Wednesday, December 25, 2024
Novel

നീരവം : ഭാഗം 2

എഴുത്തുകാരി: വാസുകി വസു


മീരയുടെ മുടിക്കുത്തിനു പിടിച്ചു വലിച്ചിഴച്ചു ഭദ്രൻ മുന്നോട്ടു നടന്നു.വേദനയാൽ അവൾ നിലവിളിച്ചു.

റൗഡിയായ ഭദ്രനെ എല്ലാവർക്കും ഭയമാണ്.അതിനാൽ എല്ലാവരും നോക്കി നിന്നതേയുള്ളൂ..മീരയോട് സ്നേഹം ഉണ്ടെങ്കിലും അകലം പാലിക്കാനേ കഴിയൂ…

പതിനേഴുകാരിയെ നിലത്തൂടെ വലിച്ചിഴച്ച് ഭദ്രൻ കാറിൽ കയറ്റി.അവളുടെ നിലവിളിയെ അവഗണിച്ചു കൊണ്ട് കാറ് മുമ്പോട്ട് പാഞ്ഞുപോയി.

“നീയും നിന്റെ മകളും എന്തിനുളള പുറപ്പാടാണ്”

വീട്ടിലെത്തിയ ഭദ്രൻ ഗൗരിയുടെ മുടിക്കുത്തിനു വലിച്ചു മുന്നോട്ട് നീക്കി നിർത്തി.കൈ നിവർത്തി അവരുടെ മുഖത്ത് ശക്തമായി അടിച്ചു.അടിയേറ്റ് ഗൗരി നിലത്തേക്ക് തെറിച്ചു വീണു.

“അയ്യോ എന്റെ അമ്മയെ ഒന്നും ചെയ്യരുതേ.എന്നെ എന്ത് വേണമെങ്കിലും ചെയ്തോളൂ”

മീര ഓടിവന്ന് ഭദ്രന്റെ കാലിലേക്ക് വീണു അശ്രുകണങ്ങളൊഴുക്കി.അയാൾ അവളുടെ മുടിയകെ കൂട്ടിപ്പിടിച്ചു മുകളിലേയ്ക്ക് വലിച്ചു ഉയർത്തി.

തല പൊട്ടിപ്പിളരുന്നതു പോലെ അനുഭവപ്പെട്ടവൾ അലറിക്കരഞ്ഞു.

അയാളുടെ കണ്ണുകൾ അവളുടെ മാറിടത്തിലേക്ക് നീണ്ടു. വൃത്തികെട്ട നോട്ടം ഏൽക്കാതിരിക്കാനായി മാടിടത്തിലേക്ക് ഇരുകൈകളും ചേർത്തു പിടിച്ചു.

അമ്മയെ തല്ലിയാൽ മകൾക്ക് വേദനിക്കുമെന്ന് ഭദ്രന് അറിയാം.നിലത്ത് കിടന്ന ഗൗരിയെ കാലുയുർത്തി അയാൾ ആഞ്ഞു ചവിട്ടി.ഒരു നിലവിളിയോടെ അവര് ബോധശൂന്യയായി.

“നിങ്ങൾ പറയുന്നതെന്തും ഞാൻ അനുസരിക്കാം.എന്റെ അമ്മയെ കൊല്ലരുത്”

അയാൾ അതിനും മടിക്കില്ലെന്ന് മീരജക്ക് നന്നായി അറിയാം.അതാണ് അവൾ കേണപേക്ഷിച്ചത്.ക്രൂരമായൊരു ചിരിയോടെ ഭദ്രൻ അവളുടെ മുഖം തനിക്ക് അഭിമുഖമായി തിരിച്ചു. വിറകൊള്ളുന്ന അധരങ്ങളിലൊരു മുത്തം കൊടുക്കാൻ ഒരുങ്ങി.ഭയന്ന് മീര കണ്ണുകൾ ഇറുക്കിപ്പിടിച്ചു.വൃത്തികെട്ട ചുണ്ടുകൾ തനിക്ക് നേരെ അടുത്ത സമയം അവൾ വായ് തുറന്നു.

