Thursday, January 23, 2025
Novel

നിയോഗം: ഭാഗം 5

രചന: ഉല്ലാസ് ഒ എസ്

എന്തേ മീനുട്ടിയെ…. ആ കുട്ടി ഇന്ന് വരുന്നില്ലേ ” “ഇല്ല അച്ഛമ്മേ… അവളുടെ അമ്മയ്ക്ക് സുഖം ഇല്ലാണ്ട് ഹോസ്പിറ്റലിൽ പോകുവാന്നു ” “കലയ്ക്ക് എന്ത് പറ്റി മോളെ ” അമ്മയാണ്… “ആന്റി ക്ക് ബി പി കുറഞ്ഞത് ആണെന്ന് തോന്നുന്നു… പിന്നെ ക്ഷീണം ഉണ്ട് താനും.. വേണു അങ്കിൾ ജോലിക്ക് പോയത് കൊണ്ട് കണ്ണൻ ചേട്ടന്റെ ഓട്ടോ യിൽ ആണ് പോന്നത്” അതും പറഞ്ഞു കൊണ്ട് മീനുട്ടി ഏട്ടന്റെ ഒപ്പം കാറിലേക്ക് കയറി.. “ഏട്ടാ…..”

അവന്റ ചിന്തകളും ഓർമകളും ഒക്കെ എവിടെ ആണ് എന്ന് നന്നായി അറിയാവുന്നത് കൊണ്ട് മീനു അവനെ തോണ്ടി വിളിച്ചു ” “എന്താ മോളെ “… “ഏട്ടൻ എന്താണ് ഒന്നും മിണ്ടാത്തത് ” “ഞാൻ… ഞാൻ എന്ത് പറയാനാണ് മോളെ…. ഒക്കെ അച്ഛന്റെ തീരുമാനം അല്ലേ “. “ഏട്ടന് സ്വന്തം ആയിട്ട് ഒരു ഡിസിഷൻ എടുക്കാൻ എന്തേ കഴിയാത്തത്… ഏട്ടൻ സ്നേഹിച്ചതല്ലേ ദേവു ചേച്ചിയെ… തന്നെയുമല്ല അത് എല്ലാവരുടെയും സമ്മതത്തോടെ ആയിരുന്നുല്ലോ..

. പിന്നെ ഏട്ടന് സ്വന്തമായി ഒരു ജോബ് ഉണ്ട്.. അച്ഛനെ ആശ്രയിക്കാതെ ജീവിക്കാനും പറ്റും… ഏട്ടൻ സിൻസിയർ ആയിട്ടായിരുന്നു ചേച്ചിയെ സ്നേഹിച്ചതെങ്കിൽ, അച്ഛനോട് കാര്യം പറഞ്ഞ് മനസ്സിലാക്ക്” ” അച്ഛനോട് ഇതിൽ കൂടുതൽ പറയുവാൻ എനിക്കറിയില്ല മോളെ.. പിന്നെ നീ കേട്ട് തന്നെ ഇന്നലെ അച്ഛൻ പറഞ്ഞത്, സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ച് ജീവിക്കുവാനാണ് താല്പര്യം എങ്കിൽ ഇറങ്ങിക്കോണം ഈ കുടുംബത്തിൽ നിന്ന് എന്നു ” ” അങ്ങനെയൊന്നും അച്ഛൻ ഇറക്കിവിടില്ലേട്ടാ..

അതിനൊന്നും അച്ഛന് കഴിയില്ല താനും.. ഏട്ടൻ അച്ഛനെ പേടിക്കാതെ… ” “ഹ്മ്മ്.. ദേവൻ മാമയോട് വരാൻ ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്…. മിക്കവാറും ഇന്ന് എത്തുമായിരിക്കും.. അത് കഴിഞ്ഞ് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം” “മ്മ്…എങ്കിൽ നന്നായി… ആട്ടെ… ദേവു ചേച്ചി അറിഞ്ഞോ ഈ കാര്യം ” “ഇല്ല്യ… അവളോട് ഞാൻ ഒന്നും പറഞ്ഞിട്ടില്ല… അറിഞ്ഞാൽ അവൾക്ക് സഹിക്കാൻ പോലും പറ്റില്ല മോളെ ” അപ്പോളേക്കും മീനു വിന്റെ കൂടെ പഠിക്കുന്ന രണ്ട് പെൺകുട്ടികളെ കണ്ടു കാർത്തി വണ്ടി നിറുത്തി..

