നിവേദ്യം : ഭാഗം 28
എഴുത്തുകാരി: ആഷ ബിനിൽ
പെട്ടെന്ന് എന്തോ ഓർമയിൽ ഞാൻ കണ്ണുകൾ വാശിയോടെ തുടച്ചു. പാടില്ല. വിട്ട് കൊടുക്കാനും കണ്ണീർ വാർക്കാനും ഞാൻ സീരിയൽ നടി അല്ല. ഇതൊന്നും സ്ക്രിപ്റ്റും അല്ല. ജീവിതം ആണ്. എന്റെ ജീവിതം. ഹരിയേട്ടനെ ഞാൻ മനസാലെ വിട്ട് കൊടുത്തത് എഡ്വി മാത്രം നിറഞ്ഞു നിൽക്കുന്ന ആ മനസിൽ ഒരു കടുകുമണി വലിപ്പത്തിൽ പോലും എനിക്ക് സ്ഥാനമില്ല എന്നറിഞ്ഞുകൊണ്ടാണ്.
പക്ഷെ ഇത്… രാജുവേട്ടൻ എന്റെ പ്രാണൻ ആണ്. ആ മനസിൽ ഞാനല്ലാതെ മറ്റാരുമില്ല. പിന്നെയാണ് സ്വന്തം സുഖം നോക്കി പോയ ഈ തേപ്പ് പെട്ടി. ഹയ്യടി മനമേ. ഇപ്പോ വിട്ട് തരാം നോക്കി ഇരുന്നോ നീ. ഞാൻ നല്ല ഫോമിലായി. ഒരു നിമിഷം കൊണ്ട് ഇല്ലാതായ ആത്മവിശ്വാസം തിരികെ കിട്ടി. “മഞ്ചൂ.. നീ വാ. ആ മാവിൻ ചുവട്ടിൽ ഇരിക്കാം നമുക്ക്” പെട്ടെന്നുള്ള എന്റെ മാറ്റം കണ്ട് അവൾ അന്തം വിട്ട് നോക്കി. പിന്നെ എന്റെ കൂടെ വന്നു. “മോളെ മഞ്ചൂ… ഈ കഥകളിൽ ഒക്കെ കണ്ടിട്ടില്ലേ.
നായിക ഒഴികെ നായകനെ സ്നേഹിക്കുന്നതോ നായികയെ വേദനിപ്പിക്കുന്നവരെ സ്നേഹിക്കുന്നതോ ആയ സകല പെണ്ണുങ്ങളും തേപ്പ് പെട്ടികൾ ആകും. എന്റെ കഥയിൽ അങ്ങനെ ആകരുതെന്ന് വിചാരിച്ചതാ. എന്ത് ചെയ്യാനാ. നീ സമ്മതിക്കില്ലല്ലോ” മഞ്ജുവിന്റെ മുഖത്തെ ഒന്നും മനസിലാകാത്ത ഭാവം കണ്ടെനിക്ക് ചിരി വരുന്നുണ്ടായിരുന്നു. “ആഹ്. അതൊക്കെ വിട്. നമ്മളെന്താ പറഞ്ഞു വന്നത്. ആഹ്.
നിന്റെ രാജിനെ തിരിച്ചു തരണം എന്നോ? ഏട്ടൻ എപ്പോഴാ നിന്റെ ആയത്?” “ഞങ്ങൾ പരസ്പരം ജീവന് തുല്യം സ്നേഹിക്കുന്നവർ ആണ്” അവൾ വീറോടെ പറഞ്ഞു. സത്യത്തിൽ എനിക്കവളോട് സഹതാപം മാത്രമാണ് തോന്നിയത്. “സ്നേഹിക്കുന്നവർ ആണെന്നോ സ്നേഹിച്ചവർ ആണെന്നോ?” “അത്.. അത്.. സ്നേഹിച്ചിരുന്നു. ഇപ്പോഴും സ്നേഹിക്കുന്നുണ്ട്” “ഹ്മ്മ.. അങ്ങനെ നിങ്ങൾക്ക് പരസ്പരം പിരിയാൻ കഴിയാത്ത സ്നേഹം ഉണ്ടെങ്കിൽ പിന്നെ ഞാൻ നിങ്ങളുടെ ഇടയിൽ നിൽക്കുന്നതിൽ അർത്ഥം ഇല്ലല്ലോ.”
