Wednesday, November 20, 2024
Novel

നിലാവിനായ് : ഭാഗം 28

എഴുത്തുകാരി: സേഷ്മ ധനേഷ്‌

“എന്താ ഗായു… നീ ആകെ ടെൻഷനിൽ ആണെന്ന് തോന്നുന്നു” പെട്ടന്ന് ഗൗതമിന്റെ ശബ്ദം തിരിഞ്ഞു നിന്നു ആരെയോ ഫോൺ ചെയ്തു കൊണ്ടിരുന്ന ഗായത്രി ഞെട്ടലോടെ നോക്കിയപ്പോൾ തനിക്ക് അരികിലേക്ക് ചിരിയോടെ വരുന്ന ഗൗതമിനെയാണ് കണ്ടത്. ഗായത്രി പാഞ്ഞു വന്നു അവന്റെ നെഞ്ചിൽ അടിച്ചു കൊണ്ടു വലിയ ശബ്ദത്തിൽ കരയാൻ തുടങ്ങി… അതിനൊപ്പം അവളുടെ വാക്കുകളും വിട്ടു വിട്ടു കേൾക്കുന്നുണ്ടായിരുന്നു അവൻ. “ഏട്ടന്റെ ഫോൺ എവിടെയാണ്… എത്ര നേരമായി ഞാൻ വിളിക്കുന്നു” “ഗായു… മോളെ നീയാദ്യം കരച്ചിൽ ഒന്നു നിർത്തു. എന്നിട്ട് കാര്യം പറയു.

ദേഷ്യം വരുന്നുണ്ടെനിക്ക്” അവന്റെ നെഞ്ചിൽ കിടന്നു കരയുന്നതല്ലാതെ ഗായത്രി കാര്യമെന്താണെന്നു ഇതുവരെ പറഞ്ഞിരുന്നില്ല. ഗൗതമിനു പിരിമുറുക്കവും ദേഷ്യവും സഹിക്കാനാകുമായിരുന്നില്ല. “ഏടത്തി ഒരു ക്ലയന്റ് മീറ്റിങ് പോയതാണ്. എത്തേണ്ട സമയം കഴിഞ്ഞു ഇതുവരെ വിളിച്ചു കിട്ടുന്നുമില്ല”… അവളെ തന്നിൽ നിന്നും അകറ്റി ഒരു ചിരിയോടെ അവൻ പറഞ്ഞു… “അതിനാണോ നീയിത്ര പുകിലുണ്ടാക്കുന്നത്. അവൾ വരും വഴി വല്ല ബ്ലോക്കും കാണുമെന്നെ… പേടിക്കാതെ” അവളുടെ മുടിയിഴകൾ ചെവികൾക്കിടയിലേക്ക് തിരുകി കവിളിൽ തട്ടി അവൻ പറഞ്ഞു. “ഏട്ടൻ വിചാരിക്കുന്ന പോലെയല്ല. ഏടത്തിയുടെ കൂടെ ശീതളും പോയിട്ടുണ്ട്. അവർ ഇരുവരും മാത്രമേയുള്ളൂ.

ഡ്രൈവർ പോലുമില്ല കൂടെ. രണ്ടുപേർക്കും ഡ്രൈവിംഗ് അറിയാവുന്നത് കൊണ്ടു ഏടത്തി തന്നെയാണ് കാർ എടുത്തത്. ഇപ്പൊ ശീതളിന്റെ ഫോണും സ്വിച്ച് ഓഫ് ആണ്. എനിക്കെന്തോ പേടി തോന്നുന്നു ഏട്ടാ… അവൾ… ആ ശീതൾ അത്ര നിസാരക്കാരിയല്ല. തക്കം പാർത്തിരുന്നു പക വീട്ടും” ഗായത്രി പറഞ്ഞു നിർത്തുമ്പോൾ ഗൗതമിന്റെ നെറ്റി ചുളിഞ്ഞു. സംശയവും ദേഷ്യവും പിരിമുറുക്കവും ഒരേ സമയം അവന്റെ മുഖത്തു മാറി മറിഞ്ഞു. എങ്കിലും അവനിൽ ഒരു ആശ്വാസമുണ്ടായിരുന്നു. ഉടൻ തന്നെ ദേവ്നിയുടെ നമ്പർ ലോക്കെറ്റ് ചെയ്യാൻ കൊടുത്തു. അതേ സമയം തന്നെ ജീവനും അവിടേക്ക് എത്തിയിരുന്നു.

