Thursday, December 19, 2024
Novel

പ്രിയനുരാഗം – ഭാഗം 3

നോവൽ
എഴുത്തുകാരി: ഐഷണി മഹാദേവ്


ഗൗതമിനു ആ കാഴ്ച്ച വിശ്വസിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു . ‘ഇവൾ എങ്ങനെ തന്റെ വീട്ടിൽ വന്നു .തന്റെ വീടുമായി ഇവൾക്കു എന്ത് ബന്ധം .

അന്ന് കണ്ടതിനു ശേഷം ഈ മുഖം ഓർക്കാതിരിക്കാൻ ശ്രമിക്കുമ്പോഴാണ് വീണ്ടും കൺമുന്നിൽ .’ ഗൗതം ചിന്തിച്ചു .
“ഇതാരാ അച്ഛാ ” കിച്ചു ഗൗതമിന്റെ അടുത്തു വന്നു നിന്ന് ചോദിച്ചു .

അപ്പോഴാണ് അവർ മൂന്നുപേരും കിച്ചുവിനെയും ഗൗതമിനെയും ശ്രദ്ധിച്ചത് .

പ്രിയയും ഗൗതമിന്റെ അതെ അവസ്ഥയിലായിരുന്നു . പ്രിയയുടെ മുഖത്തു അവൾ പോലും അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു . പക്ഷെ ആ പുഞ്ചിരി മായാൻ അതികം സമയം വേണ്ടി വന്നില്യ .

“ആരാ അമ്മേ ഇത് . ഇതിനുമുമ്പ് കണ്ടിട്ടില്ല്യല്ലോ ?!” ഗൗതം അമ്മെയോട് ചോദിക്കുന്നത് കേട്ട പ്രിയയുടെ മുഖത്ത് സംശയം നിറഞ്ഞു . ആലുവ മണൽപുറത്തു വെച്ച് കണ്ട പരിചയം പോലും ഗൗതമിന്റെ മുഖത്തു കാണാനില്ല .

“പ്രിയദർശിനി ,രാമന്റെയും ജാനകിയുടെയും മോളാണ് .നമ്മുടെ ടെക്സറ്റൈസിൽ വെച്ച് കണ്ടതാണ് .കയ്യിയോടെ ഇങ്ങു കൂട്ടി കൊണ്ട് പോന്നു .” കൃഷ്ണൻ പറഞ്ഞത് കേട്ട് കിച്ചുവും ഗൗതവും ഒരുപോലെ ഞെട്ടി .

“മോളെ ഇതാണ് ഞങ്ങളുടെ സന്താനങ്ങൾ ഗൗതം കൃഷ്ണ എന്ന കണ്ണൻ , ഗോകുൽ കൃഷ്ണ എന്ന കിച്ചു .” കൃഷ്ണൻ പ്രിയയോടായി പറഞ്ഞു .

അവൾ അവരെ നോക്കി ചിരിച്ചു . കിച്ചു വേഗം വന്നു അവൾക്കു കൈകൊടുത്തു . ഗൗതം ഫുൾ ജാടയിട്ടു നിൽപ്പാണ് . പ്രിയ നോക്കിയപ്പോ ആർക്കോ വേണ്ടി ഒന്ന് ചിരിച്ചു .

‘നേരത്തെ നോക്കിയപ്പോൾ ഞാൻ കണ്ടതാണല്ലോ എന്നെ കണ്ടപ്പോൾ ഉണ്ടായ ഞെട്ടൽ . ഞാൻ അത് ശ്രദ്ധിച്ചുന്നു മനസിലായപ്പോൾ അറിയാത്ത പോലെ അഭിനയിക്കുന്നു .ഇങ്ങേരു ആളുകൊള്ളാലൊ .ജാട തെണ്ടി .’ പ്രിയ മനസ്സിൽ ഓർത്തു .

“പ്രിയ എന്ത് ചെയ്യുന്നു .” കിച്ചു ആണ് . ആള് കഷ്ട്ടപെട്ടു കുറച്ചു പക്വത ഒക്കെ വരുത്തി പ്രത്യേക രീതിയിലാണ് ചോദിച്ചത് . അത് കേട്ടതും ഗൗതം അവനെ ഒന്ന് നോക്കി . കിച്ചു ഗൗതമിനെ നോക്കി കണ്ണിറുക്കി കാണിച്ചു .

“ഞാൻ ഇവിടെ ഐ ഐ എം ഇൽ എം ബി എ ജോയിൻ ചെയിതു . ” പ്രിയ പറഞ്ഞു .

ഗൗതമിന്റെ മുഖത്തു ഒരു ഞെട്ടൽ ഉണ്ടായി അതവൻ വിദഗ്തമായി മറച്ചു പിടിച്ചു .
” കണ്ണന്റെ കോളേജിലോ .

