നിലാവിനായ് : ഭാഗം 17 NEW
നോവൽ
****
എഴുത്തുകാരി: സേഷ്മ ധനേഷ്
“ചരിത്രം ആവർത്തിക്കുകയാണ് അല്ലെ മാധവൻ സാറേ…”
ദേവ്നി മാധവന് അടുത്തു നിന്നു പറയുമ്പോൾ അയാൾക്ക് മുഖമുയർത്തി നോക്കാതിരിക്കാൻ ആയില്ല. അയാളുടെ അപ്പോഴത്തെ ഭാവമെന്താണെന് ആർക്കും മനസിലായില്ല. ദേവ്നി സുഭദ്രയുടെ അടുത്തു ചെന്നു നിന്നു.
“നേരത്തെ പറഞ്ഞ സമ്പത്തും കുടുംബ മഹിമയും കൊണ്ടു തന്നെയാണോ നിങ്ങൾ മാധവ് മേനോൻ സാറിന്റെ ജീവിതത്തിൽ വന്നത്. ആണോ… അമ്മയുടെ മരണത്തോടെ മനസു കൈവിട്ടു കൊണ്ടിരുന്ന ഒരു കുട്ടിയെ നോക്കാൻ എന്നപോലെയല്ലേ നിങ്ങൾ അവിടെ ജീവിച്ചത്. അയാളുടെ ഭാര്യ പദവി എപ്പോഴാ നിങ്ങൾക്ക് കിട്ടിയത്… നിങ്ങളുടെ ഈ സൽപുത്രി ജനിച്ചിട്ടും നിങ്ങളെ ഒരു ഭാര്യയായി കണ്ടിരുന്നോ മേനോൻ സാർ… എത്ര വര്ഷമായിട്ടുണ്ടാകും എല്ലാ അർത്ഥത്തിലും നിങ്ങൾ അവരുടെ ഭാര്യയായിട്ടു” ദേവ്നിയുടെ ചോദ്യത്തിന് മുന്നിൽ സുഭദ്ര ഞെട്ടി തരിച്ചു അവളെ നോക്കി. ആ നിമിഷം സുഭദ്രക്ക് ഒരു കാര്യം മനസ്സിലായിരുന്നു. വെറുമൊരു അന്തേവാസിയല്ല ഇവൾ. ദേവ്നിക്കും മാധവ് മേനോനും ഇടയിൽ എന്തോ ഒരു ബന്ധമുണ്ട്. സുഭദ്രയുടെ മനസിലെ ചോദ്യങ്ങൾ എല്ലാം തന്നെ അവരുടെ മുഖത്തു പ്രകടമായി തന്നെ കണ്ടു. മറ്റുള്ളവരുടെ അവസ്ഥയും അതു തന്നെ.
“എനിക്കറിയാം നിങ്ങൾക്ക് ഒന്നും മനസിലായി കാണില്ല. പക്ഷെ ഒരുപാട് ചോദ്യങ്ങൾ മനസിലുണ്ടെന്നു. ഞങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ല. പക്ഷെ… ” അത്രയും പറഞ്ഞു അവൾ മേനോനെ നോക്കി. അവളുടെ ശബ്ദം ഇടറി തുടങ്ങിയിരുന്നു. കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു… ഓർമയിൽ…
“നിങ്ങൾക്ക് എല്ലാം ദേവ്നി എന്നാൽ ആരോരുമില്ലാത്ത ഒരു അനാഥ എന്നു മാത്രമേ അറിയൂ. ഇന്ന് ദേവ്നിയുടെ അഡ്രസ് അതാണ്. പക്ഷെ ഞാൻ അനാഥ ആയല്ല ജനിച്ചത്. പതിനഞ്ചു വയസു വരെ ഞാൻ അനാഥ അല്ലായിരുന്നു. അച്ഛന്റെയും അമ്മയുടെയും സ്നേഹ വാത്സല്യങ്ങൾ ആവോളം അനുഭവിച്ച ഒരു പെണ്കുട്ടിയായിരുന്നു ഞാനും” ആ സുഖ സുന്ദരമായ ഓർമകളിൽ അവളുടെ ചുണ്ടുകളിൽ നോവർന്ന ഒരു പുഞ്ചിരി വിടർന്നു. രണ്ടു ഭാഗത്തും മുടി പിന്നൽ ഇട്ടു ചുവന്ന പട്ടുപാവടയും ഉടുത്തു കിലുക്കാം പെട്ടിയായി നടന്ന ഒരു പതിനഞ്ചു വയസുകാരി അവളുടെ മുന്നിൽ തെളിഞ്ഞു നിന്നു. അച്ഛന്റെ ദേവാ… എന്ന വിളി അവളെ വീണ്ടും പുണരും പോലെ അവൾ കണ്ണുകൾ ഇറുക്കെയടച്ചു.
“ഈ നിൽക്കുന്ന മാധവ് മേനോൻ ഗൗതമിന്റെ അമ്മയെ കല്യാണം കഴിക്കും മുന്നേ അയാൾക്ക് ഒരു പ്രണയമുണ്ടായിരുന്നു. ഒരു പാവം പിടിച്ച പാർവതിയെന്ന പെണ്ണിനോട്… എന്റെ അമ്മയോട്” എല്ലാവരുടെ കണ്ണുകളും മേനോനിലേക്ക് നീളുമ്പോൾ അയാളും ഓർമയിൽ വേദനയോടെ ഒരു താങ്ങിനെന്ന പോലെ അടുത്തു കിടന്ന കസേരയിൽ മുറുകെ പിടിച്ചു നിന്നു.
