Sunday, December 22, 2024
Novel

നിൻ നിഴലായ് : ഭാഗം 23

എഴുത്തുകാരി: ശ്രീകുട്ടി

ഓഫീസിലെന്തോ തിരക്കിട്ട ജോലികൾക്കിടയിലാണ് ശ്രീജിത്തിന്റെ ഫോണിലൊരു മെയിൽ വന്നത്. അവൻ വേഗം ഫോണെടുത്ത് മെയിൽ ഓപ്പൺ ചെയ്തു. ” ഏഹ്… ഇവളെന്താ മെയിലൊക്കെ അയച്ചേക്കുന്നത് ??? ” ശ്രദ്ധയുടെ ഐഡിയിൽ നിന്നാണത് വന്നിരിക്കുന്നതെന്ന് മനസ്സിലായതും പിറുപിറുത്തുകൊണ്ട് അതിലൂടെ കണ്ണോടിച്ചു. ” ഏട്ടാ ഇതൊരു കുറ്റസമ്മതമാണ്. ജാനകിക്കീ ആക്സിഡന്റുണ്ടായതിനും കാരണം ഞാനാണ്. പകമൂത്ത് ഭ്രാന്തായ ഈ ഞാനാ അവളെ കാറിടിപ്പിച്ചത്. പക്ഷേ ഈ സത്യം തുറന്നുപറഞ്ഞ് നിയമത്തിന് കീഴടങ്ങാൻ ഞാൻ കാത്തുനിൽക്കുന്നില്ലേട്ടാ.

ഇത്രയൊക്കെ ചെയ്തുകൂട്ടിയ എനിക്ക് മരണത്തിൽ കുറഞ്ഞൊരു ശിക്ഷയില്ല. ഇന്നഭിയേട്ടനിവിടെ വന്നപ്പോഴും എന്നെ തല്ലിച്ചതച്ചപ്പോഴും ഞാൻ കരുതി എനിക്കാ കൈകൊണ്ട് തന്നെ മരണം വിധിക്കുമെന്ന്. പക്ഷേ അവിടെയും ഞാൻ തോറ്റുപോയേട്ടാ…. ഞാൻ ചെയ്തുപോയ തെറ്റുകളോർത്ത് ഞാൻ നീറി നീറി ജീവിക്കട്ടെന്ന് കരുതിയാവാം വീണ്ടുമെന്നെ വെറുതേ വിട്ടു. പക്ഷേ എനിക്കിനി ജീവിക്കാനർഹതയില്ല. അത്രയേറെ ഞാനാ പാവത്തെ ദ്രോഹിച്ചു. ഏട്ടാ…. ഇപ്പൊ ഏട്ടനുമമ്മയ്ക്കുമുൾപ്പെടെ എല്ലാവർക്കും എന്നോട് വെറുപ്പാണെന്നറിയാം. അത് ഞാനർഹിക്കുന്നത് കൊണ്ട് തന്നെ എനിക്കതിൽ പരിഭവമില്ലേട്ടാ. നമ്മുടമ്മയെ ഞാനൊരുപാട് വേദനിപ്പിച്ചിട്ടുണ്ട്. മാപ്പ് ചോദിക്കാൻ പോലും അർഹതയില്ലെനിക്ക്.