അപ്പൊ കണ്ണന്റെ ജൂനിയർ ആകുമല്ലേ .” കിച്ചു പറഞ്ഞത് കേട്ട് പ്രിയയും ഒരു ഞെട്ടലിൽ ഗൗതമിനെ നോക്കി ആള് ഫോണിൽ എന്തോ നോക്കുന്ന തിരക്കിലാണ് .
“പ്രിയ അല്ല പ്രിയേയേച്ചിയെ കണ്ടാൽ തോന്നില്ല ഇത്ര വയസുണ്ടെന്ന് .

ഞാൻ ഒരു 17 വയസൊക്കെയേ പ്രതീക്ഷിച്ചുള്ളു .” കിച്ചു പറഞ്ഞു .
പ്രിയ അത് കേട്ട് ചിരിച്ചു .

“കിച്ചു പറഞ്ഞത് ശെരിയാ അല്ലെ കൃഷ്ണേട്ടാ ..” സാവിത്രി പറഞ്ഞു കൃഷ്ണനും അത് ശെരി വെച്ചു .
ഇതൊന്നും ശ്രദ്ധിക്കാതെ ഫോണിൽ നോക്കി കൊണ്ടിരിക്കുന്ന ഗൗതമിലായിരുന്നു അപ്പോഴും പ്രിയയുടെ ശ്രദ്ധ.

“കിച്ചു എന്നെ ചേച്ചി എന്നൊന്നും വിളിക്കണമെന്നില്ല പേര് വിളിച്ചോ എനിക്ക് പ്രോബ്ലം ഒന്നും ഇല്ല്യ ” പ്രിയ കിച്ചുവിനോട് പറഞ്ഞു .

“എനിക്ക് ചേച്ചിന്നു വിളിക്കാൻ ആരും ഉണ്ടായിട്ടില്യ . അത് കൊണ്ട് ഞാൻ ചേച്ചിന്നു തന്നെ വിളിച്ചോളാം .” കിച്ചു പറഞ്ഞത് കേട്ട് പ്രിയ ചിരിച്ചു .

“എന്നാൽ ദേവുന്നു വിളിച്ചാൽ മതി എല്ലാരും .പ്രിയ എന്ന് എന്നെ അടുപ്പമുള്ളവർ ആരും വിളിക്കാറില്ല .” പ്രിയ പറഞ്ഞു .

കിച്ചുവും പ്രിയയും പെട്ടെന്ന് കൂട്ടായി അവന്റെ കോളേജ് വിശേഷങ്ങൾ ഒക്കെ പ്രിയയോട് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു കിച്ചു .

കിച്ചുവിന് സംസാരിച്ചു തുടങ്ങിയപ്പോൾ പ്രിയയോട് വല്ലാത്ത ഒരു അടുപ്പം തോന്നി .ഗൗതം മാത്രം ഇതിൽ നിന്നും വിട്ടു നിന്നു .

“കിച്ചു നീ ഒന്ന് നിർത്തുവോ ഞങ്ങൾക്ക് അവളോട് ഒന്ന് സംസാരിക്കണം .അതിനാ കൂട്ടികൊണ്ട് വന്നത് .

ആ പാവത്തിന് ഒരു സമാധാനം കൊടുക്ക് .” കൃഷ്ണൻ പറയുന്നത് കേട്ട് കിച്ചു ഒന്ന് കൂർപ്പിച്ചു നോക്കി . പ്രിയയ്ക്ക് ചിരിയാണ് വന്നത് .

അപ്പോഴാണ് സാവിത്രി കയ്യിൽ ഒരു ഫോട്ടോ ഫ്രെയിമുമായി വന്ന് ” ദേവു ഇതൊന്നു നോക്കിക്കേ” എന്നും പറഞ്ഞു അവളുടെ കയ്യിലേക്ക് വെച്ച് കൊടുത്തു .

കൃഷ്ണനും സാവിത്രിയും രാമനും ജാനകിയും ചേർന്ന് നിൽക്കുന്ന കല്യാണ ഫോട്ടോ ആയിരുന്നു അത് .

ആ ഫോട്ടോ കണ്ടതും പ്രിയ വല്ലാത്ത ഒരു അവസ്ഥയിലേക്ക് മാറുകയായിരുന്നു .

“ദേവു മോൾക്കറിയോ അന്ന് കല്യാണം കഴിഞ്ഞു മദ്രാസിലേക്ക് വണ്ടി കേറുമ്പോൾ ഭയമായിരുന്നു ഞങ്ങൾ 4 പേർക്കും ആരും കണ്ടുപിടിക്കുന്നതിനു മുൻപ് അവിടെ എത്താതാനുള്ള വെപ്രാളം .

മദ്രാസിലുള്ള ഞങളുടെ ഒരു സുഹൃത്ത് വഴി അവിടെ ഉള്ളൊരു പേപ്പർ കമ്പനിയിൽ എനിക്കും രാമനും ജോലി റെഡി ആക്കി വെച്ചിരുന്നു നേരത്തെ തന്നെ . കമ്പനി വക രണ്ടു ചെറിയ ക്വാർട്ടേഴ്സിൽ താമസവും .

