Tuesday, January 21, 2025
Novel

നീലാഞ്ജനം: ഭാഗം 1

നോവൽ
എഴുത്തുകാരി: പാർവതി പിള്ള

(തുലാമഴക്കു കിട്ടിയ പിന്തുണ നീലാഞ്ജനത്തിനും കിട്ടുമെന്ന പ്രതീക്ഷയോടെ എന്റെ രണ്ടാമത്തെ സംരഭം ഇവിടെ തുടങ്ങുന്നു….. )

ശ്രീയേട്ടാ… ശ്രീയേട്ടാ ഒന്നു നിന്നെ ഞാനും വരുന്നു… ആഹാ കൊച്ചമ്മ എന്തിനാ ഇത്ര നേരത്തെ
ഇറങ്ങിയത്…. കുറച്ചുകൂടി കഴിഞ്ഞ് ഇറങ്ങിയ
പോരായിരുന്നോ….

പറഞ്ഞുകൊണ്ട് ശ്രീ മുന്പോട്ട് നടന്നു….

കഷ്ടമുണ്ട് ശ്രീയേട്ടാ ഞാൻ ഉറങ്ങിപ്പോയത് കൊണ്ടല്ലേ…

അവൾ ഓടി അവന്റെ അടുത്തേക്ക്
ചേർന്ന് നടന്നു…

നീ എന്നാ ഹരി ഉറങ്ങിപോകാത്തത്…
ഇനിയെങ്കിലും പോയ വിഷയങ്ങൾ എഴുതി എടുക്കണമെന്ന ചിന്ത ഉണ്ടോ നിനക്ക്….

ഒരു ഡിഗ്രി സർട്ടിഫിക്കറ്റ് ഇല്ലാത്ത കുട്ടികൾ ഇപ്പോൾ ചുരുക്കമാണ്..

ഇപ്പോൾ ഉള്ള എല്ലാ കുട്ടികൾക്കും ഒരു ജോലി കയ്യിൽ വേണം എന്ന ആഗ്രഹം ഉള്ളവരാ…

നിനക്ക് അങ്ങനെ ഒരു ചിന്തയുമില്ല….

ഓ പിന്നെ…. എനിക്കൊന്നും ജോലി
ഒന്നും വേണ്ട…

എനിക്ക് ശ്രീയേട്ടനെയും നമ്മുടെ മക്കളെയും ഒക്കെ നോക്കി വീട്ടിലിരുന്നാൽ മതി..

ശ്രീയേട്ടൻ വേണമെങ്കിൽ ജോലിക്ക് പൊയ്ക്കോ എനിക്ക് വയ്യ…

അവൻ ചുണ്ടിൽ വിരിഞ്ഞ ചിരി സമർത്ഥമായി മറച്ചു കൊണ്ട് അവളെ
ദേഷ്യത്തോടെ നോക്കി….

ഹരീ കുറച്ച് സ്പീഡിൽ നടന്നോ… കുട്ടികളൊക്കെ വരുന്നുണ്ട്…

അവൾ മുഖം വീർപ്പിച്ചു… ഈ
ശ്രീ ഏട്ടന്റെ ഒരുകാര്യം….

അല്ലെങ്കിലും കോളേജിൽ വന്നു
കഴിഞ്ഞാൽ എന്നെ കണ്ട ഭാവം പോലും നടിക്കില്ല….

ദേ പെണ്ണേ കോളേജിൽ നമ്മൾ സാറും കുട്ടിയും ആണ്…. വീട്ടിൽ മതി ബാക്കിയൊക്കെ….

ഉവ്വ് എനിക്കറിയാം…. കോളേജിൽ പെമ്പിള്ളാരുടെ കണ്ണിലുണ്ണി അല്ലേ….

ഓരോ അവളുമാരുടെ സംശയമെന്താ..

ഒക്കെ ഞാൻ കാണുന്നുണ്ട്…

ഹരിക്കുട്ടാ… മോളേ… എന്നൊക്കെ
പറഞ്ഞ് പിന്നാലെ വാ വച്ചിട്ടുണ്ട് ഞാൻ….

അവനെ കോക്രി കാണിച്ചുകൊണ്ട്
അവൾ മുന്പോട്ട് നടന്നു…

അവളുടെ പോക്ക് കണ്ട് അവൻ ചിരി
കടിച്ചു പിടിച്ചു….

ഈ പെണ്ണിന്റെ ഒരു കാര്യം….

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഇത് ശ്രീകാന്ത്….

മേടയിൽ കുഞ്ഞനന്തൻ പിള്ളയുടെയും ദേവകിയമ്മയുടെയും അഞ്ചു മക്കളിൽ മൂന്നാമൻ….