“യതീന്ദ്രൻ അറിഞ്ഞാൽ നിങ്ങളെ കൊല്ലാൻ മടിക്കില്ല”

അവസാന ശ്രമമെന്നോണം മീരജ അവനെ ഓർമ്മപ്പെടുത്തി.ഭദ്രനൊന്ന് നടുങ്ങി.ആ സമയത്തവൾ അവനിൽ നിന്ന് തെന്നിയകന്നു.അയാൾ പുറത്തേക്ക് ഇറങ്ങിയതോടെ അവൾ അമ്മയുടെ അരികിലേക്ക് ഓടിച്ചെന്ന് അവരെ വാരിയെടുത്തു.

“അമ്മേ കണ്ണ് തുറക്ക്”

ആധിയോടെ അവൾ അമ്മയെ കുലുക്കി വിളിച്ചു. അവർ കണ്ണ് തുറക്കാത്തതിനാൽ അവൾ ഭയപ്പെട്ടു.അടുക്കളയിൽ നിന്നൊരുമൊന്ത വെള്ളം കൊണ്ട് വന്ന് അതിൽ നിന്നും കുറച്ചെടുത്ത് അമ്മയുടെ മുഖത്ത് കുടഞ്ഞു.ചെറിയൊരു ഞരുക്കത്തോടെ അവർ കണ്ണുകൾ വലിച്ചു തുറന്നു.

“അമ്മേ…” മീരയിൽ നിന്നൊരു നിലവിളി ഉയർന്നു. മോളേന്ന് വിളിച്ചു അവരും പൊട്ടിക്കരഞ്ഞു.കുറച്ചു നേരത്തേക്ക് നീണ്ട അവരുടെ നിലവിളികൾ നേർത്തൊരു ഞരക്കമായി മുറിക്കുള്ളിൽ അവശേഷിച്ചു.

സമയം മെല്ലെ ഇഴഞ്ഞു നീങ്ങി. രാത്രി വളർന്നു തുടങ്ങി. പുറത്തേക്കിറങ്ങിയ ഭദ്രൻ ഇതുവരെ മടങ്ങിയെത്തിയില്ല.

“എന്റെ മോൾ ഇവിടെ നിന്ന് ദൂരേക്ക് എവിടെയെങ്കിലും പൊയ്ക്കോളൂ.. അയാളുടെ കണ്ണെത്താത്ര ദൂരത്തേക്ക്..”

മകളെ ചേർത്തു പിടിച്ചു ആ അമ്മ പൊട്ടിക്കരഞ്ഞു. ഗൗരിയുടെ കണ്ണുനീർ അവളുടെ ചുമലിലൂടെ ഒഴുകി.

“ഇല്ല അമ്മേ കളഞ്ഞിട്ട് ഞാൻ എങ്ങോട്ടുമില്ല”

“അമ്മയുടെ ജീവിതം ഏകദേശം തീരാറായി.നിന്റെ അച്ഛൻ മരിച്ചതോടെ മറ്റ് വഴികൾ ഇല്ലാത്തതിനാൽ ഭദ്രന്റെ സഹായം സ്വീകരിച്ചതാണു എനിക്ക് പറ്റിയ തെറ്റ്.വിധവയായൊരു സ്ത്രീയിൽ കഴുകൻ കണ്ണുകൾ കൊത്തി വലിച്ചത് അവളുടെ മനോഹരമായ ശരീരമാണ്. അമ്മയോ നശിച്ചു.എന്റെ മോൾക്കെങ്കിലും അമ്മയുടെ ഗതി വരരുത്”

ഭർത്താവിന്റെ മരണശേഷം അടുക്കളപ്പണി ചെയ്തെങ്കിലും ഗൗരിയുടെ ശരീരത്തിൽ ആയിരുന്നു പലരുടേയും കണ്ണുകൾ. സുന്ദരിയാണവർ.അഴകൊത്ത ശരീരവടിവും ഉണ്ട് അവർക്ക്.

ഭദ്രൻ ആ നാട്ടിലൊരു ജോലി തിരക്കി വന്നതാണ്.അനാഥനായിരുന്ന അയാൾക്ക് വീടിന്റെ മുന്നിലെ വരാന്തയിൽ സ്ഥാനം നൽകുമ്പോൾ തനിക്കും വളർന്നു വരുന്ന മകൾക്കുമൊരു രക്ഷാകവചം ആയിരുന്നു.

ജോലി ചെയ്തു പൈസ കൊടുക്കുമ്പോൾ ഭദ്രനിൽ നിന്ന് ഗൗരി വാങ്ങിയിരുന്നില്ല.അയൽക്കാരും നാട്ടുകാരും അവരെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചതോടെ ഭദ്രനാണാ തീരുമാനം എടുത്തത്.

