Sunday, December 22, 2024
Novel

നിനക്കായ്‌ : ഭാഗം 16

അറിയിപ്പ്: പ്രിയപ്പെട്ട വായനക്കാരേ… ❤️ ചില നോവലുകൾ എന്നും പോസ്റ്റു ചെയ്യാൻ പറ്റാറില്ല. അത് മെട്രോ ജേണൽ ഓൺലൈന്റെ കുഴപ്പം കൊണ്ടല്ല. എഴുത്തുകാരികൾ കൃതികൾ അയച്ചുതരാത്തത് കൊണ്ടാണ്. ആഴ്ചയിൽ ഒരു തവണ അയച്ചുതരുന്നവരും ഉണ്ട്. അവർക്ക് അവരുടേതായ തിരക്കുകളുണ്ടാകുമല്ലോ… അതും നമ്മൾ മനസ്സിലാക്കണ്ടേ…😭 പലരും മൊബൈലിൽ നിന്നാണ് നോവലുകൾ ടൈപ്പ് ചെയ്ത് ഞങ്ങൾക്ക് അയച്ചുതരുന്നത്. ചില നോവലുകൾ എല്ലാ പാർട്ടുകളും അയച്ചുതരുന്നവരും ഉണ്ട്. ആ നോവലുകൾ ഞങ്ങൾ എന്നും അപ്ലോഡ് ചെയ്യാറുമുണ്ട്. ചില ദിവസങ്ങളിൽ രണ്ട് തവണയും പോസ്റ്റ് ചെയ്യാറുണ്ട്. പിന്നെ, മാസത്തിൽ ഓന്നോ രണ്ടോ ദിവസം വെബ്‌സൈറ്റ് പണിതരാറുണ്ട്. കാരണം കൂടുതൽ ക്ലിക്ക് വരുന്ന ദിവസം സർവർ കപ്പാസിറ്റി ലോഡ് ആവുന്നത് കാരണം സൈറ്റ് കിട്ടാറില്ല. 5000ത്തോളം വായനക്കാർ ഒരുമിച്ച് വെബ്‌സൈറ്റിൽ കയറുന്നത് കൊണ്ടാണ് അങ്ങിനെ സംഭവിക്കുന്നത്. അത് എത്രയും വേഗം ഞങ്ങൾ പരിഹരിക്കാറുണ്ട്.🌹 പക്ഷേ, നിർഭാഗ്യവഷാൽ ഇന്നും ഇന്നലെയും അതിന് കാലതാമസം വന്നു. അത് ഞങ്ങൾക്ക് വായനക്കാരുടെ കമന്റിലൂടെ കാണാനും പറ്റി. എല്ലാവർക്കും കമന്റിന് മറുപടി തരുന്നത് പ്രായോഗികമല്ലല്ലോ. നിങ്ങളുടെ വിഷമം ഞങ്ങൾക്ക് മനസ്സിലാകും. അതിന് വായനക്കാരോട് ക്ഷമ ചോദിക്കുന്നു. ഇന്നലെ പണിതന്ന സർവർ ഞങ്ങൾക്ക് ഇപ്പോഴാണ് ഒന്ന് റെഡിയാക്കാൻ പറ്റിയത്. എനിയും അങ്ങിനെ സംഭവിച്ചേക്കാം. ഒരുമാസം ആയിട്ടുള്ളു മെട്രോ ജേണൽ ഓൺലൈൻ നോവലുകൾ ഇടാൻ തുടങ്ങിയിട്ട്. ഈ കാലയളവിനുള്ളിൽ ഇങ്ങിനെയൊരു സപ്പോർട്ട് ഞങ്ങൾ പ്രതീക്ഷിച്ചില്ല. എല്ലാവരും ഞങ്ങളോടും എഴുത്തുകാരികളോടും ക്ഷമിക്കുക…😭 നിങ്ങളുടെ സപ്പോർട്ട് ഞങ്ങൾക്ക് എനിയും ആവശ്യമുണ്ട്. നിങ്ങൾ വായിക്കുന്ന എല്ലാനോവലുകളും ഒന്നു ലൈക്ക് ചെയ്ത് സപ്പോർട്ട് ചെയ്യണമെന്നും എന്തെങ്കിലും പ്രോബ്ലം വരുമ്പോൾ ക്ഷമിക്കണമെന്നും കമന്റിലൂടെ ഞങ്ങൾക്ക് പിന്തുണതരണമെന്നും അറിയിക്കുന്നു. കാരണം പോസ്റ്റു ചെയ്ത നോവലുകൾ ചിലപ്പോൾ കിട്ടിയില്ലെങ്കിൽ പിന്നീട് അത് ഓപ്പൺ ആക്കാൻ പറ്റുന്നതായിരിക്കും. -മെട്രോ ജേണൽ ടീം💪

