Sunday, December 22, 2024
Novel

നിന്റെ മാത്രം : ഭാഗം 4

എഴുത്തുകാരി: ആനി

വീട്ടിലേക്ക് പോകുന്ന വഴിയിൽ ഒന്നും മിണ്ടാതെ വണ്ടിയൊടിച്ചു പോകുന്ന മനുഷ്യനെ കണ്ടവൾക്ക് വല്ലായ്ക തോന്നി… വീട്ടിലേക്ക് ചെന്നു ഡോർ തുറന്നു കൊടുക്കുമ്പോഴും മുഖത്തേക്ക് നോക്കുന്നില്ല വന്നു കണ്ടവൾക്ക് സങ്കടം തോന്നി… ഹരി വണ്ടിയൊതുക്കി ഇടുമ്പോൾ അവൾ പിന്നിൽ നിന്നായി ഉറക്കെ വിളിച്ചു പറഞ്ഞു.. ഓഫീസിലേക്ക് വരാൻ.. തുടർന്ന്… ഓഫീസിൽ ചെന്നപ്പോ പകുതി ശബളത്തിൽ നിന്നും അല്പം കൂടെ ചേർത്ത് നൽകി കൊണ്ടു അവൾ പറഞ്ഞു.. ” പലിശയുടെ കാര്യം ഞാൻ പറഞ്ഞിരുന്നു..

പക്ഷെ ഉടനെ വേണ്ടാ പതിയെ മതി… ” പറയുമ്പോൾ ഹരി അവളെ ആശ്വാസത്തോടെ നോക്കി… കൈകൾ കൂപ്പി തിരിച്ചു നടക്കാൻ തുടങ്ങിയപ്പോഴാണ് അവൾ വീണ്ടും വിളിച്ചത്… എന്നിട്ട് അവന്റെ അരികിലേക്ക് നീങ്ങി നിന്നു പറഞ്ഞു.. “നാളെ പിറന്നാൾ ആണ് വലിയ ആഘോഷം ഒന്നുമില്ല എങ്കിലും ഹരി വരണം.. ” അത് പറഞ്ഞപ്പോ ഹരി ചെറുതായിപുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു… “വരാം ” പൈസയുമായി തിരികെ നടന്നുപോകുന്ന ഹരിയെ അവൾനോക്കി നിന്നു… വെള്ളത്തിൽ വീണു പാതിബോധം മറയുന്നതിനു മുൻപ് ചേർത്ത് പിടിച്ച മെല്ലിച്ച കൈകളെ ഓർത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു….

ഹരി വീട്ടിലേയ്ക്ക് വന്നു കയറിയപ്പോഴേ കണ്ടത് അച്ഛന്റെ മൂത്രതുണിയെല്ലാം ഒതുക്കി വാരി അലക്കിയിടുന്ന അനുജനെ ആണ്… ഹരി പേരെടുത്തു അവനെ വിളക്കുമ്പോൾ കൈ ഒന്ന് ഉയർത്തി കാണിച്ചു കൊണ്ടു അവൻ ജോലി തുടർന്ന്… അച്ഛന്റെ അരികിലേക്ക് ചെല്ലുമ്പോൾ അയാൾ അവനെ പുഞ്ചിരിച്ചു കൊണ്ടു നോക്കി.. ഹരിക്കു ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് അത്… അയാളുടെ ഏറ്റവും മോശം അവസ്ഥയിൽ കൂടെ കടന്നുപോകുമ്പോഴും പുഞ്ചിരിയോടെ നിൽക്കുന്ന ഒരു മനുഷ്യൻ.. അത് കാണുമ്പോൾ ഹരിയുടെ മനസ്സ്‌ നിറയും..

