Thursday, December 19, 2024
Novel

രാജീവം : ഭാഗം 11

എഴുത്തുകാരി: കീർത്തി

വാതിലിനടുത്ത് എത്താറായതും കൈത്തണ്ടയിൽ പിടിവീണു. തിരിഞ്ഞു നോക്കാനുള്ള സാവകാശം പോലും നൽകാതെ എന്നെ വലിച്ച് ആ നെഞ്ചിലേക്കിട്ടു. അപ്രതീക്ഷിതമായ ആ പ്രവർത്തിയിൽ ഞെട്ടി രാജീവേട്ടന്റെ മുഖത്തേക്ക് നോക്കിനിന്നു. “ഞാൻ പൊയ്ക്കൊള്ളാൻ പറഞ്ഞാൽ ഉടനെ നീ എന്നെ വിട്ടിട്ട് പോകുവോ? അത്രയേ ഉള്ളൂ എന്നോടുള്ള ഇഷ്ടം? അല്ലെങ്കിൽ തന്നെ ഇതിനു വേണ്ടിയാണോ ഇത്രയും വർഷം കാത്തിരുന്ന് ഞാൻ നിന്നെ സ്വന്തമാക്കിയത്? “

കേട്ടതൊന്നും വിശ്വസിക്കാനാകാതെ രാജീവേട്ടനെ തന്നെ ഉറ്റുനോക്കി കൊണ്ട് ഞാൻ നിൽക്കുമ്പോൾ ആള് ഒരു ചെറുചിരിയോടെ കണ്ണുകളിൽ കുസൃതിയൊളിപ്പിച്ച് എന്നെയും നോക്കുകയായിരുന്നു. “പേടിച്ചോ ന്റെ മീനുക്കുട്ടി? ” ഇരുകൈകളാലും പുണർന്നു കൊണ്ട് രാജീവേട്ടൻ ചോദിച്ചു. പറഞ്ഞറിയിക്കാൻ പറ്റാത്തൊരു സന്തോഷമായിരുന്നു അപ്പോൾ. ഒരുനിമിഷം കൊണ്ട് എല്ലാം തീർന്നുവെന്നാണ് കരുതിയത്.

അപ്പോൾ എന്റെ കണ്ണുകളിൽ ജന്മമെടുത്ത ജലകണങ്ങൾ മാധുര്യമുള്ളതായിരുന്നു. രാജീവേട്ടന്റെ ചോദ്യത്തിന് തലയാട്ടി അതെയെന്ന് മറുപടി കൊടുത്തു. “നിന്റെ ഈ കുഞ്ഞിതലയ്ക്ക് ഇച്ചിരി കനം കൂടുതലാ. അതൊന്ന് കുറയ്ക്കാൻ ചെയ്തതാ. പിന്നെ…… ” “പിന്നെ? ” “ഞാൻ പറയുന്നത് മാത്രം കേൾക്കാൻ വയ്യ. നന്ദുവും ജെറിയും പറയുന്നത് കേൾക്കാം ലെ. അപ്പോൾ കുറച്ചു വിഷമിക്കട്ടേന്ന് ഞാനും വിചാരിച്ചു. എത്ര പ്രാവശ്യം ഞാൻ….. ” “മതി. എല്ലാത്തിനും മാപ്പ്. പൊറുക്കണം.

“രാജീവേട്ടന്റെ കാൽക്കൽ വീണു മാപ്പ് പറയാൻ തുനിഞ്ഞു. അതിനു മുന്നേ രാജീവേട്ടൻ എന്നെ എഴുന്നേൽപ്പിച്ച് ചേർത്തുപിടിച്ചു. കണ്ണീരോടെ ആ നെഞ്ചിൽ കവിൾ ചേർത്തു വെച്ച് ഞാനും രാജീവേട്ടനെ കെട്ടിപിടിച്ചു. “മീനു… ഐ ലവ് യൂ. ” അതിന് മറുപടിയായി രാജീവേട്ടന്റെ കണ്ണിലേക്കു നോക്കികൊണ്ട് കാൽവിരലുകളിൽ ഉയർന്നു നിന്നു. ആ മുഖം കൈകളിൽ കോരിയെടുത്ത് നെറ്റിയിൽ അമർത്തി ചുംബിച്ചു.