നോവൽ
****
എഴുത്തുകാരി: ശ്രീകുട്ടി

” അല്ലേടി റീത്താമ്മോ മുളങ്കുന്നേലെ ചെറുക്കന് നല്ല ക്രിസ്ത്യാനി കുടുംബത്തിന്ന് ഒന്നാന്തരം അച്ചായത്തി പെൺകൊച്ചുങ്ങളെ കിട്ടാഞ്ഞാന്നോ ഒരു ഹിന്ദുപെൺകൊച്ചിനെ നീ കുടുംബത്തോട്ട് കൈ പിടിച്ച് കയറ്റിയത്.? ”

അനുവും മനുവും മുകളിലേക്ക് കയറിപ്പോയതും അൽപ്പം തല നരച്ച ഒരു സ്ത്രീ റീത്തയെ തോണ്ടിവിളിച്ച് ശബ്ദം താഴ്ത്തി ചോദിച്ചു.

” എന്റെ മോന് ഏത് കൊമ്പത്തെ ബന്ധം വേണമെങ്കിലും കിട്ടുമെന്ന് മോളിയേട്ടത്തിയേക്കാൾ ബോധ്യം എനിക്കുണ്ട്. പക്ഷേ എനിക്കും ഇച്ചായനും വലുത് അവന്റെ സന്തോഷമാണ്. അവന്റെ സന്തോഷം ഈ കൊച്ചിലാണ്. അതിന് മുന്നിൽ ജാതിയോ മതമോ ഒന്നും ഞങ്ങൾക്ക് പ്രശ്നമല്ല. ”

അവരുടെ മുഖത്ത് നോക്കിയുള്ള റീത്തയുടെ പറച്ചിൽ കെട്ടതും പെട്ടന്ന് ആ സ്ത്രീയുടെ മുഖം മങ്ങി.

” എന്നാലും റീത്തേ മുളംകുന്നേക്കാരുടെ അഭിമാനം ….. ”

” എന്നാ അഭിമാനമാ മോളിയേടത്തി മുളംകുന്നേലെ തങ്കച്ചന്റെ രണ്ടാമത്തെ പുത്രൻ സക്കറിയ അനാഥാലയത്തിന്റെ ഇരുട്ടിൽ വളർന്ന അച്ഛനുമമ്മയുമാരെന്ന് പോലുമറിയാത്ത റീത്ത എന്ന അനാഥപ്പെണ്ണിന്റെ കഴുത്തിൽ മിന്നുകെട്ടിയപ്പോ ഇടിഞ്ഞ് വീഴാത്ത അഭിമാനമൊന്നും ഇനിയും ഇടിഞ്ഞ് വീഴില്ല. ”

അവരെ മുഴുമിപ്പിക്കാനനുവദിക്കാതെ അത് പറയുമ്പോൾ റീത്തയുടെ കൺകോണുകളിലെവിടെയോ രണ്ട് തുള്ളി നീർ പൊടിഞ്ഞു. പിന്നീടെന്ത് പറയണം എന്നറിയാതെ നിക്കുന്ന അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് റീത്ത അകത്തേക്ക് നടന്നു.

ഫ്രിഡ്ജിൽ നിന്നും പാലെടുത്ത് തിളക്കാനായി ഗ്യാസിലേക്ക് വയ്ക്കുമ്പോൾ റീത്തയുടെ ഉള്ളിൽ ഇരുപത്തിയെട്ട് കൊല്ലങ്ങൾക്ക് മുൻപ് സക്കറിയ തന്റെ കഴുത്തിൽ മിന്നുകെട്ടിയ ദിവസമായിരുന്നു. ഓർമ്മകളുടെ തിളക്കത്തിൽ അവരുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
പെട്ടന്ന് ആരുടെയോ കാൽപെരുമാറ്റം കേട്ട് റീത്ത ഞെട്ടിത്തിരിഞ്ഞു. വാതിൽക്കൽ നിന്ന അനുവിനെ കണ്ട് അവർ മൃദുവായി പുഞ്ചിരിച്ചു. അവളും ഒന്ന് ചിരിച്ചു.

