നിയോഗം: ഭാഗം 14
രചന: ഉല്ലാസ് ഒ എസ്
ഉച്ച തിരിഞ്ഞു മൂന്ന് മണി ആയപ്പോൾ വിനീതും അവന്റ ഒരു കൂട്ടുകാരനും കൂടി പെണ്ണുകാണാനായി പോയി. സാമാന്യം തരക്കേടില്ലാത്ത വീട് ആയിരുന്നു അത്.. അവിടെ സോമൻ തമ്പി യും ഭാര്യ ശ്യാമളയും മകൾ മേഖയും ആണ് ഉള്ളത്.. ഒരു മകൻ ഉള്ളത് ബാംഗ്ലൂർ ആണ്.. അവിടെ ഒരു വലിയ കമ്പനി യിൽ ആണ് അവനു ജോലി. തമ്പി ആണ് അവരെ സ്വീകരിച്ചത്.. വിനീതിനോട് അത്യാവശ്യം കാര്യങ്ങൾ ഒക്കെ സംസാരിച്ച ശേഷം അയാൾ ഭാര്യയെ വിളിച്ചു. “ശ്യാമളെ… അവളെ ഇങ്ങട് വിളിക്കൂ ” ശ്യാമള അവരുട മകളെ കൂട്ടി കൊണ്ട് വന്നു.. മേഘ ഒരു കോട്ടൺ ചുരിദാർ ആണ് അവളുടെ വേഷം. നെറ്റിയിൽ ഒരു ചെറിയ കറുത്ത പൊട്ടുണ്ട്.
കൈയിൽ ഒരു കമ്പി വളയും കഴുത്തിൽ നേർത്ത ഒരു മാലയും. അവൾ വിനീതിനു കൊണ്ട് വന്നു ചായ കൊടുത്തു. എന്നിട്ട് അവനെ നോക്കി ചെറുതായ് മന്തഹസിച്ചു. അവൻ തിരിച്ചും. “നിങ്ങൾക്ക് രണ്ടാൾക്കും പരസ്പരം സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം…” തമ്പി വിനീതിനെ നോക്കി പറഞ്ഞു.. എന്നിട്ട് വിനീതിന്റെ കൂട്ടുകാരനെയും വിളിച്ച് പുറത്തേക്ക് നടന്നു. “പേരെന്താ…” “മേഘ…” “ജോലി കിട്ടി അല്ലേ ” “ഉവ്വ്.. ഒരു മാസം കഴിഞ്ഞു ” “മ്മ്…. എന്റെ അനിയത്തി ഇയാളെ അറിയും….” “എനിക്കുമറിയാം… ദേവിക അല്ലേ ” “ഉവ്വ്….” “ആ കുട്ടി എന്തെടുക്കുന്നു ” “പഠിക്കുവാ… ”
അവൻ അവൾ പഠിക്കുന്ന കോളേജിന്റെ പേര് ഒക്കെ പറഞ്ഞു. “പിന്നേ… എനിക്ക് മേഘ യേ ഇഷ്ടം ആയി…എന്റെ വൈകല്യം ഇയാൾക്ക് അറിയാല്ലോ അല്ലേ…. എന്റെ കുറവുകൾ സഹിക്കാൻ തയ്യാറാണെങ്കിൽ മാത്രം ഈ വിവാഹത്തിന് സമ്മതം അറിയിച്ചാൽ മതി..കാരണം വിവാഹ ശേഷം പൊരുത്തക്കേടുകൾ ഉണ്ടായിട്ട് കാര്യം ഇല്ല….പിന്നീട് അതൊക്ക വലിയ സങ്കടം ആകു എല്ലാവർവർക്കും….തന്റെ ഇഷ്ടം ആണ് പ്രധാനം… എന്നാൽ വരട്ടെ..” അതും പറഞ്ഞു കൊണ്ട് അവൻ എഴുന്നേറ്റു. മുടന്തി മുടന്തി പോകുന്നവനെ ഒരു നിമിഷം നോക്കിക്കൊണ്ട് മേഘ നിന്നു…
