Sunday, December 22, 2024
Novel

നിവേദ്യം : ഭാഗം 17

എഴുത്തുകാരി: ആഷ ബിനിൽ

കണ്ണാ… ഇതിപ്പോ രാജപ്പൻ എന്നെയും കൊണ്ട് ബാംഗ്ളൂരിന് പോകുന്ന കാര്യം അറിഞ്ഞാൽ ഞങ്ങൾ തമ്മിൽ അവിഹിതം ആണെന്നുവരെ കേൾക്കേണ്ടി വരും. അയാളുടെ കൂടെ അങ്ങനെ വല്ലതും കേൾക്കുക എന്നൊക്കെ പറഞ്ഞാൽ അത് പബ്ലിക് ടോയ്ലറ്റിന്റെ സൈഡിൽ പൂച്ചെടി വച്ചു പിടിപ്പിക്കുന്നത് പോലെയാണ്. എന്താ ഇപ്പോ ഒരു വഴി..? അത് തന്നെ. സലാം ദീപക് ഭായ്. ദീപക്ക് എന്നെ റെഫർ ചെയ്തു എന്നു വരണം. കഴിഞ്ഞ കുറെ മാസങ്ങളായി ബെസ്റ്റ് കോഴി ഓഫ് ദി മന്ത് അവാർഡ് വാങ്ങിക്കുന്ന മുതൽ ആണ്.

കുറച്ചു നുറുക്കലരിയോ ഗോതമ്പോ ഇട്ട് കൊടുത്താൽ ഇങ്ങു പൊന്നോളും. “ദീപക്കേട്ടാ…” “ആഹ്. ഇതാരാ നിവി മോളോ..? വേണ്ട. എന്നോട് മിണ്ടെണ്ട. ഞാനിന്നലെ വാട്‌സ്ആപ്പിൽ മെസേജ് അയച്ചിട്ടു റിപ്ലൈ തന്നില്ലല്ലോ..?” ഓഹ്. ഇതൊക്കെയാണ് കോഴി. നല്ല ഗിരിരാജൻ കോഴി. ഇങ്ങനെ ഒലിപ്പിച്ചു ചാടിക്കാനും വേണം ഒരു റേഞ്ച്. രാജപ്പനൊക്കെ വെറും ശിശു..! “അത്.. ദീപക്കേട്ടാ… ഞാൻ.. കുറച്ചു ദിവസമായി ഞാൻ നല്ല മൂഡിൽ അല്ല. ഭയങ്കര വിഷമം.” അത്രയും പറഞ്ഞപ്പോഴേക്കും ആൾ കസേര റോൾ ചെയ്ത് എന്റടുത്തേക്ക് നീക്കിയിട്ടു കയ്യിൽ പിടിച്ചുകൊണ്ടായി സംസാരം.

നാശം പിടിക്കാൻ നല്ല സ്വഭാവം ആണെങ്കിൽ ഞാൻ കരണം പുകച്ചൊരെണ്ണം കൊടുത്തേനെ. ഇതിപ്പോ ആവശ്യം എന്റേതായി പോയല്ലോ. ഞാൻ നൈസ് ആയി തലയ്ക്ക് സപ്പോർട്ട് ചെയ്യുന്നത് പോലെ കൈ വലിച്ചു. “നിവി.. എന്താ മോൾടെ പ്രശ്നം? എന്തുണ്ടെങ്കിലും ദീപക്കേട്ടനോട് പറയ്. ഏട്ടൻ ശരിയാക്കി തരാം.” എല്ലാം ശരിയാക്കാൻ നിങ്ങളാര് LDF സർക്കാരോ? “അത്.. ദീപക്കേട്ട.. എന്റെ വലിയൊരു ആഗ്രഹം ആയിരുന്നെ, ഈ IAA സമ്മിറ്റിന് പങ്കെടുക്കണം എന്നുള്ളത്. MBA പഠിക്കുന്ന സമയത്ത് കൊച്ചിയിൽ വച്ചു നടന്നപ്പോൾ എന്റെ ഫ്രണ്ട്സ് എല്ലാവരും പങ്കെടുത്തു.

