നിയോഗം: ഭാഗം 13
രചന: ഉല്ലാസ് ഒ എസ്
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്റെ തീരുമാനത്തിന് മാറ്റം ഇല്ല…. അതും പറഞ്ഞു കൊണ്ട് ഇറങ്ങി പോകുന്ന കാർത്തിയെ നോക്കി സീത വാതിൽപ്പടിയിൽ നിന്നു.. “മീനുട്ടി… നീ വേഗം ചെല്ലൻ നോക്ക്… അവൻ ഇല്ലെങ്കിൽ പോയി കളയും ” അച്ഛമ്മ മീനുട്ടിയോട് വിളിച്ചു പറഞ്ഞു. അവൾ ബാഗും എടുത്തു കൊണ്ട് മുറ്റത്തേക്ക് ഓടി. “അവൻ പറഞ്ഞത് ഒക്കെ കേട്ടില്ലേ നീയ്… എന്തിനാണ് ഇനി എല്ലാവരെയും കൂട്ടി ഞായറാഴ്ച ആ കുട്ടീടെ വീട്ടിലേക്ക് പോകുന്നത്. അവന്റ ജീവിതത്തിൽ ഒരു പെണ്ണേ ഒള്ളൂ..
അത് മ്മടെ ദേവൂട്ടി ആണ് മോനേ.” “ഞാൻ അവന്റെ അച്ഛൻ ആണെങ്കിൽ എന്റെ തീരുമാനം ഇവിടെ നടക്കൂ….ആ കുട്ടിയെ തന്നെ കാർത്തി വിവാഹം കഴിക്കുകയും ചെയ്യും അമ്മേ.. അതിന് ഒരു മാറ്റം വരില്ല..” “രാമേട്ടാ…രണ്ടാളും ഇങ്ങനെ വാശി ആയാൽ പിന്നെ എന്ത് ചെയ്യ്.ഇതിന്റെ ഇടയിൽ കിടന്ന് നീറണതു ഞങ്ങൾ ആണ്..” അയാൾ സീതയെ ഒന്ന് നോക്കി. എന്നിട്ട് ഒന്നും മിണ്ടാതെ മുറിയിലേക്ക് കയറി പോയി.. “നീ ചെന്നു അവനെ ഒന്ന് പറഞ്ഞു മനസിലാക്കൂ മോളെ. ഇല്ലെങ്കിൽ രണ്ട് പെൺകുട്ടികളുടെ കണ്ണീരു ഈ തറവാട്ടിൽ വീഴും മോളെ.. ഇവിടെയും ഒരു പെൺകുട്ടി വളർന്നു വരുന്നുണ്ട്..
അവൾക്ക് നാളെ ഇതു കൊണ്ട് ഒന്നും ഒരു ദോഷം വരരുത്…. അതേ ഒള്ളൂ എനിക്ക് പറയാൻ ” “രാമേട്ടാ ” ജനാല കമ്പിയിൽ പിടിച്ചു വെളിയിലേക്ക് നോക്കി നിൽക്കുന്ന ഭർത്താവിന്റെ അടുത്തേക്ക് അവർ ചെന്നു. “ഹ്മ് ” “എന്താ ആലോചിക്കുന്നേ ” “ഓഹ്… ഒന്നുമില്ല ” “ഏട്ടാ….” അവൾ അയാളുടെ തോളിൽ പിടിച്ചു. “എന്തേ ” “അമ്മ ഇപ്പോ പറയുവാ, രണ്ട് പാവം പെൺകുട്ടികളുടെ കണ്ണീരു ഈ കുടുംബത്തിൽ വീഴ്ത്തരുത് എന്ന്… ഇതൊക്ക നമ്മുടെ മീനുട്ടിക്ക് വന്നു ഭവിക്കരുത് എന്നും…ഒന്നുടെ ആലോചിച്ചു പോരേ കാര്യങ്ങൾ ” .. .