” മമ്മി പൂർണമനസ്സോടെ തന്നെയാണോ എന്നെ ഇവിടുത്തെ മരുമകളായി സ്വീകരിച്ചത് ? ”

അവരുടെ അടുത്തേക്ക് വന്ന്കൊണ്ട് വല്ലായ്മയോടെ അനു ചോദിച്ചു. മറുപടിയായി റീത്ത വീണ്ടും പുഞ്ചിരിച്ചു.

” മോളേ മനസ്സിലൊന്ന് വച്ചുകൊണ്ട് പുറത്ത് മറ്റൊന്ന് പ്രവർത്തിക്കാൻ ഇവിടെയാർക്കും അറിയില്ല. മനു മനസ്സുകൊണ്ട് സ്വീകരിച്ച പെണ്ണാണ് നീ. ആ നീ ഞങ്ങൾക്കും മകളാണ്. ഇവിടെ മനുവിനുള്ള എല്ലാ അവകാശങ്ങളും അധികാരങ്ങളും നിനക്കുമുണ്ട്. അതുകൊണ്ട് എന്റെ മോള് വെറുതെ ഓരോന്നാലോചിച്ച് തലപുകക്കാതെ ഇതും കൊണ്ട് മുകളിലോട്ട് ചെല്ല് ”

തിളപ്പിച്ച പാൽ ഗ്ലാസിലേക്ക് പകർന്ന് അനുവിന്റെ കയ്യിലേക്ക് നൽകി നിറഞ്ഞ പുഞ്ചിരിയോടെ റീത്ത പറഞ്ഞു. മറുപടിയായി ഒന്ന് പുഞ്ചിരിച്ചിട്ട് അനു പതിയെ മുകളിലേക്ക് നടന്നു.

” എങ്ങനുണ്ടെഡോ മരുമകൾ ? ”

വെള്ളം നിറച്ച ജഗ്ഗുമായി മുറിയിലേക്ക് വന്ന റീത്തയോടായി ബെഡിലിരുന്ന സക്കറിയ ചോദിച്ചു.

” ഒരു പാവം തൊട്ടാവാടി. ഇപ്പോഴും നമ്മളിഷ്ടത്തോടെയാണോ അവളെ സ്വീകരിച്ചതെന്ന സംശയം മാറിയിട്ടില്ല പാവം ”

ജഗ്ഗ് ടേബിളിൽ വച്ച് വാതിലിന്റെ ബോൾട്ടിട്ടുകൊണ്ട് അവർ പറഞ്ഞു. അവരെ നോക്കി കുടവയറ് തടവി സക്കറിയ പതിയെ ചിരിച്ചു.

അനു മുകളിലെത്തുമ്പോൾ മനു മുറിയിലുണ്ടായിരുന്നില്ല. മുറിയെല്ലാം ഭംഗിയായി അടുക്കിയൊതുക്കി വച്ചിരുന്നു. സാമാന്യം വലിയതും വിശാലവുമായ മുറിയുടെ നടുവിലായി കിടക്കയും അതിനരികിലായി ചെറിയൊരു ടേബിളും സെറ്റ് ചെയ്തിരുന്നു. പിന്നെ ചുവരോട് ചേർത്ത് രണ്ട് വലിയ അലമാരകളും അതിനോട് ചേർന്ന് ഒരു ഡ്രസ്സിങ്ങ് ടേബിളും ഒരു കസേരയുമായിരുന്നു മുറിയിലെ ഫർണിച്ചറുകൾ. മുറിയാകെയൊന്ന് കണ്ണോടിച്ച് അനു പതിയെ കർട്ടൻ നീക്കി ജനാല തുറന്നു. വയലേലകളെ തലോടി ഈർപ്പം നിറഞ്ഞ തണുത്ത കാറ്റ് അകത്തേക്ക് അടിച്ചുകയറി. അതിൽ അവളുടെ വിടർത്തിയിട്ട മുടിയിഴകൾ പാറിക്കളിച്ചു.

