Saturday, December 14, 2024
Novel

നിവേദ്യം : ഭാഗം 14

എഴുത്തുകാരി: ആഷ ബിനിൽ

“നിവി.. നീ എന്ത് കൂടോത്രം ആ ചെയ്‌തത്‌? സത്യം പറഞ്ഞോ” ഞാൻ അന്തംവിട്ടു വായും പൊളിച്ചു നിന്നുപോയി. കണ്ണാ.. ഇനി ആ കോഴിക്ക് വല്ല അപകടവും? ഹേയ്. “ഞാനെന്ത് ചെയ്തെന്നാടി?” “ഒന്നും ചെയ്യാതെ പിന്നെങ്ങനാ ഇവിടെ നമ്മൾ ഇത്രയും പേരുണ്ടായിട്ടും ഹിമാലയയുടെ ആഡ് സർ നിന്നെ ഏല്പിച്ചില്ലേ..? കൂടോത്രം അല്ലാതെ പിന്നെ അതെങ്ങനാ?” “യേത് ആഡ്‌?” എനിക്കൊന്നും മനസിലായില്ല. ഒടുവിൽ മരിയ തന്നെ മെയിൽ ഓപ്പൺ ചെയ്തു കാണിച്ചു തന്നു. ഹിമാലയയുടെ പ്രൊഡക്സിന്റെ ഒരു ആഡ്‌.

വലിയ പ്രോജക്ട് ആണ്. അത് എന്നെയാണ് കോഴി ഏല്പിച്ചിരിക്കുന്നത്. ഇതെന്റെ കോഴി അല്ല. എന്റെ കോഴി ഇങ്ങനല്ല. ഞാൻ ആളുടെ കാബിനിലേക്ക് ചെന്നു. “സർ.. ആ ഹിമാലയയുടെ ആഡ്..” “ആഹ്. നിവേദ്യാ. കം. സിറ്റ്. വീ ഹാവ് റ്റു ഡിസ്കസ് ഇറ്റ് ഇൻ ഡീടെയ്‌ൽ.” കണ്ണാ.. ഹിമാലയത്തിലേക്ക് ആണല്ലോ ഞാൻ ഐസ് വാട്ടറും കൊണ്ട് പോയത്. ഒരു ഒന്നൊന്നര മണിക്കൂർ കോഴി എന്നെ പഠിപ്പിച്ചു. കുറ്റം പറയരുതല്ലോ, ആൾക്ക് നല്ല അറിവുണ്ട്. എന്റെ ജോസഫ് സാറിന്റെ അനിയൻ ആയി വരും അക്കാര്യത്തിൽ. എല്ലാം കഴിഞ്ഞു ഞാൻ പോകാൻ എഴുന്നേറ്റു.

“പിന്നേയ്… ദേഷ്യം വരുമ്പോൾ വായിൽ തോന്നുന്നത് എന്തെങ്കിലും വിളിച്ചു പറയും എന്നത് സത്യം തന്നെയാണ്, പക്ഷെ തന്റെ പേഴ്‌സണൽ കാര്യങ്ങൾ പറഞ്ഞു നടക്കാനും മാത്രം ചീപ് അല്ല ഈ കോഴി രാജപ്പൻ” ഞാൻ എഴുന്നേറ്റത്തിലും സ്പീഡിൽ ഇരുന്നുപോയി. എന്റെ കണ്ണാ.. ഇയാൾക് ഈ പേര് അറിയാമായിരുന്നോ? “നിവേദ്യാ..” “ആഹ്. എന്താ സർ?” “തന്റെ മസിലളിയൻ അത്രയ്ക്ക് ലുക്ക് ആയിരുന്നോ?” ഓഹോ. ഇത് ചാത്തൻ സേവ തന്നെ. അല്ലെങ്കിൽ ഇതൊക്കെ ഇയാൾ എങ്ങനെ അറിയാനാണ്. “അത് പിന്നെ സർ എങ്ങനെ?…” “ഞാനിന്നലെ തന്റെ എക്സിന്റെ മോന് കുറച്ചു സ്വീറ്റ്സ് വാങ്ങിയിരുന്നു.

