Monday, November 18, 2024
Novel

രുദ്രഭാവം : ഭാഗം 1

നോവൽ
എഴുത്തുകാരി: തമസാ

തൂക്കണാംകുരുവിയുടെ കൂട് വരച്ചു ചേർത്ത തിളങ്ങുന്ന നീലപ്പാവാടയും അതിനു ചേർന്ന പച്ച ബ്ലൗസും ഇട്ട്, കയ്യിലെ തൂവാലയിൽ കാശ് പൊതിഞ്ഞു ചുറ്റി, വണ്ടിയുടെ താക്കോലും വലം കയ്യിൽ പിടിച്ചുകൊണ്ട് അമ്പലമുറ്റത്തേക്ക് അവൾ കയറി…. തലയ്ക്കു മുകളിലെ അരിയന്നൂർ മഹാദേവ ക്ഷേത്രം എന്ന ബോർഡ്‌ എന്നത്തേയും പോലെ അന്നും തലയെടുപ്പോടെ നില്കുന്നുണ്ടായിരിന്നു..

ചേട്ടാ… ഒരു പുഷ്പാഞ്ജലി…..

കമ്മിറ്റി ഓഫീസിലേക്ക് കേറിക്കൊണ്ട് അവൾ പറഞ്ഞു..

പേരും നക്ഷത്രവും പറഞ്ഞോളൂ…

ഭാവയാമി… മകം….

മകം പിറന്ന മങ്കയ്ക്ക് മാത്രേ ഉള്ളുവോ പുഷ്പാഞ്ജലി.. വേറെ ആർക്കും അർച്ചന കഴിക്കുന്നില്ലേ…

ഇല്ല.. ഇന്ന് എനിക്ക് മാത്രേ ഉള്ളു…. ചേട്ടാ.. ഈ നടയെപ്പോഴാ തുറക്കുന്നത്…?

5:30 ആവും കുട്ട്യേ.. ഈ നാട്ടുകാരി അല്ലല്ലേ…

അല്ല.. ഞാനിവിടെ പട്ടത്തു പഠിക്കുവാ.. എങ്ങനെ മനസിലായി?

ഈ നാട്ടിലെ ഭാഷ അല്ലല്ലോ ഇത്.. ഇടുക്കിയോ എറണാകുളമോ ആണോ… ഞാൻ അവിടെ പണ്ട് എറണാകുളത്തിനടുത്ത് ജോലി ചെയ്തിട്ടുണ്ട്‌… കേട്ട് പരിചയം ഉള്ള സംസാര രീതി ആണ്.. അതുകൊണ്ട് ചോദിച്ചതാ…

ഞാൻ എറണാകുളംകാരിയാ.. ഇവിടെ ട്യൂഷൻ പഠിപ്പിക്കുന്നുണ്ട് ഒരു വീട്ടിൽ.. ഈ വഴി പോകുമ്പോ തോന്നും ഒന്ന് ഈ അമ്പലത്തിൽ കേറണമെന്ന്.. നടക്കാറില്ല… ഇന്ന് ഒരു മോഹം…. അതുകൊണ്ട് കേറാൻ പാകത്തിനിറങ്ങി വീട്ടിൽ നിന്ന്… വൈകുമോ?.. 5 മണിക്കുള്ളതാ ട്യൂഷൻ.. അത് 5:30 ന് ആക്കിയതാർന്നു.. ഇനിയും വൈകുമോ?

കറക്റ്റ് അഞ്ചരയ്ക്ക് തന്നെ നട തുറക്കും… വിഷമിക്കണ്ട…

ചേട്ടാ.. എനിക്കറിയില്ല… ഇവിടെ ആദ്യം തൊഴേണ്ടത് എവിടെയാ…

ആ പുറത്ത് കാണുന്ന കോവിൽ ആദ്യം തൊഴണം… പിന്നെ അതിനുള്ളിലൂടെ പുറത്തിറങ്ങി സ്കന്ദനെയും ഗണപതിയേയും ദുർഗ്ഗയെയും തൊഴണം.. ശേഷം ഈ വലിയ കോവിലിൽ വന്നു തൊഴണം…

വല്യ കോവിലിൽ ആണോ മഹാദേവൻ?
.

അല്ല കുഞ്ഞേ… ആദ്യം തൊഴുന്ന കോവിലിൽ കോപിഷ്ഠനായ ദേവനാണ്…

രുദ്രനാണോ?

