നിയോഗം: ഭാഗം 3
രചന: ഉല്ലാസ് ഒ എസ്
നല്ല മഴ ആയിരുന്നു ഉച്ചയ്ക്ക് ശേഷം… കാർത്തി വെറുത മുറിയിൽ ചടഞ്ഞു കൂടി.. കുറച്ചു പുസ്തകങ്ങൾ ഒക്കെ ലൈബ്രറി യിൽ നിന്നും എടുത്തു കൊണ്ട് വന്നത് ആയിരുന്നു.. പക്ഷെ ഒന്നും വായിക്കാൻ തോന്നുന്നു ഇല്ല… വൈകുന്നേരം ആയപ്പോളേക്കും കുളി ഒക്കെ കഴിഞ്ഞു കാർത്തി നേരെ അമ്പലത്തിലേക്ക് നടന്നു. മനസാകെ കലുഷിതം ആണ്… ഭഗവാന്റെ മുന്നിൽ പോയി നിന്നു എല്ലാം മറന്നു ഒന്ന് പ്രാർത്ഥിക്കണം….
എന്തെങ്കിലും വഴി കണ്ടു പിടിച്ചു തരണേ എന്ന് മനമുരുകി വിളിക്കണം… എന്നെയും ദേവൂനെയും അറിയുന്ന ആൾ അല്ലേ… കൈ വെടിയില്ല…. പിന്നെ മിത്രനോടും ഒന്ന് സംസാരിക്കണം…. അല്പം എങ്കിലും ആശ്വാസം കിട്ടാണ്ട് ഇരിക്കില്ല…… അമ്പലത്തിൽ എത്തിയത് അല്പം നേരത്തെ ആയിരുന്നു…. നനവാർന്ന മണ്ണിലേക്ക് നഗ്ന പാദം ചവിട്ടി കൊണ്ട് അവൻ നടന്നു..
അകത്തു വന്നപ്പോൾ അടിച്ചു തളിക്കാൻ വരുന്ന ദക്ഷായണി ചേച്ചി മാത്രമേ എത്തിയിട്ടൊള്ളു… “എന്താ മാഷേ ഇന്ന് കോളേജിൽ നിന്നു നേരത്തെ എത്തിയോ…” “ഇന്ന് ഞാൻ അവധി എടുത്തു ചേച്ചി…. ഒരു ആവശ്യം ഉണ്ടായിരന്നു ” “അതെയോ…….” അമ്പലത്തിന്റെ മതിൽക്കെട്ടിനു അപ്പുറത്ത് ഒരു വശത്തായി കശുമാവ് നിൽപ്പുണ്ട്… അതിൽ നിന്ന് പൊഴിഞ്ഞു കിടക്കുന്ന ഇലകളും കശുമാങ്ങയും ഒക്കെ എടുത്തു മാറ്റി കളയുക ആണ് അവര്….
“രാഗിണി വരാറുണ്ടോ ചേച്ചി…” അവരുടെ മൂത്ത മകൾ ആണ്. കാർത്തിയിടെ ഒപ്പം ആണ് പഠിച്ചത്.. “കുറെ ആയി വന്നിട്ട്.. കുട്ട്യോൾ ഒക്കെ സ്കൂളിൽ പോകുന്നത് കൊണ്ട് വരവ് ഒക്കെ കുറവാ.. ഇടയ്ക്ക് വിളിക്കുമ്പോൾ ഒക്കെ എന്നോട് മാഷിന്റെ കാര്യം ചോദിക്കും ..” “ഹാ…” അവൻ അവരെ നോക്കി മന്ദഹസിച്ചു. ട്യൂഷൻ പഠിപ്പിച്ചു കൊണ്ട് ഇരുന്നത് കൊണ്ട് ഒട്ടു മിക്ക ആളുകളും അവനെ മാഷ് എന്നാണ് വിളിക്കുന്നത്. കുറച്ചു കഴിഞ്ഞതും മാല കെട്ടുന്ന പാർവതി വാരാസ്യർ വന്നു..