അവിടെ നിന്ന് വിസ ശെരിയാവുമ്പോൾ ദുബായിൽ പോവാനായിരുന്നു പ്ലാൻ .അതിനുള്ള കാര്യങ്ങൾ ഒക്കെ നടന്നു കൊണ്ടിരിക്കുകയായിരുന്നു . അവിടെ എത്തിയത് മുതൽ ഞങ്ങൾ ജീവിക്കുകയായിരുന്നു .

അത് എത്രത്തോളം നിങ്ങൾക്കു പറഞ്ഞ. മനസിലാക്കി തരാൻ പറ്റുമെന്ന് അറിയില്യ . ചെറിയ സൗകര്യങ്ങളിലും ഞങ്ങൾ ഒരുപാട് സന്തോഷിച്ചു .

അപ്പോഴാണ് സാവിത്രി ഗർഭിണി ആവുന്നത് .എന്നേക്കാൾ കൂടുതൽ സന്തോഷിച്ചതും അവളെ ശ്രദ്ധിച്ചതും അന്ന് ജാനകിയാണ് .

കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾ ജോലി ചെയ്യ്തിരുന്ന കമ്പനിക്ക് കുറച്ചു ഫിനാൻഷ്യൽ പ്രോബ്ലെംസ് വന്നു . ജോലി നഷ്ടപ്പെടുമോ എന്ന പേടി ഉണ്ടായിരുന്നു .

അതിനിടക്കാണു ഞങ്ങളുടെ വിസ വന്നത് . പക്ഷെ സാവിത്രി ഗർഭിണി ആയത് കൊണ്ട് ഞങ്ങൾക്ക് രണ്ടുപേർക്കും പോവാൻ കഴിയില്ലായിരുന്നു .

രാമനും ജാനകിയും പോവുന്നില്ല എന്ന് വാശി പിടിച്ചു . ഇപ്പോൾ ഉള്ള ജോലി നഷ്ടപ്പെടാൻ സാധ്യത ഉള്ളത് കൊണ്ടും .

അവര് പോയി സെറ്റൽഡ് ആയിട്ട് വിസ അയക്കുമ്പോൾ ഞങ്ങളും വരാം എന്നും പറഞ്ഞു സമാധാനിപ്പിച്ചാണ് ഞങ്ങൾ അവരെ സമ്മതിപ്പിച്ചത് .

രാമനും ജാനകിയും പോയ അന്നാണ് ഞാൻ ജോലി ചെയ്യ്തിരുന്ന കമ്പനിയുടെ ഓണർ ഹോസ്പിറ്റലിൽ എന്തോ അസുഖം വന്നു അഡ്മിറ്റ് ആവുന്നത് . അവരുടെ മക്കൾക്ക് ആ കമ്പനി നടത്താൻ താത്പര്യം ഇല്ലെന്നും .

കമ്പനി സ്റ്റാഫ്‌സ് എല്ലാരും ക്വാർട്ടേഴ്സിൽ നിന്ന് ഒരാഴ്ചകൊണ്ട് മാറി തരണം എന്നും പറഞ്ഞു .

അന്ന് എന്റെ കൂടെ അവിടെ ജോലി ചെയ്ത ഒരു കോഴിക്കോട്ടുകാരൻ ഉണ്ടായിരുന്നു അയാളുടെ കൂടെ അന്ന് പോന്നതാണ് കോഴിക്കോട്ടേക്ക് .വേറെ ഒരു വഴിയും ഇല്ലാതെ .

അന്ന് ഫോൺ ഒന്നും ഇല്ലാലോ പിന്നെ രാമനെ കുറിച്ചു അറിയാൻ ഒരു വഴിയും ഇല്ലായിരുന്നു .

പിന്നെ ജീവിതം കെട്ടിപ്പടുക്കുന്നതിന്റെ തിരക്കിലായി . മദ്രാസിലേക്ക് അന്വേഷിച്ചു പോയിരുന്നു അവന്റെ കത്തുകൾ എന്തെങ്കിലും വന്നിട്ടുണ്ടോന്ന് അറിയാൻ . അവിടെ അപ്പൊ അങ്ങിനെ ഒരു കമ്പനി പോലും ഇല്ല്യ .

ഒരിക്കൽ നാട്ടിലേക്ക് അന്വേഷിച്ചു പോയി .വീട്ടുകാർ ഇറക്കി വിട്ടപ്പോഴും രാമനെ കുറിച്ചായിരുന്നു എല്ലാവരോടും അന്വേഷിച്ചത് പക്ഷെ അവിടെയും നിരാശയായിരുന്നു .