എങ്കിലും എനിക്ക് വേണ്ടി ഏട്ടൻ നമ്മുടമ്മയോട് മാപ്പ് ചോദിക്കണം. ഒപ്പം മാളുവേട്ടത്തിയോടും പറയണം വിവരമില്ലാത്ത ഒരു പൊട്ടിപ്പെണ്ണിന്റെ അറിവില്ലായ്മയായിരുന്നു എല്ലാമെന്ന് കരുതി പൊറുത്തേക്കണമെന്ന്. പിന്നഭിയേട്ടനോട് പറയണം ഈ ഭ്രാന്തിയുടെയുള്ളിലെപ്പോഴോ ആ മനുഷ്യനൊരു ഭ്രാന്തായി മാറിയിരുന്നെന്ന്. ഒരുപക്ഷെ ഈ മെയിൽ ഏട്ടന് കിട്ടും മുൻപ് തന്നെ ഈ കുഞ്ഞനിയത്തി ആർക്കും എത്തിപ്പിടിക്കാൻ കഴിയാത്തത്ര ദൂരത്തേക്ക് പോയിട്ടുണ്ടാകും. അവസാനമായി ഒന്നുമാത്രമേ പറയാനുള്ളു ഏട്ടാ ചെയ്തുപോയ തെറ്റുകൾക്കെല്ലാം മാപ്പ്….. ” അതിലെ അവസാനവരികൾ വായിക്കുമ്പോൾ ശ്രീജിത്തിന്റെ നട്ടെല്ലിലൂടൊരു പെരുപ്പ് കടന്നുപോയി.

” മോളേ ശ്രദ്ധ…. ” ഒരു വിറയലോടെ അവന്റെ ചുണ്ടുകൾ മന്ത്രിച്ചു. പിന്നീടൊന്നുമാലോചിക്കാതെ അവൻ കാറിന്റെ കീയുമെടുത്ത് പുറത്തെക്കോടി. ട്രാഫിക് സിഗ്നലുകൾ പോലും വക വെക്കാതെ കാർ റോഡിലൂടെ പായുമ്പോഴും അവന്റെ നെഞ്ച് വല്ലാതെ പിടഞ്ഞുകൊണ്ടിരുന്നു. വീട്ടിലെത്തുമ്പോൾ അടഞ്ഞുകിടന്ന വാതിൽ കൂടി കണ്ടതും അവനിൽ ഭയം ഫണം വിടർത്തിയാടി. അകത്ത് നിന്നും പൂട്ടിയിരുന്ന വാതിൽ സ്പയർ കീയുപയോഗിച്ച് തുറന്നതും അവൻ നേരെ മുകളിൽ ശ്രദ്ധയുടെ മുറിയിലേക്കോടി. ” ശ്രദ്ധ…. മോളേ…. ” അടഞ്ഞുകിടന്ന ആ വാതിലിൽ ആഞ്ഞിടിച്ചുകൊണ്ട് അവനലറിവിളിച്ചു. കുറേ സമയം കഴിഞ്ഞിട്ടും അകത്തുനിന്നും അനക്കമൊന്നുമില്ലെന്ന് കണ്ട് അവൻ വാതിലിൽ ശക്തിയിൽ ചവിട്ടാൻ തുടങ്ങി.

ഒടുവിൽ വാതിൽ തുറക്കുമ്പോൾ കണ്ട കാഴ്ചയിൽ ശരീരം തളർന്നവൻ വെറും തറയിലേക്ക് വീണു. ” ശ്രദ്ധ….. ” ഒരുമുഴം തുണിയിൽ തൂങ്ങിയാടുന്ന . ജീവനറ്റ ആ ശരീരത്തിലേക്ക് നോക്കിയവൻ അലറിക്കരഞ്ഞു. നിമിഷങ്ങൾ കൊണ്ട് വാർത്ത നാടുമുഴുവൻ പരന്നു. നിലവിളക്കിന് മുന്നിൽ വെള്ളപുതപ്പിച്ചുകിടത്തിയ ആ ശരീരത്തിനരികിൽ സകലതും തകർന്നത് പോലെ ശ്രീജിത്തും സുധയുമിരുന്നു. ഉറങ്ങികിടക്കുന്ന ജാനകിയേത്തന്നെ നോക്കി വെറുതേയിരിക്കുമ്പോഴായിരുന്നു അഭിജിത്തിന്റെ ഫോൺ റിങ് ചെയ്തത്. ഡിസ്പ്ലേയിൽ തെളിഞ്ഞ അച്ഛന്റെ പേര് കണ്ട് അവൻ വേഗം ഫോണുമായി റൂമിന് പുറത്തേക്കിറങ്ങി. ” എന്താ അച്ഛാ ??? ” പുറത്തേക്കിറങ്ങി കാൾ അറ്റൻഡ് ചെയ്തുകൊണ്ട് അവൻ ചോദിച്ചു.

