Monday, November 18, 2024
Novel

നിലാവിനായ് : ഭാഗം 12

നോവൽ
****
എഴുത്തുകാരി: സേഷ്മ ധനേഷ്‌

“സോ… ജീവൻ ഈ കമ്പനിയിൽ നിന്നും പിരിഞ്ഞു പോകാൻ ആഗ്രഹിക്കുന്നു… അല്ലെ”
“എസ് സർ”

വളരെ ആത്മാവിശ്വാസത്തോടെയും ഉറച്ച ശബ്ദത്തോടെയും അവൻ മറുപടി പറഞ്ഞു. അവന്റെ മനസിന്റെ ഉറപ്പും തീരുമാനവും അവന്റെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു.

“എന്താ ജീവൻ പെട്ടന്ന് ഇങ്ങനെയൊരു തീരുമാനം.. ഇവിടെ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടോ”

“പെട്ടന്ന് എടുത്ത തീരുമാനം അല്ല ഗൗതം. കുറച്ചു നാളുകളായി മനസിലുണ്ട്. അതിനുള്ള തയ്യറെടുപ്പായിരുന്നു ഇതുവരെ. ഇപ്പൊ സമയമായെന്ന് മനസും പറയുന്നു. മുൻപ് ഒരിക്കൽ സാറിനോട് ഞാൻ സൂചിപ്പിച്ചിരുന്നു” സ്വാഭാവികമായി തന്നെ ജീവൻ മറുപടി പറഞ്ഞു. ഒട്ടും സങ്കോചവുമില്ലാതെ… വാക്കുകളിൽ പോലും നോവിന്റെ ഇടർച്ചയുണ്ടായിരുന്നില്ല. അവന്റെ വാക്കുകൾ ഏറെ സന്തോഷം ഉണ്ടാക്കിയത് ശീതളിൽ ആയിരുന്നു. എത്രയും വേഗം അവൻ ഇവിടെനിന്നും പോകുമല്ലോ എന്നൊരു സന്തോഷം. പക്ഷെ ദേവ്നിയുടെ കണ്ണുകളിൽ അപ്പോൾ തന്നെ നീർത്തിളക്കം വന്നു മൂടിയിരുന്നു.

“ജീവൻ മുൻപ് സൂചിപ്പിച്ചിരുന്നു… ശരിയാണ്… പക്ഷെ ഒഫീഷ്യൽ ആയി കാര്യങ്ങൾ ഇപ്പോഴല്ലേ മുന്നോട്ട് കൊണ്ടുപോകുന്നത്. അതു മാത്രമല്ല… തനിക്ക് അങ്ങനെ പെട്ടന്ന് പോകാനൊന്നും പറ്റില്ല. ഇവിടെ തന്റെ പോസ്റ്റ് ഞാൻ പറയാതെ അറിയാമല്ലോ. അപ്പൊ കുറച്ചു ഉത്തരവാദിത്വം കൂടിയുണ്ട്.”

ജീവൻ പോകുന്നതിലുള്ള അസ്വസ്ഥത മാധവ് മേനോന്റെ മുഖത്തു വളരെ വ്യക്തമായിരുന്നു. അയാൾക്ക് ജീവൻ പോകുന്നതിനെക്കാൾ കമ്പനിയുടെ നടത്തിപ്പ് തന്നെയായിരുന്നു പ്രശ്നം. ഗൗതം വന്നതെയുള്ളൂ. ഓരോന്നും പഠിച്ചു വരുന്നതേയുള്ളൂ… പെട്ടന്ന് ജീവനെ പോകാൻ അനുവദിക്കുന്നത് ശരിയല്ല… അയാളിലെ കച്ചവടക്കാരൻ ഉണർന്നു.

