Saturday, January 18, 2025
Novel

പ്രിയനുരാഗം – ഭാഗം 11

നോവൽ
എഴുത്തുകാരി: ഐഷണി മഹാദേവ്


രാത്രി തന്റെ റൂമിന്റെ ബാൽക്കണിയിൽ ബീൻ ബാഗിൽ ഇരിക്കുകയായിരുന്നു ഗൗതം . മനസ്സിൽ മുഴുവൻ പ്രിയ ആയിരുന്നു . തന്റെ വലത്തേ കയ്യിലേക്ക് നോക്കുമ്പോൾ അവന്റെ ചുണ്ടിൽ നിറഞ്ഞ പുഞ്ചിരി തെളിഞ്ഞു .

‘ ച്ഛെ … വേണ്ടായിരുന്നു ഇന്ന് പെണ്ണിനോട് ഒരുപാട് ചൂടായി . എന്റെ ഈ ദേഷ്യം ആണ് കാരണം . എത്ര കണ്ട്രോൾ ചെയ്‌യാൻ ശ്രമിച്ചിട്ടും പറ്റുന്നില്ല .

ഇന്നവൾക്ക് വല്ല കാര്യവുമുണ്ടോ അവന്മാരുടെ അടുത്തു വന്നു സംസാരിക്കാൻ . ഇന്നലത്തോടെ കിരൺ ഇനി അവളെ നോക്കില്ല എന്ന സമാധാനത്തിൽ ആയിരുന്നു .

അപ്പോഴാണ് ഇന്നവൾ അങ്ങോട്ട് കേറി സംസാരിച്ചത് . കിരണിന്റെ കൂടെ കാർത്തിക്ക് കൂടെ അവളെ കുറിച്ച് പറയാൻ തുടങ്ങിയപ്പോൾ എനിക്ക് എന്റെ കണ്ട്രോൾ പോയി .

അവന്മാരോടും ചൂടായി അതിന്റെ ബാക്കി അവളോടും . അവളോട് അടുക്കണമെന്നു വിചാരിക്കുമ്പോൾ ഞാൻ സ്വയം അകൽച്ച ഉണ്ടാക്കുവാണല്ലോ .

എന്നാലും പെണ്ണേ ഞാൻ ദേഷ്യപ്പെട്ടിട്ടും നീ ഇന്ന് ഓയിൽമെന്റ് തേച്ചു തരുമെന്ന് ഞാൻ വിചാരിച്ചില്ല . സത്യം പറഞ്ഞാൽ ഞാൻ ഒരു സ്വപ്നലോകത്ത് തന്നെ ആയിരുന്നു .

ആദ്യമായിട്ടാണ് എന്റെ പെണ്ണ് എന്റെ കയ്യിൽ പിടിച്ചു ഇത്രേം അടുത്തു . !

സോറി ദേവൂട്ടി … ഞാൻ ഇനി നിന്നോട് ചൂടാവാതെ ഇരിക്കാൻ ശ്രമിക്കാം .

പിന്നെ എന്റെ ഈ ദേഷ്യത്തിനും വാശിക്കും എന്റെ കൂടെ നീ കട്ടക്ക് നിന്നോളും അതാ ഒരു സമാധാനം ! ഇനി ഗൗതത്തിനു നിന്നെ ആർക്കും വിട്ടുകൊടുക്കാൻ ആവില്ല പെണ്ണേ .

ഞാൻ എനിക്ക് ചുറ്റും ഇപ്പഴും കെട്ടി വെച്ചിരിക്കുന്ന ഒരു ഈഗോ ഉണ്ട് അതാണ് എനിക്ക് നിന്നോട് അടുക്കാൻ തടസം . അതെനിക്കു അറിയാം . അത് മറികടന്നു ഗൗതം വരും .

‘ ഗൗതം മനസ്സിൽ പറഞ്ഞു ഫോണിലെ പ്രൈവറ്റ് ഫോൾഡറിൽ സൂക്ഷിച്ചു വെച്ചിരുന്ന അമ്പലത്തിൽ നിന്നെടുത്ത അവളുടെ വീഡിയോ നോക്കി ഇരുന്നു .

‘ നോക്കട്ടെ നാളെ മുതൽ ഇനി വഴക്കില്ല . പറ്റിയാൽ നാളെ ഒരു സോറി പറയാം . ഇന്ന് ചൂടായത് കുറച്ചു ഓവർ ആയി പോയി എന്നെനിക്കറിയാം .

പക്ഷെ ഞാൻ എങ്ങനെ പറയും ?! എങ്ങനെയാ ദേവു നിന്നോട് അടുക്കേണ്ടത് ?! ‘ ഗൗതം പ്രിയയെ നോക്കി മനസ്സിൽ പറഞ്ഞു .