“അന്നും മേനോൻ സാറിന്റെ കുടുംബം സമ്പത്തിൽ കാര്യമായി ഒന്നുമില്ലെങ്കിലും പണത്തിനും പ്രൗഡിക്കും കുടുംബ പേരിലും മുന്നിൽ തന്നെയായിരുന്നു. ഒന്നുമില്ലെങ്കിലും തമ്പുരാന്മാർ ആയാണ് ജീവിച്ചത്. എന്റെ അമ്മയാകട്ടെ പാവം ഒരു താഴ്ന്ന ജാതിയും. പക്ഷെ ആത്മാർത്ഥ സ്നേഹവും പ്രണയവും തന്നെ മേനോൻ സാർ നൽകിയിരുന്നു… അല്ലെ മേനോൻ സാറേ” ദേവ്നിയുടെ പുച്ഛത്തോടെയുള്ള ചോദ്യത്തിൽ അയാൾ കണ്ണുകൾ ഇറുകെയടച്ചു നിന്നു.
“എന്റെയമ്മ കഷ്ടപ്പെട്ടു തുന്നൽ ചെയ്തതും കൃഷി പണി ചെയ്തു ഉണ്ടാക്കിയതും അധികമൊന്നും ഇല്ലെങ്കിലും അന്നും ആ പൈസക്ക് വിലമതിക്കാനാകാത്ത മൂല്യമുണ്ടായിരുന്നു… മേനോൻ സർന്റെ വീട്ടിലെ പട്ടിണി മാറ്റാനും ജോലി അന്വേഷിക്കാനുമൊക്കെ താഴ്ന്ന ജാതിയിൽ ഉണ്ടായിരുന്ന എന്റെ അമ്മയുടെ വിയർപ്പിൽ പൊതിഞ്ഞുണ്ടാക്കിയ ആ പൈസ വേണമായിരുന്നു. ഒടുവിൽ കുടുംബം ഒന്നാകെ രക്ഷപെടുമെന്നു പറഞ്ഞു വലിയ കുടുംബത്തിലെ ഒരു ബന്ധം വന്നപ്പോൾ എന്റെ അമ്മയെ തഴഞ്ഞു. അന്ന് നിങ്ങൾ ആണത്തത്തോടെ എന്റെ അമ്മയെ ചേർത്തു പിടിച്ചിരുനെങ്കി… അതുവരെ കാണിച്ച പ്രണയവും സ്നേഹവുമെല്ലാം വലിയൊരു ബന്ധം വരും വരെ ഉണ്ടായിരുന്നുള്ളു. അമ്മയോട് ഒരു വാക്ക് പോലും പറയാതെ നിങ്ങൾ ഗൗതമിന്റെ അമ്മയെ കല്യാണം ചെയ്തു. അവരുടെ കുടുംബ ബിസിനസ് ഏറ്റെടുത്തു… നല്ലൊരു ജീവിതം പടുത്തുയർത്തി തുടങ്ങി.
പക്ഷെ എന്റെ അമ്മയെ ചതിച്ച തെറ്റിന്റെ ഫലമോ ലക്ഷ്മിയമ്മുടെ ആയുസ്സിന്റെ കുറവോ….. ഗൗതമിന്റെ അമ്മ മരിച്ചപ്പോൾ… മകന്റെ മാനസികാവസ്ഥ കൂടിയാലോചിച്ചു… പിന്നെ ചെയ്തുപോയ തെറ്റ് മനസിൽ കിടന്നത് കൊണ്ടോ… നിങ്ങളുടെ സ്വാർത്ഥത കൊണ്ടും നിങ്ങൾ വീണ്ടും എന്റെ അമ്മയെ അന്വേഷിച്ചു വന്നു. തിരികെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ. മാപ്പ് പറഞ്ഞു പുതിയ ഒരു ജീവിതം തുടങ്ങാൻ. വൈകി പോയിരുന്നു അപ്പോഴേക്കും… എന്റെ അച്ഛൻ അമ്മയെ കല്യാണം കഴിച്ചു ആ നാട്ടിൽ നിന്നും തന്നെ ഞങ്ങൾ പോയിരുന്നു. അതിനു ശേഷമായിരിക്കണം സുഭദ്ര മാടത്തിനെ കല്യാണം കഴിച്ചത്” ദേവ്നി ഒന്നു നിർത്തി. തന്റെ കണ്ണുകൾ ഇറുകെ അടച്ചു തുറന്നു കണ്ണുനീർ തുടച്ചു.