“ജീവൻ എന്തായാലും നോട്ടീസ് പീരിയഡ് കഴിയും വരെ ഇവിടെത്തന്നെ തുടർന്നെ പറ്റു…. ഏകദേശം ഒരു ആറു മാസം എങ്കിലും വേണം”

“ആറു മാസമോ” അത്രയും കാലയളവ് ജീവന് അതിശയമായിരുന്നു. മാനേജർ പോസ്റ്റിൽ ഉള്ള പലരും ഒരു മാസത്തിൽ അധികം നോട്ടീസ് പീരിയഡ് ഇല്ലാതെ ഇരിക്കുമ്പോൾ തനിക്ക് ആറു മാസം. എങ്കിലും അവൻ ക്ഷമയോടെ സമ്മതിച്ചു.

“ഒക്കെ സർ… ഞാൻ നിൽക്കാം” ജീവനും മറ്റുള്ളവരും ക്യാബിൻ വിട്ടു പോയതിനു ശേഷം മാധവ് മേനോൻ നെറ്റിയിൽ കൈ വെച്ചു ഇരുന്നു. തണുപ്പ് നിറഞ്ഞ മുറിയിലും അയാൾ ആകെ വിയർത്തിരുന്നു. അതിനൊരു കാരണം ജീവന്റെ പിരിഞ്ഞു പോകൽ തന്നെയായിരുന്നു. താൻ വിചാരിച്ചിട്ടു പോലും നടക്കാത്ത പല കാര്യങ്ങളും പല ബിസിനസും ലക്ഷ്മി ഗ്രൂപ്പിന് നേടി തന്നത് ജീവൻ ആണ്. അവനെ പോലെ കഴിവും പരിചയവും ഗൗതം ഇനിയും നേടേണ്ടതുണ്ട്. അതിനുള്ളിൽ ലക്ഷ്മി ഗ്രൂപ്‌സ് ഭാവി എന്താകും… മേനോൻ ശരിക്കും തല പുകയാൻ തുടങ്ങി.

“ജീവൻ… ജീവൻ ഇപ്പൊ ഇവിടം വിട്ടു പോകേണ്ട ആവശ്യമുണ്ടോ… ഞാൻ വന്നത് കൊണ്ടാണോ ജീവൻ”

ഗൗതമിനു പക്ഷെ അവൻ പോകുന്നു എന്നു പെട്ടന്ന് കേട്ട വിഷമം തന്നെയായിരുന്നു.

“തന്നോടു ഒന്നു അടുത്തു വരുന്നെയുണ്ടായിരുന്നുള്ളൂ... മനസിലാക്കി വരുന്നെയുണ്ടായിരുന്നുള്ളൂ... അപ്പോഴേക്കും താൻ അകന്നു പോകുവാണോ” ഗൗതത്തിന്റെ വാക്കുകൾ ഇടറി പോകുന്നുണ്ടായിരുന്നു.

“അടുക്കാനും മനസിലാക്കാനും മുന്നിൽ ഒരുപാട് വർഷങ്ങൾ ഉണ്ടായിരുന്നു…” അത്ര മാത്രം ചിരിയോടെ ഗൗതമിനു മറുപടിയായി പറഞ്ഞു കൊണ്ട് ജീവൻ തന്റെ ക്യാബിനിലേക്ക് പോയി.