പ്രിയ എന്നത്തേയും പോലെ വിശേഷങ്ങൾ ജാനകിയോടും രാമനോടും പറയുകയിരുന്നു . കോളേജിൽ നടന്ന കാര്യങ്ങളും ഗൗതം ഇന്ന് ദേഷ്യപ്പെട്ടതും .

അവന്റെ കയ്യിൽ മരുന്ന് തേച്ചു കൊടുത്തതും ഒക്കെ പറയുന്നുണ്ട് .

” എന്തൊരു ചൂടനാണ് . ഇന്ന് എന്നോട് ദേഷ്യപ്പെടാൻ മാത്രം എന്താ കാര്യമെന്ന് എനിക്ക് ഇതുവരെ മനസിലായില്ല .

കണ്ണേട്ടന്റെ അടുത്തു കുറച്ചു നേരം നിൽക്കാൻ വേണ്ടിയാണു കണ്ണേട്ടന്റെ ഫ്രണ്ട്‌സ്നോട് പോയി സംസാരിച്ചത് . എന്നെ ശ്രദ്ധിക്കുന്നുണ്ടോന്ന് ഒന്ന് അറിയാൻ . എവിടെ എന്റെ മുഖത്തേക്ക് നോക്കിയത് പോലും ഇല്ല .

അവരോട് ഞാൻ സംസാരിച്ചുന്നു വെച്ച് ഇപ്പോൾ എന്താ സംഭവിച്ചത് . ഹമ്മ് ..എന്നോട് ഇന്ന് കിച്ചു ഓയിൽമെന്റ് തേച്ചു കൊടുക്കാൻ പറഞ്ഞപ്പോൾ അതിനും കിടന്നു ദേഷ്യപെടുന്നു .

എനിക്ക് തോന്നുന്ന ഇഷ്ടം ഒന്നും കണ്ണേട്ടന് എന്നോട് ഉണ്ടാവുമെന്ന് തോന്നുന്നില്ല . ഞാൻ വെറുതെ ഓരോന്ന് ആഗ്രഹിച്ചു പോവുന്നതാണോ . കാട്ടുമാക്കാൻ ആണ് . ഞാൻ ഇനി അങ്ങോട്ട് കേറി മിണ്ടുന്നതു നിർത്തി .

ഇനി ഒന്നും ചോദിച്ചു ചെല്ലില്ല .മൈൻഡ് പോലും ചെയ്യില്ല . ഇത്രക്ക് ജാഡ ഇടുമ്പോൾ ഞാൻ എന്തിനാ കുറക്കുന്നത് . ” പ്രിയ അച്ഛന്റേം അമ്മേൻറേം ഫോട്ടോ നോക്കി പറഞ്ഞു .

പിറ്റേന്ന് രാവിലെ ഗൗതം കോളേജിൽ ചെല്ലുമ്പോൾ എൻട്രൻസിൽ തന്നെ ഗൗതമിനെ കാത്ത് അവന്റെ ഫ്രണ്ട്‌സ് എല്ലാവരും ഉണ്ട് . കിരൺ , കാർത്തിക് , റഹീം , അജാസ് , ജോൺ . ഗൗതം ബൈക്ക് പാർക്ക് ചെയിതു വന്നു .

“നീ എന്താ ഗൗതം വിളിച്ചിട്ട് കോൾ എടുക്കാഞ്ഞത് ? എത്ര വട്ടം വിളിച്ചു ” കിരൺ ഗൗതമിന്റെ അടുത്തു വന്ന് ചോദിച്ചു .

“എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ലാത്തത് കൊണ്ട് ” ഗൗതം ആണ് .

“ഗൗതം നീ ഇങ്ങനെ ചൂടാവാൻ മാത്രം എന്താണ് . ഞങ്ങളു വെറുതെ ഒരു തമാശക്ക് ഓരോന്ന് പറഞ്ഞതാണ് ഇന്നലെ . അല്ലാതെ അത് ഒരു സീരിയസ് തർക്കം ഒന്നും അല്ല ” കാർത്തിക്ക് പറഞ്ഞു .

“അതെ ഗൗതം . ഇതിനു മുൻപും ഞങ്ങളിതു പോലെ സംസാരിച്ചിട്ടില്ലെ അന്നൊന്നും നീ ഇത് മൈൻഡ് പോലും ചെയ്യാറില്ല പിന്നെ ഇപ്പൊൾ മാത്രം എന്താ . നമ്മൾക്കിടയിൽ ഒരു പ്രശ്‍നം ഉണ്ടാവാൻ മാത്രം ഇതിനെന്താ പ്രത്യേകത ” കിരൺ ചോദിച്ചു .

