Friday, November 15, 2024
Novel

നിയോഗം: ഭാഗം 53

രചന: ഉല്ലാസ് ഒ എസ്

പദ്മയുടെ നിലവിളി കേട്ട് കൊണ്ട് കാർത്തി ചാടി എഴുനേറ്റ്. ലൈറ്റ് ഓൺ ചെയ്തു. നേരം രണ്ട് മണി. വിയർത്തു കുളിച്ചു ഇരിക്കുക ആണ് അവള്… ഒപ്പം നന്നായി വിറയ്ക്കുന്നുമുണ്ട്. “പദ്മേ……” അവൻ അവളുടെ തോളിൽ തട്ടി വിളിച്ചു. പെട്ടന്ന് അവൾ ഞെട്ടി. കാർത്തി എഴുനേറ്റ് താഴേക്ക് പോയി. അടുക്കളയിൽ ചെന്നു ഒരു ഗ്ലാസിൽ വെള്ളം എടുത്തു കൊണ്ട് കയറി വന്നു. “ഇതാ… ഇതു കുടിക്ക് ” അവൻ അത് അവൾക്ക് നേർക്ക് നീട്ടി. വല്ലാത്ത ദാഹവും പരവേശവും.. പദ്മ യ്ക്ക് അവന്റെ കൈയിൽ നിന്നും ഗ്ലാസ്‌ മേടിക്കാതെ ഇരിക്കാനായില്ല. ആർത്തിയോടെ അവൾ അത് കുടിച്ചു തീർത്തു. “ഇനിയും വേണോ ” അവന്റെ ശബ്ദം ആർദ്രമായി. വേണ്ടന്ന് അവൾ ചുമൽ ചലിപ്പിച്ചു.

കുഞ്ഞു ഒന്ന് അനങ്ങിയപ്പോൾ കാർത്തു കുഞ്ഞിന്റെ തുടയിൽ താളം പിടിച്ചു.. “താൻ ഒന്ന് പോയി മുഖം കഴുകിയിട്ടു വാടോ….. എന്നിട്ട് കിടന്ന് ഉറങ്ങാൻ നോക്ക്..” “വേണ്ട….. കുഴപ്പമില്ല ” . അതും പറഞ്ഞു കൊണ്ട് പദ്മ ചെരിഞ്ഞു കിടന്നു. കണ്ണുനീർ അവളുടെ ചെന്നിയിലൂടെ ഒലിച്ചു ഇറങ്ങി. *** ഒരാഴ്ച പിന്നിട്ടു.. അച്ഛമ്മയുടെ സഞ്ചയനം ഒക്കെ കഴിഞ്ഞിരിക്കുന്നു. പദ്മയുടെ അച്ഛനും അമ്മയും എത്തിയിരുന്നു. ഭവ്യ യും ഹരിക്കുട്ടനും സ്കൂളിൽ പോയത് ആണ്. അതുകൊണ്ട് അവർ മാത്രം ആണ് എത്തിയിരുന്നത്. “അമ്മേ……. ഞാനും വന്നോട്ടെ.. എനിക്ക് ഇവിടെ പറ്റുന്നില്ല ”

തിരികെ പുറപ്പെടും മുന്നേ അവളോട് യാത്ര പറയാനായി എത്തിയത് ആയിരുന്നു ഗിരിജ. “മോളേ….. നി ഇവിടെ അല്ലേ നിൽക്കേണ്ടത്.. നിന്റെ ഭർത്താവിന്റെ വീട് ആണ് ഇതു… നീയും ഈ കുഞ്ഞും താമസിക്കേണ്ടത് ഇവിടെ ആണ് കുട്ടി… അറിയാല്ലോ വീട്ടിലെ കാര്യങ്ങൾ, അച്ഛന് പ്രായം ആയി വരുന്നു.. ഭവ്യയ്ക്ക് ഓരോ ആലോചന കൊണ്ട് വരുന്നുണ്ട് പൊതുവാള്…. ഒത്തു വന്നാൽ അവളെയും ആരുടെ എങ്കിലും കയ്യിൽ ഏൽപ്പിക്കണം ” തന്റെ ആവലാതികൾ ഒന്നൊന്നായി പറയുക ആയിരുന്നു അമ്മ അവളോട്…. പിന്നീട് ഒരക്ഷരം പോലും ഉരിയാടാതെ പദ്മ കുഞ്ഞിനേയും നെഞ്ചോടടക്കി ഇരുന്നു. കാർത്തി ആണെങ്കിൽ അന്ന് ലീവ് ആയിരുന്നു. അച്ഛമ്മയുടെ കർമങ്ങൾ ഉള്ളത് കൊണ്ട് ആണ് അവൻ അന്ന് പോകാതെ ഇരിന്നത്. പദ്മ പീരിയഡ്‌സ് ആയിട്ട് ഇരിക്കുക ആയിരുന്നു.

