Monday, November 18, 2024
Novel

നിവേദ്യം : ഭാഗം 1

എഴുത്തുകാരി: ആഷ ബിനിൽ

ആഹാ…. പ്രഭാതം പൊട്ടി വിടരുന്നു. കിളികളുടെ കാളകളാരവം കേൾക്കാൻ തന്നെ എന്തു രസം..! ഈ വീട്ടിൽ ഞാൻ ഉറക്കം എഴുന്നേൽകുന്ന അവസാനത്തെ ദിവസം ആയിരിക്കണം ഇന്ന്. ഞെട്ടരുത്, മരിക്കാൻ പോകുകയൊന്നും അല്ല. ഇന്ന് എന്റെ കല്യാണം ആണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാനീ കിളികളുടെ ആരവം ഒന്നും കേൾക്കാറില്ലായിരുന്നു. വേറൊന്നും കൊണ്ടല്ല, രാവിലെ മൂന്നരയ്ക്ക് എഴുന്നേൽക്കേണ്ടി വരാറുണ്ട്. “അമ്മൂ.. എഴുന്നേറ്റില്ലേ നീയ്?” അമ്മയുടെ വിളി വന്നു. കെട്ടിപ്പിടിച്ചു കിടക്കുന്ന ചിന്നുവിന്റെ കയ്യെടുത്തു മാറ്റി ഞാൻ എഴുന്നേറ്റു. “ആഹ് അമ്മേ.. ദേ വരുന്നു” അമ്മു എന്നു വിളിക്കുന്ന നിവേദ്യ നാരായണൻ.

അതാണ് ഞാൻ. അച്ഛൻ നാരായണൻ, അമ്മ ലീല, അനിയൻ നിവിൻ എന്ന അപ്പു മെക്കാനിക്കൽ എഞ്ചിനീറിങ്ങിന് ഫസ്റ്റ് ഇയർ പഠിക്കുന്നു. അനിയത്തി നിരഞ്ജന എന്ന ചിന്നു. ഈ കൊല്ലം പത്തിലേക്കാണ്. അച്ഛൻ നാട്ടിലെ പേരുകേട്ട തറവാടിയാണ്. പുത്തേടത്ത് നാരായണമേനോൻ. ഇപ്പോ ജാംബവാന്റെ കാലത്തെ ഈ തറവാട് മാത്രം ആണ് സമ്പാദ്യം. അറിയാത്ത ബിസിനസ് ഒക്കെ ചെയ്ത് കയ്യിൽ ഉണ്ടായിരുന്ന പുരയിടവും പണവും ഒക്കെ തീർന്നതാണ് എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഞാനൊരു ആറിലും ഏഴിലുമൊക്കെ പഠിക്കുന്ന കാലം മുതൽ ഉമ്മറത്ത് ഒരു ചാരുകസേരയിൽ ഇരുന്നു ആലോചന ആണ് മൂപ്പരുടെ പണി.

ജോലിക്ക് പോകുന്നത് തറവാടിന്റെ അന്തസിനും ആഭിജാത്യത്തിനും ചേരാത്ത കാര്യം ആയതുകൊണ്ട് അമ്മാതിരി പരിപാടിക്കൊന്നും ആളെ കിട്ടില്ല. അമ്മ നന്നായി തയ്ക്കും. ആ പണവും അമ്മയുടെ വീട്ടുകാരുടെ സഹായവും ഒക്കെ കൊണ്ടാണ് അതുവരെ ജീവിച്ചത്. ഞാൻ എട്ടാം ക്ലാസിൽ അയപ്പോ മുതൽ അമ്മേടെ തയ്യൽ ഏറ്റെടുത്തു തുടങ്ങി. ഇപ്പോ അമ്മ അടുത്തൊരു ഫ്ലാറ്റിൽ പതുപതിനഞ്ചു വീടുകളിൽ പണിക്ക് പോകുന്നുണ്ട്. ഭാര്യയെ വീട്ടുജോലിക്ക് വിടുന്നത് ആഭിജാത്യത്തിന് പോരായ്ക അല്ലേന്ന് ചോദിച്ചപ്പോ അച്ഛൻ ചിരിച്ചു.

