Saturday, January 18, 2025
Novel

നിയോഗം: ഭാഗം 56

രചന: ഉല്ലാസ് ഒ എസ്

വാഷ് റൂമിൽ പോയി വന്ന ശേഷം പദ്മ നോക്കിയപ്പോൾ കണ്ടത് കുഞ്ഞിനെ ഒരു വശത്തേക്ക് നീക്കി കിടത്തിയിട്ട് തലയിണ എടുത്തു സൈഡിലേക്ക് വെയ്ക്കുന്ന കാർത്തിയെ ആണ്. അവൾക്ക് ശ്വാസം വിലങ്ങി എന്നിട്ടും പതറാതെ മുന്നോട്ട് വന്നവൾ തലയിണ എടുത്തു മാറ്റി. “പദ്മ…..” കാർത്തി അവളുടെ തോളിൽ പിടിച്ചു. പെട്ടന്ന് അവൾ കൈ തട്ടി മാറ്റി. “പദ്മ… ഇവിടെ കിടക്കേടോ..വാവ യെ അല്പം നീക്കി കിടത്തിയിട്ട്… തനിക്ക് പനി ഉള്ളത് അല്ലേ.. ” “എനിക്ക് ആദ്യമായിട്ടൊന്നുമല്ല പനി വരുന്നത്… പിന്നെ സത്യം പറയാലോ മാഷേ,എന്റെ മനസ്സിൽ നിന്നും,കാർത്തികേയൻ എന്ന എന്റെ ഭർത്താവ് പടിയിറങ്ങി പോയിട്ട്, കുറച്ചു ആയത് ആണ്.. ഇനി ഒരു തിരിച്ചുവരവ്….

അതെന്തായാലും പത്മയ്ക്ക് സാധിക്കില്ല… ” പത്മ.. താൻ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം…” “അങ്ങനെ തന്നെയാണ് മാഷേ ഞാൻ പറഞ്ഞത്.. അല്ലാതെ വെറുതെ വായിൽ വരുന്നത് വിളിച്ചു പോകുന്ന സ്വഭാവം പത്മയ്ക്ക് ഇല്ല.. നിങ്ങളെപ്പോലെ ഒരു വൃത്തികെട്ടവന്റെ കൂടെ കഴിയുവാൻ ആണ്, എനിക്ക് ഈശ്വരൻ വിധിച്ചത്.. സ്വന്തം ഭാര്യയെ വെച്ചുകൊണ്ട് കാമുകിയെ തേടിപ്പോകുന്ന താങ്കൾ ഒരു സ്കൂൾ മാഷാണോ… എത്രയോ കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കേണ്ട ആളാണ്… ആദ്യം നേരെ ആവേണ്ടത് നിങ്ങളാണ് അതിനുശേഷം വേണം 10 കുട്ടികൾക്ക് വിദ്യ പകർന്നു നൽകേണ്ടത് ” അതും പറഞ്ഞുകൊണ്ട് പത്മ ,

കുഞ്ഞിനെ അല്പം കൂടി നീക്കി കിടത്തിയിട്ട്, ഭിത്തിയോട് ചേർന്ന് കിടന്നു. ” പത്മ….. എന്നോട് ഈ പറഞ്ഞ ഓരോ വാചകങ്ങളും ഓർത്ത്, ഒരു ദിവസം നീ പശ്ചാത്തപിക്കും… എന്റെ മുന്നിൽ ഇരുന്നു നീ പൊട്ടി കരയും, പറഞ്ഞതും പ്രവർത്തിച്ചതുമായ ഓരോ വാചകങ്ങളും, തിരിച്ചെടുക്കുവാൻ സാധിക്കില്ല എന്ന വലിയ സത്യം നീ ഒന്നോർത്താൽ നന്ന് .. ഇതു പറയുന്നത് കാർത്തികേയൻ ആണ്.. ലൈറ്റ് ഓഫ് ചെയ്തിട്ട് അവൻ ബെഡ്‌ലാമ്പ് ഓൺ ചെയ്തു.. അരണ്ട വെളിച്ചം മുറി ആകെ പടർന്നു. നീറുന്ന നെഞ്ചുമായി, കുഞ്ഞിന് ഇരുവശത്തും രണ്ടാളും കിടന്നു…. **

