Sunday, December 22, 2024
Novel

നിവേദ്യം : ഭാഗം 4

എഴുത്തുകാരി: ആഷ ബിനിൽ

“ഒടുവിലെ യാത്രയ്ക്കായിന്ന്പ്രി
യജനമേ ഞാൻ പോകുന്നു
മെഴുതിരിയേന്തും മാലാഖ
മരണരഥത്തിൽ വന്നെത്തി…”

ഒന്നൊന്നര കോടിയുടെ മരണരഥത്തിൽ പോകാനുള്ള ഭാഗ്യം ഉണ്ടല്ലോ എന്നോർത്തു സമാധാനിച്ചുകൊണ്ടാണ് ഞാൻ വണ്ടിയിൽ ഇരുന്നത്. എന്നാലും ഇത്ര വേഗത്തിൽ പോകാൻ ഇനി വായുഗുളിക വല്ലതും വാങ്ങാൻ ആണോ? ഇടയ്ക്ക് ഒളികണ്ണിട്ട് ഹരിയേട്ടനെ നോക്കി. ഹെവിടെ. മസിൽ പിടിച്ചു ഫുൾ കോണ്സണ്ട്രേഷൻ ഡ്രൈവിങ്ങിൽ കൊടുത്തിരിക്കുകയാണ്.

നോക്കി നോക്കി എനിക്ക് കോങ്കണ്ണു വരും എന്നായപ്പോൾ ആ പരിപാടി നിർത്തി. വലിയൊരു ടെക്സ്റ്റൈൽ ഷോപ്പിന് മുന്പിലാണ് വണ്ടി നിന്നത്. പാർക്ക് ചെയ്യാൻ സെക്യൂരിറ്റിയെ ഏൽപ്പിച്ചു. ലേഡീസ് സെക്ഷനിലേക്കാണ്‌ പോയത്. ഇതൊക്കെ കൃത്യമായി അറിയാമല്ലോ. കൊച്ചു കള്ളൻ… “എന്താ വേണ്ടതെന്ന് വച്ചാൽ വാങ്ങിക്കോണം.. മേലിൽ ഇമ്മാതിരി കോലം കെട്ടി നടക്കരുത്. നിനക്കൊരു അന്തസ് ഇല്ലെങ്കിലും കൂടെ കൊണ്ടുപോകാൻ എനിക്ക് നാണക്കേട് ഉണ്ട്” അത്രയും പറഞ്ഞിട്ട് ഫോണും കൊണ്ട് പോകുന്നത് കണ്ടു.

ഏട്ടന് സാരി ഇഷ്ടമല്ലേ? എന്തായാലും പറഞ്ഞ സ്ഥിതിക്ക് കുറച്ചു ഡ്രസ് എടുക്കാം എന്നു വച്ചു. അഞ്ഞൂറ് രൂപ റേഞ്ചിലുള്ള മൂന്ന് കുർത്തി എടുത്തു. ഇനീപ്പോ അവസരം കിട്ടിയപ്പോൾ മുതലാക്കുകയാണ് എന്നു വിചാരിച്ചാലോ? ഒരെണ്ണം തിരിച്ചു വച്ചു. നോക്കുമ്പോഴുണ്ട് മസിലളിയാൻ ഫോണും പിടിച്ചു പാഞ്ഞു വരുന്നു. ഇനി എന്റെ കയ്യിലെ റെഡ് കുർത്തി കണ്ടു പോത്തിന് ഹാലിളകിയോ? “ഡീ… എന്താ ഇത്?”

“കു.. കു.. കുർത്തി ആണ് ഏട്ടാ” “നിനക്ക് ഇത്ര ബോധം ഇല്ലേ നിവേദ്യാ?” രണ്ടെണ്ണം എടുത്തത് കൊണ്ടാണ് എന്നു കരുതി ഞാൻ വേഗം ഒരെണ്ണം തിരിച്ചു വച്ചു. “ഡാമിറ്റ്…” അതെന്തിനാ ഇപ്പോ പറയുന്നത്? ഇനി ഡ്രെസ് എടുത്തോളാൻ വെറുതെ ഒരു രസത്തിന് പറഞ്ഞതാണോ? ആലോചിച്ചിരിക്കെ എന്റെ കയ്യിലിരുന്ന കുർത്തി പിടിച്ചു വാങ്ങി വലിച്ചെറിയുന്നത് കണ്ടു. “ഇവിടെ ബ്രാൻഡഡ് ഡ്രസ് ഒന്നുമില്ലേ?” അടുത്തത് സെയിൽസ് ഗേളിന് ആയിരുന്നു.