BSc സുവോളജി പഠിച്ചു ഒരു ടീച്ചർ ആകണം എന്നതായിരുന്നു ഒരു കാലത്തെ എന്റെ ഏറ്റവും വല്യ ആഗ്രഹം. പത്തിലും പ്ലസ് റ്റുവിലും തൊണ്ണൂറ്‍ ശതമാനത്തിനടുത്തു മാർക്ക് ഉണ്ടായിരുന്നു. അഡ്മിഷനും കിട്ടിയതാണ്. പക്ഷെ ഹോസ്റ്റൽ ഫീസും ചിലവും എല്ലാം കൂടി നടത്തി കൊണ്ടുപോകാൻ ആഭിജാത്യത്തിന്റെ കയ്യിൽ പൈസ ഇല്ല. അമ്മ ആണെങ്കിൽ റബ്ബർ ബാൻഡ് പോലെ വലിയുന്ന വീട്ടുചിലവിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ നെട്ടോട്ടം ആണ്. അതോടെ ഞാൻ ആ മോഹം വിട്ട് ബി കോമിന് ചേർന്നു. പ്ലസ് റ്റു സയൻസ് പഠിച്ച ഞാൻ ബി കോമിന് പോയത് എല്ലാവർക്കും കളിയാക്കാൻ ഉള്ള വക ആയി.

കോഴ്‌സ് കഴിഞ്ഞപ്പോഴേക്കും കോളേജിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയാണ് ഞാൻ അവർക്ക് മറുപടി കൊടുത്തത്. എംബിഎ യ്ക്ക് ചേരാൻ ആയിരുന്നു അപ്പോഴത്തെ ആഗ്രഹം. എൻട്രൻസും കിട്ടി. അപ്പോഴേക്കും അപ്പു എഞ്ചിനീറിങ് എൻട്രൻസും എഴുതി ഗവണ്മെന്റ് സീറ്റും വാങ്ങി വന്നു നിന്നിരുന്നു. പഠിക്കാൻ വിട്ടില്ലെങ്കിൽ അവൻ ആത്മഹത്യ ചെയ്യും എന്നു പറഞ്ഞുകളഞ്ഞു. രണ്ടാളെയും പഠിപ്പിക്കാൻ അമ്മയെക്കൊണ്ട് കൂട്ടിയാൽ കൂടില്ല. ആഭിജാത്യത്തിന്റെ കയ്യിൽ പിന്നെ ഒന്നും കാണില്ലല്ലോ. അതുകൊണ്ട് ഒരു വർഷത്തേക്ക് പഠനത്തിന് അവധി നൽകി ഞാൻ ജോലിക്ക് ശ്രമിച്ചു.

തട്ടീം മുട്ടീമിലെ ആർജുനേട്ടന്റെ അമ്മ മായാവതിയമ്മയെ പോലെ ഒരു അച്ഛമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. അങ്ങനെ ആണെങ്കിൽ ആദിയേട്ടനെ പോലെ ഒരു ചെക്കനേം കെട്ടി സുഖമായി ജീവിക്കാമായിരുന്നു. ഇതിപ്പോ ഉള്ള അച്ഛമ്മ കാശ് ഉള്ള ഇളയച്ഛന്റെ കൂടെയാണ് താമസം. അപ്പോ ആ വഴിയും നടക്കില്ല. അത്യാവശ്യം തയ്യൽ അപ്പോഴും ഉണ്ടായിരുന്നു. ഇതിനിടയിൽ കുറെ ഷോപ്പുകളിലേക്ക് വെള്ളെപ്പം ഉണ്ടാക്കി കൊടുക്കുന്ന പരിപാടി തുടങ്ങി.

അതിനാണ് വെളുപ്പിന് മൂന്നര മണിക്ക് എഴുന്നേൽക്കുന്നത്. ഇതുകൊണ്ടൊന്നും ആവശ്യത്തിന് പണം കിട്ടില്ല എന്നതുകൊണ്ട് ഞാൻ ഒന്നുരണ്ടിടത്ത് ജോലിക്കും അപേക്ഷിച്ചു. അങ്ങനെ ചെന്ന് പെട്ടത് ഒരു സിംഹത്തിന്റെ മടയിൽ ആണ്. ഉസ്താത് മഠത്തിൽ ദേവനാരായണൻ ഖാൻ. ഇന്റർവ്യൂവിലെ എന്റെ പെർഫോമൻസ് വല്ലാതെ ഇഷ്ടപ്പെട്ടതുകോണ്ട് അദ്ദേഹം എനിക്ക് അപ്പോയിന്റ്മെന്റ് തന്നു. ഓഫീസിൽ അല്ല, അദ്ദേഹത്തിന്റെ വീട്ടിൽ. മകന്റെ ഭാര്യ എന്ന പോസ്റ്റിലേക്ക്. മഠത്തിലെ ആലോചന വന്നപ്പോൾ ആഭിജാത്യത്തിന് ഭയങ്കര സത്തോഷം ആയിരുന്നു.

