും കുരുത്തക്കേട് അവൾ ഒപ്പിച്ചോ…! ഭാമ രുദ്രനോട് ചോദിച്ചു…. നീ നിന്റെ പാട് നോക്ക് മോളേ ഭാമേ ഇത് ഞങ്ങളു തമ്മിലുള്ള ഡീലാണ് നീ ഇതിൽ ഇടപെടേണ്ട രുദ്രൻ ഭാമയെ നോക്കി കളിയാക്കി മ്മ്മ്……നടക്കട്ടെ രണ്ടും കൂടി വല്ല കൊസ്രാവള്ളിയും ഒപ്പിച്ചിട്ടു വരാനാണു ഭാവമെങ്കിൽ രണ്ടിനും കിട്ടും അതും പറഞ്ഞ് രാഗിണിയുമൊത്ത് ഉള്ളിലേക് പോയി……!!

ഈ സമയം ലയയും നീലുവും രാഗലയയുടെ റൂമീലാണ്. ഫുൾ കളറാണല്ലേ….. ചുറ്റും മിന്നാമിനികൾ ഒളിവീശി പാറി പറക്കുന്ന പോലുണ്ടോ…. ഒരു മുഖം മാത്രം മിഴിവോടെ തെളിയുന്നു അല്ലേ….!! നീലു പൊട്ട സാഹിത്യത്തിൽ രാഗലയയോട് ചോദിക്കുകയാണ്…..?? എന്തോന്ന്…. എന്തോന്ന് വല്ലാണ്ട് ലാഗാക്കാതെ നീലൂ നിന്റെപോക്ക് എങ്ങോട്ടാണെന്ന് നന്നായി അറിയാം പൊന്നു മോളേ അങ്ങനെ ഒരു ഫീലിങ്‌സും ഒരാണിനോടും ഇതുവരെ തോന്നിയിട്ടില്ല റെയർ പീസു വല്ലതിനെയും കണ്ടുമുട്ടി അങ്ങനെ തോന്നിയാൽ പിന്നെ ഈ രാഗലയ അയാൾക്ക് സ്വന്തമായിരിക്കും.

പിടിച്ചു വാങ്ങില്ല ആ സ്നേഹം ഒരിക്കലും ഇനി അഥവാ എനിക്ക് അർഹത ഇല്ലാതെയും വരാം അല്ലെങ്കിൽ ഒരിക്കലും എനിക്ക് ആ സ്നേഹം തിരിച്ചു കിട്ടിയില്ലെന്നും വരാം പക്ഷേ ഞാൻ സ്നേഹിച്ചു കൊണ്ടേയിരിക്കും ആരുമറിയാതെ ഒരു പക്ഷേ എന്റെ പ്രണയ പ്പാതിപോലും അറിയാതെ …. അതും ഒരു സുഖമല്ലേ നനുത്ത കുളിരോർമ്മ……! ചന്നംപിന്നം ചെയ്യുന്ന മഴത്തുള്ളികൾ എന്റെ മൂക പ്രണയത്തിന് സാക്ഷ്യം വഹിക്കും ഒരിക്കലും പ്രണയിച്ചു കൊതിതീരാത്ത താമരയേയും സൂര്യനേയും പോൽ…..

അകന്നു നിന്നു മാത്രം പ്രണയിക്കാൻ വിധിച്ച ഭൂമിയേയും ആകാശത്തേയും പോൽ….. ഞാൻ പ്രണയിച്ചു കൊണ്ടേയിരിക്കും…… ഇതെല്ലാം കേട്ട് നീലുവിന്റെ ഡയഫ്രം വരെ അടിച്ചു പോയി…!! എന്തോന്നെടി….. നീലു കണ്ണും മിഴിച്ച് വായും തുറന്ന് നിന്നു പോയി….!! രാഗലയയോട് സംസാരിക്കാൻ വന്ന രുദ്രൻ ഇതെല്ലാം വാതിലിന് പുറത്തു നിന്ന് കേട്ട് ഒരു പുഞ്ചിരിയോടെ തിരിച്ചു നടന്നു. നമ്മളിങ്ങനെ അസ്ഥിക്കുപിടിച്ച പ്രണയത്തിനൊന്നുമില്ലേ…. നീലു ബെഡ്ഡിൽ ഇരുന്നു കൊണ്ടു പറഞ്ഞു…….

