Sunday, January 19, 2025
Novel

നിലാവിനായ് : ഭാഗം 13

നോവൽ
****
എഴുത്തുകാരി: സേഷ്മ ധനേഷ്‌

ശീതൾ ഉടച്ചു കളഞ്ഞ അക്വാറിയത്തിലെ അവസാന മത്സ്യവും അവസാന ശ്വാസത്തിനു വേണ്ടി പിടഞ്ഞു കൊണ്ടിരുന്നു.

ശീതളിനു ജീവന്റെ കൂടെ അസിസ്റ്റ് ചെയ്യാൻ വല്ലാത്ത ഒരു ജാള്യതയും ഇഷ്ടകേടുമുണ്ടായിരുന്നു. അതെല്ലാം തന്നെ അവളുടെ മുഖത്തും പ്രവർത്തിയിലും തെളിഞ്ഞു കണ്ടിരുന്നു. എങ്കിലും ജീവന്റെ മുൻപിൽ പോകാതിരിക്കാനും ആകാത്ത അവസ്ഥയായിരുന്നു.

“ജീവൻ ഈ ഫയലുകൾ എല്ലാം തന്നെ നോക്കി കഴിഞ്ഞു. ഇതിൽ ക്ലാരിഫിക്കേഷൻ ഒന്നുമില്ല”

ജീവൻ ഗൗരവത്തോടെ അവളുടെ മുഖത്തേക്കു നോക്കി. ശേഷം അവൾ കൊടുത്ത ഫയലുകൾ ഒന്നുകൂടെ നോക്കി കുറച്ചു പേജുകളിൽ പെന്സില് കൊണ്ടു മാർക് ചെയ്തു.

“ശീതൾ… ഞാൻ തന്റെ സുപ്പീരിയർ ഓഫീസർ ആണ്. ഒരു ഓഫീസിൽ അത്യാവശ്യം പാലിക്കേണ്ട ചില മര്യാദകൾ ഉണ്ട്. ഇതു സ്വന്തക്കാരുടെയും ബന്ധുക്കളുടെയും കമ്പനിയാണ് എന്നു കരുതി എന്തുമാകാം എന്നൊരു ധാരണ വേണ്ട. കാൾ മി സർ” ജീവന്റെ ഉയർന്ന ശബ്ദത്തിൽ ശീതൾ ഒന്നു ഞെട്ടി. പെട്ടന്ന് സീറ്റിൽ നിന്നും ചാടി എഴുനേറ്റു.

“സോറി സർ” അവന്റെ നോട്ടത്തിലും ഗൗരവമാർന്ന മുഖം കണ്ടും അവളുടെ വായിൽ നിന്നു അവൾ പോലും അറിയാതെ ക്ഷമാപണം വന്നു.

“പിന്നെ… ഫയലുകൾ ഒരു തവണയല്ല മൂന്നു പ്രാവശ്യമെങ്കിലും ക്ലാരിഫിക്കേഷൻ ചെയ്യണം. താൻ നോക്കി എന്നു പറഞ്ഞിട്ടും ഞാൻ ഈ പെന്സില് കൊണ്ടു മാർക് ചെയ്തത് എല്ലാം തന്നെ മിസ്റ്റേക് ആണ്. ഒരിക്കൽ കൂടി ഇതുപോലെ ആവർത്തിക്കരുത്. ഒക്കെ…” അവന്റെ ആജ്ഞ കൂടി കേട്ടതോടെ ഫയലുകൾ എല്ലാം വാരി എടുത്തു അവൾ പിറു പിറുത്തു കൊണ്ടു പുറത്തേക്ക് നടന്നു.

“ഇയാളാരുവ… തനി കടുവ” ഒടുവിൽ ഡോർ തുറന്നു ചുണ്ട് കോട്ടി അവൾ പറയുന്നത് വ്യക്തമായി ജീവൻ കേട്ടിരുന്നു. അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വന്നു അതു കേട്ടപ്പോൾ.