ദിവസങ്ങൾ പിന്നിട്ടു കൊണ്ടേയിരുന്നു. പത്മയുടെ സ്വഭാവത്തിലും പ്രവർത്തിയിലും യാതൊരു മാറ്റവും സംഭവിച്ചില്ല.. എന്നാൽ കാർത്തിയോട് ഒഴികെ ബാക്കിയുള്ളവരോട് എല്ലാം അവൾ, അടുപ്പം കാണിച്ചു. അവനു അത് ഏറെ വിഷമം ഉണ്ടാക്കിയെങ്കിലും, എല്ലാം ഉള്ളിൽ ഒതുക്കി കാർത്തി നടന്നു. ഉള്ളിലെ സങ്കടക്കടൽ ആർത്തിരമ്പിയപ്പോളും തന്റെ കുഞ്ഞിന്റെ പൊട്ടിച്ചിരികളും കൊഞ്ചലുകളും, കാൽതള നാദവും അവനെ വേറൊരു ദിശയിലേക്ക് കൊണ്ട് എത്തിച്ചു. കാലത്തെ കുഞ്ഞിന്റെ ഇരു കവിളിലും മുത്തം കൊടുത്ത്, കോളേജിലേക്ക് പോകുമ്പോൾ,വാവ നിർത്താതെ കരയും.. കുറച്ചു ദിവസങ്ങൾ കൊണ്ട് കുഞ്ഞിനു മനസ്സിലായി, കാർത്തി എല്ലാ ദിവസവും രാവിലെ പോയാൽ, വൈകുന്നേരം തിരിച്ചെത്തുകയുള്ളൂ എന്ന്…

അവന്റെ ഒപ്പം പോകുവാനാണ് കുഞ്ഞി ശാഠ്യം പിടിക്കുന്നത് . താൻ പോലും അറിയാതെ അവന്റെ കണ്ണിൽ നിന്നും, ഒരു തുള്ളി കണ്ണുനീർ പൊഴിയും… എത്രയും പെട്ടെന്ന് തിരികെ വീട്ടിലെത്തിയാൽ മതിയെന്നാകും അപ്പോഴെല്ലാം അവന്റെ ഉള്ളിൽ… പത്മയുടെ വീട്ടിൽ നിന്നും ഇടയ്ക്കൊരു ദിവസം എല്ലാവരും കൂടി കുഞ്ഞിനെ കാണുവാനായി എത്തിയിരുന്നു.. ഭവ്യ യും കണ്ണനും കൂടി വാവയെ കുറേസമയം കൊഞ്ചിച്ചും കളിപ്പിച്ചും ഇരുന്നു… ഉച്ചയ്ക്കത്തെ ഊണും കഴിഞ്ഞാണ് അവർ തിരികെ മടങ്ങിയത്.. ഓരോ ദിവസം പിന്നിടുമ്പോഴുംകാർത്തിയുടെയും പത്മയുടെയും ഇടയിലുള്ള,അകലം കൂടിക്കൂടി വന്നു. പരസ്പരം ഒന്നും തന്നെ മിണ്ടാതെയായി ഇരുവരും…