ആ അത് തന്നെ… ഈ ക്ഷേത്രത്തിൽ രണ്ടു രൂപത്തിലാ ഭഗവാൻ.. ഒന്ന് കുടുംബസമേതം ഭഗവാനും.. അതാണ്‌ വലിയ കോവിലിൽ… പിന്നെ സംഹാരം കഴിഞ്ഞു വന്നിരിക്കുന്ന രുദ്രനും… അവിടെയാണ് ആദ്യം തൊഴേണ്ടത്… അമ്പലത്തിൽ ഒക്കെ പോവാറുണ്ടല്ലേ.. രുദ്രനെ പെട്ടെന്ന് മനസിലായല്ലോ…

ഞാൻ ഇത് വരെ രുദ്ര ക്ഷേത്രങ്ങളിൽ പോയിട്ടില്ല.. അതുകൊണ്ട് എന്തൊക്കെയോ ഒരു സന്തോഷം ഉള്ളിൽ…

മോളേ.. ദാ.. നടതുറന്നു… പോയി തൊഴുതോ…

🎌🎌🎌🎌🎌🎌🎌🎌🎌🎌🎌🎌🎌🎌🎌

പാവാടത്തുമ്പിൽ കാൽ വിരലുകളാൽ തട്ടിത്തട്ടി അവൾ രുദ്രന്റെ അടുത്തേക്ക് ചെന്നു… കൂട്ടിപ്പിടിച്ച കൈകളും, കണ്മഷി തേച്ച കണ്ണുകളും രുദ്രനെ തേടുകയായിരുന്നു…. കറുപ്പ് അധികം കലരാത്ത കൽവിളക്കിൽ ഒന്ന് തൊട്ടിട്ടവൾ നടവാതിലിൽ ചവിട്ടാതെ കാലുയർത്തി അപ്പുറം വെച്ച് ഉള്ളിലേക്ക് കയറി…

“രുദ്രാ……………. ”

ആ നേർത്ത വിളിയോടൊപ്പം ചുണ്ടിൽ അവളറിയാതെ തന്നെ ഒരു ചിരി വന്നിരുന്നു… കണ്ണിലെ കൃഷ്ണമണികൾ ഒന്ന് വട്ടം കറങ്ങിയിട്ട് മെല്ലെ അടഞ്ഞു…

“എനിക്ക് വലിയ ആശ ഒന്നുല്ലാട്ടോ രുദ്രാ… ഈ ലോകത്ത് ഉള്ള നല്ല ആൾകാരില്ലേ.. അവർക്കൊക്കെ നല്ലത് മാത്രം വരാവോളു.. പിന്നെ എന്റെ അച്ഛയ്ക്കും അമ്മയും ഞാൻ മരിച്ചിട്ടേ മരിക്കാവോളൂ…. അല്ലെങ്കിൽ ഭാവയാമിയുടെ ഭാവം മാറൂട്ടോ… മനസ്സിലായോ?… ”

ഒരു കൊച്ചുകുട്ടി കളി പറയുന്നപോലെ അവളുടെ മുഖത്തു ചിരിയും കളിയും നിറയുന്നുണ്ടായിരുന്നു…

“എന്താ കുട്ട്യേ.. ഭഗവാനെ നോക്കി കോക്രി കുത്തുവാണോ….? ”

ഭാവ ഒന്ന് തിരിഞ്ഞു നോക്കി..ഒരു വശത്തു തന്നെ നോക്കി തിരുമേനി നിൽക്കുന്നു…

അയ്യേ…. ചമ്മി….

“തിരുമേനി… ഞാൻ പ്രാർത്ഥിച്ചതാ… ഒരു പുഷ്പാഞ്ജലി ഉണ്ട്.. കഴിച്ചു തരുമോ… ”

“ഈ നടയിൽ ചെയ്യേണ്ട അർച്ചന ആണെങ്കിൽ ആ നടയിലേക്ക് വെച്ചോളൂ… അല്ലെങ്കിൽ മറ്റേ നടയിലാ ചെയ്തു തരുള്ളൂ… ”

അയ്യോ…

അവൾ പെട്ടെന്ന് രസീത് നോക്കി… ഛെ… വലിയ കോവിൽ എന്നാണല്ലോ എഴുതിയിരിക്കുന്നത്…

” ഞാൻ…. എനിക്ക് ഈ രുദ്രന്റെ അടുത്ത് നിന്ന് ഉള്ള അർച്ചന മതി ”

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി….