അത് തരാൻ വന്നപ്പോൾ താൻ തന്നെ പറയുന്നത് കേട്ടതാണ്. പിന്നെ ഞാൻ അവിടേക്ക് വന്നില്ല. വെങ്കിയുടെ അനിയൻ പാർഥി എന്റെ ക്ലാസ്മേറ്റ് ആയിരുന്നു. അവനോട് ചോദിച്ചപ്പോൾ പറഞ്ഞു കഥകളൊക്കെ. ഡിവോഴ്‌സ് ആയിട്ടും അവർക്കെല്ലാം തന്നെ വലിയ ഇഷ്ടമാണ് അല്ലെ..?” എന്തുകൊണ്ടോ അപ്പോഴെനിക്ക് കരച്ചിൽ വന്നു. ഞാൻ ഒന്നും മിണ്ടാതെ നിന്നു. എന്നാലും, കോഴി രാജപ്പൻ തന്നെ ആണോ ഇത്? മൂപ്പര് ഇത്ര പാവം ആയിരുന്നോ? ഇനി തലയ്ക്ക് വല്ല അടിയും കിട്ടിയോ? “ഡീ…” ങേ.. ഇയാളെന്താ അലറുന്നത്?

“ഒരു ചാൻസ് തന്നെനും പറഞ്ഞു തലയിൽ കയറാൻ നോക്കിയാൽ ഉണ്ടല്ലോ? പോയി പണി എടുക്കേടി” ആൾ മാറിയിട്ടില്ല. ഇത് കോഴി രാജപ്പൻ തന്നെ. അമ്പി മോഡിൽ നിന്ന് അന്യൻ മോഡ് ഓൺ ആയെന്ന് മാത്രം. ഞാൻ വേഗം സീറ്റിലേക്ക് വലിഞ്ഞു. പിന്നെ രണ്ടാഴ്ച ആ ആഡിന്റെ പിന്നാലെ തന്നെ ആയിരുന്നു. എന്റെ ഐഡിയ ഒന്നും കോഴിക്ക് പിടിക്കില്ല. കോഴിക്ക് പിടിക്കുന്നത് കമ്പനിക്ക് പിടിക്കില്ല. രണ്ടുപേർക്കും പിടിക്കുന്നതിന്റെ ബജറ്റ് ഓക്കെ ആകില്ല. അങ്ങനെ അത് നീണ്ടുപോയി.

ഒടുവിൽ മൂന്ന് ദിവസം ഊണും ഉറക്കവും ഉപേക്ഷിച്ചു ഞാനൊരു തീം ഉണ്ടാക്കി. അത് എല്ലാവർക്കും ഇഷ്ടപ്പെട്ടു. കമ്പനിക്ക് പ്രതേകിച്ച്. കോഴിയുടെ മുന്നിൽ വച്ചു തന്നെ അവരെന്നെ അഭിനന്ദിച്ചു. എനിക്കങ്ങു സന്തോഷമായി. ഇനി ഞാനൊരു കലക്ക് കലക്കും എന്റെ കറവേട്ടാ.. എവിടെ? അടുത്ത ദിവസവും യൂസ്ലെസ്സ്, സ്റ്റുപ്പിഡ് വിളികളും അടിമപ്പണിയും തന്നെ. എത്ര നന്നായി ജോലി ചെയ്താലും ഒരു നല്ലവാക്ക് കിട്ടില്ല. ചീത്തയ്ക്ക് കുറവുണ്ടോ, അതുമില്ല. എന്റെ മാത്രമല്ല, പ്രൈവറ്റ് സെക്ടറിൽ ജോലി ചെയ്യുന്ന മിക്കവരുടേയും അവസ്ഥ ഇതൊക്കെ തന്നെയാണ്.

