Friday, November 15, 2024
Novel

നിനക്കായെന്നും : ഭാഗം 28

എഴുത്തുകാരി: സ്വപ്ന മാധവ്

ഉച്ചക്ക് ഒന്നും അവളെ കണ്ടില്ല… ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയായിരുന്നു… അവൾക് എന്നെ ഇഷ്ടമില്ലെങ്കിൽ വേണ്ട… ഒരു സുഹൃത്തായി കാണണം എന്നെങ്കിലും പറയണമെന്ന് മനസ്സിൽ ഉറപ്പിച്ചു “ആര്യ എവിടെ…? നിങ്ങളുടെ ഒപ്പം കണ്ടില്ലല്ലോ… ” അവളുടെ ഒരു കൂട്ടുകാരിയോട് ചോദിച്ചു “ചേട്ടാ അവൾക് തലവേദനയെന്ന് പറഞ്ഞു പോയി ” അത് കേട്ടതും എന്റെ സമനില തെറ്റുന്നത് പോലെ തോന്നി…. ഇഷ്ടമാണെന്ന് അല്ലേ പറഞ്ഞൊള്ളു…. അതിനു ഇങ്ങനെ ഓടിമറയുന്നത് എന്തിനാ എന്നൊക്കെ ആലോചിച്ചു അപ്പോൾ തന്നെ വീട്ടിലേക്ക് പോയി….

നേരത്തെ എത്തിയ എന്നെ കണ്ടു അമ്മ അത്ഭുതപ്പെട്ടു “എന്താ മോനെ… നീ കരഞ്ഞോ… മുഖം വല്ലാതെ ഇരിക്കുന്നു ” “ഇല്ല അമ്മേ…. തലവേദനയാണ് “എന്ന് പറഞ്ഞു മുഖം കൊടുക്കാതെ മുകളിലേക്കു പോയി കുറച്ചു കഴിഞ്ഞതും അമ്മ ചുക്കുകാപ്പിയുമായി മുറിയിലേക്ക് വന്നു.. “എന്താ എന്റെ മോന് പറ്റിയെ? ” തലയിൽ തലോടികൊണ്ടു അമ്മ ചോദിച്ചു “ഒന്നുമില്ല അമ്മേ… ” അമ്മയുടെ മടിയിൽ കിടന്നോണ്ട് പറഞ്ഞു “ഹ്മ്മ്… ഞാൻ നിർബന്ധിക്കുന്നില്ല നിനക്ക് തോന്നുമ്പോൾ പറയ് ” “അമ്മേ… ഒരാളോട് ഇഷ്ട്ടം തോന്നുന്നതും…

അത് തുറന്നു പറയുന്നതും തെറ്റ് ആണോ.. ” “അല്ല… ആരോടു എപ്പോ വേണലും ഇഷ്ട്ടം തോന്നാം…. ചിലർ പേടിക്കൊണ്ട് പറയില്ല.. ചിലർ പറയും… എന്റെ മോൻ പറഞ്ഞല്ലോ അല്ലേ? ” “മ്മ് പറഞ്ഞു… പക്ഷേ അവൾ കരഞ്ഞോണ്ട് പോയി… പിന്നെ കോളേജിൽ കണ്ടില്ല… വീട്ടിലേക്ക് പോയി കാണും ” ” ഹ്മ്മ്… ആ കുട്ടി ചിലപ്പോൾ നിന്നെ അങ്ങനെ കണ്ടിട്ടില്ലെങ്കിലോ… കുറച്ചു സമയം നൽകു ശരിയാകും ” “അവൾ എന്നോട് ഇനി മിണ്ടുമോ അമ്മേ? ” “അറിയില്ല…. നീ വിഷമിക്കാതെ ഉറങ്ങു… ഉറങ്ങി എണീക്കുമ്പോൾ ശരിയാകും… ” തലയിൽ തലോടിക്കൊണ്ട് അമ്മ പറഞ്ഞു പിറ്റേന്ന് കോളേജിൽ എത്തിയപ്പോൾ അവളെ കണ്ടു…

