Thursday, December 19, 2024
Novel

നിവേദ്യം : ഭാഗം 5

എഴുത്തുകാരി: ആഷ ബിനിൽ

ഹരിയേട്ടന്റെ മനസിൽ സ്നേഹം ഉണ്ടോ എന്നു കണ്ടു പിടിക്കണമെങ്കിൽ ആളെ അറിയണം. പക്ഷെ എന്തു ചെയ്യണം, എവിടെ നിന്ന് തുടങ്ങണം? ഒരെത്തും പിടിയും കിട്ടിയില്ല. മൂപ്പര് എന്ത് ചെയ്യുന്നു, എവിടെയൊക്കെ പോകുന്നു, ആരെ വിളിക്കുന്നു, കൂട്ടുകാർ ആരൊക്കെയാണ് ഒന്നും എനിക്കറിയില്ല. സത്യത്തിൽ മഠത്തിൽ ദേവനാരായണന്റെ മകൻ ശ്രീഹരി എന്നല്ലാതെ മറ്റൊന്നും സ്വന്തം ഭർത്താവിനെക്കുറിച്ച് എനിക്കറിയില്ല.

ആൾ ആണെങ്കിൽ ഒരു നോട്ടത്തിന് പോലും നിന്നു തരുന്നില്ല. സംസാരം തീരെയില്ല. പിന്നെ ഞാൻ എങ്ങനെ ആളുടെ പ്രശ്നം മനസിലാക്കും? സാധാരണ ഇത്തരം കഥകളിൽ ഒക്കെ ഒരു ആവശ്യവും ഇല്ലെങ്കിലും വീട്ടിൽ കയറി ഇറങ്ങുന്ന കൂറ കസിൻസോ ഫ്രണ്ട്‌സോ കാണും. ഇവിടെ മരുന്നിന് പോലും അങ്ങനെ ഒരെണ്ണം ഇല്ല. താഴെ നിന്ന് അമ്മമാർ വിളിക്കുന്നത് കേട്ടപ്പോൾ പിന്നെ അന്വേഷണം മാറ്റി വച്ചു അവിടേക്ക് ചെന്നു.

അപ്പോഴേക്കും അച്ഛനും വന്നിരുന്നു. എൻടിആർ ഒഴികെ ഞങ്ങൾ എല്ലാവരും സംസാരിച്ചിരുന്നു. ഫോൺ ചെയ്യൽ ഒക്കെ കഴിഞ്ഞു രണ്ടുമൂന്ന് മണിക്കൂറിന് ശേഷം ആണ് ആളൊന്നു വന്നു കിട്ടിയത്. ഇതിന് മുൻപും പല തവണ ഞാനിത് കണ്ടിട്ടുണ്ട്. ആരെയാണോ ഇതിനും മാത്രം വിളിക്കുന്നത്..? ഇനി വല്ല കാമുകിയും????? അതിനിടയിൽ അപ്പു അറിയാതെ മൂപ്പരോട് വണ്ടിയെക്കുറിച്ചു എന്തോ ചോദിച്ചുപോയി.

പ്രൊഫസർ എൻടിആറിന്റെ വക ആഡംബര കാറുകളുടെ പ്രത്യേകതകൾ എന്ന വിഷയത്തിൽ ഒരു പ്രഭാഷണം ആയിരുന്നു പിന്നെ അവിടെ നടന്നത്. ഒരു നാല് പേജ് എസ്സേ എഴുതാനുള്ള വിവരങ്ങൾ അദ്ദേഹം പങ്കുവച്ചു. വായിലെ വെള്ളം വറ്റിയപ്പോൾ ആണ് നിർത്തിയത്. ഒരു മഴ പെയ്തു തോർന്ന സുഖം..! ഇനി വണ്ടിയോടുള്ള പ്രേമം മൂത്താണോ എന്നെ മൈൻഡ് ഇല്ലാത്തത് എന്നുവരെ തോന്നിപ്പോയി. അപ്പുവിന് ഇതെല്ലാം വല്യ താല്പര്യം ആണ്. അച്ചന്മാരും അമ്മമാരും സ്ഥലം കാലിയാക്കിയിരുന്നു.