അതുകൊണ്ട് അവൾ വെളിയിലേക്ക് ഒട്ട് ഇറങ്ങിയത് ഇല്ല. ഇടയ്ക്ക് അവൻ കയറി വന്നു കുഞ്ഞിനെ മേടിക്കാൻ തുടങ്ങി യതും അവൾ അവനെ വിലക്കി. . “പഴയ കാമുകിയെ കാണിക്കാൻ ആണെങ്കിൽ എന്റെ കുഞ്ഞിനെ ഞാൻ തരില്ല….” വീറോടെ പറയുക ആണ് പദ്മ.. “ആരെ കാണിക്കാൻ ആണെന്ന് നി അറിയണ്ട…. മര്യാദക്ക് കുഞ്ഞിനെ ഇങ്ങട് താടി ” . അവൻ ശബ്ദം താഴ്ത്തി ആണ് പറഞ്ഞത് എങ്കിലും അതിൽ ക്രോധം അലയടിച്ചു. “തരില്ല…..”… അവൾ കുഞ്ഞിനെ ഒന്നുടെ തന്നിലേക്ക് ഇറുക്കി. “പദ്മ….. വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത് “. “അവളെ കാണിക്കാൻ എന്റെ കുഞ്ഞിനെ തരില്ല മാഷേ…. ഇതു എന്റെ കുഞ്ഞാണ്….”

“നി ഒറ്റയ്ക്ക് വിചാരിച്ചാൽ നടക്കുമായിരുന്നോടി ഇങ്ങനെ ഒരു കുഞ്ഞിനെ ഒക്കത്തു ഇരുത്താൻ…… വിളച്ചിൽ എടുക്കാതെ തരുന്നുണ്ടോ….” അവൻ ദേഷ്യത്തിൽ പദ്മയെ നോക്കി മുരണ്ട്. “എനിക്ക് സ്വന്തം എന്ന് പറയാൻ ഈശ്വരൻ തന്ന നിധി ആണ് എന്റെ കുഞ്ഞ്…. ഈ കുഞ്ഞിനെ ഓർത്തു മാത്രം ആണ് ഞാൻ ഇന്ന് ജീവനോടെ ഇരിക്കുന്നത്…. ഓരോ നിമിഷവും നെഞ്ചു നീറി കഴിഞ്ഞപോളും എന്റെ ജീവിതത്തിൽ പ്രതീക്ഷ തന്നത് എന്റെ വയറ്റിൽ കിടന്ന ഈ കുഞ്ഞ് ആയിരുന്നു…….” അത് പറയുകയും അവൾ പൊട്ടി കരഞ്ഞു. “അതുകൊണ്ട്…. മാഷ് ചെല്ല്… ഞാൻ.. തരില്ല എന്റെ വാവയെ ആർക്കും…..”… കുറച്ചു സമയം കൂടി നിന്നിട്ട് കാർത്തി മുറി വിട്ട് ഇറങ്ങി പോയി.

