Wednesday, December 18, 2024
Novel

നിഴൽ പോലെ : ഭാഗം 2

എഴുത്തുകാരി: അമ്മു അമ്മൂസ്‌


മെല്ലെ തല ഉയർത്തി നോക്കിയപ്പോൾ കണ്ടത് ദേഷ്യത്താൽ വിറച്ചുകൊണ്ട് തന്നെ നോക്കുന്ന ആ മുഖവും ചുവപ്പ് തെളിയുന്ന കണ്ണുകളുമാണ്.

“സബാഷ്.” അവൾ മനസ്സിൽ പറഞ്ഞു.

അവൾ പെട്ടെന്ന് തന്നെ പിടഞ്ഞു മാറി നിന്നു. അല്ലെങ്കിൽ പിന്നെ ദേഹത്ത് തോട്ടു എന്നും പറഞ്ഞു കൂടി ആയിരിക്കും.

അവൾ തല താഴ്ത്തി തന്നെ നിന്നു.

മുഖത്തേക്ക് എങ്ങാനും നോക്കിയാൽ ഇപ്പൊ തുടങ്ങും. വെറുതേ എന്തിനാ ഓഫീസിൽ എല്ലാരുടേം മുൻപിൽ നാണം കെടുന്നേ.

പല്ല് ഞെരിക്കുന്ന ശബ്ദം കേട്ടപ്പോ പതുക്കെ ഒന്ന് തല പൊക്കി നോക്കി. താൻ നോക്കുന്നത് കണ്ടിട്ടാണോ എന്തോ വെട്ടിത്തിരിഞ്ഞു ക്യാബിനിലേക്ക് പോകുന്നത് കണ്ടു.

“ഹോ രക്ഷപെട്ടു. ഭഗവാനേ നന്ദി ഉണ്ട് കേട്ടോ “. മാളു നെഞ്ചിൽ കൈ വെച്ച് പറഞ്ഞു. എല്ലാരേയും നോക്കി ഒരു ചിരിയും പാസ്സാക്കി അവളുടെ പ്ലേസിലേക്ക് പോകുമ്പോൾ തന്നെ ഫോൺ വന്നു.

നേരത്തെ പറഞ്ഞ നന്ദി ഒക്കെ അത് പോലെ തന്നെ തിരിച്ചെടുത്തു.

“ഹലോ സ..”.. വരെയേ പറയാൻ പറ്റിയുള്ളൂ.

“മാളവിക come to my cabin.. right now” എന്നൊരു അലർച്ച അപ്പുറത്തു നിന്നും കേട്ടു.

അവൾ ചുറ്റും നോക്കി. എല്ലാ മുഖങ്ങളിലും സഹതാപം. അല്ല ഇത് ഇവിടുത്തെ പതിവ് കാഴ്ച ആണല്ലോ. പിന്നെ ഒന്നും നോക്കിയില്ല ക്യാബിനിലേക്ക് ഓടി.

അകത്തേക്ക് കയറിയപ്പോളേ തന്റെ കാര്യത്തിൽ ഒരു തീരുമാനം ആയെന്നവൾക്ക് മനസ്സിലായി.

ഗൗതത്തിന്റെ മുഖം ദേഷ്യം കൊണ്ട് വിറച്ചു. “ഇപ്പൊ സമയം എത്രയായി..”. അവൻ പല്ലും കടിച്ചു ചോദിച്ചു.

“ന…. ന… nine thirty sir..”. അവൾ വിക്കി വിക്കി പറഞ്ഞു.

“മിസ്സ്‌ മാളവിക മോഹന്റെ ഡ്യൂട്ടി ടൈം കൂടി ഒന്ന് പറ. ”

അവൾ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു.

“late ആകാനുള്ള കാരണം എന്താണാവോ എന്തോ.”

അതിനു മറുപടി പറയാൻ തുടങ്ങിയ അവൾ

“കമ്പനിക്ക് പ്രയോജനം ഉള്ളതാണെങ്കിൽ മാത്രം പറഞ്ഞാൽ മതി”

എന്നുള്ള അവന്റെ അടുത്ത ഡയലോഗ് കേട്ടതും മിണ്ടാതെ തല താഴ്ത്തി.

“ഈ കമ്പനി നിന്റെ കുടുംബവക ആണെന്ന് വല്ല ഭാവവും ഉണ്ടോ നിനക്ക്”. എടുത്തടിച്ച പോലെ അവൻ ചോദിച്ചു.

ആ ചോദ്യത്തിന് നാണം ഭാവിച്ചു നഖം കടിക്കുന്ന അവളെ കണ്ടതും സമനില തെറ്റും പോലെ തോന്നി അവനു.