ഒറ്റ മുറിയിൽ നടു തളർന്നു കിടക്കുന്ന മനുഷ്യന് ഇനി സ്വപ്നങ്ങൾ ഒന്നും ഇല്ലന്ന് അറിയുമ്പോൾ ഉണ്ടാകുന്ന നിരാശയിൽ വീണുപോകാതെ… ഏറ്റവും മനോഹരമായി പുഞ്ചിരിച്ചു നിൽക്കുന്ന മനുഷ്യനെ ഹരി ഇടയ്ക്കൊന്നു നോക്കും… ചായ ഇട്ടു കൊണ്ടു വന്നു വെയിലത്തു രാവിലെ ഉണക്കാൻ ഇരുന്ന ബെഡ്ഷീറ്റു മാറ്റി വിരിച്ചു.. ഹരി അയാളുടെ അരികിലേക്ക് ചെന്നിരിന്നു… പതിഞ്ഞ ശബ്ദത്തിൽ അച്ഛൻ അവനോട് ചോദിച്ചു “ഞാനൊരു ബുദ്ധിമുട്ട് ആവുന്നുണ്ടോ കുട്ടിയെ… ”

ആ ഒറ്റ ചോദ്യത്തിൽ ഹരി വല്ലാതെ ആയിപോയി… അച്ഛന്റെ മുഖം കൈകളിൽ എടുത്തു കണ്ണ് നീറി അവൻ പറഞ്ഞു..” എങ്ങനെ അച്ഛാ…. ഇങ്ങള് ഞങ്ങൾക്ക് വേണ്ടി ജീവിച്ചതിന്റെ അല്പം പോലും തിരിച്ചു തരാൻ പറ്റണില്ല എന്ന വിഷമം മാത്രേ ഉള്ളു… അവൻ അത് പറഞ്ഞപ്പോ ആ മനുഷ്യൻ വീണ്ടും പുഞ്ചിരിച്ചു… ചായ ഊതി അച്ഛന്റെ വായിൽ കോരി കൊടുത്ത ശേഷം അല്പം ബ്രെഡ്‌ ഉം മുറിച്ചു കൊടുത്തു.. അവസാനം തോർത്ത്‌ മുണ്ടിന്റെ അറ്റം വെച്ചു അച്ഛന്റെ വായും മുഖവും തുടച്ചു കൊടുത്തു മാറാൻ തുടങ്ങിയപ്പോഴാണ് അച്ഛൻ വീണ്ടും പിറകിൽ നിന്നു വിളിച്ചത്…

എന്താണ് അച്ഛാ എന്ന് തിരിച്ചു ചോദിക്കുമ്പോൾ.. അച്ഛൻ തുറന്നിട്ട ജനാലക്കരികിൽ നിന്നും പുറത്തേക് നോക്കി പറഞ്ഞു…. “ജീവിതം ഒന്നേ ഉള്ളു… ആസ്വദിക്കുക…നിന്റെ .ജീവിതത്തിലെ ഏറ്റവും നല്ല സമയം ആണ് കടന്നുപോകുന്നത്.. നമ്മളെ വേണ്ട എന്ന് പറഞ്ഞു പോയ ഒരാളുടെ ഓർമ്മകൾ കരണം അത് ഇല്ലാതെയാക്കരുത്…. ഓരോ നിമിഷവും സന്തോഷത്തോടെ ഇരിക്കുക… ആവിശ്യമില്ലാത്ത ആളുകളെ മനസ്സിൽ നിന്നും മായിച്ചു കളയുക…. അച്ഛൻ അത് പറഞ്ഞപ്പോ വീണ്ടും ഒരു ചുരുണ്ട മുടിക്കാരിയെ ഓർമ്മ വന്നു എങ്കിലും മനഃപൂർവം മറന്നുകൊണ്ട് അവൻ അടുക്കളയിലേക്ക് പോയ്‌.

പിറന്നാളിന്റെ അന്ന് രാഘവേട്ടന്റെയും മനുചേട്ടന്റെയും കൂടെ ഹരി നിന്നപ്പോഴാണ് അവിടേക്ക് ഒരു അപ്സരസ്സിനെ പോലെ അവൾ കടന്നു വന്നത്… നടന്നു വരുമ്പോഴോ കേക്ക് മുറിച്ചുപ്പോഴോ തന്നെ നോക്കുന്ന പത്മിനിയെ ഹരിയും ശ്രെദ്ധിച്ചിരുന്നു… അവൾ എന്തിനാണ് ഇങ്ങനെ നോക്കുന്നത് എന്നൊരു ചിന്ത മനസ്സിൽ വന്നെങ്കിലും വെറും തോന്നാലുകൾ മാത്രം ആണ് അതൊക്കെ എന്ന് പറഞ്ഞു അവൻ ആശ്വസിച്ചു… പിറന്നാൾ ബഹളങ്ങൾ ഒഴിഞ്ഞപ്പോഴാണ്… അവൻ അവളുടെ അരികിലേക്ക് ചെന്നത്…