“ഐ ലവ് യൂ ട്ടൂ. ” രാജീവേട്ടന്റെ കൈകളുടെ മുറുക്കം കൂടി വന്നു. ഒപ്പം ആ മുഖം എന്റെ മുഖത്തോട് അടുത്തുകൊണ്ടിരുന്നു. പെട്ടന്നാണ് വാതിലിൽ ഒരു മുട്ട് കേട്ടത്. ഉടനെ ഞാൻ രാജീവേട്ടനിൽ നിന്നും അകന്നു മാറി. രണ്ടുപേർക്കും പരസ്പരം മുഖത്ത് നോക്കാനൊരു ചമ്മൽ തോന്നി. പുറത്ത് പോകാൻ വേഗം റെഡിയായി ഇറങ്ങി. ഹാളിൽ ഞങ്ങളെയും കാത്ത് പ്രതിശ്രുത വരനും വധുവും നിൽപ്പുണ്ടായിരുന്നു. പാർക്കിൽ കാഴ്ചകൾ കണ്ടു നടക്കുന്നതിനിടയിലും ആ കണ്ണുകൾ കുസൃതിയോടെ എന്നിൽ തന്നെ ഉടക്കിനിൽക്കുന്നത് ഞാനറിഞ്ഞു.

ആ നോട്ടത്തിൽ പോലും ഞാൻ പൂത്തുലയുന്നതായ് തോന്നി. മാളുവും സഞ്ജുവേട്ടനും ഓരോന്ന് പറഞ്ഞ് ചിരിച്ചു കളിച്ച് എല്ലാം ആസ്വദിക്കുന്നുണ്ട്. രാജീവേട്ടനും അവരോടൊപ്പം കൂടുന്നുണ്ടായിരുന്നു. ഇടയ്ക്ക് മാളു സഞ്ജുവേട്ടന്റെ ഒപ്പം നടക്കാൻ തുടങ്ങിയപ്പോൾ ഞാൻ തനിച്ചായത് പോലെ. അവരുടെ പോക്ക് നോക്കിനിൽക്കുമ്പോഴാണ് കൈയിലൊരു നനുത്ത സ്പർശം ഞാനറിഞ്ഞത്. എന്റെ വലതുകൈയിൽ കൈകോർത്തു പിടിച്ചു അടുത്ത് നിൽക്കുകയായിരുന്നു രാജീവേട്ടൻ.

“വാ… ” കൈയിലെ പിടി മുറുക്കികൊണ്ട് രാജീവേട്ടൻ പറഞ്ഞു. എന്തോ ആ മുഖത്തേക്ക് നോക്കാൻ കഴിയാതെ രാജീവേട്ടനോടൊപ്പം അനുസരണയോടെ നടന്നു. ഒരുപാട് ആഗ്രഹിച്ച നിമിഷങ്ങളാണ് ഇതെല്ലാം. പക്ഷെ ഇന്നതൊന്നും ആസ്വദിക്കാൻ കഴിയുന്നില്ലല്ലോ…. അതിന്റെ കാരണം എന്താണെന്ന് മാത്രം എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. രാജീവേട്ടൻ ഇന്ന് എന്റെ കാമുകനല്ല ഭർത്താവാണ്. എന്നിൽ എല്ലാ അതികാരങ്ങളുമുള്ള എന്റെ ജീവന്റെ പാതി. എന്നിട്ടും എന്തിനാണ് ഞാനാ സാമീപ്യത്തിൽ ഇങ്ങനെ ലജ്ജിക്കുന്നത്, ചമ്മി നിൽക്കുന്നത്.

ആ നോട്ടത്തെ നേരിടാൻ കഴിയാതെ തല കുനിച്ചുപോകുന്നത്. രാത്രി ഏറെ വൈകിയാണ് തിരിച്ചു ഫ്ലാറ്റിൽ എത്തിയത്. ഭക്ഷണം പുറത്ത് നിന്നും കഴിച്ചിരുന്നു. അതുകൊണ്ട് തന്നെ വന്നപാടെ മാളു വേഗം ഗസ്റ്റ്‌ റൂമിൽ കയറി കിടന്നു കൂടെ ഞാനും. രാജീവേട്ടന് കൂട്ട് സഞ്ജുവേട്ടനും. മാളുവിന്റെ പിറകെ റൂമിലേക്ക് പോകുമ്പോൾ ആ മുഖത്തേക്ക് ഒന്ന് നോക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷെ എന്തോ അതിനുള്ള ധൈര്യം കിട്ടിയില്ല.