ആ പാവം വേഗം കുറെ ബ്രാൻഡഡ് കുർത്തയും ടോപ്പും ഒക്കെ എടുത്തു നിരത്തി. ഇടയ്ക്ക് “മേഡം കുറഞ്ഞത് മതിയെന്ന് പറഞ്ഞത് കൊണ്ടാണ് സർ” എന്നൊക്കെ പറയാൻ ശ്രമിക്കുന്നുണ്ട്. നോക്കി ഇരുന്നോ ഇപ്പോ മൈൻഡ് ചെയ്യും… എൻടിആർ തന്നെ പത്തിരുപത്തഞ്ചു കുർത്തയും അഞ്ചാറു ജീൻസും കുറെയേറെ ടി ഷർട്ടും ഷർട്ടും ലെഗ്ഗിങ്ങും ഒക്കെ സെലക്റ്റ് ചെയ്തു. ഇടയ്ക്ക് എന്റെ മേലെ വച്ചു അളവ് പകമാണോ എന്നു നോക്കുന്നും ഉണ്ട്.

എന്തായാലും ഇനി ഒന്നുരണ്ടു വർഷത്തേക്ക് എനിക്ക് ഡ്രസ് എടുക്കേണ്ട. അത് കഴിഞ്ഞപ്പോൾ സെയിൽസ് ഗേളിനോട് എന്തോ അടക്കം പറയുന്നത് കേട്ടു. ആ കുട്ടി എന്നെ ഇന്നർവെയർ സെക്ഷനിലേക്ക് കൊണ്ടുപോയി. “ബ്രാൻഡഡ് മാത്രമേ കാണിക്കാവൂ എന്ന് സർ പറഞ്ഞിട്ടുണ്ട് മേഡം” പറച്ചിലും കൂടെ ഒരു ആക്കിയ ചിരിയും. അയ്യേ….! ഛെ… എല്ലാം അവിടെ തന്നെ ആൾട്ടർ ചെയ്യാൻ കൊടുത്തിട്ടാണ് ഇറങ്ങിയത്.

ബാഗ് ഒക്കെ വിൽക്കുന്ന കട ആയിരുന്നു അടുത്ത സ്വീകരണസ്ഥലം. ഒരു കിടിലം വാനിറ്റി ബാഗും ഒരു ബാഗ് പാക്കും വാങ്ങി. ഒക്കെ ആളുടെ സ്റ്റാൻഡേർഡിന് ചേരുന്നതാണ് കേട്ടോ. എന്റെ അഭിപ്രായത്തിന് ഇവിടെ ഒരു വിലയും ഇല്ലല്ലോ. ബിൽ അടച്ച് ഇറങ്ങാൻ നിൽകുകയായിരുന്നു. “ചപ്പൽ വേണോ മേഡം?” സെയിൽസിലെ പയ്യൻ ആണ് ചോദിക്കുന്നത്. കഴിഞ്ഞില്ലേ കഥ. എന്റെ കാലിൽ കിടന്ന ഇരുനൂറ്റി തൊണ്ണൂറ്റി ഒമ്പതിന്റെ ഒഡീസിയയെ നോക്കി പുച്ഛിച്ചിട്ട് എൻടിആർ വീണ്ടും അകത്തേക്ക് കയറി. വാലു പോലെ പുറകെ ഞാനും. ചോദിച്ചവന്റെ മുഖത്തു നോക്കി ഞാൻ പല്ലിറുമ്മി.