“ഇന്നലെ എനിക്കെന്തോ ദേഷ്യം വന്നു . അവളെ ഇവിടെ ശ്രദ്ധിക്കണം എന്ന് അച്ഛനും അമ്മയും എപ്പോഴും പറയും .

എനിക്ക് വല്യ താല്പര്യം ഇല്ലെങ്കിലും അവര് പറഞ്ഞാൽ കേട്ടല്ലേ പറ്റു .അതാണ് നിങ്ങൾ അവളെ കുറിച്ച് ഓരോന്ന് പറഞ്ഞപ്പോൾ ദേഷ്യം വന്നത് . അത്രേ ഉള്ളു . പിന്നെ എന്റെ ദേഷ്യം നിങ്ങൾക്ക് അറിയാലോ .

അത്രേ ഉള്ളു . ജസ്റ്റ് ലീവ് ഇറ്റ് . നമ്മുക്ക് ഇടയിൽ ഇതൊരു പ്രശ്‍നം ഒന്നും അല്ല ” ഗൗതം ചിരിച്ചുകൊണ്ട് പറഞ്ഞു . അത് കേട്ടപ്പോൾ ആണ് എല്ലാവരുടെയും മുഖം തെളിഞ്ഞത് .

“അതാണ് കാര്യമെങ്കിൽ നിനക്കു അതങ്ങു പറഞ്ഞാൽ പോരെ . ഇനി അവള് ഞങ്ങൾക്കെല്ലാവർക്കും പെങ്ങളാണ് . അച്ഛനും അമ്മയും ഞങ്ങളോട് പറഞ്ഞിരുന്നേൽ ഞങ്ങള് ശ്രദ്ധിക്കില്ലേ അവളെ .” കിരൺ പറഞ്ഞു .

” അത് തന്നെ… അതിനാണോ നീ ഇന്നലെ ചുമരൊക്കെ അടിച്ചു പൊട്ടിച്ചു ഡയലോഗ് അടിച്ചു പോയത് ” കാർത്തിക് പറഞ്ഞു .

“നിന്റെ കൈയ്ക്ക് എന്തെങ്കിലും പറ്റിയിരുന്നോ ” റഹീം ചോദിച്ചു .

” ഇപ്പോൾ ചെറിയ വേദന ഉണ്ടെന്നേ ഉള്ളു . ഇന്നലെ നീര് വെച്ചിരുന്നു അത് പിന്നെ ദേ.. അല്ല കിച്ചു ഒരു ഓയിൽമെന്റ് തേച്ചു തന്നിരുന്നു . രാവിലത്തേക്ക് നീര് പോയി ” ഗൗതം പറഞ്ഞു .

“നിന്റെ ദേഷ്യം കുറച്ചു കുറച്ചൂടെ ഗൗതം ” അജാസ് ചോദിച്ചു .

“അതൊക്കെ പോട്ടെ . ഫ്രഷേഴ്‌സ് ഡേ ന്റെ അറേൻജ്‌മെൻറ്സ് എന്തായി ” ഗൗതം ചിരിച്ചു കൊണ്ട് ചോദിച്ചു .

” അവിടെ ഓഡിറ്റോറിയത്തിൽ നടക്കുന്നുണ്ട് . നീ വാ . എല്ലാവരും നിന്നെ വെയ്റ്റിംഗ് ആണ് .” ജോൺ പറഞ്ഞു .

അവരെല്ലാവരും അങ്ങോട്ട് പോയി . അവിടെ എല്ലവരും ഓരോ വർക്കിൽ ആയിരുന്നു . നടത്തേണ്ട ടാസ്ക്സ് നെ കുറിച്ചുള്ള ചർച്ചയിൽ ആയിരുന്നു എല്ലാവരും .

ഗൗതം ആ ടൈമിൽ ഡിപ്പാർട്മെന്റ് വരെ പോയി വരാം എന്ന് പറഞ്ഞു പുറത്തേക്ക് ഇറങ്ങി .

പ്രിയ ക്ലാസ്സിൽ ആയിരുന്നു .

ക്ലാസ് നടന്നുകൊണ്ട് ഇരിക്കുമ്പോൾ ആണ് ഗൗതം ക്ലാസിനു മുന്നിലൂടെ ക്രോസ്സ് ചെയ്ത് പോവുന്നത് അവൾ ശ്രദ്ധിച്ചത് . അവൻ അങ്ങോട്ട് നോക്കുന്നുണ്ടായിരുന്നു .