ഞാനും ചിന്നുവും പെട്ടുപോയി എന്നു പറഞ്ഞാൽ മതിയല്ലോ. “വിവാഹം കഴിഞ്ഞിട്ട് ഇതുവരെ നിങ്ങൾ വിരുന്നിനൊന്നും പോയില്ലല്ലോ. നാളെയും മറ്റനാളും ആയി പോയിട്ട് വരൂ.. മൺഡേ മുതൽ മോൾക്ക് കോളേജിൽ പോകേണ്ടതല്ലേ…” അത്താഴം കഴിക്കുമ്പോൾ ശ്രീദേവിയമ്മ പറഞ്ഞു. ബന്ധുവീടുകളിൽ ചെന്നാൽ എന്തെങ്കിലും ഒരു ക്ലൂ കിട്ടാതിരിക്കില്ല. അപ്പൊ മിഷൻ ശ്രീഹരി ദേവനാരായണൻ തുടങ്ങാനുള്ള ബെൽ അല്ലെ ആ കേട്ടത്..? എനിക്ക് അമ്മയെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുക്കാൻ തോന്നി. അമ്മ തങ്കപ്പൻ അല്ല പൊന്നപ്പൻ ആണമ്മേ… അന്ന് രാത്രി കുറെ വൈകിയാണ് ഉറങ്ങിയത്.

എല്ലാവരും കൂടി സംസാരിച്ചിരുന്നു. “ഇവൻ ഇവിടെ ഉണ്ടെന്ന് മാത്രമേയുള്ളൂ ഒച്ചയും അനക്കവും ഒന്നും ഉണ്ടാകാറില്ല. ആ ഫോണും കൊണ്ട് റൂമിൽ കയറി ഇരിക്കും. അമ്മുമോളും കുട്ടികളും വന്നത്തിൽ പിന്നെയാണ് വീട് ഒന്ന് ഉണർന്നത്.” അമ്മ പറയുന്നത് കേട്ടപ്പോൾ മസിലളിയൻ കനത്തിൽ ഒരു നോട്ടം എന്നെ. എന്തായാലും കലിപ്പ് എന്നോട് മാത്രമേയുള്ളൂ. എന്റെ വീട്ടുകാരോട് സ്നേഹമായി പെരുമാറുന്നത് വല്യ ആശ്വാസം തന്നെ ആയിരുന്നു. ആഭിജാത്യം എന്റെ പഴങ്കഥകൾ കുത്തിപ്പൊക്കാൻ തുടങ്ങി.

പുട്ടിന് പീര പോലെ ഇടയ്ക്കിടെ അമ്മു പണ്ട് അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു എന്നൊക്കെ പറയുന്നു. എന്റെ കഥകൾ മാത്രം ആയി പിന്നെ സംസാരവിഷയം. അപ്പുവും ചിന്നുവും പുള്ളി മറന്ന കാര്യങ്ങൾ ഓർമിപ്പിക്കുന്നും ഉണ്ട്. എൻടിആർ അടക്കം സകലരും ഒക്കെ കേട്ട് രസിച്ചിരിക്കുകയാണ്. എന്റെ കാര്യങ്ങളിൽ വീട്ടുകാർക്ക് ഇത്ര ഓർമ ഉണ്ടെന്ന് ഇപ്പോഴാണ് മനസിലായത്. ഒടുവിൽ പന്ത്രണ്ട്- പന്ത്രണ്ടര ആയപ്പോൾ ആണ് എല്ലാവരും പിരിഞ്ഞത്. നാളെ മസിലളിയന്റെ മസിൽ ഉരുക്കി പായസം വയ്ക്കുന്നത് സ്വപ്നം കണ്ടു ഞാൻ സുഖമായി ഉറങ്ങി.