ജീവൻ ക്യാബിനിൽ തന്റെ ചെയറിൽ ചാരി കണ്ണുകൾ അടച്ചു ഇരുന്നു. ആദ്യ പടി വിജയത്തിന്റെ പുഞ്ചിരി അവന്റെ ചുണ്ടിൽ വിടർന്നിരുന്നു. ദേവ്നി കയ്യിൽ ഒരു കെട്ടു ഫയലുകളുമായി ജീവന്റെ ക്യാബിനിൽ വരുമ്പോൾ കാണുന്നത് ചിരിയോടെ കണ്ണുകൾ അടച്ചു കൊണ്ട് ചാരി ഇരിക്കുന്ന ജീവനെയാണ്. അത് കാണ്കെ അവൾക്ക് ദേഷ്യം ഉച്ചിയിൽ എത്തി. കയ്യിൽ ഇരുന്ന ഫയലുകൾ അങ്ങനെ തന്നെ അവന്റെ മേലേക്ക് വലിച്ചെറിഞ്ഞു. പെട്ടന്ന് ശരീരത്തിൽ എന്തോ വീണപോലെ തോന്നി ജീവൻ ചാടി എഴുന്നേൽക്കുമ്പോൾ കാണുന്നത് രൗദ്ര ഭാവത്തിൽ നിൽക്കുന്ന ദേവ്നി. ജീവന് പെട്ടന്ന് ചിരി വന്നെങ്കിലും അതു മറച്ചു കൊണ്ട് ദേഷ്യത്തിന്റെ മുഖം മൂടി പെട്ടന്ന് തന്നെ ആവരണമാക്കി അവൾക്കു നേരെ തിരിഞ്ഞു.

“ദേവ്നി… താൻ ഇപ്പൊ എന്താ ഈ ചെയ്തത്. ഇതൊരു ഓഫീസാണെന്നും ഞാൻ തന്റെ സുപ്പീരിയർ ആണെന്നുമുള്ള ബോധം ഒന്നുമില്ലേ നിനക്ക്. ഒരിക്കൽ ഞാൻ വാർണിങ് തന്നതാണ്. വീണ്ടും അതു തന്നെയാണോ ആവർത്തിക്കുന്നത്” ജീവന്റെ ചോദ്യത്തിൽ ദേവ്നിയുടെ ദേഷ്യം എവിടെയോ പോയി ഒളിച്ചു. അവളുടെ മുഖത്തു താൻ ഒരു ജോലിക്കാരിയാണെന്നുള്ള ഭാവം തെളിഞ്ഞു. ജീവൻ തന്റെ ഏട്ടൻ അല്ല തന്റെ സുപ്പീരിയർ ആണെന്നുള്ള ചിന്ത വന്നു.

“സോറി സർ… ഞാൻ പെട്ടന്ന്… പെട്ടന്ന്…. എന്തോ ദേഷ്യത്തിൽ… ഞാൻ… സോറി” വാക്കുകൾ ബന്ധപ്പെട്ടു പെറുക്കിയെടുത്ത് സംസാരിക്കാൻ ശ്രമിച്ചു. ശ്രെമം വെറും പാഴായി പോയി. അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു… ഒന്നും സംസാരിക്കാൻ ആകാതെ… അവൾ നിലത്തു വീണു ചിതറിയ കടലാസുകൾ പെറുക്കിയെടുക്കാൻ കുമ്പിട്ടിരുന്നു. ഒരു ചിരിയോടെ ജീവനും അവൾക്കരികിൽ ഒപ്പം ഇരുന്നു.

“എന്തു പറ്റി… എന്റെ ദേവാ പേടിച്ചു പോയോ… ഞാൻ ചുമ്മാ… നിന്നെ അപ്പൊ എന്തെങ്കിലും പറഞ്ഞു നിർത്തിയില്ലെങ്കി എന്നെ ചിലപ്പോ ജീവനോടെ വിട്ടില്ലെങ്കിലോ എന്ന പേടിയിൽ ഞാൻ ഒന്നു നിന്നെ പേടിപ്പിക്കാൻ നോക്കിയതല്ലേ…”

ദേവ്നി മറുപടി പറയാതെ കണ്ണിൽ ചുവപ്പു പടർത്തി അവനെ തുറിച്ചു നോക്കി.

“ഇങ്ങനെ നോക്കി പേടിപ്പിക്കാതെ എന്റെ ദേവാ… ” പിന്നീട് അവൻ സംസാരിച്ചത് അത്രയും ഗൗരവത്തിലായിരുന്നു.