ജോസഫ് സാറിന്റെ അവിടുത്തേക്കാൾ മെച്ചമാണ് ഇവിടെ. അത്രയും ആശ്വാസം. കോഴി ഇടയ്ക്കിടെ എന്നെ പൊരിക്കാൻ വിളിക്കും. ചിലപ്പോൾ ഒറ്റയ്ക്ക്, ചിലപ്പോൾ ഷെയർ ചെയ്യാൻ ആരെങ്കിലും ഒക്കെ കാണുകയും ചെയ്യും. ഇതിന്റെ തമാശ എന്താണെന് വച്ചാൽ, ഒക്കെ കഴിഞ്ഞു കാന്റീനിൽ ഭക്ഷണം കഴിക്കുമ്പോഴോ, പുറത്തുവച്ചു കാണുമ്പോഴോ, ആൾ ആ ഭാവമേ കാണിക്കാറില്ല. ഏറെ നാളായി പരിചയം ഉള്ള പ്രിയപ്പെട്ട ഒരാളെപ്പോലെയാണ് പെരുമാറ്റം. എന്നോട് മാത്രമല്ല, എല്ലാവരോടും ഇങ്ങനെയാണ്.

ഡ്യുവൽ പേഴ്സണാലിറ്റി ഡിസോഡർ..! അങ്ങനെ കമ്പനിയിലെ എന്റെ ആദ്യത്തെ ശമ്പളം കിട്ടി. ഒരു മാസം ആയിരിക്കുന്നു ഞാനിവിടെ… എത്ര വേഗമാണ് സമയം കടന്നുപോകുന്നത്. ജോലി അന്വേഷിച്ചു ഷൂസ് തേഞ്ഞ വെങ്കി അളിയന് ഒടുവിൽ വല്യച്ഛൻ ഒരു ഷോപ്പ് ഇട്ടുകൊടുത്തു. ആൾക്ക് ലേഡീസ് സ്റ്റോർ ആയിരുന്നു താല്പര്യം. അത് തുടങ്ങിയാൽ ഫുൾ ഫ്രീ സർവീസ് ആയിരിക്കും എന്ന് ഉറപ്പുള്ളത് കൊണ്ടു സ്‌കൂൾ സ്റ്റോർ ആണ് തുടങ്ങിയത്. അതാകുമ്പോൾ പോക്സോ പേടിച്ചു പുള്ളി ഒതുങ്ങി ഇരുന്നോളും എന്നു കരുതി.

പക്ഷെ പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാൻ ആണെന്ന് വല്യച്ഛനു മനസിലായത് പ്ലസ്റ്റുവിൽ പഠിക്കുന്ന ഒരു കുട്ടിയുടെ അച്ഛൻ വീട്ടിൽ കയറി തല്ലിയപ്പോൾ ആണ്. അതോടെ വെങ്കിയെ പെണ്ണ് കെട്ടിക്കാൻ തീരുമാനമായി. ഒരു മാസത്തിനുള്ളിൽ നിശ്ചയവും കല്യാണവും എല്ലാം നടത്താൻ ഉറപ്പിച്ചു. വെങ്കിയുടെ കല്യാണം ഉറപ്പിച്ചതോടെ ആജീവനാന്തകാല ഹണിമൂൺ നിർത്തിവച്ചു എഡ്വിയും ഹരിയേട്ടനും നാട്ടിലെത്തി. വെറുതെ കറങ്ങി നടക്കാൻ ലീവ് എടുത്തു രോഗികളെ ബുദ്ധിമുട്ടിച്ചത് കൊണ്ട് ഉണ്ടായിരുന്ന ജോലി പോയിരുന്നു.

നല്ല പേരുള്ള ഡോക്ടർമാർ ആയതുകൊണ്ട് തന്നെ വേറൊരു ജോലി കിട്ടാൻ അവർക്ക് ഒട്ടും പ്രയാസപ്പെടേണ്ടി വന്നില്ല. മോനെ നോട്ടമൊക്കെ ഇപ്പോഴും അച്ഛനും അമ്മയും തന്നെയാണ്. അവരും കൂടി വന്നതോടെ ഇടയ്ക്കിടെ എന്റടുത്തു വരാൻ അവർക്ക് കഴിയാതെയായി. വല്ല മെഡിസിനും പഠിച്ചാൽ മതിയായിരുന്നു… എന്താ സുഖം. ജോലിക്കും പോകാം വീട്ടിലും പ്രാക്ടീസ് ചെയ്യാം. നമ്മൾ ഒരു മാസം കൊണ്ട് സമ്പാദിക്കുന്നത് അവർ ഒരാഴ്ചകൊണ്ട് ഉണ്ടാക്കും. പണം അല്ല ജീവിതം എന്നൊക്കെ പറയാൻ കൊള്ളാം, ജീവിക്കാൻ പണം ഇല്ലാതെ പറ്റില്ലല്ലോ.