അത് കേട്ടപ്പോൾ പെണ്ണിന്റെ മുഖം ഒക്കെ പൂത്തിരി കത്തിയപോലെ ആയി. വെള്ളം ഒഴിച്ചു കെടുത്തും ഞാനത്. ഹല്ല പിന്നെ. “രാജുവേട്ടനെ ഇത്ര ഇഷ്ടമാണെങ്കിൽ പിന്നെ നീ എന്തിനാ ആ കല്യാണത്തിന് സമ്മതിച്ചത്?” “അത്.. അത് പിന്നെ.. വീട്ടിൽ അച്ഛനൊക്കെ നിർബന്ധിച്ചപ്പോൾ…” ഞാൻ നന്നായൊന്ന് ചിരിച്ചു. “എന്നിട്ട് മഹി പറഞ്ഞത് നിന്റെ അച്ഛൻ പൃഥ്വിയുടെ കാര്യം നോക്കാം എന്നും പ്രായം ഇത്രയല്ലേ ആയിട്ടുള്ളൂ നീയൊരു ജോലി വാങ് എന്നും പറഞ്ഞപ്പോ നിനക്കായിരുന്നു ദുഫായ്ക്കാരനെ കെട്ടാൻ തിടുക്കം എന്നാണല്ലോ.”
അവൾ വിളറി വെളുക്കുന്നത് ഞാൻ ആസ്വദിച്ചു നിന്നു. മഹി അവളുടെ അനിയൻ ആണ്. രാജുവേട്ടൻ അവരുടെ കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ ഒരു സംശയം തോന്നീട്ടു ഞാൻ അവനോട് അന്വേഷിച്ചിരുന്നു. എന്റെ കൂട്ടുകാരി ഒരുപാട് മാറി പോയെന്ന് ഞാൻ മനസിലാക്കിയത് അപ്പോഴാണ്. “മോളെ. മഞ്ചൂ.. കട്ടൻ ചായ എനിക്കിഷ്ടമാണ്. എന്നുവച്ചു ദിവസം മുഴുവൻ അത് കുടിക്കാൻ പറ്റുവോ? വയറു ഉണങ്ങി പോകില്ലേ? അതുപോലെ സൗഹൃദത്തിന് ഞാനെന്നും വില കല്പിച്ചിട്ടുണ്ട്.
എന്നും പറഞ്ഞു നിന്റെ പാവം കെട്ടിയോന്റെ കഴുത്തിൽ തൂങ്ങി ഓരോന്ന് വാങ്ങി എടുക്കുന്നത് പോലെ എന്റടുത്ത് വന്നാൽ ചൂലെടുത്ത് അടിക്കും ഞാൻ. മനസിലായോ?” എന്നിൽ ആദ്യമായി ഇത്തരം ഒരു ഭാവം കാണുന്നത് കൊണ്ടാകും, പെണ്ണൊന്ന് പേടിച്ചിട്ടുണ്ട്. “അപ്പോ എല്ലാം പറഞ്ഞതുപോലെ. നേരെ പോയി റൈറ്റ്. നാലാമത്തെ വീട്. മുറ്റത്തു മുല്ലയൊക്കെ ഇഷ്ടപോലെയുണ്ട്. അത് അടയാളം വച്ചോ. വഴി തെറ്റേണ്ട.” ഞാൻ എഴുന്നേറ്റു. അവളെന്നെ പകച്ചു നോക്കി അതേ ഇരിപ്പാണ്. “അല്ല. വന്ന വഴി മറക്കുന്നവൾ ആണല്ലോ. അതുകൊണ്ട് ഒന്നു പറഞ്ഞു തന്നതാ” അതുകൂടി കേട്ടതോടെ പെണ്ണ് അങ്ങു ചമ്മി നാശമായി.
പിന്നേം പൂത്തിരി കത്തുന്നപോലെ ആ മുഖം തിളങ്ങുന്നത് കണ്ടു നോക്കുമ്പോൾ നേരെ മുന്നിൽ നടന്നു വരുന്ന ഏട്ടനെയും അച്ഛനെയും കണ്ടു. എന്റെ ഹൃദയം വീണ്ടും ബാൻഡ് മേളം കേൾപ്പിക്കാൻ തുടങ്ങി. മൂന്ന് നേരവും ആഭിജാത്യം ഇട്ട് പുഴുങ്ങിയാൽ വിശപ്പ് മാറില്ല എന്നു മനസിലായപ്പോൾ, അതോ വിവാഹം കഴിഞ്ഞ മകളെക്കൊണ്ട് വീട്ടുചിലവ് നടത്തിക്കാതെ ഇരിക്കാൻ ആണോ, അച്ഛൻ ഇപ്പോ പറമ്പിൽ നന്നായി പണി എടുക്കുന്നുണ്ട്. അതിന്റെ ഗുണം കാണാനും ഉണ്ട്. താനൊഴികെ വീട്ടിൽ എല്ലാവരും ആളെ സഹായിക്കാൻ ചെല്ലും, ചിന്നു അടക്കം.