രാവിലെ അച്ഛനും അമ്മയും വീട്ടിലേക്ക് പോയി. അപ്പുവും ചിന്നുവും നാളെയേ പോകൂ. അവരും ഞങ്ങളുടെ കൂടെ ഇറങ്ങി. അച്ഛന്റെ പെങ്ങളുടെ വീടാണ് ആദ്യത്തെ സ്വീകരണസ്ഥലം. സ്വന്തമായി പെണ്മക്കൾ ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല, അവിടെ എല്ലാവർക്കും വല്യ സ്നേഹം ആയിരുന്നു. അമ്മാവൻ വാസുദേവൻ, അമ്മായി ദേവിക. രണ്ട് മക്കൾ, അച്ചുവും കിച്ചുവും. അച്ചു ബി കോം ഫൈനൽ ഇയർ. നമ്മുടെ ആളാണ്. കിച്ചു പ്ലസ് റ്റു. ചിന്നുവിന്റെ പുറകെ അവൻ മണപ്പിച്ചു നടക്കുന്നത് കണ്ടു.

ഹരിയേട്ടൻ വന്നപ്പോൾ മുതൽ അപ്പുവിനെയും കൂട്ടി നടക്കുകയായിരുന്നു. പിന്നെ ഫോൺ വന്നപ്പോൾ അതും കൊണ്ട് പുറത്തേക്ക് പോയി. അച്ചുവിനെ ഞാൻ ചെന്നപ്പോൾ തന്നെ കുപ്പിയിൽ ആക്കിയിരുന്നു. തിരിച്ചും മറിച്ചും ചോദിച്ചിട്ടും ഹരിയേട്ടനെക്കുറിച്ച് ഒരു തുമ്പും കിട്ടിയില്ല. “മൂപ്പര് മസിലും പിടിച്ചു നടക്കും എന്നല്ലാതെ ഞങ്ങളോടൊന്നും തീരെ അടുപ്പം ഇല്ല. ഞങ്ങളോട് മാത്രം അല്ല കസിൻസ് ആരോടും. അമ്മായിയുടെ ചേച്ചിയുടെ ഒരു മോൻ ഉണ്ട് വെങ്കി. അവൻ ആണ് ചേട്ടന്റെ ബെസ്റ്റ് ഫ്രണ്ട്” ആഹാ.

അപ്പോ സത്യങ്ങൾ അറിയാവുന്ന ഒരാളെങ്കിലും ഭൂമിയിൽ ഉണ്ടല്ലേ. “ഈ വല്യമ്മയുടെ വീടെവിടെയാ?” “അതിവിടെ അടുത്തു തന്നെയാണ്. എന്തേ?” “അല്ല. വെങ്കിയെ കാണാൻ ആണ്. കല്യാണത്തിന് കണ്ടില്ല അതാ” “അതിന് വെങ്കിയേട്ടൻ യൂഎസിൽ അല്ലെ. ഹരിയേട്ടനും അവിടെ ആയിരുന്നു. നിങ്ങളുടെ കല്യാണത്തിന്റെ തലേന്നാൾ ആണ് ആൾ നാട്ടിൽ വന്നത് തന്നെ.” “അപ്പോ വെങ്കിയോ?” “കല്യാണം ഒക്കെ കഴിഞ്ഞാണ് വെങ്കിയേട്ടൻ നിങ്ങളുടെ കല്യാണ കാര്യം അറിഞ്ഞത്.