”നിന്നെ ഇവിടെ കൊണ്ടുവരും മുന്നേ ഞാൻ മനസിൽ കണ്ടതാണ് ഇപ്പോഴത്തെ തീരുമാനം. അതിനുള്ള സൂചനകൾ നിനക്ക് ഞാൻ തന്നിരുന്നല്ലോ… ഓർമയില്ലേ… ഉം… എനിക്ക് പോകണം ദേവാ… ബന്ധങ്ങളുടെ ബന്ധനങ്ങളുടെ കെട്ടു പാടുകൾ മുറിച്ചു കൊണ്ടു… എനിക്ക് ഇനിയെങ്കിലും ഞാനായി ജീവിക്കണം. നീ ഒരു വാക്ക് പറഞ്ഞാൽ ഞാൻ ചിലപ്പോ… ” വിഷമത്തോടെ മുഖം കുമ്പിട്ടു പിടിച്ചിരുന്ന ദേവയുടെ മുഖം കൈകളിൽ ഉയർത്തി അവൻ പറഞ്ഞു നിർത്തി. ദേവ്നി പെട്ടന്ന് ആ കൈകൾ തട്ടി എഴുനേറ്റു നിന്നു.

“ഞാൻ ആർക്കും തടസമായി ഒന്നും പറയില്ല. പോകാൻ ഉള്ളവരൊക്കെ പൊക്കോ… എനിക്കെന്താ”

ജീവൻ ഒന്നു ദീര്ഘശ്വാസം വിട്ടെഴുനേറ്റു.

“എന്റെ ദേവാ… ഞാൻ ഒന്നു പറഞ്ഞോട്ടെ…”

“ഒന്നും പറയണ്ട… ഏട്ടൻ എവിടെ പോയാലും ഞാനും വരും” കുഞ്ഞികുട്ടികൾ ചിണുങ്ങി കരയും പോലെ കരഞ്ഞു കൊണ്ട് ദേവ്നി അവന്റെ ചുമലിൽ ചാഞ്ഞു.

“അപ്പൊ നീ എഴുതി കൊടുത്ത ബോണ്ട്… അതെന്തു ചെയ്യും. അതു ബ്രേക്ക് ചെയ്ത എത്രയാ കമ്പനി ചോദിക്കുന്നത് എന്നു പറയാൻ പറ്റില്ല. മേനോൻ സർ ചിലപ്പോ എന്നോടുള്ള ദേഷ്യത്തിനു നിനക്ക് എതിരെ കേസ് കൊടുത്താലും മതി. നീ ഇവിടെ വേണം ദേവാ… എന്തുകൊണ്ടാണെന്ന് കുറച്ചു കഴിയുമ്പോൾ നിനക്ക് മനസിലാകും. പിന്നെ ഞാൻ ഇന്നോ നാളെയോ ഒന്നുമല്ലലോ പോകുന്നേ ഇനിയും ആറു മാസങ്ങൾ കൂടിയുണ്ട്…. അപ്പോഴല്ലേ നമുക്ക് അപ്പൊ നോക്കാം… തൽക്കാലം മോൾ ഈ ഫയലുകളും പേപ്പറുകളും ഒക്കെ വൃത്തിയായി എടുത്തു വച്ചു എന്റെ ക്യാബിൻ ഭംഗിയാക്കി വച്ചേ… ഏട്ടൻ കാണട്ടെ” ദേവ്നിയുടെ താടിയിൽ കൊഞ്ചിച്ചു കൊണ്ടു അവൻ പറഞ്ഞു.

“വേണമെങ്കി ചെയ്‌തോ എന്നെക്കൊണ്ട് പറ്റില്ല” ദേവ്നി ചുണ്ടും കോട്ടി പുറത്തേക്കു നടക്കാൻ തുടങ്ങി.

