Sunday, December 22, 2024
Novel

രുദ്രഭാവം : ഭാഗം 2

നോവൽ
എഴുത്തുകാരി: തമസാ

ഇന്ന് നേരത്തെ ട്യൂഷൻ കഴിഞ്ഞു.. ഇറങ്ങുന്നതിനു മുൻപ് വീട്ടിലേക്ക് വിളിച്ചു പറഞ്ഞു ഇറങ്ങിയെന്ന്.. അതാണ്‌ ശീലം.. ഇറങ്ങുമ്പോഴും എത്തുമ്പോഴും വീട്ടിലേക്ക് വിളിച്ചു പറഞ്ഞില്ലെങ്കിൽ അമ്മ ഇടയും…

തിരിച്ചു റൂമിലെത്തിയപ്പോൾ ദിവ്യ കുളിക്കുകയാണ്….

അവള് വരുന്നവരെ എഫ് ബിയിൽ ഒക്കെ കേറി ഇരുന്നു .

ഡീ.. നീ അമ്പലത്തിൽ പോയായിരുന്നോ ഇന്ന്?

ആം.. എന്നിട്ടാ പഠിപ്പിക്കാൻ പോയത്..

എങ്കിൽ കുറച്ചു ചന്ദനം താ.. കുറച്ചു സുന്ദരി ആയിട്ട് വേണം സെൽഫി എടുക്കാൻ…

എന്തിനാ ദിവ്യെ മേക്കപ്പ്… അല്ലെങ്കിൽ തന്നെ നിന്റെ ഫോട്ടോസിനൊക്കെ ഒടുക്കത്തെ എഡിറ്റിംഗാ… ഐ ലൈനർ വരെ ആപ്പ് വെച്ചു വരയ്ക്കുന്നുണ്ട്… പിന്നെന്തിനാ ചുന്ദരിക്കിനി ചന്ദനം…

ഭാവൂ… ഇളക്കല്ലേ… ഇളക്കല്ലേ… തരുന്നുണ്ടേൽ താ…

ഡീ… ആ ചന്ദനപ്പെട്ടിയിൽ ഇല ഉൾപ്പെടെ വെച്ചിട്ടുണ്ട്.. എടുത്തോ…

ഞാൻ പിന്നെയും ഫോണിലേക്ക് കൂപ്പുകുത്തി..

ഡീ…………….

എന്താടീ അലറുന്നത്.. കിട്ടിയില്ലേ….

ആാാ.. കിട്ടി… ഒരു ചുരുട്ട്…

ചുരുട്ട് ബീഡി ആണോ….

ഡീ…. 🤬

അവളുടെ കയ്യിലേക്ക് നോക്കിയപ്പോൾ,ഒരു അഞ്ചു സെന്റിമീറ്റർ നീളത്തിൽ ഒരു വെള്ളപേപ്പർ..

തുറന്നു നോക്കി…

അതിനുള്ളിൽ കറുത്ത അക്ഷരങ്ങളിൽ വടിവൊത്ത അക്ഷരങ്ങൾ….

ഭാവയാമി…..
നിന്നെ ഞാൻ ഇതുവരെ അടുത്തറിഞ്ഞിട്ടില്ല… എന്നെക്കാണാൻ വന്നിട്ടില്ലല്ലോ മുൻപ് നീ… എല്ലാം കാണുന്ന ഞാൻ നിന്നെ മാത്രം കാണാൻ വൈകി… എന്തിനാ ഡോക്ടർ കൊച്ചേ ഈ ട്യൂഷന്റെ ഒക്കെ ആവശ്യം.. അതല്ലേ സമയം തികയാതെ പോവുന്നത്.. അതല്ലേ നീ പഠിക്കാൻ മടി പിടിക്കുന്നത്…പിന്നെ രുദ്രൻ ഡക്ക കൊട്ടി അല്ലാട്ടോ സംഹാരത്തിനു പോകുന്നത്… അങ്ങനെ ഒച്ചയെടുത്തു കൊണ്ട് പോയാൽ അവന്മാർ ഓടിപ്പോവില്ലേ ഭാവയാമീ… സംഹാരം കഴിഞ്ഞിട്ടേ രുദ്രൻ ഡക്ക കൊട്ടുള്ളൂ… പിന്നെ…. ഉഴപ്പരുത്…. എന്തേ.. ക്ഷീണം തോന്നുന്നുവോ… കണ്ണടഞ്ഞു പോകുന്നുണ്ടോ… കണ്ണുകൾ മെല്ലെ അടയ്ക്കൂ.. നെറ്റിയിലെ ഞരമ്പുകളെ സ്വസ്ഥമാക്കൂ…മെല്ലെ ഉറങ്ങിക്കോളൂ… ഉറങ്ങിയെണീറ്റിട്ട് ഇനി പഠിക്കാം…..നിനക്ക് നല്ലതേ വരൂ… എന്ന്… നിന്റെ ഭഗവാൻ..