മോളെ കണ്ടപ്പോൾ എത്ര സന്തോഷം ആയെന്നോ .എനിക്ക് എന്റെ രാമനെ എത്രയും പെട്ടന്ന് കാണണം ഇനി ”

കൃഷ്ണൻ പറഞ്ഞു നിർത്തിയതും ആ ഫോട്ടോ ചേർത്ത് പിടിച്ചു കലങ്ങിയ കണ്ണുകളുമായി ഇരിക്കുന്ന പ്രിയയെ ആണ് എല്ലാവരും കാണുന്നത് . സാവിത്രി അവളുടെ മുഖം പിടിച്ചുയർത്തി .

” എന്താ മോളെ കണ്ണൊക്കെ എന്തേ കലങ്ങിയത് .” സാവിത്രി ചോദിച്ചു .

കൃഷ്ണന്റെ മനസിൽ വല്ലാത്തൊരു ടെൻഷൻ നിറഞ്ഞു കേൾക്കാൻ ആഗ്രഹിക്കാത്ത എന്തോ ഒന്ന് കേൾക്കാൻ പോകുന്നപോലെ . പ്രിയ സാവിത്രിയെ കെട്ടിപിടിച്ചു കരഞ്ഞു .

ഗൗതവും കിച്ചുവും ഞെട്ടി നിൽക്കുകയായിരുന്നു . കൃഷ്ണൻ പ്രിയയുടെ അടുത്തേക്ക് വന്നു .

അവൾ സാവിത്രിയിൽ നിന്നും അകന്നു മാറി . കൃഷ്ണനെയും സാവിത്രിയേയും സോഫയിൽ ഇരുത്തി അവൾ അവർക്കു താഴെ നിലത്തിരുന്നു അവരുടെ രണ്ടുപേരുടെയും കൈകൾ കൂട്ടിപ്പിടിച്ചു .
“ഞാൻ എങ്ങനാ കൃഷ്ണനച്ച പറയേണ്ടത് .

നിങ്ങൾ കാണാൻ കാത്തിരിക്കുന്ന ആ രണ്ടുപേർ ഇന്ന് ഈ ലോകത്ത് ഇല്ലെന്ന് .അവരെന്നെ തനിച്ചാക്കി പോയെന്ന് .” ഇതും പറഞ്ഞു പൊട്ടി കരഞ്ഞു കൊണ്ട് പ്രിയ സാവിത്രിയുടെ മടിയിലേക്ക് തല ചായ്ച്ചു .

ആ കാഴ്ച ഗൗതമിന്റെയും കിച്ചുവിന്റെയും കണ്ണ് നിറയിച്ചു .

പ്രിയയെ സമാധാനിപ്പിക്കാൻ പോലും മറന്നുകൊണ്ട് നിശ്ചലമായി കരയുകയായിരുന്നു കൃഷ്ണനും സാവിത്രിയും .

രണ്ടുപേർക്കും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ വാക്കുകൾ .

കുറച്ചു സമയത്തിന് ശേഷം പ്രിയ തന്നെ കണ്ണുതുടച്ചു എഴുന്നേറ്റു . വീണ്ടും അവരുടെ രണ്ടുപേരുടെയും കൈകൾ അവൾ ചേർത്ത് പിടിച്ചു .

“രണ്ടുപേരും ഇനി കരയല്ലേ .പ്ളീസ് .നിങ്ങള് കരയുന്നത് കണ്ടാൽ ഞാൻ ഇനിയും കരഞ്ഞു പോകും .അച്ഛക്ക് ഒട്ടും ഇഷ്ട്ടല്ല ഞാൻ കരയുന്നത് .

നിങ്ങളെ കൂടെ ഞാൻ കരയിച്ചാൽ അച്ഛക്ക് എന്നോട് ദേഷ്യം തോന്നും .

ഇപ്പൊ രണ്ടാളും എന്നെ നോക്കി ദേഷ്യപെടുകയായിരിക്കും .പ്ലീസ് കരയല്ലേ സാവിത്രിയമ്മേ .” ഒരു കുഞ്ഞിനെ പോലെ തേങ്ങിക്കൊണ്ട് പ്രിയ പറയുന്നത് കേട്ടതും സാവിത്രി അവളെ നെഞ്ചോട്‌ ചേർത്തു .കൃഷ്ണൻ കണ്ണുതുടച്ചുകൊണ്ട് അവളുടെ ശിരസിൽ തലോടി .

കുറച്ചു സമയം കഴിഞ്ഞപ്പോൾ പ്രിയ പറഞ്ഞുതുടങ്ങി .

” ദുബായിൽ നല്ലൊരു കമ്പനിയിൽ ആയിരുന്നു അച്ഛനും അമ്മയ്ക്കും ജോലി . അച്ഛനെ അവിടെ എല്ലാവർക്കും വല്ല്യ ഇഷ്ട്ടമായിരുന്നു .

അവിടെ എത്തിയത് അറിയിക്കാൻ അച്ഛൻ ഒരുപാട് കത്തയച്ചു ചെന്നൈയിലെ കൃഷ്ണച്ചന്റെ കമ്പനി അഡ്രസ്സിൽ പക്ഷെ ഒന്നിനും മറുപടി ഇല്ലായിരുന്നു .