സിറ്റൗട്ടിൽ ചെന്നതും അവൻ കുറച്ച് സമയം തമ്പിയോടും സംസാരിച്ചു.. വൈകാതെ തന്നെ അവർ യാത്രപറഞ്ഞ് പോകുകയും ചെയ്തു.. ” മോളെ മേഘേ ” ” എന്താ അച്ഛാ ” ” മോൾക്ക് ഈ വിവാഹത്തിന് പൂർണ്ണ സമ്മതമാണെങ്കിൽ മാത്രമേ ഇത് മുന്നോട്ടു കൊണ്ടുപോകൂ…. നീ ആലോചിച്ച് വൈകുന്നേരം അച്ഛനോട് ഒരു ഉത്തരം പറഞ്ഞാൽ മതി” അയാൾ മകളോട് ആവശ്യപ്പെട്ടു. ” എനിക്ക് സമ്മതക്കുറവൊന്നും ഇല്ലച്ഛാ… അദ്ദേഹത്തിന്റെ വൈകല്യം, ഈശ്വരൻ കൊടുത്തതല്ലേ… വിവാഹശേഷം എന്തെങ്കിലും അപകടത്തിൽപ്പെട്ട അദ്ദേഹത്തിന് വയ്യാതായാലും ഞാൻ അതുമായി പൊരുത്തപ്പെടണമല്ലോ.. അതുകൊണ്ട് എനിക്ക് അദ്ദേഹത്തെ വിവാഹം കഴിക്കുവാൻ സമ്മതമാണ് ”
ഉറച്ച ശബ്ദത്തിൽ തന്നെയാണ് മകൾ അയാളോട് അത് പറഞ്ഞത്.. ബാക്കി കാര്യങ്ങൾ എങ്ങനെയാണെന്ന് അച്ഛൻ ഹരിഏട്ടനോട് കൂടി ആലോചിച്ചു ചെയ്താൽ മതി.. ” അവൻ ഇന്ന് രാത്രിയിൽ എത്തും.. എന്നെ വിളിച്ചിരുന്നു” “മ്മ്… എങ്കിൽ ഹരിയേട്ടൻ കൂടി വന്നിട്ട് എങ്ങനെയാണെന്ന് വെച്ചാൽ അച്ഛൻ തീരുമാനിക്കും ” “മോളെ…. അവന്റെ താൽപര്യങ്ങൾക്കുവേണ്ടി നീ നിന്റെ ജീവിതം കളയണ്ട കാര്യമില്ല…. ആലോചിച്ചു പറഞ്ഞാൽ മതി… നിനക്ക് ഈ വിവാഹത്തിന് പൂർണ്ണ സമ്മതമാണെങ്കിൽ മാത്രമേ അച്ഛൻ ഇത് മുന്നോട്ടു കൊണ്ടുപോകൂ ” ” അച്ഛൻ വിഷമിക്കും ഒന്നും വേണ്ട…
എനിക്ക് യാതൊരു സങ്കടവും ഇല്ല… ഈ ജാതകങ്ങൾ തമ്മിലും ചേർക്കാം എന്നല്ലേ തിരുമേനി പറഞ്ഞത്.. അതുകൊണ്ട് അച്ഛൻ ഹരിഏട്ടനോട് കൂടി ആലോചിച്ച് തീരുമാനമെടുത്തോളൂ ” “ഹ്മ്മ്… ശരി മോളെ എന്തായാലും അവൻ വരട്ടെ ” അയാൾ പറഞ്ഞു.. സോമൻ തമ്പിയുടെ മൂത്ത മകനാണ് ശ്രീഹരി…. ബാംഗ്ലൂരിൽ ഏതോ വലിയ കമ്പനിയിൽ ജോലി ചെയ്യുകയാണ് അവൻ.. ഒരു മാസം മുന്നേ ലീവിന് വന്നപ്പോൾ അവൻ അമ്പലത്തിൽ വച്ച് കണ്ടുമുട്ടിയതാണ് ദേവൂട്ടിയെ.. എറണാകുളത്തു അവന്റെ ഒരു സുഹൃത്തിന്റെ കല്യാണത്തിന് വന്നതായിരുന്നു അവൻ… അതിൽ പങ്കെടുക്കുവാനായി ദേവൂട്ടിയും അവളുടെ കോളേജിൽ നിന്നും അന്ന് എത്തിയിരുന്നു..