അവന്റ കോളേജിൽ നിന്നും ഒന്ന് രണ്ട് അധ്യാപകർ വന്നത് ആയിരുന്നു. അവർക്ക് കാണുവാൻ വേണ്ടി ആണ് അവൻ കുഞ്ഞിനെ എടുക്കാനായി പോയത്. പക്ഷെ പദ്മ ബഹളം കൂട്ടിയത് കാരണം കാർത്തി പിന്നീട് ഇറങ്ങി പോന്നു.. കുട്ടി ഉറങ്ങുക ആണെന്ന് അവൻ എല്ലാവരോടും പറഞ്ഞു. പക്ഷെ അവന്റെ മുഖം കണ്ടപ്പോൾ സീതയ്ക്ക് തോന്നി, പദ്മ കുഞ്ഞിനെ അവന്റെ കൈയിൽ കൊടുക്കാത്തത് ആയിരിക്കും എന്ന്.. എല്ലാവരും പിരിഞ്ഞു പോയ ശേഷം കാർത്തി ബൈക്ക് എടുത്തു വെറുതെ പുറത്തേക്ക് പോയി…. അവിടെ ഒരു കലിങ്ക് ഉണ്ടായിരുന്നു. അവിടെ പോയി അവൻ വെറുതെ ഇരുന്നു. പദ്മ യുടെ മനസ്സിൽ എന്താണ് എന്ന് ഒരു ഊഹവും ഇല്ല..

എങ്ങും തൊടാതെ ഇതു പോലെ എന്തെങ്കിലും ഒക്കെ പറയും. ആരോടെങ്കിലും ഒന്ന് മനസ് തുറന്ന് ഇവൾ സംസാരിക്കുക ആയിരുന്നു എങ്കിൽ… തങ്ങളുടെ ജീവിതം ആണ് ഓരോ ദിവസവും ഇങ്ങനെ പ്രശ്നങ്ങളുടെ മേൽ പ്രശ്നങ്ങൾ ആയിട്ട് നഷ്ടപ്പെട്ടു കൊണ്ട് ഇരിക്കുന്നത്. ആലോചിച്ചു നോക്കിയിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ലലോ മഹാദേവാ.. ഇവളുടെ ഈ പിടിവാശി യ്ക്ക് മുന്നിൽ പാവം കുഞ്ഞ് എന്ത്‌ പിഴച്ചു. . ആദ്യം ഒക്കെ താൻ ഓർത്തിരുന്നു ഇനി ദേവു എങ്ങാനും എന്തെങ്കിലും വേല ഒപ്പിച്ചോ എന്ന്. പക്ഷെ…. ഹേയ് അങ്ങനെ ഒരിക്കലും വരില്ല. കാരണം തന്നോട് അവൾ മറ്റൊരു രീതിയിൽ പിന്നീട് പെരുമാറിയിട്ടില്ല… അതിനു ഉള്ള അവസരം താൻ ഒട്ടു കൊടുത്തതും ഇല്ല..

അന്ന് പദ്മയോടൊപ്പം അവളെ കാണാൻ വേണ്ടി ഹോസ്പിറ്റലിൽ പോയി.. പിന്നീട് പദ്മയ്ക്ക് അത് ഇഷ്ടം അല്ലെന്ന് പറഞ്ഞു, അതുകൊണ്ട് ദേവേട്ടൻ വിളിച്ചിട്ട് കൂടി താൻ അവിടേക്ക് പോയിട്ട് പോലും ഇല്ല.. ദേവേട്ടൻ ഒരുപാട് കെഞ്ചിയത് ആണ്. ഒരു തവണ കൂടി വരുമോ എന്ന്. നിർബന്ധം കൂടി വന്നപ്പോൾ താൻ പറഞ്ഞു, ദേവേട്ടാ സത്യം പറഞ്ഞാൽ പദ്മയ്ക്ക് അത് ഒരു ബുദ്ധിമുട്ട് ആണ്… അവളും ഒരു സാധാരണ പെൺകുട്ടി അല്ലേ… അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്…. അതുകൊണ്ട് എന്നെ ഇനി വിളിക്കരുത്…… അങ്ങനെ ഫോൺ വെച്ചത് ആണ്. പിന്നീട് ഒരു വിളി പോലും തേടി വന്നതുമില്ല. അസുഖം എല്ലാം മാറി കഴിഞ്ഞു ദേവു ഒരിക്കൽ നാട്ടിൽ വന്നു. അപ്പോൾ അവള് തൊഴാനായി ക്ഷേത്രത്തിൽ എത്തിയത് ആണ്.