കാർത്തിയോട് കുശലം ഒക്കെ ചോദിച്ചിട്ട് അവര് തുളസി യും തെച്ചിയും അരളി പൂവും ഒക്കെ പറിക്കുവാനായി തൊടിയിലേക്കിറങ്ങി.. എവിടെ നിന്നോ കുറെ പ്രാവുകൾ വന്നു കോവിലിന്റെ മുകളിലേക്ക് പറന്നു ഇരുന്നു.. “എന്ത് ആണ് കാർത്തി… ആദ്യം നിന്റെ പ്രശ്നം പറയു….എന്നിട്ട് അല്ലേ ബാക്കി ” മേൽശാന്തി എന്ന് ബോർഡ് വെച്ചിട്ടുള്ള മുറിയ്ക്ക് അകത്തു ഇരുന്നു സംസാരിക്കുക ആണ് മിത്രൻ അവനോട്..
കാർത്തിയിടെ മൗനം അവനെ ശരിക്കും വേദനിപ്പിച്ചു.. എന്തൊക്കെയോ കാര്യം ആയിട്ട് അവന്റെ മനസ്സിൽ വിഷമo തട്ടിയിട്ടുണ്ട് എന്ന് മിത്രന് തോന്നി… ഇതുവരെ ഇങ്ങനെ ഒരു ഭാവത്തിൽ കാർത്തിയെ താൻ കണ്ടിട്ടില്ല… എപ്പോഴും ചുണ്ടിൽ സദാ പുഞ്ചിരിയുമായാണ് കാർത്തി വരാറുള്ളത്… ഇല്ലത്തെ എന്തെങ്കിലും വിഷമതകൾ ഒക്കെയാണെങ്കിലും താൻ കാർത്തിയോടാണ് പങ്കുവെക്കുന്നത്…
കൂടുതലും സാമ്പത്തിക ഞെരുക്കം ആണ്… താൻ ചോദിക്കാതെ തന്നെ കാർത്തി എപ്പോഴും സഹായിക്കും… പലപ്പോഴും പറഞ്ഞ സമയത്ത് തിരികെ കൊടുക്കാൻ പോലും തന്റെ കയ്യിൽ പൈസ കാണില്ല.. തന്റെ നിസ്സഹായ അവസ്ഥ മനസ്സിലാക്കി, കാർത്തി ചോദിക്കാറു പോലുമില്ല…. മിക്കവാറും അമ്പലത്തിൽ വരുമ്പോഴൊക്കെ, ദേവികയും ഒപ്പം കാണും.. എപ്പോഴും സന്തോഷത്തോടെ ആണ് രണ്ടാളും വരുന്നത്… ഇന്ന് വരെ താൻ കാണാത്ത, അറിയാത്ത ഒരു ഭാവം ആണ് ഇപ്പോൾ തന്റെ കൂട്ടുകാരന്. ”
കാർത്തി….എന്താണെങ്കിലും നീ പറയു… നിന്റെ വിഷമത്തിനു ഭഗവാൻ ഒരു വഴി കാണിച്ചു തരും”അവന്റെ തോളിൽ തട്ടിക്കൊണ്ടു മിത്രൻ പറഞ്ഞു. ഒരു ദീർഘ നിശ്വാസത്തോടെ അന്ന് സംഭവിച്ച കാര്യങ്ങൾ ഓരോന്നായി കാർത്തികേയൻ മിത്രനോട് വിവരിച്ചു കൊടുത്തു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ മിത്രനും അമ്പരപ്പാണ് ഉണ്ടായത്.. “വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ കാർത്തി… എന്താണ് പെട്ടെന്ന് അച്ഛനു ഒരു മനം മാറ്റം ഉണ്ടായത്” ” സത്യമായിട്ടും എനിക്ക് അറിയില്ല മിത്ര.