ഫ്‌ളൂ വന്നത് കൊണ്ട് എനിക്ക് മാത്രം പോകാൻ പറ്റിയില്ല. അന്ന് ഞാൻ ശപഥം ചെയ്തതാ, ജോലി കിട്ടി കഴിയുമ്പോൾ ലോകത്ത് എവിടെ നടന്നാലും പോകും എന്ന്. പക്ഷെ ഇതിപ്പോ… ദീപക്കേട്ടന് നല്ല കഴിവും അനുഭവ പരിചയവും ഒക്കെ ഉള്ളത് കൊണ്ട് എട്ടനല്ലേ ചാൻസ് കിട്ടിയത്. ഇത്തവണയും എനിക്ക് പോകാൻ പറ്റൂലല്ലോ… അതാ…” രണ്ടുമൂന്ന് തുള്ളി കണ്ണീരും മിക്സ് ചെയ്ത് അവതരിപ്പിച്ചതോടെ ഗിരിരാജൻ ഫ്ലാറ്റ്. ആൾ തന്നെ എന്നെ കൂടെ കൊണ്ടുപോകാൻ കോഴിയോട് സംസാരിക്കാം എന്നു പറഞ്ഞു.

മൂപ്പർക്ക് ഒരു സന്തോഷത്തിന് ഒരല്പം തവിടും കൂടി ഇട്ട് കൊടുത്തു ഞാൻ എഴുന്നേറ്റപ്പോൾ ദേ മുറ്റത്തൊരു കോഴി. എല്ലാം കേട്ടു എന്ന് മുഖം കണ്ടാൽ തന്നെ അറിയാം. ഞാൻ ഒന്ന് ഇളിച്ചു കാണിച്ചിട്ട് സീറ്റിലേക്ക് വന്നിരുന്നു. ദീപക്ക് അന്നുതന്നെ കോഴിയോട് സംസാരിച്ച് എന്റെ ബാംഗ്ലൂർ ട്രിപ്പ് ഓക്കെയാക്കി തന്നു. അത് ഓഫീസിൽ മുഴുവൻ ഫ്‌ളക്‌സ് അടിച്ചും മൈക്ക് സെറ്റ് വച്ചും അനൗൺസും ചെയ്തു. എല്ലാവരും ഇനി വിശാലമനസ്കനായ ആശാൻ ദീപക്കിന്റെ വീരഗാഥകൾ വാഴ്ത്തിപ്പാടും എന്നു വിചാരിച്ചു നടക്കുന്നത് കണ്ടു.

അന്ന് മുതൽ അങ്ങേര് ഡെയിലി ഒന്നുവീതം മൂന്ന് നേരം അയക്കുന്ന ഗുഡ് മോണിംഗ്, ഗുഡ് നെറ്റ്, ഊള ഫോർവേഡ് മെസേജുകൾ ഒക്കെത്തിനും 😁👍 റിപ്ലൈ കൊടുത്തു ഞാൻ മടുത്തു. ഓഫീസിൽ വചുള്ള ഒലിപ്പീര് വേറെ. ഇതിലുംഭേദം അപ്പച്ചിയുടെ തള്ള് കേൾക്കുന്നതായിരുന്നു എന്നുവരെ തോന്നിപ്പോയി..! ഞാനിതൊന്ന് പോയി വന്നോട്ടെ, നിന്റെ പപ്പും പൂടയും പറിച്ചു മപ്പാസ് വച്ച് അത് നിന്നെക്കൊണ്ട് തന്നെ കഴിപ്പിക്കുമെടാ കള്ള ബടുവാ. ഹല്ല പിന്നെ. സഹിക്കുന്നതിനും ഒരു പരിധിയില്ലേ.