“ദേവ്നി… ഇതു വൃത്തിയാക്കിയിട്ടു പോയാൽ മതി” ജീവൻ ശബ്ദം കടുപ്പിച്ചു പറഞ്ഞു. ഒരു ആജ്ഞ പോലെ. ദേവ്നി ചെറിയ പേടിയോടെ അവനടുത്തു ചെന്നു കൊണ്ടു പെട്ടന്ന് അവന്റെ മീശയിൽ പിടിച്ചു വലിച്ചു…”വേണമെങ്കി നിങ്ങടെ പഴയ കാമുകിയെ കൊണ്ട് വൃത്തിയാക്കിക്കോ.. ഇന്ന് മുതൽ അവളല്ലേ അസിസ്റ്റന്റ്… ഞാൻ എന്റെ ഗൗതം സാറിന്റെ അടുത്തേക്ക് പോയിട്ട് വരാമേ” ജീവന് നന്നായി വേദനിച്ചു… അവളെ തല്ലനായി കൈ നീട്ടിയതും അവന്റെ പിടി വിടുവിച്ചു കൊണ്ടു ചിരിച്ചു ഡോർ തുറന്നു അവൾ ഓടിയിരുന്നു…. ഈ പെണ്ണിനെ കൊണ്ടു തോറ്റല്ലോ… ജീവൻ മനസിൽ പറഞ്ഞു കൊണ്ടു ചിരിയോടെ ഫയലുകൾ എല്ലാം എടുക്കാൻ തുടങ്ങി.

ഗൗതമിന്റെ ക്യാബിനിലേക്ക് ഒന്നു രണ്ടു ഫയലും ഒരു നോട്ട് ആയി ദേവ്നി ചെന്നു. ക്യാബിനിൽ കയറും മുന്നേ ശീതൾ വന്നു അവളെ തടഞ്ഞു.

“എവിടേക്കാണ് ഇടിച്ചു കേറി പോകുന്നേ” ദേവ്നി ഒന്നും പറയാതെ രൂക്ഷമായി തന്റെ കൈകളിൽ പിടുത്തമിട്ട ശീതളിനെ നോക്കി.

“തന്റെ ചെവിക്ക് വല്ല കുഴപ്പവുമുണ്ടോ. സർ പറഞ്ഞതു നീ കേട്ടില്ലായിരുന്നോ ഇന്ന് മുതൽ ഞാനാണ് ഗൗതം സാറിന്റെ അസിസ്റ്റന്റ്”

“ഓഹ്..അപ്പൊ നീ കാത്തിരിക്കുകയായിരുന്നു അല്ലെ ഗൗതമിന്റെ അടുത്തു ചെലവാക്കാൻ കിട്ടുന്ന ഓരോ നിമിഷത്തിനു വേണ്ടിയും”

“നിനക്ക് വേറെ പണിയൊന്നുമില്ലേ ശീതൾ. ഇതുപോലുള്ള ലൂസ് ടോക്ക് മറുപടി തരാൻ എനിക്ക് സമയവുമില്ല താൽപ്പര്യവുമില്ല. നിനക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കി മേനോൻ സാറിനെ പോയി ബോധിപ്പിക്കു… ചെല്ലു” അതും പറഞ്ഞു ദേവ്നി തന്റെ കൈകൾക്ക് മേലെ കൈ വച്ചിരുന്ന ശീതളിന്റെ കൈകൾ കുടഞ്ഞെറിഞ്ഞു അകത്തേക്ക് കടന്നു.

ദേവ്നി ഗൗതത്തിനു മുൻപിൽ വന്നു നിന്നു. ഗൗതം ഒരു കുസൃതി ചിരിയോടെ അവളെ നോക്കി. അവളുടെ മുഖം വീർപ്പിച്ചു നിൽക്കുവാണ്.

“അതേ തനിക്ക് താൽപര്യമില്ലാത്ത ഒരു ജോലിയാണ് എന്റെ അസിസ്റ്റന്റ് പണി എന്നറിയാം… തനിക്ക്…”

“സാറിനു താൽപര്യമില്ല എന്നു മേനോൻ അദ്ദേഹത്തെ ഒന്നറിയിച്ചാൽ നന്നായിരുന്നു” ഗൗതം പറഞ്ഞു പൂർത്തിയാക്കും മുന്നേ ദേവ്നി ഇടയിൽ കയറി പറഞ്ഞു.

