Thursday, December 19, 2024
Novel

നിൻ നിഴലായ് : ഭാഗം 15

എഴുത്തുകാരി: ശ്രീകുട്ടി

ഉച്ചയോട് കൂടി തൃപ്പൂണിത്തുറയിൽ നിന്നും ജാനകിയുടെ അച്ഛനമ്മമാരും ശ്രീജയുമെല്ലാം ഹോസ്പിറ്റലിൽ എത്തിയിരുന്നു. ” എന്റെ മോനെന്ത്‌ പറ്റിയതാ ബാലേട്ടാ ??? ” വന്നപാടെ ICU വിന് മുന്നിൽ ഭിത്തിയിൽ ചാരി നിന്നിരുന്ന മേനോന്റെ അരികിലേക്ക് വന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ശ്രീജ ചോദിച്ചു. മറുപടിയായി അയാളുടെ കണ്ണുകളിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ പുറത്തേക്ക് ചാടി. ” എന്തേലുമൊന്ന് പറ ബാലേട്ടാ എന്റെ കുഞ്ഞിനെന്താ ??? ” അയാളുടെ ഷർട്ടിൽ പിടിച്ചുലച്ചുകൊണ്ട് അവർ വീണ്ടും ചോദിച്ചു.

” എന്താഡോ ഇത് ജാനകി മോൾക്ക് ധൈര്യം കൊടുക്കേണ്ട താനിങ്ങനെ തളർന്നാലോ ” അവരെ ചേർത്ത് പിടിച്ചുകൊണ്ട് മേനോൻ പതിയെ പറഞ്ഞു. ” ഞാനിതെങ്ങനെ സഹിക്കും ബാലേട്ടാ എന്റെ പൊന്നുമോൻ…. അവനില്ലാതെ ഒരു നിമിഷം ഞാനീ ഭൂമിയിൽ ജീവിച്ചിരിക്കില്ല. എനിക്കവനെ തിരിച്ചുതാ ബാലേട്ടാ…. ” അവരെ എന്തുപറഞ്ഞാശ്വസിപ്പിക്കണമെന്നറിയാതെ അയാൾ ഉരുകിയൊലിച്ച് നിന്നു. അപ്പോഴെല്ലാം സെഡേറ്റീവിന്റെ മയക്കത്തിലായിരുന്നു ജാനകി. അവളുടെ അരികിലിരുന്ന് നെറ്റിയിൽ തലോടിക്കോണ്ടിരുന്ന സിന്ധുവിന്റെ മിഴികളും പെയ്തുകൊണ്ടേയിരിക്കുകയായിരുന്നു അപ്പോൾ.

സമയം കടന്നുപോയ്‌ക്കോണ്ടേയിരുന്നു. അഭിയുടെ നിലയിൽ മാറ്റമൊന്നും അപ്പോഴുമുണ്ടായിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തിൽ ആ ഹൃദയം മാത്രം വളരെ പതിയെ സ്പന്ദിച്ചുകൊണ്ടിരുന്നു. പകലിനെ ഇരുള് വിഴുങ്ങിത്തുടങ്ങി. ജാനകിക്ക് ബോധം വന്നു. പക്ഷേ അവളിൽ ഒരു ചലനവുമുണ്ടായിരുന്നില്ല. ആ മിഴികൾ ഏതോ ഒരു അദൃശ്യബിന്ദുവിലേക്ക് നോക്കിയിരുന്നു. കരയുകയോ ആരോടും ഒന്നും സംസാരിക്കുകയോ ചെയ്യാതെ ഒരു ജീവച്ഛവം പോലെ അവളിരുന്നു. ആ മിഴികളിൽ പോലും ചലനമുണ്ടായിരുന്നില്ല.