ചെറു പുഞ്ചിരിയോടെ അവൾക്കരികിലേക്ക് ചെന്നിട്ട് അവൻ കൈ നീട്ടി ഒരു ചെറിയ പൊതി നൽകി…. ആശ്ചര്യത്തോടെ നോക്കി നിൽക്കുന്ന അവളെ നോക്കി അവൻ പറഞ്ഞു… “പിറന്നാൾ ആശംസകൾ ഇത് ചെറിയൊരു സമ്മാനം ആണ് … അവൾ അടങ്ങാനാവാത്ത സന്തോഷത്തോടെ അവനെ നോക്കി… അല്പനേരത്തേ മൗനത്തിനു ശേഷം അവൻ പറഞ്ഞു… ” ക്ഷമിക്കണം…. അന്ന് അങ്ങനെയൊകെ പറ്റിപ്പോയി… മനസ്സിൽ വെച്ചേക്കണ്ട… ഒരല്പം എടുത്തുചാട്ടം ഉണ്ട്.. മോശം ആണെന്ന് അറിയാം എങ്കിലും മനസ്സുകൊണ്ട് കുട്ടിയോട് ഒരുപാട് തവണ ക്ഷമ ചോദിച്ചിരിക്കുന്നു…

അവൻ പറഞ്ഞു കഴിഞ്ഞപ്പോ അവൾ സന്തോഷം കൊണ്ടു കണ്ണ് നിറഞ്ഞിരുന്നു.. കൈകൾ കൂപ്പി നടന്നുപോകുന്ന മനുഷ്യനെ കണ്ടു അവളുടെ ഹൃദയവും മനസ്സും നിറഞ്ഞു കവിഞ്ഞു…. എല്ലാ ബഹളങ്ങളിൽ നിന്നും അവൾ ഓടി മുറിക്കകത്തേക്ക് ചെന്നു വാതിൽ അടച്ചു… വർണ്ണ കടലാസ്സിലെ പൊതിയഴിച്ചു നോക്കി…. അതിൽ കുറേ കരിവളകൾ,എന്തുകൊണ്ടോ അവളുടെ കണ്ണ് നിറഞ്ഞു വന്നു വിലകൂടിയ സമ്മാനങ്ങൾ ഒക്കെയും അവളെ നോക്കി പരിഹസിച്ചു ചിരിക്കുന്ന പോലെ തോന്നി.. എന്താണ് എന്നറിയാത്ത ഒരു വികാരത്തോടെ അവൾ കരിവളകൾ ചേർത്ത് പിടിച്ചു ചുംബിച്ചു…

പിറ്റേന്ന് വീടിന്റെ ഷെഡിൽ നിന്നും ബസ് എടുക്കാൻ വന്ന സമയത്താണ് ഹരി പത്മിനിയെ വീണ്ടും കണ്ടത്…. അവൾ അവനെ കാത്തു നിന്നപോലെ ചിരിച്ചു കാണിച്ചു…. തിരിച്ചു അവനും… പോകാൻ നേരം ആണ് മുതലാളി അങ്ങോട്ട് വന്നത്.. “ഹരിക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ ഒരു കാര്യം പറയട്ടെ എന്ന് പറഞ്ഞുകൊണ്ട് മുതലാളി പറഞ്ഞു… നാളെ അവളുടെ കോളജിൽ നിന്നും അവൾക്ക് കിട്ടാൻ ഉള്ള സർട്ടിഫിക്കറ്റ് കിട്ടും.. ഇത്രയും ദൂരം പോവാൻ എനിക്കും വയ്യ…