.. അച്ഛൻ എല്ലാം തീരുമാനിച്ചുറപ്പിച്ച മട്ടാണ്” ” ഹേയ് ഇല്ലടാ… അങ്ങനെയൊന്നും സംഭവിക്കില്ല… അച്ഛന്റെ ഉള്ളിൽ എന്താണെന്ന് നീ തന്നെ ചോദിച്ചറിയാൻ നോക്ക്… ” ” നിനക്കറിയാമല്ലോ മിത്ര.. അച്ഛൻ പറയുന്നതൊക്കെയും ഇന്നുവരെ ഞങ്ങൾ അനുസരിച്ചിട്ടുള്ളൂ…. ഒക്കെയും ഞങ്ങളുടെ നന്മയെ കരുതിയാണ് അച്ഛൻ ചെയ്യുന്നതും പ്രവർത്തിക്കുന്നതും… അത് ഞങ്ങൾക്ക് അറിയുകയും ചെയ്യാം… അച്ഛന്റെയും അമ്മയുടെയും ഒക്കെ സമ്മതത്തോടെ ആണ് ഞാനും ദേവികയും പ്രണയിച്ചത്…
ഇപ്പോൾ ഒടുക്കം ഇങ്ങനെ ഒരു തീരുമാനം അച്ഛൻ എടുത്തത് എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല… എന്റെ ഇഷ്ടം ഒന്നും നോക്കണ്ട, ആ പെൺകുട്ടിയുടെ വീട്ടുകാർക്ക് സമ്മതമാണെങ്കിൽ ഈ വിവാഹം ഏറ്റവും അടുത്ത മുഹൂർത്തത്തിൽ നടത്തും എന്നാണ് അച്ഛൻ പറഞ്ഞത് ” ” അത്രത്തോളം ആയോ കാർത്തി കാര്യങ്ങൾ ” ” അതെ” ” എങ്കിൽ ഒരു കാര്യം ചെയ്താലോ.. നമ്മൾക്ക് ദേവികയെ വിവരം അറിയിക്കാം… ആ കുട്ടി കൂടെ വന്നാൽ എന്തെങ്കിലും ഒരു പോംവഴി കാണാം ”
” അവൾക്കിത് കേൾക്കാൻ പോലും ഉള്ള ത്രാണി ഉണ്ടാവില്ല…. ആ നിമിഷം അവൾ വീണു പോകും… ” ” അങ്ങനെയൊന്നും ഉണ്ടാകില്ല… നീ എത്രയും പെട്ടെന്ന് ആ കുട്ടിയെ വിവരം അറിയിക്കുന്നതാണ് നല്ലത് എന്ന് എനിക്ക് തോന്നുന്നു ” “ഞാൻ… ഞാൻ എങ്ങനെ ആണ് ഈ കാര്യം അവളോട് പറയുന്നത്…. ഓർത്തിട്ട് എന്റെ നെഞ്ചകം വിങ്ങുവാ മിത്രൻ ” “സങ്കടപ്പെടരുത്… നീ ഇപ്പോൾ തളർന്നുപോയാൽ കാര്യങ്ങളൊക്കെ കൈവിട്ടു പോകും.. അതുകൊണ്ട് അല്പം ബോൾഡ് ആയിട്ട് നിൽക്കണം.. ദേവിക കൂടെ ഇങ്ങട് വരട്ടെ..
എന്നിട്ട് നിങ്ങൾ രണ്ടാളും കൂടി അച്ഛനോട് കാര്യങ്ങൾ തുറന്നു സംസാരിക്കുക ‘ ” എല്ലാ കാര്യങ്ങളും അറിയാവുന്ന ആളല്ലേ അച്ഛൻ… ഇനീ എന്ത് തുറന്നു സംസാരിക്കുവാൻ ആണ്.. ആലോചിച്ചിട്ട് എനിക്ക് ഒരു ഊഹവും കിട്ടുന്നില്ല” ” നീ നന്നായി ഭഗവാനോട് പ്രാർത്ഥിക്കുക… നിനക്ക് വിധിച്ചവളാണ് ദേവിക എങ്കിൽ, നിന്റെ നല്ല പാതിയായി അവള് തന്നെ വന്നുചേരും ” അവനെ ആശ്വസിപ്പിച്ചിട്ട് മിത്രൻ ശ്രീ കോവിൽ തുറക്കുവാനായി പോയി. ദീപരാധന നേരത്ത് മനമുരുകി അവൻ കണ്ണനെ വിളിച്ചു…
എനിക്ക് വിധിച്ചത് ആണെങ്കിലും അല്ലെങ്കിലും എന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് ദേവിക ആയാൽ മതി.. രാത്രിയിൽ അത്താഴം കഴിക്കാൻ ഇരുന്ന സമയത്ത് ആണ് അച്ചന്റെ ഫോൺ റിങ് ചെയുന്ന കേട്ടത്.. ഓടി പോയി അമ്മ ഫോൺ എടുത്തു അച്ഛന്റെ അടുത്തേക്ക് വന്നു. “ആഹ്.. ഗോപിനാഥൻ ആണല്ലോ..” അച്ഛന്റ മുഖം പ്രകാശിച്ചു. കഴിപ്പ് നിർതിയിട്ട് അച്ചൻ ഫോൺ കാതിലേക്ക് ചേർത്തു. “ഹലോ…ആഹ്.. മനസിലായി മനസിലായി… പിന്നേ… മോന് കുട്ടിയെ ഇഷ്ടം ആയി…