ഹരിയേട്ടനും മണ്ഡപത്തിൽ വച്ചാണോ കാര്യങ്ങൾ അറിഞ്ഞത് എന്നെനിക്ക് ഡൗട്ട് ഉണ്ട്” അവൻ പറഞ്ഞത് പലതും എനിക്ക് പുതിയ അറിവുകൾ ആയിരുന്നു. എൻടിആർ യൂഎസിൽ ആയിരുന്നോ? അവിടെന്താ പരിപാടി? എനിക്കും എന്തൊക്കെയോ സംശയങ്ങൾ തോന്നി തുടങ്ങി. “ആരും പറഞ്ഞില്ലേ വെങ്കി ഏട്ടനോട്?” “ഇല്ല. ഞങ്ങൾ പോലും കല്യാണത്തിന് രണ്ടു ദിവസം മുൻപാണ് അറിഞ്ഞത്. ഒക്കെ മുതിർന്നവർ തമ്മിലുള്ള ഡീലിങ്‌സ് ആയിരുന്നു. അവർ രണ്ടുപേരും അറിയാതെയാണ് കല്യാണം എന്നു ഞങ്ങൾക്ക് അറിയില്ലായിരുന്നു.

അധികം കണക്ഷൻ ഇല്ലാത്തത് കൊണ്ട് ആരും ചോദിക്കാനും നിന്നില്ല” ഹരിയേട്ടൻ സ്വന്തം കല്യാണക്കാര്യം അറിഞ്ഞില്ലായിരുന്നോ? കല്യാണത്തിന് ഏട്ടന്റെ ഭാഗത്തുനിന്ന് ബന്ധുക്കൾ വളരെ കുറവായിരുന്നു എന്നു ഞാൻ ഓർത്തു. റിസപ്‌ഷനും ആൾ അധികം ഉണ്ടായില്ല. അന്ന് ഞാൻ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല പക്ഷെ ഇപ്പോൾ.. ഒരു ചതി മണക്കുന്നു. അച്ഛനും ശ്രീദേവിയമ്മയും അറിഞ്ഞുകൊണ്ട് ഒരു ചതി ചെയ്യില്ല. പിന്നെ എങ്ങനെ? “ചേച്ചീ.. ഇതെന്ത് ഓർത്തു നില്കുവാ?” അച്ചുവിന്റെ ചോദ്യം ആണ് എന്നെ ഉണർത്തിയത്.

“അത്.. പിന്നെ… ഹരിയേട്ടൻ യൂഎസിൽ ആയിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു. അതാ ഞാൻ..” “അയ്യേ. സ്വന്തം ഹസ്ബൻഡിനെക്കുറിച്ചു ഒന്നും അറിയതെയാണോ ഈ വന്ന് നിൽക്കുന്നത്?” എനിക്കും ലജ്ജ തോന്നി. ഞാൻ എന്തൊരു ഭാര്യയാണ്? “ചേച്ചീ. ചേട്ടന് പ്ലസ്റ്റു കഴിഞ്ഞു യൂഎസിൽ മെഡിസിന് പോണം എന്നു വാശി ആയിരുന്നു. വീട്ടിൽ ആരും സമ്മതിച്ചില്ല. ഒരു വർഷം ആള് ഒരു കോഴ്സിനും പോകാതെ വീട്ടിൽ തന്നെ ഇരുന്നു. ഒടുവിൽ എല്ലാവരും തോൽവി സമ്മതിച്ചു. ഒറ്റയ്ക്ക് വിടാൻ അമ്മായിക്കും അമ്മാവനും ഇഷ്ടം ഇല്ലാത്തത് കൊണ്ട് വെങ്കിയേട്ടനെയും കൂടിയാണ് വിട്ടത്.

പിന്നെ ആൾക്ക് ഇവിടേക്ക് വരാൻ താല്പര്യം ഇല്ലായിരുന്നു ഇടയ്ക്ക് വരും, ഒരു മാസമോ മറ്റോ നിൽക്കും അത്രേയയുള്ളൂ. മെഡിസിൻ കഴിഞ്ഞു എംഎസും കുറെ ഫെല്ലോഷിപ്പുകളും ചെയ്തു ആൾ അവിടെ തന്നെ കൂടി. ജോലിക്ക് കയറി എന്നും കേട്ടു. ഒടുവിൽ ചേട്ടനെ നാട്ടിൽ പിടിച്ചു നിർത്താൻ എല്ലാവരും കൂടി കണ്ടുപിടിച്ച വഴി ആണ് നിങ്ങളുടെ കല്യാണം.” ഹരിയേട്ടൻ ഒരു ഡോക്ടർ ആണെന്ന് എനിക്ക് ആദ്യത്തെ അറിവ് ആയിരുന്നു. അറിയും തോറും കുരുക്ക് കൂടുതൽ മുറുകുകയാണ് എന്നെനിക്ക് തോന്നി.