“എനിക്ക് ഒരു കുടുംബ ജീവിതം ഇനി ഉണ്ടാകില്ല. ഞാൻ കാരണം നിങ്ങൾക്ക് പേരുദോഷമുണ്ടായി.അതിനു ഞാനുമൊരു കാരണമാണു.നിന്നെ വിവാഹം ചെയ്താൽ അതിനൊരു പരിഹാരമാകും.ആണൊരുത്തൻ വീട്ടിൽ ഉണ്ടെങ്കിൽ ഇവിടത്തെ കതകിൽ വന്ന് മുട്ടാൻ പലരും ഭയക്കും.മോളെയും അന്തസായി വളർത്താൻ കഴിയും”

ഭദ്രൻ വെച്ചു നീട്ടിയ വാഗ്ദാനത്തിൽ ഗൗരി വഴങ്ങിയില്ല.പക്ഷേ വീട്ടിൽ തനിക്ക് അവരെ കിട്ടിയപ്പോൾ അയാൾ ബലമായി അവരെ കീഴടക്കി. അതോടെ ഗൗരിക്ക് മറ്റ് വഴികൾ ഇല്ലാതായി..

തങ്ങൾ തമ്മിൽ ഒരുമിച്ചാണു ജീവിക്കുന്നതെന്ന് ഭദ്രൻ തന്നെ പറഞ്ഞു പ്രചരിപ്പിച്ചു. അതോടെ ഗൗരിക്ക് ഭദ്രനുമായുളള വിവാഹത്തിനു സമ്മതിക്കേണ്ടി വന്നു..

ആദ്യമൊക്കെ ഭദ്രൻ ഗൗരിയേയും മോളെയും നല്ലരീതിയിലാണു നോക്കിയത്.മദ്യപാനവും കൂട്ടുകെട്ടും ആയതോടെ അവന്റെ സ്വഭാവമാകെ മാറി.സുഹൃത്തുക്കളുമായി വീട്ടിൽ വെച്ചായി സത്ക്കാരങ്ങൾ.ലഹരിക്ക് ഒടുവിൽ അയാളുടെ അനുവാദത്തോടെ ഓരോർത്തർക്കും മുന്നിലായി ഗൗരിക്ക് മാനത്തിനു വില പറയേണ്ടി വന്നു.സത്യത്തിൽ ഗൗരിയുടെ ശരീരം വെച്ച് അവൻ പണം സമ്പാദിച്ചു..

എതിർക്കുവാൻ ശ്രമിച്ചപ്പോഴൊക്കെ ക്രൂരമായ മർദ്ദനമായി.മീരയെ കൊല്ലുമെന്ന് ഭയപ്പെടുത്തിയപ്പോൾ സ്വയം നശിക്കാൻ തീരുമാനം എടുത്തു. ഗൗരിയൊരു സാധുവായിരുന്നു.അതാണ് ഭദ്രൻ മുതലെടുത്തത്..

വളർന്ന് വരുന്ന മകളിലാണ് ഭദ്രന്റെ ശ്രദ്ധയെന്ന് മനസ്സിലായ അവരാകെ തകർന്നു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴൊക്കെ അവർ പിടിക്കപ്പെട്ടു.ഇനി ആവർത്തിച്ചാൽ കൊല്ലുമെന്ന് ഭയപ്പെടുത്തി..

പഠിക്കുവാൻ മീരജ മിടുക്കിയായിരുന്നെങ്കിലും പത്താം ക്ലാസോടെ അവളുടെ പഠിത്തം ഭദ്രൻ അവസാനിപ്പിച്ചു. നൃത്തത്തോടുളള അവളുടെ ഇഷ്ടം ഭദ്രൻ മുതലെടുക്കാൻ ശ്രമിച്ചു. പത്താം ക്ലാസ് കഴിഞ്ഞു മീരയെ ഡാൻസ് പണം ചിലവാക്കി ഡാൻസ് പഠിപ്പിച്ചു. അതു കഴിഞ്ഞു അരങ്ങേറ്റവും നടത്താൻ തീരുമാനം എടുത്തു.

ആ ഗ്രാമത്തിലെ പണക്കാരനായ യതീന്ദ്രൻ ഭദ്രന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആയിരുന്നു. ഭാര്യയെ തൊഴിച്ചു കൊന്നെങ്കിലും പണക്കൊഴുപ്പിൽ നിയമത്തിന്റെ പഴുതുകളിൽ നിന്ന് അയാൾ രക്ഷപ്പെട്ടു.