“അതിനു എനിക്ക് താത്പര്യകുറവ് ഉണ്ടെന്നു കുട്ടിയോട് ആരാ പറഞ്ഞേ. എനിക്ക് ഭയങ്കര താൽപര്യമാണ് കുട്ടി എന്റെ അസിസ്റ്റന്റ് ആകുന്നത്” ഗൗതമിന്റെ പരിഹാസം കേൾക്കുംതോറും അവൾ കണ്ണുകൾ കൂർപ്പിച്ചു അവനെ നോക്കാൻ തുടങ്ങി.

“താൻ എന്നെ ഇങ്ങനെ നോക്കി പേടിപ്പിക്കാതെ കുട്ടി. എന്റെ കൂടെ ജോലി ചെയ്യുമ്പോൾ ഇങ്ങനെ മുഖം വീർപ്പിച്ചു നിൽക്കാൻ ഒന്നും പറ്റില്ല. എപ്പോഴും മുഖത്തു ഒരു പുഞ്ചിരി ഉണ്ടാകണം… സോ ഒന്നു ചിരിച്ചേ…. ഒന്നു ചിരിക്കെടോ” ദേവ്നി രണ്ടു ചുണ്ടുകളും കോട്ടി ചിരിച്ചപോലെ കാണിച്ചു.

“ഓഹ്… ഇതിലും ഭേദം തന്റെ വീർപ്പിച്ച മുഖം തന്നെയാണ്… ആ നുണകുഴി ഒന്നു കാണാമെന്നു വച്ച അതിനും സമ്മതിക്കില്ല” ഗൗതം അവൾ കേൾക്കാത്ത രീതിയിൽ ഇരുന്നു പിറു പിറുത്തു.

അത്യാവശ്യം വേണ്ട ഫയലുകൾ നോക്കാൻ ഉള്ളത് ദേവ്നി കൊടുത്തു. ആ ദിവസത്തെ അവന്റെ ജോലികൾ അപോയന്റ്മെന്റ്‌സ്, ക്ലയന്റ് വിസിറ്റ് അതൊക്കെ നോട്ട് ചെയ്തു ദേവ്നി ജോലിയിലേക്ക് കടന്നു.

ഹാളിൽ ഭംഗിയിൽ വച്ചിരുന്ന അക്വറിയം വീണുടയുന്ന ശബ്ദം കേട്ടു കൊണ്ടാണ് കൃഷ്ണൻ മേനോനും രാധികയും റൂമിൽ നിന്നും ഓടിവന്നത്. നോക്കുമ്പോൾ ചില്ലുകൾക്കിടയിലും വെള്ളാരം കല്ലുകൾക്കിടയിലും കിടന്നു പലതരം അലങ്കാര മത്സ്യങ്ങൾ ശ്വാസത്തിനു വേണ്ടി പിടയുന്ന കാഴ്ചയാണ് കണ്ടത്. അടുത്തു തന്നെ കലി പൂണ്ട് ശീതൾ അടുത്തതെന്തു എന്നു കണ്ണുകൾകൊണ്ടു ചുറ്റും പരതുന്നു.

“നിനക്കു എന്താ ശീതൾ ഭ്രാന്ത് പിടിച്ചോ” അവളുടെ കണ്ണുകളിൽ ദേഷ്യത്തിനൊപ്പം കണ്ണുനീരും വീണിരുന്നു.