ഞാൻ ജനിച്ചു വളർന്നത് എല്ലാ സുഖ സൗകര്യങ്ങളോടെ അല്ലെങ്കിലും ഞങ്ങളുടെ ഒരു സന്തുഷ്ട കുടുംബമായിരുന്നു. അച്ഛനും അമ്മയും ഞാനും. എത്ര സന്തോഷകരമായാണ് ഞങ്ങളുടെ ജീവിതം മുന്നോട്ട് പോയിരുന്നത്. അമ്മയെ പ്രണയം നടിച്ചു പറ്റിച്ചു കളഞ്ഞ മാധവ് മേനോന്റെ കഥ ഇടക്ക് അച്ഛൻ അമ്മയോട് കളിയാക്കി പറയാറുണ്ട്. അത്രയേറെ സൗഹാർദ്ധമായിരുന്നു എന്റെ അച്ഛനും അമ്മയും. അമ്മയ്ക്ക് അറിയാവുന്ന തുന്നലിൽ നിന്നു കിട്ടുന്ന വരുമാനത്തിലും അച്ഛൻ വണ്ടിയോടിച്ചു കൊണ്ടുവരുന്ന പൈസയിലും ഞങ്ങൾ സന്തോഷകരമായി തന്നെ ജീവിച്ചു. ഒരു ദിവസം സ്കൂൾ വിട്ടു വന്ന ഞാൻ കാണുന്നത് മുറ്റത്തു ഒരു പന്തലും ആൾകൂട്ടവും വെള്ളതുണികെട്ടിൽ പൊതിഞ്ഞു പിടിച്ചു കരയുന്ന അമ്മയെയുമായിരുന്നു. രാവിലെ അച്ഛനും ഞാനും ഒരുമിച്ചാണ് ഇറങ്ങിയത്… എന്റെ കവിളിൽ ഉമ്മ തന്നു അച്ഛൻ വരുമ്പോൾ എന്തൊക്കെയോ വാങ്ങി കൊണ്ടുവരാമെന്നു പറഞ്ഞിട്ടു എന്നെ സ്കൂളിന് മുന്നിൽ ഇറക്കിയിട്ട അച്ഛൻ പോയത്… ഞാൻ സ്കൂൾ ഗേറ്റ് കടന്നു അകത്തേക്ക് പോകും വരെ ചിരിച്ചു കൊണ്ടു എനിക്ക് നേരെ കൈവീശി ഇരിക്കുന്നുണ്ടായിരുന്നു അച്ഛൻ… എന്താ സംഭവിച്ചതെന്ന് എനിക്ക് സത്യത്തിൽ പെട്ടന്ന് മനസിലായില്ല. അച്ഛന്റെ ദേവാ എന്ന വിളി മാത്രം മനസിൽ അലയടിച്ചു കൊണ്ടിരുന്നു. പിന്നെയെല്ലാം യാന്ത്രികമായിരുന്നു… ആക്സിഡന്റ് ആയിരുന്നു എന്നൊക്കെ ആരൊക്കെയോ പറഞ്ഞു കേട്ടു. എതിരെ വന്ന വണ്ടി കാരണമാണ് നടന്നത് എന്നൊക്കെ പറയുന്നുണ്ടായിരുന്നു. കർമ്മങ്ങൾ ചെയ്യാൻ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു. സ്വന്തവും ബന്ധങ്ങളും എന്നു പറയാൻ ആരും തന്നെ ഇല്ലായിരുന്നു. ആ നാട്ടിലെ കുറച്ചു നല്ലവരായ ആളുകൾ കൂടെ നിന്നിരുന്നു. അച്ഛൻ കൂടെയില്ല ഇനി അങ്ങോട്ട് എന്നു മനസിനെ പറഞ്ഞു പഠിപ്പിക്കാൻ കുറെ പാട് പെട്ട ദിവസങ്ങൾ. അച്ഛൻ ഇല്ലായ്മയിൽ… ആ സുരക്ഷിതത്വം… ആ സ്നേഹം… എല്ലാം നഷ്ടപ്പെട്ട അവസ്ഥ… അമ്മയും ഞാനും രണ്ടു ജീവനുകൾ പരസ്പരം ഒന്നും മിണ്ടാതെ… കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണുനീർ ഇരുവർക്കും ജീവൻ ഉണ്ടെന്നു പറയാതെ പറഞ്ഞു.
കേസ് ആയിട്ട് മുന്നോട്ട് പോകാതെ ഇരിക്കാനും അച്ഛൻ മരിച്ചതിനു കോമ്പൻസഷൻ തരാനുമായി വക്കീലുമായി മേനോൻ സർ വീട്ടിലേക്ക് വന്നപ്പോഴാണ് പാർവതിയെ വീണ്ടും കാണുന്നത്. കണ്ടമാത്രയിൽ താൻ കാരണം അവളുടെ ജീവിതവും ഇങ്ങനെയാക്കിയല്ലോ എന്നൊരു കുറ്റബോധം ആ മുഖത്തു ഞാൻ കണ്ടിരുന്നു. കേസിനൊക്കെ പോകാൻ അമ്മയെ കൊണ്ടു ആകില്ലയിരുന്നു. പിന്നെയുള്ളത് ഞാനും… അന്നത്തെ പ്രായത്തിൽ എന്റെ അറിവും പരിമിതം… എന്റെ അച്ഛന്റെ ജീവന്റെ വിലയായി ഒരു രൂപ പോലും വാങ്ങാൻ എനിക്കും അമ്മക്കും കഴിയുമായിരുന്നില്ല. പിന്നെയും ഞങ്ങൾ പൊരുതി ജീവിച്ചു. കുറ്റബോധത്തിന്റെ പേരും പറഞ്ഞു ഇടക്കിടക്ക് മേനോൻ സർ വരാൻ തുടങ്ങി. പക്ഷെ ഉദ്ദേശം നല്ലതാണെങ്കിലും ഇടക്കിടക്കുള്ള വരവ് അമ്മ തന്നെ നിർത്തിച്ചു. കാരണം വളർന്നു വരുന്ന ഒരു പെണ്കുട്ടിയും അധികം പ്രായമില്ലാത്ത അമ്മയും നാട്ടുകാർക്ക് പറയാൻ ഒരു കഥയുണ്ടാക്കാൻ അമ്മ സമ്മതിച്ചില്ല. അതിനേക്കാൾ മാധവ് മേനോൻ എന്ന വ്യക്തിയിൽ നിന്നും ഒരു സഹായവും അമ്മ സ്വീകരിക്കാൻ തയ്യാറായില്ല. അമ്മയുടെ അഭിമാനം അതിനു സമ്മതിച്ചില്ല. മേനോൻ സർ വച്ചു നീട്ടിയ ഒരു സഹായവും ഞങ്ങൾ സ്വീകരിച്ചില്ല. അതിനു കഴിയുമായിരുന്നില്ല. പക്ഷെ വളരെ വൈകിയാണ് അറിഞ്ഞത് കാൻസർ അമ്മയെ കാർന്നു തിന്നാൻ തുടങ്ങിയെന്ന്. അച്ഛൻ മരിച്ചു ആ വേദന മാറും മുന്നേ അമ്മയും എന്നെ വിട്ടു പോയി. ഇന്നും ഞാൻ അനാഥമായി ഇരിക്കാൻ അറിഞ്ഞുകൊണ്ടോ അറിയാതെയോ ഈ നിൽക്കുന്ന മനുഷ്യൻ തന്നെയാണ് കാരണമെന്ന് ഞാൻ വിശ്വസിക്കുന്നു. പിന്നീട് ഒറ്റപ്പെട്ടു അനാഥയായ എന്നെ ചില സംഘടനകൾ ഏറ്റെടുത്തു… പഠനം കുറെയൊക്കെ അങ്ങനെ നടന്നു… പിന്നെ മേനോൻ സർ തന്നെ എന്നെ ഇവിടേക്ക് കൂട്ടി കൊണ്ടു വന്നു.”
കുറച്ചു നിമിഷങ്ങൾ മൗനമായി തന്നെ കടന്നുപോയി അവർക്കിടയിൽ. ആർക്കുമാർക്കും പരസ്പരം ഒന്നും പറയാൻ കഴിയാത്ത അവസ്ഥ. സുഭദ്രയുടെ മനസിൽ അവരുടെ കഴിഞ്ഞു പോയ ജീവിതം തെളിഞ്ഞു വന്നു. ഗൗതമിന്റെ അമ്മയായി മാത്രമേ തന്നെ കണ്ടിരുന്നുള്ളൂ. തനിക്ക് നേരെ ഒരുതരം അവഗണനയുണ്ടായിരുന്നു. കുറെ വർഷങ്ങൾക്ക് ശേഷമാണ് എല്ലാ അർത്ഥത്തിലും ഒരു ഭാര്യയായി എന്നെ പരിഗണിച്ചത്. ഒരുപക്ഷേ പാർവതി എന്ന സ്ത്രീ രൂപം അയാളുടെ മനസിൽ മികവോടെ തെളിഞ്ഞു നിന്നത് കൊണ്ടാകാം അതു.
“നീ ഇപ്പോഴും എന്റെ അച്ഛന്റെ കാരുണ്യത്തിൽ അല്ലെടി ജീവിക്കുന്നെ… അപ്പൊ എന്റെ ഏട്ടനോട് പ്രതികാരം ചെയ്യാൻ വേണ്ടിയാണോ നീ ഏട്ടനെ വശീകരിച്ചത്” ഗായത്രി അപ്പോഴും അടങ്ങിയിട്ടുണ്ടായിരുന്നില്ല.
“ഞാൻ നിന്റെ അച്ഛന്റെ എന്തു കാരുണ്യമാണ് സ്വീകരിച്ചത്. ജോലിയാണോ നീ ഉദ്ദേശിച്ചത്. ആ ജോലിക്ക് വേണ്ട എഡ്യൂക്കേഷൻ എനിക്കുണ്ടായിരുന്നു. ആ ജോലിക്ക് വേണ്ട എലിജിബിലിറ്റി എനിക്ക് ഉണ്ടോയെന്ന് ഇന്റർവ്യൂ വേണ്ടവിധം ചെയ്തു കൊണ്ടാണ് എന്നെ അവിടെ പോസ്റ്റ് ചെയ്തത്. അതല്ലെങ്കി വേറെ കമ്പനി എനിക്ക് ജോബ് കിട്ടുകയും ചെയ്യും. ഇതുവരെ ഞാൻ പഠിച്ചത് പല സംഘടനകളുടെ കാരുണ്യവും പഠനം കൊണ്ട് തന്നെ ഞാൻ നേടിയെടുത്ത സ്കോളർഷിപ് കൊണ്ടുമാണ്. ഇവിടെ ഞാൻ താമസിക്കുന്നതിനു ഓരോ മാസവും കൃത്യമായി ഞാൻ വാടകയും കൊടുക്കുന്നുണ്ട്. ഇല്ലെങ്കി നീ നിന്റെ അച്ഛനോട് ചോദിക്ക്. മാധവ് മേനോന്റെ കാരുണ്യത്തിൽ നിന്നും ഒരു രൂപ പോലും ഞാൻ പറ്റിയിട്ടില്ല. എത്രയൊക്കെ സമ്പാദ്യം ഉണ്ടാക്കിയാലും അയാൾക്ക് വീട്ടാൻ പറ്റാത്ത കടങ്ങൾ ഉണ്ടെന്നു എന്റെ അമ്മതന്നെ അയാളെ പഠിപ്പിച്ചു കഴിഞ്ഞു.