അത്രയല്ലേ നമുക്ക് പറ്റൂ. ഒരു കാൻവാസ്‌ ഷൂ, ഒരു ഫോർമൽ ഷൂ, ഒരു വൈറ്റ് ഷൂ, മൂന്നാല് ചപ്പൽ, വീട്ടിൽ ഇടാൻ രണ്ടുമൂന്ന് ചപ്പൽ വേറെയും വാങ്ങിയപ്പോൾ മൂപ്പർക്ക് സ്വല്പം ആശ്വാസം കിട്ടി എന്നു തോന്നുന്നു. അവിടുന്ന് പിന്നെ ഒരു സ്‌കൂൾ സ്റ്റോറിലേക്ക് പോയി. പത്തു നാല്പത് നോട്ട്ബുക്ക്, അതും ക്ലാസ്മേറ്റിന്റെ, പെൻ മൂന്നാല് ബോക്സ്, പെൻസിൽ, മായ്ക്ക് റബ്ബർ എന്നു വേണ്ട സകലതും വാങ്ങി. ഒരു സ്ളേറ്റിന്റെ കുറവുണ്ട്. പിന്നെ ലേഡീസ് സ്റ്റോറിൽ കയറി. കോസ്മെറ്റിക്‌സ് എന്തൊക്കെയോ താങ്ങി പിടിച്ചു കൊണ്ടുവരുന്നുണ്ടായിരുന്നു.

തിരികെ ചെന്നപ്പോഴേക്കും ആൾട്ടർ ചെയ്യാൻ കൊടുത്ത ഡ്രസുകൾ എല്ലാം റെഡി ആയിരുന്നു. ഞാനൊക്കെ ഒരു ഡ്രസ് ആൾട്ടർ ചെയ്യാൻ തന്നാൽ തിരക്ക് ഇല്ലെങ്കിൽ കൂടി ഒരാഴ്ച കഴിഞ്ഞാണ് കൊടുക്കാറ്. ഇവർ ഇതൊരുമാതിരി തയ്യൽക്കാരുടെ മാനം കളയുമല്ലോ..? “നിനക്ക് വേണ്ടി വാങ്ങിയ ഡ്രസ് കുറെ അവിടെ ഉണ്ട്. അത് ആൾട്ടർ ചെയ്താൽ ഇടാം. അതുകൊണ്ടാ ഇത്രയും കുറച്ചു വാങ്ങിയത്” വീട്ടിലേക്ക് പോകും വഴി മുത്തു പൊഴിഞ്ഞു. സമാധാനമായി.

കുറച്ചു മണിക്കൂറുകൾ കൊണ്ട് ആള് ഊമയായി പോയോ എന്നു പേടിച്ചിരിക്കുകയായിരുന്നു ഞാൻ. അല്ല.. എനിക്ക് വാങ്ങിയതോന്നും മതിയായില്ല എന്നല്ലേ ആ പറഞ്ഞതിന്റെ അർത്ഥം? അയ്യെന്റെ മോനേ. അപ്പോ ധതാണ് സംഭവം. ഫൈറ്റിങ്‌ ലവ്. സ്നേഹം ഉണ്ട് പക്ഷെ പ്രകടിപ്പിക്കാൻ മടിയാണ് അല്ലെ.. ശരിയാക്കി തരാമെടാ എൻടിആർ മോനെ. അമ്മുവിന്റെ യുദ്ധമുറകൾ കമ്പനി കാണാൻ കിടക്കുന്നതേയുള്ളൂ. “ഞാനീ ചെയ്യുന്നതൊക്കെ നിന്നോടുള്ള സ്നേഹം കൊണ്ടാണ് എന്നു വിചാരിച്ചു നടക്കരുത്.