മീരജയുടെ സൗന്ദര്യത്തിലും മേനിയഴകിലും ആകൃഷ്ടനായ യതീന്ദ്രൻ അവളെ വിവാഹം കഴിക്കാനുളള ആഗ്രഹം അറിയിച്ചു.പതിനെട്ട് വയസ്സ് തികയാത്തതിനാലാണു അയാൾ കാത്തിരിക്കുന്നത്.ഡാൻസിനും അരങ്ങേറ്റത്തിനുമുളള പണം അയാളാണ് ചിലവാക്കിയത്.ഭദ്രൻ ബ്ലേഡിനു കൊടുക്കുന്ന യതീന്ദ്രന്റെയാണ്..

“മോളേ ആലോചിച്ച് ഇരിക്കാതെ രക്ഷപ്പെടാൻ നോക്ക്”

ഗൗരി ധൃതി കൂട്ടിയെങ്കിലും മീരജ വഴങ്ങിയില്ല.അമ്മയില്ലാതെ പോകില്ലെന്ന പിടിവാശിയിലാണ്.

“അമ്മ സ്വയം രക്ഷിച്ചോളാം..എന്റെ മോളുടെ മാനം അമ്മക്ക് മുമ്പിൽ പിച്ചിച്ചീന്തുന്നത് കാണാനുള്ള ശേഷിയില്ല”

അമ്മയുടെ അവസാനത്തെ വാചകം അവളുടെ മനസ്സിനെ ആഴത്തിൽ സ്പർശിച്ചു.ഇനിയിവിടെ നിൽക്കുന്ന ഓരോ നിമിഷവും അപകടത്തിലാകുമെന്ന് അറിയാം.അതോടെ അവിടെ നിന്ന് പോകാൻ മീരജ തയ്യാറായി..

ഉടുത്തിരുന്ന ഉടുതുണിയുമായി ഇറങ്ങാനാണു തീരുമാനിച്ചത്.യാതൊന്നും എടുക്കേണ്ടെന്ന് അമ്മയാണു പറഞ്ഞത്.ഓടി രക്ഷപ്പെടാനും മറഞ്ഞിരിക്കാനും കയ്യിൽ എന്തെങ്കിലും ഉണ്ടെങ്കിൽ തടസ്സമാകും.

“അമ്മയുടെ കയ്യിൽ കുറച്ചു പണമുണ്ട്”

നിലത്ത് നിന്ന് പതിയെ എഴുന്നേറ്റ ഗൗരി കുറച്ചു നോട്ടുകൾ ഒളിപ്പിച്ചു വെച്ചിടത്ത് നിന്ന് എടുത്തു അവളെ ഏൽപ്പിച്ചു.

“ലാസ്റ്റ് ഒരു ബസ്സുണ്ട് ടൗണിലേക്കുണ്ട്..വേഗം ചെല്ല്..സമയമില്ല”

അമ്മയുടെ കയ്യിൽ നിന്ന് വാങ്ങിയ നോട്ടുകൾ ചുരുട്ടിക്കൂട്ടി പിടിച്ചു അവളൊന്ന് വിങ്ങിപ്പൊട്ടി കരഞ്ഞു.ഹൃദയം പറിച്ചെറിയുന്ന വേദനയുണ്ട്.അമ്മയെ പിരിഞ്ഞു ഇന്നുവരെ ഇരുന്നട്ടില്ല.

അടച്ചിട്ടിരുന്ന വാതിലിൽ തട്ടുന്ന ശബ്ദം കേട്ട് അവരൊന്ന് ഞെട്ടി.മകളെ പിന്നിലേക്ക് വലിച്ചു കൊണ്ട് ഗൗരി അടുക്കള വാതിക്കലെത്തി.

“ദുഷ്ടൻ വന്നിട്ടുണ്ട്.. എന്റെ മോൾ ഇതുവഴി പൊയ്ക്കോളൂ. എന്ത് ശബ്ദം കേട്ടാലും തിരികെ വരരുത്”

അമ്മയുടെ കണ്ണുനീർ അവളെ ആകെയുലച്ചു.അടുക്കള വാതിൽ പതിയെ തുറന്ന് അവർ അവളെ പുറത്തേക്ക് തള്ളി വാതിലടച്ചു.