അവരുടെ ശബ്ദം തേങ്ങി. “സീതേ….നീ കരുതുന്നത് പോലെ അല്ല കാര്യങ്ങൾ…എന്തയാലും ഒരു കാര്യം മാത്രം ഞാൻ പറയാം, ദേവൂട്ടി നമ്മൾക്ക് വേണ്ട… അത് ശരിയാകില്ല….” .. “സമ്മതിച്ചു.. ഏട്ടൻ പറയുന്നത് ഒക്കെ സമ്മതിച്ചു.. പക്ഷെ.. അതിന് ഒരു കാരണം വേണ്ടേ.. അത് എന്താണ്.. ഏട്ടൻ ഒന്ന് പറയു. അത് അറിഞ്ഞാൽ പിന്നെ ഞാൻ ഏട്ടനോട് ഒന്നും ചോദിക്കില്ല….”.. “ഞാൻ പറയാം… ഇപ്പോൾ അല്ല… അതിന് കുറച്ചു സാവകാശം വേണം എനിക്ക് ” “അത് എന്തേ…. എന്ത് രഹസ്യം ആണേലും അതിന് ഒരു കാരണം വേണ്ടേ…ആ കാരണo ഏട്ടന് എന്നോട് പറഞ്ഞൂടെ.. അതോ.. അത്രയ്ക്ക് അന്യ ആയോ ഞാന് ” .
നിറഞ്ഞൊഴുകിയ കണ്ണുനിർ തുടച്ചു കൊണ്ട് അവർ തന്റെ ഭർത്താവിനെ നോക്കി. “നീ എന്തിനാ ഇങ്ങനെ കരയുന്നെ…” അയാൾ ഭാര്യയുടെ മിഴികൾ ഒപ്പി.. “ഒക്കെ ഞാൻ പറയാം… നീ കുറച്ചുടെ ക്ഷമിക്ക്…”… “ഇല്ല്യ.. ഏട്ടൻ പറയാതെ ഞാൻ ക്ഷമിക്കില്ല… ഉറപ്പ് ” “സീതേ… ടോ…. മറ്റന്നാൾ ആ കുട്ടീടെ വീട്ടിൽ പോയി വന്നു കഴിഞ്ഞു എല്ലാം പറയാം.. അത് വരെ കാത്തിരുന്നാൽ മതി..” ഒടുവിൽ സീത അത് സമ്മതിച്ചു. പുറത്താരോ വന്നു എന്ന് പറഞ്ഞു കൊണ്ട് അമ്മ വിളിച്ചപ്പോൾ സീത വെളിയിലേക്ക് ഇറങ്ങി വന്നു. “സീതേടത്തി… മോര് വേണോ ” അടുത്ത വീട്ടിലെ അംബിക ആണ്.
“ആഹ്… അംബികേ.. കയറി വാ ” “ഇല്ല ഏടത്തി.. പോയിട്ട് ലേശം ദൃതി ഉണ്ട്.. ഇതാ അല്പം മോര് “… അവർ അത് സീതയ്ക്ക് നേരെ നീട്ടി. “ആഹ് ഇവിടെ പ്രസവ തീയതി ഒക്കെ അടുത്ത് വരുന്നുണ്ട്…” .. സീത തൊഴുത്തിലേക്ക് നോക്കി പറഞ്ഞു. “ഹ്മ്… ഈ വാവ് കഴിഞ്ഞു കാണും ല്ലേ ” “അമ്മയും പറഞ്ഞു ” .. അവർ കൊടുത്ത തൂക്കു മൊന്തയിൽ നിന്നും മോര് വേറൊരു പാത്രത്തിലേക്ക് പകർന്നു വെച്ചിട്ട് സീത അംബികയുടെ അടുത്തേക്ക് വന്നു. “ആഹ് അംബികേ… നീ വെറുതെ ഇറങ്ങിയതാ” അമ്മ ആണ്.. “അല്ല അമ്മേ… ലേശം മോര് കൊടുക്കാൻ വന്നേ ” “കയറി വരിക…എന്തേ അവിടെ നിന്നെ “…