നാലു പെങ്ങന്മാർക്കും കൂടി ഒരേയൊരു പൊന്നാങ്ങള….

അഞ്ചുവർഷം മുൻപ് ഹൃദയം പണിമുടക്കി കുഞ്ഞനന്ദൻപിള്ള അവരെ വിട്ടുപോയി…

നാലു പെൺമക്കളെയും കൊണ്ട് ദേവകിയമ്മയുടെ പ്രതീക്ഷ മുഴുവൻ ഇപ്പോൾ മകൻ ശ്രീകാന്തിൽ ആണ്….

ബിരുദാനന്തര ബിരുദമെടുത്ത ശ്രീകാന്ത് ഇപ്പോൾ ഒരു പാരലൽ കോളേജിൽ അധ്യാപകനാണ്…..

മകനുവേണ്ടി നേർച്ചയും വഴിപാടും ആയി നടക്കുകയാണ് അമ്മ…

അവന് ഒരു ജോലി കിട്ടിയിട്ട് വേണം 4 പെൺമക്കളുടെയും വിവാഹം നടത്താൻ…

ശ്രീകാന്തിന് ഇളയ രണ്ടു പെൺകുട്ടികൾ പഠിക്കുകയാണ്

ചേച്ചിമാരിൽ ഒരാൾ നന്നായി തയ്ക്കും…

ഒരു തയ്യൽ മെഷീൻ ഉണ്ട് വീട്ടിൽ…

അത്യാവശ്യത്തിന് വരുമാനം ചേച്ചിക്ക് അതിൽ നിന്നും കിട്ടുന്നുണ്ട്….

രണ്ടാമത്തെയാൾ ഒരു ടെക്സ്റ്റൈൽസിൽ പോകുന്നുണ്ട്….

ദേവകിയമ്മയുടെ സഹോദരനാണ് വേണുമാഷ്…..

ഇവരുടെ വീടിന് രണ്ടു വീടിന് അപ്പുറമാണ് താമസം…

അദ്ദേഹത്തിന്റെ മകളാണ് ഹരിത….

ഹരിതയും ശ്രീകാന്തും തമ്മിൽ
ഇഷ്ടത്തിലാണ്…..

വീട്ടുകാർക്ക് ഒക്കെ അറിയുകയും
ചെയ്യാം…..

ആങ്ങളയുടെ മകൾ ആയതുകൊണ്ട് ദേവകിയമ്മയ്ക്ക് ഇഷ്ടക്കുറവ് ഒന്നുമില്ല…

ഹരിത പഠിക്കാൻ മണ്ടിയാണ്…

അവൾക്ക് എപ്പോഴും ടിവി കാണാനും പൈങ്കിളി കഥകൾ വായിക്കാനും ഒക്കെയാണ് താല്പര്യം…..

ശ്രീകാന്തിന് അവളെ എപ്പോഴും വഴക്ക് പറയാൻ ആണ് നേരം ഉള്ളത്…

ഡിഗ്രിക്ക് രണ്ടു വിഷയം പോയത് എഴുതി എടുക്കാൻ ഉള്ള തത്രപ്പാടിലാണ് ഇപ്പോൾ….

അതും ശ്രീകാന്തിന്റെ വഴക്കു കൊണ്ട്….

അവനെ പേടിച്ചെങ്കിലും പഠിക്കുമല്ലോ എന്ന് കരുതിയാണ് വേണുമാഷ് അവളെ ആ പാരലൽ കോളജിൽ ചേർത്തത്….

പക്ഷേ ശ്രീകാന്തിനെ കണ്ടു കഴിയുമ്പോൾ
സ്വപ്നം കണ്ട് ഇരിക്കുന്നതാണ് പുള്ളിക്കാരിയുടെ പരിപാടി….

ദിവസം ഒരു പത്ത് പ്രാവശ്യം എങ്കിലുംചോക്ക് കൊണ്ടുള്ള ഏറ്
കക്ഷിക്ക് കിട്ടാറുണ്ട്….

പക്ഷേ അതൊന്നും അവിടെ ബാധിക്കുന്നില്ല എന്ന് മാത്രം..

🌸🌸🌸🌸🌸🌸🌸🌸🌸🌸

ഹരിത ക്ലാസ്സിലേക്കു വന്നു കയറി….

നോക്കിയപ്പോൾ എല്ലാം ബുക്കിൽ
കമിഴ്ന്നു കിടക്കുകയാണ്…

അവൾ അടുത്തിരുന്ന കുട്ടിയെ തോണ്ടി…

എന്താടി ആകെ ഒരു നിശബ്ദത…

എടീ ഇന്ന് ആദ്യത്തെ പിരീഡ് ശ്രീകാന്ത് സാറാ….

