Tuesday, December 17, 2024
Novel

ഒറ്റയാൻ : ഭാഗം 4

എഴുത്തുകാരി: വാസുകി വസു


ഞാൻ ഓടി വീട്ടിലെത്തിയട്ടും അമ്മ അങ്ങനെ കിടക്കുകയാണ്. കലത്തിൽ നിന്ന് ഗ്ലാസിൽ വെളളമെടുത്ത് മുഖത്ത് കുടഞ്ഞെങ്കിലും അമ്മ ഉണർന്നില്ല.

എനിക്കാകെ ഭയമായി.അമ്മയല്ലാതെ എനിക്ക് മറ്റാരുമില്ല.എന്തു പറഞ്ഞാലും എനിക്ക് അമ്മയോട് സ്നേഹമുണ്ട്…

ഒരാപത്ത് വന്നിട്ടും തിരിഞ്ഞ് നോക്കാത്ത അയൽക്കാർ.ആരും സഹായിക്കാനില്ല അമ്മയെ ഹോസ്പിറ്റൽ എത്തിക്കാൻ…

സങ്കടം സഹിക്കാൻ കഴിഞ്ഞില്ല ഞാൻ പൊട്ടിക്കരഞ്ഞു. കുറച്ചു സമയം അങ്ങനെ കടന്നു പോയി. മുറ്റത്ത് ഏതോ വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ട് ഞാൻ അങ്ങോട്ട് ഓടിചച്ചെന്നു…

മുറ്റത്തൊരു വാഗണർ അതിൽ നിന്ന് ഒറ്റയാൻ ഇറങ്ങുന്നു.എനിക്ക് ആശ്വാസമായി.ഞാൻ ഓടിച്ചെന്ന് അയാൾക്ക് മുമ്പിൽ കൈകൾ കൂപ്പി..

“എനിക്ക് അമ്മ മാത്രമേയുള്ളൂ എങ്ങനെയെങ്കിലും ഒന്ന് ഹോസ്പിറ്റൽ കൊണ്ടുപോകാൻ സഹായിക്കണം”

“ജോസേട്ടൻ പറഞ്ഞപ്പഴാ ഞാൻ കാര്യങ്ങൾ അറിഞ്ഞത്.പട്ടണത്തിൽ വരെ പോയിരുന്നു. അതുപോട്ടെ അമ്മയെവിടെ?”

“അടുക്കളയിൽ ബോധം കെട്ടു കിടക്കയാ”

“ശരി വാ”

എന്നു പറഞ്ഞു എന്റെ പിന്നാലെ ഒറ്റയാനും അടുക്കളയിലേക്ക് വന്നു.അയാൾ ഇരുകരങ്ങളിലും അമ്മയെ കോരിയെടുത്ത് വാഗണറിന്റെ പിൻ സീറ്റിൽ കിടത്തി…

“നീയും കൂടി അമ്മയുടെ അടുത്ത് ഇരിക്ക്”

ഒറ്റയാൾ പറഞ്ഞതോടെ പിന്നിലെ ഡോറ് തുറന്നു ഞാനും അകത്ത് കയറി… ഒറ്റയാൻ റിവേഴ്സ് ഗിയറിൽ വാഗണർ തിരിച്ചു. എന്നിട്ട് മിന്നൽ വേഗതയിൽ വാഗണർ പട്ടണത്തിലേക്ക് കുതിച്ചു.അപ്പോഴും എന്റെ വീട്ടിൽ നടക്കണത് കാണാൻ അയൽക്കാർ കാഴ്ചക്കാരായി നിന്നത് എന്റെ മനസ്സിനെ വേദനിപ്പിച്ചു….