പിന്നെ പശുവിൻ പാൽ, തൈര്, നെയ്യ്, ആട്ടിൻ പാൽ, വെള്ളേപ്പം… അങ്ങനെ എല്ലാം നന്നായി പോകുന്നുണ്ട്. ഇപ്പോ അപ്പുവും ചിന്നുവും കൂടി കിച്ചുവിന്റെ ഇരുപതാം പിറന്നാൾ ആഘോഷിക്കാൻ പോയതാണ്. അല്ലെങ്കിൽ തേപ്പ് പെട്ടി കണക്റ്റ് ആകുന്നതിനു മുൻപ് തന്നെ അതിന്റെ ഫ്യൂസ് അവർ ഊരിയേനെ. അച്ഛനും ഏട്ടനും പറമ്പിൽ നിന്ന് ക്ഷീണിച്ചാണ് വന്നത്. ഞങ്ങളെ കാണാത്തത് കൊണ്ട് ഏട്ടൻ നേരെ പൈപ്പിൻ ചുവട്ടിലേക്ക് പോയി. പിന്നാലെ അച്ഛനും. ആൾ കയ്യും കാലും കഴുകി വന്നപ്പോഴാണ് ഞങ്ങളെ കണ്ടത്. മഞ്ജു എന്നെയൊന്ന് നോക്കി. എന്നിട്ട് ഓടിപ്പോയി ഏട്ടന്റെ കയ്യിൽ തൂങ്ങാൻ നോക്കി.
എന്റെ ചുന്ദരൻ ആരാ മോൻ. നൈസ് ആയി മാറി നിന്നു. തേപ്പ് പെട്ടി ചമ്മി. എനിക്കങ്ങു സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി. മഞ്ജു എന്നെ നോക്കി ഒന്ന് പുച്ഛിച്ചു. പിന്നെ ഏട്ടനോട് എന്തൊക്കെയോ പറയുന്നത് കണ്ടു. ഏട്ടന്റെ ഇപ്പോഴും ജീവൻ ആണെന്നും വീട്ടുകാരുടെ നിർബന്ധം സഹിക്കാൻ വയ്യാതെയാണ് കല്യാണം കഴിച്ചതെന്നും ഭർത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നും ഒടുവിൽ ആത്മഹത്യയുടെ വക്കിൽ ആണ് അവളെന്ന വരെ പറഞ്ഞു.
അവസാനത്തെ വാചകം കേട്ടപ്പോൾ ചെറിയൊരു പേടി തോന്നാതിരുന്നില്ല. തേപ്പ് പെട്ടി ആണെങ്കിലും ഒരിക്കൽ ചങ്കിൽ കൊണ്ടു നടന്നവൾ ആണ്. അവൾക്കൊരു വേദന എന്നു കണ്ടാൽ ചിലപ്പോ… ഏട്ടൻ ആണെങ്കിൽ ഒരു കയ്യകലത്തിൽ നിന്ന് വൾ പറയുന്നതെല്ലാം കേൾക്കുന്നുണ്ട്. ഇത്ര ശ്രദ്ധ എന്തിനാണാവോ. ഇവൾ ഇനി ഇത് കഴിഞ്ഞു ക്വസ്റ്റിൻ വല്ലതും ചോദിക്കുന്നുണ്ടോ? വിറയ്ക്കുന്ന കാലടികളോടെ ഞാൻ അവർക്കടുത്തേക്കു നടന്നു. ഏട്ടൻ പെട്ടന്ന് എന്നെ കയ്യിൽ പിടിച്ചെടുപ്പിച്ചു ചേർത്തു പിടിച്ചു. “അപ്പൊ ശരി മഞ്ജിമ. ഞങ്ങൾക്ക് ഊണ് കഴിക്കാൻ സമയം ആയി.