അന്ന് അവിടെവച്ച് കണ്ട മാത്രയിൽ തന്നെ അവന് ദേവൂട്ടിയെ ഇഷ്ടമായി… ഏതൊക്കെയോ സുഹൃത്തുക്കളോട് ആരാഞ്ഞപ്പോൾ ആണ് അറിയുന്നത് തന്റെ നാട്ടുകാരിയാണെന്ന്… വയസ് മുപ്പത്തി മൂന്ന് ആയെങ്കിലും വിവാഹമേ വേണ്ട എന്ന് പറഞ്ഞ് നടന്ന മകൻ….അച്ഛനോട് ആവശ്യപ്പെട്ടത് ദേവൂട്ടിയെ തനിക്ക് കല്യാണം കഴിക്കണം എന്നായിരുന്നു…. അവളെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് തമ്പി അറിഞ്ഞത് രാമകൃഷ്ണൻമാരാരുടെ മകൻ അധ്യാപകനായ കാർത്തികയനുമായി അവളുടെ വിവാഹം നേരത്തെ ഉറപ്പിച്ചു എന്ന്… അയാൾ അത് ശ്രീഹരിയോട് പറയുകയും.. ഉറപ്പിച്ചതല്ലേ ഉള്ളൂ…. നടന്നിട്ട് ഒന്നുമില്ലല്ലോ. അത് സാരം ആക്കേണ്ട നമ്മൾക്ക് നോക്കാം…
അതും പറഞ്ഞുകൊണ്ട് അവൻ ഫോൺ വെച്ചു. അതിനുശേഷം ഒരു ഞായറാഴ്ച തമ്പിആണെങ്കിൽ ദേവനെ കണ്ടുമുട്ടി. അയാളോട് ഈ വിവാഹത്തെക്കുറിച്ച് സംസാരിച്ചു.. രണ്ടു ദിവസത്തിനുള്ളിൽ മറുപടി പറയാം എന്നായിരുന്നു ദേവൻ അയാളെ അറിയിച്ചത്.. അതിനുശേഷം ദേവൻ,,, തമ്പിയുടെ വീട്ടിലേക്ക് വന്നു. മകളെ വിവാഹം കഴിപ്പിച്ചു തരാം പക്ഷേ അയാൾക്ക് വേറൊരു ഡിമാൻഡ് ഉണ്ടായിരുന്നു.. തമ്പിയുടെ ഇളയ മകൾ മേഘയെ കൊണ്ട് അയാളുടെ മകൻ വിനീതിനെ വിവാഹം കഴിപ്പിക്കണം എന്നുള്ളതായിരുന്നു… തമ്പി ആകെ ധർമ്മസങ്കടത്തിൽ ആയി… അയാൾ ഭാര്യയോട് ഈ കാര്യം അവതരിപ്പിച്ചു.. ശ്യാമളയും ശക്തമായി എതിർത്തു.. പക്ഷേ ഇതറിഞ്ഞ മേഖ,
അച്ഛനോട് പറഞ്ഞു ജാതകം ചേരുവാണെങ്കിൽ തനിക്ക് ഈ ബന്ധത്തിന് താല്പര്യം ആണെന്ന്.. ശ്രീഹരിക്കു മാത്രം ഈ കാര്യങ്ങൾ ഒന്നും അറിയില്ല.. അങ്ങനെയാണ് ഇപ്പോൾ ഈ വിവാഹബന്ധം വന്നതും ഇന്ന് ഈ പെണ്ണുകാണൽ ചടങ്ങ് നടന്നത്.. ” മോളെ” ശ്യാമള വന്ന അവളുടെ തോളിൽ തട്ടി.. “എന്താണ് അമ്മേ ” ” നിനക്ക് ആ പയ്യനെ ഇഷ്ടമായോ ” ” എനിക്കിഷ്ടമായി അമ്മേ…. ആളൊരു പാവം ആണ് എന്ന് തോന്നുന്നു ” “എന്നാലും ആ പയ്യന്റെ കാലിന് സ്വാധീന കുറവ് ഉണ്ടല്ലോ മോളെ ” ” അതൊന്നും കുഴപ്പമില്ല അമ്മേ…. ഈശ്വരൻ എനിക്കായി വിധിച്ചത് ആ ഏട്ടനെ ആകും. ” “എന്നാലും….”
