Tuesday, December 24, 2024
Novel

പ്രണയവിഹാർ: ഭാഗം 5

നോവൽ: ആർദ്ര നവനീത്‎


ഓണം..
എല്ലാവരും തിരക്കുകളിൽ നിന്നും മുക്തരായി കുടുംബങ്ങളോടൊപ്പം ഓണം ആഘോഷിക്കുമ്പോൾ ജോലിക്കാർ ഒരുക്കിയ ഓണസദ്യയ്ക്ക് മുൻപിൽ ശ്രാവണി തനിച്ചായിരുന്നു.

പ്രൊഫഷനുമായി ബന്ധപ്പെട്ട് വിദേശത്ത് പോയിരിക്കുന്ന അച്ഛനമ്മമാർ.
കൂട്ടുകാരോടൊപ്പം തിരക്കിലേർപ്പെട്ട സഹോദരൻ.

തനിക്കായി മാറ്റിവയ്ക്കാൻ ഒരു ദിവസം പോലും അവർക്കില്ല. സ്വയം പുച്ഛം തോന്നി അവൾക്ക്.
വായിൽ വച്ച ഒരു ഉരുള പോലും ഇറക്കാൻ അവൾക്കായില്ല.

ശമ്പളം വാങ്ങുന്ന ജോലിക്കാർ പോലും എല്ലാം ഒരുക്കിയശേഷം മക്കളോടൊപ്പം ഓണമാഘോഷിക്കുവാൻ പോയിരിക്കുന്നു.

അവൾക്ക് വല്ലാതെ കരച്ചിൽ വന്നു.

ആ വലിയ ആഡംബരം വിളിച്ചോതുന്ന വീട്ടിലെ ഏകാന്തത അവളെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു.
കഴിക്കാതെ എല്ലാം അടച്ചുവച്ചവൾ മുറിയിലേക്ക് നടന്നു.

വിഹാൻ കാളിങ്… അവന്റെ പുഞ്ചിരിച്ചു കൊണ്ടു നിൽക്കുന്ന മുഖo ഫോണിൽ തെളിഞ്ഞു.

അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾക്ക് ഹൃദയത്തിലൊരു തണുപ്പ് പടർന്നതായി അനുഭവപ്പെട്ടു.
അവൻ പങ്കുവച്ച പ്രണയo അവിടെ മുഴങ്ങുന്നതായി തോന്നി.

ശ്രീക്കുട്ടീ… ആ ഒരു വിളി
മതിയായിരുന്നു അവളുടെ ഏകാന്തത തുടച്ചു മാറ്റുന്നതിനായി..
അവളുടെ വിഷമങ്ങൾ മായ്ച്ചു കളയുന്നതിനായി…

മ്… ഒറ്റയ്ക്കാണോ പെണ്ണേ..

അവൾക്കതിശയം തോന്നി. അവനെങ്ങനെ കൃത്യമായി മനസ്സിലായി.
മിഴികൾ വിടർന്നു.

മ്..

എന്റെ വായാടിക്ക് ഇന്നെന്താ വലിയ ഒച്ചയൊന്നുമില്ലല്ലോ. സങ്കടത്തിലാണോ..

മറുവശത്ത് നിശബ്ദത പരന്നു.

ഞാനിവിടെ നിന്റെ വീടിന്റെ ഗേറ്റിനരികിലുണ്ട്.
പെട്ടെന്ന് റെഡിയായി വാ..

അവളോടിച്ചെന്ന് കർട്ടൻ മാറ്റി നോക്കി.

നേവി ബ്ലൂ കളർ ഷർട്ടും കസവ് മുണ്ടുമണിഞ്ഞ് ബുള്ളറ്റിൽ ഇരിക്കുന്ന വിഹാൻ.
മിഴികൾ തമ്മിലിടഞ്ഞു.

വരാനായവൻ കൈകാട്ടി.

അമ്മയോട് വിളിച്ചു പറയണോ.. ഫോണുമെടുത്ത് ഒരു നിമിഷമവൾ ആലോചിച്ചു.
വേണ്ട..തടസ്സം പറയുന്നത് കേൾക്കാൻ വയ്യ.
ഫോൺ ഓഫ്‌ ചെയ്തവൾ കിടക്കയിലേക്കിട്ടു.