അവിടെ എത്തി ഒരു വർഷം കഴിഞ്ഞാണ് അമ്മ ഗർഭിണി ആവുന്നത് . എനിക്ക് 3 വയസുള്ളപ്പോൾ ആണ് അച്ഛൻ ഒരു ബിസിനസ് തുടങ്ങാൻ തീരുമാനിക്കുന്നത് .

ജോലി റിസൈന്‍ ചെയ്ത് ആരുടെ ഒക്കെയോ സഹായത്തോടെ അച്ഛൻ അവിടെ ഒരു റെസ്റ്റോറന്റ് തുടങ്ങി .

അച്ഛന്റെ കഷ്ടപ്പാടിന്റെ ഫലം എന്നോണം റെസ്റ്റോറന്റ് നല്ല രീതിയിൽ വളർന്നു . അച്ഛൻ വേറെയും ചില ബിസിനസ് ചെയിതു തുടങ്ങി .

ദുബായ് നഗരം വളരുന്നതോടൊപ്പം അച്ഛന്റെ ബിസിനസ്സും വളർന്നു . അമ്മയും അച്ഛനെ ഹെല്പ് ചെയ്‌യാൻ തുടങ്ങി . അപ്പോഴും നിങ്ങളെ കുറിച്ചു അവര് എന്നും എന്നോട് പറയുമായിരുന്നു .

ഓർമ വെച്ച നാൾ മുതൽ കേട്ട് തുടങ്ങിയതാണ് നിങ്ങളെ രണ്ടുപേരെ കുറിച്ചും .

നിങ്ങളെ അന്വേഷിച്ചു അച്ഛൻ ഒരിക്കൽ ചെന്നൈയിൽ വന്നിരുന്നു .

അവിടെയും നിരാശയായിരുന്നു . നാട്ടിലേക്ക് അച്ഛനെ വിടാൻ അമ്മക്ക് പേടിയായിരുന്നു .

അങ്ങിനെ ആണ് ഞങ്ങളുടെ ദുബായിലെ ഫാമിലി ഫ്രണ്ട് ദേവരാജൻ അങ്കിളിനെ നാട്ടിൽ പറഞ്ഞയച്ചു അന്വേഷിപ്പിച്ചത് .

പക്ഷെ അങ്കിൾ നും ഒന്നും അറിയാൻ കഴിഞ്ഞില്ല്യ . എനിക്ക് 15 വയസുള്ളപ്പോൾ ആണ് അമ്മക്ക് ഇനി കേരളത്തിലേക്ക് തിരിച്ചു പോയാലോന്ന് ആഗ്രഹം തോന്നിത്തുടങ്ങിയത് .

നാട്ടിലേക്ക് തിരിച്ചു പോവാൻ പറ്റുന്ന സാഹചര്യവും അല്ലായിരുന്നല്ലോ . ദേവരാജൻ അങ്കിൾ ന്റെ വീട് കോഴിക്കോട് ആണ് . അങ്കിൾ ആണ് ഇവിടെ ബിസിനസ് തുടങ്ങി സെറ്റൽഡ് ആവാൻ പറഞ്ഞത് .

അറിയുന്ന ആരെങ്കിലും ഉള്ള നാട്ടിൽ ജീവിക്കാമെന്ന് ഞങ്ങളും തീരുമാനിച്ചു .

ദേവരാജൻ അങ്കിൾ വഴിയാണ് അച്ഛൻ കോഴിക്കോട് വന്നു റെസ്റ്റോറന്റ് തുടങ്ങാനുള്ള സ്ഥലവും .

ഇവിടത്തെ ഞങ്ങളുടെ വീടും വേറെ കുറച്ചു സ്ഥലവും വാങ്ങുന്നത് .അതിനു വേണ്ടിയാണു ഞങ്ങൾ ആദ്യമായി കോഴിക്കോട് വരുന്നത് .

ദുബായിലെ ബിസിനസ് ഒക്കെ പതുക്കെ നിർത്തി നാട്ടിലേക്ക് മടങ്ങാനുള്ള പ്ലാനിൽ ആയിരുന്നു ഞങൾ .

എനിക്ക് അന്ന് 18 വയസാണ് എന്റെ പ്ലസ് ടു എക്സാം കഴിഞ്ഞു നാട്ടിൽ പോകാം എന്നായിരുന്നു .

ആദ്യം തുടങ്ങിയ റെസ്റ്റോറന്റ് മാത്രം അപ്പോഴും നോക്കി നടത്തിയിരുന്നു .

അങ്കിൾ ഉം ഫാമിലിയും ദുബായിൽ ആയിരുന്നത് കൊണ്ട് അവര് അത് ശ്രദ്ധിക്കാമെന്നു പറഞ്ഞു .