നാട്ടുകാരുടെ മുൻപിൽ നീ എന്റെ ഭാര്യ ആണ്. എന്റെ സ്റ്റാൻഡേർഡ് എനിക്ക് നശിപ്പിക്കാൻ കഴിയില്ല. അതുകൊണ്ട് മാത്രം ആണ്. മനസിലായോ?” “ഇതിങ്ങനെ ഒന്നു വീതം മൂന്ന് നേരം പറയാം എന്നു വല്ല നേർച്ചയും ഉണ്ടോ ചേട്ടാ?” അറിയാതെ നാവിൽ നിന്ന് വീണു പോയതാണ്. അതിന്റെ മുഴുവൻ ദേഷ്യവും വണ്ടിയോട് കാണിക്കുന്നത് കണ്ടു. വണ്ടി എന്റെ അല്ല ചേട്ടന്റെ ആണ് എന്നു പറയണം എന്നുണ്ടായിരുന്നു. ഇറക്കി വിട്ടാലോ എന്നു കരുതി മിണ്ടാതിരുന്നു. വീട്ടിൽ ചെന്നപ്പോൾ അമ്മയ്ക്ക് പെരുത്ത് സന്തോഷം.

കണവൻ എനിക്ക് വേണ്ടി വൻ ഷോപ്പിംഗ് ഒക്കെ നടത്തിയതിന്റെ ആണ്. അച്ഛൻ വന്നപ്പോൾ ആളോടും കാര്യം പറഞ്ഞു. “അപ്പോ മോളോട് ഇഷ്ടം ഒക്കെയുണ്ട്. എനിക്ക് ഉറപ്പാണ്, ഒക്കെ ശരിയാകും” ശരിയാക്കാൻ എന്താ ഉള്ളത് എന്നു ചോദിച്ചിട്ട് രണ്ടാളും ഒന്നും പറഞ്ഞില്ല. ഹരിയേട്ടൻ ആദ്യം പറഞ്ഞത് പോലെ നാണക്കേട് ഓർത്തിട്ടാണോ? അതോ, ഇഷ്ടം ഉള്ളതുകൊണ്ട് തന്നെയാണോ എനിക്ക് ഇതെല്ലാം വാങ്ങി തന്നത്? അടുത്ത ദിവസം എന്റെ വീട്ടിലേക്ക് വിരുന്നിന് പോയി.

അതിന് മുൻപും ഷോപ്പിംഗ് മഹാമഹം ഉണ്ടായിരുന്നു. മസിലളിയന് വില കുറഞ്ഞ സാധാനങ്ങളെക്കുറിച്ചു വല്യ ധാരണ ഇല്ല എന്നു തോന്നുന്നു. വീട്ടിൽ ചെന്നപ്പോൾ ആണ് രസം. ഞങ്ങൾ ചെന്നു കയറിയപ്പോൾ മുതൽ ആഭിജാത്യം മൂപ്പരുടെ മുന്നിൽ ഭവ്യതയോടെ ഇരിക്കുകയാണ്. ഈ സ്‌കൂളിൽ AEO ഇൻസ്പെക്ഷൻ ചെയ്യാൻ വരുമ്പോൾ ഹെഡ്മാസ്റ്ററും ടീച്ചേഴ്സും നിൽകില്ലേ. ഏകദേശം അതുപോലെ ഉണ്ട്. അപ്പുവും ചിന്നുവും ഏട്ടന്റെ വണ്ടിയെ തൊട്ടും തലോടിയും നിന്നു. ഞാൻ കണ്ണുരുട്ടിയപ്പോൾ അകത്തേക്ക് കയറിവന്നു.

വാങ്ങിയ സമ്മാനങ്ങൾ എല്ലാവർക്കും വീതം വച്ചു കൊടുത്തു. അപ്പുവും ചിന്നുവും ആദ്യമായി ആണ് ഇത്ര വിലയുള്ള വസ്ത്രങ്ങളും ആക്സസറീസും കാണുന്നത്. അതിന്റെ സന്തോഷം അവരിൽ വ്യക്തമായിരുന്നു. അതിനും മസിലളിയന്റെ പുച്ഛം എനിക്ക് കിട്ടി. “കണ്ടോ എന്റെ സെലക്ഷൻ?” ഞാനൊന്നും മിണ്ടിയില്ല. ആളുടെ സെലക്ഷൻ അല്ലെങ്കിലും കൊള്ളാം. കല്യാണ കാര്യത്തിൽ ഒരു ചോയ്സ് ഉണ്ടായിരുന്നെങ്കിൽ മൂപ്പര് എന്നെ അല്ലാതെ വേറെ നല്ലത് നോക്കി എടുത്തേനെ. ഹും. അമ്മ പിന്നെ മരുമകനെ സൽക്കരിക്കാൻ പാട് പെടുകയായിരുന്നു.