അവിടെ വച്ചു താനും അവളും പിന്നീട് കണ്ടത്. അപ്പോൾ പഴയതിലും ദേവുവിൽ ഒരുപാട് മാറ്റങ്ങൾ വന്നിരുന്നു. തന്നോട് ക്ഷമ ഒക്കെ പറഞ്ഞു… അവളുടെ തെറ്റു കൊണ്ടാണ് ഇങ്ങനെ ഒക്കെ സംഭവിച്ചത് എന്ന് പറഞ്ഞു അവൾ സങ്കടപ്പെട്ടു. അത് ഒന്നും സാരമില്ല എന്നും കഴിഞ്ഞത് എല്ലാം ഒരു സ്വപ്നം പോലെ ഓർത്താൽ മതി എന്നും പറഞ്ഞു താൻ അവളെ അശ്വസിപ്പിച്ചു.. പദ്മ എന്ത് പറയുന്നു എന്ന് ചോദിച്ചപ്പോൾ പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോയി എന്ന് ആണ് താൻ അവളോട് പറഞ്ഞത്. പ്രഭേച്ചി യുടെ കയ്യും പിടിച്ചു ഒരു മന്തസ്മിതത്തോടെ അവൾ മെല്ലെ നടന്നു പോയി പിന്നീട് അവളെ കാണുന്നത് അച്ഛമ്മ യുടെ മരണത്തിന്റെ തലേന്ന് വീട്ടിൽ വന്നപ്പോൾ ആയിരുന്നു.

ഇത്രയും ആണ് തന്റെ ജീവിതത്തിൽ നടന്നത്. അത് ഒന്നു പദ്മയോട് പറയാനോ അത് കേൾക്കാൻ ഉള്ള സാവകാശമോ അവൾ ഒരിക്കൽ പോലും കാണിച്ചിട്ടില്ല.. ആദ്യം ഒക്കെ ഒരുപാട് ശ്രെമിച്ചു.. പക്ഷെ അവൾ ഒഴിഞ്ഞു മാറി. പിന്നീട് തനിക്കും വാശി ആയി. പോകാൻ പറ… തന്നെ വേണ്ടത്തവളെ തനിക്കും വേണ്ട… അങ്ങനെ ഒരു മനോഭാവം ആയി. താനും പിന്നീട് അവളെ തിരിഞ്ഞു നോക്കിയില്ല. എത്ര എന്ന് കരുതി ആണ് ഒരു പുരുഷൻ താഴ്ന്നു കൊടുക്കുന്നത്. പരിധി ലംഘിച്ചാൽ പിന്നെ എന്താ ചെയ്ക.. ദിവസങ്ങൾ ഒന്നൊന്നായി വളരെ വേഗം കൊഴിഞ്ഞു വീണു.. . പ്രസവ വേദന ആയിട്ട് അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോകുക ആണെന്ന് അവളുടെ അച്ഛൻ വിളിച്ചു പറഞ്ഞപ്പോൾ മനഃസൽ ഒരു കൊളുത്തി വലിയ്ക്കൽ.. തന്റെ കുഞ്ഞിനെ ആണ് അവൾ ഉദരത്തിൽ പേറിയിരിക്കുന്നത്…