അച്ഛന് ഇടയ്ക്കു വന്നു നോക്കിയാൽ മതിയല്ലോ . എന്റെ അവസാനത്തെ എക്സാം കഴിഞ്ഞു എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ഞാൻ അറിയുന്നത് എന്റെ അച്ഛന്റേം അമ്മേടേം മരണ വാർത്തയാണ് .

അവിടെ ഉണ്ടായ ഒരു ആക്‌സിഡന്റിൽ അവര് എന്നെ ഒറ്റക്കാക്കി പോയി .

അവരുടെ പ്രണയം എന്നും എനിക്ക് അത്ഭുതമായിരുന്നു . അത് കൊണ്ടായിരിക്കും മരണത്തിലും അവര് ഒരുമിച്ചു നിന്നത് . പിന്നെ ഞാൻ വല്ലാത്ത ഷോക്കിൽ ആയിരുന്നു .

ദേവരാജൻ അങ്കിൾ ഉം ഫാമിലിയും ആണ് ആകെ കൂടെ ഉണ്ടായിരുന്നത് . ഒരു വർഷം എടുത്തു ഞാൻ ആ ഷോക്കിൽ നിന്ന് നോർമൽ ആവാൻ .

അച്ഛന്റേം അമ്മയുടെയും ആഗ്രഹം പോലെ ഞാൻ കോഴിക്കോട് പോവാണ് അവിടന്ന് തുടർന്ന് പഠിക്കണം ,

അച്ഛന്റെ ആഗ്രഹം പോലെ റെസ്റ്റോറന്റ് നടത്തണം എന്ന് പറഞ്ഞപ്പോൾ അങ്കിൾ ആണ് അങ്കിൾ ന്റെ അനിയത്തിയുടെ മോള് പഠിക്കുന്ന ബാംഗ്ലൂർ കോളേജിൽ ബി ബി എ ചെയ്യാൻ എന്നോട് പറഞ്ഞത് .

അവരൊക്കെ അവിടെ സെറ്റൽഡ് ആണ് .

ആ വയസിൽ എന്നെ ഒറ്റക്ക് കോഴിക്കോട് വിടാൻ അങ്കിൾ സമ്മതിച്ചില്ല്യ .

പഠിത്തമൊക്കെ കഴിയുമ്പോഴേക്കും റെസ്റ്റോറന്റ് തുടങ്ങാനുള്ള പ്ലാൻ തുടങ്ങാമെന്ന് പറഞ്ഞു .

ഞാൻ ബാംഗ്ലൂർ പഠിക്കുമ്പോൾ ഇടക്ക് ദുബായിൽ പോയി റെസ്റ്റോറന്റിന്റെ കാര്യങ്ങളൊക്കെ നോക്കും.

ഞാൻ ഇല്ലാത്തപ്പോൾ അങ്കിൾ ന്റെ മകൻ രുദ്രേട്ടൻ ആണ് എല്ലാം നോക്കുന്നത് .

എനിക്ക് ഇവിടെ എം ബി എ ക്ക് അഡ്മിഷൻ കിട്ടിയപ്പോൾ ഇവിടേക്ക് വന്നതാണ് ഞാൻ .

ഒറ്റക്ക് താമസിക്കാൻ പറ്റാത്തതുകൊണ്ട് എനിക്കു ഇവിടെ ഒരു രാധു ആന്റി ഉണ്ട് കൂട്ടിനു . ഒരു മാസം ആവുന്നേ ഉള്ളു ഞാൻ കോഴിക്കോട് താമസിക്കാൻ തുടങ്ങിയിട്ട് .”

പ്രിയ പറഞ്ഞു നിർത്തിയതും നോക്കിയത് ഗൗതമിന്റെ മുഖത്തേക്ക് ആയിരുന്നു .അവനും അവളെ നോക്കി നിൽക്കുകയായിരുന്നു .

ഗൗതമിന്റെ കണ്ണുകളും നിറഞ്ഞിരുന്നു . ഗൗതം വേഗം അവളിൽ നിന്നും മുഖം മാറ്റി സാവിത്രിക്കരികിൽ വന്നിരുന്നു .

കൃഷ്ണനും സാവിത്രിയും കരയുകയായിരുന്നു .കിച്ചു കൃഷ്ണന്റെ അടുത്തു വന്നിരുന്നു അദ്ദേഹത്തെ സമാധാനിപ്പിക്കാൻ ശ്രമിച്ചു . കുറച്ചു സമയം എടുത്തു എല്ലാരും ഒന്ന് നോർമൽ ആവാൻ . ആരും ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്യ .

പ്രിയ കണ്ണുതുടച്ചു എഴുന്നേറ്റു നിന്നു .
“ഞാൻ പോവാണ് .

ഇനിയും എന്നെ കരയിപ്പിക്കാൻ ആണെങ്കിൽ ഞാൻ എന്തിനാ ഇവിടെ ഇരിക്കുന്നത് .

അച്ഛനും അമ്മയും എപ്പോഴും പറഞ്ഞുകേട്ടിരുന്ന കൃഷ്ണനച്ചനെയും സാവിത്രിയമ്മയെയും കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി .

കണ്ടിട്ടില്ലന്നെ ഉള്ളു പക്ഷേ ചെറുപ്പം മുതലേ ഒരുപാട് അടുപ്പം തോന്നാറുണ്ട് നിങ്ങളോട് .

എന്നെ ചേർത്ത് പിടിക്കേണ്ടവരാണ് ഇരുന്നു കരയുന്നത് . ഞാൻ പോവുന്നു ഇനി ഇങ്ങോട്ട് വരില്ല .” പ്രിയ ദേഷ്യം അഭിനയിച്ചുകൊണ്ട് പറഞ്ഞു .

കൃഷ്ണൻ വേഗം എഴുന്നേറ്റു വന്നു പ്രിയയുടെ തോളിലൂടെ ചേർത്ത് പിടിച്ചു . “എന്റെ കുട്ടി സങ്കടപെടണ്ട .ഇനി ഞങ്ങൾ കരയില്ല്യ .

ഞങ്ങളുണ്ട് മോളുടെ കൂടെ കൃഷ്ണനച്ചനും സാവിത്രിയമ്മയും ആയിട്ടല്ല അച്ഛനും അമ്മയും ആയിട്ട് .” കൃഷ്ണൻ പറഞ്ഞു .

പ്രിയ നിറഞ്ഞു പുഞ്ചിരിച്ചു . ” എന്നിട്ടാണോ ഈ സാവിത്രിയമ്മ എനിക്ക് ഇവിടെ വന്നിട്ട് പച്ചവെള്ളം പോലും തരാഞ്ഞത് .” പ്രിയ കൊഞ്ചിക്കൊണ്ട് പറഞ്ഞു .

അവളെ നോക്കുന്ന ചുറ്റുമുള്ള കണ്ണുകളിൽ അത്ഭുതമായിരുന്നു ഇത്രയും സങ്കടങ്ങളിലും അവൾക് എങ്ങനെ ഇങ്ങനെ പിടിച്ചു നിൽക്കാൻ കഴിയുന്നു എന്നാലോചിച്ച് .

കൃഷ്ണൻ സാവിത്രിയുടെ അടുത്തു ചെന്നു .

“മതിയെടോ കരഞ്ഞത് . ദേവുമോള് പറയുന്നത് കേട്ടില്ലേ അവളെ ഇനി നമ്മളായിട്ട് വിഷമിപ്പിക്കരുത് .

താൻ പോയി മുഖമൊക്കെ കഴുകി മോൾക്ക് കുടിക്കാൻ എന്തെങ്കിലും എടുത്തേ .” കൃഷ്ണൻ പറഞ്ഞു .

പ്രിയ അവരുടെ അടുത്തേക്ക് ചെന്നു . ” മതി സാവിത്രികുട്ടി കരഞ്ഞത് . ഇല്ലേൽ ഞാൻ പോകുവെ .” എന്ന് സാവിത്രിയുടെ താടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു . സാവിത്രി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു .

“അങ്ങനെ പോരട്ടെ ഇനി കരയില്ല്യാലോ . നിങ്ങളൊക്കെ ഇവിടെ ഇരിക്ക് ഞാൻ പോയി കോഫി ഇട്ടോണ്ട് വരാം .കിച്ചൺ എവിടെ .?” പ്രിയ അതും പറഞ്ഞു കൊണ്ട് കിച്ചണിലേക്ക് നടന്നു .

“വേണ്ട മോളെ ഞാൻ ഇട്ടു തരാം .” സാവിത്രി പുറകിൽ നിന്ന് പറഞ്ഞു .

“അനങ്ങിപ്പോവരുത് അവിടന്ന് . ഞാൻ കോഫി ആയിട്ട് വരുമ്പോഴേക്കും എല്ലാരും സ്മാർട്ട് ആയിക്കോണം കേട്ടല്ലോ .” പ്രിയ നടന്നുകൊണ്ട് വിളിച്ചു പറഞ്ഞു .

നിറഞ്ഞു വന്ന കണ്ണ് ഇനിയും ആരും കാണാതിരിക്കാൻ അവൾ തിരിഞ്ഞു നോക്കിയില്ല്യ .

“അമ്മേ അമ്മ ഇനിയും ചേച്ചിയുടെ മുന്നിൽ കരയല്ലേ . ദേവു ചേച്ചിക്ക് അപ്പോൾ എത്രത്തോളം വിഷമം ആകുമെന്ന് ആലോചിക്ക് .

ഇനിയും ഓരോന്ന് ചോദിച്ചും പറഞ്ഞും ആ പാവത്തിനെ വിഷമിപ്പിക്കണ്ട .ഇങ്ങനെ നമ്മുടെ മുന്നിൽ നില്ക്കാൻ ആ പാവം ഒരുപാട് പാടുപെടുന്നുണ്ടാവും .” കിച്ചു സാവിത്രിയോട് പറഞ്ഞു .