“സർ”

“ദേവ്നി… ഇന്ന് ഇനി എന്തെങ്കിലും ചെയ്യാനുണ്ടോ”

“സ്കൈ ലാർക് ഫയൽ കൂടി ചെക്ക് ചെയ്യാനുണ്ട്. അവർക്ക് ഒന്നു രണ്ടു റിക്വയർമെന്റ്‌സ് കൂടി ഉൾപ്പെടുത്താൻ ഉണ്ടായിരുന്നു. അതുകൂടി ഉള്പെടുത്താനുണ്ട്. പിന്നെ ഇന്ന് ഉച്ചതിരിഞ്ഞു ഒരു മൂന്നുമണിയോടെ ഒരു അഡ്വേർടൈസിംഗ് അഭിനയിക്കാൻ പോകണം”

“ഓഹ്… ഒക്കെ… ആ ആഡിന്റെ ഷൂട്ട് ഇന്നായിരുന്നല്ലേ… ഒക്കെ..ഒക്കെ… പിന്നെ ദേവ്നി… താൻ എന്നെ ഗൗതം എന്നു വിളിച്ചോളൂ… സർ എന്നത് നമുക്കിടയിൽ ഒരു അകലം ഫീൽ ചെയ്യും”

“എനിക്ക് കൂടുതൽ കംഫർട് സർ എന്നു വിളിക്കാൻ തന്നെയാണ്. പിന്നെ എന്റെ സുപ്പീരിയർ ഓഫീസർ ആകുമ്പോൾ… അതുമാത്രമല്ല സർ പറഞ്ഞ ആ അകലം… അതാണ് ഞാൻ ഇഷ്ടപ്പെടുന്നത്” കടുത്ത ഭാവത്തിൽ അവൾ പറയുമ്പോഴും ചുണ്ടിൽ വിരിയുന്ന ചിരിയൊളിപ്പിക്കാൻ അവൾ ശ്രമിക്കുന്നുണ്ടായിരുന്നു.

“കൃഷ്ണൻ മേനോനെ കാര്യം നിങ്ങൾ വലിയ തറവാട്ടുകർ ഒക്കെ തന്നെയാണ്. എങ്കിലും കച്ചവടം വേറെ തറവാട് വേറെ സുഹൃത് ബന്ധം വേറെ. നിങ്ങളുടെ പഴയ തറവാടും അതിനോട് ചേർന്ന ഒന്നരയേക്കർ സ്ഥലവും… ഒന്നാമത്തെ ഇതൊരു കാട്ടു മുക്കാണ്… എന്റെ സാറിനു അത്ര ആവശ്യം ഉണ്ടായിട്ടൊന്നുമല്ല ഇതു വാങ്ങാൻ സമ്മതിച്ചത്… പിന്നെ പഴമ നില നിർത്തുന്ന വീടുകളും പറമ്പുകളും അങ്ങേരുടെ ഒരു ബലഹീനതയാണ്. ഇങ്ങനെ എവിടെ കണ്ടാലും വാങ്ങി കൂട്ടും. തനിക്ക് റെഡി കാഷ് വേണോ എങ്കിൽ ഞാൻ പറഞ്ഞ വിലയ്ക്കാണ് എങ്കിൽ ഇന്ന് തന്നെ കച്ചോടം നടക്കും… അതല്ല താൻ പറഞ്ഞ വിലയാണെങ്കി നടക്കില്ല” കൂട്ടുകാരനായ സ്ഥല കച്ചവടക്കാരൻ രാഘവൻ പറയുന്നത് കേട്ടു കൃഷ്ണൻ ദൃഷ്ടി വേറെയെങ്ങോ പായിച്ചു കൊണ്ട് നെറ്റിയിലെ വിയർപ്പുകൾ ഒപ്പിയെടുത്തു നിന്നു. അയാളുടെയുള്ളിൽ ഒരു സംഘർഷം തന്നെ നടക്കുന്നുണ്ട്.

