Saturday, January 18, 2025
Novel

നിയോഗം: ഭാഗം 1

രചന: ഉല്ലാസ് ഒ എസ്

അച്ഛാ… ദയവ് ചെയ്തു ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ.. എനിക്ക് ഒരിക്കലും ആ കുട്ടിയേ വിവാഹം കഴിക്കാൻ പറ്റില്ല… ഞാൻ…  ദേവികയ്ക്ക് വാക്ക് കൊടുത്തത് ആണ്…അതും നിങ്ങളുടെ ഒക്കെ സമ്മതത്തോടെ.. എന്നിട്ട്… എന്നിട്ട് ഈ അവസാന നിമിഷം എല്ലാവരും കൂടെ ഞങ്ങളെ ചതിക്കുവാണോ…..ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ കാർത്തികേയന്റെ ജീവിതത്തിൽ ഒരു പെണ്ണെ ഒള്ളൂ… അത് ദേവിക ആണ്…..അവന്റെ ശബ്ദം ആ നാല് ചുവരുകൾക്ക് ഉള്ളിൽ പ്രതിധ്വനിച്ചു…..

അമ്മയുടെയും മീനുട്ടിയുടെയും മുഖത്ത് വിഷമം ആണ്…. അവൻ പറഞ്ഞത് ഒക്കെ എല്ലാവർക്കും അറിയാം…

പക്ഷെ എല്ലാം കേട്ട് കൊണ്ട് നിസ്സഹായരായി നിൽക്കാനേ അവർക്ക് ഒക്കെ കഴിഞ്ഞുള്ളു…

അച്ഛന്റെ തീരുമാനം… അത് അനുസരിക്കാതെ വേറെ നിവർത്തി ഇല്ലാ എന്ന് അമ്മയ്ക്കും മീനുട്ടിക്കും അറിയാം…

ഇത് നിരണത്തു വിട്ടിൽ കാർത്തികേയൻ … കോളേജ് അധ്യാപകൻ ആണ്… അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്ന കൊച്ചുകുടുംബം..പഴയ ഒരു ജന്മി തറവാട് ആണ്…ഓർമ വെച്ച നാൾ മുതൽ അവന്റ കൂടെ ഉള്ള കളികൂട്ടുകാരി ദേവികയും ആയിട്ട് അവന്റെ വിവാഹം വാക്കാൽ പറഞ്ഞു ഉറപ്പിച്ചത് ആണ്…

“അതൊക്കെ പ്രായത്തിന്റെ ഓരോരോ എടുത്തു ചാട്ടത്തിൽ സംഭവിച്ച കാര്യങ്ങൾ ആണ് കാർത്തി… നീ മറന്ന് കളയുന്നത് ആവും നന്ന് “രാമകൃഷ്ണ മാരാരുടെ വാക്കുകൾ ഇടിമുഴക്കം പോലെ അവൻ കേട്ടു…

“അച്ഛാ…. എന്തൊക്കെ ആണ് ഈ പറയുന്നത്… അങ്ങനെ അവളെ കറി വേപ്പില പോലെ എടുത്തു കളയാൻ എനിക്ക് കഴിയില്ല…..”

“അങ്ങനെ എങ്കിൽ നീ അവളെയും വിവാഹം കഴിച്ചു ഇവിടെ നിന്നും പടിയിറങ്ങി പൊയ്ക്കോണം… പിന്നെ ഈ വീട്ടിൽ കാലു കുത്തി പോകരുത്….. ഞങ്ങൾക്ക് വായ്ക്കരി ഇടാൻ പോലും “

അതും പറഞ്ഞു കൊണ്ട് അയാൾ വെളിയിലേക്ക് ഇറങ്ങി പോയി.

കാർത്തിയിടെ കണ്ണുകൾ നിറഞ്ഞു.

എല്ലാം കേട്ട് തറഞ്ഞു നിൽക്കുന്ന അവന്റ അടുത്തേക്ക് സീതയും മീനുട്ടിയും ചെന്നു “

“മോനേ…”

അവന്റ വലതു ചുമലിൽ ഒരു കരസ്പർശം അറിഞ്ഞതും അവൻ ഞെട്ടി തിരിഞ്ഞു നോക്കി..