പെട്ടന്ന് മുറിയിലേക്ക് വന്ന മനു പുറത്തേക്ക് നോക്കി നിക്കുന്ന അനുവിനെ നോക്കി അൽപ്പനേരം വാതിലിൽ തന്നെ നിന്നു. വെള്ളനിറത്തിലുള്ള ഒരു വെൽവെറ്റ് നൈറ്റി ധരിച്ച് നീണ്ട മുടിയിഴകൾ പിന്നിൽ വിടർത്തിയിട്ട് നിന്നിരുന്ന അവളെ കണ്ട് അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.
ഓരോന്നോർത്ത് നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തേക്ക് നോക്കി നിന്ന അവളുടെ അരക്കെട്ടിലൂടെ കൈ ചുറ്റി അവനവളെ തന്നോട് ചേർത്തു. പെട്ടന്ന് അനുവിന്റെ ഉടലൊന്നുലഞ്ഞത് പോലെ തോന്നി.
ഞെട്ടിത്തിരിഞ്ഞതും മനുവിന്റെ മുഖത്തേക്ക് നോക്കിയ അവളുടെ മുഖം നാണം കൊണ്ട് ചുവന്നു.

” ഇപ്പൊ എന്നോട് ദേഷ്യമൊന്നുല്ലേ ? ”

കുനിഞ്ഞ അവളുടെ ശിരസ്സ് പിടിച്ചുയർത്തി ആ കണ്ണുകളിലേക്ക് നോക്കി അവൻ ചോദിച്ചു. ഒന്നും മനസ്സിലാകാതെ അവളവനെ ഉറ്റുനോക്കി.

” അല്ല സാധാരണ ഞാനടുത്തേക്ക് വന്നാലേ കണ്ണുരുട്ടി ബഹളം വയ്ക്കുന്ന ആളിന്ന് എന്റെ കൈക്കുള്ളിലൊതുങ്ങി നിൽക്കുന്നോണ്ട് ചോദിച്ചതാ ”

അവളെ നോക്കി കണ്ണിറുക്കി ചിരിച്ചുകൊണ്ട് മനു പറഞ്ഞു. ഒരു നനുത്ത പുഞ്ചിരിയോടെ അവളവന്റെ നെഞ്ചോട് ചേർന്നു. അവനവളെ ചേർത്ത്പിടിച്ച് അവളുടെ നെറുകയിലെ സിന്ദൂരച്ചുവപ്പിൽ ചുണ്ടമർത്തി.

” അല്ല ഇങ്ങനെ കാറ്റും കൊണ്ട് നിന്നാൽ മതിയോ നമുക്ക് കിടക്കണ്ടേ ? എനിക്കേ നല്ല ക്ഷീണമുണ്ട് ഇന്ന് രാവിലെ മുതൽ വേഷം കെട്ടി നിൽപ്പായിരുന്നില്ലേ ”

അവളെ നോക്കി ചിരിച്ചുകൊണ്ട് മനു പറഞ്ഞു. ബെഡിൽ അവന്റെ നെഞ്ചോട് ചേർന്ന് കിടക്കുമ്പോൾ അനുവിന്റെ ഉള്ളിൽ നിറഞ്ഞ സംതൃപ്തിയായിരുന്നു. കണ്ണുകളടച്ച് മയങ്ങിത്തുടങ്ങിയ മനുവിന്റെ മുഖത്തേക്ക് നോക്കിക്കിടന്ന് എപ്പോഴോ അവളും ഉറക്കത്തിലേക്ക് വഴുതിവീണു. രാവിലെ കണ്ണ് തുറക്കുമ്പോൾ മുറിയിൽ സൂര്യപ്രകാശം പരന്നിരുന്നു. എണീക്കാൻ നോക്കുമ്പോൾ മനുവിന്റെ വലതുകരം അവളുടെ വയറിൽ ചുറ്റിപ്പിടിച്ചിരുന്നു. അവനെ ഉണർത്താതെ ആ കയ്യെടുത്തുമാറ്റി പതിയെ എണീറ്റ് അഴിഞ്ഞുകിടന്ന മുടി വാരിക്കെട്ടി അവൾ പതിയെ ബെഡിൽ നിന്നും എണീറ്റു. തിരിഞ്ഞ് നോക്കുമ്പോൾ ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയോടെ കിടന്നുറങ്ങുന്ന അവന്റെ മുഖം കണ്ടതും ഒരുതരം വാത്സല്യത്തോടെ അവളാ നെറ്റിയിൽ ചുണ്ട് ചേർത്തു. ഉറക്കത്തിലും അവന്റെ ചുണ്ടിലൊരു മന്ദഹാസം വിടർന്നു. ആ മുടിയിലൂടെ ഒന്ന് വിരലോടിച്ച് അവൾ പതിയെ ബാത്‌റൂമിലേക്ക് നടന്നു.