“അല്ല മേനോനെ തന്റെ അളിയൻ സഹായിക്കില്ലേ തന്നെ. താൻ കാശിനു അത്യാവശ്യമായത് കൊണ്ടാണ് തന്റെ തറവാട് വിൽക്കാൻ പോകുന്നെയെന് എനിക്ക് മനസിലായി. അല്ലെങ്കി ഇത്ര കാശിനു താൻ ഇതു വിൽക്കാൻ ഉദേശിക്കില്ലലോ” കൃഷ്ണൻ മേനോന് അയാളുടെ ചോദ്യങ്ങൾക്ക് ഉത്തരം നല്കാനായില്ല… പക്ഷെ അയാളുടെ മനസിൽ കുറെ കാര്യങ്ങൾ മദിച്ചു കൊണ്ടിരുന്നു.

സുഭദ്രയെ കള്ളം പറഞ്ഞു മാധവ് മേനോനെ കൊണ്ട് കല്യാണം കഴിപ്പിക്കുമ്പോൾ അയാളുടെ സ്വത്തിലും ഒരു കണ്ണുണ്ടായിരുന്നു. അല്ലെങ്കി തന്നെ താൻ സ്വത്തു മാത്രമേ നോക്കിയുള്ളൂ എന്നു വേണം കരുതാൻ. അതിനു വേണ്ടി പ്രകാശ് രാജിനെ ഒഴിവാക്കാൻ ചെയ്ത കാര്യങ്ങൾ കുറെ ദൃശ്യങ്ങൾ കണക്കെ അയാളുടെ മനസിൽ തെളിഞ്ഞു കൊണ്ടിരുന്നു. പക്ഷെ കണക്കു കൂട്ടലുകൾ എല്ലാം തന്നെ തെറ്റി പോയി. ഒരു കച്ചവടക്കാരന്റെ എല്ലാ കുശാഗ്ര ബുദ്ധിയും മാധവ് മേനോനുണ്ട്. എന്തിനും ഒരു നിയന്ത്രണ രേഖയുണ്ടായിരുന്നു അയാൾക്ക്. ഒരു പരിധിയിൽ കൂടുതൽ സഹായങ്ങൾ ഒന്നും തന്നെ ചെയ്തിരുന്നില്ല. അയാളെ വക വരുത്താൻ നോക്കിയിട്ടും കാര്യമില്ല… സ്വത്തുക്കൾ എല്ലാം തന്നെ ഗൗതമിന്റെ പേരിലാണ്. പിന്നെ കണ്ട ഏക വഴി ശീതളിനെ കൊണ്ടു അവനെ കല്യാണം കഴിപ്പിക്കുക എന്നുള്ളത് മാത്രമായിരുന്നു. തട്ടിയും മുട്ടിയും ബിസിനസ് കൊണ്ടുപോകുന്നത് അല്ലാതെ കാര്യമായ ഉയർച്ചയൊന്നും തനിക്കില്ല… അത്യാവശ്യമായി പുതിയ ബിസിനസിലേക്ക് വേണ്ട ഒരു കോടി രൂപയുടെ ആവശ്യം… മാധവ് മേനോൻ പഴയ പോലെ തന്നെ കയ്യൊഴിഞ്ഞു… ഇനി ഈ വസ്തു വിൽക്കാൻ അല്ലാതെ വേറെ മാർഗമില്ല…. രാഘവന്റെ കയ്യിൽ പുതിയ ഒരു കസ്റ്റമർ വന്നു കൂടിയിട്ടുണ്ടെന്നു പറഞ്ഞു. തനിക്ക് ആവശ്യമുള്ള പണം ഒരു അവധിയുമില്ലാതെ തരാൻ കഴിയുമെന്ന് പറഞ്ഞതു കൊണ്ടു മാത്രമാണ് ഇഷ്ടമല്ലാതിരിന്നിട്ടു കൂടി തറവാട് വക ഭാഗം വിൽക്കാൻ തീരുമാനിച്ചത്.