ചുറ്റും നടക്കുന്നതൊന്നും അറിയാതെ മറ്റേതോ ലോകത്തിലെന്നപോലെ അവളിരുന്നു. ” മോളേ ….. എന്തെങ്കിലുമൊന്ന് മിണ്ടെഡീ അമ്മയോട് ഈ ഇരുപ്പെനിക്ക് താങ്ങാൻ വയ്യല്ലോ എന്റീശ്വരാ…. ” വിദൂരതയിലേക്ക് മിഴി നട്ടിരുന്ന അവളെ പിടിച്ചുലച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് സിന്ധു പറഞ്ഞു.. ” നീയിതെന്താ ഈ കാണിക്കുന്നത് ?? ” അവരെ പിടിച്ചുമാറ്റിക്കോണ്ട് മഹാദേവൻ ചോദിച്ചു. ” എനിക്കിതൊന്നും കാണാൻ വയ്യ മഹിയേട്ടാ എന്റെ കുഞ്ഞ് … അവളോടൊന്ന് കരയാനെങ്കിലും പറ മഹിയേട്ടാ … അല്ലെങ്കിൽ എല്ലാം കൂടി ഉള്ളിലടക്കി അവൾടെ നെഞ്ച് പൊട്ടിപ്പോകും. “

അയാളുടെ നെഞ്ചിൽ തലയിട്ടുരുട്ടി പൊട്ടിക്കരഞ്ഞുകൊണ്ട് അവർ പറഞ്ഞു. ” ഒന്നും സംഭവിക്കില്ല നീ സമാധാനപ്പെട് . നമ്മളാരും ആർക്കുമൊരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ ദൈവം നമ്മളെ കൈ വിടില്ല സിന്ധു. ” അവരെ ചേർത്ത് പിടിച്ചാശ്വസിപ്പിച്ചുകൊണ്ട് അയാൾ പറഞ്ഞു. സമയം ഒച്ചിനെപ്പോലെ ഇഴഞ്ഞു നീങ്ങിക്കോണ്ടിരുന്നു. രാത്രികളും പകലുകളും പ്രത്യേകിച്ച് മാറ്റങ്ങളൊന്നുമില്ലാതെ കടന്ന് പോയ്‌ക്കോണ്ടിരുന്നു. ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ , ഒന്ന് നടുനിവർത്താതെ ജാനകി ഒരേയിരുപ്പ് തന്നെയായിരുന്നു. ആരൊക്കെ നിർബന്ധിച്ചിട്ടും ഒരു തുള്ളി വെള്ളം കുടിക്കാനോ ഒന്ന് കരയാനോ പോലും അവൾ ശ്രമിച്ചില്ല.

അഭിയുടെ അവസ്ഥയെക്കാൾ എല്ലാവരിലും നൊമ്പരമുണർത്തിയത് ജാനകിയുടെ ഭാവമായിരുന്നു. ” അഭിയേട്ടാ… ” ” മ്മ്മ്…. ” ” എന്നേയിപ്പോ ശരിക്കുമിഷ്ടാണോ ??? ” ” ഇപ്പൊ നിന്നോളം ഞാൻ മറ്റൊന്നിനെയും സ്നേഹിക്കുന്നില്ല. അഭിയുടെ പ്രണയവും പ്രാണനുമെല്ലാം ഇന്നീ പെണ്ണിൽ മാത്രമാണ് ” അവളെയൊന്നുകൂടി തന്നോട് ചേർത്തമർത്തിക്കൊണ്ട് അവൻ പറഞ്ഞു. ” നിന്നെ ഞാനൊരുപാട് നോവിച്ചിട്ടുണ്ട് . ഇനി അതിനെല്ലാം ഇരട്ടിയായി എനിക്കെന്റെയീ പെണ്ണിനെ സ്നേഹിക്കണം. എന്റെ ഹൃദയത്തിന്റെ സ്പന്ദനം പോലും നിനക്ക് വേണ്ടിയാവണം.

” നിറമിഴികളോടെയിരിക്കുന്നവരുടെ ഇടയിലിരിക്കുമ്പോഴും അവന്റെയാ വാക്കുകളുടെ ലഹരിയിൽ അവളുടെ അധരങ്ങൾ പുഞ്ചിരി പൊഴിച്ചു. ” നീയറിഞ്ഞില്ലേ അഭിക്ക് ആക്‌സിഡന്റായത് ??? ” രണ്ടുദിവസമായി വളരെ സന്തോഷത്തിലായിരുന്ന ശ്രദ്ധയുടെ അരികിലേക്ക് വന്നിരുന്നുകൊണ്ട് സുധ ചോദിച്ചു. ” അറിഞ്ഞു എന്തേ ??? ” ” അല്ല എന്നിട്ടും നിനക്കൊരു വിഷമവുമുള്ളതായി കണ്ടില്ല ” അവളെത്തറപ്പിച്ചുനോക്കി അവർ ചോദിച്ചു. മറുപടിയായി അവളൊന്ന് ചിരിച്ചു.

