Tuesday, January 7, 2025
Novel

നിയോഗം: ഭാഗം 49

രചന: ഉല്ലാസ് ഒ എസ്

പദ്മ യും കുഞ്ഞും കൂടി വീട് വരെ പോയത് ആണ് ദേവു….. അല്പം കഴിഞ്ഞതും കാർത്തി പറഞ്ഞു. “ആണോ…. ഇനി എപ്പോൾ ആണ് ഏട്ടാ അവര് തിരിച്ചു വരുന്നേ ” “അറിയില്ല…. നിനക്ക് എന്നത്തേക്ക് ആണ് പോവേണ്ടത് ” “ഞാൻ ഒരാഴ്ച ഉണ്ടാവും……,” “മ്മ്… പോകും മുന്നേ നമ്മൾക്ക് കുഞ്ഞിനെ ഒക്കെ കാണാം….” “ഹാ….. ശരി ഏട്ടാ…” മീനു ന്റെ കൈ പിടിച്ചു കൊണ്ട് അവൾ ചെന്ന് അടുക്കളയിലെ കോണിൽ കിടന്ന കസേരയിൽ ഇരുന്നു.. സീത അവൾക്കായി ഒരു കപ്പ് കാപ്പി എടുത്തു കൊടുത്തു. “ക്ഷീണം എല്ലാം മാറിയോ മോളെ…..” “മ്മ്…. കുഴപ്പമില്ല… നടക്കാൻ ഒക്കെ ഇടയ്ക്ക് ഒരു ബുദ്ധിമുട്ട് ഉണ്ട് ”

“അതെല്ലാം മാറും ചേച്ചി … നേരത്തെ ഉള്ളത് വെച്ചു നോക്കുമ്പോൾ ഒരുപാട് മാറ്റം ഉണ്ട്….” മീനു അവളുടെ അരികിലായി വന്നു നിന്ന്.. ദേവു ന്റ മനസ്സിൽ അപ്പോൾ വേറെ ചില സംശയങ്ങൾ മുള പൊട്ടുക ആയിരുന്നു.. പദ്മയെ കുറിച്ചു ചോദിച്ചപ്പോൾ എല്ലാവരിലും എന്തൊക്കെയോ സങ്കടം പോലെ.. എന്തോ ഒളിക്കുന്നത് പോലെ… പക്ഷെ…. കാരണം എന്താണ്.. ഇവിടെ ആരെങ്കിലും പറയാതെ അറിയാനും കഴിയില്ല.. അച്ഛമ്മ എഴുന്നേറ്റില്ലേ അമ്മേ… മീനുട്ടി ചോദിച്ചു.. “അമ്മയ്ക്ക് ഒരു പനിയും കിടുകിടുപ്പം…. കാലത്തെ ഞാൻ മരുന്ന് ഒക്കെ കൊടുത്തു…..അത് കഴിച്ചിട്ട് കിടന്നു ഉറങ്ങുവാ ഇപ്പൊ “ഹോസ്പിറ്റലിൽ പോയി കാണിക്ക് സീതമ്മേ…

.ഇപ്പോളത്തെ പനി ഒക്കെ വെച്ചോണ്ട് ഇരുന്നാലും പിന്നെ വഷളാകും…” “മ്മ്… കുറഞ്ഞില്ലെങ്കിൽ പോണം…” “ദേവു….. നമ്മൾക്ക് എന്നാൽ ഇറങ്ങിയാലോ….” വിനീത് ആണ്. “എന്താ ഇപ്പൊ ദൃതി…. കുറച്ചു കഴിഞ്ഞു പോകാ മോളെ…. ഇഡലി യും വറുത്തരച്ച സാമ്പാറും ഉണ്ട്..” സീത രണ്ടാളെയും നോക്കി.. “അതൊക്ക പിന്നീട് ആവാം…. ഞാൻ ഒരാഴ്ച ഉണ്ടല്ലോ ഇവിടെ..ഇടയ്ക്ക് വരാം സീതമ്മേ …..” കാർത്തിയും അപ്പോളേക്കും റെഡി ആയി വന്നു കോളേജിലേക്ക് പോവാനായി. വൈകാതെ എല്ലാവരും യാത്ര പറഞ്ഞു ഇറങ്ങി. ഉച്ച ആയിട്ടും അച്ഛമ്മയക്ക് എഴുനേൽക്കാൻ പോലും കഴിഞ്ഞില്ല…ഭയങ്കര..ക്ഷീണം….പനി ഒക്കെ മാറുകയും ചെയ്തു.. സീത ഭർത്താവിനെ വിളിച്ചു..

