Sunday, December 22, 2024
Novel

പ്രണയവിഹാർ: ഭാഗം 7

നോവൽ: ആർദ്ര നവനീത്‎


ദിവസങ്ങൾ കടന്നുപോകവേ വിഹാന്റെയും ശ്രാവണിയുടെയും പ്രണയവും തീവ്രമായി തടസ്സമില്ലാത്ത പുഴപോലൊഴുകി.

ശരിക്കും അവൾ അനുഭവിച്ചറിയുകയായിരുന്നു അവന്റെ കരുതൽ.
ഇടയ്ക്കിടെ അവന്റെ വീട്ടിലേക്ക് അവളോടിയെത്തും ആ അമ്മയുടെയും അച്ഛന്റെയും ചെല്ലക്കുട്ടിയാകാൻ.

അവളുടെ നിസ്വാർഥമായ സ്നേഹം അവനും അനുഭവിക്കുകയായിരുന്നു.

ആവണീ.. ഇതവന് ഇഷ്ടമാകുമോടീ..
കൈയിലിരുന്ന ബോക്സിനെയും ആവണിയെയും മാറിമാറി നോക്കിക്കൊണ്ട് സംശയത്തോടെയാണ് ശ്രാവണി തിരക്കിയത്.

എന്റെ പൊന്ന് ശ്രാവൂ നീയിത് എത്രാമത്തെ പ്രാവശ്യമാ ചോദിക്കുന്നത്.
നിന്റെ വട്ടുകളെല്ലാം അവനിഷ്ടമാണല്ലോ.
അതുകൊണ്ട് അവനിഷ്ടമാകുമായിരിക്കും.. ആവണിയുടെ അങ്ങുമിങ്ങും തൊടാതെയുള്ള പറച്ചിൽ കേട്ട് അവൾ മുഖം വീർപ്പിച്ചു നടന്നു.

വിഹാന്റെ ജന്മദിനമാണിന്ന്.
അവന് വേണ്ടി ഗിഫ്റ്റുo കൊണ്ടുള്ള വരവാണ് ശ്രാവണി.
കോളേജിലെത്തിയത് മുതൽ അവൾ നൂറുപ്രാവശ്യമെങ്കിലും ആവണിയോട് ഇക്കാര്യം തിരക്കിയിട്ടുണ്ടാകും.

ഞാൻ പറഞ്ഞതെല്ലാം ഓർമ്മയുണ്ടല്ലോ അവനെയും കൂട്ടിക്കൊണ്ട് ഗുൽമോഹറിന്റെ ചുവട്ടിൽ വരണം ഇന്റർവെല്ലിന്… ആവണിയെ ഒന്നുകൂടി ഓർമ്മിപ്പിച്ചുകൊണ്ട് അവൾ ക്ലാസ്സിലേക്ക് കയറി.

ക്ലാസ്സ്‌ നടന്നുകൊണ്ടിരിക്കെയാണ് ദീപുവും സഞ്ജുവും കടന്നു വന്നത്.
വിഹാനെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം .

അവളുടെ മിഴികൾ ചോദ്യഭാവത്തിൽ ദീപുവിനെ നോക്കി.

അവൻ വന്നില്ല. അമ്മയുടെ കൂടെ ഏതോ അമ്പലത്തിൽ പോയിരിക്കുവാ… ബെഞ്ചിലേക്ക് കയറുമ്പോൾ അവൻ ശബ്ദം താഴ്ത്തി പറഞ്ഞു.

എന്തുകൊണ്ടോ അവൾക്ക് വല്ലാത്ത സങ്കടം തോന്നി.
അന്നത്തെ ദിവസം അവൾ അവനെ അത്രയേറെ പ്രതീക്ഷിച്ചിരുന്നു.

ആദ്യത്തെ പീരീഡ് കഴിഞ്ഞതും അവൾ പുറത്തേക്കിറങ്ങി.
പിന്നാലെ ആവണിയും ഐഷുവും ഇറങ്ങിയെങ്കിലും അവൾ തടഞ്ഞു.
നേരേയവൾ പോയത് ഗുൽമോഹറിന്റെ ചുവട്ടിലേക്കാണ്.