പക്ഷേ എന്നെ കണ്ടഭാവം നടിക്കാതെ അവൾ പോയി… ആദ്യമൊക്കെ സംസാരിക്കാൻ ശ്രമിക്കുമ്പോൾ ഒഴിഞ്ഞു മാറും… പിന്നെ എന്റെ മുന്നിലേക്ക് വരാതെയായി അവളെ കാണാതെ ഇരിക്കാൻ പറ്റാത്ത അവസ്ഥയായി… ഒരിക്കൽ അവൾ ക്ലാസ്സിലേക്ക് പോകുന്നവഴി തടഞ്ഞുവച്ചു “എനിക്ക് സംസാരിക്കണം… ” “എനിക്ക് ഒന്നും സംസാരിക്കാനില്ല… വഴി മാറിക്കെ ” “എനിക്ക് പറയാനുള്ളത് കേട്ടിട്ടേ നീ പോകൊള്ളു… ” ദേഷ്യത്തിൽ പറഞ്ഞു അതു കേട്ടതും ഒന്ന് അടങ്ങി… എന്നെ നോക്കി നിന്നു… “എന്താ എന്നെ ഇഷ്ടമല്ലാത്തെ…?

എന്റെ അമ്മ പറഞ്ഞു പെട്ടെന്ന് കേട്ടതിന്റെയാകും… കുറച്ചു സമയം കൊടുക്ക് ശരിയാകുമെന്ന്… മാസങ്ങളായി… കാരണം പറയു എന്താ ഇഷ്ടമല്ലാത്തതെന്ന്… ” പറഞ്ഞു കഴിഞ്ഞതും കരയാൻ തുടങ്ങി.. “നിർത്തുന്നുണ്ടോ നീ… എന്ത്‌ പറഞ്ഞാലും കരച്ചിൽ… നിന്റെ കണ്ണുനിറയുന്നത് സഹിക്കുന്നില്ല… ” അതു കേട്ടതും അവൾ കണ്ണുതുടച്ചു.. “കാരണങ്ങൾ ഒന്നുമില്ല… ” “പിന്നെ എന്താ നിന്റെ പ്രശ്നം? ” ” നിങ്ങൾ വിചാരിക്കുന്ന പോലെ ഒരു കുട്ടിയല്ല ഞാൻ… എന്നെ പറ്റി ഒന്നും അറിയില്ല ഏട്ടന്.. ”

“അതേ അറിയില്ല… നീ പറയു നിന്നെ പറ്റി.. ” “അതു ഇവിടുന്ന് പറയാൻ പറ്റില്ല.. ഒരിടം വരെ പോകാം.. ” ഞാൻ അവളുടെ കൂടെ പോയി… കോളേജിൽ നിന്ന് രണ്ടു സ്റ്റോപ്പ്‌ ദൂരമേ ഉണ്ടായുള്ളൂ.. ഒരു കെട്ടിടത്തിനു മുന്നിൽ എത്തിയപ്പോൾ അവൾ നടത്തം നിർത്തി.. “‘ സാന്ത്വനം ‘” എന്നൊരു ബോർഡ്‌ മുന്നിൽ കണ്ടു… അവൾ എന്നെ അകത്തേക്ക് ക്ഷണിച്ചു… ഒരു യന്ത്രം പോലെ ഞാൻ അവളുടെ കൂടെ പോയി… അവൾ എല്ലാരേയും പരിചയപെടുത്തി തന്നു… എല്ലാരോടും എന്തൊക്കെയോ സംസാരിച്ചു ആ നിമിഷങ്ങൾ അത്രെയും അവളുടെ മുഖത്തായിരുന്നു എന്റെ കണ്ണുകൾ…

എപ്പോഴും ചുണ്ടിൽ വിരിയുന്ന പുഞ്ചിരിയ്ക്ക് ഉളളിൽ ഒരുപാട് വേദന ഒളിപ്പിച്ചു വച്ചിരുന്നു അവൾ… ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല… ഞങ്ങൾ അവിടെന്ന് ഇറങ്ങി വെറുതെ നടന്നു… ഞാൻ നിശബ്തമായിരുന്നു …. എനിക്ക് ഒന്നും പറയാനില്ലായിരുന്നു അതാണ്‌ സത്യം “എന്താ ഏട്ടാ…ഒന്നും മിണ്ടാത്തെ… ഇതാണ് ആര്യ… അച്ഛനും അമ്മയും ആരെന്ന് അറിയില്ലാത്ത ഒരുവൾ… ഓർമ വച്ച നാൾ മുതൽ ഇവിടെ ഉള്ളവരാണ് എന്റെ സ്വന്തം… അവർ മാത്രമേ ഉള്ളു ഈ ആര്യയ്ക്ക്‌ ” ഒന്നും മിണ്ടാതെ അവളിൽ നിന്ന് അകലുമ്പോഴും മനസ്സിൽ കുറ്റബോധം ആയിരുന്നു… അവളെ പറ്റി ഇതുവരെ ഒന്നും ശ്രമിച്ചില്ല എന്ന കുറ്റബോധം…