“എന്താ പെട്ടന്ന് വരാൻ പറഞ്ഞതു… എന്താ പ്രശ്നം ഗൗതം”… ഗായത്രി ജീവനെ വിളിച്ചു വരുത്തിയിരുന്നു. “എന്നോട് അത്യാവശ്യമായി വരാൻ പറഞ്ഞെതെന്തിനാ” ഗായത്രിയുടെ നേർക്ക് മിഴികൾ പായിച്ചു അവൻ ചോദിച്ചു. അവളുടെ നനഞ്ഞ മിഴികളും ഗൗതമിന്റെ വലിഞ്ഞു മുറുകിയ മുഖവും കണ്ടതെ ജീവൻ ഊഹിച്ചു. “ദേവാ… മീറ്റിങ് കഴിഞ്ഞു അവൾ എത്തിയില്ലേ” “ഇല്ല ഏട്ടാ…ശീതളുമായി ആണ് അവൾ പോയത്. ശീതളിനെ കൊണ്ടുപോകുകയാണെന്നു പറഞ്ഞപ്പോഴേ ഞാൻ എതിർത്തതാണ്. ശീതൾ ഇപ്പൊ മയപ്പെട്ടു നിൽക്കുന്നത് കൊണ്ടും അവളോട്‌ സംസാരിച്ചു തെറ്റിദ്ധാരണ എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ ഏടത്തി പോയത്. ഇപ്പൊ…

ഇപ്പൊ രണ്ടു പേരുടെയും ഫോൺ ആണെങ്കി സ്വിറ്ചെട് ഓഫ്… എനിക്കാകെ പേടി തോന്നുന്നു” ഇടത്തെ കൈ ഇടുപ്പിൽ കുത്തി വലതു കൈവിരൽ കൊണ്ടു നെറ്റിയുഴിഞ്ഞു ജീവൻ തന്റെ പേടിയെ ഉള്ളിലടക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഗൗതമിനെയോ ഗായത്രിയെയോ നോക്കാതെ കോറിഡോറിലൂടെ നടന്നുകൊണ്ടിരുന്നു. “ജീവാ…” ഗൗതമിന്റെ വിളിയാണ് ജീവനെ ചിന്തകളിൽ നിന്നുണർത്തിയത്. “ജീവാ.. അവളെ ട്രാപ് ചെയ്തത് തന്നെയാണ്. ശീതൾ… അവളും അവളുടെ അച്ഛനും മാത്രമേ കൂടെ കാണൂ. കാരണം ഇപ്പൊ കോട്ടഷൻ കൊടുക്കാനോ ഗുണ്ടകളെ തീറ്റി പോറ്റാനൊന്നും അയാളുടെ കയ്യിൽ കാശില്ല. പാപ്പരാണ്… വേഗം തന്നെ അയാളുടെ താവളങ്ങൾ കണ്ടുപിടിക്കണം.

നീ വാ ജീവ” ഗൗതമും ജീവനും ഗായത്രിയും അപ്പോൾ തന്നെ അവിടെ നിന്നുമിറങ്ങി. കാറിൽ പോകുമ്പോൾ തന്നെ ജീവൻ അച്ഛനെ വിളിച്ചു കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞിരുന്നു. ഒപ്പം തന്നെ അച്ഛന്റെ സ്വാധീനത്തിൽ, ശീതളും അച്ഛനും പോകാനിടയുള്ള സ്ഥലങ്ങൾ കണ്ടുപിടിക്കാനാകുമോ എന്നൊരു അന്വേഷണവും. ഇതേ കാര്യം തന്നെ ഗൗതം മാധവ് മേനോനെയും കൂടി അറിയിച്ചിരുന്നു. ദേവ്നിക്ക് എന്തെങ്കിലും സംഭവിച്ചാൽ ശീതളും അച്ഛൻ കൃഷ്ണനും അനുഭവിക്കും…. ഗൗതമും ജീവനും മനസിൽ ഒരേ മന്ത്രണം തന്നെയായിരുന്നു. കാർ ഗേറ്റ് കടന്നു മുറ്റത്തേക്ക് പാർക്ക് ചെയ്തു ഇറങ്ങിയപ്പോൾ കണ്ടു തങ്ങളെ പ്രതീക്ഷിച്ചു നിൽക്കുന്ന മാധവനെയും പ്രകാശിനെയും സുഭദ്രയെയും. മൂവരുടെ മുഖത്തും ആധിയും അങ്കലാപ്പും നിറഞ്ഞു നിന്നിരുന്നു. പ്രകാശിനരികിലേക്ക് ജീവൻ ചെന്നു..”അച്ചു…”