” അതഭീ… ശ്രദ്ധ മരിച്ചു. ” അവന്റെ ചോദ്യത്തിന് മറുപടിയായി പതിഞ്ഞ സ്വരത്തിൽ അയാൾ പറഞ്ഞു. ” എഹ്…. ശ്രദ്ധ മരിച്ചെന്നോ അച്ഛനിതെന്തൊക്കെയാ ഈ പറയുന്നത് ?? ” അയാളുടെ വാക്കുകൾ അവന്റെ ശരീരത്തിലൊരു വിറയൽ പടർത്തി. ” സത്യമാണഭീ…. സൂയിസൈഡ് ചെയ്തതാണ്. ” അതുകൂടി കേട്ടതും അവൻ തളർച്ചയോടെ ഭിത്തിയിലേക്ക് ചാരിനിന്നു. ” ശ്രദ്ധ ആത്മഹത്യ ചെയ്തെന്നോ എന്തിനായിരിക്കും അവളിത് ചെയ്തത് ?? ഇനിയിതിന് പിന്നിലും അവൾക്കെന്തെങ്കിലും ഉദ്ദേശമുണ്ടാകുമോ ?? ” അവൻ സ്വയം ചോദിച്ചുകൊണ്ടിരുന്നു. ” ആഹ് പിന്നെ മോനേ…. തല്ക്കാലം നീയിതൊന്നും ജാനകി മോളോട് പറയണ്ട.

ഇപ്പോഴത്തെ അവസ്ഥയിൽ ഇതൊക്കെ അവളുടെ മനസ്സിന് ചിലപ്പോൾ താങ്ങാൻ കഴിഞ്ഞുവെന്ന് വരില്ല. ” അവന്റെ ചിന്തകളെ മുറിച്ചുകൊണ്ടുള്ള മേനോന്റെ വാക്കുകൾക്ക് അവൻ വെറുതേയൊന്ന് മൂളി. മറുവശത്ത് കാൾ കട്ടായിട്ടും കേട്ടവാർത്തയുടെ ഞെട്ടലിൽ അതേ നിൽപ്പ് നിൽക്കുകയായിരുന്നു അവനപ്പോഴും. അപ്പോഴാണ് രാവിലെയെപ്പോഴോ ശ്രദ്ധയുടെ നമ്പറിൽ നിന്നും വന്ന വാട്സ്ആപ്പ് മെസ്സേജുകളേപ്പറ്റി അവനോർത്തത്. അപ്പോഴത്തെ ജാനകിയുടെ അവസ്ഥയിൽ ഫോണെടുക്കാനുള്ള മാനസികാവസ്തയിലായിരുന്നില്ലല്ലോ താനെന്നോർത്ത് അവൻ വേഗം വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് ശ്രദ്ധയുടെ നമ്പറിൽ നിന്നും വന്നിട്ടുണ്ടായിരുന്ന നാല് വോയിസ്‌ മെസ്സേജുകളിൽ ആദ്യത്തേത് പ്ലേ ചെയ്തു.

