പ്രണയം : ഭാഗം 5
എഴുത്തുകാരി: അതുല്യ കെ.എസ്
ദിവസങ്ങൾ കടന്നു പോയി. വീട്ടിൽ ഇരിക്കുന്നത് ഒരു മടുപ്പായി അവൾക്ക് അനുഭവപ്പെട്ടു. കോളേജിലെ ഓരോ കാര്യങ്ങളും പാർവതി അവളെ അറിയിച്ചുകൊണ്ടിരുന്നു. അഞ്ജലിയുടെയും അനന്തുവിന്റെയും ബന്ധം ദൃഢമായി കൊണ്ടിരിക്കുകയാണ്. അനന്തുവിന്റെ മനസ്സിൽ തനിക്ക് സ്ഥാനമില്ലെന്ന് ഗീതു പതുക്കെ പതുക്കെ മനസ്സിലാക്കി. അഞ്ജലി അനന്തുവിന്റെ വീട്ടിൽ പോകാറുണ്ടെന്നും അവന്റെ വീട്ടുകാരും ബന്ധുക്കളുമായി നല്ല ബന്ധം പുലർത്തുന്നുണ്ടെന്നും പാർവതിയിൽ നിന്നും ഗീതു മനസ്സിലാക്കി.ഇപ്പോൾ അവൾ എല്ലാവരുടെയും മുന്നിൽ ഒരു ചോദ്യ ചിഹ്നമാണ്. “മോളെ വാ നമുക്ക് തറവാട് വരെ പോകാം …… അവിടെ അമ്മാവനും അമ്മായിയും നന്ദനും വന്നിട്ടുണ്ടല്ലോ.
അതുമാത്രമല്ല എല്ലാവരുമുണ്ട്. സിനി വിളിച്ചപ്പോൾ പറഞ്ഞിരുന്നു തറവാട്ടിലേക്ക് വരണമെന്നും എല്ലാവരും അവിടെ ഉണ്ടാകും എന്നും………………….” ” ഞാൻ വരുന്നില്ല അമ്മേ………………………” ” അതെങ്ങനെ ശരിയാകും ,നിന്നെ ഒറ്റയ്ക്ക് ഒരുത്തി ഞങ്ങൾ എങ്ങനെയാണ് പോവുക അതുമാത്രമല്ല നന്ദനും അമ്മയും ഒക്കെ നിന്നെ തിരക്കില്ലേ ?. വേഗം പോയി റെഡിയായി വന്നേ ഇപ്പോൾ തന്നെ പോകണം ഇല്ലെങ്കിൽ തിരിച്ചു വരുമ്പോൾ വൈകും………… നിന്റെ മൂടും ഒന്നു മാറി കിട്ടും. ഒറ്റക്ക് ഇരുന്ന് ഓരോന്ന് ആലോചിച്ച് ആലോചിച്ച് എന്റെ കൊച്ച് വല്ലാണ്ട് ആയി…………ഒറ്റയ്ക്ക് ഇരുന്നാൽ നിന്റെ ആലോചന കൂടുകെയുള്ളൂ. ” മനസ്സില്ലാമനസ്സോടെ അവൾ കട്ടിലിൽ നിന്ന് എണീറ്റ് അലമാരിയുടെ അടുത്തേക്ക് പോയി. അലമാരി തുറന്ന് ഉള്ളിൽനിന്നും ആകാശ നീല കളറുള്ള അവൾക്ക് ഏറ്റവും പ്രിയപ്പെട്ട ചുരിദാർ എടുത്തു. അവളുടെ മനസ്സിൽ ഇപ്പോഴും ഒരുപാട് ചോദ്യങ്ങൾ ഉണ്ട്. എന്നാൽ അതിനൊന്നും ഉത്തരം കണ്ടെത്താൻ അവൾക്ക് കഴിഞ്ഞിട്ടില്ല.