“നീ പാതി വച്ചു നിർത്തിയ മീറ്റിങ് ഉണ്ടല്ലോ… പിന്നെ ഒട്ടും ഒഴിവാക്കാൻ കഴിയാത്ത ഒന്നു രണ്ടു ക്ലൈൻറ്‌സ്… അതിനെ കുറിച്ചു ആലോചിക്കേണ്ട അവൾ നോക്കിക്കോളും… ആൻഡ് ഷീ ഇസ് സേഫ്. അവൾ തനിയെ എവിടെയും പോകില്ല” ജീവന്റെ തോളിൽ തട്ടി പ്രകാശ് പറഞ്ഞു. കുറച്ചു സമയങ്ങൾക്കുള്ളിൽ തന്നെ ദേവ്നിയുടെ ലൊക്കേഷൻ ട്രെസ് ചെയ്യാൻ കൊടുത്ത ഡീറ്റൈൽസ് കിട്ടി. പേരൂർ സിഗ്നൽ വച്ചു തന്നെ അവളുടെ ഫോൺ സ്വിച്ച് ഓഫ് ആയതാണ്. പിന്നെ രണ്ടുമണിക്കൂർ ആയിട്ടും അതു ഒൻ ആയിട്ടില്ല. Cctv പെടാത്ത വഴികളിലൂടെ തന്നെയാണ് അവളെ കൊണ്ട് പോയതും… എവിടെ പോയി അന്വേഷിക്കും. മീഡിയക്കോ പൊലീസിനോ വിവരം അറിയിച്ചാൽ…

തേടി ചെന്നെത്താവുന്ന നിമിഷങ്ങൾ മതി ദേവ്നിയെ അവർക്ക് എന്തെങ്കിലും ചെയ്യാൻ… ഇപ്പോഴും അവൾ ഈ സാഹസത്തിനു മുതിർന്നത് വെറുതെ പേടിപ്പിക്കാനോ ബ്ലാക്ക്‌ മെയിൽ ചെയ്യാനോ അല്ല… മറ്റെന്തോ ആണ് ശീതളിന്റെ ലക്ഷ്യം. “ചേട്ടാ… ആലോചിച്ചു നിൽക്കാൻ സമയമില്ല… സമയം വൈകുംതോറും… ” ഗായത്രി ഗൗതമിന്റെ കൈകളിൽ കുലുക്കി പറഞ്ഞു കൊണ്ടിരുന്നു… അവളും നിന്നു വിറയ്ക്കുന്നുണ്ടായിരുന്നു. “അവൾക്ക് കിട്ടാത്ത എന്തും മറ്റൊരാൾക്ക് കിട്ടുന്നത് അവൾക്ക് സഹിക്കില്ല… നശിപ്പിക്കും അവൾ … ഏടത്തിയുടെ ജീവൻ… എനിക്ക് പേടിയാകുന്നു…” അവൾ പുലമ്പി കൊണ്ടിരുന്നു. ഗൗതത്തിനു സമയം പോകുംതോറും തന്റെ ധൈര്യം കുറഞ്ഞു വരുന്ന പോലെ…

എവിടെ നിന്നു തുടങ്ങുമെന്ന് ഒരു പ്രതീക്ഷയുമില്ല. “കൃഷ്ണൻ അവരുടെ പഴയ തറവാടിന്റെ ഭാഗത്തു ഇന്ന് രണ്ടു വട്ടം കണ്ടുവെന്ന് ബ്രോക്കർ പറഞ്ഞു… ഇനി അവിടെയെങ്ങാനും” തന്നോടു ബ്രോക്കർ പറഞ്ഞ കാര്യം പ്രകാശ് അവരോടു പറഞ്ഞു. “എങ്കിൽ അവിടെ തന്നെയുണ്ടാകും… ജീവാ വായോ” പ്രകാശ് പറഞ്ഞു തീർന്നതും ഗൗതം ജീവന്റെ കൈകളിൽ പിടിച്ചു വലിച്ചു കഴിഞ്ഞിരുന്നു. രണ്ടു വണ്ടികളിലായി അവർ എല്ലാവരും അങ്ങോട്ടു പുറപ്പെട്ടു. പ്രകാശ് ആയിരുന്നു മുന്നിൽ പോയിരുന്നത്. അയാൾക്ക് മാത്രമാണ് വഴി കൃത്യമായി അറിയുന്നത്. മാധവ് മേനോൻ പണ്ടെപ്പോഴോ പോയതാണ്.

ഗൗതമിനും ജീവനുമൊക്കെ അങ്ങനെയൊരു വീട് ഉണ്ടെന്നു അറിവുണ്ടെന്നു അല്ലാതെ കണ്ട ഓർമയില്ല. ആ പഴയ തറവാടിന്റെ മുറ്റത്തു കാർ കൊണ്ടു നിർത്തി. ആൾതമാസം ഇല്ലാതെ കിടക്കുന്ന സ്ഥലമാണെന് ഒറ്റ കാഴ്ചയിൽ തന്നെയറിയാം. മുറ്റത്തു ഒരുപാട് കരിയിലകൾ കൊഴിഞ്ഞു കിടക്കുന്നുണ്ട്. അവിടെയാരെങ്കിലും വന്നുപോയ ഒരു ലക്ഷണവുമുണ്ടായിരുന്നില്ല. ജീവനും ഗൗതവും ഒന്നു സംശയിച്ചു നിന്നു. അകത്തേക്ക് പോയി നോക്കാമെന്ന പ്രകാശിന്റെ ഉറച്ച തീരുമാനത്തിൽ അവർ മുന്നോട്ട് നടന്നു. വീടിന്റെ താക്കോൽ പ്രകാശിന്റെ കൈയ്യിലുണ്ടായിരുന്നു. അകത്തു കേറി ഓരോ ഭാഗത്തും നോക്കിയെങ്കിലും ആരെയും കാണാൻ കഴിഞ്ഞില്ല. ഇനി അഥവാ അവിടെ ദേവ്നിയെ കൊണ്ടുവന്നിരുനെങ്കിൽ കൂടി ഒരു ബലപ്രയോഗം നടന്നപോലെയും തോന്നിയിരുന്നില്ല.