കറവയുള്ള രണ്ടു പശുക്കളും അവരുടെ കുട്ടികളും കൂടാതെ മൂന്നാല് ആടുകളും ഞങ്ങളുടെ വീട്ടിൽ വളർന്നുതുടങ്ങി. അച്ഛനും അമ്മയും പറമ്പിൽ പണി ചെയ്തു തുടങ്ങി. ആദ്യശ്രമമായി പുല്ലും പച്ചക്കറികളും കപ്പയും ആണ് തുടങ്ങിയത്. കോഴി കൃഷി തുടങ്ങിയെങ്കിലും മുതലാകുന്നില്ല എന്നുകണ്ട് ഒരുമാസത്തിനകം അത് നിർത്തി. എന്തായാലും പാൽ വിൽപനയും വെള്ളേപ്പം വിൽപനയും ഞങ്ങൾക്ക് സാമ്പത്തികമായി ഒരുപാട് ഗുണം ചെയ്തു. നാളെ വൈകിട്ടാണ് ഞങ്ങൾ ബാംഗ്ലൂർ പോകുന്നത്.

ദേവച്ചനും ശ്രീദേവിയമ്മയും കാണണം എന്ന് പറഞ്ഞു വിളിച്ചു. എങ്കിൽ പിന്നെ അവരോട് ലുലു മാളിലേക്ക് വരാൻ പറഞ്ഞു ഞാൻ. അവരുടെ ആരുമല്ലാത്ത എന്നെ ഇത്രമാത്രം സ്നേഹിക്കുന്ന ആ അച്ഛനും അമ്മയും എനിക്കൊരു അത്ഭുതമാണ്. മാളിൽ എത്തിയപ്പോഴേക്കും രണ്ടാളും വന്ന് കഴിഞ്ഞിരുന്നു. “മിടുക്കി ആയിട്ടുണ്ട് അമ്മേടെ മോള്..” അമ്മ എന്നെ കണ്ടതും ഓടിവന്നു. “എന്നാലും എന്റെ ശ്രീദേവിയമ്മയുടെ അത്ര വരില്ല. അയ്യോ… ഉണ്ണിക്കുട്ടൻ എവിടെ?” “അവൻ ഹരിയുടെയും എഡ്വിയുടെയും കൂടെയുണ്ട് മോളെ. ഇന്നവർക്ക് അവധിയാണ്” അച്ഛനാണ് മറുപടി പറഞ്ഞത്.

“ഓഹോ. മോൻ നന്നായ ഗ്യാപ്പിൽ ഭാര്യയേം കൊണ്ട് കറങ്ങാൻ ഇറങ്ങിയെക്കുവാല്ലേ കള്ള കിളവാ. എന്നിട്ട് എന്നെ കാണാൻ ആണെന്നൊരു പേരും..” അച്ഛന്റെ മൂക്കിൽ പിടിച്ചു വലിച്ചു പറഞ്ഞുകൊണ്ട് ഞാൻ നോക്കിയത് കോഴിയുടെ മുഖത്തേക്കാണ്. ഇയാളെന്താ ഇവിടെ? നോക്കി നിൽക്കുമ്പോഴേക്കും ആളിങ്ങെത്തിക്കഴിഞ്ഞു. “ഹായ് നിവേദ്യാ.. എന്താ ഇവിടെ? ആരാ ഇത്?” ഷോപ്പിംഗ് മാൾ അല്ലെ സാറേ. ഒന്നു ചൂണ്ടയിടാൻ ഇറങ്ങിയതാണ്. “ഹായ് സർ.. ഇത്.. ഹരിയേട്ടന്റെ പേരന്റ്സ് ആണ്. ഞങ്ങൾ വെറുതെ…” വന്ന സ്ഥിതിക്ക് മുതലിനെ അവർക്കൊന്ന് പരിചയപ്പെടുത്താം എന്നു കരുത്തിയപ്പോഴേക്കും കോഴി തന്നെ ചാടി വീണു കൈ കൊടുത്തു. “ഹായ് സർ.