ഇടയ്ക്ക് മോന് അത് ഇഷ്ടമാണോ, ഇത് ഇഷ്ടമാണോ എന്നൊക്കെ എന്നോട് ചോദിക്കുന്നുണ്ട്. ആകെ മൂന്ന് ദിവസം ആയുള്ളൂ കല്യാണം കഴിഞ്ഞിട്ട്. അതിനിടയിൽ പത്തോ ഇരുപതോ വാക്ക് മിണ്ടിയിട്ടുണ്ടാകും, അതും കലിപ്പിൽ. പിന്നെ ഈ മനുഷ്യന്റെ ഇഷ്ടാനിഷ്ടങ്ങൾ ഒക്കെ ഞാൻ എങ്ങനെ അറിയാൻ ആണ്. ഡ്രസ് ചേഞ്ച്‌ ചെയ്യാൻ എന്റെ മുറിയിൽ കയറി. ആൾക്ക് കുനിഞ്ഞു കയറേണ്ടി വന്നു. അതിനും എന്നെ നന്നായി പുച്ഛിക്കുന്നുണ്ടായിരുന്നു.

ചേഞ്ച്‌ ചെയ്യാതെ എന്നെ നോക്കി പേടിപ്പിക്കുന്നത് കണ്ടപ്പോൾ ഒന്നും അറിയാത്തത് പോലെ മച്ചിലേക്ക് നോക്കി മെല്ലെ പുറത്തേക്കിറങ്ങി. ഭക്ഷണം എന്തായാലും ആൾക്ക് ബോധിച്ചു എന്നു തോന്നി. ഊണ് കഴിഞ്ഞു മയങ്ങേണ്ടി വരും എന്നു കരുതി ബെഡ് ഒക്കെ വിരിച്ചിട്ടെങ്കിലും ആൾ വന്നില്ല. നോക്കിയപ്പോൾ ആഭിജാത്യത്തിന്റെ കൂടെ തൊടിയിൽ നിൽക്കുകയാണ്. പയറിന്റെ പൂവിൽ ഒക്കെ തൊട്ട് നോക്കുന്നത് കണ്ടു. ഇങ്ങേര് ഇത് ആദ്യമായി ആണോ പച്ചപ്പും ഹരിതാഭയും കാണുന്നത്?

“നാളെ പോകാം മോനേ” ഇറങ്ങാൻ നിൽക്കുമ്പോൾ ആഭിജാത്യം വിനയം വാരി വിതറി പറഞ്ഞു. ഇവിടെ? ഈ മുതൽ ഒരു ദിവസം കൂടി നിന്നാൽ ഒരു മാസത്തെക്കുള്ള അമ്മയുടെ ബജറ്റ് മുഴുവൻ ചിലവാക്കേണ്ടി വരും. “അയ്യോ പോയിട്ട് അത്യാവശ്യം ഉണ്ട് അച്ഛാ..” എന്ത് അത്യാവശ്യം? മസിൽ ഉരുട്ടി കയറ്റാൻ അല്ലെ? പറയുന്ന ഭാവം കണ്ടാൽ അച്ഛന്റെ കമ്പനി മുഴുവൻ മൂപ്പരുടെ തലയിൽ കൂടി ആണ് ഓടുന്നത് എന്നു തോന്നും. “എന്നാലും.. മോനെയും മോളേയും കണ്ട കൊതി മാറിയില്ല.” അമ്മ സങ്കടം പറഞ്ഞു.

