Saturday, January 18, 2025
Novel

പ്രണയമഴ : ഭാഗം 8

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ


പയ്യൻമാരു നാലു പേരും സ്റ്റെപ് കയറി മുകളിൽ എത്തിയതും ഒരു പെണ്ണ് ശിവയുടെ നെഞ്ചിലോട്ട് വീണതും ഒരുമിച്ചു ആയിരുന്നു. പെട്ടെന്ന് അവൻ അവളെ വീണു പോവാതിരിക്കാൻ ചേർത്ത് പിടിച്ചു. നോക്കുമ്പോൾ നമ്മുടെ നായിക നീല പട്ടുപാവാട ഒക്കെ ഇട്ടു മുല്ലപൂ ഒക്കെ ചൂടി ചെത്തി വന്നിരിക്കുന്നു.

ശിവയുടെ കൈയിൽ കിടന്നു അവൾ ഉണ്ടക്കണ്ണ് ഉരുട്ടി ശിവയെ നോക്കി. അതു കണ്ടു ശിവ മനസ്സിൽ പറഞ്ഞു “ഈ പെണ്ണ് മനുഷ്യന്റെ കണ്ട്രോൾ കളഞ്ഞിട്ടേ അടങ്ങു…” ഇരുവരുടെയും കണ്ണുകൾ പരസ്പരം ഇടഞ്ഞു…

“കണ്ണും കണ്ണും…..തമ്മിൽ തമ്മിൽ…. കഥകൾ കൈമാറും അനുരാഗമെ…നീ അറിഞ്ഞോ നിന്നിലൂറും മോഹ ഗംഗാജലം… മധുര ദേവാമൃതം… മധുര ദേവാമൃതം.”……

നല്ല ഒരു റൊമാന്റിക് സീൻ നടന്നു കൊണ്ടിരിക്കുമ്പോഴാണ് ആരോ പാറപ്പുറത്ത് ചിരട്ട ഇട്ടു ഉരയ്ക്കും പോലുള്ള ശബ്ദത്തിൽ പാടുന്നതു കേട്ടത്….ആരുടെ ആണ് ഈ അപശബ്ദം എന്നു അറിയാൻ ശിവ തല ഉയർത്തി നോക്കുമ്പോൾ കണ്ടത് സംഗീതത്തിൽ ലയിച്ചു നിന്നു പാടുന്ന വരുണിനെ ആണ്. മറ്റുള്ളവർ എല്ലാം ചെവിയും പൊത്തി നിൽക്കുന്നു….

ഉള്ളത് പറയാല്ലോ വരുണിന്റെ പാട്ടു കേട്ടാൽ പെറ്റതള്ള സഹിക്കൂല. ഞാൻ വരുണിനെ പൊക്കി പറയുവാണേന്നു കരുതരുത്… അവന്റെ ഈ ഗാനാലപനം കേട്ടിരുന്നു എങ്കിൽ ആ പാട്ടിന്റെ ഒർജിനൽ ഗായകൻ ഓൺ ദ സ്പോട്ടിൽ അറ്റാക്ക് വന്നു ചത്തേനെ… അത്രക്ക് മനോഹരം ആയിരുന്നു നമ്മുടെ വരുണിന്റെ പാട്ട്.

ശിവ ഒന്നു കണ്ണുരുട്ടി കാണിച്ചപ്പോഴേക്കും വരുൺ പാട്ടു നിർത്തി. ഇല്ലെങ്കിൽ ചെലപ്പോ ബാക്കി എല്ലാരും കൂടി അവനു വേണ്ടി “ഒടുവിലെ യാത്രക്ക് ആയി ഇന്നു പ്രിയജനമെ ഞാൻ പോകുന്നു..” പാട്ടു പാടെണ്ടി വരും എന്നു അവനു നന്നായി അറിയാം. വെറുതെ ബാക്കി ഉള്ളോരേ കഷ്ടപ്പെടുത്തണ്ട എന്നു കരുതിയാ അവൻ പാട്ടു നിർത്തിയത്. അല്ലാതെ ശിവയെ പേടിച്ചിട്ട് ഒന്നും അല്ല.

ശിവ വീണ്ടും ഫുൾ കോൺസെൻട്രേഷൻ റൊമാൻസിലെക്കു തിരിച്ചു. (ഇപ്പൊ നിങ്ങൾ ആലോചിക്കുന്നുണ്ടാകും ഇത്രയും നേരം ഗീതു അവന്റെ കൈയിൽ കിടന്നോ എന്നു അല്ലേ….