“ജീവാ… ഇവിടെയും അവർ അവളെ കൊണ്ടുവന്നിട്ടില്ല… ഇനി എവിടെ പോയി തിരക്കും… നമുക്ക് പോലീസിൽ തന്നെ complaint കൊടുത്താലോ… സമയം വൈകും തോറും അവളെ എന്തെങ്കിലും…” ഗൗതമിനു ശബ്ദം ഇടറി പോയിരുന്നു. “നീ… വാ ഇങ്ങനെ ഡെസ്പ് ആകാതെ നമുക്ക് ഒന്നുകൂടി നോക്കാം..” ജീവൻ ഗൗതമിന്റെ കൈകളിൽ പിടിച്ചു വലിച്ചു. വീടിന്റെ നാലു പാടും അന്വേഷിച്ചു നടന്നവർ അകതളത്തിൽ ഒത്തുകൂടി… “മക്കളെ… ഇവിടെയില്ല… പുറത്തു നിന്നു ഒരു ഈച്ച പോലും വന്ന ലക്ഷണമില്ല ഇവിടെ… ഇനിയും സമയം കളയണോ.. നമുക്ക് പോലീസിൽ”.. മാധവ്‌ പറഞ്ഞു പൂർത്തിയാക്കും മുന്നേ സുഭദ്ര പറഞ്ഞു.

“അവർ ഇവിടെ തന്നെയുണ്ട്” “നീ എന്താ ഈ പറയുന്നേ… ഈ വീടിന്റെ മുക്കും മൂലയും വരെ നമ്മൾ നോക്കിയില്ലേ… അവളെ ഇവിടേക്ക് കൊണ്ടുവന്നിട്ടില്ല” മാധവന് പെട്ടന്ന് ദേഷ്യം വന്നു. “അവർ ഇവിടെ തന്നെയുണ്ട്… ” സുഭദ്ര പ്രകാശിന്റെ കണ്ണുകളിൽ നോക്കിയാണ് അതു പറഞ്ഞതു… ഒരു നിമിഷം അയാൾ അവളെ തന്നെ ഉറ്റു നോക്കി… പതുക്കെ മിഴികൾ സുഭദ്രയിൽ നിന്നും പറിച്ചെടുത്തു… ഇരു കണ്ണുകളും ഇറുക്കെ അമർത്തി തുറന്നു… അച്ഛന്റെ പെട്ടെന്നുള്ള മാറ്റത്തിൽ ജീവന് ആകെ ടെന്ഷനായി… “എന്താ അച്ഛാ.. എന്തെങ്കിലും വിഷമം ഉണ്ടോ” “അവർ ഇവിടെ തന്നെയുണ്ട്… ” ജീവന്റെ ചോദ്യത്തിനുള്ള മറുപടിയായിരുന്നു അതു. ഒരുമിച്ചുണ്ടായിരുന്ന നാളുകളിൽ തങ്ങളുടെ മാത്രം സ്വകാര്യ നിമിഷങ്ങൾ പങ്കുവച്ചൊരിടം… ഒരിക്കലും മറക്കാൻ കഴിയില്ല…

പ്രകാശ് മുന്നേ നടന്നു. അടുക്കള കഴിഞ്ഞു പുറത്തേക്കു ഇറങ്ങുന്ന വാതിലിനോട് ചേർന്നുള്ള നീണ്ട വരാന്തയുണ്ട്… ആ വരാന്തയുടെ അവസാനം ഭിത്തിയോട് ചേർന്നു ഒരു വാതിലും. ജീവനും ഗൗതവും ഒരുമിച്ചു ഇരു ചുമലുകൾ കൊണ്ടു ആഞ്ഞു തള്ളിയപ്പോൾ അതു തുറന്നു വന്നു… പഴക്കം ചെന്ന വാതിലുകൾ ആയിരുന്നതിനാൽ ആദ്യ പ്രഹരത്തിൽ തന്നെ തുറന്നു വന്നിരുന്നു. വാതിൽ തുറന്നു അകത്തേക്ക് കയറിയ അവർ കണ്ടു താഴേക്കു പടികൾ… ആ പടികൾ ഇറങ്ങി അവസാനിക്കുനിടത്തു ഒരു ഇരുട്ട് നിറഞ്ഞ മുറി… ആ മുറിയുടെ വാതിലും അടഞ്ഞിരുന്നു. മുന്നത്തെ പോലെ തന്നെ ഗൗതവും ജീവനും കൂടി വാതിൽ ആഞ്ഞു തള്ളി നോക്കി.

