Saturday, January 18, 2025
Novel

നിവേദ്യം : ഭാഗം 31

എഴുത്തുകാരി: ആഷ ബിനിൽ

“പത്തായത്തിൽ നെല്ലുണ്ടെങ്കിൽ ഏലി കാസർകോട് നിന്നും ഓട്ടോ പിടിച്ചാണെങ്കിലും വരും” എന്നു ഇതോടെ മനസിലായി. എത്രയും വേഗം ആ ആയുഷ്മാന്റെ പിടിയിൽ നിന്ന് രക്ഷപ്പെടണം എന്നായിരുന്നു മനസിൽ. ഇല്ലെങ്കിൽ അവന്റെ പല്ലും നഖവും പിഴുതെടുക്കുന്ന പുണ്യകർമം ഞാൻ തന്നെ ചെയ്യേണ്ടി വരും. ആ ഓർമയിൽ ആണ് അന്ന് ഓഫീസിൽ പോയതും. ഏട്ടനില്ലാതെ ആദ്യമായി ആണ് ഇവിടെ. മനസ് ഒന്നിലും ഉറയ്ക്കാതെ പാറിപ്പറന്നു നടന്നു.

പേരില്ലാത്ത ഒരു സങ്കടം എന്നെ ആകമാനം മൂടി. ആയുഷ്മാന്റെ ശല്യം ഒന്നും ഉണ്ടായില്ലെങ്കിലും ആ കുറുക്കന്റെ കണ്ണ് മുഴുവൻ സമയവും മുന്നിൽ ഇരിക്കുന്ന cctvയിലൂടെ എന്നിൽ തന്നെ ആണെന്ന് മനസിലാകുന്നുണ്ടായിരുന്നു. ഇവനൊക്കെ അച്ഛന്റെ കാശും കൊണ്ട് വല്ല തായ്‌ലൻഡിലും പോയി അടിച്ചു പൊളിച്ചൂടെ..? അല്ലെങ്കിൽ മര്യാദയ്ക്ക് പത്തു വാഴ നട്ടുകൂടെ? അതും അല്ലെങ്കിൽ സമയം കളയാൻ വല്ല തീ തുപ്പുന്ന ഡ്രാഗൺ കുഞ്ഞോ നിറം മാറുന്ന ദിനോസറോ ആയാലും മതിയായിരുന്നു.

അതെങ്ങനെയാ, വഴിയേ പോകുന്ന ഉടമസ്ഥൻ ഇല്ലാത്ത സകല വയ്യാവേലിയും കൊണ്ടുവന്ന് കമഴ്ത്താനുള്ള നിന്റെ കുടം ആണല്ലോ ഈ പാവം ഞാൻ. കണ്ണാ… ഇടയ്ക്ക് ശ്രീദേവിയമ്മയുടെ ഫോൺ കോൾ വന്നപ്പോൾ ഒരുതരം ആശ്വാസമാണ് തോന്നിയത്. എന്റേയോ ഏട്ടന്റെയോ വീട്ടിൽ ഈ പ്രശ്‌നങ്ങൾ പറഞ്ഞിട്ടില്ല. പക്ഷെ എന്തോ.. ആരോടെങ്കിലും ഒന്ന് പറയാൻ ഉള്ള് തുടിക്കുകയാണ്. ഹാഫ് ഡേ ലീവെടുത്തു ഞാൻ ഹരിയേട്ടന്റെ വീട്ടിലേക്ക് പോയി. ആ അമ്മയുടെ നെഞ്ചിൽ എന്റെ വിഷമങ്ങൾ ഇറക്കിവച്ചു.

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ഒരു ആശ്വാസം. എന്തോ സമാധാനം വന്നു മൂടുന്നു. ഈ അമ്മയെ കണ്ടിട്ടാണ് സിനിമക്കാർ കവിയൂർ പൊന്നമ്മയെ സ്കെച് ചെയ്യുന്നത് എന്നു നിസംശയം പറയാം. സ്നേഹിക്കാൻ മാത്രം അറിയുന്ന ജന്മം. മോൻ ആണെങ്കിലോ, ആരൊക്കെ വന്നാലും പോയാലും അവന്റെ സന്തോഷം. സത്യത്തിൽ അങ്ങനെ തന്നെ ആണല്ലോ വേണ്ടതും. “എന്തുണ്ട് വിശേഷം?” എഡ്വി ആണ്. വാലുപോലെ ഹരിയേട്ടനും. അല്ലെങ്കിലും എന്നും അവർ വാലും തലയും ആണല്ലോ. ദേവച്ചനും ഉണ്ണികുട്ടനും കൂടി പുറത്തെവിടെയോ പോയി.

എഡ്വി ഇപ്പോൾ അത്യാവശ്യം മലയാളം പടിച്ചിട്ടുണ്ട്. “വിശേഷം ഒക്കെ ഇവിടെയല്ലേ..?” ഞാനവളുടെ വയറിൽ കൈവച്ചു. അമ്പടി ജിഞ്ചിന്നാക്കടി. ആ മുഖത്തെ നാണം കാണണം. കടലാസ് പോലെ വെളുത്ത മുഖത്തു ചോര തൊട്ടെടുക്കാം. ഇത്ര നാണം വരാൻ മാത്രം ഞാനൊന്നും പറഞ്ഞില്ലല്ലോ.? ഇനി അവൾക്ക് അർത്ഥം ശരിക്ക് മനസിലാകാത്തതാണോ? ഞാൻ നോക്കുമ്പോൾ അതിലും ലജ്ജയാണ് ഹരിയേട്ടന്. നിൽപ്പ് കണ്ടാൽ ഞാൻ അങ്ങേരെ പെണ്ണുകാണാൻ വന്നതുപോലെ ഉണ്ട്. ഓഹ്.

അതിവർക്ക് രണ്ടിനും കല്യാണത്തോടെ ഓരോ നട്ട് ലൂസ് ആയിട്ടുണ്ട്. അതാകും. ഇടയ്ക്ക് ഫോൺ വന്നു ഹരിയേട്ടൻ അപ്പുറത്തേക്ക് പോയപ്പോൾ എഡ്വിയും പുറകെ പോകുന്നത് കണ്ടു. ഇവരെ കണ്ടിട്ടാണ് ടോംസ് ബോബനും മോളിയും എഴുതിയത് എന്നു തോന്നുന്നു. ഹരിയേട്ടനെയും എഡ്വിയുടെയും എവർഗ്രീൻ പ്രണയം അവൾക്ക് ഡെലിവറി അടുക്കാറായതോടെ അല്പം കൂടിയ മട്ടാണ്. ഹരിയേട്ടൻ അവളെ കെയർ ചെയ്യുന്നത് കാണുമ്പോൾ എനിക്കും ഇതൊക്കെ വേണ്ടേ എന്നു തോന്നി.

ഒരു കുഞ്ഞു വന്നാൽ മാത്രമേ ജീവിതം പൂര്ണമാകൂ എന്ന് എല്ലാവരും പറയുന്നു. അത് സത്യം അല്ലെങ്കിൽ കൂടി അമ്മയാവാൻ ഒരു മോഹം തോന്നി തുടങ്ങിയിട്ടുണ്ട്. അഞ്ചുമണി ഒക്കെ ആയപ്പോഴേക്കും ഏട്ടനും വന്നു. ചായ കുടിച്ചിട്ട് ഞങ്ങളിറങ്ങി. ഏട്ടന് പുതിയ ഓഫീസ് ഇഷ്ടപ്പെട്ടു എന്നു മനസിലായി. അത്രയും ആശ്വാസം. “നിവി.. ഓഫീസ് ഒക്കെ സൂപ്പർ ആണ് കേട്ടോ. ആറേഴു മാസം അവരുടെ ഓഫർ ആക്സപ്റ്റ് ചെയ്യാതിരുന്നതല്ലേ നമ്മൾ. അതോണ്ട് ഇപ്പോ ചെന്നപ്പോൾ ഭയങ്കര കാര്യമാണ് എന്നെ.” “എന്റെ ഏട്ടനെ ആർക്കാ ഇഷ്ടമാകാത്തെ” ഞാൻ പറഞ്ഞു.