ഒന്നോ രണ്ടോ പേർ അവിടവിടെ നിൽപ്പുണ്ടായിരുന്നു.

അൽപ്പസമയം കഴിഞ്ഞതും കുട്ടികൾ എല്ലാവരും ബാഗുമായി പോകുന്നതവൾ കണ്ടു.
കാര്യമറിയാതെ അവൾ അമ്പരന്നു നിന്നു.

എന്താ എല്ലാവരും പോകുന്നത്..
അതുവഴി പോയ ഒരു പെൺകുട്ടിയോടവൾ ചോദിച്ചു.

കോളേജ് യൂണിയനിലെ എന്തോ പ്രശ്നങ്ങൾ. അതുകൊണ്ട് ക്ലാസ്സ്‌ വേണ്ടെന്ന് പ്രിൻസി അനൗൺസ് ചെയ്തു.

പറഞ്ഞതിനുശേഷം കൂട്ടുകാരോട് സംസാരിച്ചുകൊണ്ട് അവൾ പോയി .

ശ്രാവണി വീണ്ടും ഗുൽമോഹർ ചുവട്ടിലേക്കിരുന്നു.

ചുവന്ന ഗുൽമോഹർ പൂവൊരെണ്ണം ഞെട്ടറ്റ് അവളുടെ മടിത്തട്ടിൽ വന്നുവീണു.
അവളതിനെ എടുത്ത് മെല്ലെ നോക്കി.

ഒട്ടേറെ കോളേജ് പ്രണയങ്ങളുടെ കഥകൾ ആ ഗുല്മോഹറിന് പറയാൻ കാണുമെന്നവൾക്ക് തോന്നി.

പറയാതെ പോയതും അല്ലാത്തതുമായ പ്രണയങ്ങൾ..
അവർ നടത്തിയ പ്രണയസല്ലാപങ്ങൾ ഇവയ്ക്കൊക്കെ ഈ വൻമരം സാക്ഷ്യം വഹിച്ചിരിക്കാം.
കോളേജ് ക്യാമ്പസിലെ ഓരോ മണൽത്തരിക്കും ഓരോ മരങ്ങൾക്കും തെന്നിപ്പായുന്ന മന്ദമാരുതനുപോലും പോലും പറയാനുണ്ടാകും പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും തീരാക്കഥകൾ.

മടിത്തട്ടിൽ വീണുകൊണ്ടിരുന്ന റോസാപ്പൂവിന്റെ ഇതളുകൾ കണ്ടവൾ അമ്പരന്നു.

നീയിപ്പോൾ റോസാപ്പൂവും പൊഴിച്ചു തുടങ്ങിയോ.. തെല്ലുറക്കെ ചോദിച്ചുകൊണ്ടവൾ എഴുന്നേറ്റു.

എന്നാൽ മുൻപിൽ ചെറുചിരിയോടെ നിൽക്കുന്ന വിഹാനെക്കണ്ടവൾ മിഴിച്ചു നോക്കി.

പീകോക്ക് ഗ്രീൻ നിറത്തിലെ പ്ലെയിൻ ഷർട്ടും ബ്ലാക്ക് ജീൻസുമായിരുന്നു അവന്റെ വേഷം. നെറ്റിയിൽ ചന്ദനം.

പതിവുപോലെ ആ മിഴികളിൽ കുസൃതി നിറഞ്ഞിരുന്നു.
അവൾ പരിഭവത്തോടെ ചുണ്ട് കൂർപ്പിച്ചു.

തന്നെ കളിപ്പിച്ചതിലുള്ള പരിഭവമാണെന്നവന് മനസ്സിലായി.
കൈയിലിരുന്ന ചുവന്ന റോസായിതളുകൾ അവളുടെ മേലേക്കെറിഞ്ഞുകൊണ്ടവൻ അവളെ നോക്കി ചിരിച്ചു.

ഹാപ്പി ബർത്ത്‌ഡേ ടാ..
അവളവനെ പുണർന്നു. അത് സ്വീകരിച്ചെന്നോണം
അവന്റെ കൈകളും അവളെ ചുറ്റി വരിഞ്ഞു.