മൂന്നാലു പ്രാവശ്യം തള്ളി നോക്കിയപ്പോഴാണ് അതു മലർക്കെ തുറന്നു വന്നത്. ആ മുറിയിൽ നിറഞ്ഞു നിന്ന പ്രകാശത്തിന്റെ പ്രതിഫലനം കൊണ്ടു അവർ കണ്ണുകൾ ചിമ്മിയടച്ചു… ഒരു നിമിഷത്തിനു ശേഷം കണ്ണുകൾ തുറന്നു നോക്കുമ്പോൾ നേരെ മുന്നിൽ കണ്ടത് ഒരു കസേരയിൽ കെട്ടിയിട്ട രീതിയിൽ ദേവ്നി… അവളുടെ കൈ തണ്ടയിൽ നിന്നും ചോരയൊലിക്കുന്നുണ്ടായിരുന്നു… മുടിയെല്ലാം മുഖത്തേക്ക് വീണു കിടക്കുന്നു… നന്നേ ക്ഷീണം ബാധിച്ച പോലെ… അവരെ കണ്ടതും അവളുടെ കണ്ണുകളിൽ പഴയ തിളക്കം… അവളിലേക്ക് ഓടിയടുക്കാൻ തുടങ്ങിയപ്പോഴാണ് അവളുടെ കഴുത്തിൽ കത്തി വച്ചുകൊണ്ട് ശീതൾ പുച്ഛിച്ചു നിൽക്കുന്നത് കണ്ടത്.

അതുവരെയും ദേവ്നിയിൽ ആയിരുന്നു എല്ലാവരുടെയും കണ്ണുകൾ. “കാമുകിയെ രക്ഷിച്ചു കൊണ്ടുപോകുന്ന കാമുക പരിവേഷമുള്ള നായകന്റെ ആത്മരോക്ഷവും ഉത്സാഹവുമൊക്കെ അങ്ങു സിനിമയിൽ കാണിച്ചാൽ മതി… ഇവിടെ അതിനു ശ്രമിച്ചാൽ… ഒരു നിമിഷത്തിൽ ഇവളുടെ ജീവനെടുക്കും” ശീതൾ ദേവ്നിയുടെ കഴുത്തിൽ കത്തി വരഞ്ഞു കൊണ്ടു പറഞ്ഞു. ദേവ്നിയുടെ കഴുത്തിലൂടെ രക്‌തം കിനിയുന്നത് ഗൗതം ഹൃദയം നുറുങ്ങുന്ന വേദനയോടെ…. നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വന്നു… ജീവനും ദേഷ്യം വന്നു മുഖത്തേക്ക് രക്തം ഇരച്ചു കയറി. ഇപ്പോൾ തന്നെ അവളുടെ കയ്യിലെ മുറിവിൽ നിന്നും രക്തം നന്നായി ഒഴുകിയിരുന്നു… ഇനിയും താമസിച്ചാൽ… ഒരുപക്ഷേ….

അവളുടെ ജീവൻ തന്നെ… “ഇവളെ എളുപ്പത്തിൽ അങ്ങു പരലോകത്തെക്കു അയക്കാൻ അറിയാത്തതു കൊണ്ടല്ല…. ഇഞ്ചിഞ്ചായി കൊല്ലാൻ… വേദനിപ്പിച്ചു കൊല്ലാൻ… ഏത് നിമിഷത്തിൽ വേണമെങ്കിലും മരണം വന്നു പുല്കുമെന്ന ഭയമില്ലേ… അതു… അതറിഞ്ഞുള്ള മരണം…” ശീതൾ ഭ്രാന്തമായി പുലമ്പി കൊണ്ടിരുന്നു. അവർ ചുറ്റുമൊന്നു നോക്കി… കൃഷ്ണൻ… ശീതളിന്റെ അച്ഛൻ… മുറിയിലെ ഒരു മൂലയിൽ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക്… അവരുടെ മുന്നിലേക്ക് വന്നു നിന്നു… അയാളുടെ ചുണ്ടിൽ എല്ലാം വിജയിച്ചവന്റെ ആയിരുന്നില്ല തികച്ചും പരാജിതനായ ഒരുവന്റെ ചിരി നിറഞ്ഞു നിന്നു.