ദേഷ്യത്തോടെ ഷെൽഫിൽ ചെന്നു വലിയ രണ്ട് ഫയലുകൾ എടുത്ത് അവളുടെ കൈയിലേക്ക് വെച്ചു കൊടുത്തു.

“ഇതിന്റെ റിപ്പോർട്ട്‌ ഇന്ന് ഓഫീസ് ടൈം കഴിയുന്നതിനു മുൻപ് എനിക്ക് കിട്ടിയിരിക്കണം. അല്ലെങ്കിൽ നിന്റെ termination ലെറ്റർ ആയിരിക്കും വൈകുന്നേരം നിന്റെ കൈയിൽ കിട്ടുന്നത്.

എന്റെ അമ്മയെ പാട്ടിലാക്കി അധികനാൾ ഇവിടെ നിൽക്കാം എന്നൊന്നും നീ വിചാരിക്കണ്ട. കേട്ടല്ലോ… ”

അവൾ ഒന്നും മിണ്ടാതെ തല കുലുക്കി. അല്ലാതെന്തു ചെയ്യാൻ. കേട്ടില്ല എന്ന് വല്ലോം പറഞ്ഞ പിന്നെ രണ്ട് ഫയലും കൂടി extra തരും. വെറുതെ എന്തിനാ പണി വാങ്ങി കൂട്ടുന്നേ.

“എന്റെ ദൈവമേ ഈ വെട്ടുപോത്തിനെ ഞാൻ എങ്ങനെ മെരുക്കി എടുക്കും. എനിക്കിതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ.

ഇങ്ങേരെ ഒക്കെ പ്രേമിക്കാൻ പോയ എന്നേ പറഞ്ഞ മതി. ഏത് നേരത്താണോ എന്തോ ഗജിനി കാണാൻ തോന്നിയത്”.. അവൾ വിഷമത്തോടെ പറഞ്ഞു കൊണ്ട് ഫയൽ നോക്കാൻ തുടങ്ങി.

“ഇന്നും കിട്ടിയല്ലോ ഇഷ്ടം പോലെ..”സൗണ്ട് കേട്ട് തല ഉയർത്തി നോക്കിയപ്പോൾ ശ്രുതിയും കിഷോറും ആണ്. ഓഫീസിലെ അവളുടെ ബെസ്റ്റ് ഫ്രണ്ട്സ്.

അവൾ അവരെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു.

“എന്റെ മാളു നീ എന്തിനാ ഇങ്ങനെ ആ ചെകുത്താന്റെ പിറകേ നടന്നു സമയം കളയുന്നേ.” കിഷോർ ചോദിച്ചതും മാളുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.

അത് കണ്ടപ്പോൾ ആണ് കിഷോറിന് കാര്യം കത്തിയത്. “എന്റെ പൊന്നേ ഓർത്തില്ലേ. ആ പേരു വേറാരും വിളിക്കുന്നത് നിനക്കിഷ്ടമല്ലല്ലോ.”

“നിങ്ങൾ പോയെ ഇപ്പൊ. നമുക്ക് പിന്നെ സംസാരിക്കാം. ഈ ഫയൽ എനിക്ക് വൈകുന്നേരത്തിനു മുൻപ് നോക്കി കൊടുക്കാൻ ഉള്ളതാ. “അതും പറഞ്ഞു അവൾ വീണ്ടും ഫയലിലേക്ക് മുഖം പൂഴ്ത്തി.

ഉച്ചക്ക് ഭക്ഷണം കഴിക്കാൻ എല്ലാരും വന്നു വിളിച്ചിട്ടും അവൾ പോയില്ല.

ഒടുവിൽ വൈകുന്നേരം 5 മണിയോടെ ഒരു വിധം റിപ്പോർട്ട്‌ എഴുതി തീർത്തു. ക്യാബിനിലേക്ക് ചെന്നപ്പോ ഗൗതം ലാപ്ടോപ്പിൽ നോക്കി ഇരിക്കുവാണ്.

“സർ..”. അവൾ പതുക്കെ വിളിച്ചു.

“yes.”. ലാപ്ടോപ്പിൽ നിന്നും കണ്ണെടുക്കാതെ തന്നെ അവൻ വിളി കേട്ടു.

“സർ പറഞ്ഞ റിപ്പോർട്ട്‌. “അവൾ ആ ഫയൽ മുൻപിലേക്ക് നീട്ടി.

“ആ വേസ്റ്റ് ബിന്നിലേക്ക് ഇട്ടേക്കു”. അവന്റെ വാക്കുകൾ കേട്ടു അവൾ അവനെ തന്നെ നോക്കി നിന്നു വിശ്വാസം വരാതെ.