“എന്താ നിനക്ക്… എന്തിനാ നീ ഇതു നശിപ്പിച്ചത്”

“നശിപ്പിക്കും ഞാൻ അവളെയും… ഇതുപോലെ… എന്റെ മുന്നിൽ ശ്വാസത്തിനു പിടയും അവൾ”

“നീ എന്തൊക്കെയാ ഈ പറയുന്നേ…” കൃഷ്ണൻ മയപ്പെടുത്താൻ ശ്രമിച്ചു കൊണ്ട് അവൾക്കരികിലേക്ക് ചെന്നു. അയാൾ മോളുടെ അടുത്തു ചെന്നു തോളിൽ പിടിച്ചു തന്നോടു ചേർത്തപ്പോൾ ഒരു കുഞ്ഞി കുട്ടി കരയുംപോലെ അവൾ ചിണുങ്ങാൻ തുടങ്ങി.

“ആ ദേവ്നി… അവൾ… അവൾ എന്റെ ഗൗതത്തെ… എനിക്കറിയാം… അവൾക്ക് അവനെ വേണം” മോളുടെ സങ്കടം എന്താണെന്ന് കൃത്യമായി കൃഷ്ണന് മനസിലായി.

“അവൾക്ക് വേണം എന്നു വച്ച അങ്ങനെ നേടിയെടുക്കാൻ അവൻ എന്താ അവളെ പോലെ ഒന്നുമില്ലാത്ത ആരുമില്ലാത്ത അനാഥൻ ഒന്നുമല്ല. നീ എന്തിനാ വിഷമിക്കുന്നെ… അവൻ നിനക്ക് തന്നെയാണ്…. അതിനു ഇപ്പൊ എന്താ സംഭവിച്ചത്” രാധികയും മകളെ സമാധാനിപ്പിക്കാൻ തുടങ്ങി.

“അങ്കിൾ ഇപ്പൊ ജീവന്റെ അസിസ്റ്റന്റ് ആയി എന്നെയും ഗൗതമിന്റെ അസിസ്റ്റന്റ് ആയി ആ ആരുമില്ലാത്തവളെയും പോസ്റ്റ് ചെയ്തു. ഇന്ന്” അതു കേട്ടതും കൃഷ്ണന്റെ മുഖം ഒന്നു തെളിഞ്ഞു.

“അതിനു ഇപ്പൊ എന്താ മോളെ… ഗൗതം അങ്ങനെ കണ്ട അവളുമാർ വിചാരിച്ചാലൊന്നും വീഴില്ല. അങ്ങനെയുള്ള ഒരു ചെറുക്കനല്ല. പിന്നെ മോളെന്തിനാ വിഷമിക്കുന്നെ… ഇത്രയും വർഷം സിനിമയിൽ നിന്നിട്ട് അവൻ ഒരു പെണ്ണിനെ മാന്യത വിട്ട് നോക്കിയിട്ടില്ല… പിന്നെയാ ഈ പീറ പെണ്ണ് വിചാരിച്ചാൽ” രാധികയുടെ വാക്കുകൾ കേൾക്കെ ശീതളിനു കുറച്ചു ആശ്വാസം ആയെങ്കിലും കൃഷ്ണന്റെ കണ്ണുകൾ കുഴിഞ്ഞു. അയാൾ മോളെ ഒന്നു കൂടി ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു…

“മോളെ… ഗൗതമിനു മോളോട് അങ്ങനെയൊരു താല്പര്യം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല… അവൻ നിന്നെയും ഗായത്രിയെയും ഒരുപോലെയാണ് കാണുന്നത്” കൃഷ്ണൻ കുറച്ചു കൂടി മയത്തിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ തുടങ്ങി. പക്ഷെ അയാൾ പൂർത്തിയാക്കും മുന്നേ ശീതൾ പറഞ്ഞു തുടങ്ങി.