വീട്ടിലേക്കുള്ള വഴി മറന്നിട്ടില്ലല്ലോ അല്ലെ…” എന്നെ ചേർത്തുപിടിച്ചു തന്നെ ഏട്ടൻ ഉമ്മറത്തേക്ക് കയറി. വീട്ടിനുള്ളിലേക്ക് കയറും മുൻപ് തിരിഞ്ഞു നോക്കുമ്പോൾ കണ്ടു, പ്ലിങ്ങിയ ഭാവത്തിൽ നിൽക്കുന്ന മഞ്ജുവിനെ. “അമ്മൂ. ആ കുട്ടി പോയോ..” “ആഹ് പോയി” ഞാൻ വല്യ താല്പര്യം ഇല്ലാത്തപോലെ പറഞ്ഞു. “അയ്യോ കഷ്ടായല്ലോ. ഊണ് കഴിക്കാൻ നില്കാത്തത് എന്താവോ?” “എന്നാൽ പിന്നെ വിളിച്ചു മടിയിൽ ഇരുത്തി വാരി കൊടുക്ക്, വെള്ളപ്പാറ്റയ്ക്ക്” പെട്ടന്നൊരു ദേഷ്യത്തിൽ പറഞ്ഞതാണ്.
അമ്മ ഇതെന്ത് കൂത്ത് എന്ന ഭാവത്തിൽ നോക്കുന്നത് കണ്ടു. ഞാൻ വേഗം അടുക്കളയിലേക്ക് വലിഞ്ഞു. ഫ്രിഡ്ജിൽ നിന്ന് സംഭാരം എടുത്തു ഗ്ലാസിലേക്ക് പകർത്തും മുന്നേ പ്രതീക്ഷിച്ച കരങ്ങൾ എന്ന് വരിഞ്ഞുമുറുക്കി. കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുക്കാനുള്ള സന്തോഷത്തിൽ മനസ് തുടികൊട്ടുന്നുണ്ടെങ്കിലും ഞാനൊരു ദേഷ്യത്തിൽ ആവരണം എടുത്തണിഞ്ഞു. “എന്ത് പറ്റി..?” ആർദ്രമാണ് ശബ്ദം. എന്റെ മനസ് വായിച്ചെന്നപോലെ തോന്നി. “എന്ത്?” ഞാൻ തിരിഞ്ഞു നിന്നു. “അവളെന്തു പറഞ്ഞു? എന്റെ പെണ്ണിനിത്ര ദേഷ്യം വരാൻ?” “ആഹ്. അവളെന്തെങ്കിലും പറഞ്ഞിട്ട് പോകും.
അതിനിപ്പോ എനിക്കെന്തിനാ ദേഷ്യം?” “ഒട്ടും ദേഷ്യമില്ല..???” ഒന്നൂടെ ചേർന്നു നിന്നിട്ടാണ് ചോദ്യം. “ഇല്ല” ഞാൻ മുഖത്തു നോക്കാതെ പറഞ്ഞു. “അപ്പോ ഞാൻ അവളുടെ കൂടെ പോയിരുന്നെങ്കിലോ?” “തുമ്മിയാൽ തെറിക്കുന്ന മൂക്ക് ആണെങ്കിൽ അങ്ങു പോട്ടെ എന്നു വയ്ക്കും ഞാൻ” “ശരിക്കും?” ആൾ എന്നോട് ഒന്നൂടെ ചേർന്നുവന്നു. കണ്ണിലേക്ക് തന്നെയാണ് നോട്ടം. ആ മുഖത്തു നോക്കി കള്ളം പറയാനും പറ്റുന്നില്ലല്ലോ എനിക്ക്. കണ്ണാ. നിന്റെ മനുഫാക്ച്ചറിങ് ഡിഫക്റ്റ് ആണ് കേട്ടോ. ഞാൻ ആഞ്ഞൊരു കടി അങ്ങു കൊടുത്തു. ശബ്ദം ഉണ്ടാക്കാൻ പോയപ്പോൾ വായ പൊത്തിപിടിച്ചു. ആളെന്നെ നോക്കിനിന്നു.
പിന്നെ ഒന്ന് ശാന്തമായി. “അങ്ങനെങ്ങാൻ അവളുടെ പുറകെ പോയിരുന്നെങ്കിൽ കൊന്നേനെ ഞാൻ രണ്ടിനേം.” ഞാൻ പറഞ്ഞത് കേട്ട് ആ മുഖത്തൊരു ചിരി വിരിഞ്ഞു. എനിക്ക് വേണ്ടി മാത്രം വിരിയുന്ന സുന്ദരമായ പൂവുപോലൊരു പുഞ്ചിരി. “എന്നാലും… അവൾക്കിട്ടൊന്ന് പൊട്ടിക്കാമായിരുന്നു” ഞാൻ പറഞ്ഞു. “എന്തിന്? ഫ്യൂസടിച്ച ബൾബ് പോലെ അവളുടെ ആ നിൽപ്പ് കണ്ടാൽ പോരെ..? അല്ലെങ്കിലും അവൾക്ക് എന്നോട് പരിശുദ്ധ പ്രണയം ഒന്നും അല്ലെന്ന് നിനക്കറിഞ്ഞൂടെ നിവി? നമ്മൾ വിവാഹം കഴിച്ചത് അറിഞ്ഞപ്പോൾ ഒരു കുശുമ്പ്.