എങ്ങനെ കിടക്കാതിരിക്കും.. അമ്മാതിരി പിടി അല്ലേ ആ കാട്ടുപോത്ത് പിടിച്ചേക്കുന്നത്. ഗീതു പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ശിവയുടെ കൈ വിടിയിക്കാൻ പറ്റിയില്ല.)

കൈവിടിയിക്കാൻ പെണ്ണ് കെടന്നു കാണിക്കുന്ന കോപ്രായങ്ങൾ കണ്ടു ശിവക്കു അവളെ ചേർത്ത് പിടിച്ചു ഒരു ഉമ്മ കൊടുക്കാൻ ആണ് തോന്നിയത്. പക്ഷേ പെട്ടെന്ന് ആണ് ഗീതു മുൻപ് ഒരു ചേട്ടനെ ചവിട്ടിയത് അവനു ഓർമ വന്നത്.

ഒരു നിമിഷം കൊണ്ടു അവന്റെ ബാല്യവും കൗമാരവും വാർദ്ധക്യവും എന്തിനു പറയുന്നു അവന്റെ അടുത്ത ജന്മം പോലും പകച്ചു പോയി. ആ പകയ്ക്കലിന്റെ ആഫ്റ്റർ എഫക്ട് ആയിട്ട് അവന്റെ കൈ ഒന്നു അയഞ്ഞു… നമ്മുടെ നായിക നടുവും തല്ലി നിലത്തും വീണു.

ഗീതു വീണത് കണ്ടു ഹിമ ഓടിച്ചെന്നു അവളെ പിടിച്ചു എണീപ്പിച്ചു. ഒരു വിധം എണീറ്റു നിന്നിട്ട് അവൾ ശിവയെ ഒരു നോട്ടം നോക്കി. സത്യം പറയാല്ലോ ആ നോട്ടം കണ്ടാൽ കള്ളിയങ്കാട്ടു നീലി പോലും പേടിച്ചു പോകും.

കണ്ണു കൊണ്ടു വിളിക്കാൻ പറ്റുന്ന ചീത്ത എല്ലാം ശിവയെ വിളിച്ചിട്ട് ഹിമയുടെ കയ്യും പിടിച്ചു ഗീതു നടന്നു പോയി… കണ്ണുകൊണ്ടും ചീത്ത വിളിക്കാൻ പറ്റും എന്നു ശിവ ഇന്നു മനസ്സിലാക്കി. പോകുന്ന പോക്കിൽ ഹിമ ശിവയോട് ചോദിച്ചു “എന്തുവടേ ഇതെന്ന്?”. അവൻ നന്നായി ഒന്നു ഇളിച്ചു കാണിച്ചു കൊടുത്തു.

ടാ നീ എന്തിനാ എന്റെ പെങ്ങളെ തള്ളിയിട്ടതു? ചോദ്യം വരുണിന്റെ വക ആയിരുന്നു.

ടാ ഞാൻ മനപ്പൂർവം തള്ളിയിട്ടതു അല്ല. കയ്യിന്നു വീണു പോയതാ.. ശിവ വളരെ ദയനീയമായി പറഞ്ഞു.

എങ്കിൽ പിന്നെ അവൾ നിന്നെ ദേഷ്യത്തിൽ നോക്കിയപ്പോ നീ ന്തിനാ അവളെ പുച്ഛിച്ചത്…നീ അവളെ കളിയാക്കിയത് അല്ലേ? അടുത്ത ഊഴം രാഹുലിന്റെ ആയിരുന്നു.

ടാ ഞാൻ അവളെ കളിയാക്കിയത് അല്ല… ഞാൻ അവളെ ദയനീയമായി നോക്കിയത് ആണെടാ അതു… സത്യം ആയിട്ടും. പാവം ശിവ സത്യം ചെയ്ത് പറഞ്ഞു.

ആഹ് ബെസ്റ്റ്…അതാണോ നിന്റെ ദയനീയ നോട്ടം? ഞങ്ങൾക്ക് കണ്ടപ്പോ നീ അവളെ കളിയാക്കിയത് ആണെന്ന് ആണ് തോന്നിയത്. നിനക്ക് ഞാൻ ഒരു കാര്യം പറഞ്ഞാൽ ഒന്നും തോന്നരുത്. ഇതു ഈ പോക്ക് ആണെങ്കിൽ നിനക്ക് നിന്റെ ഈ പെണ്ണിനെ കിട്ടോന്ന് എനിക്ക് തോന്നുന്നില്ല…. പറയാൻ കിട്ടിയ അവസരം കാർത്തിയും കളഞ്ഞില്ല.