മേഖയും കീർത്തനയും… മിക്കവാറും അവരും കാണും കോളേജിലേക്ക് പോവാൻ. “ഗുഡ്മോർണിംഗ് സാർ ” രണ്ട് പേരും ഭാവ്യതയോടെ പറഞ്ഞു. അവൻ തിരിച്ചും അവരെ വിഷ് ചെയ്തു. പിന്നീട് ഉള്ള യാത്രയിൽ കാർത്തിയും മീനുട്ടിയും ദേവൂന്റെ കാര്യങ്ങൾ ഒന്നും ചർച്ച ചെയ്തിരുന്നില്ല. ഇടയ്ക്ക് കാർത്തിക്കു ഒരു ഫോൺ വന്നു.. അവൻ വണ്ടി ഒതുക്കി നിറുത്തി യിട്ട് ആണ് ഫോൺ എടുത്തതു. ദേവൻമാമ ആണെന്ന് മീനുട്ടിക്ക് മനസിലായി…

ഈശ്വരാ എന്റെ ഏട്ടന്റെ സങ്കടത്തിനു ഒക്കെ ഒരു പരിഹാരം കൊടുക്കണേ എന്ന് മീനുട്ടി മൂകമായി പ്രാർത്ഥിച്ചു. അര മണിക്കൂർ വേണ്ടി വരും എന്നും കോളേജ് വരെ എത്തുവാൻ.. ബസിൽ ആണേൽ അതിലും സമയം കൂടുതൽ വേണം താനും.. വണ്ടി കോളേജ് പാർക്കിങ്കിൽ ഇട്ടതിനു ശേഷം കാർത്തി നടന്നു വരുന്നതും നോക്കി നിൽക്കുക ആയിരുന്നു മീനുട്ടി.. “ഏട്ടാ ” “എന്താ മോളെ… നി ക്ലാസ്സിലേക്ക് പോയില്ലേ ” “പോവാൻ നിൽക്ക…. ആരായിരുന്നു ഏട്ടനെ ഫോണിൽ വിളിച്ചത്…”

“അത് ദേവൻമാമ ആയിരുന്നു….” “എപ്പോളേക്കും എത്തും എന്ന് പറഞ്ഞൊ ഏട്ടാ ” “രാത്രി ആകും എന്ന് ആണ് പറഞ്ഞത്….”…. “ശോ… അപ്പോളേക്കും ഞായറാഴ്ച പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുന്ന വിവരം അച്ഛൻ എല്ലാവരെയും വിളിച്ചു അറിയിക്കുമോ ആവോ…” “എനിക്കൊരു ഊഹവും ഇല്ല മോളെ….എല്ലാം വരുന്നിടത്തു വെച്ചു കാണാം എന്ന് പറഞ്ഞു ഒഴിവാക്കാൻ പറ്റിയ ഒരു കാര്യം അല്ലാലോ ഇത് ” “ഒരു കുഴപ്പവും വരില്ല ഏട്ടാ….ഏട്ടൻ ധൈര്യം ആയിട്ട് ഇരിക്ക് “അവൻ സ്റ്റാഫ്‌ റൂമിലേക്ക് നടന്നു..

അപ്പോളേക്കും ശ്രീദേവി ടീച്ചർ അതിലെ വന്നു…മീനു ന്റെ ക്ലാസ്സ്‌ ടീച്ചർ ആണ്… അവിവാഹിത ആയ അവർക്ക് കാർത്തിയെ ഒരു നോട്ടം ഉണ്ട്…. ആ മനസിലേക്ക് ചേക്കേറാൻ ആയി അവർ മീനുട്ടിയെ ചുറ്റി പറ്റി നിൽക്കുന്നത്…. മീനുട്ടിക്കും കൂട്ടുകാരികൾക്കും ഇതറിയാം….പക്ഷെ അവന്റ പ്രണയം ഒന്നും മീനു ഇതുവരെ ആരോടും പറഞ്ഞിട്ടുമില്ല… “ഗുഡ്മോർണിംഗ് മിസ്സ്‌ ” “ഗുഡ്മോർണിംഗ് മീനാക്ഷി….. എന്തേ ഇന്ന് മിത്ര വന്നില്ലേ ” “നോ മിസ്സ്‌… അവളുടെ അമ്മയ്ക്ക് സുഖം ഇല്ലാ ”