” ഇതെന്ത് ചോദ്യാ എന്റമ്മേ ??? അവന്റെ നെഞ്ചിലൂടെ വണ്ടി കയറിയിറങ്ങുന്നത് നോക്കി നിന്നപ്പോ വരാത്ത വിഷമമാണോ എനിക്കിപ്പോ ഉണ്ടാകാൻ പോണത് ” പൊട്ടിച്ചിരിച്ചുകൊണ്ടുള്ള അവളുടെ വാക്കുകൾ കേട്ട് സുധ ഇരുന്നിടത്ത് നിന്നും പിടഞ്ഞെണീറ്റു. ” എന്താ … എന്താ നീ പറഞ്ഞത് ??? ” വിശ്വാസം വരാത്തത് പോലെ അവർ ചോദിച്ചു. ” മനസ്സിലായില്ലേ ??? അവന്റെ ആ അഭിജിത്തിന്റെ നെഞ്ചിലൂടെ വണ്ടി കയറ്റിയിറക്കിയത് എന്റെ ആളായിരുന്നെന്ന്. ഞാൻ പണം വാരിയെറിഞ്ഞ് വിലക്കെടുത്ത ചോര കണ്ടറപ്പ് മാറിയ നല്ല ഒന്നാന്തരം വാടകക്കൊലയാളി. തീർന്നില്ല…. വണ്ടിക്കടിയിൽ കിടന്നവൻ ചതഞ്ഞരയുമ്പോൾ തൊട്ടടുത്തുണ്ടായിരുന്നു ഞാൻ.

മരണവെപ്രാളത്തിലുള്ള അവന്റെ നിലവിളി ഒരു ലഹരിയായി ആസ്വദിച്ചുകൊണ്ട് ” പറഞ്ഞു കഴിഞ്ഞതും സുധയുടെ വലതുകൈ അവളുടെ കവിളിൽ പതിഞ്ഞു. ” ദ്രോഹീ….. നിനക്കിതിനൊക്കെ എങ്ങനെ കഴിഞ്ഞെഡീ ??? നിന്നെ പ്രാണനായിരുന്നില്ലേഡീ ആ പാവം പയ്യന്. ആ നീ തന്നെ അവന്റെ ജീവന് വിലയിട്ടല്ലോഡീ….. ” തലയ്ക്ക് കയ്യും കൊടുത്ത് പൊട്ടിക്കരഞ്ഞുകൊണ്ട് അവർ നിലത്തേക്കിരുന്നു. ” നീയെന്റെ വയറ്റിൽ വന്നുപിറക്കാൻ മാത്രം എന്ത് പാപമാഡീ ഞാൻ ചെയ്തത് ??? ” അവർ വീണ്ടും പതംപറഞ്ഞ് കരഞ്ഞുകൊണ്ടിരുന്നു. അപ്പോഴും ശ്രദ്ധയിൽ ഒരുതരം നിർവൃതിയായിരുന്നു. “

ഓഹ്….. നിങ്ങടെ ഈ വിഷമമൊന്നും അവൻ സ്വന്തം മകളായ ഈ എന്നെ പേപ്പട്ടിയെത്തല്ലുന്നത് പോലെ തല്ലിയപ്പോൾ കണ്ടില്ലല്ലോ. അതും പോരാഞ്ഞിട്ട് അവൻ ജാനകിക്ക് വേണ്ടി ഈ ശ്രദ്ധയെ വെല്ലുവിളിച്ചിരിക്കുന്നു….. അന്ന് ഞാൻ കുറിച്ചതാ അവന്റെ മരണപത്രം. പിന്നെ അവൾ ആ ജാനകി….. അവളെ അവന്റെ കൂടെ ജീവിക്കാൻ വിടില്ലെന്ന് ഞാൻ മുന്നേ തീരുമാനിച്ചതാ. എന്റെയാ ശപദമാണ് ഇന്ന് പൂർത്തിയായിരിക്കുന്നത്. ഇപ്പൊ ഹോസ്പിറ്റലിൽ ചത്തുമലച്ച അഭിയുടെ ശരീരത്തിൽ കെട്ടിപ്പിടിച്ച് ഒരു ഭ്രാന്തിയെപ്പോലെ അലറിക്കരയുകയായിരിക്കും എന്റെ എക്കാലത്തെയും ശത്രു. ജാനകീ മഹാദേവൻ… ” ആ രംഗം മുന്നിൽ കണ്ടിട്ടെന്നപോലെ അവളൊരുന്മാദിനിയെപ്പോലെ പൊട്ടിച്ചിരിച്ചു.