ആത്മാർഥമായി തന്നെ പറഞ്ഞതാണ്. പക്ഷെ ആ മുഖത്തു ചന്ദ്രൻ ഉദിച്ചു നിൽക്കുന്നത് കണ്ടപ്പോ ഒരു കുസൃതി തോന്നി. “അല്ല. ആത്മാർത്ഥതയുടെ നിറകുടം അല്ലിയോ. അതാ പറഞ്ഞേ. എന്റെയൊരു കാര്യമേ. അച്ഛൻ ആഭിജാത്യം, ഭർത്താവ് ആത്മാർത്തൻ….” ബാക്കി പറയും മുൻപേ മുഖം വീർപ്പിച്ചിരുന്നു കഴിഞ്ഞിരുന്നു. ഞാൻ വൈകിട്ടത്തേക്ക് കറി ഉണ്ടാക്കാൻ തുടങ്ങി. ഏട്ടൻ വന്നു ചപ്പാത്തിക്ക് മാവ് കുഴച്ചു. ഇപ്പോഴും കുട്ടി മിണ്ടുന്നില്ല.

“അവൻ എന്തേലും കുഴപ്പം ഉണ്ടാക്കിയോ?” ആയുഷിന്റെ ആണ് ഉദ്ദേശിക്കുന്നത് എന്നു മനസിലായി. “ഇല്ലെട്ടാ. CCtvയിൽ ആയിരുന്നു ഫുൾ ടൈം” “അത് അവൻ നിന്നെ ഒബ്സർവ് ചെയ്യുന്നതായിരിക്കും” “ആഹ്. എന്തെങ്കിലും ആകട്ടെ ഏട്ടാ” ആളുടെ മുഖം തെളിഞ്ഞിട്ടില്ല. “ഞാൻ സിതാരയിൽ നിനക്ക് ഒരു റഫറൻസ് തന്നാലോ..?” “എന്റെ ഏട്ടാ. ജോലിക്ക് കയറി രണ്ടാം ദിവസം തന്നെ ഭാര്യയെ കൂടി തള്ളി കയറ്റാൻ നോക്കി ഉള്ള വില കളയല്ലേ…”

പിന്നെ ഒന്നും മിണ്ടിയില്ല. അത്താഴം കഴിക്കുമ്പോൾ വീണ്ടും വന്നു ചോദ്യം: “നിവി.. അവനെക്കൊണ്ട് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ..?” “ഇല്ലെട്ടാ. നമ്മൾ വേറെ ജോലി നോക്കുന്നുണ്ടല്ലോ. കിട്ടുന്നത് വരെ സഹിച്ചാൽ പോരെ അവനെ?” ആളൊന്നു മൂളി. കിടക്കാൻ പോകും മുൻപ് വീണ്ടും വന്നു ചോദ്യം. “ആയുഷിനെ കൊണ്ട് കുഴപ്പം ഒന്നും ഇല്ലെന്ന് പറഞ്ഞത് സത്യം ആണല്ലോ അല്ലെ..?” ഇത്തവണ എനിക്ക് ദേഷ്യം വന്നു. “ഇല്ലെന്ന് പറഞ്ഞില്ലേ മനുഷ്യാ..?

ഇനിയും ഇത് ചോദിച്ചാൽ ഞാനിവിടെ നോ എൻട്രി ബോർഡ് വയ്ക്കും പറഞ്ഞേക്കാം” ഇപ്പൊ ഒന്നടങ്ങി. പിറ്റേന്ന് രാവിലെ ദേവച്ചന്റെ വിളി വന്നു. “മോളെ.. നീ ഇനി അവിടേക്ക് പോകേണ്ട. ഇന്നുതന്നെ സിതാര ഗ്രൂപ്പിന്റെ ഓഫീസിൽ ഒന്ന് പോണം. അച്ഛൻ അവിടെ എല്ലാം പറഞ്ഞു വച്ചിട്ടുണ്ട്.” എവിടേയ്ക്ക് പോകേണ്ടെന്ന് ആണെന്ന് ചോദിക്കേണ്ടി വന്നില്ല. അമ്മ അച്ഛനോടെല്ലാം പറഞ്ഞുകാണും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

അല്ലെങ്കിലും, അവരോടെന്നാണ് എനിക്ക് ആവശ്യങ്ങൾ പറയേണ്ടി വന്നിട്ടുള്ളത്. “അച്ഛാ.. ഏട്ടനും അവിടെ തന്നെയാണ് ജോലിക്ക് കയറിയിരിക്കുന്നത്.” “ആഹ് അതറിയാം. അതുകൊണ്ട് തന്നെയാണ് ഞാൻ നിനക്കും അവിടെ റെഡി ആക്കിയത്.” ഏട്ടനും സന്തോഷം തോന്നി. കഴിവ് കണ്ടു കിട്ടിയതല്ല, കെയറോഫ് ആണ് എന്ന വിഷമം മനസിലുണ്ട്. പക്ഷെ അതിലും വലുത് ആയുഷിൽ നിന്ന് രക്ഷപ്പെടാൻ ആണ്.