കത്ത് വായിച്ചു ഞെട്ടിത്തരിച്ചിരിക്കുകയായിരുന്നു ഞാൻ…

ഭാവു… ഇത് ആരാ തന്നത്…

അറിയില്ല ദിവ്യ.. ഞാൻ ഇത് ഇപ്പോഴാ കണ്ടത്…

ഇത് നിന്നെ ആരോ മനപ്പൂർവം ട്രോളുന്നതാ… വിട്ടേരെ… ആരെങ്കിലും ആ കത്ത് വായിച്ചു കാണും… ഇനി എഴുതാൻ പോവേണ്ടട്ടോ…

ഇല്ല… ഇനി എഴുതില്ല…..

അവിടെ നിന്നെണീറ്റ് പഠിക്കാൻ പോയിട്ടും പറ്റുന്നില്ല പഠിക്കാൻ… എന്നാലും ആരായിരിക്കും ആ കത്ത് വെച്ചത്.. ഇനി ഒറിജിനൽ രുദ്ര ദേവൻ ആയിരിക്കുമോ… ഏയ്‌… അങ്ങനെ ഒക്കെ ചെയ്യോ… ഏയ്‌….

ഏതാണ്ടൊക്കെ പഠിച്ചെന്നു വരുത്തി തീർത്തു.. വീട്ടിൽ വിളിച്ചു ഗുഡ് നൈറ്റ്‌ പറഞ്ഞിട്ട് പിന്നെയും, ചോറുണ്ടിട്ടിരുന്നു പഠിച്ചു…

അടുത്ത ഒരാഴ്ച നല്ല തിരക്കായിരുന്നു.. പഠിത്തം.. ട്യൂഷൻ.. അത് മാത്രം.. ക്ലാസ്സിൽ പോവുന്നത് കൊണ്ട് സമയം തികയില്ലല്ലോ…

പിന്നെ അമ്പലത്തിൽ പോയത് ഒരു വെള്ളിയാഴ്ച ആയിരുന്നു.. മലയാള മാസത്തിലേ ആദ്യ വെള്ളി… അപ്പോഴേക്കും ട്യൂഷൻ ഫീസ് കിട്ടിയിരുന്നു… റെന്റ് കൊടുത്തിട്ട് പിന്നെ, വീട്ടിൽ നിന്ന് അയച്ചു തന്നത് ബാക്കി വന്നതൊക്കെ ആയി 500 രൂപ കയ്യിലുണ്ട്…

10 രൂപയ്ക്ക് ഒരു അർച്ചന എഴുതിച്ചു.. രുദ്രന്റെ അടുത്ത് കഴിപ്പിക്കാൻ..

അർച്ചന ചെയ്ത് കയ്യിൽ കിട്ടിയപ്പോൾ രസീതിനെന്തോ പോലെ… നോക്കി.. അക്ഷരപ്പാടുകൾ.. മറുപുറം നോക്കി… അച്ചടി പുരളാത്ത മറുപുറം കറുത്ത അക്ഷരം കൊണ്ട് നിറഞ്ഞിരിക്കുന്നു… കയ്യിലെടുത്തു വായിച്ചു…

ഭാവയാമീ…
എവിടെയായിരുന്നു നീ… എന്റെ ഒരു മറുപടി കൊണ്ട് തന്നെ നീയെന്നെ മറന്നോ… അതോ.. ആരാധന തീർന്നുവോ… വീണ്ടും ഒരു മറുപടി പ്രതീക്ഷിച്ചിരുന്നു ഞാൻ… കിട്ടിയില്ലെന്നല്ല.. പിന്നെ ആളെ കണ്ടതുമില്ല… ഇത് വായിക്കുമ്പോൾ നിന്റെ മുഖത്തു ആവലാതി നിറയും… എനിക്കറിയാം… ഈ രുദ്രനെ പരീക്ഷിക്കുവാൻ ആണോ നീ അന്ന് എഴുതിയത്….
എന്ന്… രുദ്രൻ…

നെറ്റിയിൽ വിയർപ്പടിഞ്ഞു…. കൈകാലുകൾ വിറച്ചു… കത്തും….

അവൾ ചുറ്റും നോക്കി.. തന്നെ കളിപ്പികുന്നത് ആരാണെന്നറിയാണല്ലോ… പക്ഷേ ആരും ഉണ്ടായിരുന്നില്ല അവിടെ….