” രസീത് എഴുതിയത് മാറ്റാൻ പറ്റില്ല കുട്ട്യേ… ഇതിനൊക്കെ ഒരു കണക്ക് ഉള്ളതല്ലേ.. അടുത്ത തവണ വരുമ്പോൾ ചെയ്യാലോ ഇവിടെ.. അല്ലെങ്കിൽ പോയി വേറെ രസീത് എടുത്താലും മതി… ”

“ഏയ്‌.. പറ്റില്ല.. എന്റെ കയ്യിൽ ഇനി കാശില്ല… ആകെ ഇനി വാടക കൊടുക്കാനുള്ളതേ ഉള്ളു… ”

ഈ കുട്ടിയുടെ ഒരു കാര്യം…. തല കുടഞ്ഞു ചെറുതായൊന്നു ചിരിച്ചിട്ട് തിരുമേനി കോവിലിലേക്ക് കേറി..

തിരുമേനീ…

എന്താ കുഞ്ഞേ….

തിരുമേനി… ഞങ്ങളുടെ നാട്ടിൽ ഇഷ്ടദേവന് തന്റെ ആഗ്രഹങ്ങളൊക്കെ ചെറിയ കുറിപ്പുകളായി എഴുതി കൊടുക്കുന്ന രീതി ഉണ്ട്… അതുപോലെ ഇവിടെയും ചെയ്യാൻ പറ്റുമോ…

നിനക്ക് സമാധാനം കിട്ടുമെങ്കിൽ ചെയ്തോ കുട്ടീ… ഞാൻ എതിരൊന്നും പറയില്ല..

നിറഞ്ഞൊരു ചിരി നൽകിക്കൊണ്ട് അയാൾ കയറിപ്പോയി..

പിന്നെ ഒരോട്ടമായിരുന്നു… വണ്ടിയുടെ സീറ്റ്‌ തുറന്ന് വെള്ളപേപ്പർ എടുത്ത് അതിൽ അവൾ തന്റെ മനസെഴുതി…

” എന്റെ രുദ്ര ദേവാ… എന്റെ മാത്രം അല്ലെന്ന് അറിയാട്ടോ എനിക്ക്… പക്ഷേ എനിക്ക് എന്റെ എന്ന് പറയുന്നതാ ഇഷ്ടം… അതെന്താണെന്ന് ചോദിക്കല്ലേ രുദ്രാ.. അറിഞ്ഞൂടെനിക്ക്.. അത്രയ്ക്ക് ആരാധനയാ എനിക്ക് ഈ ദേവനെ… കണ്ടിട്ടില്ലാട്ടോ ഞാൻ നിന്നെ ഇതുവരെ.. നീ എന്നൊക്കെ വിളിക്കാവോ… ആ… എന്റെ ദേവനല്ലേ.. ഞാൻ അങ്ങനെയൊക്കെ വിളിക്കും…. ഞാനൊരു കാര്യം ചോദിക്കട്ടെ… ഈ സംഹാരത്തിനൊക്കെ പോവുമ്പോ ഡക്ക ഒക്കെ കൊട്ടി ആണോ രുദ്രാ പോവുന്നത്?…. ചുമ്മാ ആകാംക്ഷ കൊണ്ട് ചോദിച്ചതാട്ടോ… പിണങ്ങല്ലേ…. പിന്നെ ദേവാ… …കുറച്ചു വർഷം കഴിഞ്ഞാൽ ഞാനൊരു ഡോക്ടർ ആവും… അറിയുവോ… പക്ഷേ എനിക്ക് ഈ ഇടെ ആയിട്ട് പഠിക്കാൻ പറ്റണില്ല… എപ്പോഴും ക്ഷീണമാ.. അതൊക്കെ നീ വേഗം മാറ്റിതരണട്ടോ… മടിച്ചിക്കുട്ടിയുടെ മടിയൊക്കെ രുദ്രനെടുത്തോ… ഇവിടെ ചുമ്മാ ഇങ്ങനെ ഞങ്ങളെ നോക്കി ഇരികുവല്ലേ.. വല്യ ജോലി ഒന്നും ഇല്ലല്ലോ…ഇടയ്ക്കിടയ്ക്ക് അല്ലേ ജോലിയുള്ളു… ബാക്കിയൊക്കെ വിഷ്ണുവേട്ടനും ബ്രഹ്മച്ഛനും കൂടി നോക്കിക്കോളില്ലേ.. . ഞാൻ പഠിച്ചില്ലെങ്കിൽ പിന്നെ എനിക്ക് തിരിച്ചു വീട്ടിൽ കേറാൻ പറ്റില്ലെന്നേ… അതുകൊണ്ട് കട്ടയ്ക്ക് കൂടെ നിന്നേക്കണേ ദേവാ..
എന്ന് ഈ ദേവന്റെ ആരാധിക -ഭാവ… ”