അവളുടെ ഭാഗത്തു നിന്നും യാതൊരു അനക്കവും കാണാതെ ലാപ്ടോപ്പിൽ നിന്നും മുഖം ഉയർത്തി നോക്കിയ അവൻ കാണുന്നത് അവനെ തന്നെ നോക്കി നിൽക്കുന്ന അവളെയാണ്.

“മാളവികക്ക് ഞാൻ പറഞ്ഞത് മനസ്സിലായില്ല എന്നുണ്ടോ”. കനത്ത സ്വരത്തിൽ അവൻ ചോദിച്ചു..

താൻ ഇത്രയും നേരം കഷ്ടപ്പെട്ട് ചെയ്ത ജോലിക്ക് യാതൊരു പ്രയോജനവും ഇല്ലെന്നറിഞ്ഞതും അവൾക്ക് ദേഷ്യവും സങ്കടവും എല്ലാം കൂടി വന്നു.

ഒന്നും മിണ്ടാതെ ആ റിപ്പോർട്ട്‌ വേസ്റ്റ് ബിന്നിലേക്ക് ഇട്ട ശേഷം അവൾ മിഴികൾ അമർത്തി തുടച്ചു കൊണ്ട് പുറത്തേക്ക് നടന്നു.

അവൾ പോയി എന്ന് ഉറപ്പായതും ഗൗതം സീറ്റിൽ നിന്നും എണീറ്റ് പുറത്തേക്ക് നടന്നു. പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ അവന്റെ കണ്ണുകൾ വേസ്റ്റ് ബിന്നിലേക്ക് നീണ്ടു. ആ ഫയൽ കൈ നീട്ടി എടുത്തു.

അതിൽ അവളുടെ കണ്ണിൽ നിന്നും വീണ ഒരു തുള്ളി കണ്ണുനീർ പറ്റിയിരിപ്പുണ്ടായിരുന്നു.

അവൻ അത് വിരലുകൾ കൊണ്ട് തുടച്ചു. പെട്ടെന്ന് ശാലിനിയും ആയിട്ടുള്ള അവസാന കൂടി കാഴ്ച അവന്റെ മനസ്സിലേക്ക് കടന്നു വന്നു.

“അതേ നീ പറഞ്ഞത് ശെരിയാ. ഞാൻ പണത്തിനു വേണ്ടി തന്നെയാ നിന്നെ സ്നേഹിച്ചത്. നീ ഇനി ഏത് പെണ്ണിനെ സ്നേഹിച്ചാലും അവളും അങ്ങനെ തന്നെ ആയിരിക്കും.

ഗൗതം വാസുദേവ് എന്ന കോടീശ്വരന്റെ പണത്തിനും സൗന്ദര്യത്തിനും ഉള്ള വിലയെ ഉള്ളു.അത് പോയതോടെ എല്ലാം പോയി ഗൗതം.

ഒരു പെണ്ണെന്ന നിലയിൽ ഞാൻ ആഗ്രഹിക്കുന്ന പല കാര്യങ്ങളും ഉണ്ട് ഗൗതം. അതൊന്നും നടത്തി തരാൻ നീ തയ്യാറല്ലായിരുന്നു.

പിന്നെ ഞാൻ എന്താ വേണ്ടേ. എന്റെ ഡാഡിയോട് എനിക്ക് പറയാൻ പറ്റുമോ ബിസ്സിനെസ്സ് തകർന്നു നിൽക്കുന്ന വാസുദേവന്റെ മകനെ എനിക്ക് വിവാഹം കഴിച്ചു തരണം എന്ന്.

എനിക്കും സ്വപ്നങ്ങളുണ്ട് ഗൗതം. നിന്റെ ആദർശങ്ങളിൽ ജീവിക്കാൻ എനിക്ക് പറ്റില്ല.”

ജീവന് തുല്യം സ്നേഹിച്ചവളുടെ അവസാന വാക്കുകൾ. അത് തന്നെ ഇന്നും വല്ലാതെ ശ്വാസം മുട്ടിക്കുന്നു. ഓർമകളിൽ നിന്നും രക്ഷപ്പെടാനാണ് വിദേശത്തേക്ക് പോയത്.

നാടും വീടും വിട്ടുള്ള വാസം പലതും പഠിപ്പിച്ചു. കമ്പനി ഏറ്റെടുത്തു ഉയർച്ചയിലേക്ക് എത്തിച്ചു.

വീണ്ടും മനസ്സിൽ അവളുടെ ഓർമ്മകൾ വരാൻ തുടങ്ങിയതും ആ ഫയൽ ദേഷ്യത്തോടെ ബിന്നിലേക്ക് എറിഞ്ഞു അവൻ പുറത്തേക്ക് നടന്നു.

തുടരും….

നിഴൽ പോലെ : ഭാഗം 1