ഞാൻ വിളിക്കാൻ ഇരിക്കുവാരുന്നു… അതേ അതേ…എന്നാൽ വൈകുന്നില്ല.. ഈ ഞായറാഴ്ച തന്നെ ആയിക്കോട്ടെ… വേണ്ടപ്പെട്ട ആളുകൾ ഇവിടെ നിന്നും എത്താം…. ഓക്കേ… എത്ര പേര് ആണെന്ന് ഞാൻ അറിയിക്കാം…. ശരി ശരി… ആയിക്കോട്ടെ…” അച്ഛൻ ആഹ്ലാദത്തോടെ ഫോൺ വെച്ചു. “സീതേ ” “എന്തോ ” ” ഈ ഞായറാഴ്ച കാലത്തെ 11 മണിയാകുമ്പോഴേക്കും ഇവിടെ നിന്നും കുറച്ച് ആളുകൾക്ക് പെൺകുട്ടിയെ കാണാൻ ഒന്ന് പോകണമല്ലോ.. ഒന്നും വെച്ച് താമസിപ്പിക്കേണ്ട… പോക്കുവരവ് ഒക്കെ പെട്ടെന്ന് നടത്തണം ”
മറുപടിയൊന്നും പറയാതെ നിൽക്കുന്ന ഭാര്യയെ അയാൾ ദേഷ്യത്തിൽ നോക്കി.. ” ഞാൻ പറഞ്ഞത് നീ കേട്ടില്ലേ ” “ഉവ്വ് ” ” പിന്നെന്താ നീ ഒന്നും മിണ്ടാതെ നിൽക്കുന്നത് ” “അത്.. പിന്നെ… എല്ലാം ആലോചിച്ചു ചെയ്താൽ മതി ” വിക്കി വിക്കി പറയുന്ന അമ്മയെ കാർത്തിയും മീനൂട്ടിയും നോക്കി.. ഒന്നും മിണ്ടാതെ കാർത്തി വേഗം ഭക്ഷണം കഴിച്ച് എഴുന്നേറ്റു. എന്നിട്ട് തന്റെ മുറിയിലേക്ക് പോയി. ദേവികയെ വിളിച്ച് കാര്യങ്ങളൊക്കെ അവതരിപ്പിക്കാൻ ആയിരുന്നു അവന്റെ നീക്കം..
പക്ഷേ പിന്നീട് ആലോചിച്ചപ്പോൾ അവൻ അത് വേണ്ടെന്ന് വെച്ചു.. ഒന്നൂടെ അച്ഛനോട് തുറന്നു സംസാരിക്കാം.. എന്നിട്ട് ആവാ ബാക്കി… എല്ലാദിവസവും അത്താഴം കഴിഞ്ഞ് ഒരു അരമണിക്കൂർ അച്ഛൻ ഉമ്മറത്ത് പോയി ചാരുകസേരയിൽ ഇരിക്കും… അതാണ് പതിവ്.. നാരായണീയത്തിലെ ഏതെങ്കിലും ശ്ലോകം മൊബൈൽ ഫോണിലും പ്ലേ ചെയ്തിട്ടുണ്ടാവും.. മിക്കവാറും അച്ഛമ്മയും അടുത്തു കാണും.. ഇപ്പോൾ കുറച്ച് ആയിട്ട് ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കാരണം അച്ഛമ്മ നേരത്തെ ഭക്ഷണം ഒക്കെ കഴിച്ച് കിടക്കും…
അതുകൊണ്ട് അച്ഛനോട് ഒറ്റയ്ക്ക് സംസാരിക്കാം എന്ന് കരുതി, കാർത്തി അച്ഛന്റെ അടുത്തേക്ക് ചെന്നു. ശിരസ്സിന്റെ പിന്നിലേക്ക് ഇരു കൈകളും പിണഞ്ഞു വെച്ച് കണ്ണുകൾ അടച്ച് ചാരു കസേരയിൽ എന്തോ ആലോചിച്ചു കിടക്കുകയാണ് അച്ഛൻ…ഇടയ്ക്ക് ഒക്കെ നെഞ്ചു തടവുന്നുണ്ട്.. “അച്ഛാ…” അവൻ വിളിച്ചതും അയാൾ കണ്ണ് തുറന്നു.. “എന്താ മോനേ ” “അത്… പിന്നെ.. എനിക്ക് ഒരു കാര്യം പറയാൻ ആയിരുന്നു..” “എന്താണ്…” “അച്ഛാ… ദേവിക.അവളെ മറക്കാൻ എനിക്ക് ഈ ജന്മം സാധിക്കില്ല..