അഥവാ അവൾ എന്തെങ്കിലും പറഞ്ഞാൽ തന്നെയും അത് കാർത്തികേയന്റെ മനസ്സിനെ പിടിച്ച് ഉലക്കുന്ന വിധമുള്ള എന്തെങ്കിലും കാര്യങ്ങൾ ആകും.. താൻ ആയിട്ട് പത്മയോട് സത്യങ്ങൾ ഒന്നും പറയുന്നില്ല എന്ന് കാർത്തി തീരുമാനിച്ചിരുന്നു. ദേവന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു അവൻ. ഇടയ്ക്കൊക്കെ വിനീതിനെ കണ്ട് അവൻ അച്ഛൻ എന്നാണ് മടങ്ങിയെത്തുക എന്ന് അന്വേഷിച്ചു കൊണ്ടേയിരുന്നു.. രണ്ടുമൂന്നു ദിവസത്തിനുള്ളിൽ അയാൾ എത്തുമെന്ന് വിനീത് അവനെ അറിയിച്ചു.. *** പതിവുപോലെ അന്നും കാർത്തി കോളേജിലേക്ക് പോയി.. എക്സാം അടുത്തു വരുന്നതിനാൽ അവൻ അതിന്റേതായ തിരക്കുകളിൽ ഒക്കെ ആയിരുന്നു..

പ്രിൻസിപ്പൽ സാറിന്, തന്നെ ഒന്ന് കാണണം എന്ന് അറിയിച്ചതിനെ തുടർന്ന് ഓഫീസ് റൂമിൽ എത്തിയതായിരുന്നു കാർത്തി.. “ഹെലോ… കാർത്തികേയൻ ഇരിക്കൂ…” മാത്യു സാർ പറഞ്ഞപ്പോൾ അവൻ അവിടെ കിടന്ന കസേരയിൽ ഇരുന്നു. “സാർ.. കാണണമെന്ന് പറഞ്ഞത്…” “മ്മ്… എനിക്ക് തന്നോട് ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കാനായിരുന്നു..” “എന്താണ് സാർ…” ” അത് പിന്നെ കാർത്തികേയൻ, ഞാൻ പറയുന്ന കാര്യങ്ങൾ ഏത് രീതിയിൽ അക്സെപ്റ്റ് ചെയ്യുമെന്ന് എനിക്ക് അറിഞ്ഞുകൂടാ . എന്നിരുന്നാലും ഞാൻ ഒരു അച്ഛനായി പോയില്ലേ, അതുകൊണ്ടാണ്…. വേറെ ഒരു വഴിയും കാണുന്നുമില്ലടോ…. ” “സാർ… കാര്യം പറയൂ” “എടോ തനിക്ക് അറിയാലോ, എനിക്കും എന്റെ ഭാര്യ ആലീസിനും ഒരു ഒറ്റ മകളാണ്.. ഡയാന….അവളുടെ കല്യാണം ഒക്കെ കഴിഞ്ഞു ഭർത്താവുമൊത്ത് കഴിയുന്നു. അവൾ ഇപ്പോൾ പഠിപ്പിക്കുന്നത് കട്ടപ്പനയിൽ ഉള്ള ഒരു കോളേജിലാണ്…”

മാത്യു സാർ എന്താണ് പറഞ്ഞുവരുന്നത് എന്ന് അറിയാനാവാതെ അയാളുടെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ് കാർത്തി. ” എന്റെ മകൾക്ക് കുട്ടികളില്ല… വിവാഹം കഴിഞ്ഞിട്ട് ആറുവർഷം ആയി….. ഇതു വരെ ആയിട്ടും ഒരു കുഞ്ഞിനെ നൽകാത്തത് കൊണ്ട് അവരുടെ വീട്ടിൽ ചെറിയ പ്രശനങ്ങൾ ഒക്കെ ഉണ്ടായി… സത്യം പറഞ്ഞാൽ എന്റെ മോൾക്ക് ആണ് പ്രോബ്ലം…കഴിഞ്ഞമാസം അവളും ഹസ്ബന്റും കൂട..നമ്മുടെ ലക്ഷ്മി ഹോസ്പിറ്റലിളെ ഡോക്ടർ അരുന്ധതി മോഹനേ കാണുവാനായി എത്തിയിരുന്നു.. രണ്ടു വർഷത്തേക്കാണ് ട്രീറ്റ്മെന്റ്… തനിക്കറിയാല്ലോ പാലക്കാട് നിന്നും കട്ടപ്പന വരെ ഒരുപാട് ദൂരം ഉണ്ടെന്ന്….