” അഭിയേട്ടാ…. ഇപ്പൊ ഈ വിളി കേൾക്കുമ്പോൾ ആ മുഖത്തുണ്ടാകുന്ന പുച്ഛം എനിക്കിവിടിരുന്ന് കാണാൻ കഴിയുന്നുണ്ട്. പക്ഷേ അഭിയേട്ടാ…. ഇത് പഴയതുപോലെ വെറും പൊള്ളയയുള്ള വിളിയല്ല. ആത്മാർത്ഥമായിത്തന്നെ വിളിച്ചതാണ്. എനിക്കെന്ത് പറയണമെന്നറിയില്ല അത്രയേറെ ദ്രോഹങ്ങൾ ഞാൻ നിങ്ങളോട് ചെയ്തുകൂട്ടിയിട്ടുണ്ട്. അഭിയേട്ടന്റച്ഛനോട് വീരോധം തോന്നേണ്ടിയിരുന്ന എന്റേട്ടന് പോലുമില്ലാത്ത പകയായിരുന്നു എനിക്ക് നിങ്ങളോടൊക്കെ. പക്ഷേ ഇപ്പൊ അതൊക്കെ ഓർക്കുമ്പോൾ എന്തിനായിരുന്നു അതെല്ലാമെന്ന് സ്വയം തോന്നിപ്പോകുന്നു. പിന്നഭിയേട്ടൻ …. എപ്പോഴും പറയാറുള്ളത് പോലെ തന്നെ എന്നെ സ്നേഹിക്കുക എന്ന ഒറ്റ തെറ്റ് മാത്രമേ ചെയ്തിട്ടുള്ളു.

എനിക്കെതിരെ എല്ലാ തെളിവുകളും ഉണ്ടായിട്ട് പോലും അഭിയേട്ടനെന്നെ അവിശ്വസിച്ചില്ല. ചേർത്തുതന്നെ നിർത്തി. എന്നിട്ടും ആ അഭിയേട്ടനെപ്പോലും ഞാൻ കൊല്ലാൻ ശ്രമിച്ചു. ജാനകിയോടുള്ള പക വീട്ടാൻ വേണ്ടി മാത്രം. ” ആ വാക്കുകൾ പറയുമ്പോൾ ഉറച്ചതെങ്കിലും അവളുടെ സ്വരം വല്ലാതെ ഇടറിയിരുന്നു. ” ഇപ്പൊ അതുമെനിക്കുത്തരം കിട്ടാത്ത മറ്റൊരു ചോദ്യമാണ്. എന്തിനായിരുന്നു ജാനകിയോടെനിക്ക് പക ??? അറിയില്ല. ആദ്യം അവളെനിക്ക് കൂടപ്പിറപ്പിനേപ്പോലുള്ള കൂട്ടുകാരിയായിരുന്നു. പിന്നെ എന്റെ തെറ്റായ വഴികളിൽ തടസ്സമാണെന്ന് തോന്നിയപ്പോൾ അവളുമെനിക്ക് ശത്രുവായി. പിന്നീടഭിയേട്ടനെ സ്വന്തമാക്കിക്കൊണ്ട് വീണ്ടുമെന്റെ പദ്ധതികൾ തകർത്തപ്പോൾ അവളോടെനിക്കുള്ള പകയിരട്ടിച്ചു.

പക്ഷേ ഒരിക്കലും അവളെന്നെയൊരു ശത്രുവായി കണ്ടിരുന്നില്ല. അവസാനം സ്വയരക്ഷക്ക് വേണ്ടി മാത്രമാണ് അവളെനിക്കെതിരെ നിന്നത്. പക്ഷേ എന്നിട്ടും എന്റെയുള്ളിലെ വിഷം എന്നെ സ്നേഹിക്കുന്നവരെ തിരിച്ചറിയാൻ പോലുമെന്നെയനുവധിച്ചില്ല. പലപ്പോഴും പലരോടും പുച്ഛത്തോടെ ഞാൻ വിളിച്ചുപറഞ്ഞിട്ടുണ്ട് ശ്രീമംഗലത്തിന്റെ അകത്തളത്തിലേക്കെനിക്കുള്ള വെറുമൊരു ചവിട്ടുപടി മാത്രമായിരുന്നു അഭിജിത്ത് ബാലചന്ദ്രനെന്ന്. പക്ഷേ അങ്ങനെയല്ലഭിയേട്ടാ പകയിൽ മൂടിപ്പോയ ഒരിഷ്ടം എനിക്കെപ്പോഴോ നിങ്ങളോടുണ്ടായിരുന്നു. അത് പക്ഷേ പകമൂത്ത് ഭ്രാന്തിളകി നടന്ന ഞാൻ തിരിച്ചറിയാൻ വൈകിപ്പോയി.