കുളികഴിഞ്ഞ് ബാൽക്കണിയിൽ നിന്ന് മുടി തോർത്തിക്കൊണ്ടിരിക്കുമ്പോൾ അനുവിന്റെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി.

” അമ്മേ… ”

നനഞ്ഞ മുടി ഒരു സൈഡിലൂടെ മാറിലേക്കിട്ട് അവൾ വേഗം ഫോണെടുത്ത് കാതോട് ചേർത്തുകൊണ്ട് വിളിച്ചു.

” മോളേ അവിടെ സുഖാണല്ലോ അല്ലേ ? ”

ഗീതയുടെ ആ ചോദ്യത്തിൽ ഒരമ്മയുടെ മുഴുവൻ ആകുലതകളുമുണ്ടായിരുന്നു. അത് കേട്ടതും സന്തോഷം കൊണ്ട് അനുവിന്റെ കണ്ണുകൾ നിറഞ്ഞു.

” ഇവിടൊരു കുഴപ്പവുമില്ലമ്മേ. സുഖായിട്ടിരിക്കുന്നു ”

അവൾ പറഞ്ഞു. പെട്ടന്ന് പുറത്തേക്ക് വന്ന മനു പിന്നിലൂടെ വന്ന് അവളെ ചുറ്റിപ്പിടിച്ച്‌ നനഞ്ഞ മുടികളുടെ ഇടയിലൂടെ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി അമർത്തി ചുംബിച്ചു.

” ആഹ്… ”

അറിയാതെ അനുവിൽ നിന്നുമൊരു നിലവിളി ഉയർന്നു.

” മിണ്ടല്ലേഡീ പെണ്ണേ … ”

പതിഞ്ഞ സ്വരത്തിൽ പറഞ്ഞുകൊണ്ട് മനു അവളുടെ വായ പൊത്തി.

” എന്താ മോളേ ? ”

ഫോണിന്റെ മറുതലക്കൽ നിന്നും ഗീതയുടെ അമ്പരന്നുള്ള ചോദ്യം വന്നു.

” അതൊന്നൂല്ലമ്മേ ഒരു … ഒരു പാറ്റ ”

അവൾ പെട്ടന്ന് പറഞ്ഞു. അത് കെട്ട് മനു വായ പൊത്തിച്ചിരിച്ചു. അതുകണ്ട് അനു കണ്ണുരുട്ടി കൈ മുട്ടുകൊണ്ട് അവന്റെ വയറിൽ ഇടിച്ചു.

” ഓഹ് ഈ പെണ്ണിന്റെയൊരു കാര്യം ഒരു ഭാര്യയായിക്കഴിഞ്ഞു. ഇപ്പോഴും ഒരു പാറ്റപ്പേടി. പോയി വല്ല ജോലിയും നോക്ക് ഞാൻ വെക്കുവാ ”

പറഞ്ഞിട്ട് ഗീത പെട്ടന്ന് ഫോൺ വച്ചു. മനു വീണ്ടും അവളെ മുറുകെപ്പുണർന്ന് ആ മുഖത്തേക്ക് ചുണ്ടുകളടുപ്പിച്ചു.

” അയ്യടാ മാറങ്ങോട്ട്. രാവിലെ അമ്മേടെ കയ്യീന്ന് എനിക്ക് വയറുനിറയെ വാങ്ങി തന്നപ്പോ സമാധാനമായല്ലോ ”

അവനെ തള്ളി മാറ്റി മുഖം ചുളുക്കിക്കൊണ്ട് അവൾ പറഞ്ഞു.

” അതിനിപ്പോ ഞാനറിഞ്ഞോ നീ കിടന്ന് കാറിക്കൂവുമെന്ന് ? ”

ഒരു കള്ളച്ചിരിയോടെ അവളെ നോക്കി മനു പറഞ്ഞു.