ആൾക്ക് അവിടെ നിന്ന് വരാൻ താല്പര്യം ഇല്ലെങ്കിൽ അതിനർത്ഥം സ്വന്തം നാടിനേക്കാളും, കുടുംബത്തേക്കാളും, മതപിതാക്കളേക്കാളും പ്രിയപ്പെട്ട എന്തോ അവിടെ ഉണ്ടെന്നല്ലേ? എന്റെ ഉണ്ണിക്കണ്ണാ.. ഇനി വല്ല മദാമ്മ കാമുകിയും? അവളോട് സൊള്ളാൻ ആണോ എപ്പോഴും ഈ ഫോണും കൊണ്ട് നടക്കുന്നത്? എനിക്കാകെ പ്രാന്ത് പിടിക്കും എന്നു തോന്നിയപ്പോൾ ആലോചന നിർത്തി. അച്ചുവിന്റെയും അപ്പുവിന്റെയും കൂടെ തൊടിയിലും മറ്റും ഇറങ്ങി നടന്നു. ചിന്നുവും കിച്ചുവും അമ്മായിയുടെ കൂടെ അടുക്കളയിൽ കൂടി.

പിന്നെ ഞാനും അവർക്കൊപ്പം ചെന്നു. ഊണ് കഴിഞ്ഞാണ് അവിടെ നിന്ന് ഇറങ്ങിയത്. ഇതിനിടെ ഞാൻ ഫേസ്‌ബുക്കിൽ ഒരു അന്വേഷണം നടത്തി. മസിലളിയന്റെ അക്കൗണ്ടിൽ കുറെ മഞ്ഞിന്റെയും മരത്തിന്റെയും കൂടെ നിക്കുന്ന ഫോട്ടോസ് മാത്രമേയുള്ളൂ. റിലേഷൻഷിപ് സ്റ്റാറ്റസ് ഇപ്പോഴും സിംഗിൾ ആണ്. കള്ള ബടുവ..! ഒരു റിക്വസ്റ്റ് അയച്ചിട്ടു. പിന്നെ വെങ്കി അളിയനെ തപ്പിപ്പിടിച്ചെടുത്തു. റിക്വസ്റ്റ് അയച്ചു മിനിട്ടുകൾക്കകം അക്സപ്റ്റ് ചെയ്തു. ഒരു ഹായ് അയച്ചിട്ടു. ഉടനെ തന്നെ ഹായ്യും മൂന്നാല് സ്മൈലിയും തിരിച്ചു കിട്ടി.

കണ്ണാ… കോഴിക്കൂട്ടിൽ ആണോ ഗോതമ്പും കൊണ്ട് ചെന്നത്..? നേരത്തെ പറഞ്ഞ വല്യമ്മയുടെ വീട്ടിൽ അടക്കം നാലഞ്ചു വീടുകളിൽ പോയിട്ടും, എല്ലായിടത്തും കസിൻസ് ഉണ്ടായിട്ടും, എല്ലാവരോടും സംസാരിച്ചിട്ടും, കേട്ടതിൽ കൂടുതലായി ഒന്നും ആർക്കും പറയാനില്ല. ഒരേ കഥ തന്നെ പല തവണ കേട്ട് ചെവി തഴമ്പിച്ചത് മിച്ചം. ഹരിയേട്ടനെ വിവാഹം കഴിക്കാൻ തപസ്സുചെയ്തു നടക്കുന്ന മുറപ്പെണ്ണിനെ ഞാൻ എല്ലായിടത്തും നോക്കി, കിട്ടിയില്ല. ഈ മുതൽ തലയിൽ ആയില്ലല്ലോ എന്ന ആശ്വാസം പലരിലും കണ്ടോ എന്നൊരു സംശയം തോന്നാതിരുന്നില്ല.