നടക്കുന്നതിനു ഇടയിൽ അവളെ തിരിഞ്ഞു നോക്കിയപ്പോൾ നിറകണ്ണുകളോടെ എന്നെ നോക്കി അവിടെ തന്നെ നിൽപ്പുണ്ട് അവൾ വീട്ടിലെത്തി അമ്മയോട് എല്ലാം സംസാരിച്ചു… പിറ്റേ ദിവസം അവധി ആയോണ്ട് അമ്മയുമായി ‘സാന്ത്വന’ത്തിൽ പോയി …. ഞങ്ങളെ കണ്ടു അവളുടെ കണ്ണുകൾ വിടർന്നു… “അമ്മേ ഇതാണ് എന്റെ ആര്യ ” അവളെ അമ്മയ്ക്ക് കാണിച്ചു കൊടുത്തു “എന്റെ മോൻ എല്ലാം എന്നോട് പറഞ്ഞു… മോൾക് ഇനി ഈ അമ്മയുണ്ട്… ” നെറ്റിയിൽ ചുംബിച്ചു കൊണ്ടു അമ്മ പറഞ്ഞു അവളുടെ കണ്ണുകൾ നിറഞ്ഞു…

അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു… ഞാൻ അതൊക്കെ ഒരു പുഞ്ചിരിയോടെ കണ്ടു നിന്നു “കരഞ്ഞത് മതി… ഇനി ഈ കണ്ണുകൾ നിറയരുത്… എപ്പോഴും ചിരിച്ചോണ്ട് നടക്കണം… ” അവളുടെ കണ്ണീർ തുടച്ചു കൊണ്ടു പറഞ്ഞു “ഇന്നലെ ഒന്നും മിണ്ടാതെ പോയില്ലെ… ” എന്റെ കൈ തട്ടി മാറ്റിക്കൊണ്ട് ചോദിച്ചു “എനിക്ക് എന്ത്‌ പറയണമെന്ന് അറിയില്ലായിരുന്നു… എല്ലാം അറിഞ്ഞപ്പോൾ… ഞാൻ നിന്നെപറ്റി ഒന്നും അറിയാൻ ശ്രമിച്ചില്ല എന്ന് തോന്നി… വീട്ടിൽ എത്തി അമ്മയോട് എല്ലാം പറഞ്ഞു അമ്മയുമായി നിന്നെ കാണാൻ വന്നു ” അവിടെന്ന് ഞങ്ങളുടെ പ്രണയകാലം തുടങ്ങുവായിരുന്നു….

പരസ്പരം സ്നേഹിച്ചും തല്ലുകൂടിയും ഞങ്ങൾ പ്രണയിച്ചു…. അവൾ എന്റെ അച്ചുവും ഞാൻ അവളുടെ കണ്ണേട്ടനും ആയി… ഒരു വർഷം കഴിഞ്ഞതും എന്റെ കോഴ്സ് കഴിഞ്ഞു ഞാൻ ഇറങ്ങി… പരസ്പരം എന്നും കാണാൻ പറ്റില്ല എന്ന വിഷമം ഉണ്ടായിരുന്നു… എന്റെ അച്ചുനെ താലികെട്ടി കൂടെ കൂട്ടാൻ വേണ്ടി ഒരു ജോലി വാങ്ങി… എല്ലാരുടെയും അനുഗ്രഹത്തോടെ ഞങ്ങൾ വിവാഹിതരായി… പിന്നെ സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു… അമ്മയ്ക്ക് മകളും, ഭാനുവിന് ഏട്ടത്തിയുമായി അച്ചു മാറി…