ട്രീറ്റ്മെന്റ് സ്റ്റാർട്ട് ചെയ്താൽ അവൾക്ക് യാത്രയയൊന്നും പറ്റില്ല… അത് മുൻകൂട്ടി ഡോക്ടർ പറഞ്ഞിട്ടുണ്ട്.. ” അയാൾ പറഞ്ഞു തുടർന്നു. ” മിസ്റ്റർ കാർത്തികേയന് , പറ്റുമെങ്കിൽ കട്ടപ്പനയിലെ ആ കോളേജിലേക്ക്, എന്റെ മകൾക്ക് പകരമായി ഒന്നു പഠിപ്പിക്കുവാൻ കയറാൻ സാധിക്കുമോ… താൻ ആലോചിച്ചു പറഞ്ഞാൽ മതി… ബാക്കി കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കോളാം…. ” “സാർ പെട്ടെന്ന് ഇങ്ങനെ പറയുമ്പോൾ…” ” അറിയാ കാർത്തികേയൻ തന്റെ ഫാമിലി ബാഗ്രൗണ്ട് ഒക്കെ എനിക്കറിയാം… എന്താണെങ്കിലും താൻ തന്റെ വീട്ടിൽ ഒന്ന് സംസാരിക്കൂ.. തന്റെ ഭാര്യയോടും പാരന്റ്സിനോടും, ഒക്കെ ചോദിച്ച ശേഷം കാര്യങ്ങൾ തീരുമാനിച്ച്, പോസിറ്റീവ് ആയ ഒരു മറുപടി എനിക്ക് നൽകണം…. ” അതും പറഞ്ഞുകൊണ്ട് മാത്യു സാർ എഴുന്നേറ്റു..

“ശരി സാർ…ഞാൻ രണ്ടു ദിവസത്തിനുള്ളിൽ സാറിനോട് വിവരം പറയാം….” കാർത്തി എഴുന്നേറ്റ് വെളിയിലേക്ക് പോയി.. വല്ലാത്തൊരു മാനസിക സമ്മർദ്ദത്തിൽ അകപ്പെട്ടതുപോലെ അവനു തോന്നി. അപ്പോഴാണ് അവന്റെ ഫോണിലേക്ക് മിത്രന്റെ കോൾ വന്നത് ” കാർത്തി .. തേടിയ വള്ളി കാലിൽ ചുറ്റി കേട്ടോടാ ” ” എന്താടാ…..ഒന്ന് തെളിച്ചു പറയ്” “ദേവൻ എത്തിയിട്ടുണ്ട്.. ഉച്ചയ്ക്ക് ശേഷം ഞാൻ പോറ്റി സാറിനെ കാണുവാനായി കവല വരെ ഒന്നു പോയതായിരുന്നു . രണ്ടു മുപ്പതിന്റെ കെഎസ്ആർടിസിക്ക്, ദേവൻ സ്ഥലത്ത് എത്തിയിട്ടുണ്ട് .. വളച്ചു കെട്ടില്ലാതെ മിത്രൻ കാര്യങ്ങൾ പറഞ്ഞു… “മ്മ്… നീ ഫോൺ വെച്ചോടാ…. എനിക്ക് ഒരു അവർ കൂടി ക്ലാസ്സ് ഉണ്ട്….