“ആഹ്… സർ വന്നല്ലോ” രാഘവന്റെ വാക്കുകളാണ് കൃഷ്ണൻ മേനോനെ ഓർമകളിൽ നിന്നുമുണർത്തിയത്.

ഒരു അത്യാഢംബര വാഹനമായ ബെൻസ് പുതിയ മോഡൽ കാർ അവർക്കരികിലേക്കു വന്നു നിന്നു. അതിൽ നിന്നുമിറങ്ങിയ ആളെ കണ്ടു ആദ്യം കൃഷ്ണന്റെ കണ്ണുകൾ ഒന്നു ഞെട്ടിയെങ്കിലും പിന്നീട് മുഖം വലിഞ്ഞു മുറുകി.

“കുറച്ചു താമസിച്ചു… ഈ കാർ എടുക്കാൻ പോയതാണ്. ഇന്ന് രജിസ്ട്രേഷന് ആയിരുന്നു.”

“അതൊന്നും സാരമില്ല പ്രകാശ് സാറേ… ഇതു പുതിയ മോഡൽ അല്ലെ ഒത്തിരി കാശായി കാണില്ലേ…”

“ആഹ്… ഒരു എണ്പത് ലക്ഷത്തിന് അടുത്തായി”

“ഓഹ്… സാറിന്റെ കയ്യിൽ ഇല്ലാത്ത വില കൂടിയ കാറുകൾ ഇനി വല്ലതുമുണ്ടോ” കാറിന്റെ വില കേട്ട അതിശയത്തിൽ രാഘവന്റെ വായിൽ വന്ന ചോദ്യമായിരുന്നു.

“എനിക്ക് ഇങ്ങനെയൊരു ഭ്രാന്ത് ഉണ്ടെടോ. വാഹന ഭ്രാന്തു… ആഗ്രഹിച്ചതെല്ലാം ഞാൻ നേടിയെടുത്തിട്ടുണ്ട്… കയ്യിൽ നിന്നും വഴുതി പോയവയുമുണ്ട്… പക്ഷെ അതെന്റെ കൈകളിൽ തന്നെ വന്നു ചേരും… അല്ലെങ്കി ചേർക്കാൻ എനിക്കറിയാം” കൃഷ്ണന്റെ കണ്ണുകളിൽ നോക്കി പറഞ്ഞ വാക്കുകൾ അയാളുടെ ഹൃദയത്തിലാണ് വന്നു പതിച്ചത്.

“അപ്പൊ എങ്ങനെയാ നമുക്ക് കാര്യത്തിലേക്ക് കടക്കാം”

“കൃഷ്ണൻ എന്റെ സുഹൃത് കൂടിയാണ് പ്രകാശ് സാറേ… ഒരു അത്യാവശ്യം വന്നത് കൊണ്ടാണ്… അല്ലെങ്കി ഇതൊന്നും വിൽക്കേണ്ട ആവശ്യമൊന്നുമില്ല… റെഡി കാശിനാണെങ്കി സർ പറഞ്ഞ വിലയ്ക്ക് സമ്മതമാണ്”… കൃഷ്ണൻ മറുത്തെന്തെങ്കിലും പറയുമോ എന്ന ഭാവത്തിൽ രാഘവൻ ചെരിഞ്ഞു നോക്കി… കൃഷ്ണന്റെ അപ്പോഴത്തെ ഭാവം എന്തെന്ന് അയാൾക്ക് ഒരു പിടുത്തവും കിട്ടിയില്ല.