അല്ലാതെ വശിയുടെ പേരിൽ അവന്റെ കണ്മുന്നിൽ തന്നെ സ്വയം കൊണ്ടുപോയി ഇട്ടുകൊടുത്തു പണി വാങ്ങിക്കാൻ എനിക്ക് പ്രാന്തല്ലേ. സിതാരയിൽ പോയി റിപ്പോർട്ട് ചെയ്തിട്ടാണ് ഓഫീസിലേക്ക് പോയത്. ഒരു മണിക്കൂർ പെർമിഷൻ എടുത്തിരുന്നു. ദേവച്ചൻ പോകേണ്ടെന്ന് പറഞ്ഞെങ്കിലും ആ ആയുഷ്മാനോട് ഒരു വാക്ക് പറഞ്ഞിട്ട് ഇറങ്ങണം എന്നെനിക്ക് തോന്നി. “നിവേദ്യാ. ഇന്നലെ ആരോട് ചോദിച്ചിട്ടാണ് ഹാഫ് ഡേ ലീവെടുത്തു പോയത്? അതുപോലെ ഇന്ന് ലേറ്റ് ആയത്?”

ആയുഷ് രാവിലെ റൂമിലേക്ക് വിളിപ്പിച്ചതാണ് എന്നെ. അവൻ വന്ന ശേഷമുള്ള ആദ്യത്തെ രണ്ടു ദിവസം ശല്യം ഉണ്ടാകാതെ ഇരുന്നത് അവസരം കിട്ടാൻ ആയിരുന്നു എന്നുറപ്പായി. അല്ലെങ്കിലും ഈ തൊരപ്പൻ കിട്ടുന്നതെല്ലാം കരണ്ടു മുടിപ്പിക്കും എന്നെനിക്ക് അറിയാമല്ലോ. “സർ ഞാൻ എച്ച് ആറിൽ മീരയോട് പറഞ്ഞിരുന്നു. ലീവ് ഫോമും കൊടുത്തിരുന്നു.” “മീരയാണോ ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്?” നോട്ടം ഒക്കെ കണ്ടാൽ സിരി വരും കേട്ടോ.

പ്രേമത്തിലെ നിവിൻ പോളി ആകാൻ നോക്കിയിട്ട് ഹേയ് ജൂഡിലെ നിവിൻ അയതുപോലെയാണ് എനിക്ക് തോന്നിയത്. വാക്കുകളിൽ കലിപ്പ് ആണെങ്കിലും ഭാവം ഉമ്മറിന്റേതാണ്. എക്‌സ്പ്രഷൻ ഇടാൻ കുട്ടിക്ക് അറിയില്ല എന്നു തോന്നുന്നു. ഇവനൊക്കെ എന്ത് ജന്മം ആണോ എന്തോ. ആ ACPയുടെ പെങ്ങളുടെ ഒരു ഗതികേട്. ഈ സുന്ദരപിശാചിനെ കെട്ടിയെടുത്താൽ അതോടെ അതിന്റെ ലൈഫ് തീരും. “ഡീ.. എന്ത് ആലോചിച്ചു നില്കുവാ..?” “സർ ഗിവ് റെസ്പെക്റ്റ് ആൻഡ് ടേക് റെസ്പെക്റ്റ്.

ടി പോടി എന്നൊക്കെ വീട്ടിൽ ഉള്ളവരെ പോയി വിളിച്ചാൽ മതി. എന്റടുത്തേക്ക് ഇങ്ങനത്തെ ഡയലോഗും കൊണ്ട് വരരുത്.” ഞാൻ രണ്ടും കല്പിച്ചു പറഞ്ഞു. റിസൈൻ ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കി ഉള്ളപ്പോൾ പിന്നെ എന്ത് നോക്കാൻ. “ഞാനിനിയും വിളിക്കും. ടി ടി ടി…” ഇയാളെന്തുവാ എമ്പോസിഷൻ പറയുകയാണോ? ഇതൊരുമാതിരി നഴ്‌സറി കുഞ്ഞുങ്ങളുടെ സ്വഭാവം. എന്തായാലും ലീവെടുത്ത വിഷയം മാറി ഇപ്പോൾ ഇതായി വിഷയം. “നീ ചെവിയിൽ നുള്ളിക്കോ.