.ദയവ് ചെയ്തു അച്ഛൻ ഈ വിവാഹ ആലോചന യും ആയിട്ട് മുന്നോട്ട് പോകരുത്.. എനിക്ക് അത് താങ്ങാൻ ഉള്ള ശേഷി ഇല്ല… കാര്യങ്ങൾ അറിയുമ്പോൾ ദേവികയും സഹിക്കില്ല അച്ഛാ… അച്ഛൻ ഞങ്ങളെ മനസിലാക്കണം….” ഒരു നിമിഷം അയാൾ ഒന്നും മിണ്ടിയില്ല.. ആദ്യം കാണുമ്പോലെ മകനെ തുറിച്ചു നോക്കി. എന്നിട്ട് അവന്റെ ചുമലിൽ പിടിച്ചു. “മോനേ… നിനക്ക് വിഷമം ആകും എന്ന് എനിക്ക് അറിയാം… നിന്റെ സ്നേഹത്തിന്റെ ആഴം എത്രത്തോളം ഉണ്ട് എന്നും എനിക്ക് അറിയാം…
പക്ഷെ… ഇത്… ഇത് വേണ്ട മോനേ… നിങ്ങൾക്ക് രണ്ടാൾക്കും അതാണ് നല്ലത്.. ജീവിച്ചു തുടങ്ങുമ്പോൾ ഇതൊക്കെ ഒരു കടംകഥ പോലെ നിങ്ങള് മറക്കും…..” “അച്ഛാ… എനിക്ക്… എനിക്ക് അതിന് കഴിയില്ല അച്ഛാ….” അവൻ അച്ഛനെ കെട്ടിപിടിച്ചു കരഞ്ഞു.. “മോനേ….” അത് കണ്ടു കൊണ്ട് വന്ന സീതയും കരഞ്ഞു പോയി. “കാർത്തി… നീ… നീ.. കരയുവാണോ മോനേ ” “അമ്മേ… എനിക്ക്… സഹിയ്ക്കാൻ പറ്റില്ല… അവള്… അവള് പാവം അല്ലേ… ഇതൊക്കെ അറിയുമ്പോൾ പിന്നെ ജീവനോടെ പോലും കാണില്ല അമ്മേ ന്റെ ദേവു…” “മോന്റെ സങ്കടം കണ്ടില്ലെന്ന് നടിയ്ക്കരുതേ….
അവനും ദേവും അത്രയ്ക്ക് ഇഷ്ടപ്പെട്ടു പോയത് അല്ലേ…..” സീത ഭർത്താവിനോട് കേണ്. “ഇല്ല… സീതേ.. ഈ ഒരു കാര്യത്തിൽ മാത്രം എന്റെ തീരുമാനം ഇവിടെ നടക്കൂ.. എന്റെ മോന്റെ ഭാര്യ ആയി വരുന്നത്, ഇന്ന് ഇവൻ പോയി കണ്ട ആ പെൺകുട്ടി ആണ്… അതിന് മാറ്റം ഇല്ല… ഞാൻ ഗോപിനാഥനോട് വാക്കു പറഞ്ഞു.. “അച്ഛാ…” “അതേ കാർത്തി… ഈ കാര്യത്തിൽ ഇനി ഇവിടെ ഒരു സംസാരം വേണ്ട…
ദേവൂന്നോട് ഞാൻ പറഞ്ഞു മനസിലാക്കാം… ഒന്നും അറിയാത്ത കൊച്ചു കുട്ടി ഒന്നും അല്ലാലോ അവള്… നിങ്ങൾ ആരും അതോർത്തു വിഷമിക്കണ്ട…. കാര്യങ്ങൾ പറയുമ്പോൾ അവൾക്ക് മനസിലാകും…” അത്രയും പറഞ്ഞു കൊണ്ട് അയാൾ അകത്തേക്ക് കയറി പോയി. നിസ്സഹായനായി നിൽക്കുന്ന മകനെ കാൺകേ ആ മാതൃഹൃദയവും തേങ്ങി..…….തുടരും