പ്രിയ നോക്കിയപ്പോൾ അവൾ മാത്രമല്ല ക്ലാസ്സിലെ പല തരുണീമണികളും അങ്ങേരു നടന്നു പോയത് കണ്ടപ്പോൾ അങ്ങോട്ടാണ് ശ്രദ്ധിക്കുന്നത് .

‘ഇങ്ങേരെന്തിനാ ഇങ്ങോട്ട് നോക്കി നടക്കുന്നെ . ഭഗവാനെ ഇനി ഇവിടെ വല്ലവളുമാരും അങ്ങേരെ കേറി കൊത്തിയോ .

ഇന്നലെ അങ്ങേരെ കണ്ടത് മുതൽ പലതിന്റെയും കണ്ണ് അങ്ങേരുടെ മേലാണ് ‘ പ്രിയ മനസ്സിൽ പറഞ്ഞു .

കുറച്ചു കഴിഞ്ഞതും ലഞ്ച് ബ്രേക്ക് ആയി . പ്രിയയും ശിവാനിയും ക്യാന്റീനിൽ പോകാൻ പുറത്തേക്ക് ഇറങ്ങി നടന്നു . കോറിഡോറിൽ തൂണിൽ ചാരി ഫോൺ നോക്കി നിൽക്കുവായിരുന്നു ഗൗതം .

‘ഓ … വേറെ എവിടേം നിന്ന് തുഴയാൻ സ്ഥലം ഇല്ലാഞ്ഞിട്ടാണോ അങ്ങേരു ഇവിടെ തന്നെ വന്നു നിൽക്കുന്നത് .

ചുറ്റും നിൽക്കുന്ന പെൺപിള്ളേരെ കണ്ണ് മുഴുവൻ അങ്ങേരിലാണ് .കൂടെ ഉള്ളവന്മാരൊന്നും ഇല്ലല്ലോ .

പ്രിയ ശ്രദ്ധിക്കരുത് . മൈൻഡ് ചെയ്യാതെ നടക്കണം . ഇന്നലത്തെ കാര്യം ഓർമയുണ്ടല്ലോ . ‘ പ്രിയ മനസ്സിൽ പറഞ്ഞു കൊണ്ട് നടന്നു .

പ്രിയ നടന്നു വരുന്നത് കണ്ടതും ഗൗതം അവളെ നോക്കി ചിരിച്ചു പക്ഷെ പ്രിയ ശിവാനിയോട് എന്തൊക്കെയോ കാര്യമായ സംസാരത്തിൽ ആണ് .

എന്തൊക്കെയാ പറയുന്നത് എന്ന് അവൾക്കും മനസിലാവുന്നില്ല ശിവാനിക്കും മനസിലാവുന്നില്ല .

ശിവാനി ഇടയ്ക്കിടെ നീ ഇതൊക്കെ എന്തിനാ പറയുന്നത് എന്ന് ചോദിക്കുന്നുണ്ട് . പക്ഷെ പ്രിയ അതൊന്നും മൈൻഡ് ചെയ്യാതെ ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു .

ഗൗതം പ്രിയ അടുത്തെത്തിയതും അവളെ വിളിക്കാനായി നോക്കിയപ്പോൾ അവൾ അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ ശിവാനിയോട് സംസാരിച്ചു നടന്നു .

‘ഇവളെന്താ ഞാൻ നോക്കി ചിരിച്ചിട്ടും മൈൻഡ് ചെയ്യാതെ പോവുന്നത് . ആ ..എന്റെ ഭാഗത്തും തെറ്റുണ്ട് .

കോളേജിൽ വെച്ച് കണ്ടാൽ മൈൻഡ് ചെയ്‌യാൻ വരണ്ട എന്ന് ഞാൻ തന്നെ ആണല്ലോ പറഞ്ഞത് .

എന്നാലും ഞാൻ ചിരിച്ചത് ഇനി അവള് കണ്ടില്ലേ ‘ ഗൗതം അവിടെ ആലോചിച്ചു നിന്നു . അപ്പോഴേക്കും പ്രിയ നടന്നു പോയിരുന്നു .

പ്രിയയും ശിവാനിയും ക്യാന്റീനിൽ എത്തിയപ്പോൾ ആണ് പ്രിയ അവളുടെ സംസാരം നിർത്തിയത് .

” നീ ഇത് എന്തൊക്കെയാ പ്രിയ പറഞ്ഞത് എനിക്ക് ഒന്നും മനസിലായില്ല . നീ പറഞ്ഞ ഒന്നിനും ഒരു ബന്ധവും ഇല്ലല്ലോ !” ശിവാനി പ്രിയയെ നോക്കി ചോദിച്ചു .