“സമ്മതം” കൃഷ്ണൻ കുറച്ചു നിമിഷങ്ങൾക്ക് ശേഷം പറഞ്ഞു. അയാളുടെ മുഖം വല്ലാതെ അമർഷം പൂണ്ടിരുന്നു. അതേ സമയം പ്രകാശിന്റെ മുഖം ഒരു കൗശലക്കാരനെ പോലെയായിരുന്നു.

ഏകദേശം ഒന്നര കോടി അടുത്തു വരുന്ന സ്ഥലത്തിനാണ് വെറും തൊണ്ണൂറു ലക്ഷത്തിന് ഉറപ്പിക്കുന്നത്. ആവശ്യം തന്റേതായി പോയി. രാഘവന്റെ മുഖം തെളിഞ്ഞു. കിട്ടാൻ പോകുന്ന കമ്മീഷൻ ആലോചിച്ചു.

“ഞാൻ ആ ആധാരം എഴുതുന്ന രവിയുടെ അടുത്തു പോയെച്ചു വരാം സാറേ”

“രാഘവൻ ഒന്നു നിന്നെ. എന്റെ അഡ്വക്കേറ്റ് തന്നെ വിളിക്കും. ആധാരം എഴുതുന്ന ആളുടെ വിവരങ്ങൾ പറഞ്ഞു കൊടുക്കണം. അയാളുമായി സംസാരിക്കാൻ വേണ്ടിയാണ്. എങ്കിൽ താൻ ചെല്ലു”

രാഘവൻ അവരുടെ അടുത്തു നിന്നു മാറിയപ്പോൾ പ്രകാശിന്റെ മുഖത്തു ഒരു വിജയ ചിരി ഉണ്ടായിരുന്നു.

“എന്നെക്കുറിച്ചുള്ള അന്വേഷണങ്ങൾ ഏതുവരെയായി മേനോനെ” പുച്ഛം കലർന്ന വാക്കുകളായിരുന്നു പ്രകാശിന്റ.

താൻ പ്രകാശ് രാജിനെ കുറിച്ചു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അന്വേഷിച്ചു നടക്കുന്നത് അയാൾ അറിഞ്ഞുവെന്നു മനസിലായി. കൃഷ്ണൻ വാക്കുകൾ കിട്ടാതെ നിന്നു.

“തന്റെ പെങ്ങളെ ഞാൻ സ്നേഹിക്കുമ്പോഴും കല്യാണം കഴിച്ചു കൂടെ കൂട്ടുമ്പോഴും അന്ന് നിനക്കൊന്നും സങ്കൽപ്പിക്കാൻ പോലുമാകാത്ത അത്ര ആസ്തി എനിക്കുണ്ടായിരുന്നു. ഒരു സാധാരണക്കാരന്റെ ജീവിതമായിരുന്നു അന്നും ഇന്നും ഞാൻ ഇഷ്ടപെട്ടിരുന്നത്. അതുകൊണ്ടു തന്നെ ആർക്കുമറിയില്ലായിരുന്നു എന്നെക്കുറിച്ചു. നിന്റെ പെങ്ങളെ ഞാൻ കല്യാണം രജിസ്റ്റർ ചെയ്തതിനു ശേഷമല്ലേ നീയറിഞ്ഞത് ഞങ്ങൾ തമ്മിലുള്ള ബന്ധം പോലും. അന്നത്തെ വലിയ തറവാടികൾ ആയിരുന്നല്ലോ നീയും നിന്റെ തന്തയുമൊക്കെ. നക്കാ പിച്ച കാശിനു പോലും ഗതിയില്ലാത്ത പേരും പെരുമയും ജാതിയും കുലവും നോക്കുന്ന ജന്മികൾ…” പ്രകാശിന്റെ വാക്കുകളിലൂടെ കൃഷ്ണനും തന്റെ അന്നത്തെ തെറ്റുകൾ ഓർത്തു കൊണ്ടിരുന്നു.