അവൾ ബാഗിൽ നിന്നും ഗിഫ്റ്റ് എടുത്തവന് നേർക്ക് നീട്ടി.
അവനത് കൗതുകത്തോടെ വാങ്ങിച്ചു.
അവൻ ഗിഫ്റ്റ് പേപ്പർ ഓരോന്നായി അടർത്തിയെടുക്കുന്നതും നോക്കി ടെൻഷനോടെ അവൾ നഖം കടിച്ചുകൊണ്ട് നിന്നു.

അതിൽനിന്നും അവനാദ്യം പുറത്തെടുത്തത് വലിയൊരു ഡയറിമിൽക്ക് സിൽക്ക് ആയിരുന്നു.
അവൻ ദയനീയമായി അവളെ നോക്കി.
അടുത്തതായി ഒരു സ്നിക്കേഴ്സ്.

ഒരു ബർത്ത്‌ഡേ കാർഡ് ആയിരുന്നു അടുത്തത്.
മനോഹരമായ കൈയക്ഷരത്താൽ “മൈ ലവ് വിഹാൻ” എന്നെഴുതിയിരിക്കുന്നതവൻ കണ്ടു.

പിന്നിലെ പൊട്ടിച്ചിരി കേട്ടാണ് ഇരുവരും തിരിഞ്ഞു നോക്കിയത്.

ദീപുവും ഐഷുവും ആവണിയും സഞ്ജുവും അവിടെ നിൽപ്പുണ്ടായിരുന്നു.
ചിരി അടക്കാൻ അവർ വല്ലാതെ പാടുപെടുന്നുണ്ടായിരുന്നു.

വിഹാന്റെ ദയനീയനോട്ടം അവരിൽ പതിച്ചു.
ശ്രാവണി ഒന്നും മനസ്സിലാകാതെ അവരെ മാറിമാറി നോക്കി.

കാമുകി കാമുകന് നൽകുന്ന ഗിഫ്റ്റ് ചോക്കലേറ്റ്സ്.. ദീപു പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.

ശ്രാവണി മുഖം വീർപ്പിച്ചു.

നീ തരുന്നതെന്തും എനിക്ക് വിലപ്പെട്ടത് തന്നെയാണ്.
ഇതിൽ നിന്റെ സ്നേഹമുണ്ട്.. കുറുമ്പുമുണ്ട്.. എനിക്ക് വേണ്ടതും അതാണ്..
അവളെ ചേർത്തുനിർത്തിക്കൊണ്ടുള്ള വിഹാന്റെ വാക്കുകൾ അത്രയും മതിയായിരുന്നു ശ്രാവണിക്കും.

രണ്ടും വട്ട് കേസുകൾ തന്നെ ആവണി തലയ്ക്ക് കൈയും കൊടുത്ത് പറഞ്ഞു.
കൈയിലിരുന്ന ഡയറി മിൽക്ക് പൊളിച്ചവൻ അല്പമെടുത്ത് അവളുടെ വായിലേക്ക് വച്ചു കൊടുത്തു.
അവളതിനെ നുണഞ്ഞിറക്കി.
വിഹാന്റെ നോട്ടം ശരിയല്ലെന്ന് മനസ്സിലാക്കിയതും അവൾ വേണ്ടെന്ന് തലയാട്ടി.
അവൻ കണ്ണുകൾ കൊണ്ട് ശാഠ്യം പിടിച്ചു.
പിന്നെയവൾ നിന്നില്ല ഒറ്റയോട്ടമായിരുന്നു.
പിന്നാലെ അവനും.
മറ്റുള്ളവർ ചിരിയോടെ ഗുൽമോഹർ ചുവട്ടിലിരുന്നു.

ഒഴിഞ്ഞ ഇടനാഴിയിലൂടെ അവൾ ഓടി.

ദേ.. ശ്രീക്കുട്ടി നിന്നേ.
പ്ലീസ് ടീ..

പോടാ.. നടപ്പില്ല മോനേ..

വിഹാൻ അതിനുമുൻപേ അവളുടെ കൈത്തണ്ടയിൽ പിടിച്ചു വലിച്ചിരുന്നു.
അവളവന്റെ നെഞ്ചിൽ തട്ടി നിന്നു.

അവന്റെ നോട്ടത്തിന്റെ ദിശയറിയവേ അവൾ കണ്ണുകൾ കൊണ്ട് വേണ്ടെന്ന് പറഞ്ഞു കൊണ്ടിരുന്നു.