എന്നോട് ഭർത്താവും ഭാര്യയും കൂടി ചെയ്തതിനൊക്കെ കണക്ക് ഞാൻ പറയിക്കും. ഇഞ്ചിഞ്ചായി പറയിക്കും. നോക്കി ഇരുന്നോ നീ.” “ഓഹ് ശരി സർ. എന്നാൽ ഞാൻ പോയി ആ കണക്കൊക്കെ ഒന്ന് എഴുതി വയ്ക്കട്ടെ. അവസാനം സർ ചോദിക്കുമ്പോൾ തെറ്റി പോകാൻ പാടില്ലല്ലോ.” പല്ല് കടിക്കുന്നത് കണ്ടു. അതങ്ങു പൊട്ടി പോയിരുന്നെങ്കിൽ എന്ത് രസം ആയിരുന്നേനെ. എന്തോപറയാൻ വന്നപ്പോഴേക്കും ദൈവം സഹായിച്ചു മൂപ്പരുടെ ഫോൺ റിങ് ചെയ്തു.

ആ മുഖത്തു നിമിഷ നേരം കൊണ്ട് ഒരു കോഴി ഉണരുന്നത് എനിക്ക് കാണാൻ കഴിഞ്ഞു. “എന്ത് നോക്കി നില്കുവാടി? ഗെറ്റ് ലോസ്റ്റ്” ഓഹ്. കോഴി കൊക്കുന്നത് നമ്മൾ കാണാൻ പാടില്ലല്ലോ. ഞാൻ സീറ്റിൽ പോയിരുന്നു റെസിഗ്നേഷൻ ലെറ്റർ ടൈപ്പ് ചെയ്തുവച്ചു. മരിയയോട് മാത്രം കാര്യങ്ങൾ പറഞ്ഞു. “ഡീ.. എന്നാലും നീ പോയാൽ ഞാനിവിടെ..” “എന്റെ പൊന്നു മോളെ. സെന്റി ആക്കല്ലേ നീ.

ആ തൊരപ്പനെലിയുടെ വായിൽ നിന്ന് രക്ഷപ്പെടാൻ ദൈവം ആയിട്ടു കൊണ്ടുവന്ന് തന്ന ഒരു വഴിയാ ഇത്. ചളമാക്കാരുത്. പ്ലീസ്” പിന്നെ അവളൊന്നും പറഞ്ഞില്ല. ഒന്നര മാസംകൂടി കഴിഞ്ഞാൽ അവളുടെ ട്രെയിനിങ് കഴിയും. പിന്നെ പാലായിൽ അച്ചായന്റെ അടുത്തേക്ക് പോകാം. അതുകൊണ്ട് അവൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകാൻ വഴിയില്ല. വൈകിട്ടാണ് റെസിഗ്നേഷൻ ലെറ്ററും കൊണ്ട് പോയത്.

കണ്ടപ്പോൾ തന്നെ തൊരപ്പൻ ഒന്നു മുഖം ചുളിച്ചു. ഇര വേട്ടക്കാരനെ തേടി പോകാറില്ലല്ലോ. വായിച്ചു നോക്കും തോറും ആളുടെ മുഖം ചുരുങ്ങുന്നതും കോപം നിറയുന്നതും ഞാൻ കണ്ടു. “നീ.. നീ റിസൈൻ ചെയ്യുവാണോ..? സമ്മതിക്കില്ല ഞാൻ. നീ എവിടേം പോകേണ്ട.” ആൾ പിന്നെയും എന്തൊക്കെയോ കിടന്നു പറയുന്നുണ്ടായിരുന്നു. ഞാൻ ഒന്നും കേട്ടില്ല. ആ പ്ലിങ്ങിയ ഭാവം ആസ്വദിച്ചങ്ങനെ നിന്നു.

തുടരും

നിവേദ്യം : ഭാഗം 30