ചിന്തിക്കാൻ പോലും സാധിക്കാത്ത അത്ര വലിയ ബന്ധം ആണല്ലോ ഇത്. അമ്മക്ക് പക്ഷെ ആധി ആയിരുന്നു. വീട്ടുജോലിക്ക് പോലും അത്ര വലിയ കുടുംബക്കാർ നമ്മളെ എടുക്കില്ല. അവിടേക്കാണ് വിവാഹം കഴിപ്പിക്കാൻ ചോദിക്കുന്നത്. അപ്പുവിന്റെയും ചിന്നുവിന്റെയും പഠനം അവർ ഏറ്റെടുക്കാം എന്നു പറഞ്ഞതോടെ അമ്മയും ഫ്ലാറ്റ്. ഇത്രയും കാശ് മുടക്കി എന്നെ അവരുടെ മകന് കെട്ടിച്ചു കൊടുക്കണം എങ്കിൽ രണ്ടു സാധ്യത ആണ് ഉള്ളത്. ഒന്ന് നാട്ടുനടപ്പ് പോലെ തല്ലുകൊള്ളിയും പെണ്ണ് പിടിയനും മദ്യപനും ആയ മകനെ നന്നാക്കാൻ ഉള്ള അച്ഛനമ്മമാരുടെ അവസാനത്തെ അടവ്.

അതല്ലെങ്കിൽ എന്നെ രഹസ്യമായി പ്രണയിക്കുന്ന കഥാനായകൻ ആയിരിക്കണം അവരുടെ മകൻ. രണ്ടായാലും ഇന്നറിയാം. ഇതിലെ മറ്റൊരു കോമഡി, ഞാൻ ഇന്നുവരെ ചെക്കനെ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ല. എന്തിന് ഒരു ഫോട്ടോ പോലും കിട്ടിയിട്ടില്ല. പെണ്ണുകാണലിന് ആൾ വന്നില്ല. നിശ്ചയം ഉണ്ടായിരുന്നില്ല. ആഭിജാത്യത്തിനോട് ഇക്കാര്യം പറഞ്ഞപ്പോൾ ഇനി എന്നും കാണാമല്ലോ എന്നു പറഞ്ഞുകളഞ്ഞു മൂപ്പര്. ഉണ്ണിക്കണ്ണനെ മനസിൽ വിചാരിച്ച് എഴുന്നേറ്റു. കുളിച്ചു ഒരു സെറ്റും മുണ്ടും ഉടുത്ത് ചിന്നുവിന്റെയും കൂട്ടി അമ്പലത്തിൽ പോയി വന്നു.

കിട്ടുന്നത് സന്തോഷം ആയാലും സങ്കടം ആയാലും സഹിക്കാൻ ഉള്ള ശക്തി തരണേ എന്നു മാത്രം പ്രാർത്ഥിച്ചു. വീട്ടിൽ എത്തിയപ്പോഴേക്കും കല്യാണത്തിനുള്ള ഒരുക്കങ്ങളൊക്കെ ഏറെക്കുറെ കഴിഞ്ഞു. സാരിയും ആഭരണങ്ങളും ഇന്നലെ തന്നെ മഠത്തിൽ നിന്ന് കൊടുത്തയച്ചിരുന്നു. ബ്‌യൂട്ടീഷനും വന്നു. ഒരുങ്ങി ഇറങ്ങിയപ്പോൾ ഇത് ഞാൻ തന്നെ ആണോ എന്ന് തോന്നിപ്പോയി. മെറൂൺ പട്ട് സാരിയും നൂറ് പവനോളം ആഭരങ്ങളും. പലരും എന്നെ അന്തംവിട്ട് നോക്കുന്നത് കണ്ടു. വലം വച്ചു സദസിനെ വണങ്ങി മണ്ഡപത്തിൽ കയറി ഇരുന്നു. ഒളികണ്ണിട്ടു ചെക്കനെ ഒന്നു നോക്കി.