അതുകൊണ്ട് ഹരി അവളുടെ കൂടെ ഒന്നുപോയി വരുമോ..വെളുപ്പിനെ പോയാൽ ഉച്ച കഴിയുമ്പോൾ തിരിച്ചു വരാം അവളുടെ കൂടെ വിടാൻ നിന്നോളം വിശ്വസ്ഥൻ ആരുമില്ല അതുകൊണ്ടാണ്…” പറഞ്ഞു തീർന്നപ്പോ അവൻ സമ്മതം മൂളുമ്പോൾ … അവളുടെ മനസ്സ് ഏറ്റവും മനോഹരമായ ഒരു ചാറ്റൽ മഴയിൽ നനയുകയായിരുന്നു… അച്ഛൻ ഉള്ള കാര്യങ്ങൾ എല്ലാം എടുത്തു വെച്ച് മുതലാളിയുടെ വീട്ടിൽ നിന്നും അവളുമായി കാർ എടുക്കുമ്പോൾ സമയം ഒരല്പം മുന്നോട്ട് പോയിരുന്നു…. കാറിന്റെ ഇരുവശത്തും അപരിചിതരെ പോലെ രണ്ട് പേര് .. ഒന്നും മിണ്ടാതെ…

പറയാതെ എങ്കിൽ പരസ്പരം ശ്രെദ്ധിച്ചുകൊണ്ട് അവർ ഇരുന്നു… അല്പനേരത്തെ മൗനത്തിനു ശേഷം അവൻ പറഞ്ഞു.. “വേണമെങ്കിൽ ഒന്ന് ഉറങ്ങിക്കോ.. എത്തുമ്പോൾ വിളിക്കാം… പതിയെ പുറത്തേക്ക് നോക്കി അവൾ പറഞ്ഞു.. “വേണ്ട… ഉറക്കം വരുന്നില്ല… ഞാൻ ഉറങ്ങിയാൽ ചിലപ്പോൾ നിങ്ങൾക്കും ബോർ അടിക്കും അത് വേണ്ട.. എന്തെങ്കിലും പറയു… കുട്ടിക്ക് എന്നോട് ദേഷ്യം ഉണ്ടോ… ഒരല്പം ചമ്മലോടെ അവൻ അത് ചോദിക്കുമ്പോൾ അവൾ ദേഷ്യം അഭിനയിച്ചു തിരിഞ്ഞു നോക്കിയിരുന്നു… എന്നിട്ട് പറഞ്ഞു…

“സത്യം പറഞ്ഞാൽ അന്ന് കുറച്ചു ദേഷ്യം തോന്നിയിരുന്നു.. പിന്നീട് മാറി.. അത് മനസ്സിൽ വെച്ചോണ്ട് ഇരിക്കേണ്ട…. അല്ല ചെറിയ ഒരു നിസാര കാര്യത്തിന് ഇത്രേം ദേഷ്യപ്പെട്ടത് എന്താണ്,?? ഞാൻ കുറേ ആലോചിച്ചു… അവൾ ആശ്ചര്യത്തോടെ ചോദിക്കുമ്പോൾ.. ഒന്നും മിണ്ടാതെ ചെറുകെ ചിരിച്ചുകൊണ്ട് അവൻ പുറത്തേക്ക് നോക്കി… തണുത്ത കാറ്റ് ചുറ്റും വീശുന്നുണ്ട്.. ചെറിയ മൂടൽ മഞ്ഞിനെ വകഞ്ഞ് മാറ്റി കാർ മുന്നിലേക്ക് കുതിച്ചു… അവൻ വീണ്ടും പറഞ്ഞു.. “അത്.. എനിക്ക് കുട്ടിയെ കണ്ടപ്പോ പണ്ടെപ്പോഴോ അത്രമേൽ സ്നേഹിച്ച ഒരാളെ ഓർത്തു പോയ്‌… അപ്പോൾ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല…