“എനിക്ക് നഷ്ടപ്പെടാൻ ഇനിയൊന്നുമില്ല… അപ്പോ മുച്ചൂടും നശിപ്പിച്ചിട്ടെ ഞാൻ അടങ്ങു…” അയാൾ അവർക്ക് നേരെ മുരണ്ടു… “ശീതൾ… എന്തിനു വേണ്ടിയാ നീ അവളെ പിടിച്ചു വച്ചിരിക്കുന്നത്… അവളുടെ ജീവനെന്തെങ്കിലും സംഭവിച്ചാൽ ഞാൻ നിന്റേതാകുമെന്നു നിനക്ക് തോന്നുന്നുണ്ടോ” ഗൗതം തന്റെ ദേഷ്യം നിയന്ത്രിക്കാൻ നന്നേ പാടു പെട്ടു. അവന്റെ ചോദ്യത്തിനുള്ള ശീതളിന്റെ മറുപടി ഒരു അട്ടഹാസമായിരുന്നു. “നിർത്തുന്നുണ്ടോ ശീതൾ നിന്റെയീ കൊലച്ചിരി” ജീവന് ക്ഷമ നശിച്ചിരുന്നു. “ചിരിക്കാതെ പിന്നെ… ഇവൾ ജീവനോടെ ഇല്ലെങ്കിൽ നീ പിന്നെ വേറെ ജീവിതം തിരഞ്ഞെടുക്കുമോ ദി യങ് ഹൻഡ്സോം മീ.

ഗൗതം മാധവ് മേനോൻ… ഹാ പറയു… എനിക്കറിയാം നീ പിന്നെ സന്യാസിക്കുകയെ ഉള്ളുവെന്നു. നിന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ ഇവളുടെ മുഖം നീ ആലേഖനം ചെയ്തു വച്ചിരിക്കുകയല്ലേ… ഒരു കല്ലു പ്രതിമ കണക്കെ… ഇനി ആർക്കും പ്രവേശനം കൊടുക്കാതെ… നിന്റെ ഹൃദയത്തിൽ ഇവൾക്കായി മാത്രമല്ലേ ഒരു സ്ഥാനമുള്ളു…” “നിനക്കറിയാം… ദേവ്നിക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞാൻ വെറുതേയിരിക്കില്ലയെന്നു” “ഇവൾക്കെന്തെങ്കിലും സംഭവിച്ചാൽ… അതിനു കാരണക്കാരിയാകുന്ന എന്നെ നീ സ്വീകരിക്കുമെന്ന വ്യാമോഹങ്ങൾ ഒന്നുമേനിക്കില്ല” “പിന്നെ… പിന്നെ എന്തിനു വേണ്ടിയാണ് നീന്റെയീ പ്രഹസനം” “പുന്നാര പെങ്ങൾ ഒന്നും പറഞ്ഞു തന്നില്ലേ എന്റെ സ്വഭാവ മഹിമ…

ഈ ശീതൾ എന്തെങ്കിലും ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അതു നേടിയെടുക്കാൻ ഏതറ്റം വരെയും പോകും… അതു നേടിയെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരാൾക്ക് അതു നേടാനാകാത്ത വിധം നശിപ്പിച്ചിരിക്കും ഞാൻ” വല്ലാത്ത ഭാവത്തോടെ ശീതൾ പറഞ്ഞു നിർത്തി. “ഒരിക്കൽ അങ്ങനെ ചെയ്ത ഫലമാണ് നീ കുറച്ചു നാളുകൾ കിടന്നു പോയത്… അന്നും കൊല്ലാൻ തന്നെയായിരുന്നു പക്ഷെ… രക്ഷപെട്ടു… പിന്നെ ഞാൻ കരുതി നീ മരിക്കുന്നതിനേക്കാൾ ഇവൾ മരിച്ചാലുള്ള വേദനയല്ലേ ഏറ്റവും ലഹരി നൽകുന്നത്…” ശീതളിന്റെ കണ്ണുകൾ അരുണ വർണ്ണം നിറഞ്ഞിരുന്നു… കണ്ണുനീരും… ഭ്രാന്തമായിരുന്നു അവളുടെ നോട്ടവും ചെയ്തികളും. “അപ്പൊ… അന്നത്തെ ആ ആക്‌സിഡന്റിന്റെ പുറകിലും നീയായിരുന്നല്ലേ…” “അതേ… അച്ഛൻ ഏല്പിച്ചവർക്ക് ഒന്നു പാളിപോയി…