“ഗൗതമിനു താല്പര്യം കാണില്ല എന്നു ഞാൻ മുന്നേ പറഞ്ഞതല്ലേ അച്ഛനോട്. അപ്പോൾ എന്താ പറഞ്ഞതു ഒരു പെണ്ണായ ഞാൻ വിചാരിച്ചാൽ അവന്റെ മനസിൽ കയറാൻ പറ്റുമെന്ന് അല്ലെ… പിന്നെ എന്താ ഇപ്പൊ ഇങ്ങനെ പറയുന്നത്”… മകളുടെയ ചോദ്യത്തിന് മുന്നിൽ അയാൾക്ക് ഉത്തരമില്ലായിരുന്നു. ഒരുതരത്തിൽ അയാൾ തന്നെയാണ് ഗൗതമിനെ മകളുടെ മനസിലേക്ക് കുത്തി കയറ്റിയത്. അവളുടെ ഇഷ്ടം അതായിരുന്നില്ല എന്നറിഞ്ഞിട്ടും.

“മോളെ ഞാൻ പറഞ്ഞു വന്നത്… ഗൗതം ഇപ്പൊ സിനിമയിൽ ഒന്നുമില്ലലോ… അവന്റെ പേരിന്റെ ആ …” ശീതൾ തന്റെ കൈകൾ കൃഷ്ണന്റെ നേരെ നീട്ടി വിലക്കി.

“അച്ഛൻ ഒന്നും പറയണ്ട. എനിക്ക് ഗൗതമിനെ വേണം. ഞാനായി മനസിൽ ഇഷ്ടം വളർത്തിയതല്ല. എന്റെ മനസിൽ അങ്ങനെയൊരു ഇഷ്ടം നിങ്ങൾ കുത്തി കയറിയതാണ്. മധുരമായ കുറെ വാക്കുകൾ പറഞ്ഞു കൊണ്ടു… ഇനിയിപ്പോ മനസിൽ നിന്നും ഗൗതമിനെ പറഞ്ഞു വിടാൻ അച്ഛനെന്നല്ല ആരു വിചാരിച്ചാലും നടക്കില്ല… ഗൗതമിനു എത്ര സ്റ്റാറ്റ്‌സ് കുറഞ്ഞാലും എനിക്ക് അവൻ മതി… അവനെ മാത്രം” ഒരു തരം മാനസിക വിഭ്രാന്തിയോടെ അവൾ പറഞ്ഞു കൊണ്ട് മുറിയിലേക്ക് പോയി.

“നിന്റെ മനസിൽ അവനെ പ്രതിഷ്ഠിക്കാമെങ്കിൽ ആ ബിമ്പം ഉടച്ചു അവിടെ പുതിയതൊന്നു വാർത്തു വയ്ക്കാൻ എനിക്കറിയാം… ആ പുതിയ പ്രതിഷ്ഠ ജീവന്റേതാകും… അതു ഞാൻ തീരുമാനിച്ചു കഴിഞ്ഞു… അതിനു വേണ്ടി ഈ കൃഷ്ണൻ മേനോൻ ഏതറ്റം വരെയും പോകും… എന്തു വേണമെങ്കിലും ചെയ്യും” അയാളുടെയുള്ളിൽ കൗശലക്കാരൻ ആയ കൃഷ്ണൻ മേനോൻ ഉണർന്നു കഴിഞ്ഞിരുന്നു പുതിയ കണക്കു കൂട്ടലുകളുമായി… ശീതൾ ഉടച്ചു കളഞ്ഞ അക്വാറിയത്തിലെ അവസാന മത്സ്യവും അവസാന ശ്വാസത്തിനു വേണ്ടി പിടഞ്ഞു കൊണ്ടിരുന്നു.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നിലാവിനായ് : ഭാഗം 1

നിലാവിനായ് : ഭാഗം 2

നിലാവിനായ് : ഭാഗം 3

നിലാവിനായ് : ഭാഗം 4

നിലാവിനായ് : ഭാഗം 5

നിലാവിനായ് : ഭാഗം 6

നിലാവിനായ് : ഭാഗം 7

നിലാവിനായ് : ഭാഗം 8

നിലാവിനായ് : ഭാഗം 9

നിലാവിനായ് : ഭാഗം 10

നിലാവിനായ് : ഭാഗം 11