ഗൗതം ഒന്നും പറയാനാകാതെ തറഞ്ഞു നിൽക്കുകയായിരുന്നു അപ്പോഴും . പ്രിയ ഗൗതമിനു ഒരു അത്ഭുതമായി മാറുകയായിരുന്നു .

സാവിത്രിയും കൃഷ്ണനും പോയി മുഖം കഴുകി വന്നു . ഇനി പ്രിയയുടെ മുന്നിൽ കരയില്ല എന്ന് അവർ തീരുമാനിച്ചിരുന്നു . അപ്പോഴേക്കും പ്രിയ കോഫിയുമായി വന്നു എല്ലാവര്ക്കും കൊടുത്തു .
“ഇതിപ്പോ ദേവു ചേച്ചിന്റെ വീടും ഞങ്ങൾ അവിടത്തെ ഗസ്റ്റ് ആണെന്നെ തോന്നു .” കിച്ചു രംഗം ഒന്ന് തണുപ്പിക്കാൻ പറഞ്ഞു .

“അതിനു ഞാൻ ഇവിടെ ഗസ്റ്റ് ആണോടാ ..” പ്രിയ കിച്ചുവിനെ കൂർപ്പിച്ചു നോക്കി .
“ഞാൻ ഒന്നും പറഞ്ഞില്ലേ ” എന്നും പറഞ്ഞു കിച്ചു വായപൊത്തി .

പ്രിയ ചിരിച്ചു . ഗൗതം പ്രിയയെ തന്നെ നോക്കി ഇരിക്കുകയായിരുന്നു . പ്രിയ അവനെ നോക്കിയപ്പോൾ അവൻ വേഗം കോഫി കുടിക്കാൻ തുടങ്ങി .

കോഫി കുടിച്ചു കഴിഞ്ഞതും പ്രിയ പോകുവാണ് ഇനിയും നിന്നാൽ ലേറ്റ് ആവും എന്ന് പറഞ്ഞു .

സമയം സന്ധ്യയോട് അടുത്തിരുന്നു .നാളെ വരാം എന്ന് കൃഷ്ണനും സാവിത്രിക്കും ഉറപ്പ് കൊടുത്തിട്ടാണ് പ്രിയ അവിടെ നിന്ന് ഇറങ്ങിയത് .

അന്ന് രാത്രി അച്ഛന്റെയും അമ്മയുടെയും ഫോട്ടോ നോക്കി പ്രിയ ഒരുപാട് സംസാരിച്ചു .
അതെ സമയം ഗൗതമിന്റെ മനസ് മുഴുവൻ പ്രിയ നിറഞ്ഞു നിൽക്കുകയായിരുന്നു .

‘അവളെ അന്ന് കണ്ടതിനു ശേഷം പലപ്പോഴും തോന്നിയിട്ടുണ്ട് ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടെന്ന് .

അന്ന് ആ പാട്ടുപാവാടയിൽ അവളെ കാണാൻ ജാനകിയമ്മയെ പോലെ തന്നെ ആയിരുന്നു .

ഫോട്ടോയിൽ മാത്രം കണ്ടിട്ടുള്ളത് കൊണ്ടാവണം തനിക്കു പെട്ടന്ന് അത് മനസിലാവാഞ്ഞത് .

ചെറുപ്പം മുതലേ അച്ഛനും അമ്മയ്ക്കും അവരെ കുറിച്ചേ പറയാൻ ഉണ്ടായിരുന്നുള്ളു .

അവൾ അവരുടെ മകളാണ് എന്നറിഞ്ഞപ്പോൾ തനിക്കു അത് വല്ലാത്ത ഒരു ഞെട്ടൽ ആയിരുന്നു .

ഇന്ന് അവള് എല്ലാം പറഞ്ഞു കരയുന്നത് കണ്ടപ്പോൾ തന്റെ ഹൃദയമിടിപ്പ് കൂടുന്നത് അറിഞ്ഞിരുന്നു .

അവളൊരു അത്ഭുതമാണ് ഇത്രയും സങ്കടങ്ങളിലും ഇങ്ങനെ പിടിച്ചു നിൽക്കണമെങ്കിൽ .

മനസു മുഴുവൻ എന്താണ് അവളെ കുറിച്ചുള്ള ചിന്തകൾ നിറയുന്നത് . ഇതെല്ലാം തന്റെ തോന്നലാണ് .

അവള് കരയുന്നത് കണ്ടപ്പോൾ അവളുടെ അവസ്ഥ അറിഞ്ഞപ്പോൾ തോന്നിയ വെറും സഹതാപം .

കൂടുതലൊന്നും ഇല്ല്യ .’ ഗൗതം മനസ്സിൽ അത് ഉറപ്പിക്കാൻ ശ്രമിച്ചു .

തുടരും

പ്രിയനുരാഗം – ഭാഗം 1

പ്രിയനുരാഗം – ഭാഗം 2