ചീറിപ്പാഞ്ഞു വന്ന വാഗണർ ജോസേട്ടന്റെ കടക്ക് മുമ്പിൽ ബ്രേക്കിട്ടു നിന്നു.ഒറ്റയാൻ ഡ്രൈവിങ് സീറ്റിൽ ഇരുന്ന് തന്നെ ജോസേട്ടനെ കയ്യാട്ടി വിളിച്ചു.അദ്ദേഹം പെട്ടെന്ന് കടക്ക് ഷട്ടർ വലിച്ചിട്ട് വാഗണറിന്റെ മുൻ സീറ്റിൽ കയറി ഇരുന്നു….

ഒറ്റയാൻ വാഗണർ കഴിയുന്നത്ര സ്പീഡിലാണ് ഓടിച്ചത്.ഞാൻ അപ്പോഴും അമ്മയുടെ തലയെടുത്ത് എന്റെ മടിയിൽ വെച്ചു വിതുമ്പിക്കൊണ്ടിരുന്നു…

“മതി മോളേ കരയാതെ അമ്മക്ക് കുഴപ്പമൊന്നുമില്ല.എത്രയും പെട്ടെന്ന് നമ്മൾ ഹോസ്പിറ്റൽ എത്തും”

ജോസേട്ടൻ ഇടക്കിടെ എന്നെ ആശ്വാസം കൊണ്ടിരുന്നു. അതൊന്നും എന്റെ കരച്ചിൽ മാറ്റാനുള്ള മരുന്നായിരുന്നില്ല…

ആശുപത്രിയിൽ എത്താൻ അരമണിക്കൂർ എടുത്തു. ഒറ്റയാൻ എല്ലാ കാര്യത്തിനും ഓടി നടന്നു.അറ്റൻഡർമാർ വന്ന് അമ്മയെ സ്ട്രക്‌ച്ചറിൽ അകത്തേക്ക് കൊണ്ടുപോയി….

ഗവണ്മെന്റ് ഹോസ്പിറ്റൽ ആയിരുന്നെങ്കിലും അത്യാവശ്യം കാശ് ചിലവൊക്കെ വേണ്ടി വന്നു. അതൊന്നും അവർ എന്നെ അറിയിച്ചില്ലെങ്കിലും എനിക്ക് മനസിലാകും.എന്റെ കയ്യിൽ പണമില്ലെന്ന് ഒറ്റയാനും ജോസേട്ടനും അറിയാം…

ICU വിൽ ആയിരുന്നു അമ്മ.24 മണിക്കൂർ കഴിഞ്ഞേ മാറ്റുകയുള്ളൂന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു..

“ഞാൻ പുറത്തേക്കൊന്ന് കറങ്ങീട്ട് വരാം”

അത് പറഞ്ഞു ഒറ്റയാൻ പുറത്തേക്ക് പോയി.ജോസേട്ടൻ എന്നെ വിളിച്ചു അവിടത്തെ കസേരകളിൽ ഇരുത്തി…

“പേടിക്കേണ്ട മോളേ ഈശ്വരനോട് മനമുരുകി പ്രാർത്ഥിച്ചോളൂ.അദ്ദേഹം കൈവിടില്ല”

വിതുമ്പലിനിടയിലും ഞാൻ തലയാട്ടി.കുറച്ചു കഴിഞ്ഞു ഒറ്റയാൻ കയറി ഞങ്ങളുടെ അടുത്ത് വന്നു…

“വാ നമുക്ക് കാന്റീനിൽ ചെന്ന് ഭക്ഷണം കഴിച്ചിട്ട് വരാം”

“എനിക്ക് വിശപ്പില്ല.നിങ്ങൾ കഴിച്ചിട്ട് വാ”

ഞാൻ ഒഴിയാൻ ശ്രമിച്ചെങ്കിലും ഒറ്റയാനും ജോസേട്ടനും സമ്മതിച്ചില്ല.പിന്നെ അവരുടെ നിർബന്ധം കൂടിയപ്പോൾ ഞാനും കൂടെപ്പോയി.അവരെ കാണിക്കാൻ വേണ്ടി മാത്രം വല്ലതും കഴിച്ചിട്ട് ഞങ്ങൾ തിരികെ വന്നു…

“24 മണിക്കൂർ കഴിഞ്ഞല്ലേ വാർഡിലേക്ക് മാറ്റുകയല്ലേയുളളൂ.വസു നമുക്ക് വീട്ടിൽ പോയി ആവശ്യമുളളതൊക്കെ എടുത്തിട്ട് വരാം”

ഒറ്റയാൻ പറഞ്ഞപ്പോൾ ഞാൻ തെല്ലും മടിച്ചു…

“ഒറ്റയാന്റെ കൂടെ നിനക്ക് വിശ്വസിച്ചു പോകാം.ഭദ്രനെപ്പോലെയല്ല”

ജോസേട്ടൻ അങ്ങനെ പറഞ്ഞതിനാൽ ഞാൻ ഒറ്റയാന്റെ കൂടെ പോയി.വാഗണറിന്റെ പിൻസീറ്റിൽ ഞാൻ കയറാനൊരുങ്ങി…

“താനെന്നെ ഡ്രൈവറാക്കാൻ ഒരുങ്ങുകയാണോ?വന്ന് മുൻ സീറ്റിൽ കയറെടീ”

അയാൾ ഗൗരവത്തിലാണെന്ന് മനസ്സിലായതോടെ ഞാൻ വാഗണറിന്റെ മുൻ സീറ്റിൽ കയറി ഇരുന്നു.ഒറ്റയാൻ വാഗണർ മുമ്പോട്ടെടുത്തു.യാത്രക്കിടയിൽ ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല.വീട്ടിൽ എന്നെ കൊണ്ടു വന്നിറക്കി അയാൾ പോയി…പിന്നെ വരാമെന്ന് പറഞ്ഞിട്ട്…

എനിക്ക് ഒന്ന് ഫ്രഷാകണമെന്ന് തോന്നി.കുളിമുറിയിൽ വെള്ളം പിടിച്ചു വെച്ചു.തണുത്ത വെളളത്തിൽ കുളിച്ചു കഴിഞ്ഞപ്പോൾ നല്ല ആശ്വാസം. പാവാടയും ബ്ലൗസും മാറ്റി ഞാൻ ഹാഫ് സാരിയുടുത്തു. കണ്ണെഴുതി പൊട്ടും തൊട്ട് അമ്മയുടെയും എന്റെയും കുറച്ചു തുണികൾ ബാഗിലാക്കി.ഏകദേശം ഒരുമണിക്കൂർ കഴിഞ്ഞിരുന്നു…

പുറത്ത് യമഹയുടെ ശബ്ദം കേട്ടതോടെ ഒറ്റയാൻ വരുന്നെന്ന് മനസ്സിലായി…ബാഗ് എടുത്തു പുറത്ത് വെച്ചിട്ട് മുറിയും പൂട്ടി ഞാൻ മുറ്റത്തേക്ക് ഇറങ്ങി…

ബൈക്കിൽ ഒറ്റയാന്റെ കൂടെ വീണ്ടും പട്ടണത്തിലേക്ക്.ആശുപത്രിയിൽ ചെന്നയുടനെ ജോസേട്ടനുമായി അയാൾ തിരികെപ്പോയി….

രാത്രിൽ ഞാൻ ഒറ്റക്കാണെന്നൊരു പേടി ഉണ്ടായിരുന്നു. ഹോസ്പിറ്റൽ ആണെങ്കിലും അപരിചിതമായ ഇടം.അമ്മക്ക് ഞാനല്ലാതെ മറ്റാരാണുളളത്.എനിക്ക് വീണ്ടും സങ്കടം വന്നു. ഓരോന്നും ചിന്തിച്ചു കൊണ്ടിരുന്നു…

രാത്രി ആയപ്പോഴേക്കും ഒറ്റയാൻ വരുന്നത് കണ്ട് എനിക്ക് ആശ്വാസം തോന്നി..

ആണൊരുത്തൻ കൂടെയുണ്ടെങ്കിൽ ഏത് പെണ്ണിനും അതൊരു ധൈര്യമാണ്.അച്ഛനോ കൂടപ്പിറപ്പോ ആരുമായിക്കൊളളട്ടേ.പെണ്ണിന്റെ മാനത്തിനു വില കൽപ്പിക്കുന്നവൻ ആയിരുന്നാൽ മതി….

എന്നെ സംബന്ധിച്ച് അങ്ങനെ ആരും ഇല്ലാത്തതിനാൽ ഒറ്റയാന്റെ വരവ് ശരിക്കും ആശ്വാസം തന്നെയാണ്. എന്റെ മാനം രക്ഷിച്ചവനാണ്.ധീരനാണ്….

ആ രാത്രി മുഴുവനും ഒറ്റയാൻ എനിക്കും അമ്മക്കും കാവലിരുന്നു.പിറ്റേന്ന് രാവിലെ ആയതോടെ അമ്മക്ക് കുറവുണ്ടെന്നും ഉച്ച കഴിഞ്ഞു വാർഡിലേക്ക് മാറ്റുമെന്നും അറിയിച്ചു…

എന്നെ സംബന്ധിച്ച് അതൊരു ആശ്വാസ വാർത്തയായിരുന്നു.

“എങ്കിൽ ഞാൻ പോയിട്ട് വൈകിട്ട് വരാം”

ഒറ്റയാൻ പറഞ്ഞതോടെ ഞാൻ തലകുലുക്കി സമ്മതിച്ചു. അമ്മയെ വാർഡിലേക്ക് മാറ്റി…

ആശുപത്രിയും മറ്റുമായി നാലു ദിവസം കടന്നു പോയി. അതിനിടയിൽ ഭദ്രൻ ആ ഹോസ്പിറ്റൽ തന്നെയുണ്ടെന്ന് അറിഞ്ഞെങ്കിലും കാണണമെന്ന് എനിക്ക് തോന്നിയില്ല.എനിക്ക് ആ ദുഷ്ടനെയിനി കണരുതെന്നായിരുന്നു ആഗ്രഹം മുഴുവനും..

അഞ്ചാം ദിവസം അമ്മയെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.ഒറ്റയാൻ വാഗണറുമായി വന്നു.അങ്ങനെ ഞങ്ങൾ വീണ്ടും നാട്ടിലേക്ക് പുറപ്പെട്ടു…

ഇത്രയും ദിവസം ഒറ്റയാൻ അടുത്ത് ഉണ്ടായിരുന്നിട്ടും അയാളെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ല.അതിനു ശ്രമിച്ചപ്പോഴെല്ലാം അയാൾ വഴുതിമാറി എന്ന് പറയുന്നതാണ് ശരി…

വാഗണർ വീടിന്റെ മുമ്പിൽ വന്ന് നിന്നപ്പോഴാണു ഞങ്ങൾ ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്…

ഭദ്രനും കൂട്ടാളികളും വീട്ടിലുണ്ട്.മുറ്റത്തേക്ക് ഞാനും അമ്മയും ഇറങ്ങി.ഒറ്റയാനും ജോസേട്ടനും വാഗണറിൽ തന്നെയിരുന്നു….

ഇയാളിത് ഹോസ്പിറ്റൽ നിന്ന് എപ്പോഴെത്തിയെന്ന് എനിക്ക് ചിന്തിച്ചിട്ടും മനസ്സിലായില്ല…

ഭദ്രനെ കണ്ടു ഞങ്ങൾ ഞെട്ടിയെങ്കിലും അയാളെ മറി കടന്ന് ഞങ്ങൾ വീട്ടിലേക്ക് കയറിയതും അയാൾ ഞങ്ങളെ തടഞ്ഞു…

“എവിടേക്കാ രണ്ടും കൂടി… ഇങ്ങോട്ടാണെങ്കിൽ വേണ്ട.ഇതിപ്പോളെന്റെ വീടാണ്”

അയാൾ എനിക്ക് നേരെ തിരിഞ്ഞു..

“അതെങ്ങനെ നിങ്ങളുടെ പേരിലാകും.ഇത് ഞങ്ങളുടെ വീടാണ്”

ഭദ്രന്റെ മുഖത്തെ പുച്ഛം ഞാൻ കണ്ടു…

“വീടും സ്ഥലവും എന്റെ പേരിലാക്കിയട്ടാടീ നിനക്കും തളളക്കും ചിലവിനു തന്നത്.പിന്നെ നിന്നെയും കണ്ടിട്ട് തന്നെ. നിനക്കിപ്പോൾ വരുത്തന്മാരെ മതിയല്ലോ”

അയാളുടെ പരിഹാസമേറ്റ് ഞാൻ ചൂളിപ്പോയി.വീട് അയാളുടെ പേരിലാണെന്ന് അമ്മയുടെ മുഖത്ത് നിന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു…

“ഇറങ്ങിപ്പോടി ശവങ്ങളേ എന്റെ വീട്ടിൽ നിന്ന്”

അയാൾ ഉറക്കെ അലറിയതും അപമാനത്താൽ തൊലിയുരിഞ്ഞു പോയി…തല കുനിച്ചു ഞങ്ങൾ അവിടെ നിന്ന് കരഞ്ഞു കൊണ്ട് ഇറങ്ങി. അമ്മയുടെ ബുദ്ധിമോശത്തെ സ്വയം പഴിച്ചു….

ഞങ്ങൾ ഇറങ്ങി വന്നതോടെ ഒറ്റയാനും ജോസേട്ടനും വാഗണറിൽ നിന്നിറങ്ങി. അമ്മക്ക് പറ്റിയ അമളി പറഞ്ഞതോടെ ഒറ്റയാൻ മുന്നോട്ടു കുതിച്ചെങ്കിലും ജോസേട്ടൻ തടഞ്ഞു…

“വിട്ടേക്ക് അവനെടുത്തോട്ടെ.അങ്ങനെ എങ്കിലും അവന്റെ ശല്യം അവസാനിക്കുമല്ലോ”

ഇനിയെങ്ങോട്ടെന്ന് അറിയാതെ ഞങ്ങൾ പകച്ചു നിന്നു. മുമ്പിൽ തെരിവു മാത്രമേയുള്ളൂ…

“എനിക്കൊരു വീടുണ്ട് നിങ്ങൾക്കിനി അവിടെ താമസിക്കാം.ആരും എതിരു പറയില്ല”

ജോസേട്ടൻ ഞങ്ങളെ സമാധിനിപ്പിച്ചു വാഗണറിൽ കയറ്റി….

“ചെല്ലെടീ അമ്മയും മകളും വയസ്സന്റെ കൂടെച്ചെന്ന് സുഖിക്ക്..പിന്നെ ആ വരുത്തന്റെ ബലത്തിലാണെങ്കിൽ ആ തെണ്ടിക്ക് അധികം ആയുസ്സുണ്ടാകില്ല.ഭദ്രനാ പറയുന്നത്”

അവിടെ നിന്ന് കൂട്ടച്ചിരി ഉയർന്നതോടെ അതുവരെ സഹിച്ചിരുന്ന ഒറ്റയാൻ ദേഷ്യപ്പെട്ടു വാഗണറിൽ നിന്ന് മുമ്പോട്ട് കുതിച്ചു…

“(തുടരും”)

ഒറ്റയാൻ : ഭാഗം 1

ഒറ്റയാൻ : ഭാഗം 2

ഒറ്റയാൻ : ഭാഗം 3