ഇന്ന് റിവിഷൻ തുടങ്ങുകയാ..

നീ എല്ലാം പഠിച്ചിട്ടാണോ വന്നത്…

ഈശ്വരാ ചതിച്ചോ…
ഒന്നും അറിയുക കൂടി ഇല്ലല്ലോ ഭഗവാനേ….

അവൾ പെട്ടെന്ന് ബുക്ക് എടുത്തു
തുറന്നു വച്ചു..

എന്തോന്നാണോ എന്തോ ഇതൊക്കെ…
ഒന്നും തലയിൽ കയറുന്നില്ലല്ലോ….

അപ്പോഴേക്കും ശ്രീകാന്ത് ക്ലാസിലേക്ക് കയറി…

കയറിയപ്പോഴേ കണ്ടു അന്തം വിട്ട് ഇരിക്കുന്ന ഹരിതയെ….

അവൻ പെട്ടെന്ന് മുഖം ഗൗരവത്തിൽ ആക്കി….. എല്ലാവരെയും ആകെ ഒന്നു നോക്കി…

ഇന്ന് നമ്മൾ റിവിഷൻ തുടങ്ങുകയാണല്ലോ എല്ലാവരും പഠിച്ചിട്ടുണ്ടോ….

അവൻ ഓരോരുത്തരോടായി ക്വസ്റ്റ്യൻ ചോദിച്ചു തുടങ്ങി….

ഹരിതയുടെ അടുത്തേക്ക് ക്വസ്റ്റ്യൻ ചെന്നപ്പോൾ അവൾ മുഖം കുനിച്ചു നിന്നു….

അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു….

നീയൊക്കെ എന്തിനാ രാവിലെ ഉടുത്തൊരുങ്ങി വരുന്നത്…..

വീട്ടിൽ എങ്ങാനും ഇരുന്നാൽ പോരെ…

വെറുതെ വീട്ടുകാരുടെ പൈസ കളയാനായിട്ട്…

ഹരിത മുഖം കുനിച്ചു തന്നെ നിന്നു..

എന്തു പറഞ്ഞിട്ടും ഒന്നും മിണ്ടാതെ മുഖം കുനിച്ചു നിൽക്കുന്ന ഹരിതയെ കണ്ടപ്പോൾ ശ്രീകാന്തിന് ഒന്നുകൂടി ദേഷ്യം തോന്നി…

ഹരിത ഇനി പഠിച്ചിട്ട് ക്ലാസ്സിൽ
കയറിയാൽ മതി…

എല്ലാം എടുത്ത് വെളിയിൽ ഇറങ്ങിക്കോ..

ഹരിത ദയനീയമായ മുഖത്തോടെ ശ്രീകാന്തിനെ നോക്കി….

പക്ഷേ ആ മുഖത്ത് ഒരു ദയയും ഉണ്ടായിരുന്നില്ല….

അവളുടെ കണ്ണുകൾ നിറഞ്ഞു…

അതുകണ്ട് അവൻ ഒരു നിമിഷം
ഒന്ന് പതറി…

പിന്നെ മുഖം തിരിച്ചു…

ശ്രീകാന്തിന്റെ ക്ലാസ് കഴിഞ്ഞപ്പോൾ
അവൻ പോകാനായി വെളിയിലേക്കിറങ്ങി..

ഹരിതയെ രൂക്ഷമായി ഒന്ന് നോക്കി
കൊണ്ട് അവൻ അവളോട് പറഞ്ഞു….

ഇനിയെങ്കിലും വല്ലതും പഠിച്ചിട്ട് വരാൻ നോക്കണം…

നാണം ഇല്ലല്ലോ നിനക്ക് ഇങ്ങനെ വന്നു നിൽക്കാൻ…

അവൾ ഒന്നും മിണ്ടാതെ മുഖം കുനിച്ചു നിന്നു…
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

വൈകുന്നേരം വീർത്തുകെട്ടിയ
മുഖവുമായി ഒന്നും മിണ്ടാതെ
വന്നുകയറുന്ന മകളെ വേണുമാഷ് അമ്പരപ്പോടെ നോക്കി നിന്നു…

വന്നയുടനെ മുറിയിലേക്ക് കയറി കട്ടിലിലേക്ക് കമിഴ്ന്നു കിടന്നു ഹരിത…

അൽപ സമയം കഴിഞ്ഞു മകളെ വെളിയിലേക്ക് കാണാതായപ്പോൾ വേണുമാഷ് അകത്തേക്ക് ചെന്നു…

ആഹാ അച്ഛന്റെ ഹരിക്കുട്ടൻ കിടക്കുകയാണോ…..