പുറത്തേക്ക് ഇറങ്ങി, മുറ്റത്തു നിൽക്കുന്ന വാഴയിൽ നിന്നൊരു നാര് കീറി… ചുരുട്ടിയ കത്ത് നാരാൽ വട്ടം കെട്ടി… വാഴയില കീറി അതിൽ കത്ത് വെച്ച് രുദ്രന്റെ നടയിലേക്കവൾ വെച്ചു…

” രുദ്രന് കത്തെഴുതുന്ന ആളെ ഞാൻ ആദ്യമായി കാണുകയാണ്‌ട്ടോ.. എന്താ കുഞ്ഞിന്റെ പേര്? ”

ഭാവയാമി..

” നല്ല പേരാണുട്ടോ… എവിടെയാ വീട്… ”

ഇപ്പോൾ പട്ടത്താ.. ഞാൻ SAT ൽ പഠിക്കുവാ .MBBS..രണ്ടാം വർഷം…

” നാളെ വരില്ലേ…. ”

സമയം കിട്ടിയാൽ വരാം തിരുമേനീ… ഓട്ടം ആണ് ഓരോ കാര്യത്തിനായിട്ട്… ഉറപ്പില്ല…

“അപ്പോൾ ഭാവയാമിക്ക് ഈ കത്തിനുള്ള മറുപടി വേണ്ടേ… ”

അത് രുദ്രൻ തരില്ലല്ലോ….

“ആര് പറഞ്ഞു…. നമ്മൾ അർച്ചന ചെയ്യുന്നതും പരാതി പറയുന്നതും എല്ലാം കേൾക്കുന്ന ദേവനു തന്റെ കത്തിന് മറുപടി തരാൻ ആണോ മടി…. തരുമെന്നേ….. നാളെ വായോ… ”

എല്ലാവരെയും തൊഴുത് ഇറങ്ങി ട്യൂഷന് ചെന്നപ്പോൾ സമയം 6:15 ആയി…

ഫ്രാക്ഷൻസ് പഠിപ്പിക്കുമ്പോൾ അറിയന്നൂർ അമ്പലത്തിലെ രണ്ടു കോവിലുകളും ഭിന്നങ്ങൾ പോലെ മനസ്സിൽ നിറഞ്ഞു കിടന്നു….

8:30 കഴിഞ്ഞു തിരിച്ചു റൂമിൽ എത്തിയപ്പോൾ…

ചെന്നപ്പോൾ തന്നെ കേറിക്കിടന്നു.. ഇനി രാത്രി വല്ലതും എണീറ്റിരുന്നു പഠിക്കാം..

ദിവ്യ, ഞാൻ ഉറങ്ങിപ്പോയാൽ വിളിക്കരുത്…. നല്ല തല വേദന….

ഉറക്കെ വിളിച്ചു പറഞ്ഞു…

ഇല്ലാ എന്ന് സ്റ്റഡി റൂമിൽ നിന്ന് അവളുടെ മറുപടിയും കിട്ടി..

ദിവ്യയാണ് എന്റെ റൂം മേറ്റ്‌…. അപ്പുറത്ത് സ്റ്റഡി റൂം.. അവിടെയാ അപ്പുറത്തെ റൂമിലെ 2 പേരും ഞങ്ങളും പഠിക്കാൻ ഇരിക്കാറ്…

ഇടയ്ക്ക് ഉറങ്ങി എണീറ്റപ്പോഴും ദിവ്യ കിടന്നിട്ടില്ല… സമയം 12:47.. ആഹാ.. അടിപൊളി.. ഫോൺ എടുത്ത് നോക്കി.. 5 മിസ്സ്ഡ് കോൾ… എല്ലാം വീട്ടിൽ നിന്നാ…

വേഗം സ്റ്റഡി റൂമിലേക്ക് ചെന്നു.. ദിവ്യ മാത്രേ ഉള്ളു.. ബാക്കി എല്ലാം കിടന്നു കാണും..