“എന്ത് പറ്റി….” “ബിപി ടെ പ്രോബ്ലം ഉണ്ട്….” “ഓഹ്…ഓക്കേ ഓക്കേ…” മീനുട്ടിയോട് വീട്ടു വിശേഷം ഒക്കെ ചോദിച്ചു കൊണ്ട് ശ്രീദേവി ക്ലാസ്സിലേക്ക് നടന്നു. ** മനസ്സിൽ ഒരുപാട് വിഷമം ഉണ്ടെങ്കിൽ പോലും, എല്ലാം ശുഭം ആയി അവസാനിക്കും എന്ന പ്രതീക്ഷയിൽ ആണ് കാർത്തി. കാരണം ദേവമ്മാമയ്ക്ക് ഒരു പ്രതിവിധി കാണാനൊക്കും എന്നതാണ് അവന്റെ വിശ്വാസം.. അച്ഛന്റെ മനസ്സിൽ എന്താണ് കയറി കൂടിയത് എങ്കിലും തന്റെ ഉറ്റ ചങ്ങാതി ആയ ദേവൻമാമയോട് പറയുമ്പോൾ ഒരു പോം വഴി തെളിയും…

അതോടെ എല്ലാം ശരിയാകും…. എന്തോ ഒരു തെറ്റിദ്ധാരണ, അല്ലെങ്കിൽ ആരുടെ എങ്കിലും പരദൂഷണം…. ഇതിൽ നിന്ന് ആവാം അച്ഛന് ഇങ്ങനെ ഒരു തീരുമാനം എടുത്തത്…. ഒക്കെ മാറ്റണം…. ഇല്ലെങ്കിൽ ശരിയാവില്ല…. തന്നോട് പറയാൻ ബുദ്ധിമുട്ട് ആയ എന്തോ കാര്യം ആണ്… അതുറപ്പാ…. അച്ഛന്റെ എങ്ങും തൊടാതെ ഉള്ള സംസാരത്തിൽ നിന്നുമൊക്കെ വ്യക്തമാണ് താനും…. ഉച്ചയ്ക്ക് ഊണ് കഴിക്കാൻ ഇരുന്നപ്പോളും കാർത്തിയുടെ മനസിൽ ഇതാണ് ഉള്ളത്. “മാഷിവിടെ ഒന്നും അല്ലേ….”

. വിൻസെന്റ് സാർ വന്നു തോളിൽ തട്ടി. “നല്ല സുഖം ഇല്ല സാറെ… തലവേദന യും ഉണ്ട്…..” കാർത്തി മെല്ലെ പറഞ്ഞു. “എങ്കിൽ ലീവ് എടുക്ക്… വയ്യാണ്ടായാൽ എന്ത് ചെയ്യും, ഹാഫ് ഡേ മതീല്ലോ ” “ആഹ്…. ഞാൻ ആലോചിച്ചത ആയിരുന്നു… പക്ഷെ ഇനി ഇപ്പോൾ വേണ്ടാന്ന് വെച്ചു…” “ഹ്മ്മ്… അത് മതി…. എന്തായാലും ആഫ്റ്റർ നൂൺ തനിക്ക് ഒരു പീരിയഡ് അല്ലേ ഒള്ളൂ ” “അതേ സാറെ…” “തനിക്ക് വയ്യെങ്കിൽ പറയെടോ… ഞാൻ പോയ്കോളാം ആ ഹവർ….എന്നിട്ട് താൻ അടുത്ത ദിവസം നോക്കി എന്റെ പീരിയഡ് കേറിക്കോളൂ ” .

“ഓക്കേ സാറെ….താങ്ക്സ് കേട്ടോ… ഇന്ന് ഇനി വയ്യ ” അതും പറഞ്ഞു കൊണ്ട് അവൻ എഴുനേറ്റ്. “മാഷിത് എവിടേയ്ക്ക ” “ഞാൻ വെറുത ആ ലൈബ്രറി വരെ ഒന്നു പോയിട്ട് വരാം. അവിടെ ആകുമ്പോൾ ഒന്ന് റസ്റ്റ്‌ എടുക്കാം ” “ഓക്കേ ” എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കണേ ” “ഓഹ് ശരി ശരി….” ** വൈകുന്നേരം കോളേജിൽ നിന്നും മീനുട്ടി വേഗം ഇറങ്ങി.. വാകമരത്തണലിൽ നിർത്തി ഇട്ടിരിക്കുന്ന ഏട്ടന്റെ കാറിന്റെ അടുത്തേക്ക് മീനു വേഗത്തിൽ നടന്നു… ഒപ്പം കാലത്തെ കയറിയ കൂട്ടുകാരികൾ ഉണ്ട്… …എല്ലാവരും കാറിൽ കയറിയതും കാർത്തി വണ്ടി എടുത്തു.. തിരികെ വീട്ടിൽ എത്തിയപ്പോൾ മുറ്റത്തു നിൽക്കുന്ന ആളെ കണ്ടതും കാർത്തിയും മീനുട്ടിയും അമ്പരന്ന് നോക്കി..….തുടരും

.നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…