എന്തുപറ്റി…

അയാൾ അവളുടെ മുഖം പിടിച്ചുയർത്തി….

കലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ അയാളുടെ നെഞ്ചിൽ ഒരു വേദന നിറഞ്ഞു….

എന്താടാ എന്തുപറ്റി….

അച്ഛന്റെ സങ്കടത്തോടെ യുള്ള ചോദ്യം കേട്ടപ്പോൾ ഹരിത മുഖം അമർത്തി തുടച്ചു…

പിന്നെ പുഞ്ചിരിയോടെ പറഞ്ഞു..

അച്ഛന്റെ പ്രിയപ്പെട്ട ശ്രീമോൻ ഇന്ന് എന്നെ ക്ലാസിന് പുറത്ത് ഇറക്കി നിർത്തി…

അതെന്തിനാ പുറത്തിറക്കി നിർത്തിയത്….

ഓ ഇന്ന് പഠിച്ചു കൊണ്ട് ചെല്ലാൻ ഉണ്ടായിരുന്നു ഞാൻ പഠിച്ചില്ല അത് തന്നെ കാര്യം….

വേണുമാഷ് ഊറി വന്ന ചിരി അമർത്തിപ്പിടിച്ചു….

ആഹാ അവൻ അത്രക്കായോ ചോദിച്ചിട്ട് തന്നെ ബാക്കി കാര്യം…..

അച്ഛന്റെ ഹരികുട്ടൻ പോയി കുളിച്ചിട്ട് വാ…

നമുക്ക് ചായ കുടിക്കാം….

ഉവ്വ് അച്ഛൻ എന്താ പറയാൻ പോകുന്നത് എന്ന് എനിക്ക് നന്നായി അറിയാം….

അതുകൊണ്ട് ഇങ്ങോട്ട് കൂടുതൽ പതപ്പിക്കാൻ വരണ്ട കേട്ടോ….

പറഞ്ഞുകൊണ്ട് അവൾ ഡ്രസ്സും എടുത്ത് ബാത്ത് റൂമിലേക്ക് കയറി….

കുളി കഴിഞ്ഞ് ഇറങ്ങി മുടി തുവർത്തികൊണ്ട് നിന്നപ്പോഴാണ് ഇടുപ്പിലൂടെ രണ്ടു കൈകൾ വരിഞ്ഞുമുറുക്കിയത്….

തിരിഞ്ഞ് നോക്കാതെ തന്നെ അത് ആരാണെന്ന് അവൾക്ക് അറിയാമായിരുന്നു….

ശ്രീയേട്ടന്റെ ഹരിക്കുട്ടൻ പിണക്കമാണോ…

അവൾ കുതറി മാറി….

ദേ ശ്രീയേട്ടാ ഞാൻ പറഞ്ഞിട്ടുണ്ട് ഒലിപ്പീരും കൊണ്ട് ഇങ്ങോട്ട് വരരുത് എന്ന്….

കോളേജിൽ വരുമ്പോൾ ഇതൊന്നും അല്ലല്ലോ കാണുന്നത്…..

അത് നീ പഠിക്കാത്തതു കൊണ്ടല്ലേ….

അവൾ അവനെ രൂക്ഷമായി നോക്കി….

ഉള്ളത് പറയുമ്പോൾ ഉണ്ടകണ്ണു മിഴിച്ചു നോക്കണ്ട…

ഇപ്പോൾ ഞാൻ വന്നത് ഒലിപ്പിക്കാൻ ഒന്നുമല്ല….

നിന്നെ ഇവിടെ ഇരുത്തി പഠിപ്പിക്കാൻ വേണ്ടിയാ….

അതൊന്നും വേണ്ട ഞാൻ പഠിച്ചു കൊള്ളാം ശ്രീയേട്ടൻ പൊയ്ക്കോ…

നിന്റെ പഠിപ്പൊക്കെ എനിക്ക് അറിയാവുന്ന കാര്യമല്ലേ തൽക്കാലം നീ പോയി ചായ കുടിച്ചിട്ട് വാ….

അവൾ ചവിട്ടി തുള്ളി അടുക്കളയിലേക്ക് പോയി….

എട്ടുമണിവരെ അവൾക്ക് പറഞ്ഞു കൊടുത്തതിനു ശേഷമാണ് അവൻ വീട്ടിലേക്ക് പോകാൻ ഇറങ്ങിയത്…..

പോകുന്നതിനു മുൻപ് പതിവുപോലെ അവളെ ചേർത്തുപിടിച്ച് നെറുകയിൽ ചുംബിച്ചു….

അവൾ നിറഞ്ഞ ചിരിയോടെ അവനെ നോക്കി നിന്നു..

(തുടരും )