ഡിവോഴ്സിന് ശേഷം ഞാൻ വിവാഹം പോലെ ആള് കൂടുന്ന ഇടങ്ങളിൽ ഒന്നും പോകാറില്ലായിരുന്നു. ഇതിനും ഹരിയേട്ടനെ ഫേസ് ചെയ്യുന്ന കാര്യം ആലോചിച്ചു ഞാൻ ലീവ് കിട്ടില്ല എന്നു പറഞ്ഞതാണ്. ആ തെണ്ടി പാർഥി കോഴിയോട് പറഞ്ഞ് മൂന്ന് ദിവസത്തെ ലീവ് റെഡിയാക്കി. എന്തിന്..? കല്യാണത്തിന് പുതിയ ഡ്രസ് എടുക്കണമെന്ന് അപ്പുവിനും ചിന്നുവിനും നിർബന്ധം ആയിരുന്നു. ഞങ്ങളെല്ലാം കൂടി ജയലക്ഷ്മിയിൽ പോയി. ഞാനൊരു ഒലിവ് ഗ്രീൻ കളർ സാരിയാണ് എടുത്തത്. അതേ കളർ സൽവാർ ചിന്നുവിനും എടുത്തു. അവൾ അതിന്റെ ഫോട്ടോയൊക്കെ എടുക്കുന്നത് കണ്ടു.

അപ്പോൾ സ്വാഭാവികമായും കിച്ചുവും അതേ കളർ ആകും. ആകണമല്ലോ. അപ്പുവിന് ജീൻസും ഷർട്ടും ആണ് എടുത്തത്. എല്ലാം കഴിഞ്ഞു പോകാൻ ഇറങ്ങുമ്പോൾ അപ്പുവാണ് കണ്ടത്. “ചേച്ചി.. ദേ ഹരി അളിയൻ” ഡിവോഴ്‌സ് കഴിഞ്ഞെങ്കിലും അവനിപ്പോഴും ആൾ അളിയൻ തന്നെയാണ്. പുള്ളി എഡ്വിക്ക് സാരി തിരഞ്ഞെടുക്കുകയാണ്. അവരുടേത് മാത്രമായ ഒരു ലോകത്താണ് അവർ നിൽക്കുന്നത്.

മറ്റാരെയും അവർ കാണുന്നുപോലും ഇല്ലെന്ന് തോന്നി. “അവർ തമ്മിൽ ഭ്രാന്തമായ സ്നേഹമാണ് മോളെ” അമ്മയുടെ വാക്കുകൾ ഓർമവന്നു. മുള്ളുകൊണ്ട് കോറിയത് പോലൊരു വേദന എന്റെയുള്ളിൽ ഉളവായി. ഒരു വാക്ക് പോലും സ്നേഹത്തോടെ സംസാരിക്കാഞ്ഞിട്ടും, മറ്റൊരു പെണ്കുട്ടിയെ പ്രണയിക്കുന്നു എന്നറിഞ്ഞിട്ടും, എന്നെ ഒഴിവാക്കി അവളെ സ്വീകരിച്ചിട്ടും, വേര്പിരിഞ്ഞിട്ടു വർഷങ്ങൾ കഴിഞ്ഞിട്ടും, എന്തിനാണ് ഈ മനുഷ്യന്റെ സാനിധ്യം എന്നെ മുറിപ്പെടുത്തുന്നത്?

തുടരും

നിവേദ്യം : ഭാഗം 13