“ഡീ അമ്മ വിളിച്ചായിരുന്നോ നിന്നെ? ”

എന്റെ ഭാവ, നീയിതെന്ത് വിചാരിച്ചാ ഇങ്ങനെ.. ഒന്നിന് പോയാൽ പോലും വീട്ടിലേക്ക് വിളിച്ചു പറയുന്നവളാ.. ഇന്ന് ട്യൂഷന് പോയതിനു ശേഷം വിളിക്കാതെ അവരെ പേടിപ്പിച്ചത്… എന്നെ വിളിച്ചിട്ടുണ്ടായിരുന്നു നിന്റെ അച്ഛ…

” ഇനി എങ്ങനെയാ വിളിക്കുക….. സമയം ഇത്രയും ആയില്ലേ.. അവരുറങ്ങിക്കാണും.. ”

ഇനി വിളിക്കണ്ടടി…ഞാൻ പറഞ്ഞിട്ടുണ്ട് നീ മടുത്തു വന്നത് കൊണ്ട് വേഗം ഉറങ്ങിയെന്ന്… നാളെ രാവിലെ വിളിക്കണമെന്ന് പറഞ്ഞു… നീ കഴിച്ചിരുന്നോ?

“ഇല്ല… ട്യൂഷൻ വീട്ടിൽ നിന്ന് ഒരു ഗ്ലാസ്‌ ചായ കിട്ടിയിരുന്നു… എന്റെ ചോറ് വളിച്ചു കാണുമോ? ”

നിന്റെ മാത്രം അല്ല.. എന്റെയും.. ഇന്ന് പഠിക്കാൻ നല്ല മൂഡ് ആയതുകൊണ്ട് നന്നായി പഠിച്ചു… ഉണ്ടില്ല… ബാ കഴിക്കാം… ആന്റി വൈകിട്ട് വെച്ചിട്ടല്ലേ നമുക്ക് ചോറ് തരുന്നത്.. അതുകൊണ്ട് ചീത്തയായിട്ടുണ്ടാവില്ല…

അങ്ങനെ നട്ടപ്പാതിരാ അത്താഴം ഉണ്ണുന്നതിനിടയ്ക്ക് ഞാൻ ഇന്ന് അമ്പലത്തിൽ പോയ കഥയൊക്കെ പറഞ്ഞു… കത്തെഴുതിയതും… അത് പറഞ്ഞപ്പോൾ അവൾക്കും രസം.. എങ്കിൽ നാളെ പോയി മറു കത്ത് വന്നോ എന്ന് നോക്കാൻ അവൾ പറഞ്ഞു….

പിറ്റേ ദിവസം ട്യൂഷന് പോവുന്നതിനു മുന്നേ ഞാൻ അമ്പലത്തിലേക്ക് ചെന്നു.. അന്നും ട്യൂഷൻ സമയം മാറ്റി…

അർച്ചനയ്ക്കൊന്നും നിന്നില്ല… നേരെ രുദ്രദേവന്റെ മുന്നിൽ പോയി നിന്നു…

ചുറ്റും കുറച്ചു പേരുള്ളൂ.. നട തുറന്നല്ലേ ഉള്ളു…. അതാണ്‌…

” ഇന്ന് മോൾക്ക് സ്പെഷ്യൽ അർച്ചന ഉണ്ട്ട്ടോ.. ഇന്നലെ മോൾടെ വിഷമം കണ്ടിട്ട് ഇന്ന് ഞാൻ മോളോട് ചോദിക്കാതെ മോൾടെ പേരിലൊരാർച്ചന നടത്തി രുദ്രന്റെ മുന്നിൽ… ”

ഇന്നലത്തെ അതേ തിരുമേനി… പൂണൂലിനിടയിലൂടെ നെഞ്ചിൽ കൈ തടവിക്കൊണ്ട് പറഞ്ഞു…

ഞാനൊന്ന് ചിരിച്ചു.. അകത്തേക്ക് കയറിപ്പോയിട്ട് അദ്ദേഹം പ്രസാദവുമായി വന്നു.. അർച്ചനയുടെ ഇലയിൽ ആരും കാണാതെ ഒരു കുഞ്ഞു കടലാസിൽ അവൾക്കായുള്ള മറുപടിയും ഇരിപ്പുണ്ടായിരുന്നു….

തുളസിയില നനഞ്ഞ മുടിയിലേക്ക് തിരുകി….
വലത്തേ കയ്യിലെ മോതിരവിരലാൽ തൊടുകുറി വരച്ചു… നിറുകയിൽ ഭസ്മം ചാർത്തി… കർപ്പൂരം ചേർന്ന ഭസ്മത്തിന്റെ മണം ഉള്ളം നിറച്ചു…. അപ്പോഴും ആ കുറിമാനം അവൾ കാണാതെ കറുകയിലയ്ക്കുള്ളിൽ ഒളിച്ചിരുന്നു….

(തുടരും )