പിന്നെ വശീകരിക്കാൻ നിന്റെ ചേട്ടൻ അത്രവലിയ സൗന്ദര്യ ശില്പമാണോ. പ്രതികാരം ചെയ്യാൻ ഇതു സിനിമയും സീരിയലും കഥയുമൊന്നുമല്ല. ജീവിതമാണ്. ഞാൻ എന്തു പ്രതികാരം ചെയ്യാനാണ്. എന്റെ അമ്മയോട് ചെയ്തതിനു ഇന്നും ഒരു വേദനയായി അയാളുടെ മനസിലുണ്ട്. അതെനിക്ക് നന്നായി അറിയാം. എന്റെ മുഖം കാണുമ്പോൾ അതു കൂടുതലായി തന്നെ ഉണ്ടാകും” ദേവ്നി മേനോന്റെ അരികിൽ ചെന്നു നിന്നു.
“ഒരിക്കലും ഗൗതമിന്റെ ജീവിതത്തിൽ പങ്കാളിയാകണമെന്നു ഞാൻ ഉദേശിച്ചിട്ടില്ലായിരുന്നു. ഞങ്ങൾ പരസ്പരം സ്നേഹമോ പ്രണയമോ പങ്കു വച്ചിട്ടില്ല ഇതുവരെ. ഇഷ്ടമാണെന്ന് ഒരാൾ മറ്റൊരാളോട് പറഞ്ഞിട്ടുമില്ല. എന്റെ ഭാഗത്തു നിന്നു ഗൗതമിനെ മോഹിപ്പിക്കുന്ന തരത്തിൽ ഒരു പ്രവർത്തിയും ഉണ്ടായിട്ടില്ല. എന്നിട്ടും… എന്നിട്ടും ഗൗതം എന്നെ ഇഷ്ടമാണെന്ന് പറഞ്ഞതു… എന്റെ മനസിൽ ഞാൻ ഒളിപ്പിച്ചു വച്ച അവനോടുള്ള പ്രണയം ഒരു മിന്നായം പോലെ എപ്പോഴൊക്കെയോ അവൻ എന്റെ കണ്ണിൽ കണ്ടത് കൊണ്ടാണ്. എന്റെ കണ്ണിലെ നിമിഷങ്ങളിൽ മാത്രം കണ്ട അവനോടുള്ള പ്രണയത്തിൽ അവൻ അത്രയേറെ വിശ്വസിക്കുന്നത് കൊണ്ടാണ്”… ഒരു ദീർഘനിശ്വാസം എടുത്തു ദേവ്നി വീണ്ടും തുടർന്നു.
“അത്രമേൽ എന്റെ പ്രണയത്തെ വിശ്വസിച്ച ഒരാളെ ഞാൻ ഒരിക്കലും വിഷമിപ്പിക്കില്ല. ഗൗതം എന്നെ കല്യാണം കഴിക്കാൻ തീരുമാനിച്ചെങ്കിൽ തീർച്ചയായും ഞാൻ കൂടെ നിൽക്കും. നിങ്ങളിൽ ആരുടെയും ഭീഷണിയിലോ കണ്ണീരിലോ ഞാൻ പിന്മാറില്ല. എങ്കിലും മാധവൻ സാറേ… ഇങ്ങനെയൊരു കാര്യം അറിയുമ്പോൾ നിങ്ങളും എതിര് നിൽക്കുമെന്ന് ഞാൻ കരുതിയില്ല. ഇപ്പോഴും നിങ്ങൾ നിങ്ങളുടെ ജാതിയും കുടുംബമഹിമയും സമ്പത്തും ഒക്കെ നോക്കി നടക്കുന്ന വ്യക്തിയാണെന്നു കരുതിയില്ല. പക്ഷെ ഞാൻ അറിയുന്ന ഗൗതം അവന്റെ അച്ഛനെയും അമ്മയെയും ഒരുപാട് സ്നേഹിക്കുന്ന വ്യക്തിയാണ്. അച്ഛന്റെയും അമ്മയുടെയും പൂർണ്ണ സമ്മതം ഉണ്ടെങ്കിൽ മാത്രമേ അവൻ കല്യാണം കഴിക്കു. അല്ലാതെ കണ്ടു വീട്ടുകാരെ എതിർത്തു അവൻ എന്നെ നേടില്ല. ആ ഒരു കാര്യത്തിൽ നിങ്ങൾക്ക് സമാധാനിക്കാം”
“എന്തൊക്കെ വന്നാലും നിന്നെയും ഗൗതമിനേയും ഞാൻ ഒന്നിപ്പിക്കില്ല. അതു നീ മനക്കോട്ട കാണണ്ട. എന്റെ ഏട്ടന് ഇത്രയും ദാരിദ്ര്യം പിടിച്ച ഒരുവൾ വേണ്ട” ഗായത്രിയുടെ രോക്ഷം അപ്പോഴും നിന്നിരുന്നില്ല. ദേവ്നി അതിനുള്ള മറുപടി ഒന്നും തന്നെ പറഞ്ഞില്ല. അവളുടെ ഒരു മറുപടിക്ക് പോലും ഗായത്രിക്ക് അർഹതയില്ല എന്നവൾക്ക് മനസിലായി.