ഞാൻ നിവേദ്യയുടെ ബോസ് ആണ്. പൃഥ്വിരാജ് മോഹൻ.” “ഹായ്. മോൻ ഷോപ്പിംഗിന് വന്നതാണോ?” അല്ല. മാൾ വിൽക്കാനുണ്ട് എന്നു കേട്ട് വന്നതാ. അച്ഛൻ എന്തിനാ ഈ കോഴിയോട് ഇത്ര സംസാരിക്കുന്നത്? “നാളെ കമ്പനി ആവശ്യത്തിന് ബാംഗ്ലൂർ പോകുകയാണ് ഞാൻ. നിവേദ്യയും ഉണ്ട് കൂടെ. അപ്പോ കുറച്ചു ഷോപ്പിംഗ് ആകാം എന്നുവച്ചു.” “ആഹാ. എന്നിട്ട് മോള് പറഞ്ഞില്ലല്ലോ?” പിന്നേ. ബാംഗ്ലൂർ പോകുവാണെന്നും പറഞ്ഞ് നാട് നീളെ ഫ്ലെക്സ് അടിക്കാം ഞാൻ. “ഹിഹി.. അതിന് നമ്മൾ ഇങ്ങു വന്നതല്ലേ ഉള്ളൂ അമ്മേ..” പിന്നെ അച്ഛനും കോഴിയും കൂടി പരസ്യവിപണിയിലെ പുത്തൻ സാധ്യതകൾ മുതൽ ഉത്തരകൊറിയൻ പ്രസിഡന്റിന്റെ കുപ്പായം വരെയുള്ള കാര്യങ്ങളെക്കുറിച്ചു ചർച്ച ചെയ്തു.

ഒടുവിൽ കോഴിയുടെ വായിലെ വെള്ളം വറ്റി എന്നു തോന്നുന്നു. “ഓക്കെ. എന്നാൽ യൂ ക്യാരി ഓൺ. ഞാനങ്ങു ചെല്ലട്ടെ..” കോഴി കൊത്തിപെറുക്കി പോകുന്നത് കണ്ടു. അച്ഛനും അമ്മയും കൂടി ഒരാഴ്ച ബാംഗ്ലൂർ പോകുന്ന പേരും പറഞ്ഞ് എനിക്ക് അടുത്ത ഒരു വർഷത്തേക്കുള്ള ഡ്രെസ് എടുത്തു തന്നു. ഇവർ കുടുംബമായി ആജീവനാന്തകാല ഷോപ്പിംഗിന്റെ ആളുകൾ ആണല്ലോ. ഹരിയേട്ടൻ അച്ഛനോടും അമ്മയോടും ഒക്കെ കുറച്ചൂടെ അടുത്തു എന്നു പറയുന്നത് കേട്ടു. എഡ്വിയും. അതിന്റെ സന്തോഷം രണ്ടാൾക്കും ഉണ്ടായിരുന്നു.

അല്ലെങ്കിലും മക്കളുടെ സമീപ്യത്തിലും സ്നേഹത്തിലും വലിയ സന്തോഷം അവർക്കെന്താ ഉള്ളത്..! 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 ആദ്യമായിട്ടാണ് ഫ്ലൈറ്റിൽ കയറുന്നത്. അതിന്റെ എല്ലാ ടെൻഷനും എനിക്ക് ഉണ്ടായിരുന്നു. അപ്പു എന്നെ എയർപോർട്ടിൽ കൊണ്ടുവിട്ടു. കോഴി പിന്നെ ഇന്നലെ രാത്രി ഇവിടെയാണ് പായും വിരിച്ചു കിടന്നതെന്ന് തോന്നുന്നു. കണ്ണാ.. കൂടെ നിന്നോണെ.. പണ്ടിങ്ങനെ ഞാൻ പ്രാർഥിച്ചത് ഹരിയേട്ടനുമായുള്ള കല്യാണ സമയത്താണ്. അന്ന് നീ ഫൗൾ കാണിച്ചു. ഇനിയും കാണിക്കുമോ? ഹേയ്. ഇല്ല. എന്റെ കണ്ണൻ പാവാണ്. ചെക്ക് ഇൻ എല്ലാം കഴിഞ്ഞു. ഫ്ലൈറ്റ് എനിക്കൊരു അത്ഭുതമായി തോന്നി.