രാത്രി വീട്ടിലെത്തിയിട്ടും അവൾ മൗനയായിരുന്നു…

ചോറൂണും കഴിഞ്ഞ് അവൾ മുത്തശ്ശിയെ വിളിച്ചു…. അമ്മയുടെ അമ്മ…

അമ്മമ്മേ… ഞാനൊരു കാര്യം ചോദിക്കട്ടെ…. കാര്യായിട്ട് തന്നെ മറുപടി തരണട്ടോ.. കളിപ്പിക്കല്ല്…

ഇല്ലടീ പെണ്ണെ.. നീ ചോദീര്….

അമ്മമ്മേ… നമ്മൾ വിളിച്ചാൽ നമ്മൾ ആരാധിക്കുന്ന ദൈവം അടുത്ത് വരുമോ…

വരും… അതുകൊണ്ടല്ലേ നമ്മൾ ദൈവത്തോട് പ്രാർത്ഥിക്കുന്നത്… എന്താ മോളേ… എന്റെ കുഞ്ഞിന്റെ പ്രാർത്ഥന ഈശ്വരൻ കേൾകുന്നില്ലെന്ന് തോന്നിയോ നിനക്ക്…

ഇല്ലമ്മമ്മേ… ഞാൻ സംശയം ചോദിച്ചതാ.. അവരെങ്ങനെയാ നമ്മുടെ അടുത്ത് വരുന്നത്.. നമ്മൾ ഫോട്ടോയിൽ കാണുന്ന രൂപത്തിൽ ആയിരിക്കുമോ…

അല്ല കുഞ്ഞൂ.. നമ്മൾ ആഗ്രഹിക്കുന്ന വേഷത്തിൽ ആവും വരിക.. കേട്ടിട്ടില്ലേ.. പണ്ട് കന്യകയായ പെൺകുട്ടികളെ തേടി ഗന്ധർവന്മാർ വരുമായിരുന്നു…. അവരിഷ്ടപ്പെടുന്ന വേഷങ്ങളിൽ…. എന്നിട്ട് അവരുടെ കന്യകാത്വം കവർന്നെടുത്തു മടങ്ങും…

ഇപ്പോ ഗന്ധർവന്മാർ ഇല്ലേ അമ്മമ്മേ…

ഇപ്പോ കന്യകാത്വം കവർന്നെടുത്തു മുങ്ങാൻ കാമുകൻമാർ ഉണ്ടല്ലോ പലയിടത്തും.. അതുകൊണ്ട് ഗന്ധർവ്വൻമാർക്ക് വല്യ ഡിമാൻഡ് ഇല്ല കുഞ്ഞൂ..

പറഞ്ഞിട്ട് ചിരിക്കുവാ അമ്മമ്മ… മനുഷ്യൻ ഇവിടെ കാര്യം ചോദിക്കുമ്പോഴാ….

അമ്മമ്മേ… കളിക്കാതെ പറയ്‌… അത് ഗന്ധർവ്വൻ അല്ലെ.. ഞാൻ ദേവൻ മാരുടെ കാര്യമാ ചോദിച്ചത്….

നീ കേട്ടിട്ടില്ലേ കൃഷ്ണ ഭക്തരായ പെങ്കുട്ട്യോൾടെ കല്യാണം വൈകുമെന്ന്.. ഒരു സഖിയുടെ എണ്ണം കുറയാൻ പോലും കൃഷ്ണൻ സമ്മതിക്കില്ല… എല്ലാ ദേവന്മാരും അങ്ങനെ തന്നെയാ… തന്റെ ആരാധികമാരെ തേടി വരും…ഏത് രൂപത്തിലുമാവാം….

പിന്നെങ്ങനെയൊക്കെ സംസാരിച്ചു ഫോൺ കട്ട്‌ ചെയ്തു… മനസ് പിന്നെയും സംശയാലു ആവുകയാണ്..

എന്തായാലും ഇതൊന്ന് അറിയണം… ശരിയ്ക്കും രുദ്രൻ ആണോ… നാളെ ഒന്നുകൂടി അമ്പലത്തിൽ പോകണം.. അതുവരെ ദിവ്യയോട് പോലും പറയണ്ട… കണ്ടുപിടിച്ചു കഴിഞ്ഞിട്ട് പറയാം….

നേരം പുലരുന്നതും കാത്ത് ഞാൻ മെല്ലെ കിടന്നു… മനസ്സിൽ ഒത്തിരി ചോദ്യങ്ങളും പേറി..

(തുടരും )

രുദ്രഭാവം : ഭാഗം 1