Friday, January 17, 2025
Novel

നിർമാല്യം: ഭാഗം 16

എഴുത്തുകാരി: നിഹാരിക

ശബ്ദമില്ലാതെ ആരോരുമില്ലാതെ ആരൊക്കെയോ പടുകുഴിയിലേക്ക് എറിയുന്ന ഭീതിയേറ്റുന്ന സ്വപ്നങ്ങൾ: അതിൻ്റെ ഭീകരതയിൽ ഉണർന്നവളെ ഞെട്ടിച്ച് ഫോൺ അടിച്ചു….. അറിയാത്ത നമ്പർ… എന്തോ ഒരുൾ പ്രേരണയാൽ ചെവിയോട് ചേർത്തു….. “ആതിരാ…. ” ഉറച്ചതെങ്കിലും ആർദ്രമായിരുന്നു ആ വിളി… മറുപടി പറയാനാവാത്ത വിധം അവളുടെ മിഴികൾ നിറഞ്ഞ് വന്നു, ശബ്ദം തൊണ്ടയിൽ തങ്ങി നിന്നു… ” അ ..അർജുനേട്ടൻ” “എൻ്റെ സ്വരം തിരിച്ചറിഞ്ഞോ നീ ആതു? ” അത്ഭുതമോ സന്തോഷമോ തിരിച്ചറിയാൻ ആവുന്നില്ലായിരുന്നു ആ ചോദ്യത്തിൽ ….. ” ഗൗരിയേടത്തി??”. ” ഉണ്ട് ….. കോളേജിൽ പോവണ്ട എന്ന് അമ്മ പറഞ്ഞതിൽ പിന്നെ മുറിയിൽ തന്നെയാ…” “ഞാൻ… ഞാൻ കാരണം…..” “ഏയ്… എന്തൊക്കെയാടോ താൻ പറയുന്നേ…?

എല്ലാം അമ്മേടെ പിടിവാശിയാ, ഇത്രേം പാവായ തനിക്ക് ആരേ എങ്കിലും വിഷമിപ്പിക്കാനാവുമോ?” നേർത്ത ഒരു തേങ്ങൽ മാത്രമായിരുന്നു മറുപടി….. “ഹാ ആതു താൻ കരയാണോ? കൊള്ളാലോ എത്ര നാള് കരയും താൻ ?? എന്തിനൊക്കെ പരിഹാരമാണ് തൻ്റെ ഈ കരച്ചിൽ…” തേങ്ങൽ ഒന്നൊതുങ്ങിയത് പോലെ തോന്നി അർജുന് …. ” കരയാനുള്ള കാര്യങ്ങൾ ഇഷ്ടം പോലെ ജീവിതത്തിൽ നടക്കും, പക്ഷെ കരയാതിരിക്കാൻ നമ്മൾക്ക് കഴിയണം…. എന്ത് നഷ്ടപ്പെട്ടു എന്ന് ചിന്തിക്കാതെ എന്തെല്ലാം നേടിയെടുത്തു എന്ന് ചിന്തിക്ക് …. ആരും ഇല്ല എന്ന് തോന്നുമ്പോൾ, ദേ ഈ വിളിച്ച നമ്പറിലേക്ക് ഒരു മിസ്ഡ് കാൾ… ഞാനെത്തും…

തരാൻ ഈ ജീവൻ മാത്രമേ സ്വന്തായിള്ളൂ പക്ഷെ രണ്ടാമതൊന്ന് ചിന്തിക്കാതെ അത് തന്നിരിക്കും അർജുൻ….. ആതു കിടന്നോളൂ.. ഞാൻ നാളെ വരാം, ഡാൻസ് പ്രാക്ടീസ് ചെയ്യാൻ മറക്കല്ലേ ” ഫോൺ കട്ട് ചെയ്യുമ്പഴേക്കും ചെറുചിരി വിടർന്നിരുന്നു ആ പെണ്ണിൻ്റെ ചുണ്ടിൽ:… എന്തോ അർജുനേട്ടൻ്റെ വാക്കുകൾക്ക് തനിക്ക് സാന്ത്വനമേകാനുള്ള ശക്തിയുള്ളത് പോലെ തോന്നി ആതിരക്ക്…. ആ ഒരു ബലത്തിൽ, ആ വരികളിലെ അർത്ഥം തേടി മെല്ലെ ഉറക്കത്തിലേക്ക് വീണു, … 💓💓💓💓💓💓💓💓💓💓💓💓💓 രാവിലെ തന്നെ ഡോർ ബെൽ അടിക്കുന്നത് കേട്ടാണ് ഗൗരി വാതിൽ തുറന്നത്.. മുന്നിൽ നിൽക്കുന്നവളെ കണ്ട് അത്ഭുതപ്പെട്ടു… “ആതു …. മോളെ ” ഓടി ചെന്നവളെ കെട്ടിപ്പിടിക്കുമ്പോഴും ഗൗരിയെ തന്നിൽ നിന്നും മെല്ലെ അടർത്തിമാറ്റി അവൾ… ”