“ഞാൻ ആരെ സ്വീകരിക്കണം എന്നു ഞാനാണ് തീരുമാനിക്കുന്നത് ” ഗൗതമിന്റെ വാക്കുകൾ കേട്ടപ്പോൾ എല്ലാവരും തിരിഞ്ഞു നോക്കി. ജീവനും ഗൗതവും കൂടെ നിൽക്കുന്നു. ഒപ്പം കൃഷ്ണനുമുണ്ട്. ഇത്രയും നേരം ദേവ്നി പറഞ്ഞതെല്ലാം അവർ കേട്ടുവെന്നു ഗൗതമിന്റെ മുഖഭാവത്തിൽ നിന്നും മനസിലാക്കി. ഗൗതം നേരെ മേനോന്റെ അടുത്തേക്കാണ് പോയത്.
“അച്ഛന് ഇങ്ങനെയൊരു ഭൂതകാലം കൂടിയുണ്ടായിരുന്നു അല്ലെ. എന്റെ അമ്മയോട് കാണിച്ച സ്നേഹമൊക്കെ കിട്ടിയ കാശിനുള്ള നന്ദിയായിരുന്നു അല്ലെ. എന്നെയും അങ്ങനെയാണോ സ്നേഹിച്ചതെന്നു എനിക്കിപ്പോൾ… എനിക്കിപ്പോൾ”
“മോനെ… അങ്ങനെയൊന്നും പറയല്ലേ… നിനക്ക് എങ്ങനെ പറയാൻ കഴിയുന്നു മോനെ… നിന്നെ ഞാൻ സ്നേഹിച്ചപോലെ ആരെയും സ്നേഹിച്ചിട്ടില്ല. ഒരച്ഛന്റെ എല്ലാ സ്നേഹ വാത്സല്യങ്ങളും നിനക്ക് മാത്രമേ തന്നിട്ടുള്ളൂ”
“അതേ… ഒരച്ഛന്റെ എല്ലാ സ്നേഹ വാത്സല്യങ്ങളും എനിക്ക് മാത്രമേ തന്നിട്ടുള്ളൂ. ഞാൻ മാത്രമല്ലലോ ഈ നിൽക്കുന്ന ഗായത്രിയും ജീവനും അച്ഛന്റെ മക്കൾ തന്നെയല്ലേ… എന്നോട് കാണിച്ച വാത്സല്യവും സ്നേഹവും ഇവർക്ക് പങ്കുവച്ചിട്ടുണ്ടോ” മേനോൻ ഉത്തരമില്ലാതെ നിന്നുപോയി. സത്യമാണ് ഗൗതം പറയുന്നത്. അവനോളം വേറെയാരെയും തനിക്കു സ്നേഹിക്കാൻ കഴിഞ്ഞിട്ടില്ല. അവനോടുള്ള വാത്സല്യത്തോളം വേറെ ആരോടും തോന്നിയിട്ടില്ല.
ഗൗതം ദയനീയമായി ദേവ്നിയെ നോക്കി. അവളുടെ കണ്ണുകൾ പെയ്യാൻ വെമ്പി നിൽക്കുന്ന മഴയായിരുന്നു. കണ്ണുകൾ തുളുമ്പാതെ ശാസനയോടെ പിടിച്ചു നിർത്തിയിരിക്കുന്നത് ഗൗതം കൗതുകത്തോടെ നോക്കി നിന്നു. അവൾക്കരികിലേക്ക് ചെന്നു അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്തു അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു. അതൊരു വാഗ്ദാനമായിരുന്നു. ഒരിക്കലും ഇനി ഒന്നിന്റെ പേരിലും അവളെ വിട്ടുകൊടുക്കില്ലയെന്നു. അവൾക്ക് മാത്രം മനസിലാകുന്ന അവന്റെ വാഗ്‌ദാനം. അവളുടെ കൈകൾ രണ്ടും കൂട്ടിപിടിച്ചു അവളുടെ കവിളിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീരിനെ തുടച്ചു നീക്കി. അവളുടെ ഇരു തോളിലും പിടിച്ചു കൊണ്ടു കണ്ണുകളിൽ തന്നെ നോക്കി നിന്നു അവളുടെ ഹൃദയത്തോട് സംവദിച്ചു. ഇനിയൊരിക്കലും അവളെ പിരിയില്ലെന്നു.
ജീവൻ അവർക്കരികിലേക്കു ചെന്നു. ജീവൻ അവളെ തന്നോടു ചേർത്തു പിടിച്ചു. സുഖകരമായ മൗനം അവർക്കിടയിലൂടെ കടന്നു പോയി.
“ഓഹോ… അപ്പൊ അങ്ങനെയാണോ കാര്യങ്ങൾ. അപ്പൊ ഞാൻ… ഞാൻ എന്റെ മോളെ എന്തു ചെയ്യണം… നിങ്ങൾ പറ” രാധിക ശീതളിനെ മുന്നിലേക്ക് തള്ളി ദേഷ്യത്തിൽ ഉറഞ്ഞു തുള്ളി.
“നിങ്ങളുടെ മകളെ കല്യാണം കഴിച്ചു കൊള്ളാമെന്നു ഞാൻ ആർക്കും വാക്ക് കൊടുത്തിട്ടില്ല. അതുമാത്രമല്ല അതിനെ കുറിച്ചു സംസാരിക്കാനുള്ള സ്ഥലമല്ല ഇതു” ഗൗതം എല്ലാവരോടുമായി പറഞ്ഞു അവസാനിപ്പിച്ചു ആ സംസാരം. രാധിക പിന്നെയും എന്തോ പറയാൻ തുടങ്ങിയപ്പോൾ കൃഷ്ണൻ കൈകളിൽ പിടിച്ചു തടഞ്ഞു. അപ്പോഴും രാധികക്കു അടങ്ങിയിരിക്കാനുള്ള ഭാവമുണ്ടായിരുന്നില്ല.