” അതെന്റെ ഹോബി ആണ് ഞാൻ ഇങ്ങനെ ഇടയ്ക്കു പരസ്പര ബന്ധമില്ലാതെ വെറുതെ സംസാരിക്കും ” പ്രിയ ഇളിച്ചുകൊണ്ട് പറഞ്ഞു .

” ങേ ….!! ഇതെന്ത് ഹോബി . ” ശിവാനി ചോദിച്ചു .

” ഇങ്ങനെയും ഹോബി ഉണ്ട് . നീ അത്ര മനസിലാക്കിയാൽ മതി . വന്നു ഫുഡ് ഓർഡർ ചെയ് പെണ്ണേ ” പ്രിയ വിഷയം മാറ്റാൻ വേണ്ടി പറഞ്ഞു .

പ്രിയയും ശിവാനിയും ഫുഡ് കഴിച്ചോണ്ട് ഇരിക്കുമ്പോൾ ഗൗതം ക്യാന്റീനിലേക്ക് വന്നു . ഗൗതമിനെ കണ്ടതും പ്രിയ ശ്രദ്ധിക്കാത്ത പോലെ ഇരുന്നു .

ഗൗതം അവളുടെ അടുത്തേക്ക് പോകാൻ തുടങ്ങിയപ്പോഴേക്കും പ്രിയയും ശിവാനിയും കഴിച്ചു എഴുന്നേറ്റിരുന്നു . അവൻ ക്യാന്റീനിന്റെ പുറത്തു പ്രിയ വരുന്നത് കാത്തു നിന്നു .

പ്രിയ പുറത്തേക്ക് ഇറങ്ങിയപ്പോൾ കാണുന്നത് അവളെ നോക്കി നിൽക്കുന്ന ഗൗതമിനെ ആണ് .

അവള് ശിവാനിയെ കോളേജിലെ പല ഭാഗത്തേക്കും ചൂണ്ടി കാണിച്ചു ഓരോന്ന് പറയാൻ തുടങ്ങി .

ശിവാനിയും പ്രിയ പറയുന്നതിന് മറുപടി കൊടുക്കുന്നുണ്ട് . ഗൗതം നിൽക്കുന്ന ഭാഗത്തേക്ക് പ്രിയ നോക്കുന്നെ ഇല്ല്യ .
ഗൗതം രണ്ടും കൽപ്പിച്ചു പ്രിയയുടെ അടുത്തേക്ക് നടന്നു .

അവളുടെ മുന്നിൽ വന്നു നിന്നു . പ്രിയയും ശിവാനിയും ഒന്ന് ഞെട്ടി . പക്ഷെ പ്രിയ അത് മുഖത്തു കാണിച്ചില്ല

” എന്താ ഗൗതം ചേട്ടാ ” ശിവാനി ആണ് ചോദിച്ചത് .

” എനിക്ക് ഇവളോട് ഒന്ന് സംസാരിക്കാൻ ഉണ്ട് ” ഗൗതം പ്രിയയെ നോക്കി പറഞ്ഞു .

“പ്രിയയോടോ ?! ” ശിവാനി അത്ഭുതത്തോടെ ചോദിച്ചു .

“അതെ … ഒരു 5 മിനിറ്റ് ” ഗൗതം പ്രിയയെ നോക്കി പറഞ്ഞു .

“എനിക്ക് ഒന്നും സംസാരിക്കാനും കേൾക്കാനും ഇല്ല ” പ്രിയ അതും പറഞ്ഞു ശിവാനിയുടെ കൈ പിടിച്ചു നടന്നു . എന്താ ഇവിടെ നടക്കുന്നത് എന്ന് അറിയാതെ ബ്ലിങ്കസ്യാനുള്ള അവസ്ഥയിൽ ആയിരുന്നു ശിവാനി .

“ദേ…ച്ഛെ .. പ്രിയ … എടോ ഒന്ന് നിൽക്ക് ” ഗൗതം അവളുടെ അടുത്തേക്ക് ചെന്നു .

” എന്തിനാ ..നമ്മള് സംസാരിച്ചാൽ അത് വഴക്കിലെ ചെന്ന് നിൽക്കു . അല്ലേലും തനിക്കു എന്താ എന്നോട് സംസാരിക്കാൻ ഉള്ളത് .

എപ്പോൾ നോക്കിയാലും ചാടി കടിക്കാൻ വന്നോളും . ഇന്നലെ പറഞ്ഞതിന്റെ ബാക്കി ചീത്ത പറയാൻ ആവും . എനിക്ക് കേൾക്കണ്ട . നമ്മളില്ലേ !” പ്രിയ അതും പറഞ്ഞു നടന്നു പോയി .

‘ശേ.. ഇവള് കലിപ്പിൽ ആണല്ലോ . ഒരു സോറി പറഞ്ഞു പെണ്ണിനോട് ഒന്ന് അടുക്കാൻ ശ്രമിക്കാമെന്ന് വിചാരിച്ചതാണ് .