എന്നാലും ആ മിഴികളുടെ ലക്ഷ്യം ഞാനായിരുന്നുവെന്ന് നോക്കാതെ തന്നെ മനസിലായി. ആ അറിവ് എന്നിലുണ്ടാക്കിയ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു. റൂമിൽ ചെന്ന് കിടന്നിട്ടും ആ സന്തോഷത്തിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു. എപ്പോഴാണ് ഉറങ്ങിയതെന്ന് അറിയില്ല. ഗാർഡൻ സിറ്റിയിലെ ഒരുവിധം പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെല്ലാം ഞങ്ങൾ പോയി.

അങ്ങനെ രണ്ടു മൂന്നു ദിവസത്തെ ആ ഒത്തുചേരലും അവസാനിക്കാനായി. ” അപ്പോൾ കല്യാണത്തിന് കാണാം. ഞങ്ങൾ ഒരാഴ്ച മുന്നേ അങ്ങ് എത്തിക്കൊള്ളാം. പോരെ ” രാവിലെ ഓഫിസിൽ പോകാൻ നേരത്തെ രാജീവേട്ടൻ സഞ്ജുവേട്ടനോട് ചോദിച്ചു. “ഞങ്ങളോ? അപ്പോൾ ഇവള് ഞങ്ങളുടെ കൂടെ വരുന്നില്ലേ? ” ഉടനെ രാജീവേട്ടന്റെ നോട്ടം എന്നിലേക്ക് നീണ്ടു. അവരുടെയും. നാണത്തോടെയുള്ള ഒരു ചിരിയായിരുന്നു എന്റെ മറുപടി. “മതി. എന്തായാലും എനിക്ക് ഒരുപാട് സന്തോഷമായി. “

മാളു എന്നെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞപ്പോൾ സഞ്ജുവേട്ടൻ അന്തം വിട്ടു ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. “എന്താടി കാര്യം? ” “അത് ഞാൻ നമ്മുടെ ഫസ്റ്റ് നൈറ്റ്‌ന് വിശദമായിട്ട് പറഞ്ഞു തരാം. ” “അത് വേണോ…. അപ്പൊ…… ” സഞ്ജുവേട്ടനെ ബാക്കി പറയാൻ സമ്മതിക്കാതെ അവൾ വായ പൊത്തിപിടിച്ചു. ഉച്ചയോടു കൂടി അവർ തിരിച്ചു പോയി. പിന്നെ വീണ്ടും ഫ്ലാറ്റിൽ ഞാനും രാജീവേട്ടനും മാത്രമായി. അതുവരെയുള്ളതിൽ നിന്നു വ്യത്യസ്തമായി രാജീവേട്ടനു മുന്നിൽ ചെല്ലാൻ തന്നെ ഒരു മടി.

പക്ഷെ ആളാണെങ്കിൽ ഓഫീസിൽ നിന്നു വന്നത് മുതൽ എന്റെ കൂടെതന്നെയായിരുന്നു. പരമാവധി ഒഴിഞ്ഞു മാറി ഞാനും നടന്നു. പക്ഷെ പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്നതുപോലെ കിടക്കാൻ നേരത്ത് ഞാനും പിടിയിലായി. റൂമിലേക്ക് ചെല്ലുമ്പോൾ രാജീവേട്ടൻ പിറകിലേക്ക് പിടിച്ച രണ്ടു കൈയിലും തല വെച്ച് മലർന്ന് കിടക്കുകയായിരുന്നു. എന്റെ വരവറിഞ്ഞതും ആള് ഒരു വശത്തേക്ക് ചെരിഞ്ഞു അനന്തശയനത്തിലെന്ന പോലെ എന്നെയും നോക്കി കിടന്നു.