അത് ഞാൻ തിരിച്ചറിഞ്ഞതെപ്പോഴാണെന്നറിയുമോ അഭിയേട്ടന് ??? ഇന്നഭിയേട്ടനിവിടെ വന്നെന്നെ തല്ലിച്ചതച്ചപ്പോൾ. നിങ്ങളെന്നെ അത്രയേറെയടിച്ചിട്ടും എനിക്ക് വേദനിച്ചില്ലഭിയേട്ടാ… പക്ഷേ എനിക്ക് വേദനിച്ചു ഹൃദയത്തിൽ ഒരായിരം കുപ്പിച്ചീളുകൾ കുത്തിക്കയറുന്നതിലേറെ എപ്പോഴാണെന്നറിയുമോ ??? ജാനകിക്കായി നെഞ്ച് തകരുന്ന നൊമ്പരത്തിൽ നിങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയപ്പോൾ. അപ്പോൾ മാത്രമാണഭിയേട്ടാ നിങ്ങളോടുള്ള എന്റെ പ്രണയം എന്നിലെ വിഡ്ഢി തിരിച്ചറിഞ്ഞത്. ഒരിക്കൽ എന്റേത് മാത്രമായിരുന്ന പുരുഷൻ മറ്റൊരു പെണ്ണിനായ്‌ കണ്ണുനിറയ്ക്കുന്നത് വരെ സ്വന്തം പ്രണയം തിരിച്ചറിയാൻ കഴിയാതെപോയ വെറും വിഡ്ഢിയാണ് ഞാൻ.

പക്ഷേ അഭിയേട്ടാ എനിക്കിപ്പോ ആരോടും പകയോ പ്രതികാരമോ ഒന്നുമില്ല. ജീവിക്കാൻ മറന്നുപോയ , സ്നേഹിച്ചവരെപ്പോലും നോവിക്കുക മാത്രം ചെയ്ത ഞാനിനി ആരോടെന്ത് പക വീട്ടാൻ. പക്ഷേ എനിക്ക് കുറച്ചസൂയയുണ്ട് കേട്ടോ അഭിയേട്ട….. എന്റെ എക്കാലത്തെയും ശക്തയായ എതിരാളി ജാനകീ മഹാദേവനെന്ന അഭിയേട്ടന്റെ ജാനകിയോട്. പുനർജന്മം എന്നതിലൊന്നും ഞാൻ വിശ്വസിക്കുന്നില്ല പക്ഷേ… അങ്ങനെയൊന്നുണ്ടെങ്കിൽ അന്നെനിക്ക് അഭിയേട്ടന്റെ ജാനകിയാവാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് മാത്രമാണ് ഇപ്പോഴെന്റെ പ്രാർത്ഥന. കാരണം എല്ലാവരുടേയും സ്നേഹത്തിനവകാശിയായി അതിലേറെ അഭിയേട്ടന്റെ പ്രണയമേറ്റുവാങ്ങിയവളല്ലേ അവൾ.