പോടാ തെണ്ടി…. ഞാൻ എങ്ങനെലും എന്റെ പെണ്ണിന്റെ മനസ്സിൽ കേറും. നോക്കിക്കോ… ശിവ തോൽവി സമ്മതിക്കാൻ ഒരുക്കം അല്ലായിരുന്നു.
*****************
അങ്ങനെ അടുത്ത റൊമാന്റിക് സീൻ ഇങ്ങനെ ഒക്കെ അങ്ങു അവസാനിച്ചു. റൊമാൻസ് ഫ്ലോപ്പ് ആയി പോയി എങ്കിലും ഓണം സെലിബ്രേഷൻ പൊളി ആയിരുന്നു. അത്തപ്പൂക്കളവും ഓണസദ്യയും ഊഞ്ഞാൽ ആട്ടവും വടംവലിയും എല്ലാം കൂടി ഫുൾ കളർ.

പൂക്കളം ഇടുമ്പോൾ ശിവ ഗീതുനെ ചുറ്റിപറ്റി നടന്നു. കൂട്ടുകാരുടെ കാളിയാക്കൽ കേൾക്കേണ്ടി വന്നു എന്നല്ലാതെ നോ യൂസ്. ശിവയെ കാണുമ്പോ ചെകുത്താൻ കുരിശ് കാണും പോലാണ് ഗീതുവിന്റെ റിആക്ഷൻ. അവളെയും കുറ്റം പറയാൻ പറ്റില്ലല്ലോ?.. ആദ്യ കാഴ്ചയിൽ ചീത്ത വിളിച്ചു.

രണ്ടാമത്തെ ക്ലോസ് സീൻ വന്നപ്പോ നിലത്തു ഇട്ടു. ഏതു പെണ്ണ് ആണേലും ഇങ്ങനെ റിആക്റ്റ് ചെയൂ. എന്തോന്ന് ആയാലും അത്തപ്പൂക്കളത്തിനും വടം വലിക്കും എല്ലാം ശിവയുടെ ക്ലാസ്സ് ഫസ്റ്റ് അടിച്ചു. 10 ദിവസത്തേ വെക്കേഷനും വേഗത്തിൽ കഴിഞ്ഞു.

വെക്കേഷന് ഏറ്റവും വിഷമിച്ചതു ശിവ ആയിരുന്നു….ഗീതുനെ കാണാൻ പറ്റാത്തതു കൊണ്ടു. വെക്കേഷൻ കഴിഞ്ഞു വന്നപ്പോ ടെസ്റ്റ്‌ പേപ്പറിന്റെ മാർക്കും കൊണ്ടു ടീച്ചർമാരും വന്നു. കുട്ടികൾക്ക് പോലും ഇല്ലാത്ത ആത്മാർത്ഥ ആണ് ആ കാര്യത്തിൽ ടീച്ചർമാർക്ക്. പേപ്പർ കിട്ടിയപ്പോ എല്ലാരും ഒരു നഗ്നസത്യം മനസ്സിലാക്കി… ഗീതു വെറും ഒരു ബുജി അല്ല. ഒരു അൽ-ബുജി ആണ് എന്ന സത്യം.

പിന്നെ എല്ലാ വിഷയത്തിനും ഫുൾ മാർക്ക്‌ വാങ്ങുന്ന അവളെ വേറെ എന്തോന്ന് പറയാൻ. നമ്മുടെ പയ്യൻമാർക്ക്‌ അത്യാവശ്യം നല്ല മാർക്ക്‌ ഉണ്ടായിരുന്നു. ഹിമക്കും അതുപോലെ തന്നെ. ബട്ട് അവരു അതിൽ ഒരുപാട് ഹാപ്പി ആണ്. കാരണം അവർക്ക് വലിയ അത്യാഗ്രഹം ഒന്നും ഇല്ല.