കുസൃതി നിറഞ്ഞ ചിരിയും പ്രണയാർദ്രമായ കണ്ണുകളും എന്നെ ഒരു ശിലയാക്കി. അനങ്ങാൻ കഴിയാതെ തല താഴ്ത്തി ഞാൻ വാതിൽക്കൽ തന്നെ നിന്നു. “മീനു… ” “മ്മ്മ്… ” “ഇന്നെന്താ ഇങ്ങനെ? ” ഒന്നുമില്ലെന്ന അർത്ഥത്തിൽ രാജീവേട്ടനെ നോക്കി രണ്ടു വശത്തേക്കും തല ചലിപ്പിച്ചു. ഉടനെ ഒന്നും പറയാതെ രാജീവേട്ടൻ അടുത്തേക്ക് ചെല്ലാനായി വലതുകൈ പുഞ്ചിരിയോടെ എനിക്ക് നേരെ നീട്ടിപിടിച്ചു. മടിച്ചു മടിച്ച് അടുത്തേക്ക് ചെന്നതും കൈയിൽ പിടിച്ചു വലിച്ചു നെഞ്ചിലേക്കിട്ടു. എഴുന്നേൽക്കാൻ കഴിയാത്ത വിധം ഇരുകൈകളാലും ഉടുമ്പടക്കം കെട്ടിപിടിച്ചു.

“ഇനിയുള്ള ദിവസങ്ങൾ നമുക്ക് വേണ്ടിയാണ്. വര്ഷങ്ങളായി ഉള്ളിലൊതുക്കി വെച്ച നമ്മുടെ പ്രണയത്തിന്റെ. അതുകൊണ്ട്….. ” രാജീവേട്ടൻ പറഞ്ഞു കൊണ്ടിരുന്നത് പകുതി വെച്ച് നിർത്തിയപ്പോൾ ഞാൻ എന്താണെന്ന് അറിയാൻ ആ മുഖത്തേക്ക് തലuപൊക്കി നോക്കി. ഉടനെ രാജീവേട്ടന്റെ അധരങ്ങൾ എന്റെ നെറ്റിയിൽ പതിഞ്ഞു. “നമുക്ക് പ്രണയിക്കാം. പരിമിതികളില്ലാതെ… അവസാനം വരെ. ” “വേണ്ട. ” ഞാനത് പറഞ്ഞപ്പോൾ രാജീവേട്ടന്റെ മുഖത്ത് വിരിഞ്ഞ ഭാവം എന്തായിരുന്നുവെന്നത് നിർവചിക്കാൻ കഴിയാത്തതായിരുന്നു.

സംശയത്തോടൊപ്പം മറ്റെന്തൊക്കെയോ കൂടിക്കലർന്ന ഒരവസ്ഥ. “അവസാനമില്ലാതെ… അനന്തമായി പ്രണയിക്കണം. മരണത്തിനു പോലും വേർപ്പിരിക്കാൻ കഴിയാത്ത വിധം. ” നെഞ്ചോടു ചേർന്നു ഞാനത് പറഞ്ഞപ്പോൾ കൈകൾ ഒന്നുകൂടി മുറുകി. അന്ന് ആദ്യമായി എനിക്ക് വേണ്ടി തുടിക്കുന്ന രാജീവേട്ടന്റെ ഇടനെഞ്ചിലെ പ്രണയാർദ്രമായ ഹൃദയതാളവും കേട്ട് ആ കരവലയത്തിലൊതുങ്ങി ഞാനുറങ്ങി. രാജീവേട്ടൻ പറഞ്ഞത് പോലെ പിന്നീടങ്ങോട്ട് ഉള്ള ദിവസങ്ങൾ ഞങ്ങളുടേത് ആയിരുന്നു.