ഇനിയുയൊരു ജന്മമെനിക്ക് വിധിച്ചിട്ടുണ്ടെങ്കിൽ അത് ജാനകിയായിട്ടായാൽ മതിയെനിക്ക്. പിന്നെ അഭിയേട്ടനവളോട് പറയണം അവൾക്കിനിയൊരു തലവേദനയായി ഞാൻ വരില്ലെന്ന്. ആർക്കുമിതുവരെയൊരുപകാരവും ഉണ്ടായിട്ടില്ലാത്ത എന്റെയീ ജീവൻ പകരം കൊടുത്തിട്ടായാലും അവളുടെ കുഞ്ഞഭിയെ അവൾക്ക് തന്നെ കിട്ടുമെന്ന്. പിന്നഭിയേട്ടാ ഇന്നെനിക്കൊരുപാട് സന്തോഷമുള്ള ദിവസമാണ്. എന്താണെന്നറിയാമോ ഇന്നാണ് ആദ്യമായും അവസാനമായും ആത്മാർത്ഥമായി ഞാനഭിയേട്ടനെ സ്നേഹിക്കുന്നത്. ഒരുപക്ഷെ അഭിയേട്ടനിത് മുഴുവനും കേട്ട് തീരും മുൻപ് നിങ്ങൾക്കാർക്കുമിനിയൊരു ശല്യമാവാതെ ഒരുപാട് ദൂരേക്ക് ഞാൻ പോയിട്ടുണ്ടാവും.

” അവളുടെ അവസാനവാക്കുകളും കേട്ടുതീർന്നതും അവന്റെ മിഴികളിൽ നിന്നുമൊരിറ്റ് കണ്ണുനീരൊഴുകി നിലത്തേക്ക് വീണുചിതറി. അപ്പോഴുമവന്റെ ഉള്ള് നിറയെ ഒരിക്കൽ പ്രണയത്തോടെമാത്രം നോക്കിയിരുന്ന അവളുടെ മുഖമായിരുന്നു. ഈ സമയം തണുത്ത് മരവിച്ച ശ്രദ്ധയുടെ ശരീരം അവസാനയാത്രക്കൊരുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ” മോനെ ബോഡി പോസ്റ്റ്‌ മോർട്ടം ചെയ്യണ്ടേ ??? മുഖത്തെ പാടുകളൊക്കെ കണ്ടിട്ട്…. ” ” വേണ്ടാ…. എന്റെ കുഞ്ഞിനെയിനി കീറിമുറിക്കാൻ ഞാൻ സമ്മതിക്കില്ല……” സുധയുടെ വകയിലൊരാങ്ങളയായ മധു ശ്രീജിത്തിനെ മാറ്റി നിർത്തി ചോദിക്കുന്നത് കേട്ടതും സമീരയുടെ മടിയിലേക്ക് തളർന്നുകിടന്നിരുന്ന സുധ ചാടിയെണീറ്റ് പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. “

അതിന്റെയൊന്നും ആവശ്യമില്ലങ്കിളേ… ഇതവൾ സ്വയം ചെയ്തത് തന്നെയാണ് അതെനിക്കുറപ്പാണ്. അവളിത് ചെയ്യും മുൻപെനിക്കൊരു മെയിലയച്ചിരുന്നു. അങ്ങനെയാ ഞാനോടി വന്നത്. അതുകൊണ്ട് ഞങ്ങൾക്കിതിൽ സംശയങ്ങളൊന്നുമില്ല. ” ശ്രീജിത്തും പറഞ്ഞു. ” പക്ഷേ മോനെ… അവളുടെ മുഖത്തെ പാടുകൾ…. ” ആശയക്കുഴപ്പത്തോടെ അയാൾ വീണ്ടും ചോദിച്ചു. ” അങ്കിൾ അമ്മ പറഞ്ഞത് കൊണ്ട് മാത്രമല്ല പോസ്റ്റ്‌മോർട്ടം വേണ്ടെന്ന് ഞാൻ പറഞ്ഞത്. അങ്കിളിനറിയാമല്ലോ അവളൊരു ഡ്രഗ്ഗടിക്റ്റാണ്. അതുകൊണ്ട് തന്നെ ഒരു പോസ്റ്റ്‌മോർട്ടത്തിന് ഞങ്ങൾക്ക് താല്പര്യമില്ല. ജീവിച്ചിരുന്നപ്പോൾ അവളെക്കുറിച്ചാർക്കുമൊരു നല്ലത് പറയാനുണ്ടായിരുന്നില്ല.