ദിവസങ്ങൾ വീണ്ടും മുന്നോട്ടു പോയ്‌ക്കോണ്ടിരുന്നു. ശിവ ഗീതുനോട് സംസാരിക്കാൻ തുടങ്ങി. പക്ഷേ തമ്മിൽ കണ്ടാൽ അടിയും വഴക്കും ആണെന്ന് മാത്രം. വഴക്കിന്റെ കാര്യത്തിൽ ഗീതുവും ഒട്ടും മോശം അല്ല. ഒന്നും തിരിച്ചു പറയാൻ പറ്റാത്തതു കൊണ്ടു ശിവ വഴക്കിനു ചെല്ലുമ്പോൾ കൈയിൽ കിട്ടുന്നത് എന്താണോ അതു കൊണ്ടു അവൾ അവനെ ഉപദ്രവിക്കും. വേറൊന്നും കിട്ടില്ലേൽ നഖം കൊണ്ടു അള്ളി കീറും.

പക്ഷേ അവനു അതെല്ലാം ഇഷ്ടം ആണ്. കാരണം ഗീതുവിന്റെ സാമീപ്യം അവൻ അത്രക്ക് ആഗ്രഹിക്കുന്നു. ബാക്കി ഉള്ളവർക്കു ഇവരുടെ വഴക്ക് കണ്ടു ചിരിക്കനെ ഇപ്പൊ നേരം ഉള്ളൂ. ഗീതുവിനെയും ശിവയെയും ഒറ്റവാക്കിൽ വർണിക്കാൻ ആണെങ്കിൽ ടോം & ജെറി.

തമ്മിൽ കണ്ടാൽ അടിയും വഴക്കും ആണെങ്കിലും ശിവയെ ഒരു ദിവസം കണ്ടില്ല എങ്കിൽ ഗീതുവിന്റെ കണ്ണുകൾ അവനെ തേടും എന്നു നമ്മുടെ ഗാങ്നു മുഴുവൻ അറിയാം. ബട്ട്‌ അവൾ കൊന്നാലും അതു സമ്മതിച്ചു തരില്ല എന്നു മാത്രം.

ആ ഇടയ്ക്കു ആണ് സ്കൂൾ യുവജനോത്സവം എത്തിയത്. ശിവ ഈ തവണ വയലിൻ വായനക്കും കഥരചനയ്ക്കും മാത്രം ആണ് പേര് കൊടുത്തത്. രണ്ടിനും എപ്പോഴത്തെയും പോലെ ഫസ്റ്റ്.

ശിവ വയലിൻ വായിക്കുമ്പോൾ അതു കാണാൻ ഫ്രണ്ട് സീറ്റിൽ തന്നെ ഗീതു ഉണ്ടായിരുന്നു. പക്ഷേ അവൻ നോക്കുമ്പോഴേക്കും അവൾ മുഖം തിരിച്ചു കളഞ്ഞു.

അതു കാണുമ്പോഴോക്കേ ശിവക്കു ചിരി വരും. പ്രോഗ്രാം കഴിഞ്ഞു തിരിച്ചു ഇറങ്ങിയ ശിവയെ എല്ലാരും അഭിനന്ദിച്ചു. ഹിമയോടൊപ്പം ഗീതുവും ഉണ്ടായിരുന്നു എങ്കിലും ഒരു നോട്ടം കൊണ്ടു പോലും അവൾ അവനെ അഭിനന്ദിച്ചില്ല.

അവളുടെ മുഖത്തു ദേഷ്യം ആയിരുന്നു നിഴലിച്ചതു. ആ ദേഷ്യത്തിന്റെ കാരണം എല്ലാർക്കും അജ്ഞാതമായിരുന്നു.

ശിവയുടെ പ്രോഗ്രാം കഴിഞ്ഞത് കൊണ്ടു അവൻ ചങ്ക്സിനു ഒപ്പം സ്കൂൾ ഓഡിറ്റോറിയത്തിനു സൈഡിൽ ഉള്ള മരച്ചുവട്ടിൽ ഇരുന്നു. പരസ്പരം സംസാരിച്ചു കൊണ്ടിരിക്കുന്ന സമയത്തു ആണ് ഓഡിറ്റോറിയത്തിൽ നിന്ന് വീണ വായിക്കുന്ന ശബ്ദം കേട്ടത്.