ഇതിപ്പോ അവള് അടുക്കുന്ന ലക്ഷണം ഒന്നും കാണുന്നില്ല .’ ഗൗതം മനസിൽ പറഞ്ഞു നടന്നു പോകുന്ന പ്രിയയെ നോക്കി .

ഗൗതം തിരിച്ചു ഓഡിറ്റോറിയത്തിലേക്ക് പോയി .

“നീ ഇത് എവിടെയായിരുന്നു . ” അജാസ് ചോദിച്ചു .

“ഞാൻ പറഞ്ഞില്ലേ ഡിപ്പാർട്മെന്റിൽ പോയിട്ട് വരാമെന്ന് . ” ഗൗതം അതും പറഞ്ഞു അവിടെ ഒരു ചെയറിൽ പോയിരുന്നു .
ഗൗതം ഫ്രഷേഴ്‌സ് ഡേയുടെ അറേൻജ്മെന്റ്സുമായിട്ട് തിരക്കിൽ ആയിരുന്നു .

ക്ലാസ്സിൽ എത്തിയപ്പോൾ ആണ് പ്രിയ ശിവാനിയുടെ മുഖത്തേക്ക് നോക്കുന്നത് .

“അയ്യോ ശിവാ നിന്റെ മുഖമെന്താ വീർത്തിരിക്കുന്നത് . വരുന്നവഴിക്ക് ഇനി വല്ല കടന്നാലും കുത്തിയോ .?” പ്രിയ ചോദിച്ചു .

“നീ പൊട്ടൻ കളിക്കല്ലേ . ഗൗതം ചേട്ടനെ നിനക്കു എങ്ങനെ അറിയാം . നിങ്ങള് തമ്മിൽ ?! ” ശിവാനി മുഖം കൂർപ്പിച്ചു കൊണ്ട് ചോദിച്ചു .

” ഗൗതം എന്റെ പേരെന്റ്സ്ന്റെ ഫ്രണ്ട്സിന്റെ മോൻ ആണ് . ഞങ്ങള് തമ്മിൽ ഒരു കുന്തവും ഇല്ല .. അല്ല ഒന്നുണ്ട് നല്ല മുട്ടൻ വഴക്ക് ” പ്രിയ പറഞ്ഞു .

“നീ എന്തൊക്കെയാ പ്രിയ പറയുന്നേ . ? ഗൗതം ചേട്ടനെ നിനക്കു അറിയാമെങ്കിൽ നീ എന്താ എന്നോട് പറയാഞ്ഞത് .? നിങ്ങള് തമ്മിൽ എന്തിനു വഴക്ക് ?! ” ശിവാനി ചോദിച്ചു .

“എന്തിനു വഴക്ക് എന്ന് അങ്ങേർക്ക് മാത്രമേ അറിയാവൂ . ഞങ്ങള് തമ്മിൽ സംസാരിച്ചാൽ അത് വഴക്കിലെ ചെന്ന് നില്ക്കു . അതിനു പ്രത്യേകിച്ച് കാരണം ഒന്നും ഉണ്ടാവാറില്ല .

ഇനി കഴിഞ്ഞ ജന്മത്തിൽ ഞാൻ അങ്ങേരോട് എന്തേലും ചെയിതിട്ടുണ്ടോന്ന് അറിയില്ല .

പിന്നെ നിന്നോട് പറയാഞ്ഞത് . ഇവിടെ വന്നിട്ട് ഇന്ന് അല്ലാതെ അങ്ങേരെന്റെ മുഖത്ത് എങ്കിലും നോക്കുന്നത് നീ കണ്ടിട്ടുണ്ടോ .

എന്നോട് കോളേജിൽ വെച്ച് കണ്ടാൽ മൈൻഡ് ചെയ്യരുത് എന്നാണ് പറഞ്ഞിരിക്കുന്നത് . ” പ്രിയ പറഞ്ഞു .

“പിന്നെ ഇപ്പോൾ എന്തിനാ നിന്നോട് സംസാരിക്കാൻ വന്നത് ?!” ശിവാനി ചോദിച്ചു .

“അത് തന്നെ ആണ് ഞാനും ആലോചിക്കുന്നത് . അങ്ങേരു എന്നോട് ഇങ്ങനെ സംസാരിക്കാൻ വന്നിട്ടേ ഇല്ല . ഒന്ന് പറഞ്ഞു രണ്ടാമത്തതിനു ചാടി കടിക്കുന്ന സ്വഭാവം ആണ് .