അയാൾ വേഗം വീട്ടിലേക്ക് വന്നു. ഒരു പ്രകാരത്തിൽ അമ്മയെ വണ്ടിയിൽ കയറ്റി. ടൗണിൽ ഉള്ള ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. ഡോക്ടർ വന്നു… രോഗവിവരങ്ങൾ ഒക്കെ ചോദിച്ചു മനസിലാക്കി. എന്നിട്ട് പരിശോദിച്ചു നോക്കി അതിനു ശേഷം രാമകൃഷ്ണനെയും ഭാര്യ യെയും അകത്തേക്ക് വിളിപ്പിച്ചു.. അമ്മയ്ക്ക് സീരിയസ് ആണെന്നും അറിയിക്കേണ്ടവരെ ഒക്കെ അറിയിച്ചോളാനും പറഞ്ഞു. പെട്ടന്ന് അങ്ങനെ കേട്ടതും രണ്ടാളും ഞെട്ടി പോയി.. “ഡോക്ടർ…. പെട്ടന്ന് ഇങ്ങനെ സംഭവിക്കാൻ….. അമ്മയ്ക്ക് യാതൊരു കുഴപ്പവും ഇല്ലായിരുന്നു.” ഓക്സിജൻ ലെവൽ കുറഞ്ഞു കൊണ്ടേ ഇരിക്കുന്നു…

പിന്നെ അമ്മയ്ക്ക് ഇത്രയും പ്രായം ഒക്കെ ആയില്ലേ……സമയം ആകുമ്പോൾ നമ്മൾ ഒക്കെ പോകണ്ടേ…..അതായിരുന്നു ഡോക്ടർ പറഞ്ഞ മറുപടി. “മോനേ….കാർത്തി… എനിക്ക് എന്റെ കണ്ണടയും മുന്നേ നിന്റെ കുഞ്ഞിനെ ഒന്ന് കാണണം……” വൈകുന്നേരം ഹോസ്പിറ്റലിൽ എത്തിയ കാർത്തിയോട് അച്ഛമ്മ തന്റെ ആഗ്രഹം അറിയിച്ചു. അച്ഛമ്മക്ക് സീരിയസ് ആണെന്ന് ഉള്ള കാര്യം അച്ഛൻ അവനോട് വിളിച്ചു അറിയിച്ചിരുന്നു. അതിൻ പ്രകാരം അവൻ നേരെ അവിടേക്ക് വന്നതാണ്. “നീ എന്താ മോനേ ഒന്നും പറയാത്തത്… ചെന്നിട്ട് കുഞ്ഞിനേയും പദ്മയെയും വിളിച്ചോണ്ട് വാടാ” കുഴഞ്ഞ ശബ്ദത്തിൽ അവർ അവനോട് വീണ്ടും ആവശ്യപ്പെട്ടു. “മ്മ്… കൊണ്ട് വരാം അച്ഛമ്മേ…അച്ഛമ്മ വിഷമിക്കാതെ കിടക്കു…”

അല്പം ആലോചിച്ച ശേഷം അവൻ അവർക്ക് മറുപടി കൊടുത്തു. അത് കേട്ടതും സീതയുടെ മുഖം വിടർന്നു.. ഈശ്വരാ…. കുഞ്ഞിനെയും പദ്മയെയും കൂട്ടി തന്റെ മകൻ എത്രയും പെട്ടന്ന് തിരികെ വരണെ എന്നവർ പ്രാർത്ഥിച്ചു. **** സമയം അഞ്ചര കഴിഞ്ഞിരിക്കുന്നു. ഭവ്യ വരുന്നതും കാത്തു വാതിൽക്കൽ കുഞ്ഞിനേയും കൊണ്ട് നിൽക്കുക ആണ് പദ്മ.. ഉറക്കം ഒക്കെ കഴിഞ്ഞു ഉണർന്ന് പാല് ഒക്കെ കുടിച്ചിട്ട് അമ്മയുടെ തോളിൽ കിടക്കുക ആണ് കുഞ്ഞ്.. ഒരു കാർ വരുന്നത് കണ്ടതും പദ്മ അവിടേക്ക് നോക്കി. പെട്ടന്ന് അവളുടെ നെഞ്ചിടിപ്പ് ഏറി. മാഷ്.. കാർത്തി ഡോർ തുറന്നു ഇറങ്ങി.