കഴിഞ്ഞ ആറു വർഷമായി നമ്മുടെ പയ്യൻമാർ അതേ സ്കൂളിൽ പഠിക്കുന്നു. ഈ കാലത്തിനു ഇടക്ക് ഒരാൾ പോലും അവിടെ വീണ വായിച്ചു അവർ കണ്ടിട്ട് ഇല്ല. അതു കൊണ്ടു തന്നെ ഇപ്പോ ആരാ വീണ വായിക്കുന്നതു എന്നു അറിയാൻ അവർക്ക് ആകാംഷ ഉണ്ടായിരുന്നു.

വീണ വായിക്കുന്ന ആളെ കാണാൻ ഓഡിറ്റോറിയത്തിലേക്ക് നടന്നു തുടങ്ങിയപ്പോഴാണ് ഹിമ ഓടി പാഞ്ഞു എത്തിയത്.

ഹിമ പറഞ്ഞ കാര്യം കേട്ടു ശിവ ഓഡിറ്റോറിയത്തിലേക്ക് പാഞ്ഞു. പിറകെ രാഹുലും കാർത്തിയും വരുണും ഒപ്പം ഹിമയും.
ഓഡിറ്റോറിയത്തിന്റെ വാതിലിൽ എത്തുമ്പോൾ തന്നെ ശിവ കണ്ടു എല്ലാം മറന്നു ഇരുന്നു വീണ വായിക്കുന്ന ഗീതുവിനെ… അവൾ പൂർണമായും ആ സംഗീതലോകത്തിൽ മുഴുകി ഇരുന്നു.

കൈ വിരലുകൾ കൊണ്ടു അവൾ തീർത്ത ഈണത്തിൽ എല്ലാവരും സ്വയം മറന്നു ഇരിക്കുന്നു. ഗീതുവിന്റെ പ്രോഗ്രാം നടക്കുന്നത് പറയാൻ ആയിരുന്നു ഹിമ ഓടിപാഞ്ഞു എത്തിയത്. ശിവ തന്റെ പെണ്ണ് തീർക്കുന്ന ആ സംഗീത വിസ്മയത്തിൽ മുഴുകി നിന്നു.

പ്രോഗ്രാം തീർന്നപ്പോൾ ഉള്ള കൈയടികളും ആർപ്പുവിളിയും കേട്ടാണ് ശിവ സ്വബോധത്തിൽ എത്തിയത്. അവൻ നോക്കുമ്പോൾ കണ്ടത് സ്കൂൾ മുഴുവൻ തന്റെ പെണ്ണിനെ അഭിനന്ദിക്കുന്നത് ആണ്.

സീനിയർ ചേട്ടന്മാർക്കു ഒക്കെ സ്വന്തം പെണ്ണ് ഷേക്ക്‌ ഹാൻഡ് ഒക്കെ കൊടുക്കുന്നതു കണ്ടു ശിവ അസൂയ കൊണ്ടു കത്തിയെരിയാൻ തുടങ്ങി.

തിരക്ക് ഒഴിഞ്ഞു പുറത്തേക്കു ഗീതു വന്നപ്പോൾ രാഹുലും വരുണും കാർത്തിയും അവളെ അഭിനന്ദനങ്ങൾ കൊണ്ടു മൂടി. ഹിമ ആണെങ്കിൽ ഓടിച്ചെന്നു അവളെ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു.

ഇതൊക്കേ കണ്ടു അസൂയ കേറി നിൽക്കുന്ന ഒരാൾ അവിടെ ഉണ്ടായിരുന്നു. വേറെ ആര് നമ്മുടെ കലിപ്പൻ ശിവ. കൊറേ നാളിനു ശേഷം നമ്മുടെ കലിപ്പൻ ഇന്ന് അസൂയ മൂത്തിട്ടു നല്ല കലിപ്പിൽ ആയിരുന്നു.

മുന്നോട്ടു നടന്ന ഗീതുവിനെ ശിവ പിടിച്ചു വലിച്ചു കൊണ്ടു പോയി. പിറകെ ചെല്ലാൻ ഒരുങ്ങിയ കൂട്ടുകാരെയും ശിവ തടഞ്ഞു. അവൻ അവളെയും കൊണ്ടു പോയത് സ്കൂളിൽ അധികം ആരും ചെല്ലാത്ത ഒരു പഴയ കെട്ടിടത്തിനു പിറകിലെക്കു ആയിരുന്നു. അവിടെ എത്തിയിട്ട് ആണ് ശിവ ഗീതുവിന്റെ കൈ വിട്ടത്.