നമ്മള് തീറ്റ വാരിവിതറും ഏതെങ്കിലും ഒരുത്തൻ കൊത്തിയാൽ നയന സുഖം അത്രമാത്രം അതിൽ കൂടുതൽ താങ്ങില്ല…… ചി…. വായിനോക്കി പോടി…. രാഗലയ അവളെ കളിയാക്കി ….. രാത്രിയിലെ ഭക്ഷണത്തിനു ശേഷം എല്ലാവരും വിശാലമായ ഹാളിൽ സംസാരിച്ചിരുന്നു. രുദ്രൻ ലയയെ കൂട്ടി ഗാർഡൻ ഏരിയയിലേക്ക് നടന്നു. എന്താണ് രുദ്രാ…. ഒരു കള്ളക്കളി…. അച്ഛനെ പേരു വിളികുന്നോടി കാന്താരി…..?? കളിയായി അവളുടെ ചെവിയിൽ പിടിച്ചു ശനിയാഴ്ചയല്ലേ മോളേ കോൺവെന്റിലെ ക്യാമ്പ് തുടങ്ങുന്നത് അതേല്ലോ…!! രുദ്രവർമ്മേ…

പക്ഷേ ഇപ്പോഴെന്നെ ഈ രാത്രിയിൽ അതും തനിച്ച് ഈ ഗാർഡൻ ഏരിയയിൽ കൊണ്ടുവന്നത് ഇത് പറയാനല്ല രാഗലയയിൽ നിന്ന് എന്താണ് അറിയേണ്ടത്…. രുദ്രൻ ഒന്നു പുഞ്ചിരിച്ചു…!! അയാൾ മിണ്ടാതെ നിന്നു…..!!! ഞാൻ പറയട്ടെ അച്ഛാ….. ശക്തി അല്ലേ വിഷയം….?? രാഗലയയുടെ നോട്ടം കൂർത്തു രുദ്രവർമ്മനിൽ കൃസൃതി നിറഞ്ഞ പുഞ്ചിരി വിരിഞ്ഞു. അതേ….!! ഇതുവരെ രാഗലയയിൽ കാണാത്തൊരു ഭാവം ഞാൻ അവിടെ ആ വളക്കടയിൽ കണ്ടു…..!!

ഈ കുറച്ചു മുൻപുവരെ ഏറ്റവും പ്രീയപ്പെട്ടതെന്തോ കൈവിട്ട അവസ്ഥയിൽ ആയിരുന്നല്ലോ നീലുവിനോട് പറഞ്ഞതൊക്കെ കേട്ടു…. ആ റെയർ പീസ് ശക്തിയല്ലേ ആ നീലുവിനെപ്പോലെ അച്ഛനും തുടങ്ങിയോ എന്റെ ലക്ഷ്യങ്ങൾ വേറെ ആണ് അച്ഛന് അറിയാമല്ലോ കഴിവതും അച്ഛനേ ബുദ്ധിമുട്ടിക്കാതെ അതൊക്കെ ലക്ഷ്യപ്രാപ്തിയിലെത്തിക്കണം എന്നുണ്ട്…..!! എന്നാൽ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം മോളുടെ വിവാഹം ആണ് പക്ഷേ മോളുടെ ഒരാഗ്രഹത്തിനും അച്ഛൻ എതിരല്ല.

ഇനി ശക്തി ആണെങ്കിലും അച്ഛന് സന്തോഷമേയുള്ളു. ഗാർഡനിലെ വാടാമല്ലികൾ നിറയെ പൂ ചൂടി നില്ക്കുന്നു. ലയ അതിനരികിലേക്ക് നടന്നു. പൂക്കളെ മെല്ലെ തലോടി…. സുഗന്ധമില്ലാത്ത പൂച്ചെടി ആയുസ്സ് ഏറെയുണ്ട് ചില മനുഷ്യരെപ്പോലെ മണമില്ലേലും ഗുണമുണ്ട് എന്തോ ആ നേരം ശക്തിയെ ഓർമ്മവന്നു. അവനെന്തു ചെയ്യുകയായിരിക്കും പല വർണ്ണങ്ങളിലുള്ള കുപ്പി വളകളുടെ കിലുക്കത്തിനിടയൽ ആയിരിക്കും അവളിൽ ഒരു പുഞ്ചിരി മിന്നി മാഞ്ഞു….!! മ്മ്മ്….. അച്ഛന്റെ കാന്താരി തനിയെ സ്വപ്നം കാണുകയാണോ….!!