മെറൂൺ കളർ പഫ് സ്ലീവ് ഉള്ള ബ്ലൗസുമിട്ട് ടിഷ്യൂവിന്റെ കസവ് പട്ടുപാവാടയുമിട്ട് ഇറങ്ങി വരുന്ന അവളെ കണ്ടപ്പോൾ കൊച്ചുകുട്ടിയെപ്പോലെയാണവന് തോന്നിയത്.
അവന് പിന്നിലായി ബൈക്കിൽ കയറി തോളിൽ മുഖം അമർത്തിയവൾ ഇരുന്നു.

അല്പദൂരം ഓടിയതിനുശേഷം വിശാലമായ പറമ്പ് കടന്ന് ഇരുനില വീടിന് മുൻപാകെ ബൈക്ക് നിന്നു.
ഒത്തിരി ചെമ്പരത്തികളും തെച്ചിയും അവിടെ ഭംഗിയായി നട്ടു പിടിപ്പിച്ചിരുന്നു.
മാവിലായി വലിയൊരു ഊഞ്ഞാലും ഉണ്ടായിരുന്നു.
മുറ്റത്തെ അത്തപ്പൂക്കളത്തിലാണ് അടുത്തവളുടെ കണ്ണുകൾ ഉടക്കിയത്.
ഒറ്റയോട്ടത്തിന് അവളതിന്റെ അടുത്തെത്തി.

അതിന്റെ ഭംഗി കൗതുകപൂർവ്വം നോക്കിക്കൊണ്ടിരിക്കെ പുറത്ത് അവളെത്തന്നെ നോക്കിക്കൊണ്ട് നിൽക്കുന്നവരെ കണ്ടത്.

മുണ്ടും ഷർട്ടുമണിഞ്ഞ മധ്യവയസ്കനായ ഒരാളും ഭാര്യയെന്ന് തോന്നിക്കുന്ന ശാലീനയായ ഒരു സ്ത്രീയും. മുഖത്ത് ഐശ്വര്യം തുള്ളിത്തുളുമ്പുന്നു.
ഇരുപത്തിയെട്ടോ ഇരുപതിയേഴോ വയസ്സ് തോന്നിക്കുന്ന ഒരു പുരുഷനും ഒരു പെൺകുട്ടിയും.
വിഹാന്റെ അച്ഛനും അമ്മയും സഹോദരനും ഭാര്യയുമാണ് അതെന്നവൾക്ക് ഒറ്റനോട്ടത്തിൽ മനസ്സിലായി.
ഫോട്ടോകളിലൂടെ അവരെല്ലാം അവൾക്ക് പരിചിതരായിരുന്നു.

താടിയിൽ ചൂണ്ടുവിരലൂന്നി അവൾ അകത്തേക്ക് എത്തിനോക്കി.
അപ്പോഴേക്കും നാലഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുറുമ്പൻ അവിടേക്ക് ഓടിയെത്തി.
അത് കണ്ട് അവളുടെ മുഖം തെളിഞ്ഞു.

അവളുടെ ഭാവഭേദങ്ങൾ കണ്ടു നിൽക്കുകയായിരുന്ന എല്ലാവരിലും പുഞ്ചിരി തെളിഞ്ഞു നിന്നിരുന്നു.
വിഹാന്റെ അവസ്ഥയും മറിച്ചായിരുന്നില്ല.

വിഹാന്റെ അമ്മ അവൾക്ക് നേരെ കൈകൾ നീട്ടി.
അത് കാത്തുനിന്നെന്നപോലെ അവളോടിച്ചെന്ന് അവരുടെ മാറിലേക്കമർന്നു.
അവരുടെ വാത്സല്യവും തലോടലുമെല്ലാം അവളെ എന്തോ ഓർമ്മിച്ച് നോവിക്കുന്നുണ്ടായിരുന്നു.
യാതൊരുവിധ അപരിചിതത്തവുമില്ലാതെ അവളവരുടെയെല്ലാം കൂടെ ചേർന്നു.
കുട്ടിത്തം ഇനിയും വിട്ടുമാറാത്ത ആ പെൺകുട്ടി അവർക്കും അദ്ഭുതമായിരുന്നു.