എങ്ങനെ അതൊക്കെ കണ്ടു പിടിക്കും എന്ന് അവൾക്ക് അറിയുകയുമില്ല. ” മോളെ നീ റെഡിയായോ…?” അച്ഛൻ പുറത്തു നിന്നും വിളിച്ചു ചോദിച്ചു ” അച്ഛ….. കഴിഞ്ഞു……. വരുന്നു.” കട്ടിലിൽ കിടന്നു ഫോണെടുത്ത് അവൾ പുറത്തേക്ക് നടന്നു. അച്ഛൻ കാർ ഗേറ്റിന് പുറത്തേക്കെടുത്തു. അമ്മയും ഗീതുവും കാറിൽ കയറി. ഇടയ്ക്ക് ആരൊക്കെയോ അമ്മയെ വിളിക്കുന്നുണ്ട്. തറവാട്ടിലേക്ക് കഷ്ടിച്ച് അര മണിക്കൂർ യാത്ര ആണുള്ളത്. ഇടയ്ക്ക് കണ്ട കടയിൽ നിർത്തി അവർ സാധനങ്ങൾ വാങ്ങി യാത്ര തുടർന്നു. തറവാട്ടിൽ ഒരു ഉത്സവത്തിന്റെ അന്തരീക്ഷം. അനിയത്തി കുട്ടികൾ എല്ലാം പുറത്ത് കളിച്ചുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. ഗീതുവിനെ കണ്ടതും എല്ലാവരും ഓടി അവളുടെ അടുത്ത് ചെന്ന് കൈ പിടിച്ചു വലിച്ചു. “നന്ദൻ ചേട്ടാ, ഗീതു ചേച്ചി എത്തി………….” ആമി മോൾ വിളിച്ചുപറഞ്ഞു.മുറിയിൽ ഇരുന്ന് ബുക്ക് വായിക്കുകയായിരുന്നു നന്ദൻ.
ആമിമോൾ വിളിച്ച് പറഞ്ഞത് കേട്ട് അവൻ പുറത്തേയ്ക്ക് വന്നു. “ആഹ് മോനെ നീ സുഖായി ഇരിക്കുന്നോ..?” ഗീതുവിന്റെ അമ്മ അവന്റെ മുടിയിഴകളിൽ തലോടി. “അതെ അമ്മായി സുഖായി ഇരിക്കുന്നു.. ” അവൻ ഇടം കണ്ണിട്ട് അവളെ നോക്കി.. ഗീതു ഒന്നും മിണ്ടാതെ നിൽക്കുകയാണ്. മുഖത്ത് ഒരു ചെറു പുഞ്ചിരി മാത്രം.. “എല്ലാരും അകത്തേയ്ക്കു വാ.. ഇവിടെ തന്നെ അങ്ങനെ നിന്നാലോ…………..” . നന്ദന്റെ അച്ഛൻ പുറത്തേക് വന്നു… “ആഹാ ഗീതു മോളേ.. ഇവൾ അങ്ങ് വലുതായി പോയല്ലോ.. കല്യാണം ഒക്കെ വരുന്നുണ്ടോ…? ” നന്ദന്റെ അച്ഛൻ ഗീതുവിന്റെ അച്ഛനോട് ചോദിച്ചു.. അച്ഛൻ പറഞ്ഞു തീർന്നതും നന്ദൻ ഗീതുവിന്റെ കണ്ണുകളിലേക്കു നോക്കി.. അവളുടെ ഭാവത്തിൽ യാതൊരു മാറ്റവും ഇല്ല.. ഇപ്പോഴും ചെറു പുഞ്ചിരി മാത്രം.. എല്ലാവരും അകത്തേയ്ക്കു കയറി..