” പിന്നെ ഓർക്കാപ്പുറത്ത് പിന്നിക്കൂടെ വന്ന്…. ദേ മനുവേട്ടാ പോയേ കാലത്തേ കുഞ്ഞുകളിക്കാൻ നിക്കാതെ ”

പറഞ്ഞുകൊണ്ട് അവൾ തിരിഞ്ഞ് നടക്കാനൊരുങ്ങി.

” പിണങ്ങല്ലേഡീ പൊണ്ടാട്ടീ … ”

അവളുടെ കയ്യിൽ പിടിച്ച് വീണ്ടും തന്നോട് ചേർത്തുകൊണ്ട് അവൻ പറഞ്ഞു.

” അതിന് വച്ച വെള്ളം മോനങ്ങ് വാങ്ങിയിട്ട് പോയി പല്ല് തേക്കാൻ നോക്ക്ട്ടാ. നാറിയിട്ട് പാടില്ല ”

അവളുടെ നനുത്ത അധരങ്ങളിലേക്കടുത്ത അവനെ തള്ളി മാറ്റി പറഞ്ഞുകൊണ്ട് അവൾ താഴേക്ക് ഓടി.

” ഞാനീ വെള്ളം വാങ്ങാനുദേശിച്ചിട്ടില്ല മോളേ. നിന്നെയെന്റെ കയ്യിൽ കിട്ടുമെഡീ വെട്ടിക്കിളി.. ”

അവളെ നോക്കി നിന്നുകൊണ്ട് ചിരിയോടെ മനു പറഞ്ഞു. അവനെയൊന്ന് നോക്കി കണ്ണിറുക്കി കാണിച്ച് അവൾ അടുക്കളയിലേക്ക് നടന്നു.

” ഡീ ഇനിയെന്നാ നിന്റെ കെട്ട് ? ”

ഉച്ചയ്ക്ക് ഓഫീസ് കാന്റീനിലിരുന്ന് ഉച്ചയൂണ് കഴിക്കുമ്പോൾ അഭിരാമിയോടായി വീണ ചോദിച്ചു. മറുപടിയായി അവളൊന്ന് പുഞ്ചിരിച്ചു.

” ഞങ്ങൾക്കിനി എന്തൊക്കെ കടമ്പകളുണ്ടെന്ന് ദൈവത്തിനറിയാം. ”

ചോറിൽ വിരലിട്ടിളക്കിക്കൊണ്ട് അഭിരാമി പതിയെ പറഞ്ഞു.

” ഓ പിന്നേ ഒരേയൊരു മോളേ ഒന്നും നോക്കാതെ ക്രിസ്ത്യാനിപ്പയ്യന് കെട്ടിച്ചുകൊടുക്കാൻ മടിക്കാത്ത അരവിന്ദനങ്കിൾ അജിത്തേട്ടൻ നിന്നെ കെട്ടാൻ സമ്മതിക്കാതെയിരിക്കുമോ ”

വീണ ചോദിച്ചു.

” അതൊക്കെയാ ഒരു പ്രതീക്ഷ ”

കഴിച്ചെണീറ്റുകൊണ്ട് അഭിരാമി പറഞ്ഞു.

” ഡീ നമുക്ക് കുറച്ച് നേരത്തെ ഇറങ്ങിയാലോ എനിക്കൊരു തലവേദന പോലെ ”

മൂന്ന് മണി കഴിഞ്ഞതും അഭിരാമി പതിയെ വീണയോട് ചോദിച്ചു.

” ആഹ് പഷ്ട് ആ മൂശേട്ട വിട്ടത് തന്നെ . അല്ല നീ പോയി ചോദിച്ചുനോക്ക് നീയെന്ത് ചോദിച്ചാലും ആ കാട്ടുകോഴി തരും. ”

ഗോകുലിന്റെ ക്യാബിന് നേരെ നോക്കി ചുണ്ട് വക്രിച്ച് വീണ പറഞ്ഞു.

” എന്നാ ശരി ഞാനൊന്ന് ചോദിച്ചുനോക്കട്ടെ ”

പറഞ്ഞുകൊണ്ട് അഭിരാമി അകത്തേക്ക് നടന്നു.