സത്യത്തിൽ എനിക്കും ഒരു ദിവസം ഇവിടെ നിൽക്കണം എന്നു ഉണ്ടായിരുന്നു. “എങ്കിൽ പിന്നെ എല്ലാവരും കൂടി വീട്ടിലേക്ക് വാ. നാളെ സാറ്റർഡേ അല്ലെ. അവധി ആണല്ലോ” “അയ്യോ അതൊന്നും വേണ്ട മോനെ..” “അതെന്താ എന്റെ വീട്ടിൽ വരാൻ നാണക്കേട് ആണോ?” ആ ഡയലോഗിൽ അച്ഛനും അമ്മയും ഫ്ലാറ്റ്. എല്ലാവരും പെട്ടിയും ഭാണ്ഡവും എടുത്ത് ഇറങ്ങി. അപ്പുവും ചിന്നുവും ഞങ്ങളുടെ കൂടെ കയറി. അച്ഛനും അമ്മയും ഒരു ടാക്സി പിടിച്ചു വന്നു. അച്ഛൻ വീട്ടിൽ ഉണ്ടായിരുന്നില്ല.

അമ്മയ്ക്ക് എന്തായാലും എല്ലാവരും വന്നത് സന്തോഷമായി. വീടൊക്കെ നടന്നു കാണിച്ചു കൊടുത്തു. അപ്പുവും ചിന്നുവും പോർച്ചിലും ഗാർഡനിലും ഹാളിലും ഒക്കെയായി മാറി മാറി നടന്നു. ഒക്കെ കണ്ടിട്ടും കണ്ടിട്ടും അവർക്ക് മതിയാവുന്നില്ല എന്നു തോന്നി. “താങ്ക്സ്…” മുറിയിൽ കയറിയപ്പോൾ ഞാൻ പറഞ്ഞു. എന്തിന് എന്ന മട്ടിൽ ഒരു നോട്ടം. “എന്റെ വീട്ടുകാരോട് നന്നായി പെരുമാറിയതിന്” ഒരു ചിരി ആ മുഖത്തു മിന്നി മാഞ്ഞോ എന്നൊരു സംശയം. വേഗം മൂപ്പര് ഫോണെടുത്തു പുറത്തേക്ക് പോയി.

ആളെ കുറിച്ചു ഞാൻ വെറുതെ ആലോചിച്ചു. മൂന്നു നാല് ദിവസം ആയിട്ടേയുള്ളൂ. എങ്കിലും, ആളോട് അടുക്കാൻ, ആളുടെ മനസ് അറിയാൻ ഞാൻ ഇന്നുവരെ ശ്രമിച്ചിട്ടില്ല. പുച്ഛം വാരി വിതറുമ്പോൾ അത് പെറുക്കി കൂട്ടാൻ മാത്രം ആയിരുന്നു താല്പര്യം. എന്തിനാണ് ഈ മൗനത്തിന്റെ, കോപത്തിന്റെ മൂടുപടം..? ഇഷ്ടമില്ലാതെ ആയിരുന്നു കല്യാണം എങ്കിൽ തന്നെ എന്നോട് ദേഷ്യം തോന്നേണ്ട കാര്യം ഇല്ലല്ലോ.

ദേഷ്യം ഉണ്ടെങ്കിൽ എനിക്ക് കോളേജിൽ അഡ്മിഷൻ എടുത്തു തരുമോ? വേണ്ടതൊക്കെ വാങ്ങി തരുമോ? എന്റെ വീട്ടുകാരോട് സ്നേഹം കാണിക്കുമോ? എന്നോടിനി സ്നേഹം ഉണ്ടോ..? ഉണ്ടെങ്കിൽ തന്നെ എന്തിന് അത് മറച്ചു പിടിക്കുന്നു? ഇത് വെറുതെ തള്ളി കളയാവുന്ന കാര്യമല്ല. എന്റെ ജീവിത പ്രശ്നം ആണ്. കളി ഒക്കെ മാറ്റി വച്ചു സീരിയസ് ആകണം. ഹരിയേട്ടന്റെ മനസിൽ എന്തുതന്നെ ആയാലും അതു കണ്ടു പിടിക്കണം. മിഷൻ ശ്രീഹരി ദേവനാരായണൻ സ്റ്റാർട്ട്സ് നൗ…!

തുടരും

നിവേദ്യം : ഭാഗം 1

നിവേദ്യം : ഭാഗം 2

നിവേദ്യം : ഭാഗം 3