ഇനി മരിച്ചിട്ടും അവളെയെല്ലാവർക്കുമൊരു സംസാരവിഷയമാക്കാൻ ഞാൻ സമ്മതിക്കില്ല. പിന്നെ അവളുടെ മുഖത്തെ പാടുകളുടെ ഉത്തവാദി ഞാനാണ്. ഇന്നലെ അവളുടെ പോക്ക് ശരിയല്ലെന്ന് പറഞ്ഞ് ഞങ്ങൾ തമ്മിൽ വഴക്കുണ്ടായിരുന്നു. അപ്പോ സഹികെട്ട് ഞാനടിച്ചപ്പോൾ ഉണ്ടായതാണ് അവളുടെ മുഖത്തെ പാടുകൾ. അതുകൊണ്ട് പോസ്റ്റ്‌ മോർട്ടമൊന്നും വേണ്ട. ” ” നിങ്ങളുടെ തീരുമാനം അങ്ങനെയാണെങ്കിൽ പിന്നെ ബാക്കി കാര്യങ്ങൾ നോക്കാല്ലേ ?? ” അയാളുടെ ചോദ്യത്തിന് മറുപടിയായി അവൻ വെറുതേയൊന്ന് മൂളി. ” പോസ്റ്റ്‌മോർട്ടം നടന്നാൽ അഭി സംശയത്തിന്റെ നിഴലിൽ വരും. ജീവനോടെ ഇരുന്നപ്പോൾ ശ്രദ്ധയെന്നും അവരെയൊക്കെ ശിക്ഷിച്ചിട്ടേയുള്ളൂ.

ഇപ്പൊ അവളുടെ മരണം കൂടിയവർക്കൊരു ശിക്ഷയാവാൻ പാടില്ല. ” ഹാളിൽ വെള്ളപുതപ്പിച്ച് കിടത്തിയിരുന്ന അവളുടെ ശരീരത്തിലേക്ക് നോക്കി ഓർത്തുകൊണ്ട് ശ്രീജിത്തകത്തേക്ക് പോയി. പോസ്റ്റ്‌മോർട്ടവും പോലീസ് കേസുമൊന്നുമില്ലായിരുന്നത് കൊണ്ട് തന്നെ വൈകുന്നേരത്തിനുള്ളിൽ തന്നെ ശ്രദ്ധയുടെ മരണാനന്തര ചടങ്ങുകളും കഴിഞ്ഞിരുന്നു. സന്ധ്യക്ക് മിൻപ് അഗ്നിയിലർപ്പിച്ച ആ ശരീരവും എരിഞ്ഞടങ്ങി വെറുമൊരുപിടി ചാരം മാത്രമായി മാറി. പതിയെപ്പതിയെ ആളുകളൊക്കെ പിരിഞ്ഞുപോയി.

ശ്രീജിത്തും സമീരയും സുധയും പിന്നെ വളരെയടുത്ത കുറച്ച് ബന്ധുക്കളും മാത്രം ബാക്കിയായി ആ വീട്ടിൽ. ” എന്തിനായിരുന്നു ഇതെല്ലാം എല്ലാത്തിനുമൊടുവിൽ ഒരുപിടി ചാരമായതല്ലാതെ നീയെന്തായിരുന്നു നേടിയത് ” എരിയുന്ന നിലവിളക്കിന് പിന്നിൽ പൂമാല ചാർത്തിവച്ച ജ്വലിക്കുന്ന സൗന്ദര്യത്തോടെ പുഞ്ചിരിതൂകിയിരിക്കുന്ന ശ്രദ്ധയുടെ ചിത്രത്തിലേക്ക് നോക്കിയിരിക്കുമ്പോൾ സമീരയുടെ മനസ്സ് മന്ത്രിച്ചു.

തുടരും….സ്നേഹപൂർവ്വം ❤️❤️❤️❤️❤️❤️ )

നിൻ നിഴലായ് : ഭാഗം 22