വിമാനം പറന്നുയരുന്നതും താഴെയുള്ള കാഴ്ചകളും ഒരു കൊച്ചുകുഞ്ഞിനെ കൗതുകത്തോടെ ഞാൻ നോക്കിയിരുന്നു. കുറച്ചുനേരം കഴിഞ്ഞു നോക്കുമ്പോൾ ഒരു അവിഞ്ഞ ഇളിയുമായി എന്നെ നോക്കി ഇരിക്കുകയാണ് കോഴി. ഞാനും ഒന്ന് ഇളിച്ചു കാട്ടി. കണ്ണാ.. നാണക്കേടായല്ലോ. കുറച്ചു നേരം ഞാൻ ആ സൈഡിലേക്ക് നോക്കിയില്ല. കോഴിയും എന്തോ വായിക്കുന്നത് കണ്ടു. ഒരുപാട് നേരം ഒന്നും മിണ്ടാതിരിക്കാൻ എനിക്ക് കഴിയില്ലല്ലോ. രണ്ടും കല്പിച്ചു ഞാൻ സംസാരിച്ചു തുടങ്ങി: “സർ.. ഞാനൊരു കാര്യം ചോദിക്കട്ടെ?” ആൾ എന്താ എന്ന മട്ടിൽ എന്നെ നോക്കി. വായിലെ നാക്ക് ഇനി താഴെ വച്ചു മിസ് ആയോ?

“സർന് മഞ്ജുവുമായി അടുക്കാൻ കഴിയാതെ പോയത് ഞാൻ കാരണം അല്ലെ.. ആ ദേഷ്യം ഇപ്പോഴും ഉണ്ടോ എന്നോട്?” ദേ ചിരിക്കുന്നു. ഇനി നട്ട് ആണോ താഴെ മിസ് ആയത്? “നിവേദ്യാ… ഞങ്ങൾ തമ്മിൽ പ്രണയത്തിൽ ആയിരുന്നു. അവളുടെ കല്യാണം നടക്കുന്നതിന് ഒരാഴ്ച മുൻപ് വരെ.” ഇപ്പോൾ നട്ട് ലൂസ് ആയത് എന്റെയാണ്. പ്ലസ് റ്റു വരെ ഞാനും മഞ്ജുവും ഒരുമിച്ചാണ് പഠിച്ചത്. അവൾ ഒരിക്കലും ഇങ്ങനൊരു കാര്യം പറഞ്ഞിട്ടില്ല. “മഞ്ജു തന്നോടിത് പറഞ്ഞിട്ടില്ലല്ലോ എന്നല്ലേ ആലോചിക്കുന്നത്?”.

ഓഹോ. മൈൻഡ് റീഡിങ്ങും വശമുണ്ടോ പൃഥ്വിരാജിന്? “അവൾ പറഞ്ഞിട്ടില്ല. തന്നോടെന്നല്ല ആരോടും. പിന്നെ ദേഷ്യത്തിന്റെ കാര്യം. അതെനിക്കുണ്ട്. ഞങ്ങൾ തമ്മിൽ പ്രണയത്തിൽ ആയത് താൻ കാരണം ആണ്. അതിന്റെ ദേഷ്യം.” കണ്ണാ.. ഞാൻ കാരണമോ? ഞാനത് പൊട്ടിക്കാൻ അല്ലെ നോക്കിയിട്ടുള്ളൂ? “സർ.. എനിക്ക്.. എനിക്ക് മനസിലായില്ല.” കോഴി ചിരിച്ചു. “നിവേദ്യാ. താൻ അന്ന് എന്റെ ദേഹത്ത് നായ്‌ക്കുരണപ്പൊടി ഇട്ട് എനിക്ക് അലർജി ആയില്ലേ. അന്നെന്നെ ആശുപത്രിയിൽ കാണാൻ മഞ്ജിമ വന്നിരുന്നു.