എത്ര ഒക്കെ ആയാലും…. വാശി കാണിച്ചാലും, പിണങ്ങിയാലും,ഒക്കെ ഒരു സ്ത്രീ യ്ക്ക് ഏറ്റവും കൂടുതൽ സാമിപ്യം വേണ്ട സമയം… മറ്റൊന്നും ഓർത്തില്ല… വേഗം വണ്ടി തിരിച്ചു. ഹോസ്പിറ്റലിൽ എത്തിയപ്പോൾ കണ്ടു പ്രാണവേദന കൊണ്ട് പിടയുന്നവളെ. . തന്റെ നെഞ്ചു പൊട്ടി. അവളുടെ അലറി കരച്ചിൽ ആ ലേബർ റൂമിൽ ആകെ മാനം നിറഞ്ഞു. ആശ്വസിപ്പിക്കാനായി താൻ അവളുടെ അടുത്തേക്ക് ചെന്നു.. പക്ഷെ ആ വേദനയിലും തന്നെ കണ്ടപ്പോൾ തിളങ്ങിയ കണ്ണുകൾ ഒരു നിമിഷം കൊണ്ട് മങ്ങി. മുഖം വെട്ടി തിരിച്ചു കൊണ്ട് അവൾ വേദന കടിച്ചമർത്തി കിടന്നു. തന്റെ അച്ഛനും അമ്മയും ഒക്കെ വന്ന ശേഷം, ഒരു മണിക്കൂർ കൂടി പിന്നിട്ട കഴിഞ്ഞാണ് പദ്മ പ്രസവിച്ചത്. തന്റെ മുത്തിനെ ഈ കൈകളിലേക്ക് മേടിച്ചപ്പോൾ അവളോട് ഉള്ള എല്ലാ ദേഷ്യവും അലിഞ്ഞു ഇല്ലാതെ ആവുക ആയിരുന്നു.

ഇങ്ങനെ ഒരു മുത്തിനെ തനിക്ക് നൽകിയില്ലേ അവള്… എല്ലാ വേദനയും ബുദ്ധിമുട്ടും ഒക്കെ സഹിച്ചും ക്ഷമിച്ചും.. ഒക്കെ ശരിയാവും എന്ന് കരുതി എങ്കിലും പിന്നീട് രംഗം അതിലും വിഷമം ആയി. പദ്മ പഴയതിലും വാശിയോട് തുടർന്ന്. കുഞ്ഞിനെ കാണാൻ ചെല്ലുമ്പോൾ അവൾ മുഖം വീർപ്പിച്ചു ഇരിക്കും. ആരോടാ നിന്റെ ദേഷ്യം…. . ഒരു ദിവസം കലി പുരണ്ടു താൻ ചോദിച്ചു. “മാഷ് ഇവിടെ വരരുത്… എനിക്ക് അത് ഇഷ്ടം അല്ല..” മറുപടി ആയി അവൾ പറഞ്ഞു. “അത് നീയാണോ തീരുമാനിക്കുന്നെ…. ” “അതേ ” “എന്റെ കുഞ്ഞിനെ കാണാൻ എനിക്ക് സൗകര്യം ഉള്ളപ്പോൾ വരും… അതു വിലക്കാൻ നി നോക്കേണ്ട… ” ദേഷ്യത്തിൽ അവളോടായി പറഞ്ഞു. തന്റെ കുഞ്ഞിനോട് ഉള്ള സ്നേഹം കൊണ്ട് വീണ്ടും വീണ്ടും അവിടേക്ക്പോയി. കുഞ്ഞിന്റെ നൂല് കെട്ട് വരെ.

അന്ന് അവൾ പൊട്ടിത്തെറിച്ചു. അവൾക്ക് തന്നെ കാണുന്നത് വെറുപ്പാണ് എന്നും തന്നോട് അവൾക്ക് അറപ്പ് ആണെന്നും…അവൾക്ക് സമാധാനം നഷ്ടം ആയി എന്നും അങ്ങനെ എന്തൊക്കെയോ.. പിന്നീട് അവിടെക്ക് പോയില്ല. .. അവൾ മനസമാധാനത്തോടെ കഴിയട്ടെ…. തന്നോട് അറപ്പ് ഉള്ളവളെ എന്തിനാ കാണാൻ പോകുന്നെ… പിന്നെ തന്റെ കുഞ്ഞ്… ഈശ്വരൻ വിധിച്ചത് ആണെങ്കിൽ എന്റെ കുഞ്ഞു എന്നിലേക്ക് വന്നു ചേരും… ഫോൺ ബെല്ലടിച്ചപ്പോൾ കാർത്തി ഞെട്ടി കണ്ണ് തുറന്നു. ഒരുപാട് സമയം ആയി ഇവിടെ ഈ കിടപ്പ് തുടങ്ങിയിട്ട്.ഓർമ്മകൾ ഒരു കരിയില കാറ്റ് പോലെ അവനെ തഴുകി… ഫോൺ എടുത്തു നോക്കി.. മീനുട്ടി ആണ് “ആഹ് മോളേ..”