വാ മോളേ ഞങ്ങളെല്ലാം മോളെക്കാത്ത് നിൽക്കുകയായിരുന്നു.
നമുക്ക് സദ്യ കഴിക്കാം.. അച്ഛനായിരുന്നു ക്ഷണിച്ചത് .

അവരുടെ കൂടെ കളിയും ചിരിയുമായി സദ്യ കഴിക്കുമ്പോൾ അതവൾക്ക് താൻ കഴിക്കുന്ന ആദ്യത്തെ സ്വാദുള്ള ഓണസദ്യയായി അനുഭവപ്പെട്ടു.
കണ്ണിലൂറിയ നനവ് ഇടംകൈയിലെ ചൂണ്ടുവിരൽ കൊണ്ട് തുടച്ചുമാറ്റി അവർ കളിചിരിയുമായി സദ്യ തുടർന്നു.

സദ്യയ്ക്കുശേഷം അവൾ ഊഞ്ഞാലിൽ സ്ഥാനം പിടിച്ചു.
വിഹാന്റെ ഏട്ടൻ നിഹാറുമായും ഏട്ടത്തി നവനീതയായും അവൾ പെട്ടെന്ന് കൂട്ടായി.
ഓരോ പ്രാവശ്യം ഊഞ്ഞാൽ മേലേക്ക് ഉയരുമ്പോഴും അവൾ കുട്ടികളെപ്പോലെ ഉറക്കെ ചിരിച്ചു കൊണ്ടിരുന്നു.
ഇഷാൻ എന്ന അഞ്ച് വയസ്സുകാരനോടൊപ്പം അവൾ പന്ത് കളിച്ചു.

ഒടുവിൽ തളർന്ന് അമ്മയുടെ മടിത്തട്ടിൽ കിടന്നു.
അവരുടെ വിരലുകൾ മുടിയിഴകളിലൂടെ കടന്നുപോകെ ആദ്യമായി ഒരമ്മയുടെ തലോടൽ അവൾ അനുഭവിക്കുകയായിരുന്നു.
ആ സ്നേഹച്ചൂടിൽ ലയിക്കുവാൻ അവളേറെ ആഗ്രഹിച്ചു.
വിഹാന്റെ കണ്ണുകളും അവളിലായിരുന്നു.
ഇടയ്ക്കിടെ അവളുടെ കണ്ണിലൂറിയ നനവ് എല്ലാവരെയും അവളേറെ ഇഷ്ടപ്പെട്ടു എന്നതിന് തെളിവായിരുന്നു.

അൽപ്പനേരം കഴിഞ്ഞപ്പോൾ നിഹാറും നവനീതയും ഇഷാനും പുറത്തേക്ക് പോകാൻ തയ്യാറായി വന്നു.

ഏട്ടനെവിടെ പോകുകയാ.. ഇഷാനെ വാരിയെടുത്തുകൊണ്ടവൾ നവനീതയുടെ തോളിലേക്ക് ചാരി.

എന്റെ വീട്ടിൽ പോകുകയാ.
തിരുവോണസദ്യ കഴിഞ്ഞ് എല്ലാ ഓണത്തിനും അവിടേക്ക് പോകും.
നാളത്തെ സദ്യ അവിടെയാണ്. ഇവിടുന്നെല്ലാവരും നാളെ അങ്ങോട്ട് വരും.
ശ്രീ വരുന്നുണ്ടോ… നവനീത ചോദിച്ചു.

അയ്യോ.. അതൊരുപാട് ദൂരത്തല്ലേ..അമ്മയും അച്ഛനും അറിഞ്ഞാൽ ശരിയാകില്ല ചേച്ചീ.അല്ലെങ്കിൽ ഞാൻ വന്നേനെ.. നിരാശയോടെ അവൾ പറഞ്ഞു.