അവളുടെ ഫോൺ നമ്പർ തന്നിട്ടാണ് മടങ്ങിയത്. പിന്നെ ആറര വർഷം ഞങ്ങൾ പ്രണയിച്ചു. ആരും അറിയാതെ, ആരോടും പറയാതെ. അവൾക്ക് ഇനി അങ്ങനൊരു ചീത്തപ്പേര് കൊടുക്കാൻ ഞാൻ ആഗ്രഹിച്ചില്ല എന്നതാണ് സത്യം. അവൾ ജനറൽ നേഴ്‌സിങ് കഴിഞ്ഞ സമയത്താണ് അഭിനവിന്റെ ആലോചന വരുന്നത്. ഞാനന്ന് ജോലിക്ക് കയറിയിട്ടേയുള്ളൂ. ദുബായ് എന്നൊക്കെ കേട്ടപ്പോൾ എന്നെക്കാൾ മെച്ചമാണ് എന്നു തോന്നി കാണണം. അല്ലെങ്കിലും ചേരേണ്ടവർ തമ്മിലല്ലേ ചേരൂ… പക്ഷെ.. എന്നോടൊരു വാക്ക് പോലും പറയാതെ പെട്ടന്നൊരു ദിവസം എല്ലാ കോൺടാക്റ്റും അവസാനിപ്പിച്ച് അവൾ പോയി.

എന്താ പറ്റിയത് എന്നുപോലും അറിയാതെ ഞാൻ നടന്നു. FBയിൽ പോലും അവളെന്നെ ബ്ലോക്ക് ചെയ്തിരുന്നു. പിന്നെ കുറെ അന്വേഷിച്ചപ്പോൾ അറിഞ്ഞത് അവളുടെ വിവാഹമാണ് മറ്റന്നാൾ എന്നായിരുന്നു. ആ വിവാഹത്തിന് ഞാനും പോയിരുന്നു. അവൾ മറ്റൊരാളിന്റെ ആകുന്നത് പൂർണമനസോടെ ഞാൻ കണ്ടുനിന്നു. അവൾ അന്നെത്ര ഹാപ്പി ആയിരുന്നു എന്നറിയോ? ആ കണ്ണുകളിലെ തിളക്കം… അതെനിക്ക് അപരിചിതമായിരുന്നു.” കോഴി കരയുകയാണ് എന്നു തോന്നി. ഞാനും വല്ലാതായി. “നന്നായിരിക്കട്ടെ..

എവിടെ ആയാലും.. അവൻ നന്നായിട്ടൊക്കെ നോക്കിയാൽ മതിയായിരുന്നു.” കോഴി പറഞ്ഞു. വേണ്ടെന്ന് വച്ചിട്ട് പോകുന്ന പെണ്ണിനെ കുത്തുകയും പെട്രോൾ ഒഴിക്കുകയും ചെയ്യുന്ന ആണുങ്ങൾ മാത്രമല്ല, അവൾ നന്നയിരിക്കട്ടെ എന്നു കരുതുന്നവരും ഉണ്ടല്ലേ.. എന്നാലും.. ഇത്രയും വലിയൊരു തേപ്പ് കിട്ടിയിട്ടും, അവൾ നന്നയിരിക്കട്ടെ എന്നു ചിന്തിക്കാൻ ഇയാൾക്ക് എങ്ങനെ കഴിയുന്നു? അല്ല.. അതാണല്ലോ സ്നേഹത്തിന്റെ മാജിക്. ഹരിയേട്ടൻ എന്നും നന്നായിരിക്കാൻ അല്ലെ ഞാൻ ആഗ്രഹിക്കുന്നത്. അതുപോലെ ആയിരിക്കും ഇതും.

തുടരും

നിവേദ്യം : ഭാഗം 16