വേണ്ടിയിരുന്നില്ല എന്ന് ആ നിമിഷത്തിൽ തന്നെ തോന്നി. ജൂനിയർ എൻടിആർ ലുക്ക് ഉള്ള കിടിലൻ ഒരു മനുഷ്യൻ..! സ്വന്തം കല്യാണം ആയിട്ട് ഇന്നെങ്കിലും ഇയാൾക്ക് ആ താടിയും മുടിയും ഒന്ന് വെട്ടികൂടായോ? ആഹ്. എന്തെങ്കിലും ആകട്ടെ. ചെക്കന്റെ പേര് അറിയില്ലെങ്കിലും ഇനി കുഴപ്പം ഇല്ല. എൻടിആർ എന്ന് വിളിക്കാമല്ലോ. സത്യത്തിൽ അയാളും ഞാനും കൂടി നിൽക്കുന്നത് കണ്ടാൽ പിഷാരടിയും ധർമ്മനും നിൽക്കുന്നത് പോലെയുണ്ട്. “മുഹൂർത്തം ആയി” ആരോ പറയുന്നത് കേട്ടു. പിന്നെ താലികെട്ട് ആയി, നാദസ്വരം ആയി ആകെ ബഹളം. താലി കെട്ടുമ്പോഴോ, പുടവ തരുമ്പോഴോ, മാല ഇടുമ്പോഴോ, അച്ഛൻ കൈപിടിച്ചു തന്നപ്പോഴോ, ഫോട്ടോ എടുക്കുമ്പോഴോ,

സദ്യ കഴിക്കുമ്പോഴോ, ഒരിക്കൽ പോലും അബദ്ധത്തിൽ പോലും എൻടിആറിന്റെ ഒരു നോട്ടം എന്റെ മേലെ വീണില്ല. കൈപിടിച്ചു കൊടുത്തപ്പോൾ ആഭിജാത്യം കണ്ണ് നിറയ്ക്കുന്നത് കണ്ടു. പാവം. കളിയാക്കുമെങ്കിലും ഞാൻ ആയിരുന്നു വീട്ടിൽ അതിന് ആകെയുള്ള ആശ്വാസം. “ഞാനൊരു തോറ്റുപോയ അച്ഛൻ ആണ് മോളെ…” ഇന്നലെ രാത്രി എന്നെ ചേർത്തുപിടിച്ചു കരഞ്ഞത് ഓർമവന്നു. “ഇറങ്ങാറായി…” ആരോ പറയുന്നത് കേട്ടു. എല്ലാരേയും കെട്ടിപ്പിടിച്ചു കുറെ കരഞ്ഞു. “തറവാടിന്റെ ആഭിജാത്യത്തിന് ചേർന്ന വീട്ടിലേക്ക് തന്നെയാട്ടോ ഞാൻ പോകുന്നേ” അച്ഛനെ കെട്ടിപ്പിടിച്ചു ഞാൻ പറഞ്ഞു.

ആ കണ്ണുകൾ ഒന്നൂടെ കലങ്ങുന്നത് കണ്ടപ്പോൾ ആണ് കോമഡി ആണ് ഉദ്ദേശിച്ചത് എങ്കിലും ട്രാജഡി ആയി എന്ന് മനസിലായത്. വണ്ടിയിൽ യാത്ര ചെയ്യുമ്പോഴും ഇങ്ങനോരാൾ ഇവിടെ ഉള്ള ഭാവമില്ല എൻടിആറിന്. അവരുടെ വീടിനെ വീട് എന്നൊന്നും വിളിച്ചു അപമാനിക്കാൻ പറ്റില്ല. കൊട്ടാരം ആണ്. “കണ്ണാ.. കൂടെ നിക്കണേ” പ്രാര്ഥിച്ചുകൊണ്ടാണ് അകത്തേക്ക് കയറിയത്. നിലവിളക്ക് കൊണ്ടുവച്ചു. മധുരം കഴിച്ചു. ആരൊക്കെയോ വന്ന് പരിചയപ്പെട്ടു പോയി. ഒടുവിൽ കസിൻസ് ആണെന്ന് തോന്നുന്നു, മൂന്നാല് പെണ്കുട്ടികളെയും കൂട്ടി മുകളിലേക്ക് പോയി. എൻടിആറിന്റെ മുറി ആണ്. എന്റെ വീടിന്റെ മൊത്തം വലിപ്പം ഉണ്ട്.. ഒന്ന് കുളിച്ചു വന്നപ്പോഴേക്കും റീസ്സപ്‌ഷൻ തുടങ്ങാറായി.