“ഏട്ടൻ ഇതു എവിടാ ” . “ഞാൻ ഇവിടെ ഉണ്ട്… എന്താടി ” “ഏടത്തിക്ക് ഒരു തല വേദന… പനിയും ഉണ്ട്… ഹോസ്പിറ്റലിൽ ഒന്ന് പോവാൻ വേണ്ടി ആണ്.. അല്ലെങ്കിൽ വാവയ്ക്ക് കൂടി പകർന്നാലോ ” “മ്മ്…. ഞാൻ വരാം.. റെഡി ആവാൻ പറയു ” .. ഫോൺ വെച്ചിട്ട് കാർത്തി നേരെ വണ്ടിയിലേക്ക് കയറി. അഞ്ച് മിനിറ്റ് കൊണ്ട് അവൻ വീട്ടിൽ എത്തി, കുഞ്ഞ് ഉറങ്ങുക ആയിരുന്നു. ഹോസ്പിറ്റലിൽ കൊണ്ട് പോവേണ്ട, ഒരുപാട് അസുഖം ഉള്ള ആളുകൾ ഒക്കെ വരുന്നത് ആണെന്ന് പറഞ്ഞു, സീത കുഞ്ഞിനെ കൊടുത്തു വിട്ടില്ല. ** ഹോസ്പിറ്റലിൽ ചെന്നു മരുന്ന് മേടിച്ചിട്ട് കാർത്തിയോടൊപ്പം പദ്മ വന്നു വണ്ടിയിൽ കയറി. വീട്ടിലേക്ക് പോവാനായി അവൻ വണ്ടി തിരിച്ചു. ” മാഷേ ” .

പെട്ടന്ന് പദ്മ അവനെ വിളിച്ചു അവൻ അവളെ നോക്കി. “എന്നെ…. എന്റെ വീട്ടിലേക്ക് ആക്കമൊ…പ്ലീസ്… എനിക്ക് അവിടെ പറ്റുന്നില്ല…. ” നിറ കണ്ണുകളോടെ നിസഹായ ആയി തന്നോട് കെഞ്ചുന്നവളെ നോക്കി കാർത്തി ഒരു നിമിഷം ഇരുന്നു. അവളോട് മറുപടി ഒന്നും പറയാതെ അവൻ വണ്ടി ഒടിച്ചു പോയി.. കുറച്ചു ദൂരം പിന്നിട്ട ശേഷം അവൻ വണ്ടി ഒതുക്കി. “പദ്മ… നിന്നേ ഞാൻ കൊണ്ട് ചെന്നു വിടാം…. നിന്റെ ജീവിതത്തിലേക്ക് ഞാൻ വരികയും ഇല്ല…. ” “പക്ഷെ…. പക്ഷെ എന്ത് കൊണ്ടാണ് നി ഇങ്ങനെ പെരുമാറുന്നത് എന്ന് എന്നോട് പറയണം… നിന്റെ മനസ്സിൽ എന്താണ് ഉള്ളത് എന്നും….. അതറിഞ്ഞാൽ ആ നിമിഷം ഞാൻ നിന്നേ വീട്ടിൽ കൊണ്ട് ചെന്നു ആക്കാം….” അവളുടെ മുഖത്തേക്ക് നോക്കി കാർത്തി ചോദിച്ചു. തൃശങ്കുവിൽ എന്നത് പോലെ ഇരിക്കുക ആണ് പദ്മ.…….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…