പദ്മ കുഞ്ഞിനെ ഒന്നൂടെ തന്നിലേക്ക് ചേർത്തണച്ചു.. ഉമ്മറത്തേക്ക് കയറി വന്ന പാടെ അവൻ കുഞ്ഞിനെ അല്പം ബലം പ്രയോഗിച്ചു അവളിൽ നിന്നും മേടിച്ചു. അച്ചേടെ പൊന്നേ….. അവൻ കവിളിൽ തുരു തുരെ ഉമ്മകൾ കൊണ്ട് മൂടി. തംബുരു കുട്ടാ…. പൊന്നേ…. അച്ചയാടാ…..എന്റെ പൊന്നിന്റെ അച്ഛ…. അവൻ കുഞ്ഞിനോട് മെല്ലെ പറഞ്ഞു… പദ്മ ഇതെല്ലാം കണ്ടു കൊണ്ട് മാറി നിന്നു. ‘അച്ഛമ്മയ്ക്ക് സീരിയസ് ആണ്..അവസാനം ആയിട്ട് ഒരു തവണ എങ്കിലും കുഞ്ഞിനെ കാണണം എന്ന് പറഞ്ഞു ബഹളമാ.. അതുകൊണ്ട് ഞാൻ കുഞ്ഞിനെ കൊണ്ട് പോകാൻ വന്നതാ… നീ വരുന്നുണ്ടോ… അതോ ” കുഞ്ഞിനെ കൊണ്ട് പോകാൻ ഒക്കില്ല… അവൻ ചോദിച്ചതും പദ്മ പെട്ടന്ന് മറുപടി പറഞ്ഞു.

“അത് പറയാൻ നീ ആരാടി ” അവന്റെ ശബ്ദം പെട്ടന്ന് മാറി. അപ്പോളേക്കും പദ്മയുടെ അച്ഛനും അമ്മയും ഒക്കെ വെളിയിലേക്ക് ഇറങ്ങി വന്നു. “കാർത്തി…. മോൻ എപ്പോ വന്നു ” “ഇപ്പൊൾ എത്തിയതേ ഒള്ളു അച്ഛാ….” അവൻ കാര്യങ്ങൾ ഒക്കെ അവരോട് അവതരിപ്പിച്ചു. അതുകൊണ്ട് എനിക്ക് എന്റെ മോളെ കൊണ്ട് പോയെ ഒക്കു… ഇതുവരെ യ്ക്കും ഞാൻ എല്ലാം ക്ഷമിച്ചു… സഹിച്ചു…. ഇവളോട് ഒരു തരത്തിലും ഉള്ള ഒരു പ്രശ്‌നത്തിനും ഞാൻ വന്നില്ല… പക്ഷെ ഇനി അതു ഉണ്ടാവില്ല.. എന്റെ കുഞ്ഞിന് മാസം അഞ്ച് കഴിഞ്ഞു…. ” “അത് പിന്നെ… മോനേ…..വാവ ആണെങ്കിൽ അമ്മയുടെ പാല് മാത്രം അല്ലേ കുടിക്കൂ….” . “അതുകൊണ്ട് ആണ് ഇവളോടും കൂടി പോരാൻ പറഞ്ഞത്…..

ഇവൾക്ക് സമ്മതം അല്ലെങ്കി പിന്നെ എനിക്ക് വേറെ എന്തെങ്കിലും മാർഗം സ്വീകരിക്കേണ്ടി വരും..” “എന്റെ കുഞ്ഞിനെ ഞാൻ ആർക്കും തരില്ല ” വീറോടെ പറയുന്നവളെ ഒന്നൂടെ അവൻ നോക്കി. എന്നിട്ട് കുഞ്ഞിനേയും എടുത്തു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി. പെട്ടന്ന് പിന്നാലെ പദ്മ ഓടി ചെന്നു. എന്റെ കുഞ്ഞിനെ ഇങ്ങട് താ… അവന്റ കൈയിൽ നിന്നും അവൾ കുഞ്ഞിനെ എടുക്കാൻ ശ്രെമിച്ചു. “മാറടി അങ്ങോട്ട്……. നിന്നേ പോലെ തന്നെ എനിക്കും എന്റെ കുഞ്ഞിലു അവകാശം ഉണ്ട്….” അവൻ കാറിന്റെ ഡോർ തുറന്നു.. അകത്തേക്ക് കയറാൻ തുടങ്ങിയതും പദ്മ അവന്റ തോളിൽ പിടിച്ചു. മാഷേ….. അവൾ ഉറക്കെ കരഞ്ഞു. “വിളിക്കരുത് നീയ്…. ഒരിക്കലും ഇനി….”