അവൾ കയറാൻ പോയതും നന്ദൻ അവളുടെ കൈകളിൽ പിടിച്ചു.. എന്നിട്ട് ചെവിയിൽ മന്ത്രിച്ചു… ” ഒരു സർപ്രൈസ് ഉണ്ട്……. ” “എന്താത്…….?” “അതൊക്കെ ഉണ്ട്…. നീ വാ…” അവൻ അകത്തേയ്ക്കു കയറി പോയി.. കുട്ടികളും ബന്ധുക്കളുമൊക്കെയായി അവിടെ ഒരു ഉത്സവത്തിന്റെ തിരക്കുണ്ട്. എല്ലായിടത്തും ആകെ ബഹളമാണ്. അവളുടെ മനസ്സ് ഇപ്പോഴും വിങ്ങി പൊട്ടുകയാണ്. കോണിപ്പടി കയറി അവൾ ബാൽക്കണി യിലേക്ക് നടന്നു. ബാൽക്കണിയിൽ നന്ദൻ നിൽക്കുന്നുണ്ടായിരുന്നു. നന്ദനെ കണ്ടതും അവൾ പുറകോട്ട് വലിഞ്ഞു. “നിൽക്ക് , എന്നെ കണ്ടിട്ട് എന്താ നാണിച്ചു പോകുകയാണോ ?.. ഞാൻ വിചാരിച്ചത് പോലെ അല്ല നീ.
നിന്നെ കാണാൻ നല്ല ഭംഗിയാണ്. ഒരുപാട് മാറിപ്പോയിരിക്കുന്നു….” “നന്ദേട്ടൻ പറഞ്ഞ സർപ്രൈസ് എന്താണ്…?” “അത് പറയാം …സമയം ഉണ്ടല്ലോ……” “നീ വാ…നിനക്കായി ഞാൻ കുറച്ച് സാധനങ്ങൾ കൊണ്ടുവന്നിട്ടിട്ടുണ്ട്…അങ്ങോട്ടേക് കൊണ്ടവരാമെന്ന് കരുതിയിരുന്നു എന്നാൽ ഇനി ഇപ്പൊ ഞാൻ ഇതെല്ലം കൊണ്ട് അങ്ങോട്ടേക് വരണ്ടല്ലോ പെണ്ണെ…..” നന്ദൻ അവന്റെ മുറിയിലേക്ക് നടന്നു. മുറിയിൽ ചെന്ന് അവന്റെ പെട്ടിയിൽ നിന്നും ഒരു കവർ എടുത്ത് നന്ദൻ അവളുടെ നേരേ നീട്ടി “എന്താ ഇത്………………?” അവൾ ആകാംഷയോടെ ചോദിച്ചു. “തുറന്ന് നോക്ക് നീ ………….” “അവൾ കവർ തുറന്നു നോക്കി.അത് ഒരു ആകാശനീല കളർ പട്ടുസാരി ആയിരുന്നു.. “നിനക്കു ഇഷ്ടായി കാണുമല്ലോ ? നിന്റെ പ്രീയപ്പെട്ട കളർ അല്ലെ ?” “അതെ……….എനിക്ക് ഒരുപാട്ഇഷ്ടം ആയി…അല്ല ഏട്ടന് എങ്ങനെ അറിയാം ഇതെന്റെ ഫേവറൈറ്റ് കളർ ആണെന്..? “അതൊക്കെ എനിക്ക് അറിയാം………………………..” “നാളെ രാവിലെ നമ്മുക് ഒരിടം വരെ പോകണം .നീ ഈ സാരി ഉടുത്തിട്ട് വേണം വരാൻ ..