” സാർ എനിക്കൊരൽപം നേരത്തെ പോണമായിരുന്നു. ”

ഗോകുലിനഭിമുഖമായി കസേരയിലേക്ക് ഇരുന്നുകൊണ്ട് അഭിരാമി പറഞ്ഞു.

” എന്താ അഭീ തിടുക്കം ? ”

” അത് സാർ ചെറിയൊരു തലവേദന ”
” ദെൻ ഓക്കേ അഭീ പൊയ്ക്കോളൂ ”

” താങ്ക്യൂ സാർ ”

പറഞ്ഞുകൊണ്ട് അവൾ വേഗം എണീറ്റു.

” അഭീ… ” അവൻ പെട്ടന്ന് വിളിച്ചു.

” എന്താ സാർ ? ”

” ടേക്ക് റസ്റ്റ്‌ ”

നുരഞ്ഞ് വന്ന ദേഷ്യം പുറത്ത് കാണിക്കാതെ ഒന്ന് പുഞ്ചിരിച്ച് അവൾ പുറത്തേക്ക് നടന്നു.

” സക്സസ് ”

പുറത്ത് കാത്തുനിന്ന വീണയു കയ്യും പിടിച്ച് വെളിയിലേക്ക് നടക്കുമ്പോൾ അവൾ പറഞ്ഞു.
വീണയ്ക്കൊപ്പം കടൽ തീരത്ത് ഇരിക്കുമ്പോൾ അഭിരാമിയ്ക്ക് ഒരു പ്രത്യേക ഉണർവ് തോന്നി.

” എടീ ഈ ബീച്ചിൽ വന്നിരുന്ന് കപ്പലണ്ടി തിന്നാത്തേന്റെ സൂക്കേടാരുന്നോ നിനക്ക് ? ” ”

കടലിലേക്ക് നോക്കിയിരുന്ന് രസിച്ച് കപ്പലണ്ടി തിന്നുകൊണ്ടിരുന്ന അഭിരാമിയെ നോക്കി വീണ ചോദിച്ചു. അത്കെട്ട് അവൾ പല്ല് കാണിച്ച് വെളുക്കെ ചിരിച്ചു.

” അഭിരാമി… ”

എന്തോ സംസാരിച്ചിരിക്കുമ്പോൾ പിന്നിൽ നിന്നും ഒരു സ്ത്രീ ശബ്ദം കെട്ട് അവർ രണ്ടാളും ഒരുപോലെ തിരിഞ്ഞ് നോക്കി. അധികം പരിചയമില്ലെങ്കിലും ഒറ്റനോട്ടത്തിൽ അഭിരാമിയവളെ തിരിച്ചറിഞ്ഞു.

” കീർത്തി ” അവൾ പതിയെ പറഞ്ഞു.

” എന്നെ മനസ്സിലായോ ? ”

അവളുടെ ചോദ്യത്തിന് അഭിരാമിയൊന്ന് തലയനക്കി.

” എനിക്ക് തന്നോടൽപം സംസാരിക്കാനുണ്ടായിരുന്നു നമുക്കൊന്ന് മാറി നിന്നൂടെ ? ”

അവൾ ചോദിച്ചു. അഭിരാമി വീണയെ ഒന്ന് നോക്കി പതിയെ എണീറ്റു. അവൾക്കൊപ്പം കടലോരത്തേ ഈർപ്പമുള്ള മണ്ണിലൂടെ നടക്കുമ്പോൾ അവൾക്കെന്താകും പറയാനുണ്ടാവുക എന്നോർത്ത് അഭിരാമിയിൽ കാരണമില്ലാത്ത ഒരു വെപ്രാളം ഉടലെടുത്തുകൊണ്ടിരുന്നു.

” അജിത്തിന്റെ പെങ്ങടെ വിവാഹം കഴിഞ്ഞല്ലേ ? ”

കീർത്തിയുടെ ചോദ്യത്തിന് അക്ഷമയായി അവൾ മൂളി.

” എനിക്ക് വേണമെങ്കിൽ ഇതൊന്നും അഭിരാമിയോട് പറയാതിരിക്കാം. പക്ഷേ അത് ശരിയല്ലെന്നെനിക്ക് തോന്നി . കാരണം ഞാനും ഒരു പെണ്ണാണ്. ”

അഭിരാമിയുടെ മുഖത്ത് നോക്കാതെ കീർത്തി പറഞ്ഞുതുടങ്ങി. അഭിരാമിയുടെ ഹൃദയം വേഗത്തിൽ മിഡിക്കാൻ തുടങ്ങി.
അവൾ കണ്ണിമ വെട്ടാതെ കീർത്തിയെത്തന്നെ നോക്കി നിന്നു.