” ഡോക്ടർ….. ” ICU വിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സിന്റെ ഉച്ചത്തിലുള്ള വിളികേട്ടാണ് മയക്കത്തിലായിരുന്ന ജാനകിയുടെ അരികിൽ നിന്നും എല്ലാവരും കൂടി ICU വിന്റെ മുൻപിലേക്കോടിയത്. അപ്പോഴേക്കും അരുൺ ഓടി വന്ന് അകത്തേക്ക് കയറിയിരുന്നു. ” സിസ്റ്റർ…. എന്താ പറ്റിയത് ??? ” എന്തിനോ പുറത്തേക്കോടിയ നഴ്സിനെ തടഞ്ഞുനിർത്തി മഹാദേവൻ ചോദിച്ചു. ” പേഷ്യന്റിന്റെ കണ്ടിഷൻ കുറച്ച് ക്രിട്ടിക്കലാണ്. ” ധൃതിയിൽ പറഞ്ഞുകൊണ്ട് അവർ പോയി. ” എന്റെ നാരായണാ…. എന്റെ കുഞ്ഞിനൊന്നും വരുത്തരുതേ…. ” കൈകൾ മാറിൽ ചേർത്ത് കണ്ണീരോടെ ശ്രീജ പ്രാർത്ഥിച്ചു.

” ഒന്നും വരില്ല ചേച്ചി…. ” അരികിൽ നിന്നിരുന്ന സിന്ധു അവരെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു. സമയം കടന്നുപോയ്‌ക്കോണ്ടിരുന്നു. നീണ്ട അരമണിക്കൂറിന് ശേഷം ആ ഗ്ലാസ് ഡോർ തുറക്കപ്പെട്ടു. എല്ലാവരും പ്രതീക്ഷയോടെ അങ്ങോട്ട് നോക്കി. പക്ഷേ പുറത്തേക്ക് ഇറങ്ങിവന്ന അരുണിന്റെ ശിരസ് കുനിഞ്ഞിരുന്നു. ആ കണ്ണുകൾ ചുവന്ന് കലങ്ങിയിരുന്നു. ” അരുണേട്ടാ എന്താ ഉണ്ടായത് ??? എന്റേട്ടൻ ???? ” ആരോടും ഒന്നും പറയാതെ മുന്നോട്ട് നടക്കാൻ തുനിഞ്ഞ അവന്റെ കയ്യിൽ കടന്നുപിടിച്ചുകൊണ്ട് അപർണ ചോദിച്ചു. ” പോ… പോയി എനിക്ക് …. എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല…. “

തകർന്നടിഞ്ഞുനിന്നിരുന്ന ആ മുഖങ്ങളിലൊന്നും നോക്കാൻ കഴിയാതെ മിഴികൾ താഴ്ത്തി പതിഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു. കേട്ടത് വിശ്വാസം വരാതെ അപർണ നിറഞ്ഞ മിഴികളോടെ അവനെ നോക്കി. ആ കയ്യിലമർന്നിരുന്ന അവളുടെ കൈകൾ അയഞ്ഞു. ” മോനെ… അഭീ….. ” ഒരു നിലവിളിയോടെ ശ്രീജ പിന്നിലേക്ക് മറിഞ്ഞുവീണു. മേനോൻ തളർച്ചയോടെ നിലത്തേക്കിരുന്നു. ഒന്ന് കരയാൻ പോലും മറന്ന് ഹൃദയത്തിന്റെ തുടിപ്പുകൾ പോലും നിലച്ചതുപോലെ എല്ലാവരും തകർന്നിരുന്നു അപ്പോൾ. പക്ഷേ… കുറച്ചപ്പുറം മാറി എല്ലാം കണ്ടുകൊണ്ട് നിന്നിരുന്ന ശ്രദ്ധയുടെ മുഖം മാത്രം ഒരു വിജയിയുടെ ഭാവത്തിൽ വെട്ടിത്തിളങ്ങി.