ഞങ്ങളുടേത് മാത്രം. രാജീവേട്ടൻ എത്രമാത്രം എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ ദിവസങ്ങൾ. എന്നിൽ മാത്രം ഒതുക്കിവെച്ചിരുന്ന രാജീവേട്ടനോടുള്ള പ്രണയം ഞാനും തിരിച്ചു നൽകി. ഒട്ടും കുറവ് വരുത്താതെ. അതുവരെ ഞങ്ങൾക്ക് അന്യമായിരുന്ന പ്രണയനിമിഷങ്ങൾ ഞങ്ങൾക്ക് തിരിച്ചു കിട്ടിയ ദിവസങ്ങൾ. പരസ്പരം കുഞ്ഞു കുഞ്ഞു പിണക്കങ്ങളും കുസൃതികളും ഒത്തിരി സ്നേഹവും പങ്കുവെച്ച ദിവസങ്ങൾ. മാളുവിന്റെയും സഞ്ജുവേട്ടന്റെയും വിവാഹത്തിന് നാട്ടിൽ പോയപ്പോൾ ഞങ്ങളെ കണ്ട് അച്ഛനായിരുന്നു കൂടുതൽ സന്തോഷം.

അപ്പോഴാണ് എല്ലാം അച്ഛൻ അറിഞ്ഞിരുന്നുവെന്ന് ഞാനറിഞ്ഞത്. മരുമകന് എല്ലാത്തിനും കൂടെ അച്ഛനും ഉണ്ടായിരുന്നുവെന്ന്. സ്വന്തം മകൾക്ക് പണി കൊടുക്കാൻ മരുമകന്റെ കൂടെ നിന്ന സ്നേഹനിധിയായ ഫാദർ. വെൽ ഡൺ മിഷ്ടർ മഹാദേവൻ. അച്ഛന്മാരായാൽ ഇങ്ങനെ തന്നെ വേണം. അവധി ദിവസമാണെന്ന് പറഞ്ഞ് എഴുന്നേൽക്കാൻ സമ്മതിക്കാതെ രാജീവേട്ടൻ എന്നെയും ചേർത്തു പിടിച്ച് കിടക്കുകയായിരുന്നു. എതിരൊന്നും പറയാതെ ഞാനും ആ നെഞ്ചോട് ചേർന്നു കിടന്നു.

അപ്പോഴാണ് രാജീവേട്ടന്റെ ഫോൺ ആ സ്വാർഗത്തിലെ കട്ടുറുമ്പിന്റെ അവതാരമെടുത്തത്. കണ്ണുകൾ ഇറുക്കിയടച്ച് ദേഷ്യം കടിച്ചമർത്തി കൊണ്ട് രാജീവേട്ടൻ കാൾ അറ്റൻഡ് ചെയ്തു. പക്ഷെ എന്നിലെ പിടി അയഞ്ഞിരുന്നില്ല. ഒരു കൈകൊണ്ട് എന്നെ ചേർത്ത് പിടിച്ചു തന്നെ രാജീവേട്ടൻ സംസാരിച്ചു. എന്തോ സന്തോഷമുള്ള കാര്യമാണെന്ന് ആ മുഖം പറയുന്നുണ്ടായിരുന്നു. “ആരായിരുന്നു? ” “അത് ജെറിയാണ്. നന്ദു പ്രസവിച്ചു. മോളാണെന്ന്. ” “പോകണ്ടേ. ” “മ്മ്മ്… പോകാം. ” പറഞ്ഞുകൊണ്ട് എന്നിലേക്ക് മുഖമടുപ്പിച്ചു വന്നതും രാജീവേട്ടനെ തള്ളിമാറ്റി ഞാൻ വാഷ് റൂമിലേക്കോടി. “ഇനി കിടക്കണ്ട.

ഹോസ്പിറ്റലിൽ പോകണ്ടേ. ” ഓട്ടത്തിന് ഇടയിൽ ഞാൻ വിളിച്ചു പറഞ്ഞു. വൈകാതെ തന്നെ ഞങ്ങൾ ഹോസ്പിറ്റലിലേക്ക് പോയി. നന്ദന ചേച്ചിയുടെ അടുത്ത് ബേബി പിങ്ക് കളർ തുണിയിൽ പൊതിഞ്ഞു ഉറങ്ങികിടക്കുന്ന ആ കുഞ്ഞു മാലാഖയെ ഇമചിമ്മാതെ ഞാൻ നോക്കിനിന്നു. ഹോസ്പിറ്റലിൽ അവരോടൊപ്പം ജെറി ചേട്ടന്റെ അപ്പനും അമ്മയും ഉണ്ടായിരുന്നു. നന്ദന ചേച്ചിയുടെ വീട്ടുകാർ ഇപ്പോഴും അവരെ അംഗീകരിച്ചിട്ടില്ല. രാജീവേട്ടൻ ജെറിചേട്ടനോട് സംസാരിച്ചു നിൽക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കുഞ്ഞിപ്പെണ്ണ് ഉണർന്നു. പിന്നെ അവളെ കളിപ്പിച്ചു ഇരുന്നു.