ആതു ദേഷ്യ ഏടത്തിയോട് ൻ്റെ കുട്ടിക്ക്? എത്ര നാളായി ഒന്ന് കാണാൻ ശ്വാസം മുട്ടി കഴിയണേന്നറിയോ? വന്നൂലോ ന്നെ കാണാൻ…. ൻ്റെ കുട്ടി…..” കെക്കുമ്പിളിൽ അവളുടെ മുഖം കോരിയെടുത്ത് ഗൗരി പറഞ്ഞ് നിർത്തി… ” ഞാൻ….. ഞാൻ ശ്രീദേവി അപ്പച്ചിയെ കാണാനാ ……” കേട്ടത് വിശ്വസിക്കാനാവാതെ നിന്നു ഗൗരി… “എന്താ എന്താ നീ പറഞ്ഞേ….. പറ ആതു …. എന്താ നീ പറഞ്ഞെ?? ഇനീം മതിയായില്ലേ കുട്ടീ നിനക്ക് …. ഒരായുസ്സ് മുഴുവൻ ഉള്ളിലിട്ട് നീറ്റാനുള്ളത് തന്നിട്ടില്ലേ ??? ഇനീം ഇനീം വേണോ …… പൊയ്ക്കോ….. അമ്മ ണ്ട് അകത്ത്, പൊയ്ക്കോ മോളേ നീ… അമ്മേടെ കണ്ണിൽ പെടും മുമ്പ് പൊയ്ക്കോ” പറയുന്നതിനോടൊപ്പം പിടിച്ച് തള്ളുന്നുണ്ടായിരുന്നു ഗൗരി… ഒരു ഭ്രാന്തിയെ പോലെ….. ” ഗൗരിയേടത്തി…..

വിടൂ…. ശ്രീദേവി അപ്പച്ചിയെ കണ്ടിട്ടേ ഞാൻ പോകു .” എന്ന് പറഞ്ഞ് അകത്തേക്ക് തള്ളി കേറിയതും കണ്ടിരുന്നു സ്റ്റയർകേസ് ഇറങ്ങി വരുന്ന ശ്രീദേവിയെ … ” ഉം… എന്ത് വേണം…. അഗതികൾക്ക് കയറിവരാൻ മേലടത്തെ പോലെ അഗതിമന്ദിരം ആക്കിയിട്ടില്ല ശ്രീദേവി സ്വന്തം വീട് …..” “അമ്മേ വേണ്ട” എന്ന് കാലു പിടിക്കും പോലെ പറഞ്ഞിരുന്നു ഗൗരി….. ” അകത്ത് കയറി പോടി ” എന്ന അമ്മയുടെ ഒറ്റ ആജ്ഞയിൽ അകത്തേക്ക് മനസില്ലാ മനസോടെ കയറി പോയി ഗൗരി.. കരച്ചിലടക്കി അസ്വസ്ഥതയോടെ അതിരയെ തിരിഞ്ഞ് തിരിഞ്ഞ് നോക്കിയിരുന്നു…. പക്ഷെ ആ മുഖത്ത് തികഞ്ഞ നിശ്ചയ ദാർഡ്യം ആയിരുന്നു ….. 💓💓💓