അല്പനേരം കൂടി അവിടെ നിന്നിട്ട് അവൾ ജാനകി കിടക്കുന്ന മുറിയുടെ നേർക്ക് നടന്നു. ചാരിയിരുന്ന വാതിൽ തുറന്ന് അവളകത്ത് കയറുമ്പോഴും ജാനകി അബോധാവസ്തയിൽ തന്നെയായിരുന്നു. ചുറ്റുപാടുമൊന്ന് കണ്ണോടിച്ച അവളുടെ കണ്ണുകൾ ടേബിളിന്റെ പുറത്തിരുന്ന വെള്ളത്തിലാണ് ചെന്നുനിന്നത്. ” അവനെ വെള്ളപുതപ്പിക്കുമ്പോൾ അത് കാണാതെ നീയിങ്ങനെ കിടന്നാലെങ്ങനെയാ മോളേ…. ” പുഞ്ചിരിയോടെ ഗ്ലാസ്‌ കയ്യിലെടുക്കുമ്പോൾ ജാനകിയെ നോക്കി അവൾ പറഞ്ഞു. എന്നിട്ട് ആ വെള്ളം ജാനകിയുടെ മുഖത്തേക്ക് കുടഞ്ഞു. പെട്ടന്ന് അവൾ കണ്ണുകൾ ചിമ്മിത്തുറന്നു.

” ഇതെന്തുറക്കമായെന്റെ ജാനകി ??? ഇവിടിത്രയും വലിയ സംഭവങ്ങളൊക്കെ നടക്കുമ്പോൾ നീയിങ്ങനെ ബോധം കെട്ടുറങ്ങിയാലെങ്ങനാ ??? ” ഉണർന്നിട്ടും തന്നെത്തന്നെ നോക്കിക്കിടക്കുന്ന അവളെ നോക്കി പുഞ്ചിരിയോടെ ശ്രദ്ധ ചോദിച്ചു. ” നിന്നോട് ഞാൻ പറഞ്ഞില്ലേ ജാനകീ നിന്റെയീ താലി ഞാൻ പൊട്ടിക്കുമെന്ന്. അപ്പൊ നീയതിനെ പുച്ഛിച്ചുതള്ളി. പക്ഷേ ഇന്ന് ഈ നിമിഷം ഞാൻ വിജയിച്ചു . നിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം നിനക്ക് സംഭവിച്ചുകഴിഞ്ഞു. അതേഡീ നിന്റെയീ താലിയുടെ അവകാശി അവൻ ചത്തുതുലഞ്ഞെഡീ ” അവളുടെ മുഖത്തേക്ക് നോക്കി നിന്ന് പകയോടെ ചിരിച്ചുകൊണ്ട് ശ്രദ്ധ പറഞ്ഞു.

ജാനകിയുടെ ഉടലൊന്ന് വെട്ടിവിറച്ചുവെന്ന് തോന്നി. പെട്ടന്നായിരുന്നു അവൾ കയ്യുയർത്തി ശ്രദ്ധയുടെ കവിളിൽ ആഞ്ഞടിച്ചത്. ഒന്ന് പതറിയെങ്കിലും വീണ്ടും അവളുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിഞ്ഞു. ” സാരമില്ലെഡീ… ഇത് ഞാനങ്ങ് ക്ഷമിച്ചു. എല്ലാം തകർന്നവളുടെ ഫ്രസ്റ്റേഷനായേ ഞാനിതിനെ കാണുന്നുള്ളൂ. ” അടികൊണ്ട കവിളിൽ പതിയെ തടവി ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു. അപ്പോഴേക്കും ജാനകിയുടെ മിഴികൾ നിറഞ്ഞു. അധരങ്ങൾ വിറച്ചു. ” എന്നേ നോക്കി ദഹിപ്പിക്കാതെ എണീറ്റ് ചെല്ലെന്റെ ജാനകീ …. ചെന്ന് ചത്തുമലച്ചു കിടക്കുന്ന അവന്റെ നെഞ്ചിൽ തലതല്ലി കരയെഡീ….. ” പല്ലുകൾ ഞെരിച്ചമർത്തി ഭ്രാന്തമായി പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.