അല്ലായിരുന്നെങ്കിൽ നീ” ശീതൾ ഗൗതമിനു നേരെ കൈകൾ ചൂണ്ടി ചീറി… “നീ രക്ഷപെട്ടു..” അന്നത്തെ ആ ആക്‌സിഡന്റ… അതിനു പുറകിൽ ആരോ ഉണ്ടെന്നു നല്ല സംശയമുണ്ടായിരുന്നു. ഒരുവേള കൃഷ്ണനെയും ശീതളിനെയും സംശയിക്കുക കൂടി ചെയ്തിരുന്നു… പെട്ടെന്നുള്ള ഈ തുറന്നു പറച്ചിലിൽ…. എല്ലാവരും ഞെട്ടിയിരുന്നു. സുഭദ്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകി… രക്തബന്ധം പോലും നോക്കാതെ… സ്വന്തം നിലനിൽപ്പിനും ജീവിതത്തിനും വേണ്ടി സഹോദരിയുടെ ജീവിതം പണയം വച്ച സഹോദരൻ… ചതിച്ചും ദ്രോഹിച്ചും അവസാനം എന്തു നേടി… സുഭദ്ര ഒരുതരം വാശിയോടെ ഒഴുകിയ കണ്ണുനീർ അമർത്തി തുടച്ചു… ജീവന്റെ മേലെ തന്റെ മിഴികൾ പായവേ ഏതോ നിമിഷത്തിൽ അവനും സുഭദ്രയെ നോക്കി… അവന്റെ കണ്ണുകളിലെ പരിഭവം…

സഹോദരനെ വിശ്വസിച്ചു നിങ്ങൾ നഷ്ടപ്പെടുത്തിയ മകനെ… അവന്റെ അച്ഛനോടുള്ള വിശ്വാസത്തെ… എന്നിട്ടും അവസാനം നിങ്ങളും എന്തു നേടി… അവന്റെ കണ്ണുകളിലൂടെ അവന്റെ ഹൃദയത്തിൽ വിങ്ങിയ ചോദ്യം അവർ വായിച്ചിരുന്നു… അവരിൽ നിന്നുമൊരു എങ്ങൽ ഉയർന്നു… നിമിഷങ്ങൾ പോകുംതോറും ദേവ്നിയുടെ തളർച്ച കൂടി കൊണ്ടിരുന്നു. ശീതൾ ദേവ്നിയുടെ കഴുത്തിൽ കത്തി വച്ചു നിൽക്കുമ്പോൾ ഒന്നും ചെയ്യാൻ കഴിയാത്ത നിസഹയാവസ്ഥയിലായി എല്ലാവരും. എല്ലാവർക്കുമിടയിൽ നിന്നും സുഭദ്ര മുന്നിലേക്ക് വന്നു… “നിങ്ങളെ ഏട്ടൻ എന്നതിലുപരി ഒരു അച്ഛന്റെ സ്ഥാനം കൂടി ഞാൻ തന്നതല്ലേ.. ആ എന്നോട് തന്നെ വേണമായിരുന്നോ ഈ ചതി… എന്തു നേടി അവസാനം…

ഇവൾക്കെന്തെങ്കിലും സംഭവിച്ചാൽ നിങ്ങളെ ജീവനോടെ വിടുമെന്ന് തോന്നുന്നുണ്ടോ… പൂര്ണമായിട്ടല്ലെങ്കിലും എന്റെ മകനെ എന്നിൽ നിന്ന് അകറ്റിയതു പോലും നിങ്ങളുടെ സ്വാര്ഥമായ താത്പര്യമായിരുന്നല്ലോ… എന്നോട് എന്തിനു വേണ്ടിയാ ഈ ക്രൂരത ചെയ്തത്… ഒടുവിൽ ഗൗതമിനെയും നിങ്ങൾ തന്നെ… എനിക്ക് … എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല… ഞാൻ സ്നേഹിച്ച… എന്നെ കയ്യിലെറ്റു വളർത്തിയ എന്റെ ഏട്ടൻ തന്നെയാണോ ഇങ്ങനെയൊക്കെ… സുഭദ്ര സംസാരിച്ചുകൊണ്ട് മുന്നോട്ടു നടന്നു കൊണ്ടിരുന്നു… കത്തി മുനയിൽ തന്റെ ജീവന്റെ ജീവനെ എങ്ങനെ രക്ഷിക്കുമെന്നു ആലോചിച്ചു നിന്നിരുന്ന ഗൗതമിനു സുഭദ്രയുടെ നീക്കം എങ്ങനെ തങ്ങൾക്ക് അനുകൂലമാക്കി ദേവ്നിയെ രക്ഷപെടുത്തുമെന്ന ചിന്ത ഞൊടിയിടയിൽ തലയിലൂടെ മിന്നി മാഞ്ഞു…

ജീവന്റെ നോട്ടത്തിൽ താൻ ചിന്തിച്ചത് തന്നെയാണ് അവനും ചിന്തിച്ചതെന്ന് പറയാതെ പറഞ്ഞിരുന്നു. ഒരു ഭയവുമില്ലാതെ മുന്നോട്ടു തങ്ങൾക്കടുത്തേക്കു നടന്നു വന്ന സുഭദ്രയുടെ നേർക്കായി കൃഷ്ണന്റേയും ശീതളിന്റെയും ശ്രെദ്ധ. ആ ഒരൊറ്റ നിമിഷം കൊണ്ട് തന്നെ… ശീതളിന്റെ മിഴികൾ തങ്ങളിൽ നിന്നും പിൻവലിച്ച നിമിഷത്തിൽ ജീവൻ ശീതളിനെ കാലു കൊണ്ടു തൊഴിച്ചിട്ടു… പെട്ടന്ന് കിട്ടിയ പ്രഹരത്തിലും അടിവയറിന് ഏറ്റ അടിയിലും അവൾ നിലവിളിച്ചു പോയിരുന്നു. അതു കണ്ട കൃഷ്ണൻ സുഭദ്രയെ പിന്നിലേക്ക് തള്ളിയിട്ടു ശീതളിനരുകിലേക്ക് ചെല്ലാൻ തുനിഞ്ഞതും ഗൗതം അയാളുടെ നെഞ്ചിൽ ഊക്കോടെ തൊഴിച്ചു.