“എനിക്ക് അപ്പച്ചിയോട് കുറച്ച് സംസാരിക്കണം” ” പറഞ്ഞിട്ടില്ലേ ടി നിന്നോട് ഞാൻ നിൻ്റെ അപ്പച്ചി അല്ലെന്ന്… ജോലിക്കാർ എന്നെ ശ്രീദേവി മാഡം എന്നാണ് വിളിക്കാറ്….” ” ക്ഷമിക്കണം, ശീലിച്ചത് അറിയാണ്ട് നാവിൽ വന്നതാ… ഇനി സൂക്ഷിച്ചോളാം” “ഉം …ന്താ പറയാനുള്ളത്, ?? വേഗം വേണം, നിക്ക് കാര്യായിട്ട് ള്ള പണികൾ വേറേ ഉള്ളതാ” “അന്ന്…. അന്ന് കാര്യായിട്ട് പറഞ്ഞതാണോ… ഞാൻ …. ഞാൻ മേലേടത്ത് നിന്ന് പോയാൽ ൻ്റെ അരുണേട്ടനേം ൻ്റെ ഗൗരിയേടത്തിയേം ചേർത്ത് വക്കാം ന്ന്.. ” ” അവനോടെ നിക്കെന്താ ദേഷ്യം? ദേഷ്യം മുഴുവൻ നിന്നോടായിരുന്നു… നീയുള്ളത് കൊണ്ടാ അവിടക്ക് ൻ്റെ കുട്ടിയെ തരില്ലന്ന് പറഞ്ഞത് ” ” വാക്കുകൾ ആ പെണ്ണിൻ്റെ നെഞ്ചിൽ കുത്തിക്കേറിയിരുന്നു….

ചോര പൊടിച്ചിരുന്നു… എന്നിട്ടും അവൾ നോവോടെ ചിരിച്ചിരുന്നു, ” ഞാൻ…. ഞാൻ എങ്ങടേലും പോയാൽ ??” നേർത്ത ശബ്ദത്തോടെ തുടങ്ങി പാതിയിൽ നിർത്തി അവൾ …. “എങ്ങട് പോവും നീ? ഈ സുഖ സൗകര്യങ്ങളും മേലേടത്തെ റാണി പട്ടവും ഒക്കെ വിട്ട്…. നീ പറയണത് വിശ്വസിക്കാൻ വേറേ ആളേ നോക്ക്… എൻ്റെ മോളാ ഗൗരി എനിക്കറിയാം എന്താ വേണ്ടത് എന്ന് ” “മേലേടത്തെ ഒന്നു മാത്രേ ആതിരയെ തളർത്തീട്ടുള്ളു, അത് നിങ്ങൾ പറയും പോലെ സുഖവും സൗകര്യവും ഒന്നും അല്ല… അവരുടെ എല്ലാം കറകളഞ്ഞ സ്നേഹാ! തിരിച്ച് പകരായി കൊടുക്കാൻ വാല്യക്കാരൻ്റെ മകൾ ടെ കയ്യിൽ ഒന്നൂല്യ, അവര് തന്ന ഈ ജീവിതല്ലാണ്ട് .. ന്നെ ജീവനായി കരുതണ ആ അച്ഛനു വേണ്ടി ഏട്ടന് വേണ്ടി അതും കൊടുക്കും ഈ ആതിര… ൻ്റെ ഏട്ടൻ്റെ മോഹം നടക്കണം, ഗൗരിയേടത്തിയെ തന്നെ ജീവിതത്തിൽ കൂട്ടായി കിട്ടണം..

അതിന് തടസം ഞാനെങ്കിൽ അത് ഞാനായിട്ട് തന്നെ മാറ്റിത്തരും … അപ്പോ.. അപ്പോ കൊടുത്തേക്കണം ൻ്റെ പാവം ഏട്ടന് ഏട്ടൻ്റെ പെണ്ണിനെ ” നെഞ്ച് പൊട്ടി അവളത് പറഞ്ഞപ്പഴും പുച്ഛമായിരുന്നു ശ്രീദേവിയുടെ മുഖത്ത്… ” പറഞ്ഞത് പോലെ ചെയ്ത് കാട്ടടീ… എന്നിട്ടാവാം ബാക്കി ” എന്നും പറഞ്ഞ് അവളെ കടന്ന് പോയി അവർ ….. വല്ലാത്ത തളർച്ചയുണ്ടെങ്കിലും ഉള്ളിൽ കനല് നീറി തീയാകും പോലൊരു തീരുമാനം ഉറപ്പിച്ചിരുന്നു…. 💓💓💓💓💓💓💓💓💓💓💓💓💓💓 ധൃതിയിൽ ഓഫീസിൽ പോയി തിരികെ എത്തിയപ്പഴാണ് ആതിര ഗേറ്റ് കടന്ന് പോണത് അർജുൻ ദൂരേ നിന്ന് കണ്ടത്, പെട്ടെന്ന് തന്നെ അവിടെ വന്ന ഒരു ഓട്ടോ കൈ കാണിച്ച് നിർത്തി അവളതിൽ കയറി പോയി…..