“ശ്രീഹരി വേഡ്‌സ് നിവേദ്യ” ആ ബോർഡ് കണ്ടപ്പോഴാണ് കണവന്റെ പേര് ശ്രീഹരി എന്നാണ് എന്നറിയുന്നത്. ഛെ… എൻടിആർ തന്നെ മതിയായിരുന്നു. റിസപ്‌ഷനും കഴിഞ്ഞു അമ്മ തന്ന പാലും കൊണ്ട് ഞാൻ മുറിയിലേക്ക് പോയി. പറഞ്ഞില്ലല്ലോ, ചന്ദനമഴയിലെ ഊർമിളദേവിയെ പ്രതീക്ഷിച്ചു പോയ എനിക്ക് കിട്ടിയത് കവിയൂർ പൊന്നമ്മയെപ്പോലെ ഒരു അമ്മായിയമ്മയെ ആണ്. സെറ്റുമുണ്ടും ചന്ദനക്കുറിയും ആകെമൊത്തം ഒരു ശ്രീത്വം ആണ്. പേരും അങ്ങനെ തന്നെ. ശ്രീദേവി. അവരുടെ ഒറ്റ മോൻ ആണ് നമ്മുടെ കണവൻ. മുറിയിൽ കയറി പാല് മേശമേൽ വച്ചപ്പോഴേക്കും എൻടിആർ വന്നു കതകടച്ചു കുറ്റിയിട്ടു.

“എന്റെ കണ്ണാ.. ഇങ്ങേര് സ്ലീവാച്ചൻ ആകാനുള്ള പ്ലാൻ ആണോ” പേടിച്ചിട്ടു പുറകിലേക്ക് പോകാനും കഴിഞ്ഞില്ല. അങ്ങേര് ആരോടൊക്കെയോ ഉള്ള വൈരാഗ്യം തീർക്കുന്നത് പോലെ ഓടിവന്നു പാൽ തട്ടിപ്പറിച്ചു എന്നപോലെ എടുത്തു. മുഴുവനും കുടിച്ചു. “പാൽ ഇത്ര ഇഷ്ടം ആണെങ്കിൽ ഞാൻ ഒരു ഗ്ളാസ് കൂടെ കൊണ്ടുവന്നേനേലോ” മനസ്സിലാണ് പറഞ്ഞത്. “ഡീ….” “ന്തോ” സുരാജിന്റെ ശബ്ദത്തിൽ വിളി കേട്ടെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല. “എനിക്ക് പാൽ ഒട്ടും ഇഷ്ടമല്ല. എന്നിട്ടും ഞാനത് മുഴുവൻ കുടിച്ചത് എന്തിനാ എന്നറിയോ?” “പറഞ്ഞാൽ അല്ലെ അറിയൂ ചേട്ടാ” ആത്മഗതം ആണ് കേട്ടോ.

“അതിൽ നിന്നൊരു പങ്ക് നിനക്ക് തരാതെ ഇരിക്കാൻ ആണ്. എന്റെ ജീവിതത്തിൽ നിനക്ക് ഒരു സ്ഥാനവും കാണില്ല. അത് നിനക്ക് മനസിലാക്കി തരാൻ ആണ്” “ഓംബ്രാ… ഈ ഡയലോഗ് ഒക്കെ ദക്ഷാഗ്നിയിൽ അഗ്നി ദക്ഷയോട് പറഞ്ഞതല്ലേ. എന്നിട്ട് എന്തായി? നീ നോക്കിക്കോ മോനെ എൻടിആറേ. രണ്ട് രണ്ടു മാസം. അതിനുള്ളിൽ നിന്നെ അടിച്ചൊതുക്കി ചാക്കിൽ കേറ്റും ഈ അമ്മു.” അയ്യടാ. അതിന് ഞാൻ വല്ല വേണിയുടെയും നായിക ആകണം. ഇതൊരുമാതിരി പാടത്തെ കണ്ണേറ്കോലം പോലെ.

ഛെ.. മനുഫാക്ച്ചറിങ് ഡിഫക്ട്..! ഞാൻ ഇതൊക്കെ ആലോചിച്ചു നിൽക്കുന്നത് കണ്ട് പുള്ളി കനപ്പിച്ചൊന്ന് നോക്കി. എന്നിട്ട് കട്ടിലിൽ കയറി ഒരു മൂലയിൽ നിന്ന് മറ്റേ മൂലയിലേക്ക് നീണ്ടു നിവർന്ന് കിടന്നു. ഞാൻ ഒപ്പം കിടക്കാതിരിക്കാൻ ആകണം. ഓഹോ. രൂപം എൻടിആറിന്റെ ആണെങ്കിലും സ്വഭാവം പടിപ്പുര വീട്ടിലെ പദ്മാവതിയമ്മയുടെ ആണല്ലോ.. അമ്മുവിനോടാ നിന്റെ കളി. ശരിയാക്കി തരാമെടാ എൻടിആർ മോനെ….

തുടരും