പാവം പെണ്ണിന്റെ കൈ ശിവയുടെ പിടുത്തത്തിൽ ചുമന്നിരുന്നു. ശിവ ഗീതുനു അടുത്തേക്ക് നടക്കും തോറും അവൾ പിറകിലെക്ക് ചുവടു വെച്ചു. ശിവയുടെ ദേഷ്യം കണ്ടു അവൾ നന്നായി പേടിച്ചു പോയിരുന്നു. നടന്നു നടന്നു ഗീതു ചുമരിൽ തട്ടി നിന്നു. ശിവ രണ്ടു കൈകളും അവളുടെ അരക്കെട്ടിനു ഇരു വശത്തു കൂടിയും ചേർത്തു ചുമരിൽ അമർത്തി.

അവന്റെ ശ്വാസം ഗീതുവിന്റെ മുഖത്തു തത്തിക്കളിച്ചു. അവളുടെ ഹൃദയമിടുപ്പ് കൂടാൻ തുടങ്ങി…. ആ ഹൃദയമിടുപ്പ് ശിവക്കു കേൾക്കാൻ സാധിക്കുന്നുണ്ടായിരുന്നു. ഗീതു മെല്ലെ മുഖം താഴ്ത്തി. “നിന്നെ എല്ലാരും അഭിനന്ദിച്ചില്ലേ?? നീയും ഷേക്ക്‌ ഹാൻഡ് ഒക്കെ കൊടുത്തു നന്ദി അറിയിക്കുന്നതും ഞാൻ കണ്ടു.

നിനക്ക് എന്റെ അഭിനന്ദനം വേണ്ടേ? നീ വേണ്ടന്ന് പറഞ്ഞാലും ഇന്നു ഞാൻ നിനക്ക് ഒരു സമ്മാനം തരും. കാലം എത്ര കഴിഞ്ഞാലും നീ ഈ ദിവസം ഓർക്കുമ്പോൾ ആ ആയിരം അഭിനന്ദനങ്ങൾക്കും മുൻപ് നിനക്ക് ഓർമ വരുന്നത് എന്റെ ഈ സമ്മാനം ആകും”. എന്നും പറഞ്ഞു ശിവ ഗീതുവിന്റെ മുഖം കൈയിൽ കോരി എടുത്തു…..എന്നിട്ട് തന്റെ മുഖത്തോടു അടുപ്പിച്ചു…

ഇരുവരുടെയും ഹൃദയമിടുപ്പുകൾ പരസ്പരം മത്സരിച്ചു. ശിവ തന്റെ ചുണ്ടുകൾ ഗീതുവിന്റെ തുടുത്തു വിറക്കുന്ന ചുണ്ടുകളിൽ ചേർത്തു. അവന്റെ ആദ്യ സ്നേഹ സമ്മാനം. ഒരു പെണ്ണും ഒരിക്കലും മറക്കാത്ത ആദ്യ ചുബനം.

പ്രണയം അറിയിക്കും മുൻപേ ശിവ നൽകിയ പ്രണയ സമ്മനത്തിൽ ഞെട്ടി തരിച്ചു അവൾ നിന്നു. അടുത്തുള്ള പാലമരം ഇരുവർക്കും മേലെ പാലപ്പൂക്കൾ കൊണ്ടു ഒരു പ്രണയപൂമഴ തന്നെ തീർത്തു. ഒരിക്കലും മറക്കാത്ത ആദ്യ ചുബന ലഹരിക്കു കൂട്ടായി പ്രകൃതി തീർത്ത പുഷ്പവർഷം.

( അടുത്ത പാർട്ടിനു വേണ്ടി എന്റെ നായകനെ ഈ യക്ഷി ബാക്കി വച്ചാൽ…. ബാക്കി വെച്ചാൽ മാത്രം അടുത്ത പാർട്ടിൽ വീണ്ടും കാണാം. ശിവയുടെ പല്ലും നഖവും എങ്കിലും ആ കുട്ടി യക്ഷി ബാക്കി വെച്ചാൽ മതിയായിരുന്നു. )

തുടരും…

പ്രണയമഴ : ഭാഗം 1

പ്രണയമഴ : ഭാഗം 2

പ്രണയമഴ : ഭാഗം 3

പ്രണയമഴ : ഭാഗം 4

പ്രണയമഴ : ഭാഗം 5

പ്രണയമഴ : ഭാഗം 6

പ്രണയമഴ : ഭാഗം 7