“പോയിട്ട് ഇത്തിരി ദൃതി ഉണ്ട്… പിന്നെ വരാം അമ്മേ ” അംബിക വേഗം അവരോട് യാത്ര പറഞ്ഞു ഇറങ്ങി. ബാക്കി ഉള്ള പണികൾ ഒക്കെ തീർക്കാനായി സീത അടുക്കളയിലേക്കും നടന്നു…. എന്തായാലും രാമേട്ടൻ എന്തൊക്കെയോ തങ്ങളിൽ നിന്നു ഒളിക്കുന്നുണ്ട്.. അത് എന്താണ് എന്ന് ഒരു ഊഹവും ഇല്ല… സീത തല പുകഞ്ഞു ആലോചിച്ചു.. ആഹ് രണ്ടീസം കൂടി കാത്തിരുന്നാൽ പോരേ.. ഏട്ടൻ തന്നെ പറയും… അവർ പ്രതീക്ഷിച്ചു. *** പ്രഭയും ദേവും കൂടി കുറച്ചു തെങ്ങിൻ മടലുകൾ എല്ലാം പൊട്ടിച്ചു ഇടുക ആണ്.. “കൈയിൽ നാര് തടയല്ലേ മോളെ.. സൂക്ഷിച്ചു വേണം കെട്ടോ ” അവിടേക്ക് കയറി വന്ന ദേവൻ പറഞ്ഞു. “ആഹ്.. അച്ഛൻ ഇതു എവിടെ പോയത് ആണ് ”
“കരുണൻ ബ്രോക്കർ വിളിച്ചിട്ട് പോയതാ മോളെ “. “ങ്ങേ… പുതിയ ആലോചന എന്തേലും ഏട്ടന് ഒത്തു വന്നോ ” അവൾ അച്ഛന്റ്റെ അടുത്തേക്ക് വന്നു. “ഹ്മ്…. ഒരു നല്ല കുട്ടീടെ ഫോട്ടോ കാണിച്ചു… നടന്നാൽ യോഗം ” “എവിടെ ഉള്ളത് ആണ് ദേവേട്ടാ ” പ്രഭയും അവർക്കരികിലേക്ക് വന്നു “നീ അറിയും, നടുവിലെടത്തെ സോമൻ തമ്പിടെ മോൾ…” “ങ്ങേ..മേഘ ചേച്ചിയോ….” ദേവു ആശ്ചര്യത്തോടെ അച്ഛനെ നോക്കി “മ്മ്.. നീ അറിയും ല്ലേ “? “പിന്നേ…. ആ ചേച്ചിയെ അമ്പലത്തിൽ ഒക്കെ വരുമ്പോൾ ഞാൻ കാണാറുണ്ട് ” “ഹാ ” “അവർക്ക് സമ്മതം ആണോ ദേവേട്ടാ ”
“മ്മ്.. അതേ…. ഇന്ന് ഉച്ച തിരിഞ്ഞു പെൺ കുട്ടിയേ കാണാൻ ചെല്ലാൻ പറഞ്ഞു അവര് ” “ങ്ങേ… ഇന്നോ ” പ്രഭ അയാളെ നോക്കി. “ഹ്മ് . ആ കുട്ടി വില്ലജ് ഓഫീസിൽ ക്ലാർക്ക് ആണ്… ഇന്ന് എന്തോ അവധിയാത്രെ ” “ആ ചേച്ചിക്ക് ജോലി കിട്ടിയോ അച്ഛാ ” “ഉവ്വ്…. രണ്ട് മാസം ആയെന്ന് ” . “ഈശ്വരാ നടന്നാൽ മതി ആയിരുന്നു ഇല്ലേ അമ്മേ ” . “ദൈവ ഹിതം പോലെ നടക്കട്ടെ മോളെ ” “പ്രഭേ… നീ ഇത്തിരി സംഭരം എടുക്ക്… വല്ലാത്ത പരവേശം ” .. ദേവൻ ഉമ്മറത്തേയ്ക്ക് കയറി. “ദാ വരുന്നു…. ഞാൻ ഈ കയ്യും മുഖോം ഒന്ന് കഴുകട്ടെ ” പ്രഭ പൈപ്പിന്റെ ചോട്ടിലേക്ക് പോയി…….തുടരും