ഞാൻ പിന്നെ ഇന്നലെ വഴക്ക് ഉണ്ടാക്കിയത്കൊണ്ടും അങ്ങേരു ഒടുക്കാത്ത ജാഡയിട്ടു നടക്കുന്നത് കൊണ്ടും ഇനി മൈൻഡ് ചെയ്യാതെ നടക്കാം എന്ന് തീരുമാനിച്ചത് അത് കൊണ്ടാണ് .

ചിലപ്പോൾ ഇന്നലെ വഴക്കുണ്ടാക്കി തീർന്നില്ലായിരുന്നു അതിനു എന്തേലും പറയാൻ വന്നതാവും . അല്ലേൽ ചിലപ്പോൾ !!! ” പ്രിയ പറഞ്ഞു നിർത്തി ശിവാനിയെ നോക്കി .

“അല്ലെങ്കിൽ ???” ശിവാനി ആകാംഷയോടെ ചോദിച്ചു .

“അത് ഇന്നലെ ഗൗതമിന്റെ കൈ എവിടെയോ തട്ടി നീര് വെച്ചിരുന്നു . ഞാൻ അതിനു ഓയിൽമെന്റ് തേച്ചു കൊടുത്തു .

ഇനി ഞാൻ തൊട്ടതു കൊണ്ട് ഗൗതമിന്റെ തപസിനു ഭംഗം വന്നു എന്ന് പറഞ്ഞു തല്ലാനായിരിക്കോ ?!!! ” പ്രിയ സംശയത്തോടെ പറഞ്ഞു .

“തപസോ ?!! നീ എന്തൊക്കെയാ ഈ പറയുന്നത് ?!” ശിവാനി ഒന്നും മനസിലാവാതെ ചോദിച്ചു .

പ്രിയ ഗൗതമിനെ അമ്പലത്തിൽ വെച്ച് കണ്ടത് മുതൽ ഇന്നലെവരെ നടന്ന കാര്യങ്ങൾ ശിവാനിയോട് പറഞ്ഞു കൊടുത്തു . പ്രിയക്ക് ഗൗതമിനെ ഇഷ്ട്ടമാണെന്നുള്ളത് മാത്രം പറഞ്ഞില്ല .

“ഓ .. അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ . ഗൗതം ചേട്ടൻ ഇത്രക്ക് കലിപ്പ് ആണോ .. നീയും വല്യ മോശമില്ല ” ശിവാനി പറഞ്ഞു .

പ്രിയ അവളെ നോക്കി ഇളിച്ചു കാണിച്ചു .

“എന്തായാലും വൈകീട്ട് അമ്മേന്റെ അടുത്തു പോവുമ്പോൾ അറിയാം എന്താ കാര്യം എന്ന് . ഇങ്ങോട്ട് വന്നു സംസാരിക്കാണേൽ നോക്കാം . ഞാൻ ഇനി അങ്ങേരെ പോലെ ജാഡ ഇട്ടേ നിൽക്കു .” പ്രിയ പറഞ്ഞു .

വൈകീട്ട് ഗൗതം അജാസിന്റെയും ജോണിന്റെയും കൂടെ നേരത്തെ ഇറങ്ങിയിരുന്നു . കോളേജിലെ പ്രോഗ്രാമിന്റെ ഒരു ആവിശ്യത്തിന് .

അത്കൊണ്ട് ക്ലാസ് കഴിഞ്ഞു ഇറങ്ങിയ പ്രിയ ഗൗതമിനെ നോക്കി എങ്കിലും എവിടെയും കണ്ടില്ല .

ശിവാനി ഹോസ്റ്റലിലേക്ക് പോയ ശേഷം ബൈക്ക് എടുക്കാൻ പ്രിയ പാർക്കിങ്ങിലേക്ക് ചെന്നപ്പോൾ ആണ് കിരണിനെയും കാർത്തിക്കിനെയും റഹീമിനെയും കണ്ടത് .

“പെങ്ങളെ … ” കിരൺ ആണ് .

“ങേ ..! ഇതെന്താ പെട്ടന്ന് ഒരു പെങ്ങളെ വിളി ” പ്രിയ ആശ്ചര്യത്തോടെ ചോദിച്ചു .

“എന്റെ പൊന്നു പെങ്ങളെ ഞങ്ങൾക്ക് അറിയില്ലായിരുന്നു പെങ്ങളെ ഇവിടെ ശ്രദ്ധിച്ചോളാൻ ഗൗതമിനോട് അച്ഛനും അമ്മയും പറഞ്ഞ കാര്യം .

അച്ഛനും അമ്മേം പറഞ്ഞാൽ പിന്നെ അവനെന്തിനാ ഞങ്ങള് നോക്കൂലേ പെങ്ങളെ ” കാർത്തിക്ക് പറഞ്ഞു .