“പരിഭവങ്ങളൊക്കെ തീർന്ന സ്ഥിതിക്ക് ഇതുപോലെ ഒരാള് നിങ്ങൾക്കിടയിലും വേണ്ടേ? ” കുഞ്ഞിനോട് കൊഞ്ചിക്കൊണ്ട് ഇരിക്കുന്നതിന് ഇടയിൽ ചേച്ചി ചോദിച്ചു. പെട്ടന്നുള്ള ആ ചോദ്യം കേട്ടപ്പോൾ ഞാൻ ചേച്ചിയെ നോക്കിയിരുന്നു. അപ്പോൾ പിരികമുയർത്തി വീണ്ടും ചോദിച്ചു. ഉടനെ എന്റെ കണ്ണുകൾ രാജീവേട്ടനെ തിരഞ്ഞു. ഞാൻ നോക്കുന്നത് കണ്ട രാജീവേട്ടൻ കണ്ണുകൊണ്ടു എന്താണെന്ന് ചോദിച്ചപ്പോൾ ചുമൽ കുലുക്കി ഒന്നുമില്ലെന്ന് പറഞ്ഞു. ദിവസങ്ങൾ കഴിയെ നന്ദന ചേച്ചിയുടെ ആ ചോദ്യം എന്നിൽ ആഴത്തിൽ വേരുറപ്പിച്ചു. ഒരു കുഞ്ഞിനെ ഞാനും ആഗ്രഹിച്ചു തുടങ്ങി.

രാജീവേട്ടന്റെ ജീവന്റെ തുടിപ്പിനെ ഉദരത്തിൽ ചുമക്കാൻ. എന്നാൽ രാജീവേട്ടൻ ഇന്നുവരെ ഒരിക്കൽ പോലും അങ്ങനെയൊരു കാര്യം പറയാത്തത് എന്നെ ആശയക്കുഴപ്പത്തിലക്കി. രാജീവേട്ടൻ ഇപ്പൊ ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നുണ്ടാവില്ലേ? ഇതിനിടയിൽ ഒരു ദിവസം മാളു വിളിച്ചു പറഞ്ഞു അവളും അമ്മയാകാൻ പോവാണെന്ന്. അതുകൂടി കേട്ടപ്പോൾ ഉള്ള മനസമാധാനവും പോയി… ഇന്നത്തോടെ ഇതിനൊരു തീരുമാനമുണ്ടാക്കണം. ഇങ്ങ് വരട്ടെ. രാജീവേട്ടൻ ഓഫീസിൽ നിന്ന് വരാനായി കാത്തിരുന്നു.

രാജീവേട്ടൻ എത്തിയിട്ടും കാര്യം എങ്ങനെ അവതരിപ്പിക്കുമെന്ന സംശയമായി. ഒരു സ്റ്റാർട്ടിങ് പ്രോബ്ലം. “മാളു വിളിച്ചിരുന്നോ? ” കിടക്കാൻ നേരത്ത് റൂമിൽ ചെന്നപ്പോൾ മുഖത്തേക്ക് നോക്കാതെ മടിയിലെ ലാപ്ടോപ്പിൽ നോക്കികൊണ്ട് രാജീവേട്ടൻ ചോദിച്ചു. ഒരു മൂളലിൽ ഞാൻ ഉത്തരം ഒതുക്കി. “മ്മ്മ്… എനിക്ക് അല്പം വർക്ക്‌ ണ്ട്. താൻ കിടന്നോ. ” അത്രേയുള്ളൂ. ചോദ്യം കേട്ടപ്പോൾ ഞാൻ കരുതി രാജീവേട്ടനും…. കഷ്ടം. വായിൽ തോന്നിയതൊക്കെ പിറുപിറുത്ത് ഞാൻ രാജീവേട്ടന് മുഖം കൊടുക്കാതെ ബെഡിൽ ചെരിഞ്ഞു കിടന്നു. വർക്ക്‌ ചെയ്തോണ്ട് അവിടിരുന്നോ.