അവൻ പെട്ടന്ന് നിശബ്ദനായി… ശരിക്കും നിങ്ങൾ എന്തിനാ പിരിഞ്ഞത്” കൊച്ചു കുട്ടിയെന്നൊണം അവൾ ചോദിക്കുമ്പോൾ അവൻ ഒന്നും മിണ്ടാതെ അല്പം നേരം ഇരുന്നു എന്നിട്ട് അലസമായി പറഞ്ഞു … “അത് ഞങ്ങൾ ഒരുപാട് സ്നേഹിച്ചിരുന്നു.. ഒരുപാട് എന്നുപറഞ്ഞാൽ വാക്കുകൾക്കും അപ്പുറം… ഒരിക്കൽ ഒരു ദിവസം.. അവൾ എന്നോട് എന്റെ അമ്മയെ പറ്റി ചോദിച്ചു… എന്റെ ഏറ്റവും നിശബ്ദമായ ഉത്തരം അവളെ ചൊടിപ്പിച്ചു… അച്ഛന്റെ കൂട്ടുകാരന്റെ കൂടെ ഇറങ്ങിപോയ അമ്മയെ പറ്റി ഞാൻ എന്ത് പറയാൻ ആണ്…

എന്റെ അച്ഛനെയും പൊടികുഞ്ഞായ എന്റെ അനിയനെയും ഇട്ടു പോയവരുടെ എന്ത് മഹത്തായ കാര്യമാണ് ഞാൻ പറയേണ്ടത്… അന്ന് ഒന്നും മിണ്ടിയില്ല… എല്ലാം അറിഞ്ഞിട്ടു ആണ് ഞാൻ വന്നത് എന്നും ഇങ്ങനെ ചീത്തപേരുള്ള ഒരു കുടുംബത്തിൽ ഞാൻ ഇങ്ങനെ വരും എന്നാ അവളുടെ ചോദ്യത്തിൽ എനിക്ക് ഉത്തരം ഇല്ലാരുന്നു.. ഞാൻ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കുക… എന്റെ അമ്മ ചെയ്തു പോയൊരു തെറ്റിന്.. എന്റെ സ്നേഹത്തെ പോലും മറന്നുപോയവളോട് ഞാൻ എന്ത് പറയാൻ ആണ്…

അല്ലെങ്കിൽ കല്യാണം കഴിഞ്ഞു അവളുടെ വീട്ടില് താമസിക്കണം സ്വന്തം വീട്ടുകാരെ മനഃപൂർവം മറക്കണം എന്ന് ഉപാധി വെച്ചവളോട്.. എന്റെ അച്ഛന്റെ സ്നേഹത്തെ ഞാൻ എങ്ങനെ പറഞ്ഞു മനസ്സിലാക്കാനാണ്.. എന്റെ അമ്മ പ്രസവിച്ചു പോയെങ്കിലും ഞാൻ വളർത്തിയ എന്റെ അനിയന് എന്നെ കാണാതെ ഇങ്ങനെ ഇരിക്കാൻ കഴിയും എന്ന് ഞാൻ അവളോട് എങ്ങനെ പറയാൻ ആണ്… അങ്ങനെ ഒത്തുപോവില്ല എന്ന് തോന്നിയപ്പോൾ ഞങ്ങൾ പിരിഞ്ഞു… സങ്കടം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്..

അവളെ ഓർക്കാത്ത ഒരു നിമിഷം പോലും എന്റെ ജീവിതത്തിൽ ഇല്ലാ. പക്ഷെ വിട്ടു കളഞ്ഞതിൽ കുറ്റബോധം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ലാ എന്നാണ് ഉത്തരം.. കാരണം എന്റെ സ്നേഹം എനിക്ക് മനസ്സിലാക്കി കൊടുക്കാൻ കഴിയില്ല.. അനുഭവിക്കുമ്പോൾ ആണ് അതിനു ഭംഗിയെറുന്നത്… അത് മനസ്സിൽ ആക്കാൻ അവൾക്ക് കഴിയാതെ പോയ്‌… ” അവസാനവാക്കുകളിൽ ഹരിയുടെ ശബ്ദം ഇടറിയത് കണ്ടു പിന്നീട് ഒന്നും പറയാതെ അവൾ പുറത്തെ കാഴ്ചകളിലേക്കു നോക്കിയിരുന്നു.. മനസ്സിൽ അപ്പോൾ ഭംഗിയെറിയ ഒരു മുഖം തെളിഞ്ഞു വന്നു അതിനു ഹരിയുടെ മുഖം ആയിരുന്നു….

(തുടരും )

നിന്റെ മാത്രം : ഭാഗം 3