ഒഴിഞ്ഞ ക്ലാസ്സ്മുറിയിലെ ചുവരോട് ചേർന്നവൾ നിന്നു.
അവളോട് ചേർന്നവനും.
അവളിൽ ഉയരുന്ന ശ്വാസനിശ്വാസം അവൻ കണ്ടറിഞ്ഞു.
അവന്റെ മുഖം തന്റെ മുഖം ലക്ഷ്യമാക്കി താഴ്ന്നു വരുന്നത് കണ്ടതും അവൾ കണ്ണുകളടച്ചു.

അവളുടെ ചുണ്ടിൽ പറ്റിയിരുന്ന ചോക്കലേറ്റ് നാവ് കൊണ്ടവൻ നുണഞ്ഞു.
ഒരു ഏക്കത്തോടെ അവളവന്റെ ഷർട്ടിൽ തെരുപ്പിടിച്ചു.
ചോക്കലേറ്റിന്റെ മാധുര്യം നുണഞ്ഞുകൊണ്ടവൻ അവളിലെ അധരത്തിലേക്ക് മൃദുവായി അധരം ചേർത്തു.
പെരുവിരലൂന്നിയവൾ ഒന്നുയർന്നു.
പൂവിൽ നിന്നും ശലഭമെന്നോണം അവൻ ആ ചുംബനത്തേൻ നുകർന്നു.
ആദ്യത്തെ ചുംബനം.

അതവളിൽ ഉണർത്തിയ പരവേശം തെല്ലൊന്നുമല്ലായിരുന്നു.
ഉയർന്നുകേൾക്കുന്ന അവളുടെ ഹൃദയതാളങ്ങൾക്ക് ചൂട് പകരാണെന്നവണ്ണം അവന്റെ ഹൃദയം അതിനോട് ചേർന്നു.

ആദ്യത്തെ ചുംബനത്തിന്റെ ലഹരിയും അത് നൽകിയ അനുഭൂതിയിൽ ഇരുവരും ലയിച്ചു ചേർന്നു.

ഒടുവിലെപ്പോഴോ പിന്മാറുമ്പോൾ ആദ്യചുംബനത്തിന്റെ പ്രതീകമെന്നോണം സ്വതവേ ചുവന്നു തുടുത്ത അവളുടെ അധരത്തിൽ അവൻ രക്തം കിനിയിപ്പിച്ചിരുന്നു.

അവരുടെ ചുംബനത്തിന് സാക്ഷിയായെന്നവണ്ണം രണ്ട് അരിപ്രാവുകൾ അപ്പോഴും കുറുകിക്കൊണ്ടിരുന്നു.

കൈകൾ കോർത്തുകൊണ്ടവർ ഇടനാഴിയിലൂടെ നടന്നു.

ആ ചോക്കലേറ്റിനെക്കാൾ മധുരം നിന്റെ അധരങ്ങൾക്കായിരുന്നു..

അമർത്തിയൊരു പിച്ചായിരുന്നു അതിന് മറുപടി.

അവനവളെ തന്നിലേക്ക് ചേർത്തുപിടിച്ചു.
വരുംജന്മത്തിലും തന്റെ പ്രണയത്തെ തന്നോട് ചേർത്തുവയ്ക്കണേയെന്ന് ആഗ്രഹിച്ചുകൊണ്ടവർ നടന്നകലുമ്പോൾ പിന്നിൽനിന്നും കോപത്താൽ ജ്വലിക്കുന്ന മിഴികളെയവർ കണ്ടില്ല.

ഇന്ദ്രമൗലിയുടെ മുഷ്ടി ആഞ്ഞാഞ്ഞ് തൂൺ കട്ടിയിൽ പ്രഹരിച്ചുകൊണ്ടിരുന്നു.

(തുടരും )

പ്രണയവിഹാർ: ഭാഗം 1

പ്രണയവിഹാർ: ഭാഗം 2

പ്രണയവിഹാർ: ഭാഗം 3

പ്രണയവിഹാർ: ഭാഗം 4

പ്രണയവിഹാർ: ഭാഗം 5

പ്രണയവിഹാർ: ഭാഗം 6