അപ്പോഴേക്കും വെള്ളപുതപ്പിച്ച അഭിജിത്തിന്റെ ശരീരം പുറത്തേക്ക് കൊണ്ടുവന്നിരുന്നു. അപർണയും ശ്രീജയും ആ ശരീരത്തിൽ കെട്ടിപ്പിടിച്ചലറിക്കരഞ്ഞു. എത്രയൊക്കെ തടഞ്ഞുനിർത്താൻ ശ്രമിച്ചിട്ടും മേനോന്റെ മിഴികളും നീർഗോളങ്ങളായിരുന്നു. ഒരു ബലത്തിനായി അയാൾ മഹാദേവന്റെ കൈകളിൽ അമർത്തിപ്പിടിച്ചു. ” അമ്മേന്ന് വിളിച്ചേ കുട്ടാ….. അമ്മ…..” പല്ലില്ലാത്ത മോണ കാട്ടിച്ചിരിക്കുന്ന അവനെ മാറിൽ ചേർത്തുപിടിച്ച് കൊഞ്ചലോടെ ശ്രീജ പറഞ്ഞു. ” ച്ഛാ…. ” പെട്ടന്നായിരുന്നു കാലുകൾ വായുവിലിട്ടടിച്ചുകൊണ്ട് തനിക്ക് നേരെ നോക്കി പാൽപുഞ്ചിരിയോടെ അവൻ വിളിച്ചത്.

സ്വർഗം പോലും ആ നിമിഷം എന്നിലെ അച്ഛന്റെ കാൽച്ചുവട്ടിലായിരുന്നു. അതേ എന്റെ പൊന്നുമോൻ അവന്റെ നാവിലൂടെ താൻ പൂർണനായിരിക്കുന്നു. താനുമൊരച്ഛനായിരിക്കുന്നു. അവനെ വാരിയെടുത്ത് ഇരുകവിളിലും മാറി മാറി ചുംബിക്കുമ്പോൾ ഉള്ളിൽ വാൽസല്യത്തിന്റെ ഒരു കടലിളകി മറിയുകയായിരുന്നു. ” ഓർമ്മകൾ അയാളുടെ ഉള്ള് പൊള്ളിച്ചു. നീറിപ്പുകയുന്ന മിഴികളിലുറവ പൊട്ടിയ മിഴിനീർ കവിളിനെ നനച്ചുകൊണ്ടൊഴുകിയിറങ്ങി. ” അഭിയേട്ടാ…. ” പെട്ടന്ന് ജാനകിയുടെ നിലവിളി കേട്ടാണ് എല്ലാവരും അങ്ങോട്ട്‌ നോക്കിയത്. അവളുടെ ഭാവം കൂടി കണ്ടതോടെ ശ്രീജ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു.

അവളോടി സ്ട്രെക്ചറിനരികിലേക്ക് വന്നു. ആ മിഴികൾ ഇടതടവില്ലാതെ ഒഴുകിക്കോണ്ടിരുന്നു. വരണ്ട ചുണ്ടുകൾ വിറപൂണ്ടിരുന്നു. വിറയ്ക്കുന്ന ആ വിരലുകൾ അഭിയുടെ മുഖത്തൂടെ ഒഴുകി നടന്നു. ” അഭിയേട്ടാ… അഭിയേട്ടാ…. കണ്ണുതുറക്ക്. അഭിയേട്ടൻ മറന്നോ ഇനിയെന്നെ വിട്ടെങ്ങും പോവില്ലെന്ന് പറഞ്ഞത് ??? പറയഭിയേട്ടാ ഓരോരോ മോഹങ്ങൾ തന്നിട്ടെന്നെ തനിച്ചാക്കി പോകാൻ കഴിയോ അഭിയേട്ടന്. സമ്മതിക്കില്ല ഞാൻ … എന്നെ ഒറ്റക്കാക്കി പോകാൻ ഞാൻ സമ്മതിക്കില്ല. മരിച്ചാലും നിന്റെ കൈ വിടില്ലിനിയെന്ന് പറഞ്ഞിട്ടെന്നെ ചതിക്കാൻ ഞാൻ സമ്മതിക്കില്ല…. ” പറഞ്ഞുകൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണവൾ തല തല്ലിക്കരഞ്ഞു.