“ഒന്നുമില്ലാത്തവനെ പോലെ ഞാൻ നിങ്ങളുടെ വീട്ടിൽ കുറച്ചു നാളുകൾ നിന്നു… എന്റെ വീട്ടിലും കാര്യങ്ങൾ അംഗീകരിക്കാൻ എനിക്ക് കുറച്ചു സമയം വേണമായിരുന്നു… അതിനു വേണ്ടി മാത്രം… പക്ഷെ നിങ്ങളുടെ വീട്ടിൽ ഞാൻ നിന്നിരുന്ന സമയം അത്രയും എന്റെ ചിലവിൽ അല്ലെടാ നീയൊക്കെ മൂന്നു നേരം സുഭിക്ഷമായി ഉണ്ടത്… അന്ന് ഞാൻ പണിയെടുത്ത എന്റെ വിയർപ്പിൽ… എന്റെ വിയർപ്പിന്റെ പങ്കു പറ്റി നിന്റെ ശരീരം കൊഴുപ്പിക്കാൻ ഒരു മടിയുമില്ല… പക്ഷെ എന്റെ ജാതിയും കുലവും നിനക്കൊക്കെ നാണക്കേട് ആയിരുന്നു… സ്വന്തം പെങ്ങളെ വിശ്വസിപ്പിക്കാൻ വേണ്ടി… അതിനു വേണ്ടി മാത്രമല്ലേ നീ ഞങ്ങളെ നിന്റെ വീട്ടിലേക്ക് കൂട്ടിയത്… എന്നിട്ട് അവൾ അറിയാതെ എന്നെ നീയും നിന്റെ വാടക ഗുണ്ടകളും കൂടി ജീവച്ഛവം ആക്കിയല്ലേ പോയത്… ഒരുതരത്തിൽ പറഞ്ഞാൽ ഞാൻ ചത്തെന്നു കരുതി റോഡരുകിൽ ഉപേക്ഷിച്ചു പോയി… പെങ്ങളോട് ചെന്നു അവളെ ഉപേക്ഷിച്ചു പോയ ചതിയനായ അവളുടെ ഭർത്താവിന്റെ കള്ളകഥ മെനഞ്ഞു പറഞ്ഞു കൊടുത്തു. പക്ഷെ അവിടെയും നിന്റെ കണക്കു കൂട്ടലുകൾ തെറ്റി… എന്റെ ചോര അവളുടെ വയറ്റിൽ കുരുത്തത് അറിയാൻ നീ വൈകി പോയി… അല്ലെങ്കി എന്റെ മോനെയും നീ… ദൈവവും സത്യവും എന്റെ കൂടെയുണ്ട് കൃഷ്ണ… അല്ലെങ്കി മരണത്തോട് മല്ലിട്ട് റോഡരുക്കിൽ കിടന്ന എന്നെ ആരൊക്കെയോ ചേർന്നു ആശുപത്രിയിൽ എത്തിക്കില്ലായിരുന്നു… അവിടെ നിന്നും എന്റെ വീട്ടുകാരാണ് എന്നെ കൊണ്ടുപോയത്… ഏകദേശം ഒന്നര വർഷത്തോളം എടുത്തു രണ്ടു കാലിൽ ഞാൻ നിവർന്ന് ഒന്നു നിൽക്കാൻ… ആ സമയം കൊണ്ടു നീ നിന്റെ പെങ്ങളെ ഒരു രണ്ടാം കെട്ടുകാരനെ കൊണ്ട് കെട്ടിച്ചു… എന്റെ പ്രണയത്തിനും സ്നേഹത്തിനും അവൾക്ക് എത്രമാത്രം വിശ്വാസമുണ്ടായിരുന്നുവെന്നു ഞാൻ അന്ന് മനസിലാക്കി… ഞാൻ വീണ്ടും വന്നിരുന്നു നിന്നെ അന്വേഷിച്ചു അപ്പോഴാണ് ഞാൻ അവളുടെ കല്യാണം കഴിഞ്ഞതും