വൈകുന്നേരം കാണാം” ഫോൺ വെച്ചു കഴിഞ്ഞതും കാർത്തിയുടെ മുഖത്ത് പല ഭാവങ്ങൾ മിന്നി മറഞ്ഞു .. അതിൽ ഏറ്റവും നിഴലിച്ചു നിന്നത്, പത്മയുടെ കണ്ണീർ ഉണങ്ങിയ മുഖം ആയിരുന്നു…. നിന്റെ അന്ത്യം എന്റെ കൈ കൊണ്ടാണ് ദേവാ… അത് ഈ കാർത്തികേയൻ തീരുമാനിച്ചുറപ്പിച്ചതാണ്… ക്ലാസിലേക്ക് നടക്കുമ്പോൾ കാർത്തി തന്റെ മനസ്സിൽ ഉരുവിട്ടു. *** മീനൂട്ടിയെ വീട്ടിൽ കൊണ്ട് ഇറക്കി വിട്ടതിനുശേഷം ഒരാളെ കാണുവാൻ ഉണ്ടെന്നും പറഞ്ഞ് കാർത്തി വണ്ടി റിവേഴ്സ് എടുത്ത് ഇറങ്ങിപ്പോയി.. വണ്ടിയുടെ ശബ്ദം കേട്ടുകൊണ്ട് സീതയുടെ കയ്യിലിരുന്ന് കുഞ്ഞ് ബഹളം കൂട്ടുകയായിരുന്നു..

“ഓ…. അച്ഛനേ കാട്ടിത്തരാം കേട്ടോ എന്നു പറഞ്ഞുകൊണ്ട് ഉമ്മറത്തേക്ക് ഇറങ്ങിവന്ന് സീത കണ്ടത് മീനൂട്ടി മാത്രം കയറി വരുന്നതാണ്” ” ഏട്ടൻ എവിടെ പോയതാണ് മോളെ” അവർ ചോദിച്ചു ” “ആരെയോ കാണുവാൻ ഉണ്ടെന്നു പറഞ്ഞു.” ” ഇതിപ്പോൾ ഇത്ര തിടുക്കപ്പെട്ട് അവൻ ആരെ കാണാൻ പോയതാണ്” “കൂടുതലായിട്ട് എനിക്കൊന്നും അറിയില്ല അമ്മേ.. ഏട്ടൻ ഇന്ന് അധികം സംസാരിച്ചതും ഇല്ല എന്തോ കാര്യമായിട്ട് മനസ്സിന് തട്ടിയിട്ടുണ്ടെന്ന് തോന്നുന്നു” ” നിനക്ക് അവനോട് ചോദിച്ചു കൂടായിരുന്നോ എന്തുപറ്റിയെന്ന്” “ഞാൻ ചോദിച്ചു… അപ്പോൾ എന്നോട്,,,,പ്രത്യേകിച്ച് ഒന്നുമില്ല,, എനിക്ക് തോന്നുന്നതാവും എന്നാണ് ഏട്ടൻ പറഞ്ഞത്” കുഞ്ഞുവിന്റെ കാലിൽ പിടിച്ച് ഒന്ന് കിലുക്കിക്കൊണ്ട് മീനൂട്ടി പറഞ്ഞു.

അടുക്കള പുറത്തുനിന്ന പത്മയും അത് കേട്ടു.. ” ഇവിടെ വരെ വന്നിട്ട് ചായ പോലും കുടിക്കാതെ,,,അവൻ എവിടേക്കാണോ പോയത്.. മീനൂട്ടി നീയാ ഫോൺ ഇങ്ങെടുത്തെ…എന്നിട്ട് അവനെ ഒന്ന് വിളിക്ക്” സീതയ്ക്ക് ആകപ്പാടെ ഒരു അങ്കലാപ്പ് തോന്നി. അകാരണമായ ഒരു ഭയം പത്മയെയും വന്ന് പൊതിയുന്നതായി അവൾക്കു തോന്നി… രണ്ടുദിവസമായിട്ട് എന്തൊക്കെയോ ദുസ്വപ്നങ്ങൾ കാണുകയായിരുന്നു…. ഈശ്വരാ ആപത്തൊന്നും സംഭവിക്കരുതേ മാഷിന്.. മൂകമായി അവൾ പ്രാർത്ഥിച്ചു.….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…