“സാരമില്ല അമ്മേ…. ഹരിയേട്ടന് ആണെങ്കിൽ ആദ്യമായി ആണ് ഒരു പെൺകുട്ടിയെ ഇഷ്ടം ആയത്… ഈ വിവാഹ നടന്നില്ല എങ്കിൽ ഇനി ഒരു പെൺകുട്ടിയെ പോലും താലി ചാർത്തില്ല എന്ന് പറഞ്ഞു അല്ലേ ഏട്ടൻ ഇരിക്കുന്നത് ” “നിനക്ക് നല്ലൊരു ജോലിയുണ്ട്.. തരക്കേടില്ലാത്ത സൗന്ദര്യവും ഉണ്ട്.. മോളെ നിനക്ക് നല്ലൊരു കുടുംബത്തിൽ നിന്നും യോജിച്ച രീതിയിലുള്ള വിവാഹാലോചനകൾ വരും… അതുകൊണ്ടാണ് അമ്മ പറയുന്നത്, ഈ ബന്ധത്തിൽ നിന്നും നമ്മൾക്ക് പിന്മാറാം ” ” പിന്നെ എന്തിനാണ് അമ്മേ ഇന്ന് അദ്ദേഹത്തോട് ഇവിടെ വരാൻ പറഞ്ഞത്… വന്നു കണ്ടു പോകുകയും ചെയ്തു…
ആ പാവത്തിനെ വെറുതെ ഒരു കോമാളി ആക്കേണ്ട കാര്യമില്ലല്ലോ… ഞാൻ അതീവ സന്തോഷത്തോടുകൂടി തന്നെയാണ് പറയുന്നത് എനിക്ക് ഇന്ന് വന്ന ആളെ വിവാഹം കഴിക്കുവാൻ പൂർണ്ണസമതമാണ് “അതും പറഞ്ഞുകൊണ്ട് അവൾ മുറിയിലേക്ക് പോയി.. ശ്യാമള ധർമ്മസങ്കടത്തിലായി.. ഭർത്താവിന്റെ അരികിലേക്ക് ചെന്നു. ” എന്താണിപ്പോൾ ചെയ്യേണ്ടത്” ” ശ്രീഹരി വന്നു കഴിയുമ്പോൾ അവനോട് ഞാൻ കാര്യങ്ങളൊക്കെ പറയും ശ്യാമളേ… എന്നിട്ട് അവൻ തീരുമാനിക്കട്ടെ കാര്യങ്ങൾ ” ” എങ്കിൽ പിന്നെ അത് കഴിഞ്ഞ് പോരായിരുന്നോ ഈ ചടങ്ങ്” ” ഞാൻ എത്രവട്ടം മോളോട് പറഞ്ഞു…
.അവൾ സമ്മതിക്കാഞ്ഞിട്ടല്ലേ ” ” അവൾക്ക് എന്തോ സഹതാപമാണ് ഏട്ടാ…. അല്ലെങ്കിൽ ഈ കുട്ടി ഇങ്ങനെ ഒന്നും പറയില്ല ” ” ആ ദേവൻ ഇങ്ങനെ നമ്മളോട് ഒരു കാര്യം പറയുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല…. മാറ്റകല്യാണമായിരുന്നുവെങ്കിൽ ഞാൻ ഒരു കാരണവശാലും നമ്മുടെ മോനുവേണ്ടി ആ കുട്ടിയെ ചോദിച്ച് ചെല്ലുകയും ഇല്ലായിരുന്നു ” ” ആ കുട്ടി ഒരു പയ്യനെ സ്നേഹിക്കുന്നുണ്ടെന്ന് അല്ലേ പറഞ്ഞത് ” ” അങ്ങനെ അവര് തമ്മിൽ പരസ്പര സ്നേഹം ഒന്നുമില്ല… വീട്ടുകാര് തമ്മിൽ പറഞ്ഞു ഉറപ്പിച്ചതായിരുന്നു ആ വിവാഹം… വളർന്നപ്പോൾ രണ്ടാൾക്കും താല്പര്യ കുറവാണെന്നാണ് ദേവൻ പറഞ്ഞത്”
” ഇതൊക്കെ സത്യമാണോ” ” കരയോഗത്തിൽ വിളിച്ച് ഞാൻ ഒന്ന് അന്വേഷിക്കുന്നുണ്ട് ശ്രീഹരി ഒന്നു വന്നോട്ടെ… പിന്നെ അവളുടെ കോളേജിലും പോയി തിരക്കാം” ” എന്റെ ഈശ്വരാ ഇത് എന്തൊരു വിധിയാണ്…. ” ശ്യാമളയുടെ കണ്ണുകൾ നിറഞ്ഞു.. ” കാര്യങ്ങളൊക്കെ പറയുമ്പോൾ ശ്രീഹരി ഈ ബന്ധത്തിൽ നിന്നും പിന്മാറും.. എനിക്കുറപ്പാണ്” അയാൾ ആത്മവിശ്വാസത്തോടെ ഭാര്യയെ നോക്കി. ” പക്ഷേ അവൻ ആദ്യമായി ഒരു പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് ഇങ്ങോട്ട് ആവശ്യപ്പെട്ടതായിരുന്നു… അതിങ്ങനെയും ആയല്ലോ “ശ്യാമള വീണ്ടും കരഞ്ഞു ” അതൊന്നും സാരമില്ല… നമ്മുടെ മകന് മംഗല്യ ഭാഗ്യം ഇല്ലെന്നു വിചാരിച്ചാൽ മതി…” മകൻ വന്ന് കഴിയുമ്പോൾ എല്ലാം അവതരിപ്പിക്കാനായി തമ്പി കാത്തിരുന്നു..….തുടരും