അറിയുന്നത്… അപ്പോഴും…. അപ്പോഴും ഞാൻ അറിഞ്ഞില്ല… എന്നിൽ ഒരു ജീവൻ അവളിലുണ്ടായിരുന്നുവെന്നു… അവളെ കല്യാണം കഴിച്ചത് മാധവ് മേനോൻ ആണെന്ന് അറിയാമായിരുന്നു… അയാളുടെ പണവും ജാതിയും കണ്ടാണ് പെങ്ങളെ കെട്ടിച്ചു കൊടുത്തതെന്നും എനിക്ക് അറിയാമായിരുന്നു… പക്ഷെ കുറച്ചു നാളുകൾക്ക് മുൻപ് ബാംഗ്ലൂര് വച്ചു നടന്ന ബിസിനസ് മീറ്റിൽ വച്ചു അയ്യരാണ് പറഞ്ഞതു ജീവൻ മാധവ് മേനോന്റെ മകൻ അല്ലായെന്നു… നിന്റെ പെങ്ങൾ സുഭദ്രയുടെ മകൻ ആണെന്ന്… മാധവൻ കല്യാണം കഴിക്കും മുന്നേ അവളെ ചതിച്ചു കടന്നു കളഞ്ഞ ഏതോ ഒരുത്തന്റെ കുഞ്ഞാണെന്നു… ഈ എന്റെ മകനാണ് ജീവൻ എന്നു അന്നാണ്… അന്നാണ് ഞാൻ തിരിച്ചറിഞ്ഞതു…. അന്ന് ഞാൻ ആകെ തളർന്നു പോയിരുന്നു… തിരികെ നാട്ടിലേക്ക് വരും വഴി എന്റെ ഹൃദയം ഒരു നിമിഷം നിന്നു പോയിരുന്നു… ആ സമയത്തു ദൈവദൂതനെ പോലെ എന്റെ അരികിലെത്തി എന്റെ ജീവൻ രക്ഷിച്ചത് എന്റെ മകൻ തന്നെയായിരുന്നു… ഇനി നിന്റെ ഒരു കളികളും നടക്കില്ല കൃഷ്ണ… എന്റെ മോൻ ഇത്രയും വയസിൽ അനുഭവിച്ചത് കുറച്ചു നാളുകൾ കൊണ്ടു ഞാൻ മനസിലാക്കി… അതിനൊക്കെ നീയനുഭവിക്കും കൃഷ്ണ… അനുഭവിപ്പിക്കും ഞാൻ” അവസാന വാക്കുകൾ കൃഷ്ണന്റെ തലയിൽ വല്ലാത്തൊരു മുഴകത്തോടെ വന്നു പതിച്ചു… അനുഭവിപ്പിക്കും…

“അതിന്റെ ആദ്യ പടിയാണ്… നിന്റെ തറവാട് എന്റെ കയ്യിൽ ഇരിക്കുന്നത്” പുച്ഛത്തോടെ ചിരിച്ചുകൊണ്ട് പ്രകാശ് രാജ് സ്വന്തം കാറിൽ കയറി പോയി.

പുതിയ കണക്ക് കൂട്ടലുകളുമായി കൃഷ്ണൻ അവിടെ തറഞ്ഞു നിന്നു.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നിലാവിനായ് : ഭാഗം 1

നിലാവിനായ് : ഭാഗം 2

നിലാവിനായ് : ഭാഗം 3

നിലാവിനായ് : ഭാഗം 4

നിലാവിനായ് : ഭാഗം 5

നിലാവിനായ് : ഭാഗം 6

നിലാവിനായ് : ഭാഗം 7

നിലാവിനായ് : ഭാഗം 8

നിലാവിനായ് : ഭാഗം 9

നിലാവിനായ് : ഭാഗം 10

നിലാവിനായ് : ഭാഗം 11

നിലാവിനായ് : ഭാഗം 12