ഹും… കുറച്ചു കഴിഞ്ഞപ്പോൾ പിറകിലൂടെ കാതിലൊരു ചുടുനിശ്വാസം. തിരിഞ്ഞു നോക്കിയപ്പോൾ തൊട്ടുപിറകിൽ രാജീവേട്ടൻ ബെഡിൽ മുട്ടുകുത്തി നിൽക്കുന്നു. “എന്താണ് എന്റെ ശ്രീമതിടെ മുഖത്തിനൊരു വാട്ടം? ” “ഒന്നൂല്ല്യ. ” “അതല്ല. നന്ദനടെ കുഞ്ഞിനെ കാണാൻ പോയി വന്നപ്പോൾ തൊട്ട് ഞാൻ ശ്രദ്ധിക്കാണ്. എന്താ കാര്യം? പറയുമെന്ന് കരുതി ഇത്രയും നാൾ കാത്തു. പിന്നെ ഇന്ന് ഇപ്പൊ…. എന്താണ്? പറയടോ. ” എങ്ങനെ പറഞ്ഞു തുടങ്ങുമെന്ന് അറിയാതെ കൺഫ്യൂഷനായി ഇരുന്ന എനിക്കൊരു അവസരം കിട്ടി. ഞാനുടനെ എഴുന്നേറ്റിരുന്നു.

പറഞ്ഞോട്ടെ ന്നുള്ള അർത്ഥത്തിൽ ആ മുഖത്തേക്ക് നോക്കിയപ്പോൾ എനിക്ക് പറയാനുള്ളത് എന്തായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയായിരുന്നു ആ മുഖത്ത് നിറയെ. “അത്…. എനിക്ക്…. ” “നിനക്ക്? ” “എനിക്കും വേണം. ” “എന്ത്? ” “അത്…. നന്ദു ചേച്ചിടേം മാളൂന്റേം പോലെ….. ഒരു കുഞ്ഞിനെ. ” മുഖത്തു നോക്കാതെ എങ്ങനെയോ പറഞ്ഞ് ഒപ്പിച്ചു. രാജീവേട്ടന്റെ ഭാഗത്തു നിന്ന് അനക്കമൊന്നും കാണാത്തതു കൊണ്ട് തലയുയർത്തി നോക്കിയപ്പോൾ ആള് കൈരണ്ടും മാറിൽ പിണച്ചു കെട്ടി, കുസൃതിചിരിയോടെ എന്നെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.

പക്ഷെ എന്റെ കണ്ണിൽ അപ്പോഴേക്കും നീർമുത്തുകൾ സ്ഥാനം പിടിച്ചിരുന്നു. ആ ചിരിയും നോട്ടവും അത്രമേൽ ആർദ്രമായിരുന്നുവെങ്കിലും അവയെ നേരിടാനാകാതെ ഞാൻ തലതാഴ്ത്തി ഇരുന്നു. ഉടനെ രാജീവേട്ടൻ എന്റെ മുഖം കൈകുമ്പിളിൽ പിടിച്ചുയർത്തി. “മീനു… ” “എനിക്ക് ഒരു കുഞ്ഞു രാജീവിനെ വേണം. ” ആ കണ്ണുകളിലേക്ക് തന്നെ നോക്കി ഞാൻ പറഞ്ഞു. അപ്പോൾ രാജീവേട്ടന്റെ മുഖത്തു വിരിഞ്ഞ ഭാവം മനസ്സിലായതും നാണത്തോടെ ഞാനാ നെഞ്ചിൽ മുഖം പൂഴ്ത്തി. വൈകാതെ എന്നെയും കൊണ്ട് രാജീവേട്ടൻ ബെഡിലേക്ക് ചാഞ്ഞു.

(തുടരും)

രാജീവം : ഭാഗം 10

ഞങ്ങളുടെ പേജിലെ എല്ലാ നോവലുകളും വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ എഫ്ബി നോവൽ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക…