Saturday, January 18, 2025
Novel

നിഴൽ പോലെ : ഭാഗം 5

എഴുത്തുകാരി: അമ്മു അമ്മൂസ്‌


മാളു ദർശനെ കത്തുന്ന ഒരു നോട്ടം നോക്കി. അവൻ അവളെ നോക്കി വല്ലാത്ത ഒരു ചിരി ചിരിച്ചു.

“എനിക്ക് എതിർപ്പുണ്ട്. ഈ വിവാഹത്തിന് എനിക്ക് താല്പര്യമില്ല. എനിക്ക് മറ്റൊരാളെ ഇഷ്ടമാണ്”.

പറഞ്ഞു നിർത്തിയതും അവളുടെ കവിളിൽ അടി വീണതും ഒന്നിച്ചായിരുന്നു.

കവിളും പൊത്തിപ്പിടിച്ചു കൊണ്ട് നോക്കുമ്പോൾ കണ്ടത് ദേഷ്യം വന്നു ചുമന്ന മുഖവുമായി നിൽക്കുന്ന മനീഷിനെയാണ്.

മനീഷ് ദേഷ്യം കൊണ്ട് വിറച്ചു വീണ്ടും അവളുടെ നേരേ പാഞ്ഞു ചെന്നു. വീണ്ടും അടിക്കാൻ കൈ ഓങ്ങിയപ്പോളേക്ക് മോഹന്റെ കൈ അവനെ തടഞ്ഞു .

“നിനക്കെന്താ ഭ്രാന്ത്‌ പിടിച്ചോ മനു. അവൾക്കിഷ്ടമല്ലെങ്കിൽ ഈ വിവാഹം നടക്കില്ല. ഇനി ഒരിക്കൽ കൂടി നീ എന്റെ കുഞ്ഞിന്റെ ദേഹത്തു തൊട്ടാൽ ഇങ്ങനെ ആയിരിക്കില്ല ഞാൻ പ്രതികരിക്കുന്നത്”. മോഹൻ ദേഷ്യത്തോടെ പറഞ്ഞു.

അമ്മ അവളെ ചേർത്തു നിർത്തി ആശ്വസിപ്പിച്ചു.
മാളു ഒന്നും മിണ്ടാതെ അമ്മയെ കെട്ടിപ്പിടിച്ചു നിന്നതേ ഉള്ളു. ദർശനു വേണ്ടി ഏട്ടൻ അവളെ അടിച്ചത് അത്രമേൽ വേദനിപ്പിച്ചിരുന്നു.

“അച്ഛൻ എന്തറിഞ്ഞിട്ട ഈ പറയുന്നേ. ഒരിക്കലും അവളെ സ്നേഹിക്കാത്ത ഒരുത്തന്റെ പിറകേ നടന്നു കളയാൻ ഉള്ളതാണോ ഇവളുടെ ജീവിതം”. മനീഷ് വീണ്ടും ദേഷ്യപ്പെട്ടു.

“അവളുടെ അച്ഛൻ ആയ എനിക്കില്ലാത്ത വേവലാതി നിനക്ക് വേണ്ട മനു. ഞാൻ ഗൗതമിനോട് സംസാരിക്കട്ടെ.

അവനൊരിക്കലും ഇവളെ ഇഷ്ടപ്പെടാൻ പറ്റില്ല എന്ന് എന്നോട് പറയുവാണെങ്കിൽ നമുക്ക് വേറെ നോക്കാം.

പക്ഷേ അപ്പോഴും എന്റെ കുഞ്ഞിന് ഇഷ്ടം അല്ലാത്ത ഒരാളെയും കല്യാണം കഴിക്കാൻ അവളെ ഞാൻ നിർബന്ധിക്കില്ല “. മോഹൻ കടുത്ത സ്വരത്തിൽ പറഞ്ഞു.

മനീഷ് മിണ്ടാതെ കേട്ടു നിന്നതേ ഉള്ളു. അച്ഛൻ തീരുമാനിച്ചുറപ്പിച്ചാൽ അതത്ര എളുപ്പം മാറ്റാൻ സാധിക്കില്ല എന്ന് അവന് നല്ലോണം അറിയാം.

അത് വരെ മൂകമായി എല്ലാം കണ്ടു കൊണ്ടിരുന്ന ദർശനും കുടുംബവും യാത്ര പറഞ്ഞെഴുന്നേറ്റു . കാഴ്ചയിൽ നിന്നും മറയുന്നത് വരെ ദർശന്റെ കണ്ണുകൾ തന്നെ ചുഴിഞ്ഞു നോക്കുന്നത് മാളു അറിയുന്നുണ്ടായിരുന്നു . എന്തോ അതവളുടെ ഉള്ളിൽ വല്ലാത്ത ഭയം നിറച്ചു.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ഗൗതമിനെ ആഹാരം കഴിക്കാൻ വിളിക്കാൻ വന്ന ബീന കാണുന്നത് നക്ഷത്രങ്ങളെ നോക്കി ഇരിക്കുന്ന അവനെ ആണ്. എന്തൊക്കെയോ പ്രശ്നങ്ങൾ അവനെ വല്ലാതെ അലട്ടുന്നുണ്ട് എന്നവർക്ക് തോന്നി.

അവന്റെ അടുത്ത് ചെന്നു തോളിൽ കൈ വെച്ചപ്പോ ഒരു ഞെട്ടലോടെ അവൻ തിരിഞ്ഞു നോക്കി. പിന്നെ ബീനയെ പിടിച്ചു അവന്റെ അരികത്തായി ഇരുത്തി ആ മടിയിൽ കിടന്നു.

അവന്റെ മുടികളിലൂടെ വിരലോടിച്ചു ബീന ചോദിച്ചു. “എന്താ മോനു. കുറെ നേരമായല്ലോ ഈ ഇരുപ്പ് തുടങ്ങിയിട്ട്. എന്താ പ്രശ്നം. അച്ഛൻ ധാ അവിടെ നിന്നെയും നോക്കി ഇരിക്കുകയാണ് ആഹാരം കഴിക്കാൻ”.

ഗൗതം മടിയിൽ നിന്നും എണീറ്റു. “ഒന്നുമില്ലമ്മ ഓഫീസിലെ ചെറിയ ടെൻഷൻ. വാ…. അച്ഛനെ നോക്കി ഇരുത്തി മുഷിപ്പിക്കണ്ട” .

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

ഡൈനിങ്ങ് ടേബിളിലും ഗൗതം നിശ്ശബ്ദനായിരുന്നു .കാരണം ചോദിച്ചപ്പോൾ ഒക്കെ പുതിയ പ്രൊജക്റ്റ്‌ ന്റെ പേരും പറഞ്ഞു അവൻ ഒഴിഞ്ഞു മാറി.

“താൻ ഇന്നാരെയോ കാര്യമായി ആശ്വസിപ്പിക്കുന്ന കെട്ടായിരുന്നല്ലോ . ആരാ ആള് . മാളു മോളാണോ”. ഗൗതമിനെ ഒളികണ്ണിട്ടു നോക്കിയ ശേഷം വാസുദേവ് ബീനയോടു ചോദിച്ചു.

മാളുവിന്റെ പേരു കേട്ട ഉടനെ ഗൗതം ആഹാരം കഴിക്കുന്നത് നിർത്തി. അവർ പറയുന്നതിൽ ശ്രെദ്ധിച്ചു. അവളുടെ അസ്വസ്ഥതയുടെ കാരണം അറിയുവാൻ കാതോർത്തിരുന്നു.

“അതേന്നെ. മനീഷ് ആകെ വാശി പിടിച്ചിരിക്കുവാന്ന്. അവളുടെ കല്യാണം പെട്ടെന്ന് നടത്താൻ. ഇന്ന് അവളോട്‌ പോലും ചോദിക്കാതെ പെണ്ണ് കാണൽ ആയിരുന്നെന്നു.

ആ പയ്യന്റെ പെങ്ങളും അവനും തമ്മിൽ ഇഷ്ടത്തിലാ. ചേട്ടന്റെ കല്യാണം കഴിയാതെ അവരുടെ വിവാഹം നടക്കില്ലത്രേ.

ആ പയ്യനാണെങ്കിൽ മാളൂനെ തന്നെ മതി പോലും. അതിനു വേണ്ടിയാ ഈ കാണിച്ചു കൂട്ടുന്നതൊക്കെ”.

ഗൗതമിനെ മുഖത്തുണ്ടാകുന്ന ഭാവഭേദങ്ങൾ നോക്കി കൊണ്ട് അവർ ബാക്കി പറഞ്ഞു. “ഇവിടൊരുത്തന് പിന്നെ ആ പെങ്കൊച്ചിനെ വേണ്ടല്ലോ. ഇവനൊന്ന് സമ്മതം മൂളിയാൽ ഞാൻ കൊണ്ട് വന്നേനെ എന്റെ മരുമോളായിട്ട് .

അതിങ്ങനെ കിടന്നു കണ്ണീർ കുടിക്കേണ്ടി വരില്ലായിരുന്നു. നേരേ സംസാരിക്കാൻ പോലും വയ്യ അതിനു. അടി കൊണ്ട് കവിളൊക്കെ പൊട്ടി ഇരിക്കുവാ. ആഹാരം പോലും കഴിച്ചില്ല.”

അത് കേട്ടതോടെ ഗൗതമിനു അവന്റെ വിശപ്പ് ഒക്കെ പോയ പോലെ തോന്നി. അവൻ ഒന്നും മിണ്ടാതെ പ്ലേറ്റ് ഉം നീക്കി വെച്ചു എണീറ്റ് പോയി.

അവന്റെ പോക്ക് കണ്ടു വാസുദേവും ബീനയും പരസ്പരം നോക്കി ചിരിച്ചു. എങ്ങനെ എങ്കിലും ആ മഞ്ഞുമല ഒന്ന് ഉരുക്കാൻ വേണ്ടി ആണല്ലോ ഇപ്പൊ ഇങ്ങനെ ഒരു ചർച്ച ഇവിടെ നടത്തിയത്.

രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഗൗതമിനു ഉറങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല . അഥവാ എങ്ങാനും ഒന്ന് മയങ്ങി പോയാൽ അടി കൊണ്ട് കരയുന്ന മാളുവിന്റെ മുഖം സ്വപ്നം കണ്ടെണീക്കും .

“നാശം പെണ്ണിന്റെ മുഖം മനസ്സിൽ നിന്നും പോകുന്നില്ലല്ലോ”. അവൻ ഫോണെടുത്തു സമയം നോക്കി. രാത്രി രണ്ടു മണി.” ഒന്ന് വിളിച്ചു നോക്കിയാലോ. അവൾക്ക് വയ്യെന്നല്ലേ അമ്മ പറഞ്ഞേ…..”

“അല്ലെങ്കിൽ വേണ്ട. അവൾക്ക് വയ്യെങ്കിൽ എനിക്കെന്താ. ഞാനെന്തിനാ അവളെ വിളിക്കുന്നെ.”

ഓരോന്ന് പറഞ്ഞും ആലോചിച്ചും ഇരുന്ന് ലാസ്റ്റിൽ വിളിക്കണ്ട എന്നുള്ള തീരുമാനത്തിൽ എത്തി. ഫോണെടുത്തു തിരികെ വെക്കാൻ വേണ്ടി ഒന്നേ നോക്കിയുള്ളൂ.

അവന്റെ ശ്വാസം നിന്നു പോയി. കൈ തട്ടി അറിയാതെ call പോയേക്കുന്നു. കട്ട് ചെയ്യാൻ വന്നപ്പോളേക്കും അപ്പുറത്ത് നിന്നും അവൾ ഫോൺ എടുക്കുകയും ചെയ്തു.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

അടി കൊണ്ടതിന്റെ ക്ഷീണവും കരച്ചിലും ഒക്കെയായി തളർന്നുറങ്ങുകയായിരുന്നു മാളു. അപ്പോഴാണ് ഫോൺ ബെല്ലടിച്ചത്.

ഉറക്കച്ചടവോടെ എടുത്തു നോക്കി. ഡിസ്പ്ലേയിലെ പേരു കണ്ടതും ഉറക്കമൊക്കെ പമ്പ കടന്നു. ചാടി എണീറ്റിരുന്നു ഫോൺ എടുത്തു. “ഹലോ..”

കുറച്ചു നേരം കഴിഞ്ഞിട്ടും മറുപടി ഒന്നും ഇല്ല.

“ഹലോ… എന്തിനാ വിളിച്ചേ. ”

“അത്….അത് ഞാൻ നന്ദുവിനെ വിളിച്ചത. നിങ്ങളുടെ പേര് അടുത്തടുത്തു കിടന്നത് കൊണ്ട് മാറി പോയി.” കുറച്ചു വിക്കലോടെ ഉള്ള മറുപടി കേട്ടു.

“ഓഹ്. ഞാൻ വിചാരിച്ചു.” അവൾ ചെറിയ ഒരു കുസൃതി ചിരിയോടെ പറഞ്ഞു.

“നീ കൂടുതലൊന്നും വിചാരിക്കണ്ട. നാളെ ഓഫീസിൽ കുറച്ചു നേരത്തെ വരണം. ഉച്ചക്ക് മുൻപ് രണ്ടു ഫയൽ നോക്കി തീർക്കാൻ ഉണ്ട്. “കനത്ത ശബ്ദത്തിൽ ഉള്ള ഉത്തരവ് കേട്ടു.

അവൾ മറുപടി പറയുന്നതിന് മുൻപേ call കട്ട്‌ ആയി. അവൾ ഒരു ചിരിയോടെ ഫോൺലേക്ക് നോക്കി ഇരുന്നു.” കള്ള ചെകുത്താനെ.

അപ്പൊ എന്നോടിഷ്ടമൊക്കെ ഉണ്ടല്ലേ. ഞാൻ നാളെ വരാൻ വേണ്ടി അല്ലേ ഈ ഫയലിന്റെ കാര്യം ഒക്കെ പറഞ്ഞേ.

സമ്മതിച്ചു തരാനാ മടി അല്ലേ. ഇത്രേം മതി എനിക്ക്. ബാക്കി ഞാൻ ശെരിയാക്കി എടുത്തോളാം”. ഫോണും നെഞ്ചോടു ചേർത്ത് അവൾ കിടന്നു.

തുടരും….

നിഴൽ പോലെ : ഭാഗം 1

നിഴൽ പോലെ : ഭാഗം 2

നിഴൽ പോലെ : ഭാഗം 3

നിഴൽ പോലെ : ഭാഗം 4