പുറകിലേക്ക് വേച്ചു വീണ സുഭദ്രയെ നാലുകൈകൾ ഒരേ സമയം താങ്ങിയിരുന്നു… മാധവനും പ്രകാശും… പ്രകാശ് പെട്ടന്ന് തന്നെ കൈകൾ പിൻവലിച്ചു എഴുനേറ്റു നിന്നു… മാധവന്റെ നെഞ്ചിൽ പറ്റിച്ചേർന്നു സുഭദ്ര നിലവിളിച്ചു കരഞ്ഞു പോയിരുന്നു. അതുവരെയുള്ള അവരുടെ സങ്കടങ്ങൾ അയാളുടെ നെഞ്ചു ആ നിമിഷത്തിൽ ഏറ്റു വാങ്ങിയിരുന്നു… ജീവന്റെ പ്രഹരത്തിൽ… ആ വേദനയിൽ നിന്നും പെട്ടന്ന് മോചിതയാകാൻ ശീതളിന് കഴിഞ്ഞില്ല. ആ സമയം കൊണ്ട് ജീവനും ഗായത്രിയും കൂടി ദേവ്നിയുടെ കൈകളിലെ കെട്ടുകളഴിച്ചു. ഗായത്രിയുടെ കോട്ടൻ ഷാൾ ഉപയോഗിച്ചു അവളുടെ മുറിവ് കെട്ടി വച്ചു… അപ്പോഴേക്കും ദേവ്നി തളർന്നു പോയിരുന്നു…

ജീവൻ അവളെ വീഴാതെ തന്റെ നെഞ്ചിൽ ചേർത്തു പിടിച്ചു. നെഞ്ചിൽ കിട്ടിയ പ്രഹരത്തിൽ കൃഷ്ണൻ വീണു പോയിരുന്നു എങ്കിലും അയാളെ ഗൗതം വീണ്ടും വീണ്ടും പ്രഹരിച്ചു കൊണ്ടിരുന്നു…. ഇനി അയാൾ എഴുന്നേൽക്കിലെന്നു തോന്നിയ നിമിഷത്തിലാണ് ഗൗതം ദേവ്നിക്ക് അരികിലേക്ക് കുതിച്ചത്… അവളെ ജീവന്റെ കൈകളിൽ നിന്നും തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു പൂണ്ടടക്കം കെട്ടി പിടിച്ചു … ആ കുഞ്ഞു മുഖം കൈകളിൽ കോരിയെടുത്തു ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു പിടിച്ചു. അവനു വേണ്ടി മാത്രം തെളിയുന്ന ആ നുണകുഴി അവളുടെ കവിളിൽ കണ്ട നിമിഷം അവൻ ആഴത്തിൽ ചുംബിച്ചു… “പേടിച്ചു പോയോ”… തളർന്ന ശബ്ദത്തിൽ ദേവ്നി ചോദിച്ചു…

“ഒരുപാട്ട്…. പ്രാണൻ പറഞ്ഞു പോകുന്ന വേദന കുറച്ചേറെ സമയം കൊണ്ടറിഞ്ഞു” അവന്റെ ശബ്ദവും ഇടറിയിരുന്നു. ഒരു ചെറു ചിരിയോടെ അവന്റെ കരവലയത്തിൽ അവൾ ഒതുങ്ങി നിന്നു. എല്ലാവരും അവരുടെ മാത്രം ലോകം പുറമെ നിന്നു കണ്ടു സന്തോഷിച്ചു… ജീവന്റെ നെഞ്ചിൽ ഗായത്രി ചേർന്നു നിന്നു… അവനെ പുണർന്നു കരഞ്ഞു… അവനും അവളെ ചേർത്തണച്ചു പിടിച്ചു. എല്ലാവരുടെയും ശ്രെദ്ധ ഒരു നിമിഷം മാറിയ സമയത്തു കൃഷ്ണൻ കയ്യിൽ കരുതിയ ഇരുമ്പു ദണ്ഡ് ആഞ്ഞു വീശി അവർക്കരികിലേക്കു വന്നു… (തുടരും… സത്യമായും അധികം വൈകില്ല)

നിലാവിനായ് : ഭാഗം 27