സാരമില്ല.. ഇടയ്ക്കിടെ ഇങ്ങോട്ട് വരണം കേട്ടോ. ഫോൺ ചെയ്യാം നമുക്ക്..

നവനീതയെ പുണർന്നുകൊണ്ടവൾ ഇഷാന്റെ കവിളിൽ ചുണ്ടമർത്തി.
സംശയത്തോടെ അവളുടെ നോട്ടം നിഹാറിലേക്ക് നീണ്ടു.
അത് മനസ്സിലായെന്നവണ്ണം ഒരനിയത്തിക്കുട്ടിയോടുള്ള വാത്സല്യത്തോടെ അവനവളെ ചേർത്തുപിടിച്ചു.
അവൾക്കത് ഒരുപാട് സന്തോഷം നൽകിയെന്ന് എല്ലാവർക്കും വ്യക്തമായി.
അവർ യാത്ര പറഞ്ഞിറങ്ങി.

വിഹാന്റെ കൂടെ പറമ്പാകെ ചുറ്റി നടക്കുകയായിരുന്നു അവൾ.
പട്ടുപാവാട അൽപ്പo ഉയർത്തി നഗ്നപാദയായി മണ്ണിൽ ചവിട്ടിയവൾ നടന്നു.
നടക്കുകയുമല്ല തുള്ളിച്ചാടുകയായിരുന്നു അവൾ.
വിഹാൻ ചുറ്റുമുള്ളത്‌ കാണിച്ചുകൊടുത്തുകൊണ്ട് അവളുടെ പിന്നാലെ നടന്നു.
വീട്ടുവളപ്പിൽ തന്നെയുള്ള കുളത്തിലാണ് ഒടുവിൽ അവരെത്തിച്ചേർന്നത്.
തെളിഞ്ഞു കിടക്കുന്ന വെള്ളത്തിലൂടെ മീനുകളെ നന്നായി കാണാമായിരുന്നു.
അവൾക്കത് കണ്ടപ്പോൾ അത്ഭുതമാണ് തോന്നിയത്.

മോളേ.. പിന്നിൽ നിന്നും വിളി കേട്ടവർ തിരിഞ്ഞു.
അമ്മയായിരുന്നു.

എന്താ അമ്മേ അവളോടി അവർക്കരികിലെത്തി.
ഞാനീ പായസം ചേച്ചിയുടെ വീട്ടിൽ കൊണ്ട് കൊടുത്തിട്ട് വരാം.
മോൾ വരുന്നുണ്ടോ.

ഇല്ലമ്മേ.. ദേ..ഞാനീ മീനുകളെ നോക്കുവാ.
വലുതൊക്കെയുണ്ട്.. അതിശയത്തോടെ അവൾ പറഞ്ഞു.

ശരി.. ഒരു അരമണിക്കൂർ ഞങ്ങളിപ്പോൾ വരാം. അച്ഛനും ഉണ്ട്.

മ്..ശരി

മീനിനെ നോക്കിനോക്കി അവൾ പടവുകളിറങ്ങി.

ശ്രീക്കുട്ടീ സൂക്ഷിച്ച്..
ഉരുളൻ കല്ലുകളാണ് അധികവും. തെന്നും കേട്ടോ.. കുളത്തിന്റെ പടവിലിരുന്ന് വിഹാൻ വിളിച്ചു പറഞ്ഞു.

ഇരുകൈകളും കുമ്പിൾപോലെയാക്കിക്കൊണ്ട് അവൾ മീനിനെ പിടിക്കാൻ നോക്കി.

ഞാൻ വീഴില്ലെടാ.. അവനെ നോക്കി പറഞ്ഞുകൊണ്ട് തിരിഞ്ഞതും കാലിടറി ശ്രാവണി കുളത്തിലേക്ക് വീണതും ഒരുമിച്ചായിരുന്നു.

(തുടരും )

പ്രണയവിഹാർ: ഭാഗം 1

പ്രണയവിഹാർ: ഭാഗം 2

പ്രണയവിഹാർ: ഭാഗം 3

പ്രണയവിഹാർ: ഭാഗം 4