രുദ്ര വർമ്മന്റെ ചോദ്യം അവളിൽ ചമ്മൽ ഉളവാക്കി ചമ്മി കഴിഞ്ഞെങ്കിൽ പോര് ഇനി പോയി കിടക്ക് രുദ്രൻ പറഞ്ഞതും അച്ഛനോടൊപ്പം വീടിനുള്ളിലേക്ക് കയറി പോയി……!! രാഗലയത്തിലെ ദിനങ്ങൾ ലയയുടെയും നീലുവിന്റെയും പൊട്ടിച്ചിരികളിൽ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു……!! രാഗലയ വെളുപ്പിന് തന്നെ ഉണർന്നു ജനാല മെല്ലെ തുറന്നു . ഇരമ്പി ആർത്തു വരുന്ന കാറ്റിലും മഴയിലും പുറത്തുള്ള കാഴ്ചകൾ മറഞ്ഞിരിക്കുന്നു. ഈറൻ കാറ്റ് അവളിലേക്ക് മഴത്തുള്ളികളെ ഉതിർത്തുകൊണ്ടിരുന്നു…..!!

ഇന്നെന്തോ ഈ പുലരി ഹൃദയത്തിൽ ആനന്ദം നിറയ്ക്കുന്നു. അവൾവേഗം റെഡിയായി ഒരു കൂർത്തിയും ലെഗ്ഗിൻസും എടുത്തിട്ടു. തലേ ദിവസം റെഡിയാക്കി വച്ച ബാഗെടുത്ത് താഴേക്കു ചെന്നു. ഭാമ കാലത്തെ എഴുന്നേറ്റു കിച്ചണിൽ ചായ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. നേര്യതുടുത്ത് നെറ്റിയിൽ ചന്ദനകുറിയണിഞ്ഞ് സീമന്തരേഖയിൽ കുങ്കുമവും തൊട്ട് ഈറൻ തലമുടി തോർത്തു കൊണ്ട് ചുറ്റി കെട്ടിയിരിക്കുന്നു. വല്ലാത്ത ഐശ്വര്യം തോന്നും ഭാമയെ കാണാൻ…..!!!

എന്താണ് ഒരു നോട്ടം ഭാമ കുസൃതി യോടെ മകളോട് തിരക്കി എന്റെ ഭാമ കൊച്ച് സുന്ദരിയാ കേട്ടോ……. അതും പറഞ്ഞവൾ അമ്മയെ കെട്ടിപിടിച്ചു…..!!! ഭാമയുടെ കണ്ണുനിറഞ്ഞു ഇനി പത്തുദിവസം കഴിഞ്ഞു വേണം കാണാൻ സമയത്തിന് ആഹാരമൊക്കെ കഴിക്കണം…?? ശരിയമ്മേ വിഷമിക്കാതെ അച്ഛനെന്തിയേ ഞാനൊന്ന് പറഞ്ഞേച്ചും വരാം ലയയുടെയും കണ്ണും നിറഞ്ഞു രുദ്രൻ കാർപോർച്ചിൽ പുക വലിച്ചോണ്ടിരിക്കുകയായിരുന്നു ടെൻഷൻ ഏറെയുള്ളപ്പോൾ രുദ്രൻ സിഗററ്റ് ഒന്നു വലിക്കും ആഹാ….

