Thursday, January 16, 2025
LATEST NEWSTECHNOLOGY

സർക്കാർ ഏജന്റിനെ ട്വിറ്ററിൽ തിരുകി കയറ്റാൻ കേന്ദ്രം നിർബന്ധിച്ചുവെന്ന് വെളിപ്പെടുത്തൽ

ഡൽഹി: അമേരിക്കൻ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ വിസിൽബ്ലോവർ കാരണം വിവാദത്തിലായി. ഹാക്കറും കമ്പനിയുടെ മുൻ സെക്യൂരിറ്റി മേധാവിയുമായ പീറ്റർ സാറ്റ്കോ നടത്തിയ ചില വെളിപ്പെടുത്തലുകൾ ഇന്ത്യയിലടക്കം കമ്പനിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഹാക്കർമാർക്കും സ്പാം അക്കൗണ്ടുകൾക്കുമെതിരെയുള്ള പ്രതിരോധങ്ങളെക്കുറിച്ച് ട്വിറ്റർ അധികൃതരെ തെറ്റിദ്ധരിപ്പിച്ചതായി മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച പീറ്ററിന്‍റെ വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നു.

മോദി സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളും പീറ്റർ ഉന്നയിച്ചു. ട്വിറ്ററിൽ സർക്കാർ ഏജന്‍റുമാരെ നിയമിക്കാൻ കേന്ദ്ര സർക്കാർ ട്വിറ്റർ ഉദ്യോഗസ്ഥരെ “നിർബന്ധിച്ചു” എന്ന് പീറ്റർ വെളിപ്പെടുത്തി. രാജ്യത്ത് “പ്രതിഷേധം” നടക്കുമ്പോൾ ഉപയോക്തൃ ഡാറ്റയിലേക്ക് നുഴഞ്ഞുകയറാൻ കമ്പനി സർക്കാരിനെ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

എന്നാൽ കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പാർലമെന്‍ററി സമിതി ട്വിറ്റർ എക്സിക്യൂട്ടീവുകളെ വിളിച്ചുവരുത്തി സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ട്. നേരത്തെ ഫെയ്സ്ബുക്കിനെതിരെയും സമാനമായ ആരോപണങ്ങൾ ഉയർന്നിരുന്നു. ആര്‍എസ്എസ് അനുകൂലികളും ഗ്രൂപ്പുകളും പേജുകളും ഭീതി പരത്തുന്നതും മുസ്ലീം വിരുദ്ധവുമായ പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കുന്നതിനെ കുറിച്ച് ബോധ്യമുണ്ടായിട്ടും ഇന്ത്യയില്‍ ഫേസ്ബുക്കിന് നടപടികളൊന്നും സ്വീകരിക്കാന്‍ സാധിച്ചില്ലെന്ന് മുന്‍ ജീവനക്കാരിയായ ഫ്രാന്‍സിസ് ഹൗഗനായിരുന്നു വെളിപ്പെടുത്തിയത്.