ഞാൻ രാവിലെ വീട്ടിലേക്കു വരാം …..” “എവിടേയ്ക് ആണ് ഏട്ടാ പോകുന്നെ….?” “അതൊക്കെ ഉണ്ട്…സർപ്രൈസ്…..” “ഏട്ടൻ മുഴുവൻ സർപ്രൈസിന്റെ ആളാണല്ലേ….” “രണ്ടും നിന്ന് കൊഞ്ചി കുഴയാതെ വാ ഫുഡ് കഴിക്കാം..” കോണിപടിയുടെ താഴെ നിന്നും ചെറിയമ്മ വിളിച്ചു പറഞ്ഞു . “ഞങ്ങൾ ദേ എത്തി…..” നന്ദൻ വിളിച്ചു പറഞ്ഞു . “വാ ഗീതു …ചോറും സാമ്പാറും പപ്പടോം ഒക്കെ ആയി കുഴച്ച് കുഴച്ച് കഴിക്കാം…” അവൻ ചിരിച്ചു കൊണ്ട് അവളുടെ കൈകൾ പിടിച്ചു വലിച്ചു…… “ആഹാ എത്തിയല്ലോ രണ്ടും..ഇത് എവിടെ ആയിരുന്നു……..ഞങ്ങൾ കുറെ നോക്കി…” ഗീതുവിന്റെ അച്ഛൻ നന്ദനോട് ചോദിച്ചു. ഞങ്ങൾ ബാല്കണിയിൽ ഉണ്ടായിരുന്നു …………” നന്ദൻ മറുപടി നൽകി. അവൻ ഒഴിഞ്ഞു കിടന്ന കസേര എടുത്തു പുറകോട്ട് വലിച്ച് അതിൽ ഇരുന്നു. “ഇരിക്കൂ…….. ഗീതു… ” അവൻ അടുത്ത് കിടന്ന ഒരു കസേര എടുത്തു വലിച്ചിട്ടു കൊടുത്തു. “ഇവനെ ഇങ്ങനെ വിട്ടാൽ മതിയോ …
ഒരു കല്യാണമൊക്കെ കഴിപ്പിക്കണ്ടേ..” ചെറിയമ്മ ചോദിച്ചു.. “ഇങ്ങോട്ടേക്ക് വന്നതിന്റെ ഒരു പ്രധാന കാരണം ഇതുതന്നെയാണ്. ഇനി ഇവന് ഒരു പെണ്ണിനെ കണ്ടുപിടിച്ചിട്ട് വേണം ഞങ്ങൾക്ക് സ്വസ്തം ആവാൻ. ” ” നിന്റെ മനസ്സിൽ ആരെങ്കിലുമുണ്ടോ..നന്ദാ ….?” ചോറ് വിളമ്പുന്നതിനിടയിൽ ചെറിയമ്മ ചോദിച്ചു. “ആ.. ഒരാളുണ്ട്…..” അവൻ ഗീതുവിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു. ഗീതു ഒന്നും ശ്രദ്ധിക്കുന്നതേയില്ല. “നീ എന്താ മോളെ ഒന്നും മിണ്ടാത്തത്.. ….?” നന്ദന്റെ അച്ഛൻ ആയിരുന്നു അത്. “ഒന്നുമില്ല അമ്മാവാ……………………..” ” നീ ഇതൊക്കെ കേൾക്കുന്നുണ്ടോ…………?നന്ദനെ കെട്ടിക്കാറായി .. എന്താ മോളുടെ പ്രായം..?” “അതിനിപ്പോ ഞാനെന്ത് പറയാനാ അമ്മാവാ……….? നന്ദേട്ടനെ ആരാ ഇഷ്ടപ്പെടാത്തത്..? നല്ലൊരു പെൺകുട്ടിയെ തന്നെ കിട്ടും” നന്ദൻ അവൾ പറയുന്നത് കേട്ടു കൊണ്ടിരിക്കുകയാണ്. “മോളുടെ ക്ലാസ് ഒക്കെ എങ്ങനെ പോകുന്നു……..” ചെറിയമ്മ ചോദിച്ചതും അച്ഛനും അമ്മയും ഗീതവും പരസ്പരം നോക്കി. “നന്നായി പോകുന്നു..” അവളുടെ കണ്ണുകൾ നിറഞ്ഞു.