“അമ്മേ…. ഇത് എന്തൊക്കെ ആണ് അമ്മേ… അച്ഛൻ പറഞ്ഞത് കേട്ടില്ലേ… ഞാൻ എങ്ങനെ ദേവികയെ മറക്കും… അവള്… അവള്.. പാവം ആല്ലേ “

“അറിയില്ല മോനേ… നിന്നോട് എങ്ങനെ,എന്ത് പറഞ്ഞു സമാധാനിപ്പിക്കും എന്ന്… പക്ഷെ ഇന്നോളം അച്ഛന്റെ വാക്കുകൾ അനുസരിക്കാൻ അല്ലാതെ നമ്മൾ എന്ത് ചെയ്യും “

.അവൻ അമ്മയുടെ ഇരു കൈകളും കൂട്ടി പിടിച്ചു വിങ്ങി കരഞ്ഞു.

“എന്റെ മോൻ വിഷമിക്കാതെ… എല്ലാം നേരെ ആവാൻ നമ്മൾക്ക് ഭാഗവാനോട് പ്രാർത്ഥിക്കാം… നീ ഇപ്പൊ ചെല്ല്…. ഇല്ലെങ്കിൽ അച്ഛന് ദേഷ്യം ആകും “

“ഞാൻ എങ്ങോട്ടും ഇല്ല അമ്മേ….”

. “കാർത്തി…. ദല്ലാൾ രാഘവൻ ഇപ്പൊ എത്തും കേട്ടോ… വേഗം റെഡി ആകു…”

“അമ്മേ… അച്ഛനോട് പറയു, എനിക്ക് ഇപ്പൊൾ പെണ്ണുകാണാൻ ഒന്നും പോകാൻ പറ്റില്ല എന്ന്…. അതിന് വേറെ ആളെ നോക്കട്ടെ “

അവനു ഈർഷ്യ തോന്നി.

“മോനേ…. നീ എന്തായാലും അത്രടം വരെ ഒന്ന് ചെല്ല്… എന്നിട്ട് പെൺകുട്ടിയെ ഇഷ്ടം ആയില്ലന്ന് പറഞ്ഞാൽ മതി….”

“അതൊന്നും അച്ഛൻ സമ്മതിക്കുകയില്ല അമ്മേ…”

” നീയൊന്നു പോയിട്ട് വാ കാർത്തി…. ഇല്ലെങ്കിൽ പിന്നെ അച്ഛന് നാണക്കേടാകില്ലേ  “

” എന്നോട് ഒരു വാക്ക് ചോദിക്കാതെ എല്ലാം തീരുമാനിച്ചിട്ട്, അച്ഛന് നാണക്കേടാകും എന്നോ  “

“മോനേ.. പതുക്കെ പറയു… അച്ഛമ്മ അകത്തുണ്ട്…”

“കേൾക്കട്ടെ… എല്ലാവരും കേൾക്കട്ടെ….”

 

“ഒന്ന് പോയിട്ട് വരൂ ഏട്ടാ… ബാക്കി കാര്യങ്ങളൊക്കെ പിന്നെയല്ലേ “

മീനൂട്ടിയും അവനോട് യാചിക്കുന്ന മട്ടിൽ പറഞ്ഞു..

” കാർത്തി നീ അവിടെ എന്തെടുക്കുകയാണ് റെഡിയായില്ലേ… “?

അച്ഛന്റെ ശബ്ദം പിന്നെയും അവന്റെ കാതിൽ പതിഞ്ഞു.

ഒടുവിൽ മനസ്സില്ല മനസ്സോടെ കാർത്തി ദല്ലാൽ രാഘവന്റെ ഒപ്പം മുണ്ടൂരേയ്ക്ക് പുറപ്പെട്ടു…

“മോനേ…”

“എന്താ രാഖവേട്ട…”

“എന്ത് പറ്റി.. മോന്റെ മുഖത്ത് ഒരു തെളിച്ചക്കുറവ്..”
.. “ഹേയ്.. ഒന്നുല്ല… രാഘവേട്ടന് തോന്നുന്നത് ആവും “
..
അവൻ ഡ്രൈവ് ചെയ്യുന്നതിനിടയിൽ അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

ഏകദേശം ഒന്നര മണിക്കൂർ യാത്ര വേണ്ടി വന്നു പെൺകുട്ടിയുടെ വീട്ടിൽ എത്താൻ..

പഴയ ഒരു അറയും നിരയും നിറഞ്ഞ വീട് ആയിരുന്നു അത്.