അപർണയും സിന്ധുവും കൂടി എത്രയൊക്കെ ശ്രമിച്ചിട്ടും അവളെയവനിൽ നിന്നും അടർത്തി മാറ്റാൻ കഴിഞ്ഞില്ല.. ” മോളേ…. ” ” അമ്മേ ഒന്നെണീക്കാൻ പറയമ്മേ… എന്നെ കളിപ്പിക്കല്ലേന്നൊന്ന് പറയമ്മേ…. ” സിന്ധുവിന്റെ കൈകളിൽ അമർത്തിപ്പിടിച്ചുകൊണ്ടവൾ പറഞ്ഞു. ” അച്ഛാ…. അച്ഛനൊന്ന് പറയച്ഛാ… അച്ഛൻ പറഞ്ഞാൽ അഭിയേട്ടൻ കേൾക്കുമച്ഛാ. ഒന്ന് വഴക്ക് പറയച്ഛാ…. ” ” ഇനിയാരുപറഞ്ഞാലും അവൻ കേൾക്കില്ല മോളേ…. ” തന്റെ മുന്നിൽ തൊഴുകൈകളോടെ നിൽക്കുന്ന അവളെ ചേർത്തുപിടിച്ച് ഗദ്ഗതത്തോടെ മേനോൻ പറഞ്ഞു.

അയാളെയൽപ്പനേരം നോക്കി നിന്നിട്ടവൾ അപർണയുടെ നേർക്ക് തിരിഞ്ഞു. അവളെയെങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ അവൾ തറയിലേക്ക് നോക്കി നിന്ന് മിഴിനീർവാർത്തു. ” അപ്പൂ…. എടാ നീയെങ്കിലുമൊന്ന് പറയെടാ നീ പറഞ്ഞാൽ നിന്റേട്ടൻ കേൾക്കുമെടാ. പറയെടാ എന്നേ വിട്ട് പോകല്ലേന്ന് പറയപ്പൂ…. ഓർമ്മവച്ച നാൾ മുതൽ നിന്റെയീ ഏട്ടൻ മാത്രമായിരുന്നില്ലേ എന്റെയുള്ളിൽ അതിന്റെ പേരിലെങ്കിലും എന്നോടിത്തിരി ദയ കാണിക്കാൻ പറയെഡീ… എന്റഭിയേട്ടനില്ലാതെനിക്ക് ജീവിക്കാൻ പറ്റില്ലെഡീ…. എന്റെ ചങ്ക് പൊട്ടിപ്പോകുമെഡീ ഒന്ന് കണ്ണുതുറക്കാൻ പറയെഡീ….. ” ഒരു ഭ്രാന്തിയെപ്പോലെ അപർണയെപ്പിടിച്ചുലച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് അവളലറിക്കരഞ്ഞു.

അവളുടെ വിരൽ നഖങ്ങൾ അപർണയുടെ ശരീരത്തിൽ ആഴ്ന്നിറങ്ങി. ” ജാനീ മോളേ…. നെഞ്ചുപൊള്ളിക്കുന്ന നിന്റെയീ കണ്ണീരിനുണർത്താൻ കഴിയാത്ത ഏട്ടനെയിനി ആർക്കുമുണർത്താൻ കഴിയില്ലെടാ…. ” അവളെ നെഞ്ചിലേക്കമർത്തി പൊട്ടിക്കരഞ്ഞുകൊണ്ട് അപർണ പറഞ്ഞു. ജാനകിയവളുടെ ശരീരത്തിലൂടെ ഊർന്ന് നിലത്തേക്ക് വീണു. എല്ലാം തകർന്നവളെപ്പോലെ മുടിയിഴകൾ വലിച്ചുപിന്നി ഒരു ഭ്രാന്തിയെപ്പോലവളലറിക്കരഞ്ഞു.

തുടരും…..

നിൻ നിഴലായ് : ഭാഗം 14