” അഭിരാമി അറിയുന്ന ഈ അജിത്തിന്റെയുള്ളിൽ മറ്റൊരു അജിത്ത് കൂടിയുണ്ട്. തനിക്ക് ചിന്തിക്കാൻ പോലും കഴിയാത്തൊരജിത്ത്. ഞാനും അവനും പ്രണയിച്ചതും പിന്നീട് അതിലും നല്ലത് വന്നപ്പോൾ ഞാനവനെ ഉപേക്ഷിച്ചുപോയതുമായ കഥകൾ മാത്രമല്ലെ തനിക്കറിയൂ. പക്ഷേ താനറിയാത്ത ഒരുപാട് കഥകൾ അവന്റെ ലൈഫിലുണ്ട്. ഞങ്ങൾ അഞ്ചുവർഷം പ്രണയിച്ചു. പക്ഷേ അവന്റെ ജീവിതത്തിൽ എന്നെ കൂടാതെ വേറെയും പെൺകുട്ടികളുണ്ടെന്ന് വളരെ വൈകിയാണ് ഞാനറിഞ്ഞത്. അതേ ചൊല്ലിയുള്ള ഞങ്ങളുടെ വഴക്ക് വേർപിരിയൽ വരെയെത്തി.

അങ്ങനെ ഞങ്ങൾ പിരിഞ്ഞു. വിഷ്ണുവിനെ വിവാഹം ചെയ്ത് ഞാൻ uk യിലേക്ക് പോയി പക്ഷേ വിധിയെന്നെ അവിടെയും തോൽപ്പിച്ചുകളഞ്ഞു. വിവാഹം കഴിഞ്ഞതിന്റെ അന്ന് ആ രാത്രിയാണ് ഞാൻ വീണ്ടും തോറ്റുപോയത്. അജിത്തിനോടുള്ള തീവ്രമായ പ്രണയത്തിന്റെ ബാക്കി പത്രമായി അജിത്തിന്റെ കുഞ്ഞ് അപ്പോഴേക്കും എന്റെയുള്ളിൽ നാമ്പിട്ടിരുന്നു. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഗർഭിണിയായ ഭാര്യ വിഷ്ണുവിൽ സംശയം ജനിപ്പിച്ചു. അങ്ങനെ അവസാനം എല്ലാമവസാനിച്ചു. ”

കീർത്തിയത് പറഞ്ഞവസാനിപ്പിക്കുമ്പോൾ അഭിരാമിക്ക് തല കറങ്ങുന്നത് പോലെ തോന്നി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഒരാശ്രയത്തിനെന്നത് പോലെ അവളുടെ കൈകൾ വായുവിൽ പരതി. ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെട്ടവൾ താഴേക്ക് വീഴാൻ തുടങ്ങിയതും ഓടി വന്ന വീണയുടെ കൈകൾ അവളെ താങ്ങിപ്പിടിച്ചു.

” അഭീ… ”

മിഴികൾ അവസാനമായടയും മുന്നേ കാതങ്ങൾക്കകലെ നിന്നെന്നപോലെ വീണയുടെ സ്വരം അവൾ കേട്ടു.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നിനക്കായ്‌ : ഭാഗം 1

നിനക്കായ്‌ : ഭാഗം 2

നിനക്കായ്‌ : ഭാഗം 3

നിനക്കായ്‌ : ഭാഗം 4

നിനക്കായ്‌ : ഭാഗം 5

നിനക്കായ്‌ : ഭാഗം 6

നിനക്കായ്‌ : ഭാഗം 7

നിനക്കായ്‌ : ഭാഗം 8

നിനക്കായ്‌ : ഭാഗം 9

നിനക്കായ്‌ : ഭാഗം 10

നിനക്കായ്‌ : ഭാഗം 11

നിനക്കായ്‌ : ഭാഗം 12

നിനക്കായ്‌ : ഭാഗം 13

നിനക്കായ്‌ : ഭാഗം 14

നിനക്കായ്‌ : ഭാഗം 15