കെട്ടിയോൻ പഴയപോലെ സ്നേഹിക്കുന്നില്ല എന്നൊരു തോന്നൽ. അപ്പോ എന്നെ കൂടെ നിർത്തിയാൽ ഞാൻ അവൾക്ക് വേണ്ടി കാത്തിരിക്കുന്നു, തിരികെ വിളിക്കുന്നു എന്നൊക്കെ പറഞ്ഞ് അവനെ സോപ്പിടാം. അതെങ്ങാനും ആയിരിക്കും മനസിൽ.” കേട്ടപ്പോൾ എനിക്കും അത് ശരിയായി തോന്നി. “നീ എന്തുകൊണ്ടാ ഹരിയെ അവൾക്ക് വിട്ട് കൊടുത്തത്” രാത്രി ആ നെഞ്ചിൽ തലവച്ചു കിടക്കുമ്പോഴാണ് ഏട്ടന്റെ ചോദ്യം. “വിട്ടു കൊടുത്തു എന്നൊക്കെ ഒരു ഭംഗിക്ക് പറയുന്നതല്ലേ ഏട്ടാ.
ഹരിയേട്ടൻ ഒരിക്കലും എന്റേത് ആയിരുന്നില്ല, ഒരിക്കലും.” ഞാൻ ഉറപ്പോടെ പറയുന്നത് കേട്ട് ആളെന്നെ ഒന്നു തലതാഴ്ത്തി നോക്കി. “അപ്പോ മഞ്ജുവിന് എന്നെ വിട്ട് കൊടുക്കാത്തതോ? ഞാൻ നിന്റെ ആണോ?” ഒരു കടികൂടെ കൊടുത്തു ഞാൻ. തിരിച്ചും കിട്ടി. അടികൂടി മതിയായപ്പോൾ ഞങ്ങൾ വീണ്ടും കിടന്നു. “അതിപ്പോഴും ഏട്ടന് മനസിലായിട്ടില്ലേ? സ്വന്തമായതിനെ വിട്ട് കൊടുക്കാൻ ആർക്കെങ്കിലും പറ്റുമോ ഏട്ടാ?” ആളെന്നെ ഒന്നൂടെ മുറുക്കെ പുണർന്നു. ഞാൻ തുടർന്നു: “മനസിൽ ഒന്നും ഉണ്ടായിരുന്നില്ല എന്നു പറഞ്ഞാൽ നുണയാകും. ഉണ്ടായിരുന്നു. അവൾ പെട്ടെന്ന് വന്നു അങ്ങനൊക്കെ പറഞ്ഞപ്പോൾ ഞാൻ ശരിക്കും പകച്ചുപോയി.
ഒരു നിമിഷത്തേക്കെങ്കിലും ഏട്ടനെ നഷ്ടമാകുമോ എന്നു ഭയന്നുപോയി. പിന്നെ അങ്ങനെ നഷ്ടപെട്ടാൽ പിന്നെ നമ്മൾ തമ്മിലുള്ളത് യഥാർത്ഥ സ്നേഹം അല്ലല്ലോ. ഒരിക്കൽ വേണ്ടെന്ന് വച്ചു പോയവൾ വീണ്ടും വന്നു കരഞ്ഞു കാണിച്ചാൽ പിറകെ പോകുന്നത് ആണുങ്ങൾക്ക് ചേർന്ന പണിയല്ല.” ഞാൻ ഒന്ന് കൊള്ളിക്കാൻ വേണ്ടി തന്നെയാണ് പറഞ്ഞത്. ആളെന്നെ നിമിഷ നേരം കൊണ്ട് കൈക്കുള്ളിലാക്കി. “നിനക്ക് സംശയം ഉണ്ടോ ഞാൻ ആണാണോന്ന്..?” ഞാൻ ചിരിയോടെ ആ നെഞ്ചിൽ മുഖം ഒളിപ്പിച്ചു.
തുടരും