കൊന്നമരങ്ങൾ വേലി തീർത്ത,വീടിന്റെ മുറ്റത്തേക്ക് വണ്ടി ഒതുക്കിയിട്ട് അവൻ കയറി ചെന്നു.

കിഴക്ക് വശത്തായി നിറയെ ചുവപ്പ് നിറം ഉള്ള ചെമ്പരത്തി നിൽപ്പുണ്ട്.

ഒരു പെൺകുട്ടി നിന്നു ചെമ്പരത്തി ഇല പൊട്ടിക്കുന്നുണ്ട്…

അപരിചിതരെ കണ്ടതും അവൾ പിന്നാമ്പുറത്തേക്ക് ഓടി..

അമ്മേ….

അവളുടെ വിളിയൊച്ച കാർത്തിയും ദല്ലാളും കേട്ടു..

പെട്ടന്ന്  ഏകദേശം അറുപതു വയസ് പ്രായം തോന്നിക്കുന്ന ഒരാൾ ഉമ്മറത്തേക്ക് ഇറങ്ങി വന്നു..

. “വരിക..വരിക… ഇതു വരേയ്ക്കും കാണാഞ്ഞപ്പോൾ കരുതി ഇനി ഇന്ന് ഇല്ലാരിക്കും എന്ന്…”
..
അയാളെ നോക്കി കാർത്തി ഒന്ന് ചിരിച്ചു..

“മാഷ് അല്ലേ…. അവധി കിട്ടുമോ എന്ന് അറിയില്ലയിരുന്നു… അതാണ്….”രാഘവൻ ഒന്ന് വെളുക്കെ ചിരിച്ചു.

“എന്റെ പേര് ഗോപിനാഥ്ൻ…”അയാൾ സ്വയം പരിചയപ്പെടുത്തി.

 

“മാഷ് ഇരിക്ക..”

അയാൾ ചൂണ്ടിയ  കസേരയിലേക്ക് കാർത്തി ഇരുന്നു.

“ഇവിടെ കാലത്തെ മുതൽ മഴ ആയിരുന്നു.. അവിടെ എങ്ങനെ മഴ ഒക്കെ ഉണ്ടോ “

“ഇന്ന് പെയ്തില്ല… ഇന്നലെ ഒക്കെ നന്നായി മഴ പെയ്തു…”

രാഘവൻ ആണ് മറുപടി പറഞ്ഞത്

“എനിക്ക് മൂന്ന് മക്കൾ ആണ്.. മൂത്തവർ രണ്ട് പേരും പെൺകുട്ടികൾ. ഇളയ ആൾ മോനും..

“മ്മ്….”

അവൻ താല്പര്യം ഇല്ലാതെ ഒന്ന് മൂളി.

“മൂത്തവൾ പദ്മ… എം എ മലയാളം… ഇത് ഫസ്റ്റ് ഇയർആണ്.. രണ്ടാമത്തെ ആൾ ഭവ്യ… അവൾ ഡിഗ്രി സെക്കന്റ്‌ ഇയർ.. പിന്നെ ഉള്ളത് ഒരു മോനാണ്.. അവൻ 8-)0ക്ലാസ്സിൽ ആയതേ ഒള്ളൂ…

“ആഹ്…. അച്ഛൻ സൂചിപ്പിച്ചു “

കാർത്തി അയാളോട് പറഞ്ഞു

“മോന്റെ പേര് എന്താണ്…”

“കാർത്തികേയൻ “

“മാഷിനെ കുറിച്ചു പറയണ്ടല്ലോ അല്ലേ..”
രാഘവൻ അയാളോട് ചോദിച്ചു.

“ഹേയ്… ഒന്നും പറയണ്ട…. മാഷിനെ കുറിച്ച് എല്ലാം അറിഞ്ഞിട്ട് തന്നെ ആണ് ഇവിടേക്ക് വരാൻ ക്ഷണിച്ചത്…”

കാർത്തിക്ക് അയാള് പറഞ്ഞത് മനസിലായില്ല..

അവൻ അയാളെ നോക്കി..

“യാതൊരു ദുശീലവും, ദു:സ്വഭാവവും ഇല്ലാത്ത ആൾ ആണ് എന്ന് ഒക്കെ അറിഞിട്ടുതന്നെ ആണ് ഈ വിവാഹത്തിന് ഞങ്ങൾ മുൻ കൈ എടുത്തത്…”

അയാൾ പ്രശംസിച്ചപ്പോൾ കാർത്തിക് ദേഷ്യം വന്നു..