“നിങ്ങളൊന്നു മിണ്ടതെയിരിക്കു മനുഷ്യ. ഇതു നമ്മുടെ മകളുടെ ഭാവിയാണ്. എനിക്ക് ചോദിച്ചേ പറ്റു. ഏതണ്ടും ഒരു ഹോട്ടലിൽ നിന്നും രണ്ടെണ്ണത്തിനേയും പിടിച്ചത് കൊണ്ടല്ലേ അവൾ ഇവന്റെ മേലെ വിടാതെ കടിച്ചു തൂങ്ങി കിടക്കുന്നത്”
“നിങ്ങളോടു ഒരിക്കൽ പറഞ്ഞു ഇതിനെ കുറിച്ചു സംസാരിക്കാനുള്ള സ്ഥലം ഇതല്ല എന്നു. പിന്നെ ഇവരെ രണ്ടുപേരെയും ഹോട്ടലിൽ നിന്നും പിടിചെന്നു പറയുന്നത്… അതിൽ ഒരു ചതി നടന്നിട്ടുണ്ട്. എനിക്കൊരു സൂചനയുമുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാൻ അതിനു പുറകെയാണ്… അതിനെ കുറിച്ചു ഇവിടെ പറയേണ്ട. ഇനിയോരക്ഷരം നിങ്ങൾ ഇവിടെ കിടന്നു പറഞ്ഞാൽ…” ജീവൻ ദേഷ്യത്തോടെ രാധികയോട് പറഞ്ഞു നിർത്തിയപ്പോൾ കൃഷ്ണനും പേടിച്ചു പോയിരുന്നു. ജീവൻ സത്യം കണ്ടുപിടിക്കാൻ ശ്രമിക്കുമെന്ന് കൃഷ്ണൻ ആലോചിച്ചില്ലായിരുന്നു.
ഇനിയാരും ദേവ്നിയെ ഒരു വാക്ക് കൊണ്ടു പോലും വേദനിപ്പിക്കാതെ ഇരിക്കാൻ ഗൗതം എല്ലാവരെയും അവിടെ നിന്നും പറഞ്ഞു വിട്ടു. വീട്ടിൽ ചെന്നിട്ടും മറ്റുള്ളവർ പറയുന്നത് കേൾക്കാനോ ഈ ഒരു വിഷയത്തെ കുറിച്ചു സംസാരിക്കാനോ ഗൗതം താത്പര്യപ്പെട്ടില്ല. അവന്റെ തീരുമാനം ഉറച്ചതായിരുന്നു.
ജീവന്റെ കൂടെ കാറിൽ ഇരിക്കുമ്പോൾ ദേവ്നിക്ക് എന്തോ വല്ലായ്മ തോന്നി. ജീവൻ ഒന്നും സംസാരിക്കുന്നില്ല. എവിടേക്കാണ് കൊണ്ടുപോകുന്നതെന്നോ എന്താ കാര്യമെന്നോ ഒന്നും പറഞ്ഞില്ല. അവന്റെ മുഖം വല്ലാതെ മുറുകിയിരുന്നു. ദേവ്നി സംസാരിക്കാൻ ശ്രമിച്ചപ്പോൾ എല്ലാം ജീവൻ മൗനത്തിലായിരുന്നു. മറ്റെന്തോ ചിന്തകളിൽ. കാർ ഒരു കൂറ്റൻ ബംഗ്ലാവിന് മുന്നിൽ നിന്നു. വീടിനു പുറത്തു നിൽക്കുന്നവരെ കണ്ടപ്പോൾ തന്നെ ദേവ്നിക്ക് മനസിലായി ഇതാരുടെ വീടാണെന്നു… മുന്നിൽ തന്നെ ഗൗതം മാധവമേനോൻ പിന്നെ കൃഷ്ണനും കുടുംബവും അടക്കം എല്ലാവരും അവിടെയുണ്ടായിരുന്നു. തന്നെ എന്തിന് ജീവൻ ഇവിടെ കൊണ്ടുവന്നുവെന്നു അവൾക്ക് മനസിലായില്ല. ഓഫീസിലും തണൽ വീട്ടിലും വച്ചു മറ്റുള്ളവരെ അഭിമുഗീകരിക്കാൻ ദേവ്നിക്ക് പ്രയാസം ഒന്നുമില്ല. പക്ഷെ അവരുടെ വീട്ടിൽ… എല്ലാവരുടെയും മുന്നിൽ… അവൾ നിന്നു വിയർക്കാൻ തുടങ്ങി. അവളുടെ പരിഭ്രാന്തി മനസിലാക്കിയപോലെ ജീവൻ അവളെ ചേർത്തു പിടിച്ചു.
“ഞങ്ങളെ ഇവിടെ വിളിച്ചു വരുത്തി ഈ പെണ്ണിനേയും കൊണ്ട് നീ നടക്കുവാണോ. എന്താ കാര്യം” വീടിന്റെ പടികൾ കയറും മുന്നേ കൃഷ്ണൻ ആക്രോശിച്ചു.