“നീ എന്താ മോളെ ഭക്ഷണം നിർത്തിയോ……….?” ” മതി അമ്മായി……….” നന്ദന് ഒന്നും തന്നെ മനസ്സിലായില്ല. “ഈ പെണ്ണിന്റെ ഒരു കാര്യം……… ഞാൻ ദേ വരുന്നു..” ” നീ എവിടെ പോകുന്നു മോനെ. കഴിച്ചിട്ട് പോ……….. ദാ വരുന്നു……..അവളെ കൂടി വിളിക്കട്ടെ.. ഭക്ഷണം കഴിക്കാതെ എങ്ങനെയാ അവളെ വെറുതെ വിടുക.. ” നന്ദൻ കൈകഴുകി അവളെ വിളിക്കാനായി നടന്നു. ഗീതു ബാൽക്കണിയിൽ പുറത്തേക്ക് നോക്കിയിരിക്കുകയാണ്. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. “എടി പെണ്ണേ നീ ഇങ്ങു വന്നേ……………” അവൾ പെട്ടെന്ന് കണ്ണുകൾ തുടച്ചു ” ആ നന്ദേട്ടനോ…..ഇത്ര വേഗം കഴിച്ചു കഴിഞ്ഞോ ?” ” ഞാൻ കഴിച്ചില്ല……എന്താ നീ ഭക്ഷണം കഴിക്കാത്തത്…..?ഇങ്ങനെ ഭക്ഷണം കഴിക്കാതിരുന്നാൽ എന്ത് ചെയ്യും ? എന്താ പെട്ടെന്ന് ഇറങ്ങി പോയത്..?” “ഏയ് ഒന്നും ഇല്ല ഏട്ടാ …. എനിക്ക് വിശക്കുന്നില്ല. വയറു നിറഞ്ഞു…” ” അതെങ്ങനെയാ….? രണ്ടു പിടി ചോറ് കഴിച്ചപ്പോഴേക്കും നിന്റെ വയറും നിറഞ്ഞൊ ?
വെറുതെ പറ്റിക്കാൻ നോക്കണ്ട.നീ ഭക്ഷണം കഴിച്ചാൽ മാത്രമേ ഞാനും കഴിക്കൂ .. ഞാനും കഴിക്കുന്നില്ല എന്ന് തീരുമാനിച്ചു.. ” ” നന്ദേട്ടാ.. ചേട്ടൻ കഴിക്കൂ .. എനിക്ക് ഒട്ടും വിശപ്പില്ല അതുകൊണ്ടാണ് .” “ആണോ………എങ്കിൽ എനിക്കും വിശപ്പില്ല.. ” നന്ദൻ വിടുന്ന ഭാവമില്ല. “ശരി ഞാൻ കഴിക്കാം.. ……….” മനസ്സില്ലാമനസ്സോടെ അവൾ സമ്മതിച്ചു. “ചെറിയമ്മെ….. രണ്ടുപേരുടെയും ഭക്ഷണം ബാല്കണിയിലേക് എടുത്തോളൂ..” നന്ദൻ വിളിച്ചു പറഞ്ഞത് കേട്ട് ചെറിയമ്മ രണ്ടു പേർക്കുള്ള ഭക്ഷണവുമായി ബാൽക്കണിയിലേക്ക് വന്നു.. “ആഹാ ഇവൾ ഭക്ഷണം കഴിക്കാം എന്ന് സമ്മതിച്ചോ…..?” “പിന്നല്ല ഞാൻ പറഞ്ഞാൽ പിന്നെ ഇവൾ എങ്ങനെയാ കേൾക്കാതിരിക്കുക .. ” “ഇവളെ മെരുക്കിയെടുക്കാൻ നന്ദന് മാത്രമേ കഴിയൂ….. ഭക്ഷണം വേണ്ട എന്ന് പറഞ്ഞു ഇറങ്ങിപ്പോയ കൊച്ചാ…” ചെറിയമ്മ പറഞ്ഞത് കേട്ട് നന്ദൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.അവന്റെ മുഖത്ത് ചെറിയൊരു പുഞ്ചിരി വിടർന്നു .
(തുടരും )