എങ്കിലും അതു ഒന്നും പുറമെ കാണിക്കാതെ അവൻ ഇരുന്നു.

“എന്നാൽ ഞാൻ കുട്ടിയേ വിളിക്കാം കേട്ടോ “

അകത്തേക്ക് കയറി പോയ ആള് രണ്ട് മിനിറ്റ് കഴിഞ്ഞു ഇറങ്ങി വന്നു.

ഓറഞ്ചും പച്ചയും ചേർന്നു നിറം ഉള്ള ദാവണി ഉടുത്തു ഒരു പെൺകുട്ടി ഇറങ്ങി വന്നു.

അവളുട കൈലിരുന്നു ചായ നിറച്ച ഗ്ലാസുകൾ മുട്ടിയിരുമ്മി..

ഒരു തരത്തിൽ അവൾ അത് കൊണ്ട് വന്നു കാർത്തിക്കു കൊടുത്തു.

അവൻ ആണെങ്കിൽ അവളെ വെറുതെ ഒന്ന് നോക്കി.. എന്നിട്ട് ചായ എടുത്തു..

“ഇത്  പദ്മയുടെ അമ്മ ഗിരിജ… “

ഗോപിനാഥൻ പറഞ്ഞപ്പോൾ കാർത്തി അവരെ നോക്കി പുഞ്ചിരി തൂകി.

“ഇതാണ് ഇളയ ആൾ.. ശ്രീഹരി…”

ഒരു കൊച്ചു പയ്യൻ കൂടി ഗിരിജയുടെ പിന്നിലായി ഇറങ്ങി വന്നു.

ഹൽവയും ജിലേബിയും വാഴയ്ക്ക വറുത്തതും ഒക്കെ എടുത്തു ഗിരിജ മേശമേൽ നിരത്തി വെച്ചു.


“കുട്ടികൾക്കു രണ്ടാൾക്കും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം…”…ഗോപിനാഥൻ എഴുന്നേറ്റപ്പോൾ പിന്നാലെ രാഘവനും വെളിയിലേക്ക് ഇറങ്ങി പോയി.

കാർത്തിക്കു ആണെങ്കിൽ ദേഷ്യം വന്നിട്ട് മുഖം ചുവന്നു.. അവൻ പതിയെ അവളെ നോക്കി..

“എന്താണ് പേര് “

. കാർത്തി അവളോട് ചോദിച്ചു.

“പദ്മപ്രിയ “അതു പറയുമ്പോൾ പോലും അവളെ വിറച്ചിരുന്നു.

..

“ഹ്മ്മ…. എവിടെ ആണ് പഠിക്കുന്നത് “
..

“ലിറ്റിൽ ഫ്ലവറിൽ “

“ഹാ…”

പിന്നീട് അവൻ ഒന്നും അവളോട് ചോദിച്ചില്ല… തിരിച്ചു അവളും…

“എന്നാൽ ശരി.. താൻ കയറി പൊയ്ക്കോളൂ “

നിന്നു വിയർക്കുന്ന അവളെ നോക്കി അല്പം കഴിഞ്ഞതും അവൻ പറഞ്ഞു.

കേൾക്കാൻ കാത്തിരുന്നത് പോലെ അവൾ അകത്തേക്ക് ഓടി..

പദ്മയുടെ അമ്മയും അനുജത്തിയും അനുജനും ഒക്കെ ഇറങ്ങി വന്നു  കാർത്തിയോട് സംസാരിച്ചു.ഒപ്പം അവളുടെ മുത്തശ്ശിയും

അവൻ മറുപടി ഒന്ന് രണ്ടു വാക്കുകളിൽ ഒതുക്കി.

ഏകദേശം പതിനഞ്ചു മിനിറ്റ് കൂടി ഇരുന്നിട്ട് അവർ അവിടെ നിന്നും ഇറങ്ങി.

അതീവ സന്തോഷത്തോടെ ഗോപിനാഥൻ അവരെ യാത്രയാക്കി.

“ഗിരീജേ…. നല്ല പയ്യൻ ആണല്ലേ “

. അയാൾ ഭാര്യയെ നോക്കി..

“അതേ… കണ്ടിട്ട് ഒരു പാവം ആണെന്ന് തോന്നുന്നു.. എന്റെ കുട്ടിക്ക് ഭാഗ്യം ഉണ്ടാവണേ ഭഗവാനെ….”