അങ്ങനെ ഞങ്ങളുടെ ആദ്യ വിവാഹവാർഷികത്തിന്… ഏറ്റവും വിലപ്പിടിപ്പുള്ള സമ്മാനം തന്നു അച്ചു ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞു അതിഥി കൂടെ വരുന്നുവെന്ന്…. പിന്നെ സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു അമ്മയും ഭാനുവും ഞാനും അവൾക് ഇഷ്ടമുള്ളത് വാങ്ങി കൊടുത്തും, സ്നേഹിച്ചും ദിവസങ്ങൾ പോയി സ്കാനിങിനു ചെയ്യ്തപ്പോൾ ഡോക്ടർ പറഞ്ഞു കോംപ്ലിക്കേഷൻ ഉണ്ട്… ആര്യയുടെ ബോഡി വീക്ക് ആണ്… കുഞ്ഞിനെ താങ്ങാൻ അവളുടെ ഗർഭപാത്രത്തിനു കഴിയില്ല…. അബോർഷൻ ആണ് നല്ലതെന്ന് അച്ചുവിന്റെ ജീവൻ വച്ചു റിസ്ക് എടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു…

നമുക്ക് ഈ കുഞ്ഞിനെ വേണ്ടെന്ന് ഒരുപാട് പറഞ്ഞുനോക്കി പക്ഷേ അവൾ സമ്മതിച്ചില്ല… എനിക്ക് ഒന്നും പറ്റില്ല ഏട്ടാ… ഡോക്ടർ വെറുതെ പറയുന്നതാ എന്നൊക്കെ പറഞ്ഞു എന്നെ സമാധാനിപ്പിച്ചു… ദൈവത്തെ വിളിച്ചും , വളരെ ശ്രദ്ധയോടെ അവളെ പരിപാലിച്ചും ഞങ്ങൾ മൂന്നാളും പിന്നാലെ ഉണ്ടായിരുന്നു മാസം തികഞ്ഞു അവളുടെ വയറു വീർത്തപ്പോഴും എന്റെയുള്ളിലെ പേടിയും കൂടി… എപ്പോഴും അച്ചുവിന്റെ കൂടെ ഉണ്ടായിരുന്നു …. വേദന വന്നു ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ വീട്ടിലെ അവസാനദിനമാണെന്ന് ആരും കരുതിയില്ല….

അവളുടെ വേദന കണ്ടു എന്റെ കണ്ണുകളും നിറഞ്ഞു…. ഒപ്പം പേടിയും… ലേബർ റൂമിനുള്ളിൽ കയറ്റുന്നതിനു മുന്നേ നെറുകയിൽ ചുംബിച്ചു അവളെ നോക്കിയപ്പോഴും ഒരു നനുത്ത പുഞ്ചിരി അവളുടെ ചുണ്ടിൽ ഉണ്ടായിരുന്നു ” ഒന്നും സംഭവിക്കില്ല ഏട്ടാ… ഏട്ടന്റെ അച്ചു തിരിച്ചെത്തും “എന്ന് പറഞ്ഞു അവൾ പോയത് ഇപ്പോഴും മായാതെ കണ്ണിൽ നിൽപ്പുണ്ട് വെള്ളത്തുണിയിൽ പൊതിഞ്ഞ ലെച്ചുമോളെ കയ്യിൽ തന്നപ്പോൾ വെള്ളമൂടി എന്റെ അച്ചു കിടന്നു… അമ്മയില്ലാതെ എങ്ങനെ കുഞ്ഞിനെ നോക്കുമെന്ന് അറിയില്ലായിരുന്നു… അച്ചുവിന്റെ വേർപാടോടെ ഞാൻ ആകെ തളർന്നു പോയി…

തിരിച്ചെത്തുമെന്ന പറഞ്ഞ അച്ചു മോളെ തന്നു എന്നെ ഒറ്റയ്ക്കാക്കി പോയി ആദ്യമൊക്കെ ദൈവത്തിനെ പഴിക്കുമായിരുന്നു… പിന്നെ വിധി ആയിരിക്കുമെന്ന് കരുതി സമാധാനിച്ചു… പിന്നെ ലെച്ചുമോൾക്ക് വേണ്ടി എല്ലാവേദനയും മറന്നു…. അവളെ കൊഞ്ചിച്ചും കളിപ്പിച്ചും എന്റെ വേദനകൾ മറന്നു…. പിന്നെ നിങ്ങളുടെ കോളേജിൽ വന്നു… ലെച്ചു മോളെ അമ്മ നോക്കും ഞാൻ കോളേജിൽ പോകുമ്പോൾ… എന്നെ കണ്ടാൽ അവൾക് വേറെ ആരും വേണ്ട… പിന്നെ തന്നോട് കൂട്ടായി ഇതുവരെയൊക്കെ ആയി… “”” ഏട്ടൻ പറഞ്ഞുകഴിഞ്ഞതും എന്ത്‌ പറഞ്ഞു ആശ്വസിപ്പിക്കുമെന്ന് അറിയില്ലായിരുന്നു…