എന്തായാലും പ്രേമം എന്നും പറഞ്ഞു ഒരെണ്ണം പോലും ആ വഴി പോയിട്ടില്ല എന്നു ഉറപ്പായി. ഇതല്ലേ സ്വഭാവം. എങ്ങനെ പോകും. ഹരിയേട്ടൻ ആണ് ഏറ്റവും മൂത്തയാൾ. പിന്നെ വെങ്കി അളിയൻ. എന്നുവച്ചാൽ ഞാ. ഏടത്തിയമ്മ ആണെന്ന്. എന്തായാലും ഏട്ടനോട് കമ്പനി ഇല്ലാത്തവർ പോലും എന്റെ കട്ട ചങ്ക്സ് ആയി. അവരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ എന്നെ ആഡ് ചെയ്തു. ഗ്രൂപ്പിന്റെ പേര് “കസിൻസ്”. ഹയ്യേ…! അത് പിന്നെ ഞാൻ മുത്തുമണീസ് എന്നാക്കി. അതോടെ നാട്ടിൽ ഇല്ലാത്ത കസിൻസ് വരെ ചാറ്റ് ചെയ്തു കമ്പനിക്ക് വന്നു.

അത്താഴം പുറത്തുനിന്ന് കഴിച്ചിട്ടാണ് വീട്ടിൽ എത്തിയത്. ഫ്രഷ് ആയ ഉടനെ എൻടിആർ വാഴ വെട്ടിയിട്ടപോലെ കട്ടിലിൽ കയറി കിടന്നു. ഇന്ന് പദ്മാവതിയമ്മ മോഡ് ഓൺ ആയിരുന്നു. ഇത്രയും വലിയ കട്ടിലിൽ ഇങ്ങനെ “മേ ക്കോ”ന്ന് കിടക്കാനും വേണം ഒരു കഴിവ്. ഞാൻ മൂപ്പരെകുറിച്ചു ഇൻവെസ്റ്റിഗേഷൻ നടത്തുന്നത് അറിഞ്ഞിട്ടുണ്ട് എന്നു മനസിലായി. ഞാൻ ഡ്രെസുകൾ എടുത്തു വിരിച്ചു മുകളിൽ ബെഡ് ഷീറ്റും വിരിച്ചു തറയിൽ കിടന്നു.

മിഷൻ ശ്രീഹരി ദേവനാരായണൻ പൊട്ടി പാളീസായ വിഷമത്തിൽ നിദ്രദേവിയും കടാക്ഷിച്ചില്ല. വെറുതെ ഫേസ്ബുക്ക് നോക്കിയപ്പോൾ ആണ് വെങ്കി അളിയന്റെ മെസേജിന് റിപ്ലൈ കൊടുത്തില്ല എന്നു ഓർമ വന്നത്. ഞാൻ ശ്രീഹരിയുടെ വൈഫ്‌ ആണെന്ന് പറഞ്ഞു. കല്യാണ ഫോട്ടോയും അയച്ചു. പിന്നെ റിപ്ലൈ ഒന്നും വന്നു കണ്ടില്ല. രാവിലെയും റിപ്ലൈ ഇല്ല. നോക്കുമ്പോൾ എന്നെ ബ്ലോക്ക് ചെയ്തിരിക്കുന്നു..!

തുടരും

നിവേദ്യം : ഭാഗം 1

നിവേദ്യം : ഭാഗം 2

നിവേദ്യം : ഭാഗം 3

നിവേദ്യം : ഭാഗം 4