“നടക്കും ഗിരീജേ… എന്റെ മനസ് പറയുന്നു….”

“ആവോ.. അറിയില്ല… നമ്മൾക്ക് പ്രാർത്ഥിക്കാം അല്ലേ ഏട്ടാ “

“ഹ്മ്മ്….. മോളെ പദ്മേ “

അയാൾ അകത്തേക്ക് നോക്കി വിളിച്ചു.

“മോൾക്ക് ഇഷടായോ ആ പയ്യനെ “

. “കുഴപ്പമില്ല അച്ഛാ…..”

“മോളോട് എന്താണ് ചോദിച്ചത് “

. “പഠിക്കുന്നത് എവിടെ ആണെന്ന്….. പിന്നെ എന്റെ പേരും ‘

“ഹ്മ്മ്… “

അതും പറഞ്ഞു കൊണ്ട് അവൾ അകത്തേക്ക് പിൻ വലിഞ്ഞു.

ഹൽവയും ജിലേബിയും ഒക്കെ കഴിക്കുക ആണ് ശ്രീഹരിയും ഭവ്യയും… ഒപ്പം മുത്തശ്ശിയും ഉണ്ട്..

പദ്മ അത് നോക്കി ചിരിച്ചു കൊണ്ട് നിന്നു..

ഇതേ സമയം നീറി പുകഞ്ഞ മനസും ആയി തിരികെ യാത്ര തുടരുക ആയിരുന്നു കാർത്തി..

എത്രയും പെട്ടന്ന് ദേവൂനെ വിളിച്ചു കാര്യങ്ങൾ ഒക്കെ അവതരിപ്പിക്കണം….

എന്തെങ്കിലും ഒന്ന് ചെയ്തേ തീരു…

അവൻ മനസ്സിൽ ഉറപ്പിച്ചു.

രാഘവേട്ടൻ പെൺകുട്ടിയെ ഇഷ്ടം ആയോ എന്ന് അവനോട് ചോദിച്ചു.

“സത്യം പറയാല്ലോ രാഘവേട്ടാ എന്റെ സങ്കല്പത്തിൽ ഉള്ള ഒരു പെൺകുട്ടി അല്ല അത്…”

അവൻ എടുത്തടിച്ച പോലെ പറഞ്ഞു.

“ഹ്മ്മ്… എന്നാൽ നമ്മൾക്ക് വേറെ നോക്കാം അല്ലേ മോനേ “
..

“ആഹ് “

അവൻ താല്പര്യം ഇല്ലാതെ മൂളി..

വീട്ടിൽ എത്തിയപ്പോൾ അച്ഛൻ ഉമ്മറത്തു ചാരുകസേരയിൽ ഇരുന്നു ആരെയോ ഫോണിൽ സംസാരിക്കുക ആയിരുന്നു..

അവനെ കണ്ടതും അയാൾ ഫോൺ കട്ട്‌ ചെയ്തു.

“രാഘവൻ എവിടെ…”

. “കവലയിൽ ഇറങ്ങി.. വൈകുന്നേരം ഇറങ്ങാം എന്ന് പറഞ്ഞു “

“ഹ്മ്മ്… ഞാൻ വിളിച്ചോളാം

അപ്പോളേക്കും അച്ഛമ്മയും അമ്മയും കൂടി ഇറങ്ങി വന്നിരുന്നു..

“മോനേ…. പെൺകുട്ടിയെ ഇഷ്ടം ആയോ…”
.
അച്ഛമ്മ ചോദിച്ചു.

ഒന്നും പറയാതെ അവൻ മുറിയിലേക്ക് കയറി പോയി.

“അവന്റ ഇഷ്ടവും ഇഷ്ടക്കേടും ഒന്നും ആരും ചോദിക്കണ്ട……. പെൺകുട്ടിക്കും അവളുടെ വിട്ടുകാർക്കും ഇവനെ നല്ലോണം ബോധിച്ചു. അതുകൊണ്ട് ഇത് നടക്കും….”

. അച്ഛന്റെ വാക്കുകൾ ഉറച്ചത് ആയിരുന്നു…

അതു കേട്ട കാർത്തി ഒന്ന് പിന്തിരിഞ്ഞു എല്ലാവരെയും നോക്കി.
തുടരും.