“എന്നെ നോക്കാൻ ഞാൻ തന്നെ ധാരാളം ” പ്രിയ ചിരിച്ചുകൊണ്ട് പറഞ്ഞു .

“അയ്യോ അത് ഞങ്ങൾക്ക് നന്നായിട്ട് അറിയാം . കരാട്ടെ ആണോ ?” റഹീം ചോദിച്ചു .

“അതെ . ബ്ലാക്ക് ബെൽറ്റ് ആണ് .
അല്ല നിങ്ങളോട് ആര് പറഞ്ഞു ഗൗതമിനോട് അച്ഛനും അമ്മയും അങ്ങനെ പറഞ്ഞ കാര്യം ?”

“പെങ്ങളറിഞ്ഞില്ലല്ലോ ഇന്നലെ പെങ്ങള് പോയതിനു ശേഷം നടന്ന കാര്യങ്ങളൊന്നും ” കിരൺ അതും പറഞ്ഞു ഇന്നലെ നടന്നതെല്ലാം പ്രിയയോട് പറഞ്ഞു .

“ഞങ്ങളു ചുമ്മാ ഒരു തമാശക്ക് ഓരോന്ന് പറഞ്ഞതാണ് . ഇതിനുമുൻപും ഇങ്ങനെ ഓരോന്ന് പറയാറുണ്ട് ഗൗതം അതൊന്നും മൈൻഡ് ചെയ്‌യാറെ ഇല്ല പക്ഷെ ഇന്നലെ അവൻ വല്ലാതെ ദേഷ്യപ്പെട്ടു .

അവനു പിന്നെ ദേഷ്യം വന്നാൽ അത് കണ്ട്രോൾ ചെയ്യാനെ കഴിയില്ല . പിന്നെ ഇന്ന് രാവിലെ വന്നാണ് കാരണം ഒക്കെ പറഞ്ഞത് അപ്പോഴാ സമാധാനം ആയത് ” കാർത്തിക്ക് പറഞ്ഞു .

പ്രിയ അവര് പറഞ്ഞത് കേട്ട് തരിച്ചു നിൽക്കുവായിരുന്നു . അവളൊന്നും അവരോട് പറഞ്ഞില്ല .

“എന്നാൽ പെങ്ങള് പൊക്കോ ലേറ്റ് ആവണ്ട . പിന്നെ കാണാം ” കിരൺ പറഞ്ഞു .

പ്രിയ യാന്ത്രികമായി ബൈക്ക് എടുത്ത് പുറത്തേയ്ക്ക് വന്നു ബൈക്ക് സൈഡ് ആക്കി നിർത്തി .

‘അപ്പോൾ ഇന്നലെ അവരെന്നെ കുറിച്ച് പറഞ്ഞതിനാണോ ദേഷ്യപ്പെട്ട് ഗൗതം കൈ നീരും വെപ്പിച്ചു വന്നത് . ആ ദേഷ്യം കൊണ്ടാണ് ഇന്നലെ എന്നോടും ചൂടായത് .

ഗൗതം എനിക്ക് വേണ്ടി അവന്റെ ഫ്രണ്ട്സിനോട് ദേഷ്യപ്പെട്ടു . ! എന്നിട്ട് ഞാനോ ഇന്ന് അവൻ എന്നോട് സംസാരിക്കാൻ വന്നിട്ട് അവനെ അവോയ്ഡ് ചെയിതു . ഛേ മോശമായി പോയി .

എത്രയും പെട്ടന്ന് ഗൗതമിനെ കാണണം .ഗൗതമിനോട് സോറി പറയണം .’ പ്രിയ മനസ്സിൽ പറഞ്ഞു .

‘എനിക്ക് വേണ്ടി ഗൗതം ദേഷ്യപ്പെട്ടു ‘ എന്ന് ഓർക്കുമ്പോൾ ഒരു നിറഞ്ഞ പുഞ്ചിരി പ്രിയയുടെ ചുണ്ടിൽ സ്ഥാനം പിടിച്ചു .

തുടരും

പ്രിയനുരാഗം – ഭാഗം 1

പ്രിയനുരാഗം – ഭാഗം 2

പ്രിയനുരാഗം – ഭാഗം 3

പ്രിയനുരാഗം – ഭാഗം 4

പ്രിയനുരാഗം – ഭാഗം 5

പ്രിയനുരാഗം – ഭാഗം 6

പ്രിയനുരാഗം – ഭാഗം 7

പ്രിയനുരാഗം – ഭാഗം 8

പ്രിയനുരാഗം – ഭാഗം 9

പ്രിയനുരാഗം – ഭാഗം 10