“ഞാൻ നിങ്ങളെ ഇവിടെ വിളിച്ചു വരുത്തിയിട്ടുണ്ടെങ്കിൽ അതിനു ഒരു കാരണവുമുണ്ട്. ഇവളുടെ മേലുള്ള ഒരു തെറ്റിദ്ധാരണയുണ്ട്. അതു തീർക്കാൻ”
“മനസിലായില്ല” കൃഷ്ണൻ ഉള്ളിലെ പരിഭ്രമം മറയ്ക്കാൻ ശ്രമിച്ചു കൊണ്ടു ചോദിച്ചു.
“അതിനു അമ്മാവൻ ടെൻഷൻ ആകുന്നത് എന്തിനാ. കാര്യം മറ്റൊന്നുമല്ല. അന്ന് ഗൗതവും ദേവ്നിയും പോയ മീറ്റിംഗും അതിനോട് ഒപ്പം നടന്ന ഇഷ്യൂ അതെല്ലാം ആരുടെയോ ബുദ്ധിയിൽ നടന്ന ഒരു നാടകം ആയിരുന്നെന്ന് എനിക്ക് മനസിലായി. അതു തെളിയിക്കാനാണ് എല്ലാവരെയും വിളിച്ചു വരുത്തിയത്. എന്റെ ദേവയുടെ ഭാഗത്തോ ഗൗതമിന്റെ ഭാഗത്തോ ഒരു തെറ്റുമില്ലെന്നു അന്നേ ബോധ്യമായതാണ്. പക്ഷെ ആ ഒരു ഇൻസിഡന്റ പേരും പറഞ്ഞു ഇനിയാരും ഇവളെ ക്രൂശിക്കരുത്. അതിനു സത്യങ്ങൾ എല്ലാവരും അറിഞ്ഞേ തീരൂ. അതിനു ഒരാളെ കൂടി ഞാൻ വിളിച്ചിട്ടുണ്ട്. അദ്ദേഹം ഇപ്പൊ എത്തും…” ജീവൻ പറഞ്ഞു നിർത്തുമ്പോഴേക്കും ഒരു ബെൻസ് ജീപ്പ് ഗേറ്റ് കടന്നു അവരുടെ മുന്നിൽ വന്നു നിന്നു.
“പ്രകാശ് രാജ്” മാധവ് മേനോൻ മന്ത്രിച്ചു… അതേ പേരു കേട്ടു കൃഷ്ണൻ നിന്നു വിയർത്തു. അടുത്ത കുറച്ചു നിമിഷത്തിൽ സത്യങ്ങൾ വെളിപ്പെടുമോയെന്നു അയാൾ ഭയന്നു. ജീപ്പിൽ നിന്നും പ്രകാശിന് ഒപ്പം അച്ചുവും ഇറങ്ങി വന്നു. പ്രകാശിന്റെ ചുണ്ടിൽ ഒരു കൗശലക്കാരന്റെ ചിരിയാണെന്നു കൃഷ്ണന് തോന്നി. മാധവ് മേനോൻ അയാളെ സ്വീകരിച്ചു. അപ്പോഴും ജീവന്റെ മുഖം വലിഞ്ഞു തന്നെ ഇരുന്നിരുന്നു.
“എന്തു പറ്റി ജീവൻ… എന്നോട് എന്തിനാ ഇവിടേക്ക് വരാൻ പറഞ്ഞതു” പ്രകാശ് അകത്തേക്ക് കയറും മുന്നേ ജീവനോട് ചോദിച്ചു.
“സർ… എനിക്ക് സാറിനോട് വല്ലാത്ത ബഹുമാനം ആയിരുന്നു. ഇപ്പോഴും ഉണ്ട്. എനിക്കൊരു സത്യം അറിയണം”
“എന്താ ജീവൻ പ്രശ്നം…”
“ബ്ലൂ മൂൺ ഹോട്ടൽ സാറിന്റെ ഉടമസ്ഥതയിൽ ഉള്ളതല്ലേ… അവിടെ ബിസിനസ് മീറ്റിങ് വന്ന ഗൗതമിനും ദേവ്നിക്കും നേരെയുണ്ടായ പ്രേശ്നങ്ങൾ എല്ലാം സർ അറിഞ്ഞിരിക്കുമല്ലോ”
“എനിക്കറിയാം… അതിൽ എനിക്ക് നല്ല വിഷമവുമുണ്ട്”
“സർ… സാറിന്റെ അഭിനയം ഒന്നു നിർത്തുന്നുണ്ടോ. അന്ന് അവിടെ നടന്നത് സ്വാഭാവികമായി നടന്ന ഒരു പ്രശ്നമല്ല. അതു മനപൂർവ്വം ആരോ ഉണ്ടാക്കിയതാണ്… അതറിഞ്ഞു കൊണ്ട് തന്നെ സാർ കൂട്ടു നിന്നപോലെയാണ് എനിക്ക് തോന്നിയത്. അല്ലെങ്കി എനിക്ക് വേണ്ടി വിരിച്ച കെണിയിൽ സർ മനപൂർവ്വം ഗൗതമിനെയും ദേവ്നിയെയും പെടുത്തിയതാണ്. എനിക്ക് സത്യം അറിയണം”
“നീയറിഞ്ഞത് സത്യമാണ് ജീവൻ. ഞാൻ മനപൂർവ്വം ഗൗതമിനെ പെടുത്തിയതാണ്”
..തുടരും
Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