കുറച്ചു സമയം ഇരുട്ടുമായി പൊരുത്തപ്പെടാൻ സമയം എടുത്തു.പതിയെ മുമ്പോട്ട് നടന്നു. മനസ്സിലൂടെ നീരജയുടെയും നീരജിന്റെയും മുഖം മിന്നൽ പോലെ പാഞ്ഞുപോയി.

“ഈശ്വരാ അവർ എവിടെയുളളവരാണ്..ഒന്ന് കാണിച്ചു തരണേ” മീരജ മൗനമായി പ്രാർത്ഥിച്ചു.

ഇന്നുവരെ ആ ഗ്രാമം വിട്ട് മീര പുറത്തേക്ക് പോയിട്ടില്ല.പഠിച്ചതും വളർന്നതും ഗ്രാമത്തിൽ തന്നെയാണ്. അതിനാൽ ഇരുട്ടിലൂടെ നടക്കുമ്പോൾ അവൾക്കൊരു ഭയം തോന്നി.

വാതിൽ തുറക്കാൻ താമസിച്ചതോടെ ഭദ്രൻ അപകടത്തിന്റെ ചൂരടിച്ചു.അയാൾ വാതിൽ ചവുട്ടി പൊളിച്ചു.അവിടെ മീരയെ കാണാഞ്ഞതിനാൽ അയാൾ പരിഭ്രാന്തനായി.

“എവിടേടി..അവൾ.. തെറിയോടൊപ്പം അയാൾ കാലുയർത്തി ഗൗരിയുടെ അടിനാഭിയിൽ തൊഴിച്ചു.അകലേക്കവർ തെറിച്ചു വീണു.കുറച്ചു നേരമൊന്ന് പിടഞ്ഞു.പതിയെ അവരുടെ ദേഹിയെ വിട്ട് പ്രാണൻ അകന്നുപോയി.

മീരയെ കാണാത്തതിനാൽ അയാൾ അതൊന്നും ശ്രദ്ധിച്ചില്ല..പുറത്തേക്ക് കുതിച്ചു പാഞ്ഞു.

” എവിടെ ആണെങ്കിലും നിന്നെ പൊക്കുമെടീ..എന്റെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ അനുവദിക്കില്ല.വിലകൂടിയ പനിനീർപ്പൂവാണു നീ” ഭ്രാന്തനെ പോലെ അയാൾ പരിസരമാകെ അവളെ തേടിയലഞ്ഞു.

ബസ് സ്റ്റോപ്പിലേക്കുളള പാതിദൂരം മീര പിന്നിട്ടിരുന്നു…അമ്മയുടെ നിലവിളി പിന്നിൽ നിന്ന് കേട്ടുവോ.. അവളുടെ മനസ്സാകെ അസ്വസ്ഥമായി..വീട്ടിലേക്ക് തിരികെ പോകാനായി മനസ്സ് വെമ്പൽ കൊണ്ടു..

ഇടവഴിയിൽ നിന്ന് മെയിൻ റോഡിലൂടെ ആയിരുന്നു യാത്ര.. വഴിയാകെ വിജനമാണു..എപ്പോഴോ തോന്നിയ നിമിഷത്തിൽ പിന്നിലേക്ക് ചുവടുകൾ വെച്ചു.

അപ്പോൾ അകലെ നിന്നൊരു വാഹനം ലൈറ്റ് തെളിച്ചു പാഞ്ഞു വരുന്നത് കണ്ടു.

ശത്രുവാണോ മിത്രമാണോ എന്ന് അറിയാത്തതിനാൽ പെട്ടെന്ന് അവൾ അവിടെയുള്ള മരത്തിന്റെ പിന്നിൽ ഒളിച്ചു.അതിനു സമീപമായി പിന്നിൽ നിന്ന് വന്ന വാഹനം ബ്രേക്കിട്ടു നിൽക്കുന്നത് ഞെട്ടലോടെയാണു അവൾ കണ്ടത്….

മീരയുടെ ഹൃദയമിടിപ്പ് ക്രമാതീതമായി വർദ്ധിച്ചു…

തന്നെ കാണാതെ ഭദ്രനും യതീന്ദ്രനും കൂടി തിരക്കി ഇറങ്ങിയതാണോ..ആ ഓർമ്മയിലൊന്ന് നടുങ്ങി നെഞ്ചിലക്കവൾ കൈകൾ ചേർത്തു…

(തുടരും)

നീരവം : ഭാഗം 1