ഒന്നും മനസിലാവാതെ അർജുൻ ഇത്തിരി നേരം അങ്ങോട്ട് തന്നെ നോക്കി നിന്നു, പിന്നെ വേഗം വീട്ടിലേക്ക് തിരിച്ചു… ” അമ്മേ….. അമ്മേ… ആതു…. അവളെന്തിനാ ഇങ്ങട്ട് വന്നത്?” ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് നോക്കുകയായിരുന്ന ശ്രീദേവിയോട് അർജുൻ ചോദിച്ചു…. മൗനമായിരുന്നു മറുപടി…. ” അമ്മേ…. അവളെന്തിനാ വന്നത് ന്ന്?” ദേഷ്യത്തോടെ തന്നെ അവർ തിരിഞ്ഞ് അർജുനെ നോക്കി… ” അവൾടെ ഗൗരിയേടത്തിയേയും അരുണേട്ടനെയും ഒരുമിപ്പിക്കാൻ ……” സ്വന്തം അമ്മയുടെ മറുപടി ഊഹിക്കാം എന്നത് കൊണ്ട് മനസിൽ ഇത്തിരി പേടി തോന്നി അർജുന് … ” അമ്മ…. അമ്മ എന്താ പറഞ്ഞത് ????”

സ്വരം ഇടറിയിരുന്നു… ” എന്ത് പറയാൻ ആതിര എന്ന ശനി ആ തറവാട്ടിൽ നിന്ന് മായട്ടെ എന്ന് പറഞ്ഞു, എന്നിട്ട് ആലോചിക്കാം എന്ന് പറഞ്ഞു… ” “അമ്മേ” ദേഷ്യവും സങ്കടവും എല്ലാം കലർന്നിരുന്നു ആ വിളിയിൽ ….. “എന്താ…. എൻ്റെ മകൻ്റെ മനസും വാല്യക്കാരൻ്റെ മകൾ മാറ്റിത്തുടങ്ങിയോ?” അവിടെ നിന്നാൽ കൂടുതൽ എന്തെങ്കിലും വായിൽ നിന്ന് വീഴുമോ എന്ന ഭയത്തിൽ അർജുൻ മുറി വിട്ട് പോയി… അപ്പഴും അവനിൽ വല്ലാത്ത ദേഷ്യം നിറഞ്ഞിരുന്നു, 💓💓💓💓💓

“ആതിര യൂഹാവ് എ വിസിറ്റർ !” എന്ന് വാർഡൻ വന്ന് പറയുമ്പോൾ കണ്ണുകൾ ആയാസപ്പെട്ട് തുറന്നു ആതിര…. ശ്രീദേവിയുടെ ഓരോ വാക്കും കൂരമ്പുകൾ പോലെ അവളെ കുത്തി നോവിച്ചിരുന്നു… വന്നപ്പോൾ മുതൽ അതോർത്ത് മനസ്സംഘർഷത്തിലായിരുന്നു…. മെല്ലെ കണ്ണുകൾ ഒന്ന് അടച്ചതാണ് അപ്പഴാണ് വിസിറ്റർ വന്നു എന്ന് പറയുന്നത് … മെല്ലെ മുഖം കഴുകി താഴേക്ക് നടന്നു… വിസിറ്റേഴ്സ് റൂമിൽ മുഖം തിരിഞ്ഞ് നിൽക്കുന്നവനെ അവളും തിരിച്ചറിഞ്ഞു….. ” ശ്രീ ഭുവൻ ”….. തുടരും…