ഇവിടിങ്ങനെ ആത്മാവിനെ പുകച്ചിരിക്കുകയാണോ ലയ ചോദിച്ചതും എല്ലാത്തിനും നീ തന്നെ കാരണം രുദ്രൻ വിഷമത്തോടെ പറഞ്ഞു….!! എന്റെ അച്ഛാ നമ്മളെങ്ങോട്ടു പോകാനാ പോയ പോലെ ഇങ്ങെത്തില്ലേ…. എന്റെ ചങ്കിനെ വിട്ട് ഞാനെങ്ങോട്ടും പോകില്ല. പറഞ്ഞതും ലയയുടെ കണ്ണ് നിറഞ്ഞു രുദ്രനും അതേ അവസ്ഥയിലായിരുന്നു. അവൾ എല്ലാവരോടും യാത്ര പറഞ്ഞു. ഡ്രൈവർ സതീഷ് കാറെടുത്തു. ഒരു മണിക്കൂറോളമുള്ള യാത്രയിൽ വണ്ടി നിന്നത് സെന്റ് തെരേസാസ് കോൺവെന്റിന്റെ കാർ പോർച്ചിലാണ്….!!

ohh… My Sweet littile butterfly…… രാഗലയയെ കണ്ട് മദർ ബെനീറ്റ ഓടി വന്നു അവളെ കെട്ടിപിടിച്ച് നെറുകയിൽ ചുബിച്ചു….!! കലപില ശബ്ദത്തോടെ കുറേ കുട്ടികൾ ഓടി വന്ന് അവളെ കെട്ടിപ്പിടിച്ചു. അവർ പൊട്ടിചിരിക്കുകയും കൂവി വിളിച്ചും അവളെ തൊട്ടു തലോടിയും സ്നേഹപ്രകടനം നടത്തുകയായിരുന്നു…..!! ഈ കോൺവെന്റിലെ അന്തേവാസികളായ കുട്ടികൾ differently abled children ( വ്യത്യസ്തമായ ശേഷിയുള്ള കുട്ടികൾ) ആയിരുന്നു. നൂറോളം കൂട്ടികൾ ഇവിടുണ്ട് ഇവിടെ പത്തു ദിവസത്തെ ക്യാമ്പു സംഘടിപ്പിച്ചിട്ടുണ്ട്….!! ഈ ക്യാമ്പിലെ പ്രവർത്തനങ്ങൾക്കാണ്‌ ലയ എത്തിയിരിക്കുന്നത്-…..

രാഗലയ കുട്ടികളോടൊപ്പം കൂടി അവൾ കൊണ്ടുവന്ന സ്വീറ്റ്സ് അവർക്കു നല്കി. ആ സമയമാണ് ഭക്ഷണശാലയിലേക്ക് അവളുടെ നോട്ടം ചെന്നെത്തിയത് കുറേ ചെറുപ്പക്കാർ അരിചാക്കു ചുമക്കുകയും ചിലർ പച്ചക്കറികൾ അരിയുന്നു. ഒന്നു രണ്ട് പേർ പാചകത്തിലും ആണ്. അരി ചാക്ക് ചുമക്കുന്ന ആളേ കണ്ടതും രാഗലയയുടെ കണ്ണുകൾ വിടർന്നു…..!! അവരൊക്കെ ഇവിടെ??? ലയ ചോദിച്ചതും സിസ്റ്റർ ട്രീസ പറഞ്ഞു നമ്മുക്ക് സഹായം ചെയ്യുന്ന കുട്ടികളാ നല്ല കൊച്ചുങ്ങളാ ഒരു പ്രതിഫലവും വാങ്ങാതെയാ രാപകലില്ലാതെ കഷ്ടപ്പെടുന്നത്…..!! സിസ്റ്റർ പോയിട്ടും രാഗലയ ശക്തി പോയിടത്തേക്ക് നോക്കിനിന്നു….!! പ്രീയപ്പെട്ടതെന്തോ……. അരികത്തുള്ളതുപോലെ…… കാണാൻ കൊതിച്ചൊരാൾ…. തന്നിലേക്ക് അടുക്കുന്ന പോൽ…..!!

തുടരും ബിജി

നായകനെ കുറിച്ച് കൂടുതൽ വരും പാർട്ടുകളിൽ അറിയാം സൂര്യതേജസ്സിന് കൂടെ നിന്നതുപോലെ ഈ കഥയ്ക്കും കൂടെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ നിങ്ങളുടെ വാക്കുകൾക്കായി കാത്തിരിക്കുന്നു..….!!