അവൻ തിരിഞ്ഞു നിന്ന് അവളെ നോക്കി. മാഷേ.. പ്ലീസ്…ഞാൻ കാലു പിടിക്കാം… അവൾ അവന്റ കാലിൽ വീഴാൻ തുടങ്ങി… അപ്പോളേക്കും കാർത്തി അല്പം പിന്നിലേക്ക് മാറി. “നിന്റെ യും കുഞ്ഞിനേയും സാധങ്ങൾ ഒക്കെ എടുത്തു കൊണ്ട് വന്നു വേഗം വണ്ടിയിൽ കയറു…. അച്ഛമ്മ യുടെ അടുത്തേക്ക് പോകണം… ” ഇത്തവണ അവൻ അല്പം ശാന്തനായി.. ആ സമയം കൊണ്ട് പദ്മയുടെ അമ്മ ഗിരിജ ഒരു ബാഗ് എടുത്തു കൊണ്ട് വന്നു വണ്ടിയുടെ പിന്നിൽ വെച്ചു. “മോളെ… വന്നു ഡ്രസ്സ്‌ മാറ്.. എന്നിട്ട് അച്ഛമ്മയെ കണ്ടിട്ട് വാടി…” അത് പറയുമ്പോൾ അവരും കരഞ്ഞു. ഒരു ശില പോലെ പദ്മ നിൽക്കുക ആണ് അപ്പോളും. കാർത്തിയുടെ ഫോൺ ശബ്ധിച്ചു. ഹെലോ… മീനുട്ടി.

“ഏട്ടാ… അച്ഛമ്മക്ക് കൂടുതൽ ആണ്.. ഒന്ന് വേഗം വരുവോ….” പദ്മയും കേട്ട് ആ വാചകം. “ഞാൻ വരാം മോളെ…..” അവൻ വേഗം ഫോൺ വെച്ചു. ഗിരിജ ആണെങ്കിൽ മകളുടെ കൈയിൽ പിടിച്ചു കൊണ്ട് വീട്ടിലേക്ക് കയറി പോയി. “എന്റെ പൊന്നു മോളേ… നീ ചെല്ല്… അച്ഛമ്മ ഈ കുഞ്ഞിനെ കാണാതെ മരിച്ചു പോയാൽ ആ ആത്മാവിന്റെ ശാപം കൂടി ഏൽക്കേണ്ടി വരും.. കാർത്തി വന്നത് അല്ലേ… നീ ചെല്ല്…” പദ്മ ഒന്നും മിണ്ടാതെ ഒരു സൽവാർ എടുത്തു ഇട്ടു. ഗോപിനാഥൻ കാർത്തിയോട് സംസാരിക്കുക ആയിരുന്നു. “മോനേ…. എന്റെ കുട്ടിയെ വിഷമിപ്പിക്കരുത് ”

“അച്ഛാ… ഒരിക്കൽ പോലും ഞാൻ അവളെ ഒരു വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ബുദ്ധിമുട്ടിച്ചിട്ടില്ല.. പക്ഷെ…. അവൾ… എല്ലാ കാര്യവും അച്ഛന് അറിയാല്ലോ അല്ലേ ” പദ്മ അമ്മയുടെ പിന്നാലെ മുറ്റത്തേക്ക് ഇറങ്ങി വന്നു. കാർത്തിയോടൊപ്പം അവളും കാറിലേക്ക് കയറി. ഭവ്യ അന്നേരം ആണ് വരുന്നത്. നിറഞ്ഞ മിഴിയാലേ പദ്മ അനുജത്തിയെ നോക്കി.. കാർ അകന്ന് പോകുന്നതും നോക്കി ഒന്നും മനസിലാവാതെ ഭവ്യ മുറ്റത്തു തന്നെ നിന്നു…….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…