എന്റെ കണ്ണുകളും നിറഞ്ഞു ഒഴുകുവായിരുന്നു…. “മോളുടെ സന്തോഷം കണ്ടു അച്ചു സന്തോഷിക്കുന്നുണ്ടാവും അല്ലേ…? ” ഏട്ടൻ ചോദിച്ചപ്പോൾ മറുപടി പറയാൻ ഒന്നുമില്ലായിരുന്നു… ഏട്ടന്റെ നിറഞ്ഞ കണ്ണുകൾ എന്നിൽ വേദനയുണ്ടാക്കി ഏട്ടനെ മാറോടു ചേർത്ത് ആശ്വസിപ്പിച്ചു… കുഞ്ഞുകുട്ടിയെ പോലെ കരയുന്ന ഏട്ടനെ കണ്ടപ്പോൾ എന്ത്‌ പറയണമെന്ന് അറിയില്ല… “ഏട്ടൻ പറഞ്ഞില്ലേ… ചേച്ചി ഇതൊക്ക കണ്ടു സന്തോഷിക്കുന്നായിരിക്കുമെന്ന്… ഏട്ടൻ കരഞ്ഞാൽ ചേച്ചിക്ക് വിഷമമാകും… ”

ഏട്ടനെ അടർത്തി മാറ്റി കണ്ണീർ തുടച്ചു കൊണ്ടു പറഞ്ഞു “നീ ആദ്യം എന്നെ കണ്ണേട്ടൻ എന്ന് വിളിച്ചപ്പോൾ അച്ചുവിനെയാ ഓർമ വന്നത്.. ” “എനിക്ക് അറിയില്ലായിരുന്നു… ഞാൻ… ” “ഇനി മാറ്റണ്ട… ” തെളിച്ചമില്ലാത്ത പുഞ്ചിരി നൽകികൊണ്ട് ഏട്ടൻ പറഞ്ഞു “സമയം ഒരുപാടായി… പോയി ഉറങ്ങിക്കോ ” ഏട്ടനെ തള്ളിയുന്തി മുറിയിൽ കൊണ്ടുപോയി ഉറക്കം വരില്ല എന്നാലും കിടന്നു…. ചിന്തകൾക്ക് ഒടുവിൽ എപ്പോഴാ ഉറങ്ങി 💖💖💖💖 രാവിലെ എണീറ്റപ്പോൾ നല്ല താമസിച്ചു… വേഗം കുളിച്ചു താഴെ എത്തി അമ്മയെ സഹായിച്ചു… “മോളെ നീ പോയി അവരെ വിളിച്ചേ… ഇന്ന് താമസിച്ചല്ലോ ” ഭക്ഷണം ടേബിളിൽ വയ്ക്കുന്നതിന് ഇടയ്ക്ക് അമ്മ പറഞ്ഞു “ശരി അമ്മേ ”

എന്ന് പറഞ്ഞു മുകളിലേക്ക് പോയി….. “മോളെ… ലെച്ചു… എണീറ്റെ… ” തട്ടി വിളിച്ചു മോളെ… ദേഹത്തു തൊട്ടപ്പോൾ നല്ല ചൂട്.. “മോളെ എണീറ്റെ… ” ഇച്ചിരി വെള്ളം തളിച്ച് നോക്കി… മോൾ എണീറ്റില്ല.. “ഏട്ടാ… എണീക്… ” ഒന്നു നോക്കിയിട്ട് തിരിഞ്ഞു കിടന്നു “ഏട്ടാ… എണീക്…. മോൾ… ” “എന്താ രാവിലെ ” ഉറക്കം പോയതിന്റെ നീരസത്തിൽ ചോദിച്ചു “മോളുടെ ദേഹം നല്ല ചൂടുണ്ട്… അവൾ എണീക്കുന്നില്ല ” കരഞ്ഞോണ്ട് എങ്ങനെയോ പറഞ്ഞു “മോളെ… എണീറ്റെ ” ഏട്ടൻ വിളിച്ചു

തുടരും… 😉 ♡

നിനക്കായെന്നും : ഭാഗം 27